മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
വേദന കൊണ്ട് നെറ്റി തടവി അയാളെ ചീത്ത വിളിക്കാൻ വേണ്ടി തല ഉയർത്തിയ ഞാന്‍ മുന്നില്‍ ഉള്ള ആളെ കണ്ടു ഒരു നിമിഷം ഞെട്ടി. ആ മുഖത്തേക്ക് തന്നെ അന്തം വിട്ടു നോക്കി നിന്നു.
എവിടെയോ കണ്ടു മറന്ന നീലക്കണ്ണുകള്‍.. ട്രിം ചെയ്തു സെറ്റ് ആക്കിയ മുടിയും കുഞ്ഞ് താടിയും മീശയും.
ഉറപ്പുള്ള ശരീരം. വൈറ്റ് കളർ ഷർട്ടും അതിനു മേലെ ഒരു ബ്ലൂ കളർ ബ്ലേസറും പാന്റ്സും. മൊത്തത്തില്‍ ഒരു കിടു ലുക്ക്.
പക്ഷേ… ആ നീലക്കണ്ണുകള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നത് പോലെ. ആ കണ്ണുകളിലും വല്ലാത്ത ഒരു അമ്പരപ്പ് നിറഞ്ഞു നില്‍ക്കുന്നു.
“അപ്പൂ…. അപ്പൂ….. നീയെന്താ ഇവിടെ നില്‍ക്കുന്നത്…”
ജോയുടെ ശബ്ദം ആണ് എന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തിയത്.
“ങേ….. എന്ത്.. എന്താ.. നീ ചോദിച്ചത്….”
ഞാൻ ഞെട്ടി കൊണ്ട് അവളോട് ചോദിച്ചു.. അപ്പോഴാണ് അവള്‍ മുന്നില്‍ ഉള്ള ആളെ ശ്രദ്ധിച്ചത്..
“ടി.. നീയല്ലേ വെള്ളം കുടിക്കാന്‍ പോയതു.. എന്നിട്ട് എന്താ ഇവിടെ തന്നെ നില്‍ക്കുന്നത്.. അവിടെ ഫോട്ടോ എടുക്കാൻ വിളിക്കുന്നു….”
അതും പറഞ്ഞു തിരിഞ്ഞു പോകാൻ പോയ അവള് പെട്ടെന്ന് വീണ്ടും അടുത്ത ചോദ്യം ഇട്ടു തന്ന്.
“അല്ല.. അപ്പൂ… ഇതാരാ..” നമ്മടെ മുന്നില്‍ ഉള്ള ജിം ബോഡിയെ ചൂണ്ടിക്കാട്ടി ആണ് ചോദ്യം.
“ആവോ… എനിക്ക് അറിയില്ല… ” ഞാൻ ആകെ വെപ്രാളത്തോടെ പറഞ്ഞു.
“ഡി… രണ്ടാളും ഇവിടെ നില്‍ക്കുവാണോ…. ജോ.. നിന്നോട് ഇവളെ വിളിച്ചു വരാൻ പറഞ്ഞിട്ടു ഇവിടെ കഥയും പറഞ്ഞു നില്‍ക്കുവാണോ?” സാമിച്ചന്‍ അതും പറഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വന്നു.
“അത് ഇച്ചായാ… ഞാൻ അവളെ വിളിക്കുവാരുന്നു..അപ്പോഴാണ്…. “
ജോ മുഖം വീര്‍പ്പിച്ച് കൊണ്ട് കുഞ്ഞ് കുട്ടികളെ പൊലെ പറയുന്നത് കേട്ടു സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു.
അപ്പോഴും എന്റെ കണ്ണുകൾ ആ നീലക്കണ്ണുകളിൽ തന്നെ ആയിരുന്നു. എവിടെയോ ഞാന്‍ അത് കണ്ടിട്ടുണ്ട്.. അങ്ങനെയാണ് എനിക്ക് തോന്നിയത്. പക്ഷെ എവിടെ എന്ന് അറിയില്ല..
“ഡാ… അഭി… നീ ഇവിടെ നില്‍ക്കുവാണോ…” അതും പറഞ്ഞ് സാമിച്ചന്‍ അയാളെ കെട്ടി പിടിച്ചു. അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
“ഇപ്പൊ വന്നതേ ഉള്ളു അച്ചായാ…”
അയാള് പറഞ്ഞു. ഉത്തരം സാമിച്ചനു ഉള്ളതു ആണേലും നോട്ടം എന്റെ നേരെ ആയിരുന്നു.
ഞാൻ അവരുടെ സ്നേഹ പ്രകടനങ്ങള്‍ നോക്കി അന്തം വിട്ടു നില്‍ക്കുവായിരുന്നു. അതാരാ നമ്മൾ അറിയാത്ത ഒരു അഭി.. സാമിച്ചന്റെ ഒരു വിധം എല്ലാ ഫ്രന്‍ഡ്സിനെയും എനിക്ക് അറിയാം. അതിൽ ഒന്നും അഭി എന്ന പേര് ഞാന്‍ കണ്ടിട്ടില്ല കേട്ടിട്ടില്ല. പിന്നെ ഇതാര്?
എന്റെ നോട്ടം കണ്ടിട്ട് ആവണം ഇച്ചന്‍ പറഞ്ഞു. “അപ്പൂ… ഡി മോളേ.. ഇതെന്റെ ഫ്രണ്ട് ആണ്. അഭി.. അഭയ് ചന്ദ്രശേഖരന്‍.”
“അത് ഏതാ ഞങ്ങൾ അറിയാത്ത ഒരു ഫ്രന്‍ഡ്…”
സംശയം എന്റേത് ആണേലും ചോദ്യം വന്നത് ജോയുടെ നാവില്‍ നിന്നും ആയിരുന്നു.
എനിക്ക് അവളെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി. ഞാൻ മനസ്സിൽ വിചാരിച്ച കാര്യം അല്ലെ അവള് ചോദിച്ചത്.
ഇച്ചന്‍ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി.
“ഡി.. ഇവൻ എന്റെ ജൂനിയര്‍ ആയിരുന്നു കോളേജിൽ. തിരുവനന്തപുരത്ത് തന്നെ ആയിരുന്നു ഇവന്റെ വീട്. സോ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്…”സാമിച്ചന്‍ ഞങ്ങളോട് ആയി പറഞ്ഞു നിർത്തി.
“ഡാ അഭി.. ഇതെന്റെ പെങ്ങള് തന്നെയാണ്.. അപ്പൂ…. അപൂര്‍വ.. ഇത് അവളുടെ ഫ്രണ്ട് ജോ…”
ഇച്ചന്‍ ഞങ്ങളെ പരിചയപ്പെടുത്തി.
” അല്ല നിന്റെ ചേട്ടൻ എവിടേ?… കല്യാണത്തിന് മൂന്ന് ദിവസം മുന്നേ ഇവിടെ ഹാജര്‍ വെക്കും എന്ന് പറഞ്ഞ ആള് അല്ലെ. ഡേവി അവിടെ കിടന്നു കയറ് പൊട്ടിക്കുന്നുണ്ടായിരുന്നു…”
ചുറ്റും നോക്കി കൊണ്ട് ഇച്ചന്‍ ചോദിച്ചു.
ഇനി അടുത്തത് ഏതാണ് ഒരു ചേട്ടൻ.. ഞാനും ചുറ്റും ഒന്ന് നോക്കി. ഇവനൊക്കെ ആരാ എന്ന മട്ടില്‍ ഞാന്‍ അങ്ങേരെ ഒന്നുടെ നോക്കി.
” സോറി ഇച്ചായാ… ചേട്ടൻ വരില്ല ഇന്ന്
. എന്തോ അത്യാവശ്യം ആണ്.. ആള് നാട്ടില് ഇല്ല..”
അങ്ങേരു പറഞ്ഞു നിർത്തി.
“ആഹ് ബെസ്റ്റ്.. പൊന്നു മോന്‍ ഇത് നേരെ കല്യാണ ചെക്കന്റെ അടുത്ത് പോയിട്ട് പറഞ്ഞോ… അവന്‍ വാളെടുത്ത് വരും…”
സാമിച്ചന്‍ ചിരിയോടെ പറഞ്ഞു.
“ഹ… ഹാ… നമുക്ക് നോക്കാം..”
അഭി ചിരിയോടെ പറഞ്ഞു.
” എന്റെ അപ്പൂ…ഇവന്റെ ചേട്ടനും ഡേവിച്ചനും ക്ലാസ്മേറ്റ്സ് ആണ്… ഇവനും ഞാനും ഫ്രന്‍ഡ്സും.”
എന്റെ നോട്ടം കണ്ടിട്ട് ആവണം ഇച്ചന്‍ അതും വിശദീകരിച്ചു തന്ന്.
അതും പറഞ്ഞു ഇച്ചന്‍ അങ്ങേരെയും കൂട്ടി നടന്നു.
“പെട്ടെന്ന് അങ്ങോട്ട് വന്നേക്കു.. അല്ലെങ്കിൽ അവള് ഇങ്ങോട്ട് വരും..”
നടക്കുന്നതിനിടയില്‍ ഇച്ചന്‍ വിളിച്ചു പറഞ്ഞു.
ഞാൻ തലയാട്ടി കൊടുത്തു.
അപ്പോഴാണ് എന്റെ തൊട്ടു അടുത്ത് ആരോ എന്തോ പിറുപിറുക്കുന്നത് ശ്രദ്ധിച്ചത്.
“നിന്റെ ഫ്രണ്ട് ആണ് പോലും.. ഫ്രണ്ട്.. അങ്ങേർക്ക് എന്താ……”
ആരാണെന്ന് മനസ്സിലായല്ലോ അല്ലെ.. നമ്മുടെ ജോ. ഇച്ചന്‍ അവളെ എന്റെ വെറുമൊരു ഫ്രണ്ട് ആക്കിയതിന്റെ അമര്‍ഷം തീർക്കുവാണ് കക്ഷി.
എനിക്ക് ആണേലു അത് കേട്ടിട്ട് ചിരി ആണ് വന്നത്. എങ്കിലും ഞാന്‍ അവളെ കലിപ്പിച്ചു ഒന്ന് നോക്കി. അപ്പോഴാണ് അവള്‍ക്കു ബോധം വന്നത്. എനിക്കു നല്ലൊരു ചിരിയും പാസാക്കി തന്ന് അവള് ഓടി.
ഞാനും വേഗം വെള്ളം കുടിച്ച് കല്യാണ പെണ്ണിന്റെ അടുത്ത് പോയി. അവിടെ ഡേവിച്ചനും അഭിയും പരിഭവം പറഞ്ഞ് തീര്‍ക്കല്‍ ആണ്.
ഡേവിച്ചായന്‍ ഏട്ടന്‍ വരാത്തതിന്റെ പരിഭവം ആണ്. ഡേവിച്ചായന്‍ ഇത്രയും പരിഭവം പറയുന്നുണ്ടെങ്കിലു അവര് തമ്മില്‍ അത്രയും നല്ല കൂട്ടുകാർ ആയിരിക്കും എന്ന് എനിക്ക് തോന്നി.
“എന്നാലും എന്റെ അഭി.. എന്റെ കെട്ടിയവനെ ഇങ്ങനെ കരയിക്കാന്‍ പാടില്ലായിരുന്നു…”
നമ്മുടെ മേരിക്കുട്ടിയുടെ വക ആയിരുന്നു ആ കമന്റ്.
“ഡി.. ഡി.. അവന്‍ നിന്നെക്കാളും മൂത്തത് ആണ് മര്യാദക്ക് അഭിയേട്ടാ എന്ന് വിളിച്ചോണം.. നിങ്ങളോടും കൂടിയാണ്.”
ഇച്ചന്‍ ഞങ്ങൾ മൂന്ന് പേരോടുമായി പറഞ്ഞു.
“ഓഹ് ഉത്തരവ്..” ഞങ്ങൾ ചിരിച്ചു. ചെക്കന്‍ കാണാന്‍ ഒക്കെ കൊള്ളാം.. പക്ഷേ.. ആ കണ്ണുകൾ.. അത് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.. അതെന്നെ വല്ലാതെ അലട്ടി.
വൈകിട്ട് ടൗണിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു റിസപ്ഷൻ പ്ലാൻ ചെയ്തത്. ഇച്ചായന്‍ അഭിയേട്ടനെ അത് ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
ഇതിനിടയിൽ കുറേ വല്യമ്മമാര്‍ കല്യാണ കാര്യവും പറഞ്ഞു എന്റെയും ജോയുടെയും അടുത്തേക്ക് വന്നു. ഞങ്ങൾ പതിയെ അവിടെ നിന്നും മുങ്ങി.
പിന്നെ കുറെ ഗ്രൂപ്പ് ഫോട്ടോസ് എടുത്തു. അച്ഛനും അമ്മയും ഞാനും ചേര്‍ന്നു ഒരു ഫോട്ടോയും എടുപ്പിച്ച്.
പിന്നെ ഏതോ സിനിമയില്‍ കണ്ടത് പോലെ ഭക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം ആയിരുന്നു. ഫോട്ടോഗ്രഫർ മത്സരിച്ച് രണ്ട് പേരെ കൊണ്ടും പോസ് ചെയ്യിക്കുന്നുണ്ട്. രണ്ടു പേരും പരസ്പരം ഊട്ടി കുറേ ഫോട്ടോസ് ഒക്കെ എടുത്തു.
ഞാനും ജോയും ഇതൊക്കെ കണ്ടു അവളെ മാക്സിമം കളിയാക്കി. പിന്നെ നേരെ ചെക്കന്റെ വീട്ടിലേക്ക്.
ആദ്യം നമ്മുടെ മേരിക്കുട്ടി ഒന്ന് മസില്‍ പിടിച്ചു നിന്നെങ്കിലും കാറിൽ കയറാൻ ആയപ്പോൾ കക്ഷി ഡാം അങ്ങ് തുറന്നു. കരച്ചില് തന്നെ കരച്ചില്‍.
ഞാൻ ആണേലു ഇവളെ എന്താ കൊല്ലാൻ കൊണ്ട് പോകുവാണോ എന്ന ഭാവത്തില്‍ അവളെ നോക്കി. സാമിച്ചനെ ആണേലു ആ പരിസരത്ത് കാണാനും ഇല്ല.
അവസാനം അവിടെയും ഇവിടെയും ആയി നിന്ന ഇച്ചനെ പിടിച്ചു കൊണ്ട് വന്നപ്പോ പെണ്ണിന്റെ കരച്ചില് പിന്നെയും കൂടി. എന്നെയെയും ജോയെയും കെട്ടി പിടിച്ചു പിന്നെയും കരഞ്ഞു.
അവസാനം ഒരു വിധം സമാധാനിപ്പിച്ച് കാറിൽ കയറ്റി വിട്ടു.. പാവം ഡേവിച്ചായന്‍ ഇതൊക്കെ കണ്ടു കിളി പോയ അവസ്ഥയില്‍ ആയിരുന്നു.
വൈകിട്ടു വേഗം വരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ച് അവരെ യാത്രയാക്കി. സാമിച്ചന്‍ നിറഞ്ഞ കണ്ണുകളോടെ എന്നെയും ചേര്‍ത്തു പിടിച്ചു നിന്നു. അച്ഛനും അമ്മയും അങ്കിളും ആന്റിയും ഒക്കെ അത് കണ്ടു ചിരിച്ചോണ്ട് ഇരുന്നു.
രണ്ട് കുടുംബക്കാരുടെയും അനുഗ്രഹത്തോടെ കെട്ട് നടന്നതിന്റെ സന്തോഷം അങ്കിളിന്റെയും ആന്റിയുടെയും മുഖത്ത് ഉണ്ടായിരുന്നു.
“ഇനി എന്റെ സാമിനും ഒരു നല്ല കൊച്ചിനെ കിട്ടിയാൽ മതിയാരുന്നു എന്റെ കര്‍ത്താവെ…”ആന്റിയുടെ പറച്ചില്‍ കേട്ടതും ഇച്ചന്‍ ആന്റിയെ കലിപ്പിച്ചു ഒന്ന് നോക്കി.
“ഇവര്‍ക്ക് ഒന്നും എന്നെ കണ്ണില്‍ പിടിക്കുന്നില്ലേ ന്റെ കര്‍ത്താവേ…” ജോ പിറുപിറുത്തു.. ഞാൻ അവളെ ഒന്ന് നുള്ളി.. പെണ്ണിന്റെ കവിളു ഒക്കെ തുടുത്തു വരുന്നുണ്ട്. ഞാൻ അവളെ നോക്കി കണ്ണ് അടച്ച് കാണിച്ചു.
അവര് പോയി കഴിഞ്ഞു ജോയും അവളുടെ പപ്പയും മമ്മിയും വന്നപ്പോ അവരുടെ കൂടെ പോയി. വൈകിട്ടു നേരെ ഹോട്ടലിലേക്ക് വന്നോളാം എന്ന് പറഞ്ഞു.
തിരിഞ്ഞു കാറിൽ കേറാന്‍ നിന്നപ്പോള്‍ ആണ് അഭിയേട്ടന്‍ എന്റെ അടുത്തോട്ട് വന്നത്. ആള് അപ്പോഴും എന്നെ അല്‍ഭുതത്തോടെ നോക്കി നില്‍ക്കുവാണ്.
ഇപ്പൊ എന്താ എല്ലാരും എന്നെ ഇങ്ങനെ വിചിത്ര ജീവിയെ മാതിരി നോക്കുന്നതു.. നിനക്ക് എന്തോ കുഴപ്പം ഉണ്ട് അപ്പൂ.. എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു.
അഭിയേട്ടനെ കണ്ടു ഞാന്‍ ഒന്ന് നന്നായി ചിരിച്ചു കാണിച്ചു.
“ഹായ്.. നമ്മൾ ശരിക്കും പരിചയപ്പെട്ടില്ലല്ലോ..”
അങ്ങേരു ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
ഞാന്‍ പെട്ടെന്ന് എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു പോയി.
“ആരാ മോളേ ഇത്…..”
അച്ഛൻ അടുത്ത് വന്നു ചോദിച്ചു.
“ഇച്ചന്റെ ഫ്രണ്ട് ആണ് അച്ഛാ.. കല്യാണത്തിന് വന്നത് ആണ്… “
ഞാൻ പറഞ്ഞു നിർത്തി.
” ഓഹ്.. അപ്പുവിന്റെ അച്ഛൻ ആണോ.. നൈസ് ടു മീറ്റ് യു അങ്കിള്‍… ഞാൻ സാമിച്ചായന്റെ ജൂനിയര്‍ ആയിരുന്നു. തിരുവനന്തപുരത്ത് തന്നെ ആണ്… “
അങ്ങേരു അടുത്ത ഗോൾ അടിച്ചു. അതിനിപ്പോ അതൊക്കെ ആരു ചോദിച്ചു എന്ന ഭാവത്തില്‍ ഞാന്‍ അങ്ങേരെ നോക്കി.
പതിയെ തല ചെരിച്ചു അച്ഛനെ നോക്കിയപ്പോൾ അച്ഛന്റെ മുഖത്ത് പതിവില്ലാത്ത ഒരു വെപ്രാളം. ഒരു തരം അസ്വസ്ഥത.
” എന്താ അച്ഛാ.. എന്തേലും വയ്യായ്ക തോന്നുന്നുണ്ടോ?… “
ഞാൻ വെപ്രാളത്തോടെ അച്ഛനെ നോക്കി.
എന്റെ പരിഭ്രമം കണ്ടിട്ട് ആവണം അഭിയേട്ടനും അത് തന്നെ അച്ഛനോട് ചോദിച്ചത്.
“ഏയ്.. ഒന്നുമില്ല മോനേ.. പെട്ടെന്ന് ഒരു തലകറക്കം പൊലെ. സാരല്യാ.. അത് അങ്ങ് പോയി.. ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ.. “
അതും പറഞ്ഞു അച്ഛൻ എന്നെയും ചേര്‍ത്തു പിടിച്ചു നടന്നു. തിരിച്ചു കാറിൽ കയറി.
കാറിൽ കയറുന്നതിനു മുന്നേ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അഭി ഏട്ടന്‍ അവിടെ തന്നെ നില്‍പ്പ് ഉണ്ട്. നീലക്കണ്ണുകള്‍ നിറഞ്ഞ പോലെ തോന്നി.
അതില്‍ എന്തോ നഷ്ട ബോധം തങ്ങി നില്‍ക്കുന്നത് പൊലെ തോന്നി എനിക്ക്.
ഡ്രൈവ് ചെയ്യുമ്പോള്‍ ഒക്കെ അച്ഛൻ പതിവില്ലാതെ നിശബ്ദന്‍ ആയിരുന്നു. വല്ലാത്ത അസ്വസ്ഥ തോന്നിയപ്പൊ ഞാന്‍ അമ്മയെ നോക്കി.
അമ്മയും എന്താ എന്ന ഭാവത്തില്‍ എന്നെ നോക്കി. ഞാൻ അറിയില്ല എന്ന ഭാവത്തില്‍ കൈ മലര്‍ത്തി.
വീട്ടില്‍ എത്തിയ പാടെ അച്ഛൻ ഞങ്ങളെ ഇറക്കി കാർ തിരിച്ച് ഗേറ്റ് കടന്ന് പോയി. ഞാനും അമ്മയും അന്തം വിട്ടു പരസ്പരം നോക്കി.
(തുടരും)
(എനിക്ക് പ്രണയം എഴുതാൻ വല്യ വശം ഇല്ല.. 😌😌 ചിലര് എന്നോട് പറഞ്ഞു ഇനി കുറച്ച് റൊമാൻസ് എഴുതാൻ.. സമയം ആകട്ടെ നമ്മുടെ നായകന്‍ ഒക്കെ ഒന്ന് ശരിയാവട്ടേ ആദ്യം..)