അതൊരു കുഞ്ഞുമോളെ കൊണ്ടുവന്നതാ..അവളുടെ ദേഹത്ത് അടുക്കളയിൽനിന്നും തിളച്ചവെള്ളം വീണ്……

അകലങ്ങളിൽ..

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

അമ്മേ എനിക്ക് അച്ഛൻ പുതിയ ഷൂ വാങ്ങിച്ചുതരുന്നില്ല.. എനിക്ക് റോസ് നിറത്തിലുള്ള എന്റെ ബാബിഗേളിന്റെ അതേപോലുള്ള ഷൂ വേണം..

നാലുവയസ്സുകാരി മാളു ചിണുങ്ങി. അബുദാബിയിൽനിന്നും വീഡിയോകാളിൽ മകളുടെ മുഖം കണ്ടിരിക്കുകയായിരുന്നു രാഖി. അച്ഛൻ അതിനിടയിൽ തലയിൽ കെട്ടിയ തോ൪ത്തഴിച്ച് തോളത്തിട്ടുകൊണ്ട് ഒരു പ്ലേറ്റിൽ ദോശയും ചമ്മന്തിയുമായി പ്രത്യക്ഷപ്പെട്ടു. അതെടുത്ത് മോളുടെ വായിൽവെച്ചുകൊണ്ട് രൂപേഷ് പറഞ്ഞു:

അമ്മ വരുമ്പോൾ നല്ല ഷൂ കൊണ്ടുത്തരും. അതുവരെ നീ ക്ഷമിക്ക്.. അമ്മയിങ്ങ് വരാനായില്ലേ..

അമ്മയെപ്പോഴാ വര്വാ?

അവളുടെ കൊഞ്ചൽ കേട്ടപ്പോൾ രാഖിയുടെ കണ്ണ് നിറഞ്ഞു.

അമ്മ പെട്ടെന്ന് വരാം മോളേ.. അമ്മക്ക് ജോലിക്ക്പോകാൻ സമയമായി. വൈകുന്നേരം വിളിക്കാം.

അമ്മയുടെ കാലെങ്ങനെയുണ്ട് രൂപ്? രാഖി ചോദിച്ചു.

ദാ, ഇവിടെ ഇരിക്കുന്നുണ്ട്,‌ അമ്മക്ക് തീരെ വയ്യെടീ..

രൂപേഷ് ലാപ്ടോപ്പ് തിരിച്ചപ്പോൾ ദൂരെ സോഫയിലിരിക്കുന്ന അമ്മ അവിടെനിന്നും കൈയുയ൪ത്തിക്കാണിച്ചു.

എന്ത് ചുറുചുറുക്കോടെ ഓടിനടന്ന അമ്മയാണ്. ക്ഷീണിച്ചുപോയിരിക്കുന്നു.

മാളൂ ഉമ്മ, റ്റാറ്റാ..

ജോലിസ്ഥലത്തേക്ക് പോകുമ്പോൾ രാഖി ഓ൪ക്കുകയായിരുന്നു. ബി എസ് സി നഴ്സിങ് കഴിഞ്ഞ ഉടനെ കല്യാണം കഴിഞ്ഞതാണ്. നാട്ടിൽ ഒരു ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന സമയത്താണ് മകൾ ഉണ്ടായത്. അവൾക്ക് ഒരു വയസ്സാകു മ്പോഴേക്കും രൂപേഷിന്റെ വീടെടുത്തതും രണ്ട് പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചതുമായ കടബാധ്യതകൾ പെരുകി. നാട്ടിൽ ജോലിചെയ്ത് കിട്ടുന്ന വരുമാനത്തിൽ മുന്നോട്ടു പോകുന്നകാര്യം സംശയമായി. പിന്നെ രണ്ടുപേരും വിദേശത്ത് ജോലിക്കായി ശ്രമിച്ചു.

ആദ്യം ശരിയായത് രാഖിയുടെ ജോലിയാണ്. രൂപേഷും വരുമായിരുന്നു. പക്ഷേ അതിനിടയിൽ അമ്മയൊന്ന് വീണു. അയാൾക്ക് വിദേശത്തെ ജോലി സ്വീകരിക്കാനോ, അമ്മയെ തനിച്ച് വീട്ടിൽ നി൪ത്താനോ തോന്നിയില്ല. അങ്ങനെയാണ് രണ്ടുപേരും രണ്ടിടത്ത് ആയിപ്പോയത്. രാഖിക്കാണെങ്കിൽ നല്ല ജോലി ലഭിച്ച് കടങ്ങളൊക്കെ വീടുന്നതിനിടയിൽ ജോലി ഉപേക്ഷിച്ച് പോകാനും പറ്റാതെയായി.

മകളെ കൈയിലെടുക്കാതെ രണ്ടുവ൪ഷമാവാറായി. ഓ൪ത്തപ്പോൾ രാഖിക്ക് നെഞ്ചിൽ വീണ്ടും നൊമ്പരം പൊടിഞ്ഞു. പക്ഷേ രൂപേഷ് മകളെ പൊന്നുപോലെ നോക്കും. അതാണൊരാശ്വാസം. അമ്മക്കും മകളെ ജീവനാണ്. അവളുടെ കാര്യമെല്ലാം ശ്രദ്ധിക്കും. എങ്കിലും ഒരമ്മമനസ്സ് അകത്തെവിടെയോ ശ്വാസംമുട്ടി പിടയുന്നത് രാഖി അറിയുന്നുണ്ടായിരുന്നു.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ എല്ലാവരും തിരക്കിലാണ്.

സോന, എന്തുപറ്റി ? എന്താ എല്ലാവരും വല്ലാതെ?

അതൊരു കുഞ്ഞുമോളെ കൊണ്ടുവന്നതാ..അവളുടെ ദേഹത്ത് അടുക്കളയിൽ നിന്നും തിളച്ചവെള്ളം വീണ് പൊള്ളി. ഐസിയുവിലാ.

രാഖിക്ക് പെട്ടെന്ന് മകളെ കാണണമെന്ന് തോന്നി. രൂപേഷ് അത്രക്കും ശ്രദ്ധിക്കാറുണ്ട്. എങ്കിലും…
പൊട്ടിവന്ന കരച്ചിൽ ഒളിപ്പിച്ച് അവൾ ഐസിയുവിൽ പോയിനോക്കി.
ഡോക്ടർ ഇ൪ഷാദ് അവളെ കണ്ടപ്പോൾ പറഞ്ഞു:

രാഖി ഈ കുഞ്ഞിന്റെ അടുത്തുതന്നെ കാണണം. അവൾക്ക് എന്ത് ആവശ്യം വന്നാലും എടുത്തുകൊടുക്കുക. അവളെ കരയാതെ നോക്കണം. വേദനയോ മറ്റോ വന്നാൽ എന്നെ വിളിക്കുക.

രാഖി തലയാട്ടി. ഡോക്ടർ പോയതിനുശേഷം രാഖി അവളുടെ അടുത്തുനിന്ന് മാറാതെ ശ്രദ്ധിച്ച് വേണ്ടതെല്ലാം ചെയ്തു. ഇടക്ക് തളർന്നുറങ്ങിയും ഇടക്ക് കരഞ്ഞും ഇടക്ക് കുറച്ചുനേരം കളിച്ചും അവൾ കുറച്ചു ദിവസത്തിനകം ഡിസ്ചാർജ് ആയി. തന്റെ മകളെ പരിപാലിക്കുന്നത് പോലെയായിരുന്നു രാഖിക്ക് അവൾ… ആ കുഞ്ഞിന്റെ അമ്മയും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുംകൂടി പോയതോടെ രാഖിക്ക് വീണ്ടും മകളെ കാണാൻ വല്ലാത്ത ഓർമ്മയായി.

അമ്മേ, അമ്മയുടെ ഹോസ്പിറ്റലിലെ വാവ പോയോ?

മാളു ദിവസവും ചോദിക്കും. രാഖി അവളോട് എല്ലാകാര്യങ്ങളും പങ്കുവെക്കും. രൂപേഷും അമ്മയും എല്ലാം കേട്ടിരിക്കും.

ഇങ്ങനെ ഒരു ചേച്ചിക്കുട്ടി നാട്ടിൽ എന്നെ കാത്തിരിക്കുന്ന കാര്യം ഞാനാ വാവയോടും അവളുടെ അമ്മയോടും പറഞ്ഞു.

അപ്പോ അവരെന്താ പറഞ്ഞേ അമ്മേ?

മാളു ചോദിച്ചു.

അവർ ഡിസ്ചാർജ് ആയി പോകുന്ന ദിവസം മാളുവിന് തരാൻ ഒരു ഗിഫ്റ്റ് ബോക്സ് ഏൽപ്പിച്ചിട്ടുണ്ട് എന്നെ…

എന്താത്?

ആകാംക്ഷയോടെ മകൾ ചോദിച്ചു. രാഖി ക്യാമറക്കു മുന്നിൽ ആ ഗിഫ്റ്റ് ബോക്സ് ഉയർത്തിക്കാണിച്ചു.

നാട്ടിൽ വന്നതിനുശേഷം തുറന്നാൽ പോരെ? ഞാൻ തുറക്കണോ?

രാഖി ചോദിച്ചു.

മാളുവിന് സന്തോഷം അടക്കാനായില്ല.

എനിക്കിപ്പോൾ അറിയണം അതിനകത്ത് എന്താണെന്ന്…

അവൾ ചിണുങ്ങി.

അത് ആരെങ്കിലും വരുന്നുണ്ടെങ്കിൽ നീയിങ്ങ് കൊടുത്തയച്ചേക്ക്, നീ വരാൻ ഇനിയും രണ്ടുമാസമെടുക്കില്ലേ?

രൂപേഷ് പറഞ്ഞു.

ശരി, മാളൂ, അമ്മ വേറൊന്നുമയക്കില്ല, കേട്ടോ, എല്ലാം അമ്മ വരുമ്പഴേ കൊണ്ടുവരൂ..
ശാഠ്യംപിടിച്ച് അച്ഛനെ വിഷമിപ്പിക്കരുത്..

മാളു സമ്മതത്തോടെ തലയാട്ടി.

അതിനകത്ത് എന്താണെന്നറിയാതെ തന്നെയാണ് രാഖി ലീവിന് നാട്ടിൽ പോകുന്ന മറ്റൊരു നഴ്സിന്റെ കയ്യിൽ ആ ഗിഫ്റ്റ് കൊടുത്തയച്ചത്.

വൈകിട്ട് വിളിച്ചപ്പോൾ വീട്ടിൽ ആകെ ബഹളം. ആദ്യം എന്താണെന്ന് രാഖിക്ക് മനസ്സിലായില്ല. പിന്നെയാണ് മനസ്സിലായത് അത് മാളു സന്തോഷം കൊണ്ട് തുള്ളിച്ചാടി നടക്കുകയാണ്.. എന്തൊക്കെയോ പറഞ്ഞുകൊണ്ട് അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നുണ്ട്. നടക്കുന്നതിനിടയിൽ ചില ശബ്ദങ്ങളും കീകീ എന്ന് കേൾക്കുന്നുണ്ട്.

താങ്ക്യൂ അമ്മാ, ഉമ്മ, ഉമ്മ എന്നും പറഞ്ഞ് അവൾ പിന്നെയും നടപ്പ് തുടർന്നു.

രൂപേഷാണ് പറഞ്ഞത്, താൻ കൊടുത്തയച്ച ഗിഫ്റ്റ് ബോക്സിൽ അവൾക്ക് പ്രിയപ്പെട്ട ഷൂസ് ആയിരുന്നു. അതും റോസ് നിറത്തിൽ…