അബൂക്കയുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അറിയാതെ കരച്ചിൽ കടിച്ചുപിടിച്ചവൾ അവിടെ തന്നെ നിന്നു……

അബൂക്ക

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

വെളുപ്പിനെ അലാറത്തിന്റെ ശബ്ദം മുഴങ്ങിയപ്പോഴാണ് അബൂക്ക കണ്ണ് തുറന്നത്. കണ്ണും തിരുമി കട്ടിൽ ഇരുന്ന ശേഷമാണ് അടുത്ത് കിടക്കുന്ന സുബൈദയെ തട്ടി വിളിക്കുന്നത്, എന്നും തനിക്ക് മുന്നെ എഴുന്നേക്കുന്നവൾ ഇന്നെന്താ ഉറങ്ങിപ്പോയത് എന്നായിരുന്നു അയളുടെ മനസ്സിലെ ആദ്യ ചിന്ത, അപ്പോഴാണ് കഴിഞ്ഞ ദിവസം കിടക്കുമ്പോൾ നല്ല ക്ഷീണം ഉണ്ടെന്ന് സുബൈദ പറഞ്ഞ കാര്യം അബൂക്ക ഓർത്തത്‌…

” സുബൈദ…. എഴുന്നേൽക്ക്..”

അബൂക്ക അവരെ തട്ടി വിളിച്ചു…

” ഇവളിത് എന്താ എഴുന്നേൽക്കാതെ കിടക്കുന്നെ.. നിന്റെ ക്ഷീണം മറിയില്ലേ …”

അത് പറഞ്ഞ് അബൂക്ക മുണ്ട് ഒന്ന് അഴിച്ച് വീണ്ടും ഉടുത്ത ശേഷം എഴുന്നേറ്റ് മുറിയിലെ ലൈറ്റ് തെളിയിച്ചു, കട്ടിലിലേക്ക് നോക്കുമ്പോൾ സുബൈദ നല്ല ഉറക്കം തന്നെയാണ്, എത്ര ഉറക്കം ആണെങ്കിലും മുറിയിലെ ലൈറ്റ് തെളിയിക്കുമ്പോൾ ഒന്ന് കണ്ണുചിമ്മുന്നയാൾ ഇന്ന് അനങ്ങാതെ കിടക്കുന്നത് കണ്ടപ്പോൾ അബൂക്ക അവരുടെ അടുക്കലേക്ക് ചെന്നു…

” എഴുന്നേൽക്കുന്നില്ലേ നീ…..”

വീണ്ടും അബൂക്ക കുലുക്കി വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാതെ ഇരുന്നപ്പോൾ അവർക്കരികിലായി അബൂക്ക ഇരുന്നു. സുബൈദയുടെ കയ്യിൽ തൊട്ടപ്പോൾ കയ്യിലേക്ക് തണുപ്പ് അരിച്ചുകയറിയതും അബൂക്ക ഒന്ന് ഞെട്ടി, പിന്നെ ഒന്നും മിണ്ടാതെ അബൂക്ക അവരുടെ മുഖത്തേക്ക് നോക്കി ഇരുന്നു….

” നമുക്ക് ഈ ഹോട്ടൽ അങ്ങു നിർത്താം, എനിക്ക് തീരെ വയ്യാതായിരിക്കുന്നു, ഏതാണ്ടൊക്കെ തീരറായ മട്ടാണ്….”

കഴിഞ്ഞ ദിവസം രാത്രി കിടക്കുമ്പോഴും സുബൈദ പറഞ്ഞ ആ വാക്കുകൾ അബൂക്ക വീണ്ടും ഓർത്തെടുത്തു. എങ്കിലും ഒരു വാക്ക് പറയാതെ എന്നെ തനിച്ചാക്കി പോയല്ലോ സുബൈദ നി, വാക്കുകൾ പുറത്തേക്ക് വരാതെ ഇടറിയ ശബ്ദത്തിൽ അയാൾ പറയും മുന്നേ കരച്ചിൽ പുറത്തേക്ക് വന്നിരുന്നു. കുറച്ച് നേരം കൂടി ആ മുഖത്ത് നോക്കി ഇരുന്ന ശേഷമാണ് കണ്ണും തുടച്ച് അബൂക്ക കട്ടിലിൽ നിന്ന് എഴുന്നേറ്റത്…

അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അയൽവക്കത്തെ മായയുടെ വീട്ടിൽ വെളിച്ചം കണ്ടിരുന്നു. മായയ്ക്ക് ജോലി ഉള്ളത് കൊണ്ട് ആഹാരമൊക്കെ വയ്ക്കാൻ രാവിലെ തന്നെ എഴുന്നേൽക്കും. അബൂക്ക നേരെ മായയുടെ വീട്ടിലേക്ക് നടന്നു….

” മോളെ മായേ…മോളെ…”

അടുക്കള വാതിലിൽ ചെന്ന് തട്ടി വിളിച്ചപ്പോഴാണ് മായ വാതിൽ തുറന്നത്…

” എന്താ വാപ്പ…”

പതിവില്ലാതെ രാവിലെ അബൂക്കയെ കണ്ടപ്പോൾ മായയും ഒന്ന് പേടിച്ചിരുന്നു…

” അത് മോളെ സുബൈദ അവിടെ…”

” എന്താ വാപ്പ ഉമ്മയ്ക്ക് എന്തുപറ്റി…”

അബൂക്കയുടെ ശബ്ദം ഇടറുന്നത് കണ്ടപ്പോൾ മായയുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു…

” അവൾ അവിടെ കിടക്കുകയാണ് മോളെ ഞാൻ എത്ര വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ല, മോള് ഒന്ന് വിളിച്ചു നോക്ക്….”

അത് പറഞ്ഞ് അബൂക്ക അടുക്കളയിലേക്ക് കയറുന്ന സ്റ്റെപ്പിൽ തലയ്ക്ക് കയ്യും വച്ചിരുന്നു, അബൂക്കയുടെ വായിൽ നിന്ന് അത് കേട്ടതും മായ നെഞ്ചിൽ കയ്യും വച്ച് അവരുടെ വീട്ടിലേക്ക് ഓടി. മുറിയിൽ കിടക്കുന്ന സുബൈദയുടെ അരികിലേക്ക് ചെന്നവൾ തട്ടി വിളിച്ചു…

” ഉമ്മാ… ഉമ്മാ….”

ഇനിയവർ ഒരിക്കലും ഉണരില്ലെന്ന് അറിയാമെങ്കിലും അവൾ വെറുതെ കുറേനേരം കുലുക്കി വിളിച്ചു. ഒഴുകിവരുന്ന കണ്ണീർ തുടച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ അപ്പോഴും അടുക്കളയുടെ പുറത്ത് ഇരിക്കുന്ന അബൂക്കയെ അവൾ സങ്കടത്തോടെ നോക്കിനിന്ന് പോയി…

മായ ചുറ്റുമുള്ള ഒന്ന് രണ്ട് വീട്ടിൽ ചെന്ന് വിളിച്ച് ആളിനെയും കൂട്ടി വന്നപ്പോഴും അബൂക്ക അവിടെ തന്നെ ഇരിപ്പാണ്. ആ മനുഷ്യനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെയാണ് അവൾ അയാൾക്ക് അരികിലേക്ക് നടന്നത്…

” വാപ്പ….”

അവൾ അയാളെ തട്ടി വിളിക്കുമ്പോൾ പ്രതീക്ഷയോടെ അബൂക്ക മായയുടെ മുഖത്തേക്ക് നോക്കി…

” എഴുന്നേറ്റോ മോളെ അവൾ എഴുന്നേറ്റോ…”

അബൂക്കയുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അറിയാതെ കരച്ചിൽ കടിച്ചുപിടിച്ചവൾ അവിടെ തന്നെ നിന്നു…

” എഴുന്നേറ്റില്ലല്ലേ, എനിക്കറിയാം അവൾ എഴുന്നേൽക്കില്ല…. മോളോട് അവൾക്ക് പ്രത്യേക ഒരിഷ്ടമുണ്ട്, എപ്പോഴും മോളുടെ കാര്യം അവൾ പറയും, ഇനിയിപ്പോ മോള് വിളിച്ചാൽ എഴുന്നേറ്റലോ എന്ന് കരുതിയ… എന്നാ മോള് ഉറങ്ങിക്കോ ഞാൻ അങ്ങോട്ട് ചെല്ലട്ടെ….”

അത് പറഞ്ഞ് അബൂക്ക എഴുന്നേറ്റ് വീട്ടിലേക്ക് നടക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ മായ അടുക്കള വാതിലിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു പോയി….

നേരം വെളുത്തു തുടങ്ങും മുൻപ് തന്നെ ചയകടക്കാരൻ അബൂക്കയുടെ ഭാര്യ മരിച്ചെന്ന വാർത്ത നാട്ടിലെങ്ങും പരന്നു. അറിഞ്ഞവർ അറിഞ്ഞവർ ആ വീട്ടിലേക്ക് ഓടിയെത്തി, ആ നാട്ടിൽ അവരുടെ കൈ പുണ്യം അറിയത്ത ഒരാളും ഇല്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം…

” ഹോ നല്ല മരണം ആണല്ലേ, ഉറങ്ങുമ്പോൾ അല്ലെ അങ്ങു പോയത്, എന്തായലും കിടന്ന് നരകിച്ചില്ലലോ… “

വീട്ടിൽ കൂടി നിന്നയാൾക്കാർ മരണത്തെ കുറിച്ച് അടക്കം പറഞ്ഞു തുടങ്ങി….

” ഇനിയിപ്പോ അബൂക്കയുടെ കാര്യമാണ് കഷ്ടം, എന്ത് സ്നേഹത്തോടെ കഴിഞ്ഞവർ ആണ്, ഇനി നോക്കാൻ മക്കൾ കൂടി ഇല്ല പാവം……”

കൂടി നിന്ന ചിലരുടെ സംസാരം അബൂക്കയെ കുറിച്ച് ആയിരുന്നു….

*****************

” നമുക്ക് ഒരു കുട്ടിയെ ദത്ത് എടുത്താലോ…”

” അത് വേണ്ട എന്തായാലും ആ ഭാഗ്യം പടച്ചോൻ നമുക്ക് തന്നിട്ടില്ല എന്ന് കരുതിയാൽ മതി…”

” വയസം കാലത്ത് നമ്മളെ നോക്കാൻ ആരെങ്കിലും വേണ്ടേ… ഒന്നും ഇല്ലേലും മരിച്ചു കിടക്കുമ്പോൾ മയ്യത്ത് എടുക്കനെങ്കിലും ആരെങ്കിലും വേണ്ടേ സുബൈദ….”

” അതിനു ഞാൻ മരിക്കുമ്പോൾ നിങ്ങൾ ഉണ്ടാകുമല്ലോ, പിന്നെ നിങ്ങൾ മരിക്കുമ്പോൾ ആരെങ്കിലും ഒക്കെ എടുത്തോളും…”

” അപ്പൊ ഞാനാണ് ആദ്യം മരിക്കുന്നത് എങ്കിലോ….”

” ആദ്യം ഞാൻ തന്നെയാണ് മരിക്കുന്നത് പടച്ചോൻ എന്നോട് പറഞ്ഞിട്ടുണ്ട്…”

അത് പറഞ്ഞ് സുബൈദ ഉച്ചത്തിൽ ചിരിക്കുന്നത് ആലോചിച്ചപ്പോൾ അബൂക്കയുടെ മുഖത്ത് ചിരി വിരിഞ്ഞു…

“ഇക്ക… “

മെമ്പർ തട്ടി വിളിച്ചപ്പോഴാണ് അബൂക്ക ഓർമ്മയിൽ നിന്ന് ഉണർന്നത്…

” ഇനിയിപ്പോ പ്രത്യേകിച്ച് ആരെയും കാത്തിരിക്കണ്ടല്ലോ.. എന്നാൽ നമുക്ക് അങ്ങോട്ട്…..”

” ആ ശരിയാ അല്ലെ തന്നെ എനിക്ക് അവളും അവൾക്ക് ഞാനും മാത്രമല്ലേയുള്ളൂ, ഇതിപ്പോ അവളും പോയി ഇനി ആരെ കാത്തിരിക്കാനാ…”

അത് പറഞ്ഞ് അബൂക്ക അകത്തേക്ക് നടന്നു. അലമാര തുറന്ന് കഴിഞ്ഞ പെരുന്നാളിന് വാങ്ങിയ വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ചു തുണിക്കടിയിൽ ഉണ്ടായിരുന്ന വെള്ള കർചീഫെടുത്ത് തലയിൽ കെട്ടി പുറത്തേക്ക് ഇറങ്ങി. മുന്നിൽ നിന്ന് തന്നെ അബൂക്ക സുബൈദയുടെ മയ്യത്ത് എടുത്തു…

പള്ളിയിൽ ചടങ്ങും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ സ്ഥിരം നടക്കുന്ന വഴിക്ക് ദൂരക്കൂടുതൽ ഉള്ളത് പോലെ തോന്നി, രാവിലെയും രാത്രിയും സുബൈദയ്ക്കൊപ്പം കടയിലേക്കും തിരികെ വീട്ടിലേക്കും നടക്കുമ്പോൾ ഇത്ര ദൂരമോ ക്ഷീണമോ അയാൾക്ക് അനുഭവപ്പെട്ടിരുന്നില്ല…

വീട്ടിൽ ചെല്ലുമ്പോൾ കുറച്ച് നാട്ടുകാരൊക്കെ വീട്ടിൽ ഉണ്ട്. അബൂക്ക ആരുടെയും മുഖത്ത് നോക്കാതെ ഉമ്മറത്തെ കസേരയിൽ മലർന്നിരുന്നു…

” മായേ…”

ഉമ്മറത്ത് ഉണ്ടായിരുന്ന മായയെ അയാൾ വിളിച്ചു..

” എന്താ വാപ്പ….”

അവൾ അബൂക്കയുടെ അരികിലേക്ക് ചെന്നു….

” കുറച്ച് ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുമോ മോളെ..”

അയാൾ മെല്ലെ അവളോട് ചോദിച്ചു.

” ഇന്ന് ചോർ വച്ചില്ല വാപ്പ പൊടിയരി ഇരിപ്പുണ്ട് ഞാൻ അൽപ്പം കഞ്ഞി ഉണ്ടാക്കി വരാം…”

അത് പറഞ്ഞവൾ വീട്ടിലേക് ഓടി, പെട്ടെന്ന് തന്നെ അൽപ്പം പൊടിയരി കഴുകിയിട്ട് കഞ്ഞി വച്ചു. വെന്ത കഞ്ഞി ഒരു കുഴിയൻ പാത്രത്തിൽ എടുത്ത് മറ്റൊരു പാത്രത്തിൽ അല്പം ചമ്മന്തിയും അച്ചറുമായി അബൂക്കയുടെ അടുത്തേക്ക് ഓടി. കഞ്ഞി അബൂക്കയ്ക്ക് കൊടുക്കുമ്പോൾ രണ്ട് മൂന്ന് സ്പൂൻ കോരി കുടിച്ചിട്ട് ബാക്കി താഴെ വച്ച് അയാൾ ഉള്ളിലേക്ക് നടന്നു…

” അതേ നിങ്ങൾ പോകുമ്പോൾ വാതിൽ ചാരിയിട്ട് പോണം, കുറെ പട്ടികൾ കറങ്ങി നടപ്പുണ്ട് അവറ്റകൾ വീട്ടിൽ കയറും, സുബൈദ അറിഞ്ഞാൽ പിന്നെ അത് മതി അവൾക്ക് ഈ വയ്യാത്ത സമയത്ത് വീട് മൊത്തം കഴുകി വൃത്തിയാക്കാൻ….”

അത് പറഞ്ഞ് അബൂക്ക ഉള്ളിലേക് കയറിപ്പോകുമ്പോൾ അവിടെ ഉണ്ടായിരുന്നവരിടേയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി. അബൂക്കയെയും സുബൈദയെയും ആ നാട്ടിൽ ഉള്ളവർ ഒരിമിച്ചല്ലാതെ ഇതുവരെ കണ്ടിട്ടില്ല, കല്യാണം ആയാലും അടിയന്തിരമയാലും രണ്ടാളും ഒരുമിച്ച് ആയിരിക്കും എപ്പോഴും…

അന്ന് രാത്രി കിടക്കും മുൻപേ മായ വീണ്ടും അബൂക്കയുടെ അരികിൽ എത്തിയിരുന്നു, അവൾ ഏറെ നിർബന്ധിച്ചിട്ടും അബൂക്ക ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല…

പിറ്റേന്ന് രാവിലെ കാപ്പിയുമായി ആണ് മായ അബൂക്കയുടെ വീട്ടിൽ വന്ന് വിളിക്കുന്നത്. അൽപ്പനേരം കഴിഞ്ഞണ് അബൂക്ക വാതിൽ തുറന്നത്…

” എന്താ മോളെ രാവിലെ തന്നെ… ഞങ്ങൾ എഴുന്നേൽക്കാൻ അൽപ്പം വൈകിപ്പോയി, അവൾക്ക് നല്ല ക്ഷീണം കിടക്കുകയാണ്….”

അബൂക്ക അത് പറയുമ്പോൾ മായ ഒന്ന് പരിഭവിച്ചെങ്കിലും പുറത്ത് കാണിച്ചില്ല…

” അത് പിന്നെ ഉമ്മ ഉറങ്ങുകയല്ലേ, പാവം കിടന്നോട്ടെ വാപ്പ ഇത് കഴിക്ക്..”

” ആ നല്ല കാര്യമായി നിനക്ക് അറിയല്ലോ അവളുടെ സ്വഭാവം, വേറെ എവിടുന്നേലും എന്തേലും കഴിച്ചാൽ അത് മതി മുഖം വീർപ്പിച്ച് ഇരിക്കാൻ…”

” ഞാൻ നിങ്ങടെ രണ്ടാളുടെയും മോളല്ലേ, അപ്പൊ ഉമ്മ ഒന്നും പറയില്ല, വേഗം കഴിക്കാൻ നോക്ക്…”

അത് പറഞ്ഞ് പാത്രം ഉള്ളിൽ വച്ച് മായ വീട്ടിലേക് നടക്കുമ്പോഴും അബൂക്ക കാണാതെ കരച്ചിൽ അവൾ അടക്കി പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മായ പോയി കഴിഞ്ഞ് അബൂക്ക വീണ്ടും മുറിയിലേക്ക് കയറി, കട്ടിലിന്റെ ഒരു വശത്ത് നിരത്തി വച്ചിരിക്കുന്ന സുബൈദയുടെ തുണികൾക്കരികിൽ അയാൾ ചെന്ന് കിടന്നു…

ഉച്ച കഴിഞ്ഞാണ് പിന്നെയും മായ അബൂക്കയുടെ വീട്ടിലേക്ക് വരുന്നത്. ചെല്ലുമ്പോൾ രവിലെ കൊണ്ടു വച്ച ആഹാരം അതുപോലെ തന്നെ ഇരിപ്പുണ്ട്, മുറിയിലേക്ക് ചെല്ലുമ്പോൾ അബൂക്ക പഴയത് പോലെ കിടക്കുകയാണ്…

” വാപ്പ…..”

അവൾ മെല്ലെ വിളിക്കുമ്പോൾ അബൂക്ക തല ഉയർത്തി നോക്കി, മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു കൊണ്ട് അബൂക്ക മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…

” എന്താ മോളെ… അവൾ ഉറങ്ങുന്നത് കണ്ടില്ലേ…”

ശബ്ദം താഴ്ത്തി മായയോട് അബൂക്ക പറയുമ്പോൾ അബൂക്കയുടെ മാറ്റത്തിൽ അവൾ ഒന്ന് ഭയന്നു…

” രാവിലെ ഒന്നും കഴിച്ചില്ലല്ലോ, ഇതെങ്കിലും കഴിക്ക് ചോറും മീൻ കറിയും പാവയ്ക്ക തോരനും ഉണ്ട്…”

അവൾ കൊണ്ട് വന്ന പാത്രം നിരത്തി വച്ചുകൊണ്ട് പറഞ്ഞു…

“നി എന്തിനാ ഇതൊക്കെ കൊണ്ട് വന്നേ സുബൈദ എഴുന്നേറ്റിട്ട് ചോറ്‌ വച്ചോളും…”

” ഉമ്മയാണ് എന്നോട് കൊണ്ട് വരാൻ പറഞ്ഞത്, ഉമ്മയ്ക്ക് ഉള്ളത് അടുക്കളയിൽ വാച്ചിട്ടുണ്ട്….”

അവൾ അത് പറയുമ്പോൾ അബൂക്ക തല തിരിച്ച് കട്ടിലിലേക്ക് നോക്കി….

” എന്നാൽ കുറച്ച് കഴിക്കാം…”

ചിരിച്ചുകൊണ്ട് അയാൾ കഴിക്കാൻ തുടങ്ങി….

” ഹോ ഇങ്ങനെ ആണോ മീൻ കറി വയ്ക്കുന്നെ… മല്ലിപൊടിയുടെ കുത്തൽ ഉണ്ടാലോ.. നി ഇതുവരെ പഠിച്ചില്ലേ മീൻ കറി വയ്ക്കാൻ…”

അബൂക്ക അത് പറയുമ്പോൾ മായ ഒന്നും മിണ്ടാതെ മാറി നിന്നതെയുള്ളൂ…

” അവൾ എഴുന്നേൽക്കുമ്പോൾ ചോദിക്ക് അവൾ പറഞ്ഞു തരും മീൻ കറി വയ്ക്കുന്നത് എങ്ങനെ ആണെന്ന്….”

അത് പറഞ്ഞ് അബൂക്ക കഴിച്ച് എഴുന്നേറ്റ് വീണ്ടും മുറിയിലേക്ക് നടന്നു..

” വാപ്പ ആദ്യം പോയി കൈ കഴുക്…”

അവൾ അബൂക്കയെ പിടിച്ച് കൊണ്ട് കൈ കഴുകിപ്പിച്ചു. വീണ്ടും അബൂക്ക കട്ടിലിൽ പോയി കിടന്നപ്പോൾ മായ അതും നോക്കി അൽപ്പനേരം നിന്ന ശേഷമാണ് വീട്ടിലേക്ക് പോയത്…

” സുബൈദ… സുബൈദ….”

രാത്രി അബൂക്കയുടെ ശബ്ദം കേട്ടാണ് മായ പുറത്തേക്ക് ഇറങ്ങിയത്. വീടിനു ചുറ്റും സുബൈദ എന്നും വിളിച്ച് നടക്കുകയാണ് അബൂക്ക….

” എന്താ വാപ്പ എന്തുപറ്റി…”

അവൾ അബൂക്കയുടെ അരികിലേക്ക് ചെന്നു…

” അവളെ കാണാൻ ഇല്ല, ഇത്രയും നേരം എന്റെ അരികിൽ കിടന്നത് ആയിരുന്നു, ഇപ്പൊ കാണുന്നില്ല… സുബൈദ.. സുബൈദ…”

അത് പറഞ്ഞ് അബൂക്ക വീണ്ടും വീടിനു ചുറ്റും നടക്കാൻ തുടങ്ങി…

” വാപ്പ ഇപ്പോൾ പോയി കിടക്ക് നമുക്ക് രാവിലെ നോക്കാം…”

” ഏയ്‌ അതൊന്നും പറ്റില്ല അവൾ ഇല്ലാതെ ഞാൻ എങ്ങനെ സമാധാനത്തോടെ ഇരിക്കും…”

അത് പറഞ്ഞ് അബൂക്ക വീട്ടിലേക്ക് കയറി പഴയ ടോർച്ച് എടുത്ത് തോളിൽ ഒരു തോർത്തും ഇട്ടുകൊണ്ടു പുറത്തേക്ക് ഇറങ്ങി…

” അവൾ മിക്കവാറും കടയിൽ പോയി കാണും. നാളെ കുറച്ച് ബിരിയാണി ഉണ്ടക്കി കൊടുക്കാൻ ഉണ്ട്. ഞാൻ നോക്കിയിട്ട് വരാം…”

” വേണ്ട വാപ്പ നമുക്കു ആരെയെങ്കിലും വിട്ട് അന്വേക്ഷിക്കാം…”

മായ അത് പറയുമ്പോഴേക്കും അബൂക്ക മുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയിരുന്നു…

” നി വീട്ടിൽ പോകാൻ നോക്ക് പിള്ളേർ ഒറ്റയ്ക്ക് അല്ലെ ഉള്ളു..ആ വാതിൽ കൂടി അടച്ചേരേ അല്ലെ ആ പട്ടികൾ കയറും വീട്ടിൽ, പിന്നെ അവൾക്ക് അത് മതി…..,”

അത് പറഞ്ഞ് അബൂക്ക ഇരുട്ടിലേക്ക് മറയും മുൻപേ നീണ്ട ഹോണഡിയോട് കൂടി ഒരു പാണ്ടിലോറി കടന്ന് പോയി. ആ ശബ്ദത്തിൽ അബൂക്കയുടെ ശബ്ദവും അലിഞ്ഞു ചേർന്നു….