എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ടാ…
എനിക്കൊരു ജോലി വേണം…”
“വൈകുന്നേരം അങ്ങാടിയിലെക്ക് ഇറങ്ങിയ സമയത്തായിരുന്നു ഞാൻ ഒരു വിളി കേട്ടു തിരിഞ്ഞ് നിന്നപ്പോൾ അയാളെ ഞാൻ കണ്ടത്…
ഇക്കാടെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ എന്ന് പറയാൻ പറ്റിയ ഹനീഫിക്കയെ…”
“എന്റെ മൂത്ത ഇക്കയുടെ കൂട്ടുകാരൻ ആണ്…
എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും എന്നെ വല്യ ഇഷ്ടമാണ് ഇക്കയുടെ എല്ലാ കൂട്ടുകാർക്കും…”
“മൂപ്പരുടെ ചോദ്യം എനിക്കൊരു അത്ഭുതം തന്നെ ആയിരുന്നു…
പുലർച്ചെ നാലു മണിക്ക് നാട്ടിലെ സകല പൂള [(കപ്പ… മരച്ചീനി) എനിക്ക് എഴുതാൻ സൗകര്യത്തിന് പൂള എന്ന് തന്നെ എഴുതട്ടെ ക്ഷമിക്കുക ] കണ്ടതിലും കയറി അതെല്ലാം എടുത്തു വിൽക്കുന്ന പണിയാണ് മൂപ്പർക്ക്…
ദിവസവും പത്തോ പതിനഞ്ചോ അഞ്ഞൂറിന്റെ നോട്ട് കാണാതെ ഉറങ്ങാത്തയാൾ..
അതും പോരാഞ്ഞിട്ട് പണിക്കാർക്ക് കൂട്ടാൻ ഉണ്ടാക്കാൻ എടുത്തു വെക്കുന്ന അഞ്ചോ ആറോ കിലോയും മൂപര് മറിച്ചു വിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്…, “
“അല്ല ഇക്ക ഇങ്ങക്ക് എന്തിനാ ഇപ്പൊ ഒരു ജോലി…
നല്ല പണി ഇപ്പോൾ തന്നെ ഉണ്ടല്ലോ…പോരാത്തതിന് സീസണും ആണ്… പൈസ കുറെ ഉണ്ടാകുന്നുണ്ടാവുമല്ലോ…
ഇനി അതും പോരെ…”
എന്റെ വർത്തമാനം കേട്ടതും ഇക്കയുടെ മുഖം പെട്ടന്ന് വാടി…
എന്നോട് പിന്നെ ഒന്നും പറയാതെ ഇക്ക തിരിഞ്ഞു നടന്നു…
പടച്ചോനെ മോളെ കെട്ടിക്കാൻ ആയതാണ്…ഇനി അത് കൊണ്ട് രാപകൽ ഇല്ലാതെ മൂപ്പര് അധ്വാനിക്കുകയായിരിക്കുമോ…
അറിയില്ല…
ഞാൻ പെട്ടന്ന് തന്നെ ഇക്കാക്ക് പുറകെ പോയി ഇക്കയെ പിടിച്ചു നിർത്തി..
“ഇക്കാ…എന്ത് ജോലിയാ എടുക്കാ…
എന്റെ കയ്യിൽ ആകെ ഉള്ളത് ഞാൻ പണിയെടുപ്പിക്കുന്ന സൈറ്റിൽ ഉള്ള ജോലിയാ… അവിടെ ആണേൽ മുഴുവൻ അതിഥികൾ ആണ്… “
“നീ തരുന്ന എന്ത് ജോലിയും ഞാൻ ചെയ്യാം…
പണി എടുക്കുന്ന പൈസ മുഴുവൻ എന്റെ ഓള് വാങ്ങിച്ചു വെക്കുകയാണ്…
ഓളെ കൂട്ടക്കാർ വരുമ്പോൾ കൊടുക്കാൻ..
എനിക്കൊരു ചായ പൈസ ക്ക് പോലും കൂട്ടുകാരുടെ മുന്നിൽ ഇരക്കേണ്ട ഗതിയാണ്…”
“ആര് റംല ത്തയോ…?”
ഇത്തയെ എനിക്ക് അറിയാമായിരുന്നത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു…
“ഹ്മ്മ്…അവള് തന്നെ…
വീട്ടിലേക് കയറുന്നതിനു മുമ്പ് തന്നെ കിട്ടിയ പൈസ മുഴുവൻ അവളെ ഏൽപ്പിക്കണം…
കൂടെ ഉള്ളവർ എല്ലാം അവളുടെ ഒറ്റു ക്കാരാണ്…
എവിടേലും പത്തോ നൂറോ ഒളിപ്പിച്ചു വെച്ച് പോയാൽ പോലും അവൾ അറിയും..
അന്നൊരു സമാധാനവും ഉണ്ടാവില്ല.. “
ഇക്ക അതും പറഞ്ഞു വിഷാദത്തോടെ എന്നെ നോക്കി..
“പിന്നെ കൂടെ ഉള്ളവരുടെ കൂട്ടാൻ പൂള പോലും എടുത്തു വിൽക്കുന്ന അവര്ക് നിങ്ങളോട് മുഹബതല്ലേ ഉണ്ടാവുക മനസ്സിൽ ആയിരുന്നു ഞാൻ പറഞ്ഞത്…
എന്നാലും ഒരു നൂറ് രൂപ പോലും കൊടുക്കാത്തത് മോശമാണ്..
എന്ത് പെണ്ണാണ് അത്…
പക്ഷെ റംല ഇത്തയെ കണ്ടാൽ അങ്ങനെ ഒന്നും തോന്നില്ല.. ഒരു പാവം പെണ്ണായിരുന്നു അവർ…”
“ഇക്കയെ എനിക്ക് പരിചയമുള്ള ഒരു തിയേറ്ററിൽ വൈകുന്നേരം ടിക്കറ്റ് കൊടുക്കുന്ന പണിക് ഞാൻ ആക്കി കൊടുത്തു..
വൈകുന്നേരതെ രണ്ടു ഷോക്ക് ടിക്കറ്റ് മുറിച്ചു കൊടുത്താൽ മതി…
കുറച്ചു പൈസ അവിടെ നിന്നും കിട്ടും…”
മാസങ്ങൾ പിന്നെയും പോയി…അതിനിടയിൽ ഇക്ക സിനിമ തിയേറ്ററിൽ ജോലി എടുക്കുന്നതും അവിടുന്ന് പൈസ കിട്ടുന്നതും വീട്ടിൽ അറിഞ്ഞു…
അവിടെ നിന്നു കിട്ടുന്നതും ഇക്കാക് ഒരു രൂപ പോലും എടുക്കാൻ കഴിയാതെ വീട്ടിൽ കൊടുക്കേണ്ടി വന്നു…
പാവം എന്ന് ആത്മഗതം പറയാനല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു..
പിന്നയും ഒരു മാസം കഴിഞ്ഞു വീട്ടിലേക് വരുമ്പോൾ ഗേറ്റിന് അരികിൽ ഇക്ക ബയ്ക്കിൽ ഇരിക്കുന്നത് ഞാൻ കണ്ടു..
പടച്ചോനെ ഇത് എന്ത് പണിയാണ് എന്നറിയാതെ ഞാൻ സലാം ചൊല്ലി ഇക്കാന്റെ അടുത്തേക് ചെന്നു..
സലീമേ…മോളെ വിവാഹമാണ് അടുത്ത പതിനാലാം തിയ്യതി ഞായറാഴ്ച…
നീയും കുടുംബവും വരണം…
മുന്നിൽ തന്നെ നിൽക്കണം..
അറിയാമല്ലേ നിന്റെ ഇക്ക ഇവിടെ ഇല്ലഞ്ഞിട്ടാണ്…അവൻ ഉണ്ടായിരുന്നേൽ എനിക്കിങ്ങനെ കല്യാണം വിളിക്കാൻ നടക്കേണ്ടി വരില്ലായിരുന്നു…
ഏതായാലും കല്യാണത്തിന് നാട്ടിൽ എത്താൻ ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്..
“അൽഹംദുലില്ലാഹ്..
ഇക്ക എവിടുന്നാ ചെക്കൻ എന്ത് ചെയ്യുന്നു…
ഇക്ക അതിനെല്ലാം മറുപടി നൽകി…”
“എന്നാലും എന്റെ ഉള്ളിൽ ഒരു സംശയം ഉണ്ടായിരുന്നു…അത് ചോദിക്കാതെ ഇരിക്കാൻ കഴിയാതെ ഞാൻ ഇക്കയോട് ചോദിച്ചു..
ഇക്കാ…പൈസക് എന്തേലും ബുദ്ധിമുട്ട് ഉണ്ടേൽ പറയണം…
ഞാൻ സഹായിക്കാം…”
“വേണ്ടെടാ… വേണ്ടാ…
ഇക്ക പൂർണ്ണ തൃപ്തി യോടെ വേണ്ടാ എന്ന പോലെ തലയാട്ടി…”
“എന്റെ മോളെ വിവാഹ കാര്യം ഈ കാലത്തിനിടക്ക് കുറച്ചു ദിവസങ്ങൾക് മുമ്പ് അല്ലാതെ ഞാൻ ആലോചിച്ചിട്ടില്ല..
അതും നല്ലരു ചെക്കന്റെ ആലോചന വന്നത് കൊണ്ട് മാത്രം…
അന്നേരമാണ്…
പടച്ചോനെ ഒരു രൂപ കയ്യിൽ ഇല്ലാതെ ഞാൻ എങ്ങനെയാ കല്യാണം നടത്തുക എന്നോർത്തു നോക്കിയത്..
ഞാൻ ആലോചിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ റംല എന്റെ അരികിലേക് വന്നു എന്റെ കയ്യിലെക് സഹകരണ ബാങ്കിന്റെ ഒരു പാസ്സ് ബുക്ക് തന്നു…
ഇതെന്തുവാ എന്നറിയാതെ ഞാൻ അതെടുത്തു നോക്കി…
അതിൽ ഒരേ ഡൈറ്റ് ഇട്ട് ഞാൻ പണിയെടുത്ത ഓരോ ദിവസത്തെയും പൈസ ഒരു രൂപ പോലും അനാവശ്യ ചിലവിനായി എടുക്കാതെ അവൾ ബാങ്കിൽ അടിച്ചിരുന്നു…
ഒരു പക്ഷെ ഞാൻ പണ്ട് ലോട്ടറിയും ചൂതാട്ടവും കളിച്ചു കളഞ്ഞ പൈസക് തുല്യമായി പണം…
അവൾ അതെന്റെ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു…
“ഇതെടുത്ത ഇക്കാ…നമ്മുടെ മോളെ വിവാഹത്തിന് ഇക്ക ആരുടേയും മുന്നിൽ കൈ നീട്ടരുത്… ഇക്ക ഇനിയും ലോട്ടറിയും മറ്റും എടുത്തു അന്നന്നു ജോലി ചെയ്തു ഉണ്ടാകുന്ന പൈസ മുഴുവൻ കളയു മെന്ന് കരുതി മാത്രമാണ് ഞാൻ അറ്റകൈ പ്രയോഗിച്ചത്…
ഇക്കാക് അതിൽ എന്നോട് വിഷമം ഉണ്ടെന്ന് അറിയാം…
എന്നാലും സാരമില്ല എന്റെ ഇക്ക ഒരാവശ്യം വരുമ്പോൾ ആരുടേയും മുന്നിൽ കൈ നീട്ടില്ലല്ലോ…”
“അവളുടെ കണ്ണിൽ ആ സമയം ഒരു കുഞ്ഞു തിരയിളക്കം ഞാൻ കണ്ടു…
അതെന്നിലേക് പടർന്നു പേമാരി പോലെ എന്റെ കണ്ണിൽ നിന്നും ഊർന്നിറങ്ങാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല..
എന്നെ മനസിലാക്കിയവൾ…
ഞാൻ എങ്ങനെ യാണെന്ന് അവൾക്കല്ലേ അറിയൂ..
ഇക്ക കണ്ണുകൾ നിറച് പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു..”