അമ്മയുടെ പഴഞ്ചൻ ന്യായീകരണം കേട്ട് ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ മനസ്സ് മരിച്ചു കഴിഞ്ഞിരുന്നു……..

എഴുത്ത്:-മഹാ ദേവൻ

” ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ തല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക് സങ്കടോം സഹതാപോം തോനുന്നുണ്ടേൽ നീ കൊണ്ടോയി കൂടെ പൊറുപ്പിച്ചോടാ. അതാകുമ്പോൾ ഇടവും വലവും കിടക്കാൻ ഓരോന്ന് ആവുമല്ലോ “

അയലോക്കത്തെ അടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചപ്പോലെ ആയിരുന്നു ഷിബുവിന്റെ മറുപടി.

പല ദിവസങ്ങളിലും ഷിബു ഭാര്യയായ പ്രഭയെ എടുത്തിട്ട് അടിക്കുന്നത് കാണാറുണ്ടെങ്കിലും ഷിബുവിനെ പേടിച്ചാരും അങ്ങോട്ട് കേറി ചെല്ലാറില്ല.
ചെന്നാലുള്ള അവസ്ഥ ഇതാണല്ലോ. അപ്പൊ പിന്നെ എല്ലാവരും കണ്ടുരസിച്ചങ് നിൽക്കും.

ആ പെണ്ണിന്റ ഒരു ഗതോകെടെ എന്ന് പറഞ്ഞ് മൂക്കത്തു വിരൽ വെക്കുന്നവർ തന്നെ പറയാറുണ്ട് ങ്ങനെ തല്ല് വാങ്ങി പതം വരാതെ ഓൾക്ക് ഓൾടെ വീട്ടിൽ പോയി നിന്നൂടെ ” എന്ന്.

പറയുന്നവർക്ക് എന്തും പറയാലോ.

കെട്യോന്റെ ചവിട്ടും കൊണ്ട് മുഖം വീർപ്പിച്ചു സ്വന്തം വീട്ടിൽ ചെന്നാലുള്ള അവസ്ഥ പ്രഭയ്ക്ക് നല്ലോണം അറിയാം. വരവ് കാണുമ്പോഴേ അമ്മ ഒന്ന് ഇരുത്തിമൂളും. അനിയനാണെൽ വല്ലോം എടുത്ത് കഴിക്കെന്ന് മയമില്ലാത്ത ഭാഷയിൽ പറഞ്ഞ് എല്ലാം ആ ഒറ്റവാക്കിൽ അവസാനിപ്പിക്കും. അനിയത്തിമാരായി താഴെ രണ്ടാൾ കൂടി ഉള്ളത് കൊണ്ട് അമ്മയ്ക്ക് മൂത്ത മോളെ വീട്ടിൽ നിർത്താൻ പേടി.

” നീ ഇങ്ങനെ നുള്ളി, പിച്ചി എന്നെല്ലാം പറഞ്ഞ് ഇടയ്ക്കിടെ ഇവിടേക്ക് ഓടിപോന്നാൽ നാട്ടുകാർ എന്ത് കരുതും. നിനക്ക് താഴെ ഇനീം രണ്ടാള് കൂടി ഉണ്ടെന്ന് ഓർക്കണം. അതുങ്ങളെ കൂടി ഏതേലും ഒരുത്തന്റെ കൈ പിടിച്ചേൽപ്പിച്ചാലേ സമാധാനം ഉളളൂ. അപ്പഴാ നിന്റ ഈ….. നിനക്ക് അറിയാലോ നിന്റ അനിയൻ ഒരാളുടെ കൈകൊണ്ട് കിട്ടിയിട്ട് വേണം ഇവിടെ കഴിഞ്ഞുപോകാൻ. അതിന്റ കൂടെ നീയും കൂടി അയാൽ… “

അമ്മയുടെ ഓരോ വാക്കിലും ഉണ്ട് മകളെ ഒഴിവാക്കാനുള്ള ദൃതി. ഒരുത്തന്റെ തലയിൽ കെട്ടിവെച്ചു ഭാരം ഒഴിവാക്കിയപ്പോലെ. ഇനിയും ഈ ഭാരം ചുമക്കാൻ വയ്യെന്ന് പറയാതെ പറയുന്നുണ്ട്.

ചേച്ചി എങ്ങും പോകേണ്ട എന്ന് അനിയത്തിമാർ പറയുമ്പോഴും എല്ലാം ഒരു ചിരിയിൽ ഒതുക്കി ” പോണം മോളെ, ഷിബോട്ടൻ അവിടെ ഒറ്റയ്ക്കല്ലേ ഉളളൂ “എന്ന് പറഞ്ഞ് പടിയിറങ്ങും. ” ഞാൻ കവലയിൽ വിടാം ” എന്ന് പറയുന്ന അനിയനും ഒരു ചിരി സമ്മാനിക്കും. ” വേണ്ട മോനെ, നടക്കാവുന്ന ദൂരല്ലേ ഉളളൂ, ചേച്ചി നടന്നോളാ ” എന്നും പറഞ്ഞ് പതിയെ നടക്കും. ഇറങ്ങുമ്പോൾ അനിയൻ കയ്യിൽ വെച്ച് തരുന്ന നോട്ടുകൾ അവന്റെ സ്നേഹത്തെ കാണിക്കുമ്പോഴും അവന്റെ മുഖത്തു കൂടി ഇച്ചിരി സ്നേഹത്തിന്റെ ഓളം കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് പ്രഭ.

” മോളെ, പെണ്ണ് വിചാരിച്ചാ മാറ്റിയെടുക്കാവുന്നതേ ഉളളൂ ഒരു ആണിന്റെ സ്വഭാവം. പിന്നെ ഒരു വീടാകുമ്പോൾ ഇച്ചിരി പ്രശ്നം ഒക്കെ ഉണ്ടാകും. അത് മറ്റുള്ളവരെ അറിയിക്കാതെ തരണം ചെയ്യേണ്ടത് പെണ്ണിന്റെ മിടുക്കാണ്. “

അമ്മയുടെ പഴഞ്ചൻ ന്യായീകരണം കേട്ട് ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ മനസ്സ് മരിച്ചുകഴിഞ്ഞിരുന്നു.

ഇടയ്ക്ക് അനിയൻ നിനക്കവിടെ പറ്റില്ലെങ്കിൽ വീട്ടിലേക്ക് പോരെ എന്ന് പറയാറുണ്ടെങ്കിലും അവന്റെ മുഖത്തെ തെളിച്ചമില്ലായ്മയും അമ്മയുടെ നീരസത്തോടെ ഉള്ള പെരുമാറ്റവും അനിയന്റെ വിളിയെ സ്നേഹിപൂർവ്വം നിരസിക്കാൻ പ്രേരിപ്പിക്കും.

” എനിക്ക് പ്രശ്നം ഒന്നൂല്ലടാ, സുഖ ” എന്ന പാഴ്‌വാക്കിൽ ജീവിതത്തെ ബലി കൊടുത്തുകൊണ്ട് മറ്റുള്ളവരുടെ സന്തോഷം കളയാതിരിക്കാൻ ശ്രമിക്കുമ്പോൾ സ്വയം ഉരുകുകയായിരുന്നു പലർക്കും വെളിച്ചമായിക്കൊണ്ട്.

പുറമെ കാണുന്നവർക്ക് എന്ത് അറിയാം.. വീട്ടിലേക്ക് പൊയ്ക്കൂടേ ങ്ങനെ സഹിക്കാതെ എന്ന് ചോദിക്കാൻ എളുപ്പമാണ്. അവർക്ക് തന്നോടുള്ള സ്നേഹവും സഹതാപവും ആണത് എന്നും അറിയാം. പക്ഷേ, അതിനപ്പുറം ഒരുപാട് ഉണ്ടെന്ന് ആർക്കും അറിയില്ലല്ലോ. അല്ലെങ്കിൽ ആരും അതറിയാൻ ശ്രമിക്കില്ലല്ലോ.

അടി കണ്ടു ഓടിവന്ന ആനന്ദനെ പിറ്റേ ദിവസം കണ്ടപ്പോൾ പ്രഭ ഒന്ന് ചിരിച്ചെന്ന് വരുത്തി. ” ഇവിടുത്തെ പ്രശ്നം കണ്ട് ആനന്ദൻ വെറുതെ ചാടി ഇടപെടണ്ടാട്ടോ. ന്റെ കെട്യോന്റെ നാക്കിന് ലൈസൻസ് ഇല്ല. അതിയാൻ ആ സമയത്ത് എന്തൊക്കെ ആണ് പറയുന്നതെന്ന് പറയാൻ പറ്റില്ല. ഇതൊക്കെ എന്റെ യോഗം ആണ്. അതിങ്ങനെ ഞാൻ അനുഭവിച്ചുതീരത്തോള “

അവൾ പറയുന്നത് വിഷമത്തോടെ കേട്ട് നിന്ന ആനന്ദൻ പോലീസിലോ അല്ലെങ്കിൽ വനിതാകമ്മീഷനിലോ ഒരു പരാതി കൊടുത്തൂടെ എന്ന് ചോദിച്ചപ്പോൾ അതിനുള്ള മറുപടി അവളിൽ ഒരു ചിരി മാത്രം ആയിരുന്നു.

കേസും കൂട്ടവുമായാൽ പിന്നെ സ്വന്തം വീട് പോലും അന്യമായ തനിക്ക് പോകാൻ ഒരു ഇടമില്ല എന്നത് ഇവർക്ക് അറിയില്ലല്ലോ. അല്ലെങ്കിൽ പിന്നെ ആരുടേയും സഹായം ആഗ്രഹിക്കാതെ ഒറ്റയ്ക് ജീവിക്കണം. പക്ഷേ,…..

അവൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു.

ഒരിക്കൽ വീട്ടിലേക്ക് വന്ന അനിയന്റെ മുന്നിൽ തിണർത്ത മുഖവുമായി നിലക്കുമ്പോഴും ചിരിച്ചു. അതൊന്ന് വീണതാ എന്ന കള്ളം കൊണ്ട് മറയ്ക്കാൻ ശ്രമിച്ചു. അവനത് കേട്ട് വെറുതെ മൂളിയപ്പോൾ തോന്നി കാരണം അറിയാൻ അവനും താല്പര്യം ഇല്ലെന്ന്… അല്ലെങ്കിൽ ആ മുഖതെന്തെങ്കിലും ഒരു ഭാവം കണ്ടേനെ….

ആ മൂളലിൽ എല്ലാം ഒതുക്കി അവൻ തിരികെ പോകുമ്പോൾ “ചേച്ചി നാളെ വീട്ടിലേക്ക് പോരെ, അളിയനോട് ഞാൻ പറയാം ” എന്ന് മാത്രം പറഞ്ഞു.

അന്ന് രാത്രി പതിവില്ലാതെ നേരത്തെ വന്ന ഷിബു ശാന്തനായിരുന്നു. നീ കുറച്ചു ചൂടുവെള്ളം വെയ്ക്ക് എന്ന് ശാന്തനായി പറഞ്ഞ അയാളെ അവൾ ആശ്ചര്യത്തോടെ നോക്കി. കുറച്ച് നാളുകൾക്ക് ശേഷം അയാളിലെ ആ ഭാവം കണ്ട അവൾ വേഗം ചൂടുവെള്ളം ഉണ്ടാക്കി കുളിമുറിയിൽ വെക്കുമ്പോൾ ദേഹം മുഴുവൻ കുഴമ്പിട്ട് നിൽക്കുകയായിരുന്നു ഷിബു.

കുളി കഴിഞ്ഞ് വരുമ്പോൾ ചോറ് എടുത്തുവെക്കട്ടെ എന്ന് ചോദിച്ച അവളോട് ” നാളെ നിന്റ വീട്ടിലൊന്ന് പോകാം, കുറേ ആയില്ലേ പോയിട്ട് ” എന്നും പറഞ്ഞവൻ ബെഡിൽ കേറി കിടന്നു.

ചോറ് കഴിച്ചില്ലേലും ഒരു ദിവസം എങ്കിലും അയാളിലെ മാറ്റം കണ്ടവൾ അത്ഭുത പ്പെടുമ്പോൾ ഷിബു ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. പുറമേ ഒന്നും കാണാൻ ഇല്ലെങ്കിലും അളിയന് ഇത്രയ്ക്ക് ആരോഗ്യം ഉണ്ടെന്ന് മനസ്സിലായ നിമിഷം അവന്റെ ഉള്ളിൽ നീറ്റലോടെ തികട്ടി വന്നു.

എപ്പഴും സൈലന്റ് ആയി മാത്രം കണ്ടവന്റെ ഉള്ളിലെ സഹോദരനെ തിരിച്ചറിഞ്ഞ നിമിഷം. പലപ്പോഴും ശരിയാകും എന്ന കണക്കുകൂട്ടലിൽ സഹിച്ചുനിന്ന അളിയന്റെ കൈചൂട് ഇത്രത്തോളം വേദനയാകുമെന്ന് ഷിബുവും അറിഞ്ഞില്ല..

അളിയൻ അനിയന്റെ ഉത്തരവാദിത്വം ഭംഗിയായി ചെയ്തപ്പോൾ ഷിബുവിൽ ഒരു മാറ്റമൊക്കെ കണ്ട് തുടങ്ങി.

അല്ലേലും ചിലർ അങ്ങനെ ആണ്..

കിട്ടേണ്ടത് കിട്ടിയാലേ കേൾക്കേണ്ടത് കേൾക്കൂ….

മ്മടെ ഷിബുവിനെപ്പോലെ 😌

തട്ടിക്കൂട്ട് ആണേ ☺️☺️☺️