അപൂര്‍വരാഗം ~ ഭാഗം 45 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ബാബയുടെ മരണശേഷം ആണ് ഓരോ ബന്ധുക്കൾ സ്വത്ത് മോഹിച്ചു എത്തിയത്. പക്ഷേ എല്ലാം മുന്‍കൂട്ടി കണ്ടത് പോലെ ബാബ എല്ലാം എന്റെയും അപ്പുവിന്റെയും പേരില്‍ എഴുതി വച്ചിരുന്നു…

പിന്നെ.. അവരുടെ ദേഷ്യം ഞങ്ങളോട് ആയി…

ഞങ്ങളെ ഉപദ്രവിക്കാൻ കിട്ടുന്ന ഒരു അവസരവും ആരും പാഴാക്കിയില്ല…

അവള് സേഫ് ആയിട്ട് ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചതാണ്… പക്ഷേ.. ഒന്നര വര്‍ഷം മുന്നേ നടന്ന ഒരു കാർ അപകടത്തിൽ അപ്പു….”

ബാക്കി പറയാൻ ആകാതെ വീർ നിന്നു..

” എന്ത്… എന്താ എന്റെ മോൾക്ക് പറ്റിയത്… “

ദേവി വേവലാതിയോടെ ചോദിച്ചു…

എല്ലാവരും വീർന്റെ മുഖത്തേക്ക് ഉറ്റു നോക്കി…

” അത്… അന്ന് ഞാന്‍ ആന്ധ്രയിൽ ആയിരുന്നു…

വൈകിട്ട് ആണ് അപ്പുവിന് അപകടം പറ്റിയെന്ന്‌ പറഞ്ഞു എനിക്ക് കോൾ വന്നത്…

അവള്‍ക്കു ഒന്നും സംഭവിക്കരുതേയെന്ന് പ്രാര്‍ത്ഥിച്ചു ആണ് ഞാന്‍ അടുത്ത ഫ്ലൈറ്റിന് മുബൈയിലേക്ക് പോയത്…

പക്ഷേ.. പക്ഷേ… അന്നത്തെ ആക്സിഡന്റിൽ അപ്പുവിന് കാലുകളുടെ ചലന ശേഷി നഷ്ടമായി…. “

വീർന്റെ തൊണ്ട ഇടറി….

കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു എല്ലാരും..

” അറിയപ്പെടുന്ന ഒരു നര്‍ത്തകി ആകണം എന്ന് ആയിരുന്നു അവളുടെ ആഗ്രഹം…. കുഞ്ഞിലേ മുതൽ ലക്ഷ്മിയമ്മ ആയിരുന്നു അവളുടെ ഗുരു…

ചിലങ്ക അണിഞ്ഞ് നടന്നിരുന്ന അവളുടെ കാലുകള്‍ക്ക് ഇന്ന് അതിനു ഉള്ള കഴിവ് ഇല്ല…

ബോധം വന്നപ്പോള്‍ അവള് പറഞ്ഞത് ഇതിലും ഭേദം ചത്ത് പോയാൽ മതിയെന്നായിരുന്നു… “

വീർ വാശിയോടെ തന്റെ കണ്ണ് നീര് തുടച്ചു കൊണ്ട് പറഞ്ഞു..

” മാധവേട്ടാ… നമ്മുടെ മോള്…. “

ദേവി പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കു ഇരുന്നു…

” അമ്മേ… അവള്‍ക്കു ഒന്നുമില്ല അമ്മേ… അമ്മ കരയാതെ.. “

അപ്പു അവര്‍ക്കു അരികിലേക്ക് ഓടി വന്നു… അവരെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

“ആഹ് ദേവി.. നമ്മുടെ മോള് ജീവനോടെ ഉണ്ടല്ലോ.. അതിൽ കൂടുതൽ എന്താ വേണ്ടത്… മോനേ… എന്റെ മോള്… എവിടെ..”

മാധവന്‍ കണ്ണീരോടെ ചോദിച്ചു…

” അവള് ഇപ്പൊ നിങ്ങളുടെ അപ്പു മാത്രമല്ല അങ്കിള്‍… അവ്നി… അവ്നി മല്‍ഹോത്രയാണ്…

അന്നത്തെ ആ അപകടത്തിന് ശേഷം അവള്‍ക്കു ജീവിതം തന്നെ മടുത്തു പോയി… ഒരു മുറിയില്‍ അടച്ചിട്ടു ഒരേ ഇരിപ്പ്…

ഒടുവില്‍ എന്റെ വാശിക്ക് മുന്നില്‍ മുട്ട് കുത്തി അവള് വീണ്ടും പഴയ അപ്പു ആയി മാറി…

എന്റെ മുന്നില്‍ ചിരിച്ചു കളിച്ചു… ഉള്ളില്‍ കരയുകയാണ് എന്ന് എനിക്ക് അറിയാമായിരുന്നു… എങ്കിലും അവളുടെ മാറ്റം.. അതെനിക്ക് കുറച്ചു എങ്കിലും സമാധാനം തന്നു….

അന്ന് ആ രാത്രി ജീവനും കൊണ്ട് ഓടുമ്പോഴും മനസ്സിൽ നിങ്ങൾ എല്ലാരും ഉണ്ടായിരുന്നു…

പക്ഷേ.. ജന്മം കൊണ്ട് അല്ലെങ്കിലും കര്‍മ്മം കൊണ്ട് ഞങ്ങൾക്ക് അച്ഛനും അമ്മയും ആയവരോട് പറഞ്ഞ ആ കള്ളം.. ഞങ്ങൾ അനാഥരാണെന്ന കള്ളം… അത് മരിക്കും വരെ തിരുത്താൻ ഞങ്ങൾക്ക് ആയില്ല…

വലുതായപ്പോൾ ഒരിക്കല്‍ സ്കൂൾ ടൂര്‍ എന്ന് കള്ളം പറഞ്ഞു ഞാൻ ആന്ധ്രയിലേക്ക് പോയി..എല്ലാവരെയും കുറിച്ച് എന്തേലും വിവരം ലഭിക്കും എന്ന് കരുതിയാണ് അന്ന് പോയതു…

ആ കാര്യം അപ്പുവിനോട് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ…

ഒരുപാട് അന്വേഷിച്ച് എത്തിയെങ്കിലും എനിക്ക് അവിടെ നിന്നും പ്രത്യേകിച്ചു വിവരങ്ങൾ ഒന്നും കിട്ടിയില്ല…

മാത്രമല്ല എട്ട് വര്‍ഷം മുന്നേ നടന്ന അപകടത്തിനെ കുറിച്ച് അറിവും ഓര്‍മ്മയും ഉള്ള ആരും അവിടെ ഉണ്ടായിരുന്നില്ല..

ഒരു പതിനെട്ട് വയസ്സുകാരന് അന്വേഷിക്കുന്നതിനും പരിധി ഉണ്ടായിരുന്നു…

നിരാശയോടെ മടങ്ങി വന്ന എന്റെ മുഖം കണ്ടപ്പോള്‍ തന്നെ അപ്പുവിന് കാര്യം മനസ്സിലായി…

അതിൽ പിന്നെ അവളും എല്ലാം മറക്കാൻ ശ്രമിച്ചു.. അല്ല.. മറന്നു എന്ന് എന്റെ മുന്നില്‍ അഭിനയിക്കാന്‍ ശ്രമിച്ചു…

എല്ലാവരെയും കുറിച്ച് ഓർക്കുമ്പോഴും മനസ്സിൽ വിങ്ങല്‍ ആയിരുന്നു..

പക്ഷേ ആ സാധുക്കൾക്ക് വേണ്ടി ഞങ്ങൾ വീർ മല്‍ഹോത്രയും അവ്നി മല്‍ഹോത്രയും ആയി… “

വീർ അടുത്തുള്ള കസേരയിലേക്ക് തളര്‍ച്ചയോടെ ഇരുന്നു..

മുറിയില്‍ ആകമാനം ഒരു നിശബ്ദത പരന്നു…

” പക്ഷേ.. എന്റെ ചോദ്യത്തിന് ഉള്ള ഉത്തരം ഇനിയും കിട്ടിയിട്ടില്ല വീർ… എന്തിന് എല്ലാം നീ എന്നില്‍ നിന്നും മറച്ചു… “

ദേവിന്റെ സ്വരം ശാന്തമായിരുന്നു…

” പറയാം ദേവ്.. നിനക്ക് ഓര്‍മ്മയുണ്ടോ…. ഒരേ കോളേജ് ആയിട്ടും ഒരേ ക്ലാസ് ആയിട്ടും 3 വര്‍ഷം നമ്മള് തമ്മില്‍ പരിചയം ഒന്നും ഇല്ലായിരുന്നു…

നീ ആരോടും കൂട്ട് കൂടാതെ ആയിരുന്നു നടത്തം… അദിധിക്ക് നിന്നോട് ഉള്ള ഇഷ്ടവും നിന്റെ സ്നേഹം പിടിച്ചു പറ്റാനുള്ള ഇവളുടെ ശ്രമവും ഒക്കെ എല്ലാവരും നോട്ട് ചെയ്തിരുന്നു… “

വീർ ദേവിന്റെയും അദിധിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി…

അപ്പുവിന്റെ കൈകൾ ദേവിന്റെ കൈയിൽ മുറുകി…

അദിധി അവള്‍ക്കു ഒരു പുഞ്ചിരി സമ്മാനിച്ചു…

” അന്ന്…അദിധി പറഞ്ഞ പ്രകാരം ആണ് ഞാൻ നിന്റെ അടുത്തേക്ക് വന്നത്…

അന്ന് രാത്രി… കുടിച്ചു ബോധം ഇല്ലാതെ നീ വഴിയില്‍ കിടന്നത് ഓര്‍മയില്ലേ…”

വീർന്റെ ഓര്‍മകള്‍ ആറ് വര്‍ഷം മുന്നേയുള്ള ഒരു രാത്രിയിലേക്ക് പാഞ്ഞു…

*************************

“വീർ… എനിക്ക് ഇനിയും വയ്യെടാ… അവന്‍ ഇല്ലാതെ എനിക്ക് പറ്റില്ല… … പ്ലീസ്.. നീ അവനോടു.. ദേവിനോട് ഒന്ന് സംസാരിക്കൂ.. “

രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് അദിധി അവനോടു കെഞ്ചി….

ഹോസ്റ്റലിന്റെ മതിലിനു പുറത്തുള്ള ലോണിൽ ഇരിക്കുകയായിരുന്നു അദിധിയും വീർഉം…

മുന്നില്‍ ഉള്ള കേക്കിൽ അപ്പു ആന്‍ഡ് പാറു എന്ന് മനോഹരമായി എഴുതിയിരിക്കുന്നു…

” സ്സ്….. മിണ്ടല്ലേ ആദി… ഞാൻ ഇതൊന്ന് കട്ട് ചെയ്യട്ടേ… അതിനു മുന്നേ അപ്പുവിനെ വിളിക്കട്ടെ ഞാന്‍…”

വീർ ഫോൺ കൈയിൽ എടുത്തു കൊടുത്തുകൊണ്ട് അവളോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു…

അവന്‍ ഫോൺ എടുത്ത് നമ്പര്‍ ഡയല്‍ ചെയ്തു… അപ്പുറത്ത് നിന്നും കോൾ എടുത്തു എന്ന് മനസ്സിലായപ്പോള്‍ അവന്‍ അത് സ്പീക്കറിൽ ഇട്ടു…

“ഹാപ്പി ബർത്ത്ഡേ അപ്പു… ആന്‍ഡ് ഹാപ്പി ബർത്ത്ഡേ പാറു…”

മറുഭാഗത്ത് നിന്നും എന്തേലും കേള്‍ക്കുന്നതിനു മുന്നേ ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു…

“താങ്ക് യു ഏട്ടാ…”

അപ്പുവിന്റെ സ്വരത്തില്‍ സങ്കടം നിറഞ്ഞു…

“ഏട്ടന്റെ മോൾക്ക് ഉള്ള ഗിഫ്റ്റ് പുറത്ത് കാത്തിരുപ്പ് ഉണ്ട് ട്ടോ.. മോള് പോയി.. നോക്കിയേ… ഏട്ടൻ പിന്നെ വിളിക്കാം..”

വീർ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു.. അപ്പു മറുപടി പറയുന്നതിനു മുന്നേ അവന്‍ കോൾ കട്ട് ആക്കി..

“എന്താ വീർ ഇതൊക്കെ.. കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാൻ ഇത് കാണുന്നു..മരിച്ചുപോയ പാറുവിന്റെയും ജീവിച്ചിരിക്കുന്ന അപ്പുവിന്റെയും ജന്മ ദിനം ഒരുമിച്ച് ആഘോഷിക്കുന്ന നിന്നെ… എന്താ ഇതൊക്കെ…”

അദിധി അമ്പരപ്പോടെ ചോദിച്ചു..

“മൂന്ന് വര്‍ഷമായി നിനക്ക് തന്ന്‌ കൊണ്ടിരിക്കുന്ന മറുപടി തന്നെയേ ഇപ്പോഴും എന്റെ കൈയിൽ ഉള്ളു ആദി…. പാറു മരിച്ചിട്ടില്ല. അവൾ ഇപ്പൊഴും എന്റെ മനസ്സില്‍ ജീവിച്ചിരിപ്പുണ്ട്…

കാണുന്നവര്‍ക്ക് വട്ടായി തോന്നാം.. പക്ഷേ..എന്നെ സംബന്ധിച്ചിടത്തോളം എന്റെ അനിയത്തി മരിച്ചിട്ടില്ല…. അത് മതി… “

കേക്ക് കട്ട് ചെയ്തു കൊണ്ട് അവന്‍ പറഞ്ഞു…

” അഞ്ച് വര്‍ഷം അവർ ഒരുമിച്ച് ആണ് ഇത് ആഘോഷിച്ചത്… ഇപ്പൊ അതില്‍ ഒരാൾ ഇല്ലെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റില്ല..

വീട്ടില്‍ ആയിരുന്നപ്പോൾ ഞാനും അപ്പുവും കൂടി ഒറ്റയ്ക്കു എവിടെയെങ്കിലും പോയി ഇത് പോലെ കേക്ക് മുറിക്കും… പാവം ഇപ്പൊ അവള് ഒറ്റയ്ക്കു അവിടെ ഇരുന്നു കരയുന്നുണ്ടാവും…

ബാബയും അമ്മയും അവള്‍ക്കു ഏറ്റവും നല്ല ഗിഫ്റ്റ് തന്നെയേ കൊടുക്കുള്ളൂ… പക്ഷേ എങ്കിലും അവള് ഇന്ന് കരയും… “

നിറകണ്ണുകളോടെ വീർ അത് പറഞ്ഞു നിര്‍ത്തുമ്പോള്‍ അദിധി അവനെ അതിശയത്തോടെ നോക്കുകയായിരുന്നു..

” ഏയ് ആദി… അത്. അത് ദേവ് അല്ലെ… “

ദൂരെ നിന്നും നടന്നു വരുന്ന ഒരു രൂപത്തെ ചൂണ്ടിക്കാട്ടി കൊണ്ട് അവന്‍ ചോദിച്ചു..

” എവിടെ…. ആഹ്.. ശരിയാണല്ലോ… ദേവ് തന്നെ…”

അദിധി ആശ്ചര്യത്തോടെ പറഞ്ഞു…

“ഇവനെന്താ ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ടോ….”

വീർ അവന് അടുത്തേക്ക് നടന്നു…

അപ്പോഴേക്കും ദേവ് കുഴഞ്ഞു താഴേക്കു വീണിരുന്നു…

“അയ്യോ ദേവ്.. എന്താ പറ്റിയത്…”

പിന്നാലെ ഓടി വന്ന അദിധി അവനെ താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു…

“എന്റെ ആദി.. ഇവൻ നല്ല വെള്ളത്തിൽ ആണ്.. ഒരു കാര്യം ചെയ്യാം.. നമുക്ക് ഇവനെ എന്റെ റൂമിലേക്ക് കൊണ്ട് പോകാം…

ബോധം വരുമ്പോ വിടാം…”

വീർ അവനെ താങ്ങി പിടിച്ചു കൊണ്ട് പറഞ്ഞു…

“വിട്.. വിട് എന്നെ… പാറു…. മെനി മോര്‍ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… ഹാപ്പി.. ഹാപ്… ബർത്ത്ഡേ…….പാറു… മൈ ലവ്…. ഐ ലബ് യു…. “

അവന്‍ പിറുപിറുത്തു കൊണ്ട് കുതറി മാറാൻ ശ്രമിച്ചു…

” ഇവന്‍ എന്താ ഈ പറയുന്നത്‌… ഏതു പാറു… എന്ത് ബർത്ത്ഡേ….”

പറഞ്ഞു കഴിഞ്ഞു ആണ് വീർ അദിധിയെ നോക്കിയത്‌…

അവളുടെ കണ്ണുകള്‍ ഒക്കെ നിറഞ്ഞു വന്നിരുന്നു….

” ഏയ്.. ആദി… നീ കൂടി ഒന്ന് പിടിക്ക്… ചെക്കന് മുടിഞ്ഞ വെയിറ്റ് ആണ്…”

വീർ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു…

രണ്ട് പേരും കൂടി ദേവിനെ താങ്ങി എടുത്തു വീർന്റെ മുറിയിലേക്ക് നടന്നു…കാമ്പസിന് വെളിയില്‍ ആയി ഒരു വീടിന്റെ താഴത്തെ നിലയില്‍ ആണ് അവന്‍ താമസിക്കുന്നത്…

മുഖത്ത് വെള്ളം വീണപ്പോൾ ആണ് ദേവിന് ബോധം വന്നത്….

” മഴ.. മഴ പെയ്തോ… പാറു… എവിടെയാ നീ…. പാറു…”

അവന്‍ കണ്ണ് തുറക്കാതെ പിറുപിറുത്തു…

“മഴ അല്ലേടാ സുനാമി… കണ്ണ് തുറക്ക് ആദ്യം.. നിന്റെ പാറു ഒന്നും ഇവിടെ ഇല്ല…”

വീർ അവന്റെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു…

ദേവ് പെട്ടെന്ന് കണ്ണുകൾ വലിച്ചു തുറന്നു… മുന്നില്‍ വീർനെയും അദിധിയെയും കണ്ടു അവന്‍ ഒന്ന് പകച്ചു…

താൻ മനസ്സിൽ കൊണ്ട് നടന്ന കാര്യം അവര് അറിഞ്ഞു എന്ന് അവന് മനസ്സിലായി..

കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ അവന്‍ തല താഴ്ത്തി ഇരുന്നു…

“എന്റെ മുഖത്തേക്ക് നോക്ക് ദേവ്.. ആരാ ഈ പാറു… എന്താ അവളുമായി നിനക്കുള്ള ബന്ധം… നിന്നെ മാത്രം മതിയെന്ന് പറഞ്ഞ് നടക്കുന്ന ഇവളെ നീ കണ്ടോ…

ഇവളെ നീ വേണ്ടന്ന് വെച്ചതിന്റെ കാരണം ഈ പാറു ആണോ..ഇവളേക്കാൾ എന്ത് മഹിമയാണ് നിന്റെ പാറുവിനുള്ളത്…. പറയ് ദേവ്…”

വീർ ക്ഷുഭിതനായി…

” അതേ… ഇവളെ എനിക്ക് സ്നേഹിക്കാന്‍ പറ്റാത്തതിന്റെ കാരണം അത് തന്നെയാണ്… പാറു… അവളെന്റെ എല്ലാം ആണ്… ഒരിക്കലും അവള്‍ക്കു പകരക്കാരിയായി മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിലേക്ക് വരില്ല… “

ദേവ് ദൃഢമായി പറഞ്ഞു…

” കാരണം… കാരണം എന്താ ദേവ്…. പറയ്.. എനിക്ക് എന്താ കുഴപ്പം… “

അദിധി പൊട്ടിക്കരഞ്ഞു കൊണ്ട്‌ നിലത്തേക്കു ഇരുന്നു..

*****************************

” അന്ന് രാത്രിയാണ് നീ എല്ലാ സത്യങ്ങളും എന്നോട് പറഞ്ഞത്…

പാറു മരിച്ചിട്ടും അവളെ മാത്രം ഓര്‍ത്തു അവള്‍ക്കു വേണ്ടി ജീവിക്കുന്ന നിന്നെ ശരിക്കും തൊഴുതു പോയി ഞാന്‍…

പക്ഷേ.. ഞാന്‍ ആണ് ഭദ്രൻ എന്ന് പറയാന്‍ ഉള്ള ധൈര്യം എനിക്ക് വന്നില്ല..

പാറു ഇല്ലാതെ മംഗലത്ത് വീടിന്റെ പടികള്‍ കയറാൻ എനിക്ക് പറ്റുമായിരുന്നില്ല…

കാരണം നിന്നോട് സത്യങ്ങൾ എല്ലാം പറയുന്നതിനു മുന്നേ എനിക്ക് ചെയ്ത് തീർക്കാൻ ചില കാര്യങ്ങൾ ഉണ്ടായിരുന്നു…

എന്റെ കുടുംബം ഇല്ലാതാക്കിയവരോടുള്ള പക എന്റെ മനസ്സില്‍ ആളിക്കത്തുകയായിരുന്നു…

എല്ലാത്തിലും ഉപരി അപ്പുവിന്റെ സേഫ്റ്റി…

നിന്റെ കഥകൾ ഒക്കെ അറിഞ്ഞിട്ടും ഇവൾക്ക്‌ നിന്നോടുള്ള ഇഷ്ടം കുറഞ്ഞില്ല….

പാറു ഇല്ലാത്ത ലോകത്ത് അവളുടെ ഓര്‍മകളില്‍ മുഴുകി നീ നിന്റെ ജീവിതം നശിപ്പിക്കും എന്ന് മനസിലായപ്പോള്‍ ഞാനും ഇവളെ സപ്പോര്‍ട്ട് ചെയ്തു…

ആദിയിലൂടെ നീ പാറുവിനെ മറന്നു സന്തോഷമായി ജീവിക്കും എന്ന് ഞാന്‍ കരുതി..

അതിനിടയില്‍ എന്റെ കാര്യം നീ അറിയണ്ട എന്ന് ഞങ്ങള്‍ രണ്ടാളും തീരുമാനിച്ചു….

പക്ഷേ നീ പാറുവിനെ മറക്കാൻ തയ്യാറല്ലായിരുന്നു… അതിന്റെ പേരില്‍ നീ ഇവളെ തല്ലി…

അതോടെ നിന്റെ മനസ്സിൽ പാറു അല്ലാതെ മറ്റൊരു പെണ്ണിനും സ്ഥാനം ഉണ്ടാവില്ല എന്ന് ഇവൾക്കു മനസ്സിലായി….

പിന്നെ ഇവള് നിന്റെ പിന്നാലെ നടന്നിട്ടില്ല… നിനക്ക് വേണ്ടി സ്വന്തം ഇഷ്ടം അവള് കുഴിച്ച് മൂടി… “

അദിധിയെ ചൂണ്ടിക്കാട്ടി കൊണ്ട് വീർ പറഞ്ഞു…

അപ്പു പേടിയോടെ ദേവിനെ നോക്കി….

” പേടിക്കേണ്ട അപ്പു… ഓഹ്.. സോറി…. പാറു…ദേവിന്റെ പാറു… ഞാൻ ഒരിക്കലും ദേവിൽ ഒരു അവകാശവും പറഞ്ഞു വരില്ല… എനിക്ക് അറിയാം നിങ്ങൾ ആണ് ചേരേണ്ട ആള്‍ക്കാര്‍… “

അദിധി നിറഞ്ഞ കണ്ണുകൾ മറച്ചു പിടിച്ചു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു..

“പക്ഷേ… അന്ന്… എന്നോട് പറഞ്ഞത്… “

അപ്പു ഭീതിയോടെ ചോദിച്ചു..

” അതിനു പിന്നിലും കാരണം ഉണ്ട് പാറു… ദേവ് അന്നും എന്നും പറഞ്ഞത് പാറുവിനെ മറന്നു അവന്‍ മറ്റൊരു പെണ്ണിനെ സ്നേഹിക്കില്ല… അവന്റെ ജീവിതത്തിലേക്ക് കൂട്ടില്ല എന്നൊക്കെയാണ്…

അവന്റെ നീലക്കണ്ണുകള്‍ പോലും അവന്‍ ആരും കാണാതെ മറച്ചു പിടിച്ചത് അവന്റെ പെണ്ണിന് വേണ്ടിയായിരുന്നു..

അങ്ങനെ ഉള്ള ഒരാള് പെട്ടെന്ന് ഒരു പെണ്‍കുട്ടിയെ കണ്ടു ഇഷ്ട്ടപെട്ടു കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരു അമ്പരപ്പ് ആയിരുന്നു ആദ്യം…

പിന്നെ അതിനു പിന്നിലെ സത്യം അറിയാൻ ഞങ്ങൾക്ക് രണ്ടാൾക്കും ആകാംഷ കൂടി…

അത് അറിയാൻ വേണ്ടി തന്നെയാണ് ഞങ്ങള് ഈ നാട്ടിലേക്ക് വന്നത്…

അന്ന് ആ റിസപ്ഷന് ഇടയില്‍ നിന്നോട് മോശമായി പെരുമാറിയതും അത് കൊണ്ടാണ്… എന്നെ വേണ്ടന്ന് വച്ച് ദേവ് ഏതോ ഒരു പെണ്ണിനെ കെട്ടിയതിന്റെ ഒരു കുഞ്ഞു കോംപ്ലക്സ്.. പക്ഷേ അന്ന് അവിടെ വച്ച് അപ്പുവിന്റെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ആണ് വീർന് സംശയം വന്നത്‌… “

അദിധി അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

” അതേ പാറു…. 18 വർഷങ്ങൾ കഴിഞ്ഞെങ്കിലും എന്റെ മനസ്സിന്റെ കോണില്‍ എവിടെയോ അങ്കിളിന്റെയും ആന്റിയുടെയും മുഖം വ്യക്തമായി പതിഞ്ഞിരുന്നു…

അതോടെ എന്റെ സംശയം കൂടി…

സാമിനോട് ചോദിച്ചപ്പോൾ നിന്റെ പ്രായവും കിട്ടി… 23 വയസ്സുള്ള അപ്പു… അതെന്റെ സംശയത്തിന് ആക്കം കൂട്ടി..

ഇനി അവര്‍ക്കു മറ്റൊരു പെണ്‍ കുഞ്ഞു പിറന്നതാണെങ്കിൽ കൂടി അവള്‍ക്കു ഒരിക്കലും 18 വയസ്സില്‍ കൂടുതൽ പ്രായം വരില്ല…

എന്റെ സംശയങ്ങള്‍ വര്‍ദ്ധിച്ചപ്പോൾ അത് തീർക്കാൻ ഇവിടെ തന്നെ നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു…

ദേവിനോട് കള്ളം പറഞ്ഞ് ഞങ്ങൾ മംഗലത്തേക്ക് വന്നു…

അതിനിടയില്‍ ആണ് മരിച്ചു പോയെന്ന് ഞാന്‍ വിശ്വസിച്ച എന്റെ അമ്മയെ ഞാന്‍ അവിടെ കണ്ടത്…

സ്വന്തം അമ്മ ആണെന്ന് അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ ആകാതെ ഞാൻ നീറി…

എങ്ങനെയും ദേവിന്റെ വായിൽ നിന്നും സത്യം അറിയണം.. അതായിരുന്നു ലക്ഷ്യം..

ഒടുവില്‍ അവന്‍ തന്നെ എന്റെ മുന്നില്‍ അത് സമ്മതിച്ചു… നീയാണ് പാറു എന്ന സത്യം…

സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥയില്‍ ആയിരുന്നു ഞാൻ..

സ്വന്തം അനിയത്തി ആണെന്ന് അറിഞ്ഞിട്ടും നിന്നെ ഒന്ന് ചേര്‍ത്തു പിടിക്കാൻ പോലും ആകാതെ ഞാന്‍ ഉഴറി…

നിന്നെ എല്ലാ സത്യങ്ങളും അറിയിക്കണം എന്ന് ഞാന്‍ പറഞ്ഞെങ്കിലും നിന്റെ ആരോഗ്യനിലയെ ഭയന്ന് ദേവ് അതിനു മടിച്ചു…

നിന്നെ ജീവനോടെ കണ്ടാല്‍ മതിയെന്ന് പറഞ്ഞ് അന്ന് ഇവൻ ഒരുപാട് കരഞ്ഞു..

പക്ഷേ… എല്ലാ സത്യങ്ങളും അറിഞ്ഞാല്‍ ചിലപ്പോള്‍ നമ്മുടെ കുടുംബം പഴയത് പോലെ ആകും എന്നെനിക്കു തോന്നി…

അതിനു വേണ്ടി തന്നെയാണ് ഞാൻ ആദിയെ വില്ലത്തി ആക്കി നിന്റെ മുന്നിലേക്ക് അയച്ചത്…

നിന്നെ മനഃപൂര്‍വ്വം പാറുവിന്റെ കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ….

അന്ന് ഇവള് നിന്നോട് ഒരുപാട് ക്രൂരമായി തന്നെ സംസാരിച്ചു…

നീ അതിനെ കുറിച്ച് ദേവിനോട് ചോദിക്കും എന്ന് എനിക്ക് അറിയാമായിരുന്നു…

ഞങ്ങളുടെ ഉദ്ദേശം നടന്നു… നീ ഇവനോട് എല്ലാം ചോദിച്ചു…

നിന്നെ ഇനിയും നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ മൂടി വച്ച സത്യങ്ങൾ ഒക്കെ ഇവന്‍ തന്നെ നിന്നോട് പറഞ്ഞു.. “

വീർ പുഞ്ചിരിയോടെ ദേവിനെയും അപ്പുവിനെയും നോക്കി…

” പക്ഷേ വീർ… ഇപ്പഴും അപ്പു എവിടെ എന്ന് നീ പറഞ്ഞില്ല… “

ദേവ് സംശയത്തോടെ ചോദിച്ചു…

” പറയാം ദേവ്… “

വീർ മാധവന്റെയും ദേവിയുടെയും നേര്‍ക്കു തിരിഞ്ഞു…

” അപ്പു.. അവള് എന്റെ സ്വന്തം പെങ്ങള് തന്നെയാണ്.. അവള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ഈ അച്ഛനും അമ്മയും അവളെ ഒരുപാട് സന്തോഷിപ്പിക്കും…

അവള് ഇന്ന് രാത്രി എത്തും ഇവിടെ.. നമ്മുടെ അടുത്തേക്ക്..രണ്ടു പേരും വെറുക്കരുത് എന്നെ…. അവള് എന്നും എന്റെ പ്രിയപ്പെട്ട അപ്പു തന്നെയാണ്.. “

വീർ അവരുടെ നേര്‍ക്ക് കൈകൂപ്പി കൊണ്ട് പറഞ്ഞു..

” ഏയ്.. എന്താ മോനെ… അപ്പു ജീവനോടെ ഉണ്ട് എന്ന് ഉള്ള വാർത്ത കേട്ടാല്‍ മതി എനിക്ക്…. ഒന്നല്ല രണ്ടു അപ്പു അല്ലെ എന്റെ കൂടെയുള്ളത്.. ” മാധവന്‍ അവനെയും അപ്പുവിനെയും അടുത്തേക്ക് ചേര്‍ത്തു നിർത്തി കൊണ്ട് പറഞ്ഞു…

എല്ലാവരും മനസ്സു നിറഞ്ഞു ആ കാഴ്‌ച കണ്ടു…

” പക്ഷേ… ദേവ്… പാറു ജീവനോടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി… “

വീർ ദേവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..

അപ്രതീക്ഷിതമായി ഉള്ള ചോദ്യത്തിന്‌ മുന്നില്‍ ദേവ് ഒന്ന് പതറി..

തുടരും…….

(പിന്നെ അപ്പുവിനെ കൊന്നിട്ടില്ലാട്ടോ.. ഞാനൊരു ലോല ഹൃദയ ആണ്..കൊലപാതകം ഒന്നും പറ്റില്ല… പിന്നെ അദിധിയെ വില്ലത്തി ആക്കാന്‍ തന്നെയായിരുന്നു ആദ്യം പ്ലാന്‍.. പക്ഷേ അതിനും മനസ്സു വന്നില്ല… ദേവ് എങ്ങനെ എല്ലാം അറിഞ്ഞു എന്നതിന്റെ സസ്പെന്‍സ് നാളെ പറയാം… അഭിയും അപ്പുവും ഹരിയും രുദ്രയും വീർഉം ദക്ഷയും…പിന്നെ നിങ്ങൾ ഒക്കെ മറന്ന എന്റെ സാമും ജോയും… ഇവരുടെ എല്ലാം പ്രണയം പറഞ്ഞു തീരുമ്പോഴേക്കും അപൂര്‍വരാഗം ഒരു 100 പാര്‍ട്ട് എങ്കിലും ആകും… അത് വയ്യാ.. അത് കൊണ്ട് നമുക്ക് ഇതിനൊരു സെക്കന്‍ഡ് പാര്‍ട്ട് കൊണ്ട് വരാം… അത് ആകും നല്ലത്…വായിക്കുന്ന നിങ്ങളേക്കാൾ ടെന്‍ഷന്‍ എനിക്ക് ആണ്… ഇത്രയും പേരെ ഓര്‍ത്തു വെക്കുന്നതിന്…. പിന്നെ അടുത്ത രണ്ട് പാര്‍ട്ടുകളിൽ ഇനി യാഥാര്‍ത്ഥ അപ്പു വരും.. അപ്പൊ നിങ്ങള്‍ക്കു രണ്ട് അപ്പു ഉള്ളതു കണ്‍ഫ്യൂഷന്‍ ആകും.. അത് കൊണ്ട് അടുത്ത പാര്‍ട്ട് മുതൽ ദേവിന്റെ അപ്പു, പാറു ആയി തന്നെ മാറും…. അതാവും നല്ലത്…അപ്പൊ നാളെ കാണാം……സ്നേഹപൂര്‍വം ❤️)