അച്ഛൻ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരുന്ന പുതിയ ഷർട്ടിനായി കാത്തിരുന്നു…

കണക്കു പറഞ്ഞിട്ടില്ല

Story written by Anitha Raju

==================

വെള്ള തുണി മുഖം വഴി മറച്ചു അച്ഛന്റെ ചലനമറ്റ ശരീരം ആശുപത്രി ജീവനക്കാർ മുൻപിൽ കൊണ്ട് വന്നപ്പോൾ മരവിപ്പായിരുന്നു, അതിലേറെ മരിച്ചത് അച്ഛൻ ആകില്ല എന്ന വിശ്വാസം.

മുഖം മറ മാറ്റി കാണിച്ചപ്പോൾ അച്ഛൻ ഉറക്കത്തിൽ ആണ് എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

അതൊക്കെ ഇരുപത്തൊന്നുകാരന്റെ വെറും ആഗ്രഹം. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആണ് നിഖിൽ. നാളെ അവന്റെ പിറന്നാൾ.

അച്ഛൻ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരുന്ന പുതിയ ഷർട്ട്‌ കാത്തിരുന്നു.

പക്ഷെ അച്ഛൻ വന്നില്ല. സൈക്കളിൽ റോഡ് മുറിച്ചു കടക്കവേ എതിരെ വന്ന ഇന്നോവ ഇ- ടിച്ചു തെറിപ്പിച്ചു.

തല റോഡ് അരുകിലെ ഇന്റർലോക്കിൽ ചെന്ന് ഇടിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സൈക്കളിൽ ഭദ്രമായി വെച്ചിരുന്ന ഷർട്ട്‌ പോലീസ് നിഖിലിനെ ഏൽപ്പിച്ചു.

സർക്കാർ ജീവനക്കാരനായിരുന്നു ബാലചന്ദ്രൻ. ഭാര്യ, ഒരുമകൾ, ഒരു മകൻ ഇതായിരുന്നു കുടുംബം.

സഹപ്രവർത്തകർ ബൈക്കിലും സ്കൂട്ടർലിം ഒക്കെ ജോലിക്കു വരുമ്പോൾ പഴയ സൈക്കിളിൽ ആയിരുന്നു ബാലന്റെ വരവ്.

അടുത്ത കൂട്ടുകാരൻ ജയൻ സ്കൂട്ടർ വാങ്ങിയപ്പോൾ മനസ്സിൽ ഒരു ആഗ്രഹം തോന്നി അപ്പോഴാണ് വിവഹം കഴിപ്പിച്ചു വിട്ട മകളുടെ ആദ്യ പ്രസവം. പിന്നെയും സൈക്കിൾ തന്നെ ശരണം.

ആവശ്യങ്ങളും , ആഗ്രഹങ്ങളും പറയാൻ അടുത്ത് കൂടുന്ന ഭാര്യ തന്റെ മനസ്സ് കണ്ടിട്ടില്ല. സ്വന്തം ആവശ്യം അച്ഛന്റെ മുൻപിൽ നിരത്താൻ യാതൊരു മടിയും ഇല്ലാത്ത മകൻ നിഖിൽ.

ഒരിക്കലും ഉണരാത്ത ബാലന്റെ ശരീരം പോസ്റ്റ്മോർട്ടം കഴിഞ്ഞു വീട്ടിൽ കൊണ്ടുവന്നു. അവസാന ചടങ്ങുകൾക്കായി ബോഡി ഒരുക്കി,നിഖിൽ അച്ഛനെ ഇടീക്കാനുള്ള ഷർട്ട്‌ അലമാരയിൽ പരതി . കീറി തുന്നി ചേർത്ത പഴയ ഷർട്ടുകൾ ആയിരുന്നു എല്ലാം.

അച്ഛൻ പുതിയ ഷർട്ട്‌ വാങ്ങുന്നത് കണ്ടിട്ടില്ല എന്ന് തന്നെ പറയാം അവധി ദിവസങ്ങളിൽ അച്ഛന്റെ വസ്ത്രങ്ങൾ അച്ഛൻ തന്നെ ആണ് കഴുകിയിരുന്നത്.

തങ്ങൾ എല്ലാം കറന്റ്‌ തേപ്പ് പെട്ടി ഉപയോഗിക്കുമ്പോൾ അച്ഛൻ പഴയ ചിരട്ടക്കരി പെട്ടിയാണ് ഉപയോഗിച്ചത്.

അച്ഛന്റെ പിശുക്കിനെ കുറ്റപ്പെടുത്തുകയെ അമ്മ ഉൾപ്പെടെ തങ്ങൾ പറഞ്ഞിട്ടുള്ളു.

അനുസരണക്കേട് കാണിക്കുമ്പോൾ പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ച കണക്കു അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

തന്റെ പിറന്നാളിന് അച്ഛൻ അവസാനം ആയി വാങ്ങിയ ഷർട്ട്‌ ധരിപ്പിച്ചു അച്ഛനെ ചിതയിൽ വെച്ച്, താൻ തീ കൊളുത്തുമ്പോൾ ഹൃദയത്തിൽ ചോരപൊടിഞ്ഞു. ചടങ്ങ് കഴുഞ്ഞു എല്ലാവരും പോയി.

സഹോദരിയും ഭർത്താവും മുറ്റത്തു നിരത്തിയ രണ്ടു കസേരകളിൽ ഇരിക്കുന്നു, അമ്മ അച്ഛന്റെ ചാരു കസേരയുടെ കാൽച്ചുവട്ടിൽ കൈപ്പലകയിൽ തല വെച്ച് ഇരിക്കുന്നു.

താൻ അടുത്ത് ചെന്ന് അമ്മക്കരികിൽ ഇരുന്നു, തല ഉയർത്തി എന്നെ നോക്കി…

“അമ്മേ…

ഉം..

അമ്മ അച്ഛന്റെ ജീവിതത്തിൽ വന്നിട്ട് ഇരുപത്തഞ്ചു വർഷം കഴിഞ്ഞില്ലേ??

ഉം..

അച്ഛൻ എപ്പോഴെങ്കിലും അച്ഛന് വേണ്ടി ജീവിക്കുന്നത് കണ്ടിട്ടുണ്ടോ? ”

അതിന്റെ മറുപടി ഒരു തേങ്ങൽ മാത്രം ആയിരുന്നു. നിഖിൽ അമ്മയെ ചേർത്ത് പിടിച്ചു.

“അമ്മക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കും ”

“മോന് പഠിക്കണ്ടേ”?

ഒരിക്കലും കണക്കുപറയാത്ത അച്ഛന്റെ ജീവിതം എന്ന വലിയ പുസ്തകം എന്റെ മുൻപിൽ ഉണ്ട് ഇനി ഞാൻ പഠിക്കുന്നത് അതാണ് ” അമ്മയുടെ കണ്ണുകളിൽ പ്രതീക്ഷ..