കാറ്റിന്റെ നേരമ്പോക്ക്
എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ
വിറയ്ക്കുന്ന കൈയിൽ ചുരുട്ടിപ്പിടിച്ച നൂറിന്‍റെ നോട്ടുമായി വേണുക്കുട്ടൻ നിന്നു, എന്തുചെയ്യണമെന്നറിയാതെ…
ബീച്ചിൽ കാറ്റുകൊള്ളാനെത്തുന്നവർക്കിടയിൽ കപ്പലണ്ടി വില്‍ക്കാനിറങ്ങിയതാണവൻ. എന്നുവച്ച് അവനൊരു കച്ചവടക്കാരനാണെന്നല്ല. ബീച്ചിനടുത്ത് ചെറിയ പെട്ടിക്കട നടത്തുന്ന പരമുച്ചേട്ടൻ വില്‍ക്കാനായി അവനെ ഏല്‍പ്പിക്കുന്നതാണീ കപ്പലണ്ടിപ്പൊതികൾ. വൈകുന്നേരം വിറ്റുതീർന്നതിന്‍റെ പണവും വിറ്റുതീരാത്ത പൊതികളും അയാളെ തിരിച്ചേല്‍പ്പിക്കണം. തിരിച്ചേല്‍പ്പിക്കുന്ന പണത്തിന്‍റെ അളവു കൂടിയാല്‍ പരമുച്ചേട്ടന്‍റെ മുഖം തെളിയും, പൊതികളുടെ എണ്ണം കൂടിയാൽ മുഖം മങ്ങും…
എന്തായാലും കിട്ടുന്ന പ്രതിഫലത്തിൽ മാറ്റമൊന്നുമില്ല. ഉച്ചയ്ക്കും വൈകീട്ടും ഉപ്പിട്ട നാരങ്ങാവെള്ളവും രണ്ടു ബണ്ണും. നാരങ്ങ പിഴിയുന്നത് വേണുക്കുട്ടന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മറ്റാർക്കൊക്കെയോ വേണ്ടി പിഴിഞ്ഞ മൂന്നോ നാലോ നാരങ്ങാത്തൊണ്ടുകൾ ഒരുമിച്ച് ഞെക്കിപ്പിഴിയും. അതിൽനിന്നും നാരങ്ങാനീര് വരുന്നുണ്ടോ എന്ന് അവൻ ശ്രദ്ധിക്കാറില്ല…
അങ്ങനെ വില്‍ക്കാനായ് കിട്ടുന്ന കപ്പലണ്ടിപ്പൊതികളിൽ നിന്നും രണ്ടോ മൂന്നോ മണികൾ വീതം അവനെടുത്ത് കഴിക്കാറുണ്ട്. അത് കൊതികൊണ്ടല്ല. കപ്പലണ്ടി കുറച്ചുകഴിച്ചാൽ നല്ല ദാഹമുണ്ടാകും. അപ്പോൾ പൈപ്പിൻചുവട്ടിൽ പോയി വയറു നിറച്ച് വെള്ളം കുടിച്ചാൽ കുറേ സമയത്തേക്ക് വിശക്കില്ല…
ഈ വേണുക്കുട്ടൻ എന്ന പേരുതന്നെ അവനെ ആകെ വിളിച്ചിട്ടുള്ളത് അവന്‍റെ അമ്മ മാത്രമാണ്. മാസങ്ങൾക്കുമുൻപ് അവന്‍റെ അമ്മയെ കാണാതാകും വരെ… പലരും പറയുന്നു അമ്മ ചത്തുപോയെന്ന്, ചിലർ പറയുന്നു അവനെ ഉപേക്ഷിച്ച് ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന്…
വേണുക്കുട്ടനെ സംബന്ധിച്ചിടത്തോളം അവനെ പേരുചൊല്ലി വാത്സല്യത്തോടെ വിളിക്കാൻ ഇനി ആരും തന്നെയില്ല എന്നതായിരുന്നു. മറ്റുള്ളവർക്കെല്ലാം അവൻ വെറും തെണ്ടിച്ചെറുക്കൻ മാത്രമായിരുന്നു.
അങ്ങനെ കപ്പലണ്ടി വിറ്റുനടക്കുന്നതിനിടയിലാണ് എവിടെനിന്നോ ഒരു നൂറിന്‍റെ നോട്ട് അവനരികിലേക്ക് പറന്ന് വന്നത്. അവനതു കൈയില്‍ പിടിച്ചുകൊണ്ട് അല്പനേരം നിന്നു …
തന്റെ കഷ്ടപ്പാടുകൾ കണ്ട് ദൈവം സ്വർഗ്ഗത്തിൽ നിന്നും തനിക്കായ് എറിഞ്ഞു തന്നതോ, അതോ കടലമ്മ തനിക്കായ് കനിഞ്ഞുതന്നതോ?
എന്തായാലും ഇന്നീ കാശുകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ചായക്കടക്കാരൻ പാപ്പൻ ചേട്ടന്റെ കടയിലെ ചില്ലലമാരയിലെ നെയ്യപ്പം നോക്കി എത്ര വട്ടം കൊതിപൂണ്ട് നിന്നിട്ടുണ്ട്. അപ്പോഴെല്ലാം ചുട്ടുപഴുത്ത ചട്ടുകം വീശി അയാളെന്നെ ഓടിക്കും ഇന്നെന്തായാലും അയാളുടെ കടയിൽ കയറി വയറുനിറച്ച് നെയ്യപ്പോം ബോണ്ടയുമെല്ലാം വാങ്ങിച്ചു തിന്നണം. എന്നിട്ട് അയാൾക്കു മുൻപിലേക്ക് ഈ നോട്ട് വലിച്ചെറിയണം, അയാൾക്കത്ര പവറ് പാടില്ലല്ലോ…
പിന്നെയൊരു നല്ല നിക്കർ വാങ്ങണം… പുതിയ കുപ്പായോം… ഇട്ടിരിക്കുന്നവ ആകെ മുഷിഞ്ഞ് കീറി നാശമായിത്തുടങ്ങി…
മോഹങ്ങൾ അങ്ങനെ കൂടാരവും പൊളിച്ച് കൊട്ടാരം പണിയാൻ തുടങ്ങിയപ്പോഴാണ് വേണുക്കുട്ടൻ ചിന്തിച്ചത്. തനിക്കിങ്ങനെ വെറുതെ എറിഞ്ഞു തരാൻ ദൈവത്തിന്‍റെ കൈയിലും കടലമ്മയുടെ കൈയിലും എവിടെയാണിത്രയും കാശ്…
അപ്പോൾ സത്യമായും ഇത് മറ്റാരുടെയോ പക്കൽ നിന്നും നഷ്ടപ്പെട്ടതാണ്. അയാൾ ചിലപ്പോൾ പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്തതിന് ലഭിച്ച കൂലിയിൽ പെട്ടതാകാം ഈ രൂപ.
ഇതു നഷ്ടപ്പെട്ടപ്പോൾ അയാൾ എന്തുമാത്രം വിഷമിച്ചിട്ടുണ്ടാകും. ഇതു ലഭിച്ചപ്പോൾ താൻ സന്തോഷിച്ചതിന്‍റെ നൂറിരട്ടി അയാൾ വിഷമിച്ചിരിക്കാം…
വേണുക്കുട്ടൻ ഒരു തീരുമാനത്തിലെത്തി.
എന്തായാലും ഈ കാശ് അതിന്റെ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചു നല്കിയിട്ടുതന്നെ ബാക്കി കാര്യം.
വേണുക്കുട്ടന്‍ മുന്നോട്ടു നടന്നു….
പെട്ടെന്ന് പടിഞ്ഞാറുനിന്നും ചീറിവന്ന ഒരു തെമ്മാടിക്കാറ്റ് അവന്‍റെ കൈയിൽ നിന്നും ആ നോട്ട് തട്ടിപ്പറിച്ചെടുത്ത് ഏങ്ങോ മറഞ്ഞു…
അവനെപ്പോലെ നിഷ്കളങ്കനായ നിർഭാഗ്യവാനായ മറ്റാർക്കോ കൊടുത്ത് പരീക്ഷിക്കാനെന്ന പോലെ…
***************