മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
മൂന്നാം നിലയില്‍ ആണ് ഫ്ലാറ്റ്… മൂന്നാം നില എത്തിയപാടെ മഹേശ്വരി മുന്നില്‍ നടന്നു..
ഫ്ലാറ്റിന്റെ മുന്നില്‍ എത്തി മഹേശ്വരി കോളിംഗ് ബെല്‍ അടിച്ചു…
ബാക്കിയുള്ളവര്‍ പിന്നാലെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ…
“ഡോര്‍ തുറന്നു മുന്നില്‍ ഉള്ള ആളെ കണ്ടു എല്ലാവരും ഒരുപോലെ ഞെട്ടി….
കതകു തുറന്നു വന്ന ദേവിനെ കണ്ട് എല്ലാവരും അതിശയത്തോടെ അവനെ തന്നെ നോക്കി….
2 മാസം മുന്‍പു അവസാനമായി വീട്ടില്‍ നിന്നും വഴക്ക് ഇട്ടു ഇറങ്ങി പോയ ദേവിന്റെ മുഖം എല്ലാരും ഓര്‍ത്തു….
അന്ന് താടിയും മുടിയും ഒക്കെ വളർത്തി കണ്ണുകളിലെ തിളക്കം ഒക്കെ നഷ്ടപ്പെട്ട ഒരു ദേവ് ആയിരുന്നു എന്ന് എല്ലാരും ഓര്‍ത്തു…
എന്നാൽ ഇപ്പൊ..
താടിയും മുടിയും ഒക്കെ വെട്ടി ഒതുക്കിയിരിക്കുന്നു….
കണ്ണുകളില്‍ പഴയ തിളക്കം തിരിച്ച് വന്നിരിക്കുന്നു..
ചിരിക്കാന്‍ മറന്നു പോയ ചുണ്ടില്‍ ഒരു പുഞ്ചിരി നിറഞ്ഞിരിക്കുന്നു…
ദേവിന്റെ ഈ മാറ്റം കണ്ടു എല്ലാരും കണ്ണ് നിറച്ചു..
അവസാനമായി അവന് മംഗലത്ത് വീടിന്റെ പടിയിറങ്ങി പോകുമ്പോൾ ഉണ്ടായിരുന്ന രൂപത്തിൽ നിന്നും അവന് വന്ന മാറ്റം എല്ലാവരെയും അതിശയിപ്പിച്ചു..
വര്‍ഷങ്ങളായി ചിരിക്കാന്‍ മറന്നു പോയ മകന്റെ മുഖത്തെ ചിരിയും സന്തോഷവും മഹേശ്വരിയുടെ കണ്ണ് നിറച്ചു..
“ദേവാ…….. മോനേ……..”
അതും പറഞ്ഞു അവര്‍ ദേവിനെ കെട്ടിപിടിച്ചു…
ദേവിന്റെ കണ്ണുകളും സന്തോഷത്തില്‍ നിറഞ്ഞു..
“അമ്മേ… അച്ഛാ….”
വര്‍ഷങ്ങള്‍ക്കു ഇപ്പുറം ദേവിന്റെ ഈ മാറ്റം എല്ലാര്ക്കും സന്തോഷം നല്കി..
മഹേശ്വരിയില്‍ നിന്നും മാറി ദേവ് ബാലനെ കെട്ടിപിടിച്ചു…
“ഇളയച്ഛാ… ഇളയമ്മേ… വാ അകത്തേക്ക് വാ..”
അവരുടെ സന്തോഷ പ്രകടനം നോക്കി നിന്ന ജയന്തിനേയും സീതയേയും ദേവ് അകത്തേക്ക് ക്ഷണിച്ചു…
പുഞ്ചിരിയോടെ അവരും അകത്തേക്ക് വന്നു..
“നാളെ എത്ര മണിക്ക് ആണ് മാധവാ അവര്‍ എത്തുക.. ദേവ് എന്തേലും പറഞ്ഞോ….?”
അച്ചാച്ചൻ അച്ഛനോട് ചോദിക്കുന്നത് അപ്പു കേട്ടു…
മേലെപ്പാട്ടെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു എല്ലാരും..
അച്ചാച്ചന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന അപ്പുവിന്റെ ഹൃദയമിടിപ്പ് കൂടി…
അവള് പതിയെ തല ഉയർത്തി അമ്മയെ നോക്കി…
ഒന്നുമില്ല എന്ന അര്‍ത്ഥത്തിലു ദേവി അപ്പുവിനെ കണ്ണടച്ച് കാണിച്ചു….
അപ്പു അച്ഛന്റെ മറുപടിക്ക് ചെവിയോർത്തു…
“ഞാൻ ദേവിനെ വിളിച്ചിരുന്നു അച്ഛാ.. അവര്‍ 9 മണി ഒക്കെ ആയപ്പോൾ എത്തി… നാളെ ഒരു 10 മണി ഒക്കെ ആകുമ്പോ അവര്‍ ഇങ്ങു എത്തും എന്ന പറഞ്ഞത്…..”
മാധവന്റെ മറുപടി കേട്ടപ്പോൾ എല്ലാരുടെയും മുഖം ഒന്ന് തെളിഞ്ഞു..
അപ്പുവിന്റെ മുഖത്ത് മാത്രം ഭീതി നിറഞ്ഞു….
അവള്‍ക്കു ഡോക്ടറുടെ വീട്ടുകാർ എങ്ങനെ ആകും എന്ന് നല്ല ഭയം ഉണ്ടായിരുന്നു…
പിന്നെ ഇത്രയും ദൂരെ കല്യാണം കഴിഞ്ഞ് പോകുന്നതും അവളെ അസ്വസ്ഥയാക്കി….
“മം.. എന്നാൽ പിന്നെ എല്ലാരും പോയി കിടക്കു.. ഉറക്കം കളയണ്ട… രാവിലെ എണീക്കാൻ ഉള്ളതു അല്ലെ. “
അച്ചാച്ചൻ അത് പറഞ്ഞപ്പോൾ എല്ലാരും പതിയെ എണീറ്റ് മുറിയിലേക്ക് പോയി.
അപ്പുവിന്റെ കല്യാണം കഴിയുന്നത് വരെ എല്ലാരും തറവാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചത് ആണ്….
” കണ്ണന് ഇല്ലാത്തത് കൊണ്ട് വീട് ഉറങ്ങിയത് പോലെ അല്ലെ അമ്മേ…. “
ആദിയും അച്ചുവും ഇളയമ്മയോട് പരാതി പറയുന്നത് കേട്ടപ്പോൾ ആണ് എനിക്ക് ചേച്ചിയുടെ കാര്യം ഓര്‍മ്മ വന്നത്…
അവളും മനു ഏട്ടനും കണ്ണനും രണ്ട് ദിവസം മുന്നേ മനുവേട്ടന്റെ വീട്ടില്‍ പോയതാണ്….
എല്ലാര്ക്കും നാണക്കേട് ആയതു ആണല്ലോ.. നാളെ വരില്ലേ ആവോ…
“അമ്മേ… ചേച്ചി… അവള് നാളെ വരില്ലേ…”
അപ്പു ഒട്ടൊരു സങ്കോചത്തോടെയാണ് അമ്മയോട് ചോദിച്ചത്..
“മം.. അവള് രാവിലെ എത്തിക്കോളും… ശ്യാമ ഉണ്ടാവില്ല.. അരുണിന് നാളെ എന്തോ അത്യാവശ്യം… പിന്നെ ഡോക്ടറെ കാണിക്കാൻ പോകണം എന്ന് പറഞ്ഞു…”
അമ്മ പറഞ്ഞു…
അപ്പുവിന് പാവം തോന്നി… ചേച്ചിയുടെ കല്യാണത്തിന് മുന്നേ നടന്നതാണ് ശ്യാമേച്ചിയുടെ കല്യാണം… പക്ഷേ ഇത് വരെ കുട്ടികൾ ആയിട്ടില്ല. അതിന്റെ സങ്കടം നല്ലോണം ഉണ്ട് രണ്ടാൾക്കും…
ഇന്ന് ഡോക്ടറുടെ വിളി ഒന്നും വന്നില്ലല്ലോ എന്ന് അവളോർത്തു…. പിന്നെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..
“മോനേ…. ആ കുട്ടി എങ്ങനെയാ…എന്റെ മോന്റെ സെലക്ഷന് മോശമാവില്ല എന്ന് അമ്മയ്ക്ക് അറിയാം…”
മഹേശ്വരിയുടെ മടിയില്‍ കിടക്കുകയായിരുന്ന ദേവിന് അമ്മയുടെ ചോദ്യം കേട്ട് ചിരി വന്നു..
“എന്റെ അമ്മേ.. ഞാൻ പറഞ്ഞില്ലേ… പേര് അപൂര്‍വ… അപ്പു എന്ന് വിളിക്കും… ആള് പാവം ആണ്.. അമ്മയ്ക്കു ഇഷ്ടാവും അവളെ…. “
അമ്മയുടെ മൂക്കിന്റെ തുമ്പത്ത് പിടിച്ചു വലിച്ചു കൊണ്ട് ദേവ് പറഞ്ഞു…
“എന്റെ മഹി… നമ്മുടെ മോന്റെ മനസ്സ് ഇളക്കിയ ആ കുട്ടിക്ക് ശരിക്കും എന്തേലും ഗിഫ്റ്റ് കൊടുക്കണം… “
ചിരിയോടെ ബാലന് പറഞ്ഞു…
” ദേ.. അച്ഛാ…. എന്റെ മനസ്സ് അല്ല ഇളക്കിയത്…. അത്രയ്ക്കു ഒന്നുല്ലാ….”
ദേവ് ബാലനോട് പറഞ്ഞു…
വര്‍ഷങ്ങള്‍ക്കു ശേഷം മകനിൽ വന്ന മാറ്റത്തെ സന്തോഷത്തോടെ നോക്കി കാണുകയായിരുന്നു അയാൾ…
” പക്ഷേ.. ദേവാ… ആ കുട്ടിയെ താലി കെട്ടേണ്ടി വന്ന സാഹചര്യം.. അതിനെ കുറിച്ച് നീ ഒന്നും പറഞ്ഞില്ല… “
ബാലൻ ഒട്ടൊരു ഗൌരവത്തോടെ ആണ് ചോദിച്ചത്..
എല്ലാരും ആകാംഷയോടെ ദേവിന്റെ മുഖത്തേക്ക് നോക്കി..
ദേവിന്റെ മുഖം വലിഞ്ഞു മുറുകി… അവന്റെ മൂഡ് മാറുന്നു എന്ന് തോന്നിയപ്പോൾ സീത തന്നെ വിഷയം മാറ്റി.
” അല്ല ഏട്ടത്തീ… കിടക്കണ്ടേ… രാവിലെ പോകാൻ ഉള്ളതു ആണ്..”
സീത ഓര്‍മ്മിപ്പിച്ചു…
പിന്നെ ആരും ഒന്നും ചോദിക്കാൻ നിന്നില്ല…
എല്ലാരും തങ്ങളുടെ റൂമിലേക്ക് പോയി… 3 ബെഡ്റൂം ഫ്ലാറ്റ് ആയതുകൊണ്ട് സൗകര്യം ഉണ്ടായിരുന്നു…
“നമ്മുടെ മോന് ഒരുപാട് മാറി അല്ലെ ബാലേട്ടാ…. അവന്റെ മുഖത്തെ ആ ചിരി കാണാന്‍ അല്ലെ നമ്മൾ ഇത്രയും നാളും കാത്തു നിന്നത്… “
റൂമിൽ ബാലന്റെ നെഞ്ചില്‍ തല ചായ്ച്ചു കൊണ്ട് മഹേശ്വരി പറഞ്ഞു…
“മം.. സത്യം ആണ് മഹി… അവനെ ഇങ്ങനെ കാണാന്‍ കഴിയും എന്ന് കരുതിയില്ല… ഇനി അവന്റെ ആ ഒരു ഒറ്റ പിടിവാശി കൂടി ഇല്ലാതെ ആയാൽ നമുക്ക് നമ്മുടെ പഴയ മോനെ കിട്ടും….. നമ്മുടെ ദേവിനെ… “
ഒരു നെടുവീര്‍പ്പോടെ അയാൾ പറഞ്ഞു..
പുലര്‍ച്ചെ വീണ്ടും ആ പഴയ സ്വപ്നം കണ്ടാണ് അപ്പു ഞെട്ടി ഉണര്‍ന്നത്..
തന്റെ കഴുത്തിൽ താലി കെട്ടുന്ന ഡോക്ടർ… പക്ഷേ.. ആ കണ്ണുകൾ… അത് നീലക്കണ്ണുകള് ആണ്… പക്ഷേ… ഡോക്ടർക്ക് നീല കണ്ണ് അല്ലലോ…
അപ്പു ആകെ അസ്വസ്ഥയായി ഇരുന്നു…
ഡോക്ടറോട് ഈ കാര്യത്തെ പറ്റി ചോദിക്കണം എന്ന് അവള് ഉറച്ചു..
പിന്നെ അവള്‍ക്കു ഉറക്കം വന്നില്ല.. ഇരുന്നു ഇരുന്നു നേരം വെളുപ്പിച്ചു..
രാവിലെ എണീറ്റത് മുതൽ അപ്പു ആകെ വെപ്രാളത്തിൽ ആയിരുന്നു…
വെപ്രാളം കൂടി കൂടി അവള് ക്ലോക്കിൽ തന്നെ സമയം നോക്കി ഇരുന്നു…
ഇതിനിടയിൽ അര്‍പ്പിതയും മനുവും കണ്ണനും വന്നു…
അര്‍പ്പിത തന്നെയാണ് അപ്പുവിനെ ഒരുക്കിയത്…
“പൂവ് ഒന്നും വേണ്ട ചേച്ചി…”
അര്‍പ്പിത അവളുടെ തലയിൽ മുല്ലപ്പൂവു ചൂടിക്കാൻ നോക്കിയപ്പോൾ അപ്പു പറഞ്ഞു…
“അപ്പു.. നീ മിണ്ടാതെ നിക്ക്… ഇതൊക്കെ വേണം..”
അര്‍പ്പിത ലേശം കലിപ്പ് ഇട്ട് പറഞ്ഞു.. പിന്നെ അപ്പു ഒന്നും പറഞ്ഞില്ല..
ഹരിയുടെ വീട്ടുകാർക്ക് മുന്നില്‍ ഇത് പൊലെ അണിഞ്ഞു ഒരുങ്ങി നിന്നത് അവളോർത്തു…
പെട്ടെന്ന് കണ്ണ് ഒക്കെ നിറഞ്ഞു… ആരും കാണാതെ അവള് കണ്ണീര് തുടച്ചു..
മേലെപ്പാട്ടെ മുറ്റത്തേക്ക് ദേവിന്റെ കാർ വന്നു നിന്നു….
” അപ്പു ചേച്ചി…അവര്‍ വന്നു…”
ആദി വന്നു പറഞ്ഞപ്പോൾ ആണ് അപ്പു ചിന്തയില്‍ നിന്നും ഉണര്‍ന്നത്…
അപ്പു പതിയെ മുകളിലത്തെ ജനാലയിലൂടെ താഴേക്ക് നോക്കി…
കാറിന്റെ ഡോറ് തുറന്ന് ബാലനും മഹേശ്വരിയും ജയന്തും സീതയും ഇറങ്ങി…
അപ്പു അവരെ സാകൂതം നോക്കുകയായിരുന്നു.
ഇടയ്ക് അവളുടെ കണ്ണുകൾ ഡ്രൈവർ സീറ്റിലേക്ക് നീണ്ടു..
ഡോര്‍ തുറന്ന് ദേവ് പുറത്ത് ഇറങ്ങി…
ഒരു വൈറ്റ് കളർ ഷർട്ടും ഡാർക്ക് ബ്ലൂ പാന്റ്സുമായിരുന്നു അവന്റെ വേഷം…
താടിയൊക്കെ വെട്ടി ഒതുക്കിയിരിക്കുന്നു…. മുടി മനോഹരമായി ചീകി ഒതുക്കി…
അവന്റെ നില്‍പ്പ് നോക്കി അപ്പു അങ്ങനെ നിന്നു..
മുറ്റത്ത് കാറ് വന്നത് കണ്ടു മാധവനും മഹേഷും അകത്തു നിന്നും പുറത്തേക്ക് വന്നു…
അവരെ സ്വീകരിച്ചു അകത്തേക്ക് കൂട്ടി..
ഹരിയുമായുള്ള കല്യാണം മുങ്ങിയതിൽ അപ്പുവിന്റെ അമ്മാവന് സത്യനാഥിന് ലേശം ഈർഷ്യ ഉണ്ടായിരുന്നു….
എങ്കിലും അയാൾ അത് പുറമെ പ്രകടിപ്പിച്ചില്ല..
സ്വീകരണ മുറിയില്‍ എല്ലാവരും ഇരുന്നു.
“യാത്ര ഒക്കെ സുഖമായിരുന്നോ…”
അപ്പുവിന്റെ അച്ചാച്ചൻ ചോദിച്ചു…
“ഉവ്വ്… ഇന്നലെ രാത്രി എത്തിയത്… ദേവിന്റെ മുത്തച്ഛന് ഇത്രയും ദൂരം യാത്ര ചെയ്യാൻ പാടില്ല. അതാണ് വരാത്തത്…. പരിചയപ്പെടുത്താൻ മറന്നു… ഞാൻ ദേവിന്റെ അച്ഛൻ ആണ്. ബാലശങ്കര മേനോന്… ഇതെന്റെ ഭാര്യ മഹേശ്വരി….”
ഒരു പുഞ്ചിരിയോടെ ബാലൻ തന്നെ സ്വയം പരിചയപ്പെടുത്തി.
“ഇത് ദേവിന്റെ ഇളയച്ഛൻ ജയന്ത്… ഇത് ഇളയമ്മ സീതാലക്ഷ്മി…”
ജയന്തിനേയും സീതയെയും ചൂണ്ടിക്കാട്ടി മഹേശ്വരി പറഞ്ഞു…
ശേഷം എല്ലാവരെയും നോക്കി പുഞ്ചിരിച്ചു..
” ഞാൻ ആണ് അപ്പുവിന്റെ അച്ചാച്ചൻ… ഇത് അച്ഛൻ മാധവന്.. പിന്നെ ഇത് അമ്മാവന്.. അത് ഇളയച്ഛൻ… അത് അപ്പുവിന്റെ ചേച്ചിയും ഭർത്താവും കുട്ടിയും.. പിന്നെ ഇത് അമ്മായിയും ഇളയമ്മയും…. “
അച്ചാച്ചൻ തന്നെ എല്ലാരേയും പരിചയപ്പെടുത്തി…
“ഞങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ കുറിച്ച് വല്യ അറിവ് ഒന്നുമില്ല.. “
സത്യനാഥ് വല്യ താല്പര്യമില്ലാതെ പറഞ്ഞു…
“ദേവ് നിങ്ങളോട് ഞങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലേ… “
ഒരു പുഞ്ചിരിയോടെ ജയന്ത് ചോദിച്ചു..
“ഇല്ല…”
അതൃപ്തിയോടെയാണ് സത്യനാഥ് മറുപടി പറഞ്ഞത്..
ദേവ് അത് ശ്രദ്ധിച്ചു… മാധവനും… അയാൾ പരിഭ്രമത്തോടെ അപ്പുവിന്റെ അച്ചാച്ചനെ നോക്കി..
അച്ചാച്ചൻ സത്യനാഥിനെ കണ്ണുകൾ കൊണ്ട് വിലക്കി..
“ദേവിന്റെ അച്ഛനും അമ്മയും ഡോക്ടർസ് ആണ്.. ഞങ്ങളുടെ തന്നെ മംഗലത്ത് ഹോസ്പ്പിറ്റലിന്റെ മേല്‍നോട്ടം ഏട്ടനും ഏട്ടത്തിയും ആണ്….ഞങ്ങൾ എല്ലാരും കൂടി ആണ് ബിസിനസ്സ് ഒക്കെ നോക്കുന്നതു…”
ജയന്തിന്റെ മറുപടി കേട്ടതും പിന്നെ സത്യനാഥ് ഒന്നും മിണ്ടിയില്ല… അപ്പു കയറി ചെല്ലുന്നത് വലിയൊരു കുടുംബത്തിലേക്ക് ആണെന്ന് അയാള്‍ക്കു മനസ്സിലായി…
“ദേവിയെ അപ്പുനെ വിളിക്ക്… “
വിഷയം മാറ്റാൻ എന്നോണം അച്ചാച്ചൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
അത് കേട്ടതും അപ്പുവിന്റെ ഹൃദയമിടിപ്പ് പിന്നെയും കൂടി…
“വന്നത് ഒക്കെ വല്യ വല്യ ആള്ക്കാര് ആണ് ചേച്ചി… നല്ല ആള്ക്കാര് ആണെന്ന് തോന്നുന്നു…”
ഇളയമ്മ അകത്തേക്ക് വന്നു അമ്മയോട് പറയുന്നത് അപ്പു കേട്ടു…
അമ്മ തന്നെ അവളുടെ കൈയിൽ ചായയുടെ ട്രേ കൊടുത്തു… വിറച്ചു വിറച്ചു ആണ് അപ്പു അവര്‍ക്കു ചായയുമായി നടന്നതു…
ചായയുമായി നടന്നു വരുന്ന അപ്പുവിനെ എല്ലാരും കൺകുളിൽകെ കണ്ടു…
എല്ലാര്ക്കും ഒറ്റനോട്ടത്തിൽ തന്നെ അപ്പുവിന് ഇഷ്ടായി…
തല ഉയർത്താതെ തന്നെ അപ്പു എല്ലാര്ക്കും ചായ കൊടുത്തു.. ഏറ്റവും ഒടുവില്‍ ദേവിന് ചായ കൊടുക്കുമ്പോഴു അവളുടെ കൈ വിറച്ചു…
അത് കണ്ടപ്പോൾ മഹേശ്വരി എണീറ്റു വന്നു അപ്പുവിനെ ചേര്‍ത്തു പിടിച്ചു..
“മോള് ഇങ്ങനെ പേടിക്കണ്ട… എന്റെ മോന് ഒരു പാവാണ്…. പിന്നെ എല്ലാര്ക്കും മോളെ ഇഷ്ടവുമായി….”
അവളുടെ തലയിൽ തലോടി കൊണ്ട് മഹേശ്വരി പറഞ്ഞു..
“അതേ മോളേ… ഇനി എത്രയും പെട്ടെന്ന് മോളേ എന്റെ മോന്റെ പെണ്ണ് ആയിട്ട് മംഗലത്തേക്ക് കൂട്ടാന്‍ പോകുവാണ് ഞങ്ങൾ….”
ബാലനും അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
അപ്പു ഇടം കണ്ണിട്ട് ദേവിനെ ഒന്ന് നോക്കി..
അവന് ആണേലു ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയം അല്ല എന്ന ഭാവത്തില്‍ ചായ കുടിക്കുക ആണ്..
അപ്പുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു… എങ്കിലും അവള് എല്ലാര്ക്കും ഒരു പുഞ്ചിരി സമ്മാനിച്ചു..
“അപ്പൊ നമുക്ക് ഇത് അങ്ങ് എത്രയും പെട്ടെന്ന് നടത്താം അല്ലെ.. ഏറ്റവും അടുത്ത മുഹൂര്‍ത്തത്തിൽ തന്നെ… എന്താ..”
അച്ചാച്ചൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് ബാലനെ നോക്കി..
“പിന്നെന്താ.. കുട്ടികളുടെ ഇഷ്ടം അല്ലെ നമുക്ക് വലുത്…നമ്മൾ ഇത് അങ്ങ് നടത്തുന്നു എത്രയും പെട്ടെന്ന് തന്നെ.. “
മാധവനെ ആശ്ലേഷിച്ചു കൊണ്ട് ബാലൻ പറഞ്ഞു…
മാധവന് ഒരു സമാധാനത്തോടെ ദേവിനെ നോക്കി.. അവന് അയാളെ നോക്കി കണ്ണടച്ച് കാണിച്ചു..
അല്പ നേരം കൂടി അവിടെ സമയം ചിലവഴിച്ചു ആണ് അവര്‍ ഇറങ്ങിയത്…
ചുരുങ്ങിയ നേരം കൊണ്ട് അപ്പു മഹേശ്വരിയുമായും സീതയുമായും അടുത്തിരുന്നു…
പോകാൻ നേരം അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തു കൊണ്ടാണ് മഹേശ്വരി ഇറങ്ങിയത്…
എല്ലാവരുടെയും സന്തോഷം നോക്കി കാണുകയായിരുന്നു ദേവ്..
ഇറങ്ങാന്‍ നേരം എങ്കിലും ദേവ് തന്നെ നോക്കും എന്ന് അപ്പു കരുതി…
പക്ഷേ അവന് അവളെ പാടെ അവഗണിച്ചു കൊണ്ട് കാറിൽ കയറി…
കാർ നീങ്ങുന്നതിന് അനുസരിച്ച് അപ്പുവിന്റെ കണ്ണ് നിറഞ്ഞു..
കാറിന്റെ മിററിലൂടെ അവളുടെ പരിഭവം നിറഞ്ഞ മുഖം കണ്ടു ദേവ് ഒന്ന് പുഞ്ചിരിച്ചു…
“മോനേ… ദേവ്…”
ബാലൻ വിളിച്ചു..
“എന്താ അച്ഛാ..”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിന്നും തല ചെരിച്ചു കൊണ്ട് ദേവ് ചോദിച്ചു…
“ഇനിയെങ്കിലും നിന്റെ ആ പിടിവാശി ഒന്ന് കളഞ്ഞു കൂടെ മോനേ…. പഴയ ദേവ് ആയിട്ട് നിന്നെ കാണാന്‍ കൊതിക്കുന്ന എല്ലാവർക്കും വേണ്ടി…. നിന്റെ ആ കണ്ണുകളില്‍…..”
“ഇനഫ്… വേണ്ട അച്ഛാ.. അതെന്നെ ഓര്മിപ്പിക്കണ്ട…. അതിനു സമയം ആയിട്ടില്ല…. പഴയ ദേവ് ആകാൻ ഇനിയും എനിക്ക് സമയം വേണം… “
ബാലൻ പറഞ്ഞു തീരുന്നതിന് മുന്നേ കാർ നിർത്തി കൊണ്ട് ദേവ് പറഞ്ഞു…
അവന്റെ കണ്ണുകള്‍ നിറഞ്ഞു… ചുവന്നു…
പിന്നെ ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്ന പോലെ വണ്ടിയെടുത്തു…..
തുടരും….