എഴുത്ത് :-കാർത്തിക
“” അച്ഛൻ ഞങ്ങളുടെ കൂടെ വരുന്നോ? “
മകൾ ചോദിച്ചത് കേട്ട് ആ വൃദ്ധന്റെ കണ്ണിൽനിന്ന് കണ്ണീര് പൊഴിഞ്ഞു..
അവളുടെ ഭർത്താവ് അവളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും കണ്ടില്ല എന്ന് വച്ച് അവൾ അച്ഛനോട് വീണ്ടും ചോദിച്ചു അയാൾക്ക് ഒരു നൂറുവട്ടം സമ്മതമായിരുന്നു അവളുടെ കൂടെ പോകാൻ ഒന്നുമില്ലെങ്കിലും മൂന്ന് നേരം ആഹാരം കിട്ടും കുത്തുവാക്കുകൾ കേൾക്കാതെ കിടക്കാം അത്രയും മാത്രമേ ഇപ്പോൾ അയാൾ ആഗ്രഹിക്കുന്നുള്ളൂ.
അവൾ തന്റെ ഭർത്താവിനെ നോക്കിയപ്പോൾ അയാൾ പിന്നെ എതിർത്തൊന്നും പറയാതെ അച്ഛനെ കഷ്ടപ്പെട്ട് എണീപ്പിച്ച് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ഇരുത്തി..
അപ്പോഴേക്കും സുനിൽ അങ്ങോട്ടേക്ക് വന്നിരുന്നു അയാളുടെ ഏക മകൻ..
” ഇതാര് ചേച്ചിയോ? അച്ഛനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം രണ്ടു ദിവസം കഴിഞ്ഞ് മടുക്കുമ്പോൾ ഇവിടേക്ക് കൊണ്ടുവന്ന് ആക്കരുത് വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി തട്ടിയേക്കണം!!”‘
വലിയ തമാശ പറയുന്നതുപോലെ അവൻ പറഞ്ഞു അത് കേട്ട് ദേഷ്യമാണ് വന്നത്..
“” എന്തായാലും നിന്റെ ഭാര്യയ്ക്ക് തട്ടി കളിക്കാൻ ഇട്ടുകൊടുത്ത പോലെ ഞങ്ങൾ ആർക്കും ഇട്ടുകൊടുക്കില്ല നീ അത് പേടിക്കേണ്ട!”””
അവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അതിനെല്ലാം തക്ക മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല പക്ഷേ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ കൂടി നോക്കണമല്ലോ എന്ന് കരുതി ആ പടി ഇറങ്ങി.
അച്ഛന് ഇലക്ട്രിസിറ്റിയിൽ ആയിരുന്നു ജോലി ഞങ്ങൾ രണ്ടു മക്കളായിരുന്നു മൂത്തത് സുനിത എന്ന ഞാനും ഇളയവൻ സുനിലും അച്ഛന് ആൺകുട്ടികൾ എന്നുവച്ചാൽ ജീവനായിരുന്നു പെൺകുട്ടികളെ എപ്പോഴും രണ്ടാം തരക്കാരായി മാത്രമേ അച്ഛൻ കണ്ടിരുന്നുള്ളൂ.
സുനിലിന്റെ ജനനത്തോടെ അമ്മ മരിച്ചു പിന്നെ ഞങ്ങളെ നോക്കിയത് അച്ഛനായിരുന്നു.. ഞങ്ങളെ എന്ന് പറയാൻ പറ്റില്ല എന്നെ അവിടെയും ഇവിടെയും എല്ലാം കൊണ്ടാക്കും സുനിലിനെ മാത്രം അച്ഛൻ കൂടെ നിർത്തും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് സുനിലായി ജനിച്ചിരുന്നെങ്കിൽ എന്ന് അത്രത്തോളം സ്നേഹം അച്ഛന് അവനോട് ഉണ്ടായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് നല്ല മാർക്കോടെ പാസായ എന്നെ പിന്നെ പഠിപ്പിക്കാൻ അച്ഛന് വലിയ ഇഷ്ടമുണ്ടായിരുന്നില്ല… കരഞ്ഞു വിളിച്ചാണ് ഞാൻ പ്രീഡിഗ്രിക്ക് പോയി ചേർന്നത്..?ഫീസ് തരാൻ പറ്റില്ല എന്ന് അച്ഛൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു അച്ഛനെ കൊണ്ട് നടക്കില്ല എന്ന്.
ഒടുവിൽ എന്റെ അമ്മാവനാണ് ഫീസ് തന്ന് എന്നെ പ്രീഡിഗ്രി പഠിപ്പിച്ചത്..
പ്രീഡിഗ്രിക്ക് എനിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇനിയും പഠിക്കണം എന്ന് ഞാൻ വാശി പിടിക്കുമൊ എന്ന് ഭയന്ന് അച്ഛൻ ആ വർഷം തന്നെ എന്റെ വിവാഹം നടത്തി.
എന്റെ ഭർത്താവ് സുബ്രഹ്മണ്യൻ ചേട്ടന് ഓട്ടോ ഓടിക്കൽ ആയിരുന്നു ജോലി.
ഒട്ടും വിവാഹം കഴിക്കാൻ പ്രിപ്പയർ അല്ലാത്ത ഒരു സമയത്ത് അച്ഛന്റെ നിർബന്ധപ്രകാരം എനിക്ക് അതിന് സമ്മതിക്കേണ്ടി വന്നു. പക്ഷേ സുബ്രഹ്മണ്യൻ ചേട്ടൻ എന്റെ ഭാഗ്യമായിരുന്നു അദ്ദേഹം എന്റെ അവസ്ഥ മനസ്സിലാക്കി എന്നെ ചേർത്തുപിടിച്ചു പിന്നീടങ്ങോട്ട് പഠിപ്പിച്ചത് മുഴുവൻ ചേട്ടനാണ്.
സുനിൽ തട്ടിമുട്ടിയാണ് എസ്എസ്എൽസിയും പ്രീഡിഗ്രിയും പാസായത് പക്ഷേ പൈസ കൊടുത്ത് മാനേജ്മെന്റ് കോട്ടയിൽ അച്ഛൻ നല്ല കോളേജിൽ കൊണ്ടുപോയി ചേർത്തു.. തന്നെയുമല്ല, അച്ഛന്റെ സമ്പാദ്യം മുഴുവൻ എടുത്ത് ഒരു സ്കൂളിൽ അധ്യാപകനായി അവന് നിയമനം വാങ്ങിക്കൊടുത്തു..
അതിനൊത്ത് നല്ല കുടുംബത്തിൽ നിന്ന് അവൻ ഒരു വിവാഹവും കഴിച്ചു.
തറവാടും അതിനു ചുറ്റുമുള്ള എല്ലാമവന്റെ പേരിൽ അച്ഛൻ എഴുതി വച്ചു എനിക്ക് തന്നത്, മര്യാദയ്ക്ക് വഴി പോലുമില്ലാത്ത ഒരു പതിനഞ്ചു സെന്റ് കാട്ടുമുക്കിൽ ഉള്ള ഭൂമിയാണ്.
അത് വാങ്ങാൻ എന്നെ സുബ്രഹ്മണ്യൻ ചേട്ടൻ അനുവദിച്ചില്ല അതും കൂടി മകന് എഴുതി കൊടുക്കാൻ പറയാൻ പറഞ്ഞു..!!
ഞാൻ അതുപോലെതന്നെ അനുസരിച്ചു!! എനിക്ക് പിഎസ്സി എഴുതി ഇതിനിടയിൽ ഹൈസ്കൂൾ ടീച്ചറായി നിയമനം കിട്ടി…
രണ്ടുപേരോടും അച്ഛൻ കാണിക്കുന്ന ഈ പാർഷ്യാലിറ്റി എനിക്ക് ശീലമായി എങ്കിലും സുബ്രഹ്മണ്യൻ ചേട്ടന് അത് ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല ഇനി ഇങ്ങനെ ഒരു അച്ഛൻ നിനക്ക് വേണ്ട എന്ന് അദ്ദേഹം പറഞ്ഞു…
ഇനി അങ്ങോട്ട്, എന്നേ ചേർത്തുപിടിക്കുന്ന എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ട് തരുന്ന അദ്ദേഹം പറയുന്നത് കേൾക്കാനാണ് എനിക്ക് പിന്നെ തോന്നിയത് അച്ഛൻ എന്നൊരു അധ്യായം ഞാനെന്റെ ജീവിതത്തിൽ നിന്ന് എടുത്ത് ഒഴിവാക്കി.. അല്ലെങ്കിലും ഓർത്തുവയ്ക്കാൻ മാത്രം അച്ഛൻ എനിക്ക് വേണ്ടി ഒന്നും ചെയ്തു തന്നിട്ടില്ല..
കാര്യങ്ങളെല്ലാം മാഞ്ഞുമറിഞ്ഞത് പെട്ടെന്നായിരുന്നു… ബാത്റൂമിൽ വഴുക്കി വീണ അച്ഛന്റെ നട്ടെല്ലും ഇടുപ്പെല്ലും എല്ലാം പൊട്ടി!!! നേരാംവണ്ണം ചികിത്സിക്കുക കൂടി ചെയ്തില്ല സുനിൽ.. അച്ഛന്റെ പെൻഷൻ മാത്രം കൃത്യമായി എടിഎം കാർഡ് വഴി എടുക്കും.. അതോടെ അച്ഛന് അരയുടെ താഴേക്കുള്ള ചലനശേഷി നഷ്ടപ്പെട്ടു പിന്നീട് അവന്റെ ഭാര്യ നേരത്തിനു ഒന്ന് ഭക്ഷണം പോലും കൊടുക്കാതെ ഇട്ടു നാരകപ്പിച്ചു. എല്ലാം അടുത്തുള്ള ചേച്ചി വഴി ഞാൻ അറിയുന്നുണ്ടായിരുന്നു എന്റെ സ്വന്തം അച്ഛനല്ലേ എനിക്കത് കേട്ട് ഒരുപാട് നാളൊന്നും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല സുബ്രഹ്മണ്യൻ ചേട്ടനോട് പറഞ്ഞു ഞാൻ അച്ഛനെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നാലോ എന്ന്.
ആദ്യം സമ്മതിക്കാത്ത അദ്ദേഹം പിന്നെ മൗന സമ്മതം നൽകി..
ഇപ്പോൾ അച്ഛൻ എന്റെ കൂടെയുണ്ട്..
അച്ഛന് വേണ്ടതെല്ലാം ചെയ്തു വച്ചിട്ടാണ് ഞാൻ സ്കൂളിലേക്ക് പോകുക… ഞാൻ സ്കൂളിൽ പോയിക്കഴിഞ്ഞാലും സുബ്രഹ്മണ്യൻ ചേട്ടൻ ഇടയ്ക്കിടയ്ക്ക് വന്ന് അച്ഛന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കും.. ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷം പോലും അച്ഛന്റെ പെൻഷൻ എടുത്തിരുന്നത് സുനിൽ ആയിരുന്നു ഒരു മാസം പെൻഷൻ അക്കൗണ്ടിൽ കയറിയാൽ അപ്പോൾ തന്നെ അവൻ പോയി വിത്ഡ്രോ ചെയ്യും!!!
“” മോളെ നീ ബാങ്കിൽ പോയി ആ എടിഎം കാർഡ് ക്യാൻസൽ ചെയ്ത് പുതിയതൊരെണ്ണം തരാൻ പറ!! ഇനി അവന് എന്റെ ഒന്നും ഞാൻ നൽകില്ല!!”
അച്ഛൻ പറഞ്ഞതുപോലെ തന്നെ ഞാൻ ചെയ്തു എന്നോട് അടുത്തമാസം മുതൽ അച്ഛന്റെ പെൻഷൻ തുക മുഴുവൻ എടുത്തോളാൻ പറഞ്ഞു പക്ഷേ ഞാൻ എടിഎം കാർഡ് വാങ്ങാൻ കൂട്ടാക്കിയില്ല. എനിക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല അച്ഛനെ നോക്കാൻ എന്ന് പറഞ്ഞു സുനിൽ അതിന്റെ പേരിൽ വീട്ടിൽ വന്ന് ഒരുപാട് വഴക്കിട്ടു. ചേട്ടൻ അവനെ അവിടെ നിന്ന് അടിച്ചിറക്കി വിട്ടു..
വീണ്ടും അച്ഛൻ ആ എടിഎം കാർഡ് എന്റെ നേരെ നീട്ടി ഇത് നിനക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞു..
“” ഞാൻ ആഗ്രഹിച്ച സമയത്ത് ഒരു ഇത്തിരി സ്നേഹം പോലും അച്ഛൻ എനിക്ക് തന്നിട്ടില്ല അന്നത് തന്നിരുന്നെങ്കിൽ ഇതിനേക്കാൾ എത്രയോ വിലയുണ്ടായിരുന്നു അതിന്!! ഒരുപാട് ഞാൻ സന്തോഷിച്ചേനെ..!! പക്ഷേ ഉണ്ടായില്ല ഇനി ഇത് എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഞാൻ അത് അച്ഛനും തിരികെ നൽകി ആ കണ്ണുകൾ അപ്പോൾ ഒഴുകി ഇറങ്ങിയിരുന്നു.. ആദ്യ മൊക്കെ എന്നോട് വെറുതെ അച്ഛനെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് എതിര് നിന്നെങ്കിലും സുബ്രഹ്മണ്യൻ ചേട്ടൻ പിന്നെ അച്ഛനോട് ദേഷ്യം ഒന്നും കാണിച്ചില്ല കാരുണ്യത്തോടെ തന്നെയാണ് പെരുമാറിയത്… അച്ഛന്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ എന്റെ കൂടെ നിൽക്കുമായിരുന്നു..
ചെറുപ്പത്തിൽ അച്ഛൻ നഷ്ടപ്പെട്ട അദ്ദേഹത്തിന് അച്ഛനെ അങ്ങനെയങ്ങ് തള്ളിക്കളയാൻ കഴിയുമായിരുന്നില്ല..
അച്ഛന് ഇപ്പോൾ എല്ലാ സുഖസൗകര്യങ്ങളും ഉണ്ട്… അത്യാവശ്യം വീൽചെയറിൽ അവിടെയെല്ലാം നടക്കുകയും ചെയ്യും.
പക്ഷേ ആ മനസ്സ് കുറ്റബോധം കൊണ്ട് നീറുകയാണ് എന്നെനിക്കറിയാം..
അച്ഛന് ദൈവം കാത്തുസൂക്ഷിച്ച ശിക്ഷ ഇതായിരുന്നു.. മുഖം കറുത്ത് ഞാൻ അച്ഛനോട് സംസാരിച്ചില്ല വഴക്കിട്ടില്ല പക്ഷേ ഇപ്പോൾ എന്റെ പ്രതികാരം തീർത്ത സംതൃപ്തി എന്റെ ഉള്ളിൽ ഉണ്ട്..!!
ഇതും ഒരു തരത്തിൽ പറഞ്ഞാൽ പ്രതികാരം തന്നെയല്ലേ മധുര പ്രതികാരം..