എഴുത്ത്:-നൗഫു ചാലിയം
“സീറ്റിൽ ഞെളിഞ്ഞു ഇരിക്കുന്നോ…
എഴുന്നേൽക്കെടി…”
“പ്ലസ് 2 ക്ലാസ് കഴിഞ്ഞു വീട്ടിലേക് പോകും നേരം…. നാട്ടിലേക്കുള്ള ബസിൽ ഒരു സീറ്റ് കാലിയായി ഇരിക്കുന്നത് കണ്ടു… ചെറുതായി ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ ആയിരുന്നു കഴുത്തിനു പുറകിൽ ആരോ കൈ കൊണ്ട് പിടിച്ചു മുന്നിലേക്ക് തള്ളിയതും… അടുത്ത് തന്നെ ഉണ്ടായിരുന്ന കമ്പിയിൽ കൊണ്ട് വേദന വന്നതും ഒരുമിച്ചായിരുന്നു..
ആ ഇടിയുടെ ആഘാധത്തിൽ തല കറങ്ങുന്നത് പോലെ തോന്നിയെങ്കിലും ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു…
എന്റെ തൊട്ടു പുറകിലായി ആ ബസ്സിലെ കണ്ടെക്റ്റർ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നു..
തൊട്ടടുത്തു തന്നെ ഒരു സ്ത്രീയും ഉണ്ടായിരുന്നു..
അവർ അയാളോട് പറയുന്നുണ്ട് ഞാൻ നിന്നോളാം മോനേ.. ആ കുട്ടിക്ക് സുഖമില്ല എന്ന് തോന്നുന്നു.. അവൾ അവിടെ ഇരുന്നോട്ടെ എന്ന്..”
“ഒ
പിന്നെ…
ഒന്നോ രണ്ടോ രൂപ തന്നു… യാചകരെ പോലെ പോകുന്നവളുമാർക്കൊന്നും ഇരുന്നു പോകാൻ ഉള്ളതല്ല ഞങ്ങളുടെ ബസ്..
നിങ്ങൾ ഇരുന്നോ ന്ന്.. “
“അയാൾ അടിച്ചു വേദനിപ്പിച്ചതിലും ഏറെ അയാളുടെ കുത്തു വാക്കുകൾ ആയിരുന്നു നോവിച്ചത്..
സ്ഥിരമായി പോകുന്ന ബസ് ആയിരുന്നു അത്… ഇരിക്കാറോന്നും ഇല്ല.. നിന്നിട്ട് തന്നെ ആയിരുന്നു വീടിനു അടുത്തുള്ള ബസ് സ്റ്റോപ്പ് വരെ യാത്ര ചെയ്യാറുള്ളത്..
ഇന്നെന്താ ആ ചേച്ചി പറഞ്ഞത് പോലെ ഒരു ക്ഷീണം തോന്നി അതാ ഒരു സീറ്റ് കാലി കണ്ടപ്പോൾ ഇരുന്നത് തന്നെ..”
സ്ഥിരമായി ഉണ്ടാവാറുള്ള കണ്ടേക്റ്റരും ആയിരുന്നില്ല ഇന്ന് ബസ്സിൽ.. പുതിയ ഏതോ ആളായിരുന്നു..
വീട്ടിലേക്കുള്ള സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങാനായി സ്റ്റെപ്പിലേക് എത്തിയപ്പോൾ അയാൾ അവിടെയും ഉണ്ടായിരുന്നു..
എന്നെ നോക്കി നാവ് കടിച്ചു എന്തോ പറഞ്ഞു..
പറഞ്ഞത് എന്താണെന്ന് എനിക്ക് വ്യക്തമായില്ലെങ്കിലും മോശപ്പെട്ട എന്തോ വാക് ആണെന്ന് മാത്രം മനസിലായി..
വീട്ടിലേക് നടക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു നേരത്തെ കമ്പിയിൽ തല തട്ടിയതിന്റെ ബുദ്ധിമുട്ട് മനസിലായത്..
തല ഇടിച്ച ഭാഗത്ത് ഭയങ്കര വേദന…
തല പൊത്തിയും.. പൊന്തിച്ചും പിടിച്ചു എങ്ങനെയോ വീട്ടിൽ എത്തി.. തലവേദന ആണ് അമ്മേ എന്നും പറഞ്ഞു റൂമിലേക്കു വന്നു കിടന്നു..
പിന്നെ അമ്മ വിളിച്ചിട്ടും അച്ഛൻ വിളിച്ചിട്ടും ഒന്നും അറിഞ്ഞിരുന്നില്ല…
നല്ലോണം ഉറങ്ങി..
പിറ്റേന്ന് രാവിലെ ആയിരുന്നു.. അച്ഛൻ വന്നു കുറേ വിളിച്ചെന്നു അമ്മ പറഞ്ഞെ..
നീ എന്തെ എഴുന്നേൽക്കാഞ്ഞേ എന്ന് ചോദിച്ചപ്പോൾ… ക്ഷീണം കൊണ്ട് ഉറങ്ങി എന്നൊരു കള്ളം പറഞ്ഞു…
അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോ എന്തേലും കഴിക്കാൻ കൊണ്ട് വരുന്നത് പതിവുള്ളതാണ്…അത് കഴിക്കാൻ കാണാത്തത് കൊണ്ടായിരിക്കാം എന്നെ ഉണർത്താൻ നോക്കിയതെന്ന് തോന്നുന്നു..
പുലർച്ചെ തന്നെ ജോലിക്ക് പോകുമെങ്കിലും വൈകുന്നേരം നേരത്തെ വരും..
ഇന്നും ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പേ ജോലിക്ക് പോയിട്ടുണ്ട്..
പക്ഷെ സ്കൂളിലേക്ക് പോകുന്നതിന് മുമ്പ് അമ്മയുടെ ഫോണിലേക്കു ഒരു കാൾ വന്നു അച്ഛനായിരുന്നു അത്..
ഫോൺ എടുത്ത ഉടനെ എനിക്ക് തരാൻ പറഞ്ഞത് കൊണ്ടായിരിക്കാം അമ്മ ഫോൺ എന്നെ ഏൽപ്പിച്ചു ജോലിക്ക് പോയി..
“എന്താ അച്ഛന്റെ ചിന്നൂന് പറ്റിയെ…”
“ആ ഒരു ചോദ്യം മാത്രം മതിയായിരുന്നു…ഇന്നലെ സംഭവിച്ചത് മൊത്തം അച്ഛനോട് പറയാൻ..
അല്ലെങ്കിലും എന്റെ കുഞ്ഞു മാറ്റം പോലും എന്റെ അച്ഛന് അറിയാൻ പറ്റും.. അമ്മയേക്കാൾ നന്നായി…
അച്ഛൻ ഞാൻ പറഞ്ഞത് മുഴുവൻ മൂളി കേട്ടു…
സാരമില്ല…ഡോക്ടറെ കാണണമോ എന്ന് ചോദിച്ചു..
ഉറങ്ങി എഴുന്നേറ്റപ്പോൾ തന്നെ വേദന പോയെന്ന് പറഞ്ഞപ്പോൾ എനിക്ക് ഫോണിലൂടെ ഒരുമ്മ തന്നു എന്റെ മോൾ സ്കൂളിൽ പൊയ്ക്കോ ന്ന് പറഞ്ഞു.. “
അച്ഛനോട് പറഞ്ഞല്ലോ എന്നൊരു സമാധാനത്തിൽ ആയിരുന്നു അന്ന് സ്കൂളിൽ പോയത്…
വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ അയാൾ തന്നെ ആയിരിക്കുമോ ബസിൽ കണ്ടക്ടർ എന്നായിരുന്നു പേടി…
പക്ഷെ പേടിച്ച പോലെ അയാൾ ഇല്ലായിരുന്നു..
അയാൾ ഇല്ലെന്നല്ല.. ഇന്ന് ബസിൽ ഉണ്ടായിരുന്ന ഒരു കിളി ആയിരുന്നു കണ്ടക്റ്റർ ആയിരുന്നത്…
എന്നെ കണ്ടപ്പോൾ തന്നെ അയാൾ ബഹുമാനത്തോടെ പറഞ്ഞു..
മോള് അവിടെ ഇരുന്നോ ന്ന്..
ഇതെന്താ കഥ എന്നറിയാതെ ഞാൻ ഡ്രൈവരുടെ പുറകിലെ കമ്പിയിൽ പിടിച്ചു നിന്നെങ്കിലും എന്നെ നിർബന്ധിച്ചു സീറ്റിൽ ഇരുത്തി..
അത് പോലെ കാലിയുള്ള സീറ്റുകളിൽ കുറച്ചു കുട്ടികളെയും..
പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്..
സ്കൂളിന് മുന്നിലൂടെ ഉള്ള ട്രിപ്പിനു ബസ് സ്റ്റാൻഡിൽ നിന്നും എടുക്കുന്നതിനു മുമ്പ് മൂത്ര മൊഴിക്കാൻ പോയ പഴയ കണ്ടക്റ്ററേ ആരോ പഞ്ഞിക്കിട്ട് രണ്ട് കയ്യിന്റെയും എല്ല് ഒടിച്ചു മെഡിക്കൽ കോളേജിൽ ആണെന്നും..
അത് എന്റെ അച്ഛൻ ചെയ്തത് ആണെന്നും..
കേസിനോ , ബസ് സ്ട്രൈക്കിനോ പോയാൽ ഇനി വീട്ടിൽ കയറി ത ല്ലുകയല്ല… കൊ ,ന്നു കളയുമെന്ന് കൂടേ പറഞ്ഞിട്ടുണ്ടായിരുന്നു…
അന്ന് വൈകുന്നേരം കുറച്ചു നേരം വൈകി വന്ന അച്ഛനെ ഞാൻ ഉറങ്ങാതെ കാത്തിരുന്നു..
“എന്റെ ചിന്നു കുട്ടി ഉറങ്ങിയില്ലേ എന്ന് ചോദിച്ചു കയ്യിലുള്ള പൊതി എന്റെ നേരെ നീട്ടിയത് വാങ്ങി കൊണ്ട് ഞാൻ അച്ഛനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അച്ഛൻ എന്നെ ചോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
ചില മരുന്നൊക്കോ നമ്മൾ പെട്ടന്ന് തന്നെ കൊടുക്കണം.. ഇനി ആർക്കും അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കാൻ അത് നല്ലതാണെന്നു.. “
“അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും അത് ശരിയാണെന്നു തോന്നി..
പിന്നീട് ഒരിക്കലും ആ വൃത്തികെട്ടവനെ ഞാൻ എന്റെ നാട്ടിലൂടെ ഓടുന്ന ഒരു ബസ്സിലും കണ്ടിട്ടില്ല…”
ബൈ
😘