ഡോണ
എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ഒരു വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുമ്പോഴാണ് വഴിവക്കിൽ നിന്ന് നായകുഞ്ഞിന്റെ കരച്ചിൽ മെർളിൻ കേൾക്കുന്നത്. കരിയില കൂട്ടത്തിൽ ഉറുമ്പുകൾ പൊതിഞ്ഞ്, നിർത്താതെ കരയുന്ന നായകുട്ടിയെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാൻ മെർളിന്റെ മനസ്സ് അനുവദിച്ചില്ല. അതിനെയും കൊണ്ട് വീട്ടിൽ ചെന്നാൽ മമ്മ വഴക്ക് പറയുമെന്ന് അറിഞ്ഞിട്ടും മെർളിൻ നായ കുട്ടിയേയും എടുത്തുകൊണ്ടു വീട്ടിലേക്ക് നടന്നു….
” വഴിയിൽ കിടന്ന ഏതോ ചാവാലി പട്ടിയെയും എടുത്തുകൊണ്ട് വന്നിരിക്കുന്നവൾ, മര്യാദയ്ക്ക് എവിടേലും കൊണ്ട് കളഞ്ഞേക്കണം… “
നായ കുട്ടിയുടെ കരച്ചിൽ കേട്ടയുടനെ മേരി ഉച്ചത്തിൽ വഴക്ക് തുടങ്ങി കഴിഞ്ഞിരുന്നു. മെർളിൻ തിരിച്ച് ഒന്നും മിണ്ടാതെ ഉമ്മറത്തിരിക്കുന്ന പപ്പയെ നോക്കി, ജോസഫ് അവളെ നോക്കി കൊണ്ടു പോരെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച പ്പോൾ മെർളിൻ നായകുട്ടിയെയും കൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു…
വേറെ എവിടെ വച്ചാലും മമ്മ അതിനെയെടുത്ത് കളയുമെന്ന് അറിയുന്നതു കൊണ്ട് മെർളിൻ അതിനെ സ്വന്തം മുറിയിലെ ഒരു മൂലയിൽ പഴയ തുണികൾ ഇട്ട് അതിൽ കിടത്തി….
” ഉള്ള പാലെല്ലാം അതിനെടുത്ത് കൊടുത്താൽ ബാക്കിയുള്ളോർക്ക് വേണ്ടേ… “
മമ്മ കാണാതെ അടുക്കളയിൽ നിന്ന് പാലും കൊണ്ട് മെർളിൻ മുറിയിലേക്ക് നടക്കുമ്പോഴേക്കും മേരിയത് കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു…
” എനിക്കുള്ള പാലേ ഞാനെടുത്തുള്ളൂ. എനിക്കിനിമുതൽ ചായ വേണ്ട… “
മമ്മ മറുപടിയെന്തെങ്കിലും പറയും മുന്നേ മെർളിൻ മുറിയിലേക്ക് നടന്നെങ്കിലും മമ്മയെന്തൊക്കെയോ പിറു പിറുക്കുന്നത് അവ്യക്തമായി മെർളിൻ കേട്ടിരുന്നു…
അന്നും രാത്രി പതിവുപോലെ പപ്പയും മമ്മയും വഴക്കിടുന്നത് മെർളിൻ കേട്ടെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ നായകുട്ടിയെ ലാളിച്ചു കൊണ്ടിരുന്നു….
” ഞാൻ നിന്നെ ഡോണായെന്ന് വിളിക്കാട്ടോ. എന്റെ മമ്മയുടെ വയറ്റിൽ ഒരു കുഞ്ഞാവ ഉണ്ടായപ്പോൾ ഇടാൻ വച്ചിരുന്ന പേരാണ്, പക്ഷേങ്കി പുറത്ത് വരും മുന്നേ കുഞ്ഞാവ മരിച്ചു പോയി…. അന്ന് തുടങ്ങിയ വഴക്കാണ് രണ്ടാളും, ഡോണ അതൊന്നും ശ്രദ്ധിക്കേണ്ട കേട്ടോ, സുഖമായി ചാച്ചിക്കോ…. “
നായ കുട്ടിയുടെ പുറത്ത് തലോടിയതിനെ കൊഞ്ചിച്ചുകൊണ്ട് മെർളിൻ തുണികൾക്കിടയിൽ അതിനെ കിടത്തി….
പിന്നെയുള്ള ദിവസങ്ങളിൽ പപ്പയുടെയും മമ്മയുടെയും വഴക്കുകൾ കുഞ്ഞു മെർളിനെ വേദനിപ്പിച്ചില്ല, രാത്രികളിൽ ചെവികൾ പൊത്തി ആരും കേൾക്കാതെ അവൾ കരഞ്ഞിരുന്നില്ല, അവളുടെ കളിയും ചിരിയും സന്തോഷവുമൊക്കെ ഡോണ മാത്രമായിരുന്നു. ആരും കേൾക്കാനില്ലാതിരുന്ന അവളുടെ കുഞ്ഞു സന്തോഷങ്ങളും, വിഷമങ്ങളുമൊക്കെ ഡോണയോടവൾ പറഞ്ഞു, ഡോണയിൽ നിന്നുള്ള ചെറിയ ചെറിയ മൂളലുകളിൽ അവൾ ആശ്വാസം കണ്ടെത്തിയിരുന്നു….
പതിവുള്ള വഴക്കിനൊടുവിൽ ഒരു ദിവസം മമ്മ ശക്തമായി വാതിലിൽ മുട്ടുമ്പോഴാണ് മെർളിൻ വാതിൽ തുറന്നത്…
” വാ നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. നിനക്ക് എടുക്കുന്നുള്ള തൊക്കെ എടുത്തോ…. “
അത് പറഞ്ഞ് നിൽക്കുന്ന മമ്മയ്ക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ മെർളിൻ നിന്നു…
” നിന്നോടാണ് മെർളിൻ പറഞ്ഞത് ആവശ്യമുള്ളത് എടുക്കാൻ… “
അവർ വീണ്ടും ഉച്ചത്തിൽ അലറിയപ്പോൾ മെർളിൻ പേടിച്ച് ഡോണയെയെടുത്ത് മാ റോട് അടുപ്പിച്ചു….
” നിനക്ക് ഈ പട്ടിയുടെ വിചാരം മാത്രേയുള്ളല്ലേ… “
അത് പറഞ്ഞ് മേരി ഡോണയെ മെർളിന്റെ കയ്യിൽ നിന്ന് വാങ്ങാൻ ശ്രമിച്ചപ്പോൾ മെർളിൻ കുതറി മാറി….
” ഞാൻ വരണമെങ്കിൽ എനിക്കൊപ്പം ഡോണയും കാണും… “
മെർളിൻ അത് പറയുമ്പോൾ മേരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…
” എന്നാ അപ്പനും മോളും കൂടി പട്ടിയെയും കെട്ടിപ്പിടിച്ച് ഇരുന്നോ, ഞാൻ പോകുവാ…. “
അത് പറഞ്ഞ് മേരി നടന്നകലുമ്പോൾ മെർളിൻ ഡോണയുടെ രോമങ്ങളിൽ കയ്യോടിച്ചു നിന്നു. അപ്പോഴും ഒന്നും മിണ്ടാതെ ജോസഫ് ചുണ്ടിലേരിയുന്ന സി ഗരറ്റിൽ നിന്ന് പുക പുറത്തേക്ക് ഊതി വിട്ടുകൊണ്ടിരുന്നു….
പിന്നെയുള്ള ദിവസങ്ങളിൽ ജോസഫ് ഉണ്ടാക്കുന്ന ആഹാരങ്ങൾക്ക് വല്യ രുചി ഇല്ലേലും അവർ സ്നേഹത്തോടെ കഴിച്ച് സന്തോഷത്തോടെയിരുന്നു. പതിയെ പതിയെ ജോസഫ് രാത്രി കാലങ്ങളിൽ മ ദ്യപാ നം തുടങ്ങി, പോകെപ്പോകെ കൂട്ടുകാർക്കൊപ്പം വീട്ടിലെത്താനും, അവർക്കൊപ്പം മ ദ്യപിക്കാനും തുടങ്ങി. എന്നാലും മെർളിന് കാവലായിയെന്നും ഡോണ കൂടെത്തന്നെയുണ്ടായിരുന്നു….
ഒരു രാത്രി മ ദ്യല ഹരിയിൽ മെർളിന്റെ മുറിയിലേക്ക് കയറി വന്ന ജോസഫിന്റെ സുഹൃത്തിന്റെ കാല് കടിച്ച് മു റിച്ചാണ് ഡോണ ദേഷ്യം തീർത്തത്,…
” ഈ പട്ടിയെ വിഷം കൊടുത്തായാലും ഞാൻ കൊ ല്ലും… “
എന്ന് പറഞ്ഞയാൾ മുറിവിട്ടിറങ്ങി പോകുമ്പോൾ നിർത്താതെ കുരയ്ക്കുന്ന ഡോണയെ തലോടെ മെർളിനും നിന്നു…
അയാൾ അത് പറഞ്ഞിട്ട് പോയതിൽ പിന്നെ ഡോണയെ എന്തേലും ചെയ്യുമോയെന്നുള്ള ഭയമായിരുന്നു മെർളിന്റെ മനസ്സിൽ…
” ഡോണാ… ഡോണാ…. നീയിതെവിടെ….”
എന്നും സ്കൂൾ കഴിഞ്ഞ് വരുമ്പോൾ വാലാട്ടി ഉമ്മറത്ത് തന്നെ കാണുന്ന ഡോണയെ കാണാതെയിരുന്നപ്പോഴാണ് മെർളിൻ ഡോണയെ വിളിച്ചുകൊണ്ടു വീട്ടിലേക്ക് കയറിയത്…..
” നീയിവിടെ ഉറക്കമാണോ… “
മുറിയിൽ ഡോണ എന്നും കിടക്കുന്ന സ്ഥലത്ത് തന്നെ കിടക്കുന്നത് കണ്ടാണ് മെർളിൻ അവിടേക്ക് ചെന്നത്…..
” ഡോണാ…. “
വായിൽ നിന്ന് നുരയും പതയും വന്ന് അനക്കമില്ലാതെ കിടക്കുന്ന ഡോണയെയ എടുത്തുകൊണ്ട് മെർളിൻ ഉച്ചത്തിൽ വിളിച്ചെങ്കിലും ഡോണ മരണത്തെ പുൽകിയിരുന്നു…
അതിൽപിന്നെ മെർളിൻ മുറിയിൽ നിന്ന് പുറത്തിറങ്ങാതെയായി, ഡോണ.. ഡോണ.. എന്ന് വിളിച്ചുകൊണ്ടു അവ്യക്തമായി എന്തൊക്കെയോ പിറുപിറുത്ത് അവൾ ഡോണ കിടന്നിടത്ത് തന്നെയിരുന്നു. പതിയെ അവളുടെ മനസ്സിന്റെ താളം തെറ്റി തുടങ്ങിയിരുന്നു …
ജോസഫില്ലാത്ത ഒരു ദിവസമാണ് അയാളുടെ സുഹൃത്ത് വീട്ടിലേക്ക് വന്നത്….
” മോൾക്ക് അങ്കിൾ ഡോണയെ കാണിച്ചു തരട്ടെ…. “
അത് പറഞ്ഞയാൾ മെർളിന്റെ മുറിയുടെ വാതിലിൽ വന്ന് നിന്നു….
” മോളോട് പറഞ്ഞതല്ലേ ആ പട്ടിയെ ഞാൻ കൊ ല്ലുമെന്ന്… “
ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചുകൊണ്ട് അയാൾ അത് പറയുമ്പോഴും മെർളിൻ തല കുമ്പിട്ട് ഡോണ… ഡോണ.. എന്ന് വിളിച്ചികൊണ്ടിരുന്നു….
” ഡോണയെ അങ്കിൾ കാണിച്ചു തരാമെന്നേ… “
അത് പറഞ്ഞയാൾ മെർളിന്റെ അടുത്തിരുന്ന് മുടിയിൽ തലോടി. പതിയെ അയാളുടെ കൈകൾ അവളുടെ തോളിൽ അമർന്നപ്പോൾ, മെർളിൻ അയാളെ സൂക്ഷിച്ചു നോക്കി….
” ഡോണാ…. “
പല്ലുകൾ ക ടിച്ച് പിടിച്ചുകൊണ്ടു മെർളിൻ അയാളുടെ മുഖത്ത് നോക്കി വിളിക്കുമ്പോൾ അവളുടെ കണ്ണുകൾ പതിവിൽ കൂടുതൽ ചുവന്നിരുന്നു. അയാൾ ചിരിയോടെ അവളുടെ തോളിലിരുന്ന കൈ താഴേക്ക് നീക്കിയപ്പോൾ പെട്ടെന്ന് മെർളിൻ ആ കൈകൾ തട്ടി മാറ്റി….
” ഡോണാ….. “
എന്ന് വിളിച്ച് അലറിക്കൊണ്ട് മെർളിൻ അയാളെ നിലത്തേക്ക് ത ള്ളിയിട്ടു. അയാളുടെമേൽ കയറിയിരുന്ന് മെർളിൻ അയാളുടെ ക ഴുത്തിൽ അമർത്തി പിടിച്ചു. അതുവരെ ഇല്ലാതിരുന്ന ശക്തി അവളിൽ ഉടലെടുത്തെന്ന് അയാൾ അറിയുന്നത് അവളുടെ കൈകൾ തട്ടിമാറ്റാൻ കഴിയാതെയിരുന്നപ്പോഴാണ്….
” ഡോണാ….. “
വീണ്ടും അവൾ നീട്ടിവിളിക്കുമ്പോൾ ആ കൈകൾ ഒന്ന് കൂടി അയാളുടെ ക ഴുത്തിൽ മു റുകി, അയാൾ കയ്യും കാലുമിട്ട് അടിക്കുമ്പോൾ അവൾ ഉച്ചത്തിൽ അ ലറികൊണ്ടിരുന്നു. ഒരു പിടച്ചിലോടെ അയാളുടെ ശ രീരം നിശ്ചല മായപ്പോഴാണ് മെർളിൻ അയാളിൽ നിന്ന് മാറിയത്.
പതിയെ അവൾ അയാളുടെ കാൽ ചുവട്ടിൽ തല കുമ്പിട്ടിരുന്ന് ഡോണ.. ഡോണയെന്ന് വിളിച്ചുകൊണ്ടിരുന്നു….
ജോസഫ് എത്തുമ്പോഴേക്കും പോലീസ് ജീപ്പിന്റെ പുറകിൽ എന്തോ അവ്യക്തമായി പിറുപിറുത്തുകൊണ്ടിരിക്കുന്ന മെർളിനെയാണ് കാണുന്നത്….
മനോനില തെറ്റിയ പ്രതിയെ ശി ക്ഷിക്കാൻ കഴിയാതെ കോടതി മെർളിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി…. അവിടെ ഒഴിഞ്ഞ മുറിയുടെ മൂലയിൽ മെർളിൻ തല കുമ്പിട്ടിരുന്നു…. അപ്പോഴും ഇടയ്ക്കിടയ്ക്ക് അവൾ ഡോണാ … ഡോണാ… എന്ന് വിളിച്ചുകൊണ്ടിരുന്നു…. നിസ്സഹയ്യനായി മോളുടെ അവസ്ഥയും നോക്കി മുറിയുടെ പുറത്ത് നിന്ന ജോസഫിന്റെ കയ്യിൽ ഒരു നായകുട്ടി മയങ്ങുന്നുണ്ടായിരുന്നു……