അതായത് ആ ചേട്ടൻ ഉദ്ദേശിച്ചത് വിസ്പർ പോലെ സ്ത്രീകൾക്ക് അത്യാവശ്യമായ ഒരു സാധനം പുറത്ത്…….

ഒരു പാഡ് വാങ്ങിയ കഥ

Story written by Shaan Kabeer

ഭാര്യക്ക് രാവിലെ മുതൽ അസഹ്യമായ വയറുവേദന, അവൾ എന്നെ നോക്കി കണ്ണുരുട്ടി

“ന്റെ ഷാനുക്ക, നിങ്ങളോട് എത്ര നേരായി പറയുന്നു ഒരു പേഡ് വാങ്ങിക്കൊണ്ടുവരാൻ”

ഞാൻ മൊബൈൽ താഴെവെച്ച് അവളെ നോക്കി

“ദാ ഇപ്പൊ കൊണ്ടുവരാം”

“85 രൂപയുടേത് മേടിച്ചാൽ മതി, അതാണ് കൂടുതൽ കൺഫേർട്ട്”

ഞാൻ ബുള്ളറ്റും എടുത്തോണ്ട് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി

“ചേട്ടാ ഒരു വിസ്പർ”

ഞാൻ ഒന്ന് നിറുത്തിയിട്ട് ചേട്ടനെ നോക്കി

“85 രൂപയുടേത് മതിട്ടാ”

ആ ചേട്ടൻ 85 രൂപയുടെ വിസ്പർ കയ്യിലെടുത്തപ്പോൾ ഞാൻ അത് മേടിക്കാനൊരുങ്ങി. അയാൾ എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു (ആ പുഞ്ചിരിയിൽ ഒരു പുച്ഛം ഉണ്ടായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല) എന്നിട്ട് പഴയൊരു ന്യൂസ്‌ പേപ്പറിൽ ആ വിസ്പർ അയാൾ നന്നായി പൊതിഞ്ഞ് ചുറ്റിലും സ്റ്റാപ്ലർ അടിച്ചു. ഇപ്പൊ ഒറ്റനോട്ടത്തിൽ അതൊരു പേപ്പറിൽ പൊതിഞ്ഞ ബ്രഡിന്റെ പാക്കറ്റ് പോലെയേ തോന്നൂ.

അതായത് ആ ചേട്ടൻ ഉദ്ദേശിച്ചത് വിസ്പർ പോലെ സ്ത്രീകൾക്ക് അത്യാവശ്യമായ ഒരു സാധനം പുറത്ത് കാണിച്ച് കൊണ്ടുപോകുന്നത് ഒരു മോശമായ ഏർപ്പാടാണ് എന്നാണ്. ഞാൻ ആ ചേട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ച് ബുള്ളറ്റിൽ കയറി വീട്ടിലേക്ക് തിരിച്ചു, അപ്പോഴാണ് തൊട്ടടുത്തുള്ള ബിവറേജിൽ ഒരു നീണ്ടനിര കണ്ടത്. ചിലർ മ ദ്യകുപ്പികളും ബിയർ ബോട്ടലും കയ്യിൽ ഉയർത്തിപ്പിടിച്ച് യുദ്ധം ജയിച്ച രാജാവിനെ പ്പോലെ ആ ഞെരുങ്ങി നിൽക്കുന്ന കൂട്ടത്തിൽ നിന്നും തിക്കി തിരക്കി പുറത്തേക്ക് വരുന്നു. അപ്പോ ആരോ പറയുന്നത് കേട്ടു

“ഈ ആ ർത്തവം എന്ന് പറയുന്ന അവസ്ഥ ആയിരം വർഷം കഴിഞ്ഞാലും എന്തോ മോശമായ കാര്യമാണെന്ന് ചിന്തിക്കാൻ മനുഷ്യർക്ക് മാത്രേ കഴിയൂ”

ആ പറഞ്ഞത് ആരാണെന്ന് ഞാൻ ഒരുപാട് തിരഞ്ഞു. കുറച്ച് സമയം കഴിഞ്ഞ പ്പോഴാണ് എനിക്ക് മനസ്സിലായത് അത് എന്റെ മനസാക്ഷി തന്നെയായിരുന്നു എന്ന്. ആ ചേട്ടൻ പൊതിഞ്ഞ പഴയ ന്യൂസ്‌ പേപ്പർ കീറിമാറ്റാൻ ഒരുങ്ങാത്ത എന്നിലെ മനുഷ്യന്റെ മനസാക്ഷി.

“വൗ, എജ്ജാതി കഥ, ഈ കഥ വായിച്ചാൽ നാളെ മുതൽ എല്ലാവരും പൊതിയാത്ത വിസ്പറും കയ്യിൽ പിടിച്ച് നടക്കു മെന്ന് ഉറപ്പാണ്. ലൈക്ക് വാരിക്കൂട്ടും ഞാൻ, പിന്നെ കിളികളുടെ ഫ്രണ്ട് റിക്വറ്റും. പിന്നെ ചാറ്റിംഗ്, വീഡിയോ കോൾ, ഹോ!!! എനിക്ക് വയ്യ”

സ്വയം അഭിമാനം തോന്നിയ ഞാൻ സ്വന്തം കാലിൽ രണ്ട് വട്ടം തൊട്ട് വന്ദിച്ചു. അപ്പോഴാണ് ഭാര്യ വന്നത്

“ഷാനുക്കാ, എത്ര നേരായി പറയുന്നു ഒരു പാഡ് വാങ്ങിക്കൊണ്ടുവരാൻ”

ഞാൻ അവളെയൊന്ന് നോക്കി

“നീയാ സഞ്ചി എടുത്തേ”

“ന്തിനാ സഞ്ചി…”

ഷാൻ അവളെ നോക്കി കണ്ണുരുട്ടി

“മെഡിക്കൽ ഷോപ്പിൽ നിന്നും പൊതിഞ്ഞ് തന്നാലും ആളുകൾക്ക് മനസ്സിലാകും ഇത് അതാണെന്ന്. സഞ്ചിയിലിട്ടാൽ പിന്നെ ആരും കാണില്ലല്ലോ”