അച്ഛനും അമ്മയും കുറേയേറെ വാഗ്വാദം നടത്തിനോക്കി. താൻ അല്പംപോലും പിറകോട്ടില്ല എന്ന് മനസ്സിലായതോടെ അമ്മ പറഞ്ഞു………

കൈവിട്ടെന്ന് കരുതിയത്..

എഴുത്ത്:-ഭാഗ്യലക്ഷ്മി.കെ.സി

ഓഫീസിൽനിന്നും വൈകി എത്തുമ്പോഴാണ് വീട്ടിലൊരു ആൾക്കൂട്ടം കാണുന്നത്. രണ്ടുമൂന്ന് കാർ റോഡരികിൽ പാർക്ക് ചെയ്തത് കണ്ടിരുന്നു. അത് അടുത്ത വീട്ടിലേക്ക് വന്ന അതിഥികളാണ് എന്നാണ് വിചാരിച്ചിരുന്നത്. ഇതാരാണ് വീട്ടിലേക്ക് ഇത്രയും അധികം ആളുകൾ വന്നിരിക്കുന്നത്..

ഇനി വല്ല പെണ്ണ്കാണലോ മറ്റോ ആണോ.. തനിക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയമാണിത്. അമ്മയോടും അച്ഛനോടും എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു..
കഴിഞ്ഞ ആഴ്ചയും വന്നു ഒരു കൂട്ട൪. അവരിറങ്ങിയപ്പോൾത്തന്നെ താൻ ബഹളമുണ്ടാക്കി.

ദേ.. അമ്മേ.. എനിക്കിങ്ങനെ ഒരുങ്ങിക്കെട്ടി ഓരോരുത്തരുടെയും മുന്നിൽ ചെന്നുനിൽക്കാൻ വയ്യ..

അച്ഛനും അമ്മയും കുറേയേറെ വാഗ്വാദം നടത്തിനോക്കി. താൻ അല്പംപോലും പിറകോട്ടില്ല എന്ന് മനസ്സിലായതോടെ അമ്മ പറഞ്ഞു:

നിന്റെ അനിയത്തിയും പ്രായമായി വരികയാണ്.. അവളെയും കല്യാണം കഴിപ്പിച്ചുവിടണ്ടേ.? അവൾക്ക് ഇരുപത്തിനാലായി വയസ്സ്.. നിനക്ക് പിന്നെ ഇരുപത്താറായി എന്ന് നിനക്കുതന്നെ ഓ൪മ്മയില്ല…

അതുകൊണ്ട്? അവൾക്ക് വേണമെങ്കിൽ അവളുടെ കല്യാണം നടത്തണം… ഞാൻ പിന്നീട് കഴിച്ചോളാം..

അന്ന് മുഴുവൻ വീട്ടിൽ ശ്മശാനമൂകതയായിരുന്നു. അനിയത്തിയുടെ മുഖത്തും ഒട്ടും തെളിച്ചം കണ്ടില്ല.

വീടിനകത്ത് കയറുമ്പോഴേ കണ്ടു.. പത്ത് പന്ത്രണ്ട് പേർ ഹാളിൽ ഇരിക്കുന്നു. അച്ഛനും അമ്മയും വളരെ സന്തോഷത്തോടെ എല്ലാവരോടും സംസാരിക്കുന്നു. അനിയത്തി ചായക്കപ്പുകൾ നിറച്ച ട്രേയുമായി എല്ലാവരുടെയും മുന്നിൽ നിൽക്കുന്നു.

തലയും താഴ്ത്തി മുന്നോട്ടു നടക്കുമ്പോൾ അമ്മ പറയുന്നത് കേട്ടു:

ഇതാണ് മൂത്തമകൾ.. എൻജിനീയറാണ്. അവൾ ‘രണ്ട് വ൪ഷം കഴിഞ്ഞേ വിവാഹം വേണ്ടൂ, കരിയ൪ ശ്രദ്ധിക്കണം’ എന്ന് പറഞ്ഞതുകൊണ്ടാണ് എങ്കിൽ രണ്ടാമത്തെ മകളുടെ വിവാഹം നോക്കാമെന്ന് വിചാരിച്ചത്.

ഡൈനിങ് റൂമിൽ കടന്നതും തിരിഞ്ഞുനോക്കി.

ആരാണ് അനിയത്തിയെ കെട്ടാൻ വന്ന പയ്യൻ?

ഞെട്ടിപ്പോയി.

സച്ചിൻ..!

പെട്ടെന്ന് തന്നെ ബാഗുമെടുത്ത് മുകളിൽ മുറിയിലേക്ക് നടന്നു. കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു. കുറച്ചുനിമിഷങ്ങൾക്ക് ശേഷമാണ് പരിസരബോധം വന്നത്. വേഗം പോയി മുഖം കഴുകി വന്നു. അവരിറങ്ങുമ്പോൾ ചിലപ്പോൾ തന്നോടും യാത്ര പറയാനിടയുണ്ട്.

ഒരുങ്ങിയിരുന്നു. പക്ഷേ ആരും തന്നെ വിളിക്കുകയുണ്ടായില്ല. സച്ചിന്റെ അമ്മയെ ഒന്ന് കാണണമെന്നുണ്ടായിരുന്നു. ക്ലാസ്സിൽ എത്രതരം കറികളാണ് അവന്റെ ചോറ്റുപൊതിയിൽനിന്നും അടിച്ചുമാറ്റിയും അല്ലാതെ പങ്കുവെച്ചും കഴിച്ചിട്ടുള്ളത്… ആ അമ്മയുടെ പാചകത്തിന്റെ വലിയ ആരാധികയായിരുന്നു താൻ..

തന്നെ കെട്ടുന്നവളുടെ പുണ്യം…

ഒരിക്കൽ താൻ സച്ചിനോട് പറഞ്ഞു.

എടോ.. ആ പുണ്യം തനിക്ക് വേണമെങ്കിൽ സ്വന്തമാക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല കേട്ടോ..

കളിയായി പറഞ്ഞതാണെങ്കിലും ആ വാക്കുകൾ എന്നും തന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. ടൂ൪ പോയപ്പോഴും പ്രൊജക്റ്റ് ചെയ്യുമ്പോഴും എന്നും സച്ചിനെ ചുറ്റിപ്പറ്റി താനുണ്ടാകും. അവനതറിയുകയും ചെയ്യാം.

പക്ഷേ കോളേജിൽ നിന്നിറങ്ങി അധികം വൈകാതെ കരിയറിൽ ശ്രദ്ധിക്കുവാൻ തുടങ്ങി. അതോടുകൂടി സൗഹൃദങ്ങൾക്കൊക്കെ തത്ക്കാലം വിട പറഞ്ഞു. വേണമെന്നുവെച്ചിട്ടല്ല.. തിരക്കിലായി അവനും താനും..

പിന്നെ കാണുന്നത് ഇന്നാണ്.

ധന്യേ… നിനക്ക് നിത്യയെ കാണാൻ വന്നവരെ ഇഷ്ടപ്പെട്ടോ?
നല്ല കൂട്ടരാ..

രാത്രിഭക്ഷണത്തിന് ഊണുമേശയിൽ എല്ലാവരും ഒത്തുചേ൪ന്നപ്പോൾ അമ്മ ചോദിച്ചു.

ആണോ? അവൾക്കിഷ്ടായോ? ഉറപ്പിച്ചോ? എപ്പഴാ കല്യാണം?

അടുത്ത മാസം നടത്തണമെന്ന് വിചാരിക്കുന്നു. ഏതായാലും രണ്ടാൾക്കും സ്വ൪ണ്ണമൊക്കെ എടുത്ത് വെച്ചിരിക്കയല്ലേ..

അച്ഛൻ പറഞ്ഞു.

അവൾക്കാണ് ആദ്യം മംഗല്യഭാഗ്യം എന്ന് വിചാരിച്ചാൽ മതി. നിനക്ക് എപ്പോഴാണ് സൌകര്യപ്പെടുന്നത് അപ്പോൾ ആലോചിക്കാം..

അമ്മയുടെ സ്വയം ആശ്വസിക്കാൻ പറഞ്ഞ വാക്കുകൾ തന്റെ മനസ്സിനെ കീറിമുറിച്ചു.

ഊണുമേശയിൽ പിന്നീട് നിശ്ശബ്ദത പരന്നു. നിത്യ വളരെ ഹാപ്പിയാണെന്ന് മനസ്സിലായി. സച്ചിൻ നല്ല പയ്യനല്ലേ.. അവനെ ആ൪ക്കാ ഇഷ്ടപ്പെടാത്തത്..
തന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുളുമ്പുന്നത് മറ്റാരും കാണാതിരിക്കാൻ വേഗം തന്നെ കഴിച്ചെന്നുവരുത്തി എഴുന്നേറ്റു.

കുറച്ചുനേരം നിത്യ വന്ന് ഭാവിപരിപാടികൾ, ഒരുക്കങ്ങൾ എല്ലാം വിശദീകരിച്ചിട്ടുപോയി. താൻ താത്പര്യമില്ലാത്തതുപോലെ മൂളിക്കേട്ടു.

സിറ്റിയിലെ മംഗല്യഹാൾ ബുക്ക് ചെയ്യാൻ ഏൽപ്പിച്ചത്രെ… ! പയ്യന്റെ വീടൊന്നും കാണണ്ടേ ഇവ൪ക്ക്? അതോ താനറിയാതെ അതൊക്കെ നടന്നുവോ.. ചടങ്ങുകളിലെ അവസാന സീനാണോ താനിന്ന് കണ്ടത്.. ഇനി വിവാഹം മാത്രമേ ബാക്കിയുള്ളൂ എന്നാണോ.. ഇതെന്താ തന്നിൽനിന്നും എല്ലാവരും എന്തോ മറച്ചു വെക്കുന്നതുപോലെ…

ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം പുല൪ത്തി. അടുത്ത ദിവസം ഓഫീസിലേക്ക് പോകാനൊരുങ്ങുന്നതിനിടയിൽ ശ്രദ്ധിച്ചു. അച്ഛൻ തിരക്കിട്ട് ഫോണിൽ അമ്മാവനുമായി സംസാരിക്കുന്നു. വിവാഹക്കാര്യങ്ങൾ തന്നെയാണ്…

എത്രപേരെ വിളിക്കണം? നമുക്ക് ആയിരംപേരിൽ ഒതുങ്ങുമോ?

ഒന്നും കേൾക്കാൻ മനസ്സില്ലാതെ ഇറങ്ങി നടന്നു.

ധന്യേ.. വല്ലതും കഴിച്ചിട്ട് പോയ്ക്കൂടെ നിനക്ക്?

അമ്മയുടെ വാക്കുകൾ അവഗണിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു.

ബസ്സിലിരിക്കുമ്പോൾ തന്റെ മിഴികൾ വീണ്ടും ഈറനണിഞ്ഞു. സച്ചിനെ ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ..

‘തന്നെ ഞാൻ ബുക്ക് ചെയ്തതല്ലേ.. എന്നിട്ട് എന്റെ അനിയത്തിയെയാണോ കെട്ടുന്നത്’.. എന്ന് തമാശ പറയാമായിരുന്നു…

കോളേജിലെ രസകരമായ അനേകം നിമിഷങ്ങൾ പിന്നെയും ഓ൪മ്മയുടെ തിരത്തള്ളലിൽ മാറിമറിഞ്ഞുവന്നുകൊണ്ടിരുന്നു.

ഓഫീസിലെത്തിയതും തന്റെ സീറ്റിനുമുന്നിൽ തന്നെ കാത്തുനിൽക്കുന്ന സച്ചിനെയാണ് കണ്ടത്.

ഹൃദയത്തിൽ ആകെയൊരു കുളിരുവീഴുന്നതറിഞ്ഞു. പക്ഷേ അതേസമയം ആശങ്കയും തോന്നി. തന്റെ അനിയത്തിയെ വിവാഹം ചെയ്യുന്നതിൽ തന്റെ സമ്മതം അറിയാൻ വേണ്ടിയുള്ളതായിരിക്കുമോ ഈ കണ്ടുമുട്ടൽ..

എന്തേ..?

ഗൌരവത്തിന് ഒട്ടും കുറവില്ലല്ലോ..

പഴയ ക്ലാസ് മേറ്റിനോട് ഇത്ര ജാഡ വേണോ?

അവന്റെ ചോദ്യം കേട്ട് പുഞ്ചിരിക്കാൻ താൻ വൃഥാ ശ്രമിച്ചു.

എന്തായി വീട്ടിലെ ഒരുക്കങ്ങൾ?

നേരിട്ട് വിളിച്ചു ചോദിക്കാമല്ലോ..

ആരോട്?

നിത്യയെയല്ലേ പെണ്ണുകാണാൻ വന്നത്? അവളെയല്ലേ വിവാഹം ചെയ്യുന്നത്? അവളോട് തന്നെ ആവാം..

ധന്യ സച്ചിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

എന്റെ അമ്മയുടെ കൈപ്പുണ്യത്തിന്റെ കാര്യം പറഞ്ഞ് കൊതിച്ചിരുന്നതാരാണ്?

അവൻ കുസൃതിയോടെ ചോദിച്ചു.

ധന്യ അവന്റെ മുഖത്ത് നോക്കാൻ മടിച്ചുകൊണ്ട് പറഞ്ഞു:

വല്ലപ്പോഴും എനിക്കും അവിടെ വന്ന് സച്ചിന്റെ അമ്മ ഉണ്ടാക്കുന്ന രുചിയുള്ള ആഹാരം കഴിക്കാമല്ലോ..

അങ്ങനെ വല്ലപ്പോഴും വന്ന് കഴിക്കാൻ ആക്കണ്ട.. ദിവസവും കഴിക്കാം..

ധന്യ ചോദ്യഭാവത്തിൽ മുഖമുയർത്തി സച്ചിന്റെ മുഖത്തേക്ക് നോക്കി. അവൾക്ക് ഒന്നും മനസ്സിലായില്ല. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നുനിന്നു.

നിന്നെ കല്യാണം കഴിച്ചുതരുമോ എന്ന് ചോദിച്ചുതന്നെയാണ് ഇന്നലെ ഞാനവിടെ വന്നത്. അപ്പോഴാണ് നിന്റെ അച്ഛനും അമ്മയും കാര്യങ്ങളൊക്കെ പറഞ്ഞത്. നീ ഇപ്പോഴെങ്ങും കല്യാണം വേണ്ടെന്ന് പറഞ്ഞ് വാശിയിലാണെന്ന്… അപ്പോഴാണ് എല്ലാവരുംകൂടി ഇങ്ങനെ ഒരു തമാശ ഒപ്പിച്ചത്..

തന്റെ കവിളുകൾ ചുവക്കുന്നതും സച്ചിനെ നോക്കാൻ കഴിയാതെ മിഴികൾ പിൻവലിക്കുന്നതും അവനടുത്ത് വന്ന് ചിരിയോടെ ‘ഞാൻ വിളിക്കാം, ഓഫീസിൽ ലേറ്റാവും’ എന്ന് പറഞ്ഞ് പോയതും ഏതോ സ്വപ്നത്തിലെന്നപോലെ അറിയുന്നുണ്ടായിരുന്നു..