അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അച്ഛമ്മയോടുള്ള വെറുപ്പു കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു…,

Story written by Sneha Sneha

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അച്ഛമ്മയോടുള്ള വെറുപ്പു കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു

നീ എപ്പോ പുറപ്പെടും മോളെ ..? കാശിയും മക്കളും കൂടെ വരുമോ..?

ഞാൻ വരുന്നില്ലച്ഛാ എനിക്കവരുടെ മുഖം അങ്ങനെ പോലും കാണാൻ ആഗ്രഹം ഇല്ല

മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ വർഷം ഇത്ര ആയിട്ടും മോളതൊന്നും മറന്നില്ലേ

മറക്കാനോ.. മറക്കണമെങ്കിൽ ഞാൻ മരിക്കണമച്ഛാ….. കൊച്ചച്ചൻ്റെ മക്കളൊക്കെ വരുന്നുണ്ടോ അച്ഛാ.. വരാതിരിക്കുമോ.. അഛമ്മയ്ക്ക് എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ അവരായിരുന്നല്ലോ?

അറിയില്ല മോളെ…. നീ വരുന്നുണ്ടെങ്കിൽ കാശിയേയും മക്കളേയും കൂട്ടി വാ ഇനിയൊരു കാഴ്ചയില്ല ഇതവസാന കാഴ്ചയാണ്…. അമ്മ സുഖമില്ലാതെ കിടന്നപ്പോളും നീയൊന്നു വന്നു കണ്ടില്ലാലോ… :അവസാന നിമിഷം നിന്നെ ഒന്നു കാണണം എന്ന് ഒത്തിരി ആഗ്രഹിച്ചു.

എനിക്കവരെ കാണണ്ട…..

നിൻ്റെ ഇഷ്ടം പോലെ ചെയ്യ് ഞാൻ നിർബദ്ധിക്കില്ല…

എന്നെ നിർബദ്ധിച്ച് അവിടെ വരുത്താൻ അച്ഛനും കഴിയില്ല … ശിവാനി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു… കുറച്ചു നേരം ഫോണിൻ്റെ ഡിസ്പ്ലേയിലേക്ക് നോക്കി നിന്നു .എന്തൊക്കെയോ ചിന്ത ശിവാനിയുടെ മനസ്സിലൂടെ കടന്നു പോയി

ആരായിരുന്നു കാശിയുടെ ചോദ്യം കേട്ട് ശിവാനി തല ഉയർത്തി നോക്കി

അച്ഛൻ … ആ തള്ള.ചത്തെന്ന് ചെല്ലുന്നുണ്ടോ എന്നറിയാൻ വിളിച്ചതാ

അങ്ങനെയൊന്നും പറയാതെ ശിവാനി നീ… നിൻ്റെ അച്ഛമ്മയെയാണ് തള്ള എന്നൊക്കെ പറയുന്നത്….

തള്ളയല്ല അവർ യക്ഷിയാ… ദുഷ്ടയായ രാക്ഷസിയാ…

ശിവാനി…. മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന ആളെക്കുറിച്ചാ നീ ഇങ്ങെയൊക്കെ പറയുന്നത്….

ഞാനൊന്നും പറയുന്നില്ല ശിവാനി തൻ്റെ മുറിയിലേക്കു ചെന്ന് ബെഡിലേക്കിരുന്നു. ….. മുറിയിൽ ടേബിളിൻ്റെ പുറത്ത് ഫ്രേയിം ചെയ്തു വെച്ചിരിക്കുന്ന തൻ്റെ അമ്മയുടെ ഫോട്ടോ എടുത്ത് നോക്കി … കുറച്ചു നേരം ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു… ഫോട്ടോ തിരികെ ടേബിളിൽ വെച്ചിട്ട് ബെഡിലേക്ക് ചാഞ്ഞു ഇരുകണ്ണുകളും അടച്ചു കിടന്നു….. കണ്ണുകളിൽ നിന്ന് നീർകണങ്ങൾ ഇരു കവിളിലൂടെ ഒലിച്ചിറങ്ങി

തനിക്ക് നാല് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം… ചുഴലി രോഗിയായിരുന്ന അമ്മയുടെ മരണം പെട്ടന്നായിരുന്നു. മടിയിലിരുത്തി കഥകൾ പറഞ്ഞു തന്ന് ചോറുവാരിത്തന്നിരുന്ന അമ്മയുടെ രൂപം ഒരു മായ പോലെ ഇന്നും മനസ്സിലുണ്ട്…. അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞ് അച്ഛൻ വേറെ വിവാഹം കഴിച്ചു കൊണ്ടുവന്നതോടെ എൻ്റെ കിടപ്പ് അച്ഛമ്മയുടെ മുറിയിലായി…. …ദു:ശ്ശീലമാണോ രോഗാവസ്ഥയാണോ എന്നൊന്നും എനിക്കറിയില്ല ഓർമ്മ വെച്ച കാലം മുതൽ കിടന്നു മുള്ളുന്ന ശീലം എനിക്കുണ്ടായിരുന്നു. അമ്മയുണ്ടായിരുന്ന കാലത്ത് മൂത്രത്തിൽ കിടന്ന് ഓർമ്മയില്ലാത്ത ഞാൻ അമ്മയുടെ മരണത്തിന് ശേഷം എന്നും മൂത്രത്തിൽ കിടന്നുറങ്ങിയാണ് എഴുന്നേൽക്കുന്നത്. അച്ഛൻ മറ്റൊരു വിവാഹം കഴിക്കുന്നതു വരെ ഞങ്ങൾ കിടന്നിരുന്ന പായും പുതപ്പും അച്ഛൻ അലക്കിയിടുമായിരുന്നു. അച്ഛമ്മയുടെ മുറിയിലേക്ക് കിടപ്പുമാറ്റിയതോടെ നിലത്ത് പായ് വിരിച്ചായി കിടപ്പ്. അതും ഒറ്റക്ക് പേടിച്ച് ഉറങ്ങാതെ കിടക്കുമ്പോൾ ഞാൻ അച്ഛമ്മയോട് പറയും എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണന്ന്. ഞാൻ അച്ഛമ്മക്കൊപ്പം കിടന്നോട്ടെ എന്ന് കെഞ്ചി ചോദിക്കും… അച്ഛമ്മ അതിന് മറുപടി തന്നിരുന്നത് തൻ്റെ അടി തൊടയിൽ നുള്ളായിരുന്നു. നുള്ളിൻ്റെ വേദന കൊണ്ട് പുളഞ്ഞ് ഉറങ്ങാതെ കിടന്ന പല രാത്രികളും ഉണ്ട് …. ആ നുള്ളുന്ന വേദനയെക്കാളും എന്നെ ഏറെ വേദനിപ്പിച്ചത് കൊച്ഛൻ്റെ മക്കളെ അച്ഛമ്മ കൊഞ്ചിക്കുന്നതും ഉമ്മ വെയ്ക്കുന്നതും കൂടെ കിടത്തി തരാട്ട് പാടി ഉറക്കുന്നതും കാണുമ്പോളായിരുന്നു….

വലുതാകുംതോറും ഞാനാ വീട്ടിലെ വേലക്കാരിയായി മാറുകയായിരുന്നു. എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലന്ന് നടിക്കുന്ന അച്ഛനും നിസ്സാര കുറ്റങ്ങൾക്കും പോലും ശിക്ഷിക്കുന്ന രണ്ടാനമ്മയും അച്ഛമ്മയുടെ അവഗണനയും പരിഹാസവും…. അച്ചമ്മ വിളിക്കുന്നതു കേട്ട് എല്ലാവരും “കിടന്നു മുള്ളി :എന്ന് വിളിച്ച് പരിഹസിക്കുമ്പോളും യാതൊരു പരാതിയോ പരിഭവമോ കൂടാതെ… ചാണകം മെഴുകിയ തറയിൽ വിരിച്ചപായയിൽ കിടന്ന് കണ്ണീർ പൊഴിക്കുന്ന എത്രയെത്ര ദിനരാത്രങ്ങൾ ആദ്യമൊക്കെ തലേന്ന് മുള്ളി നനച്ച പായയിൽ പിറ്റേന്നും കിടന്നുറങ്ങുമ്പോൾ മൂത്രമണം മണക്കുന്ന പൊതപ്പും കെട്ടിപ്പിടിച്ച് അമ്മയുടെ തലോടലും കൊതിച്ച് കിടന്നിട്ടുണ്ട്…. ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ കഴിഞ്ഞു തനിക്ക് പതിനൊന്ന് വയസ്സു കഴിഞ്ഞിട്ടും കിടന്നുമുള്ളൽ ശീലം മാത്രം മാറിയില്ല… പലരാത്രികളിലും അച്ഛമ്മ തന്നെ പുറത്തിറക്കി കിടത്തി വാതിലടച്ചിട്ടുണ്ട്….. നായയുടെ ഓരിയിടലും ചീവീടിൻ്റെ ശബ്ദവും കേട്ട് പേടിയോടെ ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്…. അങ്ങനെ ഒരു ദിവസം അമ്മമ്മ എന്നെ കാണാൻ അച്ഛൻ്റെ തറവാട്ടിൽ എത്തി…. എന്നെ കണ്ടു മടങ്ങും നേരം ഞാൻ അമ്മമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നെ അവിടെ ഇട്ടിട്ടു പോകല്ലേ എന്നും പറഞ്ഞ്…. എൻ്റെ കരച്ചിൽ കണ്ടിട്ടാകാം അമ്മമ്മ അച്ഛൻ്റെ അനുവാദത്തോടെ അമ്മയുടെ തറവാട്ടിലേക്ക് കൊണ്ടുപോയി. എന്നെ കൊണ്ടുപോയത് അച്ഛമ്മക്ക് തീരെ ഇഷ്ടമായില്ല കാരണം. ഞാൻ പോയാൽ അച്ഛമ്മ ഉറങ്ങും വരെ അച്ഛമ്മയുടെ കാലു ഉഴിഞ്ഞു കൊടുക്കാൻ ആളില്ലാതാകും.

അമ്മയുടെ തറവാട്ടിലെത്തി … അന്ന് രാത്രി അമ്മമ്മക്കൊപ്പം കിടന്നുറങ്ങിയ ഞാൻ അന്നും കിടന്നു മുള്ളി.. പിറ്റേന്ന് രാവിലെ അമ്മമ്മ എന്നേയും കൂട്ടി ഒരു വൈദ്യൻ്റെ അടുത്തെത്തി. എന്തൊക്കെയോ കക്ഷായവും മരുന്നും കുടിച്ചു…. ഞാൻ കിടന്നു മുള്ളിയാലും അമ്മമ്മ എന്നെ കൂടെത്തന്നെ കിടത്തി ഉറങ്ങും വരെ കഥ പറഞ്ഞു തന്നും അമ്മയുടെ കുട്ടികാലത്തെ വികൃതികളെ കുറിച്ചും പറഞ്ഞു തന്നും എന്നെ ചേർത്തു പിടിച്ച് കിടക്കയമായിരുന്നു രണ്ടാഴ്ച അവിടെ നിന്നതിന് ശേഷം അവിടെ നിന്നു മടങ്ങുമ്പോൾ ഉറക്കത്തിൽ മുള്ളുന്ന ശീലം പാടെ മാറിയിരുന്നു. സന്തോഷത്തോടെയാണ് ഞാൻ തിരിച്ചെത്തിയത്. കൊച്ഛൻ്റെ മക്കളുടെ കളിയാക്കലുകൾ കേൾക്കണ്ട അതുപോലെ ഇനി മുതൽ അവരോടൊപ്പം അച്ഛമ്മയുടെ കട്ടിലിൽ പഞ്ഞി നിറച്ച ബെഡിൽ കിടന്നുറങ്ങാലോ എന്നും ചിന്തിച്ചു.

പക്ഷേ അച്ഛമ്മ എന്നെ നിലത്തു കിടത്തി പതിവുപോലെ അവരെ കൂടെ കിടത്തി കഥകൾ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.

എന്നേക്കാളും നിറവും സൗന്ദര്യവും ഉള്ള കൊച്ഛൻ്റെ മക്കളുടേയും അച്ഛമ്മയുടെയും അച്ഛൻ്റെ രണ്ടാം കെട്ടിൽ അച്ഛന് ജനിച്ച മക്കളുടെയും ഇഷാനിഷ്ടങ്ങൾ നിറവേറ്റികൊടുക്കുന്ന കേവലം ഒരു വേലക്കാരി മാത്രമായി മാറി ഞാനാ വീട്ടിൽ

എന്നിൽ അപകർഷതാബോധം വളരാൻ തുടങ്ങി എന്നെ കാണാൻ ഒന്നിനും കൊള്ളില്ല നിറമില്ല… എന്നൊക്കെയുള്ള ചിന്ത എന്നെ മഥിക്കാൻ തുടങ്ങി ആർക്കും വേണ്ടാത്ത താൻ എന്തിനാണ് ജീവിച്ചിരിക്കുന്നേ എന്ന എൻ്റെ ചിന്ത എന്നെ മരിക്കാൻ പ്രേരിപ്പിച്ചു – … അങ്ങനെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു….. കൈയിലെ ഞര മ്പ് മു റിച്ചു.. പക്ഷേ മരണം എന്നെ തേടി വന്നില്ല. വിവരം അറിഞ്ഞെത്തിയ അമ്മമ്മയും മാമനും എന്നെ അമ്മയുടെ തറവാട്ടിലേക്ക് ക്കുട്ടി കൊണ്ടുപോയി….. പിന്നെ അവിടെ എന്നെ സ്കൂളിൽ ചേർത്തു…. ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ എനിക്കവിടെ തരാൻ ഒരാളുണ്ടായിരുന്നു എൻ്റെ മാമൻ്റെ ഭാര്യ എൻ്റെ മാമി….. പിന്നെ എൻ്റെ എല്ലാ കാര്യങ്ങളും നോക്കിയത് മാമിയായിരുന്നു…. മാമിയുടെ രണ്ടു പെൺ മക്കൾക്കൊപ്പം ഞാനും വളർന്നു…… എന്നിലെ കഴിവ് കണ്ടറിഞ്ഞതും അതിനെ വളർത്തിയതും എനിക്ക് വളരാൻ വേണ്ടിയുള്ള അവസരങ്ങൾ തേടിപ്പിടിച്ചതും പ്രോത്സാഹിപ്പിച്ചതും മാമിയായിരുന്നു.പഠിക്കാനുള്ള ആഗ്രഹം എന്നിൽ നിറച്ചത് മാമിയായിരുന്നു. അവിടെ നിന്നു പോരുമ്പോൾ കറുത്ത മെല്ലിച്ച് കവിളൊട്ടിയ ഒരു രൂപമായിരുന്ന ഞാൻ വളരുംതോറും എനിക്ക് നിറം വെച്ചു സുന്ദരിയായി….. ഇന്ന് ലോകം അറിയപ്പെടുന്ന നർത്തകിയും ഗായികയും ആയി ഞാൻ വളർന്നിട്ടുണ്ടങ്കിൽ അതിൻ്റെ പിന്നിൽ എൻ്റെ മാമിയാണ്….

ശിവാനി പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഞെട്ടിയുണർന്ന് ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു….. ഫോൺ എടുത്ത് മാമിയുടെ നമ്പർ ഡയൽ ചെയ്തു….

മോളെ ശിവാനി…

മാമി വിശേഷങ്ങൾ അറിഞ്ഞോ?

അറിഞ്ഞു….. നീ പോകണം…. ഇന്ന് നീ പഴയ ശിവാനിയല്ല…. ഡോക്ടർ ശിവാനിയാണ് കൂടാതെ അറിയപ്പെടുന്നൊരു നർത്തകിയും ഗായകിയും ആണ്…. തല ഉയർത്തി പിടിച്ചു തന്നെ നീ ആ തറവാടിൻ്റെ പടികൾ കയറി ചെല്ലണം…. നിന്നെ അവർ തിരിച്ചറിയുമോ എന്നറിയാലോ….?

മാമി പറഞ്ഞാൽ പോകാതിരിക്കാൻ എനിക്ക് കഴിയില്ല…..

കാശിയേയും മക്കളേയും കൂട്ടി ഉടനെ പുറപ്പെടണം ഞങ്ങൾ അവിടെ ഉണ്ടാകും

മുത്തശ്ശി എവിടെ മാമി….

മുത്തശ്ശി സുഖമായി ഇരിക്കുന്നുണ്ട്.

ആ സമയത്താണ് കാശിനാഥൻ അവിടേക്ക് വന്നത്. ശീ വാനി നീ എന്തു തീരുമാനിച്ചു.

നമുക്ക് പോകാം കാശി …. എനിക്ക് പോകണം….

കാശിനാഥൻ്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു….മാമി നിന്നെ വിളിച്ചോ അതോ നീ മാമിയെ വിളിച്ചോ….

ഒന്നു പോ കാശി…. ശിവാനി കാശിയെ പിടിച്ചു തള്ളി….മാമിയെ ഞാൻ വിളിച്ചു.

തറവാട്ടിലേക്കുള്ള യാത്രയിലും ശിവാനിയുടെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ കടന്നു വന്നു… അച്ഛൻ്റെ തറവാട്ടിൽ നിന്ന് ഞാൻ അമ്മയുടെ തറവാട്ടിലേക്ക് പോന്നതിൽ പിന്നെ ഒരിക്കൽ പോലും ആരും എന്നെ അനോഷിച്ചെത്തിയില്ല…. തൻ്റെ വളർച്ചയൊന്നും അവരറിഞ്ഞില്ല… തൻ്റെ വിവാഹം അവരെ അറിയിക്കരുതെന്ന് ഞാൻ വാശിപിടിച്ചു …. കാശി തൻ്റെ എല്ലാ സാഹചര്യങ്ങളും അറിയാവുന്നവൻ മാമിയുടെ സഹോദരൻ്റെ മകനാണ്. തന്നെ ഇഷ്ടമാണന്ന് കാശി ആദ്യം തുറന്നു പറഞ്ഞത് അവൻ്റെ മാമിയോടായിരുന്നു. മാമനും മാമിയ്ക്കും വേറെ ഒന്നും ചിന്തിക്കാനില്ലായിരുന്നു… എന്നെ കൈപിടിച്ച് മാമൻ കാശിയെ ഏൽപ്പിക്കുമ്പോൾ മാമൻേറയും മാമിയുടെയും മനസ്സുനിറയുന്നത് ആ മുഖങ്ങളിൽ നിന്ന് കാണാമായിരുന്നു…. പതിനഞ്ചു വർഷം എന്നെ അന്വേഷിക്കാത്ത അച്ഛൻ എന്നെ തേടി അമ്മയുടെ തറവാട്ടിലെത്തി … അച്ഛമ്മ മരണാസന്നമായി കിടക്കുകയാണന്ന് അവർക്ക് അവസാനമായി എന്നെയൊന്നു കാണണം എന്ന് …. അച്ഛൻ്റെ ആവശ്യം കേട്ട് മാമൻ എൻ്റെ നമ്പർ അചഛനുകൊടുത്തു…. അച്ഛൻ പല തവണ എന്നെ വിളിച്ച് ആ ആവശ്യം അറിയിച്ചു. ….. പക്ഷേ എനിക്കാമുഖം അവസാനമായി ഒന്നു കാണാൻ പോലും ആഗ്രഹം ഇല്ലായിരുന്നു… മരിച്ച് മരവിച്ച് അവർ നിലത്തു കിടക്കുന്ന കാഴ്ച കൺകുളിർക്കേ ഒന്നു കണ്ട് മടങ്ങണം

ശിവാനി സ്ഥലം എത്തി കാശി പറഞ്ഞതു കേട്ട് ശിവാനി ചിന്തയിൽ നിന്ന് ഉണർന്നു

ശിവാനി.. കാശിയോടൊപ്പം മക്കളേയും കൂട്ടി അച്ഛൻ്റെ തറവാടിൻ്റെ പടികൾ കയറി ചെന്നു. നീണ്ട പതിനഞ്ച് വർഷത്തിങ്ങൾക്കു മുൻപാണ് താൻ ഈ പടികൾ ഇറങ്ങിപ്പോയത്. തറവാട് പഴയതുപോലെ തന്നെ ഒരു മാറ്റവും വന്നിട്ടില്ല. തറവാടിൻ്റെ ഭിത്തി അവിടെയും ഇവിടേയുമൊക്കെ പൊട്ടിപൊളിഞ്ഞു പോയിട്ടുണ്ട്. പെയിൻ്റ് അടിച്ചിട്ട് വർഷങ്ങളായി എന്നു കണ്ടാൽ അറിയാം…. ശിവാനി അച്ഛമ്മയുടെ മുറിയിലേക്ക് ചെന്നു…. അവിടെ താൻ കിടന്നിരുന്ന നിലത്ത് ഇന്ന് അച്ഛമ്മയെ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നത് കണ്ടു. ആ മുഖത്തേക്കു നോക്കിയ ശീവാനിയുടെ ‘കൈത്തലം പതുക്കെ തൻ്റെ അടി തൊടയിൽ തൊട്ടു… പൊട്ടി പിളരുന്ന വേദന അനുഭവപ്പെട്ടതു പോലെ ശിവാനിയുടെ മുഖം ചുളിഞ്ഞു.

ഇത് നർത്തകി ശിവാനി മേഡം അല്ലേ…. ശിവാനിയെ കണ്ടവർ പരസ്പരം പിറുപിറുത്തു….. എന്നാലും ശാരദേട്ടത്തീടെ ചെറുമകൾ ശിവാനി ശാരദേട്ടത്തിനെ കാണാൻ ഒന്നു വന്നില്ലാലോ ഇവിടുന്ന് പോയേ പിന്നെ ആരും കണ്ടിട്ടില്ല എന്നാ പറയുന്നത് കേട്ടത്…..

തള്ളയില്ലാത്ത ആ കൊച്ചിനെ കൂടെ കിടത്തിയാണ് ശാരദേട്ടത്തി വളർത്തിയത് അതിൻ്റെ നന്ദിയെങ്കിലും ഓർത്തിട്ട് ആ കൊച്ചിനൊന്ന് വന്നു കാണാമായിരുന്നു…. എല്ലാവരും പറയുന്നത് കേട്ട് ശിവാനി ഒരു പുഞ്ചരിയോടെ പുറത്തേക്കിറങ്ങി

ഹാളിൻ്റെ ഒരു മൂലയിൽ അച്ഛനും കൊച്ഛനും നിൽക്കുന്നത് കണ്ട് ശിവാനി അവിടേക്ക് ചെന്നു…..

എപ്പഴാ എടുക്കുക പിന്നിൽ നിന്ന് ചോദ്യം കേട്ട് ശിവാനിയുടെ അച്ഛൻ തിരിഞ്ഞു നോക്കി

മുന്നിൽ നിൽക്കുന്ന ശിവാനിയെ കണ്ട് അദ്ദേഹം പകച്ചു -…. കാരണം അദ്ദേഹത്തിനും സ്വന്തം മകളെ തിരിച്ചറിയാൻ പറ്റിയില്ല…..

ശിവാനി മേഡം….. കൊച്ഛൻ്റെ മക്കൾ ശിവാനിക്കരികിലേക്ക് വന്നു….

മേഡം എന്താ ഇവിടെ?? ഞങ്ങളുടെ അച്ഛമ്മയെ മാഡം അറിയുമോ.. -?

ഇല്ല…

ആരോടും ഒന്നും പറയാതെ ശിവാനി പുറത്തേക്ക് നടന്നു. അപ്പോഴാണ് മാമിയും മാമനും അകത്തേക്ക് കയറി വന്നത്….

നിങ്ങളുടെ അച്ഛമ്മ ദേ ഈ ശിവാനിയുടെയും അച്ഛമ്മയാണ് അങ്ങനെ ശിവാനി നിങ്ങളുടെ അച്ഛമ്മയെ അറിയും

മാമി പറഞ്ഞതു കേട്ട് എല്ലാവരും പകച്ച് ശിവാനിയുടെ നേരെ നോക്കി. … ഇവിടുന്ന് പോകുമ്പോൾ ക്ഷീണിച്ച് കവിളും ഒട്ടി കറുത്ത് കരിവാളിച്ച മുഖവുമായി ഇവിടുന്ന് ചോയ ശിവാനി യുമായി യാതൊരു സാമ്യവും ഈ ഗിവാനിയിൽ അവർ കണ്ടില്ല…..

ശിവാനി കാശിക്കും മക്കൾക്കും ഒപ്പം ആ പടി ഇറങ്ങുമ്പോൾ ഒരിക്കൽ പോലും ഗിവാനി തിരിഞ്ഞു നോക്കിയില്ല…… ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി ശിവാനി ഇരുവശത്തും തൻ്റെ മക്കളേയും നിർത്തി അവരുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ശിവാനി വേഗത്തിൽ പടികൾ ഇറങ്ങി

കിടന്നു മുള്ളന്നുതിൻ്റെ പേരിൽ അച്ഛമ്മ ഉപദ്രവിച്ച അനുഭവം ഒരാൾ പറഞ്ഞതു കേട്ടപ്പോൾ തൻ്റെ ഭാവനയും ചേർത്ത് എഴുതിയതാണ്. സ്വന്തം മുത്തശ്ശി മരിച്ചതറിഞ്ഞിട്ടും അവരെ കാണാൻ പോകാൻ പോലും മനസ്സു കാണിക്കാത്ത ഒരാളുടെ മനസ്സ്