കുടുംബം
Story written by Ammu Santhosh
“അമ്മേ… ഉണ്ണിയമ്മേ വായോ “
“ഈ ചെക്കൻ എന്തിനാ കിണറ്റിന്കരയിൽ നിന്നിങ്ങനെ അലറി വിളിക്കുന്നത്? നീ അങ്ങോട്ട് ചെല്ല് എന്റെ ഉണ്ണി മായേ “
“എന്റെ നകുലേട്ടാ അവന് ഷാംപൂ തേച്ചു കൊടുക്കാനാ വിളിക്കണേ.. ഇപ്പൊ പതിവാക്കിയിട്ടുണ്ട് ഇത്..”
ഉണ്ണിമായ ഷാംപൂ എടുത്തു കൊണ്ട് കിണറ്റിനരികിലേക്ക് പോയി
“ഹലോ എഞ്ചിനീയർ സാർ നാണമില്ലേ? വയസ്സ് പത്തിരുപത്തിയഞ്ചായല്ലോ? ഇപ്പോഴും അമ്മ വേണം ല്ലേ കുളിപ്പിക്കാൻ “
അപ്പുറത്തെ മതിലിന്റെ മുകളിൽ പാറു. അയല്പക്കത്തെ പെൺകുട്ടിയാണ്.
“അതേടി.. എന്റെ അമ്മ എന്നെ കുളിപ്പിക്കും. ചോറ് വാരി തരും.. ചിലപ്പോൾ കൂടെ കിടത്തി താരാട്ട് പാടി ഉറക്കും.. എന്റെ അമ്മയെയല്ലേ ഞാൻ വിളിക്കുന്നെ? അതെങ്ങനെ നിന്റെ അമ്മ ഗൾഫിൽ അല്ലെ? യോഗമില്ല അമ്മിണിയെ…”
അവളുടെ മുഖം വാടി
“എന്താ അപ്പു?, ഇങ്ങനെ പറഞ്ഞു കളിയാക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ മറ്റുള്ളവർക്ക് വേദനിക്കുന്ന തമാശ പറയരുത് “
“അപ്പൊ അവൾക്ക് പറയാമോ? അമ്മ എന്റെ പുറമോന്ന് തേച്ചേ അമ്മേ,എന്റെ കൈ എത്തുന്നില്ല “
“അയ്യടാ അപ്പൊ കുളിച്ചില്ല..”
അവന്റെ മുഖത്ത് ചിരി
“നിനക്ക് നാണാവില്ലേ ഇങ്ങനെ കിടന്നു വിളിക്കാൻ? എന്നെ നാണം കെടുത്തും ഈ കൊച്ച് “
അവൾ സോപ് എടുത്തു തേച്ചു തുടങ്ങി.
“കാനഡയിൽ പോയാലും കുളിപ്പിക്കാൻ വരുമോ സാറെ അമ്മ?”
പാർവതി വീണ്ടും
“പോടീ “അവൻ നിലത്ത് കിടന്ന ഒരു കല്ല് എടുത്തു എറിഞ്ഞു
അവൾ ഒറ്റ ചാട്ടത്തിനു താഴെ
“അവൾ ചോദിച്ചത് സത്യം അല്ലെ?അപ്പൊ ഈ പുന്നാരമോക്ക എവിടെ പോകും? അയ്യോ മറന്നു അപ്പൊ നിന്റെ ഭാര്യ ഉണ്ടാകുമല്ലോ.. നൈന..”
“പിന്നെ ഞാൻ ഉടനെ കല്യാണം കഴിക്കാൻ പോവല്ലെ.. എന്റെ അമ്മേ എത്ര തവണ പറഞ്ഞു നൈന ഫ്രണ്ട് ആണ്. അവളുടെ അമ്മയുടെ കമ്പനി യിൽ വർക്ക് ചെയ്യുന്നത് കൊണ്ട് കുറച്ചു കൂടുതൽ അടുപ്പം ഉണ്ട്. പ്രേമം ഒന്നുമില്ല. എന്റെ പൊന്നോ.”
“നിനക്കില്ല. പക്ഷെ ആ സ്ത്രീ ക്ക് ഒരു കണ്ണുണ്ട്. നൈനയുടെ അമ്മയ്ക്ക്.അന്നിവിടെ വന്നപ്പോൾ സൂചിപ്പിച്ചില്ലേ.. നൈനക്ക് ഇവിടെ ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമായിരിക്കും. എന്നൊക്കെ “
അവർ വെള്ളം തലയിലൂടെ ഒഴിച്ച് തോർത്ത് കൈയിൽ എടുത്തു
“She is good.. കല്യാണം കഴിക്കാം വേണേൽ.പക്ഷെ ഇപ്പൊ അത് എന്റെ ചിന്ത യിലില്ല.. ഒരു രണ്ടു വർഷം കാനഡ. ചിലപ്പോൾ വല്ല മദാമ്മ കൊച്ചിനേം പ്രേമിച്ചാലോ “
ഒറ്റ അടി കൊടുത്തു ഉണ്ണിമായ
“അടിച്ചു കൊല്ലും ഞാൻ തെമ്മാടി “
“ഇന്നത്തെ ക്വാട്ടാ കിട്ടിയില്ലല്ലോ എന്നാലോചിക്കുവാരുന്നു. അടിയേ .. അമ്മക്ക് നാണമാവില്ലേ ഇത്രയും വളർന്ന എന്നെ ഇപ്പോഴും തല്ലാൻ?”
“അതിനു നീ വളർന്നെന്ന് അമ്മയ്ക്ക് തോന്നണ്ടേ? അമ്മയുടെ ഉള്ളിലെന്നും എന്റെ മോന് ജനിച്ച ദിവസമാ പ്രായം.”അവൾ നിറുകയിൽ ചുണ്ടമർത്തി
“തണുക്കണ്ട തല പോയി രാസ്നാദി ഇടൂ ട്ടൊ “
അവൻ അവളുടെ കണ്ണിലേക്കു ഒന്ന് നോക്കി
“എന്റെ ചക്കര “പിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു വാതിൽക്കലേക്ക് ഓടുമ്പോൾ അച്ഛൻ
“ഹോ ഇവിടെ ഉണ്ടാരുന്നോ?”
“എന്താ ഇഷ്ടപ്പെട്ടില്ലേ?”
“തീരെയില്ല “
“ഓടടാ “
അയാൾ ചിരിച്ചു കൊണ്ട് തോളിൽ തട്ടി
“അതേ എന്തായാലും ഞാൻ നനഞ്ഞു. ഇവിടെ വന്നിരുന്ന തേച്ചു കുളിപ്പിച്ച്ത രാം “ഉണ്ണിമായ അയാളെ നോക്കി കള്ളച്ചിരി ചിരിച്ചു.
അയാൾ ചുറ്റും നോക്കി
“ആരെങ്കിലും കാണും “
“പിന്നേ എല്ലാ ആഴ്ചയിലും ജോലി സ്ഥലത്ത് നിന്നു വന്നു രാത്രി ഈ കിണറ്റിൻ കരയിൽ ഇരുന്നു കുളിക്കുന്നത് ആരും കാണുന്നില്ല എന്നാ വിചാരം. വേണേൽ പോയി കുളിക്ക് അച്ഛാ .. ചാൻസ് എപ്പോഴും കിട്ടൂല ട്ടൊ “
അവന്റെ ഉറക്കെയുള്ള ശബ്ദം കെട്ട് അയാൾ ചമ്മലോടെ ചിരിച്ചു കൊണ്ട് അവൾക്ക് അരികിലേക്ക് നടന്നു
“ഒന്നിച്ചു കുളിക്കാരുന്നു.”അയാൾ ആ കൈ പിടിച്ചു മുഖത്ത് ചേർത്തു
“അയ്യടാ വയസ്സ് 48ആയി ട്ടൊ “
“എനിക്കല്ലേഅത്?നിനക്കിപ്പോഴും പതിനേഴല്ലേ? എന്ത് ഭംഗിയാ നിന്നെ..ഇത്രയും വലിയ ചെക്കന്റെ അമ്മയാന്ന് പറയുമോ?”
“അതേ ഈ ആൾ ഇപ്പോഴും എന്നെ ഇങ്ങനെ ഉജ്വലമായി പ്രണയിക്കുന്നത് കൊണ്ടാ.. ഭർത്താവിന്റെ പ്രണയം ഭാര്യയെ സുന്ദരിയാക്കും അവളെന്നും ചെറുപ്പമായിരിക്കും.”
“ആണോ?”
“പിന്നല്ലാതെ “
“അതേ പ്രേമിച്ചു കഴിഞ്ഞെങ്കിൽ ഒന്ന് വരുമോ.കാപ്പി എടുത്തു തരാനാ “
വീണ്ടും അപ്പു
“എടുത്തു കുടിക്കെടാ അടുക്കളയിൽ ഇഡലിയും സാമ്പാറും ഉണ്ട് എടുത്തു കഴിക്ക് “
“ഓ നമ്മുടെ കാര്യം നോക്കാൻ ഇപ്പൊ ആളില്ല. ഉണ്ണി ഇങ്ങോട്ട് വന്നേ.. ഇത്രയും കുളിപ്പിച്ചാ മതി “
അവന് ശുണ്ഠി വന്നു. അവൻ ചെന്ന് അവളെ പിടിച്ചു വലിച്ചു
“ചെക്കന് അസൂയ “
അയാൾ ചിരിച്ചു
“എന്റെ അമ്മയാ എന്റെ കാര്യം കഴിഞ്ഞു മതി.. ഒരു ഭർത്താവ് വന്നേക്കാണ് “അവൻ കുറുമ്പൊടെ പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു പോയി
ഉണ്ണിമായ തോർത് എടുത്തു കൊടുത്തിട്ട് അവന്റെ കൂടെ നടന്നു
ഓഫീസിൽ അന്ന് നല്ല തിരക്കായിരുന്നു
“കാനഡയിലേക്ക് ഞാനും ഉണ്ട് അമ്മ പറഞ്ഞു ” നൈന മുന്നിൽ വന്നപ്പോഴേ അവന് കണ്ടുള്ളു
“ആണോ? ഗുഡ് “
അവന്റെ മുഖത്ത് ചിരി വന്നു
“എന്റെ റിലേറ്റീവ്സ് മിക്കവാറും എല്ലാരും കാനഡയിൽ ഉണ്ട്. നമുക്ക് വേണേൽ അവിടെ സെറ്റിൽ ആകാം “
“നെവർ “
അവന്റെ മുഖത്ത് അതേ ചിരി ആയിരുന്നു
“ബെറ്റർ ലൈഫ് സ്റ്റൈൽ കിട്ടില്ലേ? ഇവിടെ ഈ കേരളത്തിൽ എന്താ ഉള്ളെ?”ഇഷ്ടം ല്ല എനിക്ക് ഇവിടെ “. അവൻ കസേരയിൽ ഒന്ന് മുന്നോട്ട് ഇരുന്നു
“എനിക്ക് തിരിച്ചാണ്. ഏറ്റവും ഇഷ്ടം കേരളം..ഇവിടെയാണ് എന്റെ അച്ഛൻ.. ഇവിടെയാണ് എന്റെ അമ്മ..എന്റെ ഗുരുക്കന്മാര്.. കൂട്ടുകാര്.. എല്ലാം ഇവിടെ ആണ്. കേരളത്തിൽ ആണ് എന്റെ എല്ലാം.. ഞാൻ ഫോറിൻ രാജ്യങ്ങളിൽ പോകും. എനിക്കിഷ്ടമാണ് മറ്റു രാജ്യങ്ങളിൽ പോകാൻ, കാണാൻ ഒക്കെ. പക്ഷെ അടിസ്ഥാനപരമായി ഞാൻ മലയാളിയാ തനി നാടൻ മലയാളി. കുത്തരിച്ചോറും കപ്പയും മീനുമൊക്കെ ഇഷ്ടം ഉള്ള, അമ്പലങ്ങളിൽ പോയി തൊഴാനിഷ്ടമുള്ള കൂട്ടത്തിൽ നല്ല പെൺപിള്ളേരെ വായിനോക്കാനിഷ്ടമുള്ള അമ്മയുടെ തല്ല് മേടിക്കാതെ ഉറക്കം വരാത്ത നാടൻ മലയാളി പയ്യൻ.”
“അത് ഒറ്റ മോനായത് കൊണ്ടാവും.. ഞങ്ങൾ മൂന്നാല് പേരുള്ളത് കൊണ്ട് എനിക്ക് അത്ര ഫീലിംഗ് ഇല്ല “
അവൾ ചിരിച്ചു
“എന്റെ പൊന്നുമോൾ എന്നെ അങ്ങനെ ഒരു ആങ്കിളിൽ കാണല്ലേ കേട്ടോ നിനക്ക് നിന്റെ ലൈഫ് സ്റ്റൈൽ ഇഷ്ടം ഉള്ള അടിപൊളി ചെക്കൻ മാരെ കിട്ടും. ഇപ്പൊ തോന്നും നമ്മൾ സെറ്റ് ആണെന്ന്. പിന്നെ കുറച്ചു കഴിഞ്ഞു പ്രോബ്ലം ഉണ്ടാകും.”
നൈന ചിരിച്ചു
“തല്ക്കാലം കാനഡ. അവിടെ രണ്ടു വർഷം ഒന്നിച്ചല്ലേ? പിന്നെ നീ എന്നെ തന്നെ മാരി
ചെയ്‌വുള്ളു “അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു
“ലിവിങ് ടുഗെതർ ആണോ ഉദേശിച്ചത്?”അവൻ ചോദിച്ചു
അവൾ കള്ളച്ചിരി ചിരിച്ചു
“അങ്ങനെ വേണേൽ അങ്ങനെ “
“എന്റെ പൊന്നു കൊച്ചേ എന്റെ അമ്മ എന്നെ കൊല്ലും അതൊന്നും നടക്കത്തില്ല “
“ഇതൊക്കെ ആരേലും അമ്മയോട് പറഞ്ഞിട്ടാണോ ചെയ്യുന്നേ?”
അവന്റെ മുഖം ഗൗരവത്തിലായി
“അമ്മയോട് പറയാൻ പറ്റാത്ത തെറ്റൊന്നും ഞാൻ എന്റെ ലൈഫിൽ ചെയ്തിട്ടില്ല. അത് പാടില്ല. എന്റെ അമ്മയുടെ മുഖത്ത് നോക്കി ഞാൻ കാനഡയിൽ രണ്ടു വർഷം ഒരു പെണ്ണിന്റെ കൂടെയാണ് ജീവിക്കുന്നെ എന്ന് എനിക്ക് പറയാൻ പറ്റില്ല. അത് ശരിയല്ല.എന്റെ കൊച്ചേ എന്റെ ഏത് കള്ളവും അമ്മ കണ്ടുപിടിക്കും എത്ര അകലെ യാണെങ്കിലും. അതിനെന്തോ ഒരു മാജിക് അമ്മമാരുടെ കൈയിൽ ഉണ്ട്. അത് കൊണ്ട് അമ്മാതിരി പ്ലാൻ ഒന്നും നടക്കില്ല..”
അവളുടെ മുഖത്ത് നിരാശ വന്നു
“നീ കുറച്ചു കൂടി മോഡേൺ ആവു. അതെങ്ങനെ നാട്ടിൻ പുറത്ത് പശുനേം കോഴിയേം നോക്കി പച്ചക്കറിയും നട്ട് വളർത്തി ജീവിക്കുന്ന ഒരു അമ്മയുടെ മോനല്ലേ?”അവൾ പിറുപിറുത്തു അവൻ മെല്ലെ ചിരിച്ചു
“എന്റെ അമ്മയുടെ വിദ്യാഭ്യാസയോഗ്യത അറിയുമോ? She has a PhD in English literature..അമ്മ കോളേജ് പ്രൊഫസർ ആയിരുന്നു. അതൊക്കെ വിട്ട് ഇതിലേക്ക് വന്നത് ഞാൻ കാരണം ആണ്. ഒരു ആക്‌സിഡന്റ്.. ഒരു അഞ്ചു വർഷം എനിക്ക് ഒരാളുടെ ഹെല്പ് വേണമായിരുന്നു എല്ലാത്തിനും. അമ്മയ്ക്കും അച്ഛനും വേണേൽ ഒരാളെ നിർത്താം. നല്ല സാലറി കിട്ടുന്ന ജോലി കളയണ്ട. പക്ഷെ എന്റെ അമ്മ കളഞ്ഞു. അഞ്ചു വർഷം.. അമ്മ എന്റെ ഒപ്പം രാവും പകലും.. അന്ന് സമയം പോകാൻ അമ്മ തുടങ്ങിയ ചെറിയ ഒരു ഫാം ആണ് ഇത് ഇന്നത് എത്ര വലിയത് എന്നറിയുമോ എത്ര പേർക്ക് ജോലി ഉണ്ടെന്ന് അറിയുമോ? നിന്റെ അമ്മ കമ്പനി നടത്തുന്നു എന്റെ അമ്മ ഫാം നടത്തുന്നു. രണ്ടും same ആണ്.. ഒരു വ്യത്യാസം എന്താന്ന് വെച്ചാൽ ഞാൻ എന്റെ അമ്മയ്ക്ക് വേണ്ടി ജീവൻ കളയും. അത്രക്ക് സ്നേഹം ആണ്. നീയോ അമ്മേ വിട്ട് വല്ല നാട്ടിലും പോകാൻ ഇഷ്ടം ഉള്ള ആൾ. ഏത് ആണ് മോളെ ബെറ്റർ?”
അവൻ എഴുന്നേറ്റു
“എന്തായാലും കാര്യങ്ങൾക്കു ഒരു തീരുമാനം ആയല്ലോ.. മോള് പോയി ജോലി ചെയ്യ്. എനിക്ക് വിശക്കുന്നു. അമ്മ തന്ന പൊതിച്ചോറ് ഉണ്ട്. വേണേൽ വരു. ഒന്നിച്ചു കഴിക്കാം “
അവൾ പുച്ഛത്തോടെ മുഖം കോട്ടി നടന്നു പോയി
വീട്
“ഡാ ഇതുടി വെച്ചോ അവിടെ തണുപ്പല്ലേ രാസ്നാദി പൊടി “
അമ്മയുടെ കൈയിലെ ഡപ്പി വാങ്ങി അവൻ ബാഗിന്റെ ഒരു അറയിൽ വെച്ചു
“രണ്ടു വർഷം തന്നെ എടുക്കുമോ പ്രൊജക്റ്റ്?”അച്ഛൻ ചോദിച്ചു
“Almost.ഇത് കഴിഞ്ഞു നാട്ടിൽ സ്വന്തം ആയി സ്റ്റാർട്ട് ചെയ്യാം.. അതാണ് പ്ലാൻ.എന്റെ അമ്മക്കുട്ടിയെ നോക്കിക്കോണം ട്ടോ.. ട്രാൻസ്ഫർ വാങ്ങണം അല്ലെങ്കിൽ അമ്മമ്മയേ വിളിച്ചു നിർത്തണം. ഒറ്റയ്ക്ക് ആക്കരുത് “
“പോടാ ചെക്കാ “
“കാർ വന്നു “
അമ്മയുടെ ശബ്ദം ഇടറുന്നുണ്ട്
അവൻ അമ്മയെ നെഞ്ചിൽ ചേർത്ത് പിടിച്ചു
“ഞാൻ വേഗം വരും.. അമ്മ ഒരു പെണ്ണിനെ കണ്ടു പിടിച്ചു വെയ്ക്ക് അപ്പുറത്തെ ആ മരം കേറിയാണെങ്കിലും മതി അവളോട് ചോദിക്ക്. അവൾക്കിഷ്ടാവുമേന്നെ ..”
പിന്നെ അവൻ അച്ഛനെ ചേർത്ത് പിടിച്ചു
“ഞാൻ ഇല്ലെന്ന് വെച്ചു കൂടുതൽ അങ്ങോട്ട് പ്രേമിക്കാൻ പോകണ്ട വയസ്സായി.. ‘അവൻ ചെവിയിൽ പറഞ്ഞു
അയാൾ അവന്റെ കവിളിൽ ഉമ്മ വെച്ചു
“പോയി വാ “
കാർ നീങ്ങി തുടങ്ങി അവരോട് എയർപോർട്ടിൽ വരണ്ടെന്ന് അവനാണ് പറഞ്ഞത്
അവൻ പേഴ്സ് തുറന്നു അച്ഛനും അമ്മയും.. അവനാ ഫോട്ടോ യിൽ നോക്കിയിരുന്നു. കണ്ണ് നിറഞ്ഞു അത് കാണാൻ പറ്റാതെ വന്നപ്പോ നെഞ്ചിൽ ചേർത്ത് വെച്ചു. അവന്റെ ഷർട്ടിന്റ പോക്കറ്റിൽ അത് ഭദ്രമായി കിടന്നു.