അതിന്റെ കണ്ണ് തുറന്നിട്ടേ ഉള്ളൂ, അമ്മിഞ്ഞ കുടിച്ചു വളരേണ്ട സമയമാണ്..അതിന്റെ അമ്മ, കുഞ്ഞിനെ കാണാതേ വിഷമിക്കില്ലേ…….

ഒറ്റ നക്ഷത്രം……

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

“എന്തിനാ കുട്ടാ, ഈ പട്ടിക്കുഞ്ഞിനെ പെരുവഴീന്ന് ഇങ്ങോട്ട് കൊണ്ടുവന്നത്….?

അതിന്റെ കണ്ണ് തുറന്നിട്ടേ ഉള്ളൂ, അ മ്മിഞ്ഞ കുടിച്ചു വളരേണ്ട സമയമാണ്..അതിന്റെ അമ്മ, കുഞ്ഞിനെ കാണാതേ വിഷമിക്കില്ലേ….?”

സ്കൂൾ വിട്ടു, കയ്യിലൊരു പട്ടിക്കുഞ്ഞുമായി വന്ന ആറാംക്ലാസുകാരൻ മകനോട് ശ്രീകല ചോദിച്ചു..അവനതിന്, പുഞ്ചിരി സമന്വയിച്ച മറുപടി നൽകി

“അമ്മേ, ഇതിന്റെ അമ്മ ച ത്തുപോയിയെന്നു തോന്നുന്നു..ഞാൻ, ഇതിനെ എടുത്തുകൊണ്ടുപോന്നു. നമുക്കിതിനെ വളർത്താം..നമ്മുടെ കുറിഞ്ഞിപ്പൂച്ചയുടെ കൂടെ. അതിനെയും നമുക്ക് വഴീന്നു തന്നെയല്ലേ കിട്ടിയത്….”

കൊച്ചുവീടിൻറെ ഉമ്മറത്തുനിന്ന കാശിത്തുമ്പച്ചെടികളും, ഏതു ഋതുവിലും പൂത്തുലയുന്ന മഞ്ഞക്കോളാമ്പിപ്പൂക്കളും,.അവൻ്റെ നിഷ്കളങ്കമായ ഭാഷ്യത്തിനു തലയാട്ടി പിന്തുണ പ്രഖ്യാപിച്ചു.

ശ്രീകല മറുത്തൊന്നും പറഞ്ഞില്ല..അവന്റെ അച്ഛനും അങ്ങനെ യായിരുന്നു..എല്ലാ ജീവികളോടും എന്തെന്നില്ലാത്ത ദയവായിരുന്നു.
തെല്ലു കാലം മുൻപ്,.ഒരു കർക്കിടകസന്ധ്യയിൽ നിരത്തിൽ പൊലിഞ്ഞ അവൻ്റെ അച്ഛന്റെ ഓർമ്മകൾ അവളിലേക്ക് തികട്ടി വന്നു.

പിന്നീടുള്ള ദിവസങ്ങൾ നായ്ക്കുട്ടിയെ പരിചരിക്കുന്നതിന്റേതായി.
അതിനു പാലും ബിസ്കറ്റും എല്ലാം ധാരാളം നൽകി.

“കുഞ്ഞുപട്ടിയുടെ അടുത്ത് വല്ലാണ്ട് കളി വേണ്ടാട്ടോ”

ചില നേരങ്ങളിൽ അവളവനെ ശാസിച്ചു..സ്കൂളിൽ പോകുന്ന നേരത്തും, സായന്തനങ്ങളിൽ അവൻ വീട്ടിലുള്ളപ്പോളും ആ ചെറുജീവിയുമൊത്ത് അവനാർത്തുല്ലസിച്ചു..അതിന്റെ കുഞ്ഞരിപ്പല്ലു കൊണ്ട് കൈവിരലിൽ നേരിയൊരു മുറിവുണ്ടായത് അവൻ അമ്മയോട് മറച്ചുവെച്ചു..ഒരുപക്ഷേ പട്ടിക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന ഭയമായിരുന്നിരിക്കാം അതിനു ഹേതുവായത്.

ഇത്രമേൽ പരിപാലിച്ചിട്ടും, എങ്ങനെയാണ് നായ്ക്കുട്ടി ച ത്തുപോയത് ?

പുലർവേളയിൽ അതിന്റെ ഉയിരറ്റ ദേഹം നോക്കി, അവനെത്ര കരഞ്ഞു.

ദിവസങ്ങൾ പിന്നേയും കടന്നുപോയി..ഒരു തുലാവർഷ രാത്രിയുടെ ഇരുൾനേരത്താണ് അവനു പനിയ്ക്കാൻ തുടങ്ങിയത്..തീ പോലെ ചൂടുള്ള പനി.

ആശുപത്രിക്കിടക്കയിൽ അവനോടു ചേർന്നിരിക്കാൻ ഡോക്ടർമാർ അവളെ അനുവദിച്ചില്ല..അവനിലേക്ക് ഓർമ്മകൾ വന്നും പോയുമിരുന്നു.

ഇടയ്ക്കിടക്ക്, അവൻ “അമ്മേ” യെന്നു പുലമ്പിക്കൊണ്ടിരുന്നു.
അവന്റെ രക്തത്തിലും, മസ്തിഷക്കത്തിലും ആ കുഞ്ഞുനായയിൽ നിന്നും പകർന്നു കിട്ടിയ അണുക്കളുണ്ടായിരുന്നു.

ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരാതെ അവയവനേ കീഴടക്കി.

വീട്ടിൽ അവൾ മാത്രം ശേഷിച്ചു..എന്തോ ഓർമ്മത്തെറ്റു പോലെ കുറിഞ്ഞിപ്പൂച്ച, ഉമ്മറക്കോലായിലിരുന്നു പടിയ്ക്കലേക്കു നോക്കി ക്കൊണ്ടിരുന്നു..പെരുമഴയത്ത് പൊഴിഞ്ഞടർന്ന കോളാമ്പിപ്പൂക്കൾ മുറ്റം നിറഞ്ഞു പടർന്നു..നടുവളഞ്ഞ കാശിത്തുമ്പകൾ, ഒരു താങ്ങിനായി ആരേയോ കാത്തു..ആരുമെത്തിയില്ല.

മഴ പെയ്തൊഴിഞ്ഞു.ഇരുട്ടു തളം കെട്ടിയ വീട്ടിൽ, അമ്മത്തേങ്ങലുകൾ മാത്രം ശേഷിച്ചു..ഒരിയ്ക്കലും തോരാതെ….