മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഒരു പക്ഷേ ഒരു നിമിഷം ഞാന്‍ ദേവിയുടെ ഭർത്താവ് മാത്രമായി..
നിന്നെ സ്വന്തം മകളായി നോക്കുന്ന അവളുടെ അടുത്ത് നിന്ന് നിന്നെ തട്ടി പറിച്ചു കൊണ്ട് പോയി അവളെ ഒരു മുഴുഭ്രാന്തിയാക്കാൻ ഞാന്‍ ഒരുക്കമായിരുന്നില്ല…
മോള് ഈ അച്ഛനോടും അമ്മയോടും ക്ഷമിക്കണം…. “
മാധവന് അപ്പുവിന് മുന്നില്‍ കൈ കൂപ്പി ഇരുന്നു…
” അന്ന് സ്വന്തം കുഞ്ഞ് എരിഞ്ഞ് തീരുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ഒരു അച്ഛന്റെ ഗതികേട്… പ്രിയപ്പെട്ടവരെ ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ട് പോയവന്റെ ഭ്രാന്ത്…
ജീവനോടെ ശേഷിച്ച നിന്നെയെങ്കിലും ആ ദുഷ്ടന്മാരുടെ കൈയിൽ നിന്നും രക്ഷിക്കണം എന്ന് കരുതിയാണ് അന്ന് രാത്രി എല്ലാം ഉപേക്ഷിച്ച് വണ്ടി കയറിയത്..
എന്റെ കുഞ്ഞിനെ അവസാനമായി ഒന്ന് കാണാന്‍ കൂടി പറ്റാതെ…
അന്നും ഇന്നും ഉരുകിയാണ് ഈ അച്ഛൻ ജീവിച്ചത്….
സ്വന്തം കുഞ്ഞിനെ അവസാനമായി ഒന്ന് കാണാന്‍ പറ്റാതെ… 18 വര്‍ഷം…
പക്ഷേ എന്റെ അപ്പുവിനെ സ്നേഹിക്കുന്നതിൽ കൂടുതൽ ഈ അച്ഛനും അമ്മയും ഈ പൊന്നു മോളേ സ്നേഹിച്ചിരുന്നു… അത് ഇല്ലാന്ന് മാത്രം എന്റെ മോള് പറയരുത്…”
അപ്പുവിന്റെ കാൽക്കലേക്ക് ഊർന്നിരുന്ന് കൊണ്ട് അയാൾ പറഞ്ഞു..
അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…
” അച്ഛാ… “
അപ്പു പിടഞ്ഞു എണീറ്റു… അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു….
” ഞാ.. ഞാൻ എന്താ അച്ഛാ പറയുവാ…. “
അപ്പു അയാളുടെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു..
ദേവും വീർഉം സാമും ആ കാഴ്ച കണ്ടു കണ്ണുകൾ തുടച്ചു….
അല്പ സമയം കഴിഞ്ഞു അപ്പു തല ഉയർത്തി അയാളെ നോക്കി… ഒപ്പം ദേവിയെയും….
സ്ഥലകാല ബോധം ഇല്ലാത്തത് പോലെയുള്ള ദേവിയുടെ ഭാവം അവളെ ഭയപ്പെടുത്തി…
” അച്ഛാ…. അമ്മ.. അമ്മ… “
അപ്പു വിറയലോടെ മാധവനെ വിളിച്ചു.
അപ്പോഴാണ് അയാളും അത് ശ്രദ്ധിച്ചത്..
“ദേവി…”
മാധവന് അവര്‍ക്കു അരികിലേക്ക് ഓടിവന്നു…
“ഡോ.. എന്നെ ഒന്ന് നോക്ക്.. ദേവി.. ഇങ്ങോട്ട് നോക്കു… ദേ നമ്മുടെ മോള് ഇവിടെ ഉണ്ട്.. ഇവിടെ..”
അയാൾ പരിഭ്രാന്തിയോടെ പറഞ്ഞു…
ദേവിയുടെ കണ്ണില്‍ നിന്നും കണ്ണീര് ഒലിച്ചിറങ്ങി…. എങ്കിലും ദേവിയുടെ മുഖത്തെ നിസ്സംഗത അയാളെ ഭയപ്പെടുത്തി..
“ദേവി… എന്നെ.. നോക്കു.. ദേവി.. “
അയാൾ അവരെ പിടിച്ചു കുലുക്കി കൊണ്ട് വിളിച്ചു…
ദേവി ഒന്ന് തല ചെരിച്ചു അയാളെ നോക്കി..
പിന്നെ പൊട്ടി കരഞ്ഞു കൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു…
“മാധവേട്ടാ നമ്മുടെ മോള്… അപ്പു…”
അവര്‍ കണ്ണീരോടെ പിറുപിറുത്തു…
“ഈ ലോകത്തിന്റെ എവിടെയെങ്കിലും… ഏതെങ്കിലും ഒരു കോണില്‍ എന്റെ അപ്പു ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവും….
അവളുടെ പാറുവിന് വേണ്ടി സ്വന്തം ജീവിതം കളഞ്ഞത് അല്ലെ നമ്മുടെ മോള്… അവള് സന്തോഷിക്കും… നമുക്ക് നമ്മുടെ ഈ അപ്പു ഉണ്ടല്ലോ.. ദേവി…”
മാധവന് അപ്പുവിനെ ചൂണ്ടിക്കാട്ടി കൊണ്ട് അവരെ ആശ്വസിപ്പിച്ചു…
” മാധവേട്ടാ… ഇത്… ഇനി അപ്പു ഇല്ലല്ലോ… പാ.. പാറു അല്ലെ.. “
ദേവി അലറിക്കരഞ്ഞു…
” അമ്മേ… “
അപ്പു അവര്‍ക്കു അരികിലേക്ക് ഓടി വന്നു…
” ഞാൻ.. ഞാൻ അമ്മയുടെ അപ്പു തന്നെയാണ്… അതിനി ആര് എന്ത് പറഞ്ഞാലും… എന്നെ വേണ്ടന്ന് പറയല്ലേ അമ്മേ.. അമ്മേടെ അപ്പു അല്ലെ ഞാന്‍.. “
അപ്പു കരഞ്ഞു കൊണ്ട് അവരെ കെട്ടിപിടിച്ചു..
മാധവന് നിറകണ്ണുകളോടെ രണ്ട് പേരെയും ചേര്‍ത്തു പിടിച്ചു…
“ചേച്ചിയേക്കാൾ കൂടുതൽ എന്നെ എന്നും സ്നേഹിച്ചിട്ടല്ലേ ഉള്ളു രണ്ട് പേരും… ഞങ്ങളുടെ അപ്പു എന്ന് തന്നെ അല്ലെ രണ്ടാളും എന്ന് പറഞ്ഞിട്ടുള്ളത്…. പിന്നെ.. പിന്നെ ഇപ്പൊ എങ്ങനെയാ ഞാൻ പാറു ആയതു…
വേണ്ട… ഇനി എന്ത് സൗഭാഗ്യം തരാം എന്ന് പറഞ്ഞാലും എനിക്ക് നിങ്ങളെ മതി…
ജന്മം കൊണ്ട് അല്ലെങ്കിലും കര്‍മ്മം കൊണ്ടു എന്റെ അച്ഛനും അമ്മയും ആയവര്‍ അല്ലെ നിങ്ങള്‍…
എനിക്ക് ഒന്നും കേൾക്കാൻ വയ്യാ ഇനി… ഒന്നും കേൾക്കണ്ട ഇനി.. മതി..ഞാന്‍ നിങ്ങളുടെ മോള് അല്ലെന്ന് മാത്രം പറയല്ലേ…അപ്പു സ്നേഹിക്കുന്നതിൽ കൂടുതൽ ഞാൻ നിങ്ങളെ സ്നേഹിച്ചോളാം… എന്നെ വേണ്ടന്ന് പറയല്ലേ അച്ഛാ…. വേണ്ടന്ന്… പറയ….. അച്… “
അപ്പു കുഴഞ്ഞു നിലത്തേക്കു വീഴാന്‍ പോയി…
” അപ്പു… “
ദേവ് ഓടി വന്നു അവളെ താങ്ങി എടുത്തു ബെഡ്ഡിലേക്ക് കിടത്തി…
മാധവനും ദേവിയും പരിഭ്രാന്തരായി ദേവിനെ നോക്കി…
അവന് അപ്പുവിന്റെ പള്‍സും ഹാര്‍ട്ട് ബീറ്റും ചെക്ക് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു…
ദേവ് തന്നെ അടുത്തുള്ള മഗ്ഗിൽ നിന്നും വെള്ളമെടുത്ത് അപ്പുവിന്റെ മുഖത്തേക്ക് കുടഞ്ഞു…
“അപ്പു.. അപ്പു കണ്ണ് തുറക്ക്…”
ദേവ് അവളുടെ കവിളിൽ തട്ടി കൊണ്ട് വിളിച്ചു..
ഒരു ഞരക്കത്തോടെ അപ്പു പതിയെ കണ്ണുകൾ വലിച്ചു തുറന്നു..
മുന്നില്‍ പരിഭ്രാന്തനായി നില്ക്കുന്ന ദേവിനെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു…
“ഒന്നും വേണ്ടായിരുന്നു അല്ലെ ദേവേട്ടാ… ഒന്നും അറിയണ്ടായിരുന്നൂ… ഞാ.. ഞാനിപ്പോ ആരാ… അപ്പുവോ… അതോ പാറുവോ…”
അവള് പിടഞ്ഞു എണീറ്റു ഇരുന്നു കൊണ്ട് അവനെ കെട്ടിപിടിച്ചു…
“ഒന്നുമില്ലെടാ…. ഒന്നുമില്ല… നീ ശരിക്കും ഭാഗ്യം ചെയ്ത കുട്ടി അല്ലെ… ഇത്രയും സ്നേഹിക്കുന്ന ഒരു അച്ഛനെയും അമ്മയെയും കിട്ടിയില്ലേ നിനക്ക്… “
ദേവ് അവളുടെ തലയില്‍ തഴുകി കൊണ്ട് പറഞ്ഞു…
മാധവനും ദേവിയും അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ കണ്ണീര് വാര്‍ത്തു…
“പക്ഷേ… അപ്പു… അവളുടെ ദാനം അല്ലെ ദേവേട്ടാ എന്റെ ജീവൻ… എനിക്ക് പകരം അവള് അല്ലെ അന്ന് മരണത്തിലേക്ക് പോയതു… ദൈവം വല്ലാത്ത ക്രൂരന് ആണ്… “
അപ്പു കരച്ചിലോടെ അവന്റെ മാറിലേക്ക് തല ചായ്ച്ചു..
” യഥാര്‍ത്ഥ അപ്പു മരിച്ചിട്ടില്ലെങ്കിലോ…..”
എല്ലാവരും ഞെട്ടി ആ ശബ്ദത്തിനുടമയെ നോക്കി…
” വീർ…. “
ദേവിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു…
” എന്ത്.. എന്താ പറഞ്ഞത്… “
മാധവന് അവന് നേരെ തിരിഞ്ഞു…
“അതേ… അപ്പു മരിച്ചിട്ടില്ല… ജീവനോടെ ഉണ്ട്…”
” എന്താ… എന്റെ മോള്.. എവിടെ… “
ദേവി അവന്റെ നേരെ പാഞ്ഞു.. അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു..
അവരുടെ സമനില തെറ്റിയോ എന്ന് ഒരു നിമിഷം മാധവന് ഭയന്നു…
” ദേവി.. എന്താ ഇത്… വിട്…”
അയാൾ അവരുടെ കൈകൾ ബലമായി മോചിപ്പിച്ചു തന്നോട് ചേര്‍ത്തു നിർത്തി..
“മാധവേട്ടൻ കേട്ടില്ലേ.. നമ്മുടെ മോള്..”
ദേവി ഒരു ഭ്രാന്തിയെപ്പോലെ പുലമ്പി..
“എന്ത്.. എന്താ മോന് പറഞ്ഞത്… പ്ലീസ്…”
അയാൾ വീർ ന്റെ മുന്നില്‍ കൈകൂപ്പി…
അപ്പുവും ദേവും അതിശയത്തോടെ അത് നോക്കി…
“ദേവേട്ടാ… എന്റെ അപ്പു… അവള്… ജീവനോടെ..”
അപ്പു കണ്ണീരിന് ഇടയിലും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ദേവും അമ്പരപ്പിൽ ആയിരുന്നു…
” വീർ.. എന്താ താന്‍ പറഞ്ഞത്… അപ്പു..”
സാം അക്ഷമയോടെ വിളിച്ചു..
” പറയാം.. പക്ഷേ അതിനു മുന്നേ അങ്കിള്‍ എന്റെ ഒന്ന് രണ്ടു ചോദ്യത്തിന് കൂടി ഉത്തരം തരണം… തന്നേ പറ്റുള്ളൂ…”
വീർ ന്റെ ശബ്ദം ഉറച്ചതായിരുന്നു…
“എന്‍.. എന്താ… ചോദിക്ക്…”
മാധവന്റെ ശബ്ദം ഇടറി…
” അന്ന്… ആ രാത്രി പാറുവിനെ രക്ഷിക്കാൻ ഉള്ള പരക്കം പാച്ചിലില്‍ ആയിരുന്നു അങ്കിള്‍… ഞാന്‍ സമ്മതിച്ചു..
പക്ഷേ… നാട്ടില്‍ എത്തിയിട്ട് പിന്നെ അങ്കിള്‍ അവിടേക്ക് തിരിച്ച് പോയില്ലേ…”
വീർ സംശയത്തോടെ ചോദിച്ചു…
” ഇല്ല… അന്ന് നാട്ടില്‍ എത്തിയെങ്കിലും ഞാന്‍ വല്ലാതെ തളര്‍ന്നിരുന്നു… കണ്മുന്നില് കണ്ട ദുരന്തത്തിന്റെ ഞെട്ടല്‍ ഒരു ഭാഗത്ത്…
മറുഭാഗത്ത് ഓര്മ നഷ്ടപ്പെട്ട പാറു.. പിന്നെ മാനസിക നില തകർന്ന ദേവി.. ഒന്നും അറിയാത്ത മാളു…
തളര്‍ന്ന് പോകാതിരിക്കാന്‍ ഞാന്‍ ഒരുപാട് പണിപ്പെട്ടു…
ഇതിനിടയിൽ ഞാന്‍ ആന്ധ്രയില്‍ ഉള്ള ഞങ്ങളുടെ ഒരു ഫ്രണ്ടിനെ വിളിക്കാൻ ശ്രമിച്ചു.. അവനാണ് പറഞ്ഞത് അന്നത്തെ അപകടത്തില്‍ നാലു പേരും മരിച്ചു എന്ന്.. ആരും ജീവനോടെ ബാക്കി ഇല്ല എന്ന്…
അതോടെ മനസ്സിന്റെ ഏതോ ഒരു കോണില്‍ ഉണ്ടായിരുന്ന. അവസാന പ്രതീക്ഷയും ഇല്ലാതായി… പിന്നെ ഒന്നും കേള്‍ക്കാന്‍ തോന്നിയില്ല… “
മാധവന് ഇടറുന്ന സ്വരത്തില്‍ പറഞ്ഞു…
” ഏത്.. ഏതു ഫ്രണ്ട്.. “
വീർ ഉദ്വേഗത്തോടെ ചോദിച്ചു..
” മൂര്‍ത്തി…. രാമ മൂര്‍ത്തി…. “
മാധവന് ഓര്‍മയില്‍ നിന്നും പരതി കൊണ്ട് പിറുപിറുത്തു…
” എന്നിട്ട്… “
വീർ ചോദിച്ചു..
” അവന്റെ മറുപടി കേട്ടപ്പോൾ ഞാൻ ആകെ തളര്‍ന്നു.. നാല് പേരും മരിച്ചു എന്നാണ് അവന് എന്നോട് പറഞ്ഞത്… ഞാനും അത് വിശ്വസിച്ചു.. ഈയിടെ ദേവ് എന്റെ അടുത്തേക്ക് വരുന്നത് വരെ..
എനിക്ക്.. എനിക്ക് അറിയില്ലായിരുന്നു.. അന്നത്തെ അപകടത്തിൽ നിന്നും രക്ഷപ്പെട്ട് ഒരു മനോരോഗിയായി കഴിയുകയാണ് ഞങ്ങളുടെ ഗൗരി എന്ന്….
ഗൗരി മാത്രം അല്‍ഭുതകരമായ് രക്ഷപ്പെട്ടു എന്നു എനിക്കു അറിയില്ലായിരുന്നു…”
മാധവന് കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു…
” അതേ… അയാൾ നിങ്ങളെ പറ്റിക്കുകയായിരുന്നു…..എല്ലാരും മരിച്ചു എന്ന് പറഞ്ഞു അങ്കിളിനെ കബളിപ്പിച്ചു.. “
വീർ മുഷ്ടി ചുരുട്ടി കൊണ്ട് ചുമരിലേക്ക് ആഞ്ഞിടിച്ചു…
” എന്തിന്… മൂര്‍ത്തി എന്തിന് അങ്ങനെ ചെയ്യണം… “
മാധവന് അമ്പരപ്പോടെ ചോദിച്ചു…..
“അവരെ തേടി ആരും അവിടേക്ക് പോകാതിരിക്കാന്‍… അയാളുടെ തന്ത്രം…. “
വീർ പല്ല് ഞെരിച്ചു…
“അപ്പൊ… എന്റെ…”
മാധവന് എന്തോ ചോദിക്കാൻ തുനിഞ്ഞതും ദേവ് ഇടയില്‍ കയറി…
” ഒരു നിമിഷം അങ്കിള്‍… നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം വീർ….”
ദേവ് മാധവനെ തടഞ്ഞു കൊണ്ട് സംശയത്തോടെ ചോദിച്ചു…
” അത്.. അത്.. “
പെട്ടെന്ന് ഉള്ള ചോദ്യത്തിന് മുന്നില്‍ അവന് പതറി…
” പറയ് വീർ…. പാറുവിനെ കുറിച്ചും അപ്പച്ചിയെ കുറിച്ചും ഞാൻ പറഞ്ഞിട്ടുള്ള അറിവേ നിനക്ക് ഉള്ളു എന്നാണ് എന്റെ വിശ്വാസം.. പക്ഷേ.. നിനക്ക്.. അപ്പു…അപ്പുവിനെ എങ്ങനെ അറിയാം.. പറയ്…”
ദേവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു…
” അത്.. ദേവ്.. ഞാൻ.. എനിക്ക്..”
വീർ വാക്കുകള്‍ക്ക് വേണ്ടി പരതി ..
” പറയ് മോനേ.. എങ്ങനെയാ… അപ്പു.. അപ്പു എവിടെ… “
മാധവന്റെ സ്വരത്തില്‍ ദൈന്യത കലര്‍ന്നു…
” പറയ് ഏട്ടാ.. എന്നെ സ്വന്തം പെങ്ങളെ പോലെയാണ് കാണുന്നത് എന്ന് അല്പം മുന്‍പു അല്ലെ പറഞ്ഞത്… എങ്കിൽ പറയ്… “
അപ്പു അവന്റെ അടുത്തേക്ക് വന്നു കെഞ്ചി…
“പെങ്ങളെ പോലെയല്ല… പെങ്ങള് തന്നെയാണ്…. “
വാതില്ക്കല് ഒരു ശബ്ദം കേട്ടതും എല്ലാരും ഞെട്ടി…
“അദിധി….. “
അപ്പുവിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു….
” എന്താ… എന്താ നീ പറഞ്ഞത്… “
അപ്പുവിന്റെ ശബ്ദം ഉയർന്നു…
“അതേ… കേട്ടതു സത്യമാണ്… അവന്റെ പെങ്ങളെ പൊലെ അല്ല… പെങ്ങള് തന്നെയാണ് നീ… ഭദ്രന്റെ കുഞ്ഞ് അനിയത്തി… പാറു…”
“അദിധി അകത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…
” എന്താ.. എന്താ നീ പറഞ്ഞത്…”
ദേവ് അവള്‍ക്കു അടുത്തേക്ക് പാഞ്ഞടുത്തു…
” അതേ ദേവ്.. നിനക്ക് നിന്റെ ഫ്രണ്ട് ആയ വീർ നെ മാത്രമേ അറിയൂ… നിന്റെ പഴയ ഭദ്രനെ അറിയില്ല…”
അദിധി പുഞ്ചിരിയോടെ പറഞ്ഞു…
“എഹ്… ഏട്ടൻ… ഭദ്രേട്ടൻ…..”
അപ്പു പിറുപിറുത്തു..
എല്ലാം കേട്ട് തല കുനിച്ച് നിന്ന വീർന് അരികിലേക്ക് ദേവ് ഓടിയെത്തി…..
“എന്‍.. എന്താടാ ഇവള് പറഞ്ഞത്… നീ.. “
അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് ദേവ് ക്ഷോഭത്തോടെ ചോദിച്ചു…
തല കുനിച്ച് നില്ക്കുന്ന അവനെ കണ്ടതും ദേവിന്റെ കണ്ണുകൾ നിറഞ്ഞു…
അപ്പു ഒന്നും മനസ്സിലാകാതെ നില്‍ക്കുകയാണ്.. മറ്റുള്ളവരുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല..
“പറയെടാ… എന്റെ ഭദ്രൻ ആണോ നീ..” ദേവ് ചോദിച്ചു കൊണ്ടേ ഇരുന്നു…
“ആഹ്… ഞാൻ ഭദ്രൻ ആണ്…. വീരഭദ്രൻ…. മരിച്ചു എന്ന് എല്ലാവരും കരുതിയ ഭദ്രൻ… വീരഭദ്രൻ….”
അവന്റെ ശബ്ദം ക്രമാതീതമായി ഉയർന്നു…
അപ്പുവിന് തലയ്ക്ക് ആരോ അടിച്ചത് പോലെയാണ് തോന്നിയത്…
” ഏട്ടൻ…. ഏട്ടൻ… “
അവള് പിറുപിറുത്തു…
“പ്ഠേ”
ദേവിന്റെ കൈകൾ വീർ ന്റെ മുഖത്ത് ആഞ്ഞു പതിച്ചു..
” നിന്നോട് എല്ലാം പറഞ്ഞത് അല്ലെ ഞാൻ… എന്റെ സങ്കടം മുഴുവന്‍ പറഞ്ഞത് അല്ലെ.. എന്നിട്ട്… എന്നിട്ടും നീയെന്നെ ഒരു കോമാളി വേഷം കെട്ടിച്ചു.. കൂടെയുള്ളത് കൂടപ്പിറപ്പ് ആണെന്ന് ഒരിക്കല്‍ പോലും നീ പറഞ്ഞില്ലല്ലോ ഡാ….”
ദേവ് സങ്കടത്തോടെ പറഞ്ഞു..
“ദേവ് ഞാന്‍… “
വീർ എന്തോ പറയാന്‍ തുനിഞ്ഞതും ദേവ് അവനെ തടഞ്ഞു.
” വേണ്ട വീർ…. മതി… “
ദേവ് അവനെ തടഞ്ഞു കൊണ്ട് പുറം തിരിഞ്ഞു നിന്നു…
” ഏട്ടാ…. “
അപ്പു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു..
തുടരും…