രചന: അബ്ദുൾ റഹീം
മൊബൈൽ എടുത്തുവെച്ച് കിടന്നുറങ്ങാൻ നിൽക്കുന്ന സമയത്താണ് വാട്സാപ്പിലെക്ക് ഒരു മെസേജ് വന്നത്, ഒരു ഫോട്ടോയും വോയിസും അടങ്ങുന്ന ഈ മെസേജ് വന്നത് ഏതോ അപരിചിത നമ്പറിൽ നിന്നാണ്….
അതിൽ വന്ന ഫോട്ടോ ഡൗൺലോഡ് ചെയ്തപ്പോഴല്ലേ കാര്യം മനസ്സിലായത്, +2വിൽ കൂടെ പഠിച്ച നൗഫൽ അവന്റെ പ്രിയതമയോടൊപ്പം നിൽക്കുന്ന കല്യാണ ഫോട്ടോയാണ്. ഇത് കണ്ട ഉടനെ തന്നെ ഞാൻ ആ വോയിസ് മെസേജ് പ്ലേ ചെയ്തു…
റഹീമേ…അവളെ ഞാനങ്ങു കൂടെക്കൂട്ടി, പിന്നേയ് ആരെയും വിളിച്ചിട്ടുണ്ടായിരുന്നില്ല, നിനക്കറിയാലോ ഇപ്പൊ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ, വീട്ടുകാരും അടുത്ത ബന്ധുക്കാരും മാത്രം അടങ്ങിയ ചെറിയൊരു ചടങ്ങ്, പിന്നേയ് ഇതെല്ലാം ഒന്ന് മാറട്ടെ, ഞാൻ നിങ്ങൾക്കൊരു പാർട്ടി വെക്കുന്നുണ്ട്, അല്ല നിന്റെ ആ കുട്ടിയൊക്കെ എവിടെ…? ഇപ്പോഴും ചാറ്റിങ്ങൊക്കെ ഉണ്ടോ…?
അവൻ അവസാനമായി പറഞ്ഞ (അല്ല നിന്റെ ആ കുട്ടിയൊക്കെ എവിടെ…? ഇപ്പോഴും ചാറ്റിങ്ങൊക്കെ ഉണ്ടോ…? ) ആ വാക്കുകൾ എന്നെ കൊണ്ടെത്തിച്ചത് വിധി എന്ന ആളിക്കത്തുന്ന തീയിലേക്ക് ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വലിച്ചെറിയേണ്ടിവന്ന ആറ് മാസങ്ങൾക്ക് മുമ്പുള്ള ആ ദിവസത്തിന്റെ ഓർമ്മയിലേക്കാണ്….
ജീവിതത്തിൽ ആദ്യമായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവൾ, എന്റെ കുറ്റങ്ങളും കുറവുകളും എല്ലാം അറിഞ്ഞിട്ടും എന്നെ വിട്ടുപോവാൻ തയ്യാറാകാത്തവൾ, എന്റെ ആദ്യ പ്രണയിനി (അവസാനത്തെയും), ഒരിക്കൽപോലും ചിന്തിക്കാത്ത വഴികളിലൂടെ എന്റെ സ്വപ്നങ്ങളെ ചലിപ്പിച്ചവൾ, ആറ് മാസങ്ങൾക്ക് മുമ്പ് ആ തീകുണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞ എന്റെ സ്വപ്നങ്ങൾ പൂർണ്ണമായും കത്തി നശിച്ചിരുന്നില്ല, ഒരു കനലായി അത് എന്നും എന്റെ നെഞ്ചിനകത്ത് എരിയുന്നുണ്ടായിരുന്നു.
എത്ര ശ്രമിച്ചിട്ടും അവളെമാത്രം മറക്കാൻ കഴിയുന്നില്ല. ആറ് മാസങ്ങൾക്കിപ്പുറം എന്റെ മനസ്സിനകത്ത് എരിയുന്ന ആ കനലിനെ കൂട്ടുകാരൻ നൗഫൽ തന്റെ വാട്സാപ്പ് മെസേജിലൂടെ വീണ്ടും ഊതി പടർത്തി ആളിക്കത്തുന്ന തീയാക്കിയിരിക്കുന്നു.
ഞാൻ പോയത് ആ സുന്ദരമായ പഴയ ഓർമ്മകളിലേക്ക് മാത്രമല്ല, മൊബൈൽ സ്റ്റോറേജിൽ ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്ന അവളുമൊത്തുള്ള ചാറ്റിങ് ഹിസ്റ്ററിയിലേക്കും, അവളോട് കുറുകിയിരുന്ന കാൾ റെക്കോഡിലേക്കും, ആരും കാണാതെ ഗ്യാലറിയിൽ ഒരു ആപ്ലിക്കേഷന്റെ സഹായത്തോടെ ലോക്ക് ചെയ്തുവെച്ചിരുന്ന അവളുടെ സുന്ദരമായ മുഖമടങ്ങുന്ന അവളുടെ ആ ഫോട്ടോയിലേക്കും ഒരിക്കൽക്കൂടി ഞാൻ എത്തിനോക്കി…
പിരിയാനായിരുന്നെങ്കിൽ എന്തിനാണ് ദൈവമേ ഞങ്ങളെ ഒന്നിപ്പിച്ചത്? എന്ന എന്റെ സ്ഥിരം പരാതി ഞാൻ ദൈവത്തെ ഒരിക്കൽക്കൂടി ബോധിപ്പിച്ചു. അവൾ അവസാനമായി അയച്ച മെസേജുകൾ ഇങ്ങനെയായിരുന്നു.
ഞാൻ എന്താ ചെയ്യാ…എനിക്ക് ഉമ്മാനേം വേണം, നിന്നേം വേണം, എല്ലാവരെയും വേണം,
ഉമ്മാനെ കരയിപ്പിക്കാനും പാടില്ല. അവൾ അവസാനമായി അയച്ച ഈ വാക്കുകൾ തന്നെയാണ് ഇന്നും എന്റെ ഹൃദയത്തിനകത്ത് ഒരു കനലായി അവശേഷിക്കുന്നത്.
എന്റെ കാരണത്താൽ ആ ഉമ്മ കരയരുത്…എന്നുള്ളതുകൊണ്ടാണ് ഞാൻ നെയ്തെടുത്ത സ്വപ്നങ്ങളെ വിധിയുടെ മുമ്പിൽ അടിയറവ് വെച്ചത്. പക്ഷെ ഇന്ന് ആ കനൽ വീണ്ടും ആളിക്കത്തിയിരിക്കുകയാണ് വീണ്ടും വിധിയെന്ന് കരുതി ആ തീയിനെ കെട്ടണക്കാൻ മനസ്സ് വന്നില്ല ഈ ആറ് മാസത്തിനിടയിൽ അവൾ എല്ലാം മറന്നോ എന്നും, ആ പഴയ സ്നേഹം അവളിൽ ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ടോ എന്നൊന്നും എനിക്കറിയില്ല.
പക്ഷെ നാളെ ഒരു കുറ്റബോധം തോന്നാതിരിക്കാൻ എന്റെ സ്നേഹം ആത്മാർത്ഥമായിരുന്നുവെന്ന് അവളെ ബോധോപ്പിക്കണം എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു, കൂടെ ആ ഉമ്മയെ കരയിപ്പിക്കാനും പാടില്ല. കുറച്ചു നേരം എന്ത് ചെയ്യണമെന്ന് ചിന്തിച്ചു, പിന്നെ മറ്റൊന്നും നോക്കിയില്ല, അവളുടെ വീട്ടുകാരിലേക്ക് വിളിച്ച് അവളുടെ വിവാഹം ആലോചിച്ചു…?
അറിയില്ല അവളെ എനിക്ക് സ്വന്തമാക്കാൻ കഴിയുമോ എന്ന്, അവരുടെ മറുപടിക്കായി കാത്തിരിക്കുന്നു.