അടുത്ത ആളിന്റെ പേര് അറ്റെൻഡർ വിളിക്കുമ്പോൾ എന്ത് ചോദ്യങ്ങൾ ആണ് ചോദിച്ചത് എന്ന ചോദ്യങ്ങളുമായി മറ്റ് ഉദ്യോഗാർഥികൾ എല്ലാം അരുണിന് ചുറ്റും കൂടി…….

എഴുത്ത്:-ഗിരീഷ് കാവാലം

“Mr അരുൺ കുമാർ പ്ലീസ് ബി സീറ്റെഡ്…….”

ഇന്റർവ്യൂ ബോർഡിലെ ഒരു മെമ്പർ പറഞ്ഞതും കസേരയിൽ ഇരുന്ന അരുണിന്റെ മുഖം പെട്ടന്ന് മങ്ങി. മുഖത്ത് പരിഭ്രമം നിഴലിച്ചു

വയർ പൊത്തിപിടിച്ചു ശ്വാസം പിടിച്ചിരിക്കുന്ന അരുൺ. ഇന്റർവ്യൂ ബോർഡിലെ നാല് മെംബേർസും പരസ്പരം നോക്കിയ നിമിഷം

“സർ വയറിന് പ്രോബ്ലം എനിക്ക് ഉടനെ ടോയ്ലറ്റിൽ പോയേ പറ്റുള്ളൂ”

“ദേ അങ്ങോട്ട്‌ പൊക്കോളൂ….”

ഒരു മെമ്പർ പറഞ്ഞതും തന്റെ ഡോക്യൂമെന്റസ് ടേബിളിൽ ഇട്ടിട്ട് ടോയ്ലറ്റിലേക്കു ഒരു ഓട്ടം ആയിരുന്നു അരുൺ

കൊച്ചിയിലെ ഒരു പ്രമുഖ ലിമിറ്റഡ് കമ്പനിയിലെ മാർക്കറ്റിംഗ് സെക്ഷനിലേക്ക് ഒഴിവുള്ള ഒരു പോസ്റ്റിലേക്ക് നടക്കുന്ന ഇന്റർവ്യുവിന് എത്തിയ നാല്പത് പേരിലെ ആദ്യം ഇന്റർവ്യൂവിന് വന്നയാൾ തന്നെ ടോയ്ലറ്റിലേക്ക് പോയതിന്റെ ഇഷ്ടക്കേട് ഇന്റർവ്യു ബോർഡ് മെംബേർസിന്റെ മുഖത്ത് പ്രകടമായിരുന്നു

“ങാ.. ഇയാൾ ഇപ്പോൾ വെളിയിൽ പോകൂ. ഏറ്റവും അവസാനം വന്നാൽ മതി”

ടോയ്ലറ്റിൽ പോയി വന്ന അരുണിനോട്‌ ബോർഡ് മെംബേർസ് പറഞ്ഞു

പുഞ്ചിരിയോടെ അരുൺ വെളിയിലേക്ക് ഇറങ്ങുമ്പോൾ അറ്റെൻഡർ പരിഹാസത്തോടെ നോക്കുന്നുന്നുണ്ടായിരുന്നു

അടുത്ത ആളിന്റെ പേര് അറ്റെൻഡർ വിളിക്കുമ്പോൾ എന്ത് ചോദ്യങ്ങൾ ആണ് ചോദിച്ചത് എന്ന ചോദ്യങ്ങളുമായി മറ്റ് ഉദ്യോഗാർഥികൾ എല്ലാം അരുണിന് ചുറ്റും കൂടി

അരുണിന്റെ മറുപടി കേട്ടതും എല്ലാവരിലും ചിരി പടർന്നു

“ചേട്ടാ ഇന്റർവ്യൂ എങ്ങനെ ഉണ്ടായിരുന്നു പ്രതീക്ഷ ഉണ്ടോ”

ഇന്റർവ്യൂ കഴിഞ്ഞു വൈകുന്നേരം അരുൺ വീട്ടിൽ എത്തിയതും അമ്മു ചോദിച്ചു

അരുണിന്റെ മറുപടി കേട്ട അമ്മു മൂക്കത്ത് വിരൽ വച്ചു പോയി

പൊട്ടി വന്ന ചിരി അടക്കികൊണ്ട് അവൾ പറഞ്ഞു

“ഓ….ചേട്ടൻ നിരാശപ്പെടേണ്ട ഇതൊക്കെ ആർക്കും എപ്പോഴും വരാവുന്നതല്ലേ”

അന്ന് ഒരു ദിവസം വൈകുന്നേരം പോസ്റ്റൽ ആയി വന്ന രജിസ്റ്റർഡ് കവർ പൊട്ടിച്ചു നോക്കിയ അമ്മു സന്തോഷം കൊണ്ട് തുള്ളിച്ചാടി

ആ കവറുമായി അവൾ അരുണിന്റെ റൂമിലേക്ക് ഓടി

“ചേട്ടാ… ചേട്ടൻ സെലെക്ഷൻ ആയി ദേ അപ്പോയ്ന്റ്മെന്റ് ഓർഡർ”

അരുണിന് വിശ്വസിക്കാനായില്ല, താൻ സെലെക്ഷൻ ആയെന്ന്

അന്ന് തിങ്കളാഴ്ച ദിവസം മാർക്കെറ്റിങ് സെക്ഷനിൽ ജോയിൻ ചെയ്തു വീട്ടിൽ എത്തിയ അരുണിന്റെനോട്‌ അമ്മു ചോദിച്ചു

എന്നാലും ചേട്ടനോട്‌ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ എങ്ങനെ സെലെക്ഷൻ ചെയ്തെന്നാ എന്റെ ചിന്തയിൽ ഇപ്പോഴും

“അമ്മൂ…ഞാൻ ടോയ്‌ലെറ്റിൽ പോയി വരുമ്പോൾ എന്റെ ഡോക്യൂമെന്റസ് ഒക്കെ ബോർഡ്‌ മെംബേർസ് നോക്കിയിരുന്നു, ഇന്റർവ്യൂ ഈ ജോലിയിലെ മെയിൻ ആണല്ലോ”

“എല്ലാവർക്കും ശേഷം അവസാനമായി രണ്ടാമതൊരിക്കൽ കൂടി ഇന്റർവ്യൂവിന് കയറിയ എന്റെ മുഖത്ത് ഇന്റർവ്യൂവിന് വന്ന താൻ ആ ഓഫീഷ്യലുകളുടെ മുന്നിലൂടെ ടോയ്‌ലെറ്റിലേക്ക് ഓടേണ്ടി വന്നതിന്റെ ഒരു ജാള്യതയും ഇല്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ, ആദ്യം കയറിയതിലും പ്രസരിക്കുന്ന മുഖത്തോടെ അവർക്ക് മുൻപിലേക്ക് ചെന്ന് ഇരുന്നപ്പോൾ അവർ തന്നെ അതിശയിച്ചു പോയി എന്നാ അറിഞ്ഞത് “

“അവർ എല്ലാവരും എത്തിച്ചേർന്ന ആ നിഗമനം ഇതായിരുന്നു, പ്രതിസന്ധി ഘട്ടത്തിൽ പകച്ചു നിൽക്കാതെ ഉള്ള എന്റെ ആറ്റിറ്റ്യൂഡ് അതായിരുന്നു അവർക്ക് ഇഷ്ടപ്പെട്ടത്..”

“ചേട്ടൻ സൂപ്പറാ……..”

അതും പറഞ്ഞു അമ്മു അവന്റെ നെഞ്ചിൽ കൈവച്ച് ചേർന്ന് നിൽക്കുമ്പോൾ അരുണിന്റെ മനസ്സിലൂടെ അത് മിന്നിമറഞ്ഞു പോയി

“ആദ്യം തന്നെ കുളമായി എന്ന് തോന്നിയതുകൊണ്ട് സെലെക്ഷൻ ആകില്ല എന്ന് മനസ്സിൽ തോന്നിയതുകൊണ്ടാണ് ഒട്ടും ടെൻഷൻ ഇല്ലാതെ പൂർണ ആത്മവിശ്വാസത്തോടെ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ഇന്റർവ്യു ബോർഡ് മെംബേർസ്ന്റെ മുൻപിലേക്ക് പോയതെന്ന് എനിക്ക് മാത്രമല്ലേ അറിയൂ…….”

NB : പ്രതിസന്ധി ഘട്ടത്തിൽ പുഞ്ചിരി നഷ്ടമാകാതെ സൂക്ഷിക്കുക