എഴുത്ത് :- മഹാ ദേവൻ
” കൂടപ്പിറപ്പല്ലേ എന്ന് കരുതി ഓരോന്ന് ചെയ്യുമ്പോൾ നീ പിന്നേം പിന്നേം അവനെ ഊറ്റാൻ നിൽക്കുവാണോടി. ഒന്നുല്ലെങ്കിൽ അവന്റ കഷ്ടപ്പാടിൻറെ പകുതിയും നീയല്ലെടി തിന്നുന്നത്. എന്നിട്ടിപ്പോ ഇനീം പോരെന്നും പറഞ്ഞു വന്നിരിക്കുന്നു. നാണമില്ലേ സുജേ നിനക്ക്?”
” അതിനിപ്പോ അമയ്ക്ക് ന്താ ന്റെ ഏട്ടന്റ് കയ്യിൽ നിന്നല്ലേ ഞാൻ വാങ്ങുന്നത് . തരുന്നതിൽ ഏട്ടനും വിഷമം ഇല്ല. ഓഹ് അല്ലേലും പണ്ട് മുതലേ അങ്ങനെ ആണല്ലോ.. “
അവളുടെ വെറുപ്പും വിദ്വേഷവും നിറഞ്ഞ സംസാരം കേട്ടപ്പോൾ സരോജിനിക്ക് സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു.
” എനിക്ക് ദണ്ണം ണ്ടടി . അവനൊരു കുടുംബം വേണമെന്ന് നീ എന്നേലും ചിന്തിച്ചിട്ടുണ്ടോ. അതെങ്ങനാ.. അങ്ങനെ ഒരു പെണ്ണ് കേറി വന്നാൽ ങ്ങനെ ഊ റ്റാൻ പറ്റില്ലല്ലോ. മുടിപ്പിക്കാൻ ണ്ടായവൾ “
അതവളെ തേല്ലോന്ന് നിരാശ പ്പെടുത്തി.
എന്നും ഏട്ടനൊരു കുടുംബമുണ്ടാകാൻ വേണ്ടി മാത്രേ പ്രാർത്ഥിച്ചിട്ടുള്ളൂ. പക്ഷെ അത് പറഞ്ഞാൽ അമ്മയുടെ മുഖത്തു പിന്നേം പു ച്ഛം അല്ലാതെ വേറൊന്നും കാണാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ അതിനെ കുറിച്ച് കൂടുതലൊന്നും പറയാൻ നിന്നില്ല.
” അമ്മയ്ക്ക് ഇപ്പോൾ ന്താ വേണ്ടത്? ഞാൻ മാത്രം ആണോ ഏട്ടനോട് കാശ് വാങ്ങുന്നത്. അമ്മേടെ ആങ്ങള, ന്റെ അമ്മാവന് ലക്ഷങ്ങൾ ചോദിച്ചപ്പോഴേക്കും എടുത്ത് കൊടുത്തല്ലോ. അത് കൊടുക്കാൻ അമ്മയ്ക്ക് ആയിരുന്നല്ലോ ഉത്സാഹം. അതുപോലെ ഓരോ കൂട്ടുകാരും മറ്റുള്ള ആര് ചോദിച്ചാലും ഏട്ടൻ ഇല്ലെന്നു പറയാതെ എടുത്തു കൊടുക്കുമല്ലോ. അതിനൊന്നും അമ്മയ്ക്ക് ദണ്ണക്കേട് ഇല്ലേ. ഞാൻ ചോദിച്ചാൽ മാത്രം ആണോ ഈ ദേഷ്യവും കരുതലും മകന്റെ ഭാവിയെ കുറിച്ചുള്ള വേവലാതിയും ? “
മകളുടെ ചോദ്യം കേട്ടപ്പോൾ അമ്മയുടെ മുഖത്തു പുച്ഛം ആയിരുന്നു.
” അതേടി… നീയിങ്ങനെ പറ്റുന്ന പോലെ വലിച്ചെടുക്കാൻ നോക്കുമ്പോൾ തന്നെ ആണ് എനിക്ക് വേവലാതി. മറ്റുള്ളവർക്ക് അവൻ കൊടുതിട്ടുണ്ടെങ്കിൽ, ന്റെ ആങ്ങളയ്ക്ക് സഹായം ചെയാൻ ഞാൻ ഉത്സാഹം കാണിച്ചിട്ടുണ്ടെങ്കിൽ ആ കൊടുത്തതൊക്കെ ആവശ്യം വരുമ്പോൾ തിരിച്ചു കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ആണ്. അല്ലാതെ നിന്നെ പോലെ.. അല്ലേലും ഒറ്റ പെങ്ങളുള്ള ആങ്ങളമാരുടെ യൊക്കെ ഗതി ഇങ്ങനെ ഒക്കെ തന്നെ ആണ്. ഒറ്റ പെങ്ങളെന്ന സിമ്പത്തി എങ്ങനെയൊക്കെ മുതലെടുക്കാം എന്ന് നോക്കി നടക്കും…..”
പാതിക്ക് വെച്ചു അമ്മ സംസാരം നിർത്തിയപ്പോൾ അമ്മയുടെ ഓരോ വാക്കും സുജയെ നോമ്പരപ്പെടുത്തി.
അമ്മയുടെ സംസാരം പതിവിൽ കൂടുതൽ കാട് കയറി പോകുകയാണെന്ന് മബസ്സിലായപ്പോൾ അവൾ ഉളിലെ ദേഷ്യവും വിഷമവുമെല്ലാം അമ്മയോട് തീർത്തു.
“അതെ, സമ്മതിച്ചു. ഞാൻ ഒറ്റ പെങ്ങൾ ആയത് കൊണ്ട് ആ സിംപതിയിൽ തന്നെയാ ഇങ്ങനെ വാങ്ങുന്നത്. തരാൻ ഏട്ടന് മടിയും ഇല്ല. അതുകൊണ്ട് ഞാൻ ഇനിയും വാങ്ങും. അല്ലേലും ഏട്ടന്റെ അദ്ധ്വാനം നാട്ടുകാർ തിന്നുന്നതിനേക്കാൾ നല്ലത് കൂടപ്പിറന്ന ഞാൻ തിന്നുന്നത് തന്നെയാ… “
അമ്മയെ നോക്കികൊണ്ട് സുജ ചാടിത്തുള്ളി പുറത്തേക്ക് നടക്കുമ്പോൾ ” മറ്റുള്ളവനെ പറ്റിച്ചിങ്ങനെ തിന്നാൽ ഗു ണം പിടിക്കില്ലെടി ” എന്ന് അമ്മ പിറകിൽ നിന്ന് പ്രാ കിപ്പറയുന്നുണ്ടായിരുന്നു.
കുറച്ചു മാസങ്ങൾക്കു ശേഷം സുജിത് നാട്ടിലേക്ക് വരുമ്പോൾ അവന്റ മനസ്സിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു.
ഒരു കുഞ്ഞു വീട് വെക്കണം. ഇനിയുള്ള ജീവിതത്തിലേക്ക് ഒരാളെ കണ്ടെത്തണം. മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ചാൽ പോരല്ലോ.
ഏട്ടൻ നാട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ അമ്മയേക്കാൾ കൂടുതൽ സന്തോഷം സുജയ്ക്ക് ആയിരുന്നു.
വീടെന്ന സ്വപ്നത്തെ കുറിച്ച് അമ്മയോട് പറയുമ്പോൾ പണം തന്നെ ആയിരുന്നു മുന്നിൽ പ്രശ്നക്കാരൻ.
” മോൻ എന്തിനാ പേടിക്കുന്നെ. അന്ന് അമ്മാവന് കൊടുത്ത കാശ് ഒന്ന് സൂചിപ്പിച്ചു വെച്ചേക്ക്. വീട് പണിക്ക് ആകുമ്പോൾ ഏട്ടൻ വേഗം തരും. പിന്നെ നീ സഹായിച്ചവരൊക്കെ ഇല്ലെടാ. “
അത് തന്നെ ആയിരുന്നു അവന്റ സമാധാനവും. ആ പ്രതീക്ഷയോടെ അമ്മാവന്റെ വീട്ടിലേക്ക് കയറുമ്പോൾ ഫലം നിരാശയായിരുന്നു.
” നീയിങ്ങനെ എടിപടിന്ന് ചോദിച്ചാ ഞാൻ എവിടെ നിന്ന് എടുത്തു തരാനാ സുജിത്തേ. അല്ലേലും ഉള്ളപ്പോൾ തന്ന മതി എന്നും പറഞ്ഞല്ലേ നീ ആ കാശ് എനിക്ക് തന്നത്. എന്നിട്ടിപ്പോ…. ഇതിപ്പോ നീയിങ്ങനെ തന്ന കാശിന്റെ കണക്കും മനസ്സിൽ വെച്ചാണ് കേറി വരുന്നതെന്ന് അറിഞ്ഞില്ല. അല്ലേലും ബന്ധങ്ങൾക്ക് ഒക്കെ ഇത്രേം ഉള്ളൂ വില. ഇച്ചിരി പൈസ വാങ്ങിയാൽ തീർന്നു അത്. ന്തായാലും ഇപ്പോൾ എന്റെ കയ്യിൽ കാശില്ല എടുത്ത് തരാൻ. പിന്നെ ഇടയ്ക്ക് ചോദിക്കാനായി നീ ഇങ്ങോട്ട് വരണംന്ന് ഇല്ല. നിന്റ കാശ് തന്നിട്ടേ ഞാൻ ചാവൂ.. പേടിക്കണ്ട “
കൊടുത്ത കാശ് നിവർതികേട് കൊണ്ട് ചോദിക്കാൻ വന്നപ്പോൾ അമ്മാവൻ പറഞ്ഞ വാക്കുകൾ കേട്ട് അവൻ അന്തംവിട്ടു. മനസ്സിൽ പോലും ചിന്തിക്കാതെ കാര്യങ്ങൾ പടച്ചുവിടുന്ന അമ്മാവനെ സഹതാപത്തോടെ നോക്കികൊണ്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷയുടെ ആദ്യചുവട് അടഞ്ഞെന്ന് അവന് ഉറപ്പായി.
പിന്നെയുള്ള പ്രതീക്ഷ കൂട്ടുകാർ ആയിരുന്നു. പക്ഷെ അവരും അവന്റ മനസ്സിന്റെ വലുപ്പത്തെ ചൂഷണം ചെയ്തു ഒഴിഞ്ഞുമാറിയപ്പോൾ നിരാശയോടെ ആണ് അവൻ വീട്ടിൽ എത്തിയത്.
രാത്രി ചോറിനു മുന്നിൽ ഇരിക്കുമ്പോൾ വിശപ്പിനെക്കാൾ കൂടുതൽ വേദന ആയിരുന്നു അവന്റ ഉള്ളിൽ.
” മോനെ ഇനി എന്ത് ചെയ്യും ” എന്ന് വിഷമത്തോടെ ചോദിച്ച അമ്മയെ നോക്കി പുഞ്ചിരിച്ചു അവൻ.
” ചില ആഗ്രഹങ്ങൾ അങ്ങനെ ആണ് അമ്മേ. വിചാരിക്കുമ്പോൾ ഒന്നും നടക്കണമെന്നില്ല. ചിലപ്പോൾ നടന്നെന്നും വരില്ല. വേണേൽ ഒരു ലോൺ എടുത്ത് വീട് വെക്കാം. പക്ഷെ, സമാധാനം എന്നത് അടുത്ത് പോലും വരില്ല. അതിലും നല്ലത് ആവുമ്പോൾ ആഗ്രഹം നടത്തുന്നതല്ലേ. തത്കാലം ഇപ്പോൾ ഈ വീട് ണ്ടല്ലോ. ഇനി പോയിട്ട് കാശ് ആകുമ്പോൾ നോക്കാം പുതിയ വീടും കൂടും കെട്ടും കൊട്ടും കുരവയും എല്ലാം “
അവൻ അമ്മയുടെ നോക്കി ചിരിച്ചുകൊണ്ട് ചോറിൽ കൈ കുടഞ്ഞു എഴുനേറ്റ് പോകുമ്പോൾ അമ്മ നിറഞ്ഞ കണ്ണുകൾ സാരിതലപ്പിൽ തുടച്ചു.
ആ രാത്രി സ്വപ്നങ്ങൾ പാതിവഴിയിൽ കരിഞ്ഞുവീണ ഒരുവന്റെ ഉറക്കമില്ലാത്ത നിമിഷങ്ങൾ ആയിരുന്നു.
രാവിലെ എഴുനേൽക്കുമ്പോൾ പ്രതീക്ഷകളെല്ലാം നഷ്ട്ടപ്പെട്ട ഒരുവന്റെ മുഖം അവനിൽ കാണാമായിരുന്നു.
കുളി കഴിഞ്ഞു ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ അമ്മ വിളിക്കുമ്പോൾ ആയിരുന്നു പുറത്ത് ഒരു ഓട്ടോ വന്നു നിന്നതും അതിൽ നിന്ന് പെങ്ങളും അളിയനും കൂടെ ഇറങ്ങുന്നതും അവൻ കണ്ടത്.
അത് വരെ മുഖത്തുണ്ടായിരുന്ന വിഷമങ്ങൾ എല്ലാം മറച്ചുവെച്ചു ചിരിയോടെ ‘ ” അളിയാ കേറിവാ…. കേറിവാടി ” എന്ന് സ്നേഹത്തോടെ രണ്ട് പേരെയും അകത്തേക്ക് ക്ഷണിക്കുമ്പോൾ വാതിൽക്കൽ നിന്നിരുന്ന അമ്മയുടെ മുഖം മാത്രം കറുത്തിരുണ്ടു.
” ഓഹ് വന്നു രണ്ടുംകൂടെ. അവന്റ വിഷമം പോലും കാണാതെ ഇപ്പോൾ തുടങ്ങും ഇല്ലായ്മയും സങ്കടം പറച്ചിലും. “
അമ്മയുടെ മുഖം മാറിയത് സുജ ശ്രദ്ധച്ചെങ്കിലും അവളത് കാര്യം ആക്കിയില്ല.
” എന്തായി അളിയാ വീട് പണിയും മറ്റും. ഉടനെ ണ്ടാവോ “
അളിയന്റെ പെട്ടന്നുള്ള ചോദ്യം കേട്ടപ്പോ അവൻ തെല്ലോന്ന് അമ്പരന്നു. എന്ത് പറയണം എന്നറിയാതെ അല്പനേരം മൗനം പാലിച്ചു സുജിത്ത്. പിന്നെ ആലോചിച്ചപ്പോൾ എന്നായാലും അവർ അറിയുമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ആണ് അവൻ പറഞ്ഞത്.
” അതിപ്പോ അളിയാ…… ഉടനെ ഒന്നും ഉണ്ടാകില്ല. അറിയാലോ ഇന്നത്തെ അവസ്ഥയ്ക്ക് ചില്ലറ കൊണ്ടൊന്നും ഒരു ചെറിയ വീട് വെക്കാൻ കഴിയില്ല. പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ ശരിയായതും ഇല്ല. അതുകൊണ്ട് വീട് ഇനി അടുത്ത വരവിന് ആകാം എന്ന് വെച്ച്. തത്കാലം ഈ വീട് ഉണ്ടല്ലോ. “
അവന്റ മുഖത്തെ ചിരി കണ്ടപ്പോൾ അളിയൻ താടി തടവികൊണ്ട് അവനെ നോക്കി.
” അങ്ങനെ പറഞ്ഞാൽ എങ്ങനാ അളിയാ… വീട് വെച്ചിട്ട് പെണ്ണും കെട്ടിയെ പോകുന്നുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് അളിയന് വേണ്ടി ഒരു പെണ്ണിനെ കണ്ടു വെച്ചിട്ടാണ് ഞങ്ങൾ വന്നത് തന്നെ . ഇവിടുത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്. അവർക്ക് സമ്മതക്കുറവും ഇല്ല. “
സുജിത്തിന്റെ മുഖം മ്ലാനമാകുന്നത് സുജ ശ്രദ്ധിച്ചിരുന്നു. അവൾ പതിയെ അവന്റ അരികിലേക്ക് ചേർന്നിരുന്ന് കയ്യിൽ കരുതിയ ഒരു പൊതി അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു. സംഭവം എന്താണെന്ന് അറിയാതെ അവളെ നോക്കിയ ഏട്ടനെ ന്നോക്കി അവൾ കണ്ണിറുക്കുമ്പോൾ ” അളിയൻ അത് തുറന്ന് നോക്ക് ” എന്നും പറഞ്ഞു അളിയൻ പുഞ്ചിരിച്ചു.
കാര്യം എന്തെന്ന് അറിയാത്തത് കൊണ്ട് തന്നെ രണ്ട് പേരെയും പരസ്പരം നോക്കിക്കൊണ്ട് ആ കവർ പതിയെ തുറന്ന സുജിത് അമ്പറപ്പോടെ ആണ് മുഖം ഉയർത്തിയത്. അപ്പോൾ അളിയന്റെയും പെങ്ങളുടെയും മുഖത്തു നിറഞ്ഞ പുഞ്ചിരി അവന്റ കണ്ണുകളെ ഈറനണിയിച്ചു.
“എടി. ഇത്…. ഇത്രേം പണം…. ഇത്…..”
അവന്റ അമ്പരപ്പും വാക്കുകളിൽ മുട്ടി നിൽക്കുന്ന ഗദ്ഗദവും കണ്ട് അവൾ ഏട്ടന്റ് കയ്യിൽ പതിയെ പിടിച്ചു..
” ഇത് ഏട്ടന്റ് പണം തന്നെയാ..ഏട്ടന്റെ കയ്യിൽ നിന്ന് പലപ്പോഴായി ഓരോ കാര്യങ്ങൾ പറഞ്ഞു ഞാൻ വാങ്ങിയ ലക്ഷങ്ങൾ. “
” എടി, അതൊക്കെ ഞാൻ നിനക്ക് സന്തോഷത്തോടെ തന്നതല്ലേ..അതിപ്പോ തിരികെ ഞാൻ…… “
അവനു വാക്കുകൾ മുഴുവനാക്കാൻ ക്കഴിയും മുന്നേ അവൾ അവനെ തടഞ്ഞു.
” ഏട്ടൻ സന്തോഷത്തോടെ തരുമ്പോൾ ഞാൻ വാങ്ങിയതും സന്തോഷത്തോടെ തന്നെ ആണ്. പക്ഷെ, അതൊരിക്കലും ഞങ്ങൾക്ക് വേണ്ടി ആയിരുന്നില്ല എന്ന് മാത്രം. ഏട്ടന്റ് അമിതമായുള്ള സഹായ്ക്കൽ കണ്ടപ്പോൾ ഇതിയാൻ ആണ് പറഞ്ഞത് ഇങ്ങനെ പോയാൽ നിന്റ ഏട്ടൻ അദ്ധ്വാനിച്ചത് കണ്ടവൻ കൊത്തിതിന്നും എന്ന്. ഏട്ടൻ ഒന്നും സേവ് ചെയ്യില്ല എന്ന് അറിയാവുന്നത് കൊണ്ട് അങ്ങനെ ഏട്ടന്നെ പ്രീതിപ്പെടുത്തി മറ്റുള്ളവർ പിഴിയണ്ട എന്ന് കരുതിയാണ് ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു കാശ് വാങ്ങിയതും ഇതൊക്കെ ഇതുപോലെ ഒരു ആവശ്യം വരുമെന്ന് കരുതി സേവ് ചെയ്തതും. “
അവളുടെ വാക്കുകൾ കേട്ട് സന്തോഷം ക്കൊണ്ട് അവന്റ കണ്ണുകൾ നിറയുമ്പോൾ അപ്പുറത്ത് നിന്ന് എല്ലാം കേട്ട് നിൽക്കുന്ന അമ്മയുടെ മുഖവും വിഷമം കൊണ്ട് തിണർത്തിരുന്നു.
ആ മുഖം കണ്ട് സുജ പതിയെ അമ്മയുടെ അടുത്തേക്ക് നടക്കുമ്പോൾ അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു.
” മോളെ… ഞാൻ.. അമ്മ ങ്ങനെ ഒന്നും…. “
വാക്കുകൾ കിട്ടാതെ നിൽക്കുന്ന അമ്മയുടെ കയ്യിൽ അവൾ പതിയെ പിടിച്ചു.
” സാരമില്ല അമ്മേ… അന്ന് ഞാൻ ഇതൊക്കെ പറഞ്ഞാലും അമ്മ വിശ്വസിക്കില്ല എന്നറിയാം.. അതുകൊണ്ട് ആണ് ഒന്നും പറയാതിരുന്നത്. പിന്നെ എല്ലാ പെണ്മക്കളും ഒരുപോലെ ആണെന്ന് കരുതരുത്. ആങ്ങളയെ ഊറ്റി ജീവിക്കുന്ന പെങ്ങന്മാർ ഉണ്ടാവാം. എന്ന് കരുതി പെങ്ങന്മാർ ഒക്കെ അങ്ങനെ അല്ല. ഞാൻ കേറിചെന്നിടത്തു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ല. ഏട്ടന്റ് സ്വഭാവം അറിയാവുന്നത് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നി. എന്റെ ഏട്ടനും വേണ്ടേ അമ്മേ ഒരു ജീവിതം “
അവന്റെ നിറഞ്ഞ കണ്ണുകൾക്കും ചോദിച്ച ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയാതെ അമ്മ വിഷമത്തോടെ നിൽക്കിമ്പോൾ രംഗം സ്വന്തമാക്കാൻ എന്നോണം സുജയുടെ കെട്ടിയോൻ ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു
“അപ്പൊ, എങ്ങനാ ആളിയാ…വീട് വെച്ച് കെട്ടിയിട്ടല്ലേ ഇനി ഗൾഫിലോട്ട് ഉള്ളൂ ” എന്ന്..
സുജിത് ചിരിച്ചുകൊണ്ട് തലയാട്ടി… ആ ചിരിയിൽ ഉണ്ടായിരുന്നു കൊടുത്ത സ്നേഹം ആവോളം തിരിച്ചു കിട്ടിയ ഒരു സഹോദരന്റെ സന്തോഷം!