മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
നമ്മളോട് ആ കുട്ടിയുടെ വീട്ടില്‍ നേരിട്ട് ചെന്ന് കല്യാണം ആലോചിക്കാൻ ആണ് അവന് പറഞ്ഞത്… “
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ബാലന് എല്ലാവരെയും നോക്കി..
എല്ലാ മുഖങ്ങളും അതിശയത്തിൽ വിടരുന്നതു അയാൾ കണ്ടു..
ഡൈനിംഗ് ടേബിള്‍ ഒരു നിമിഷം നിശബ്ദമായി..
മഹേശ്വരി ഒരു പേടിയോടെ ബാലനെ നോക്കി…
രുദ്രയും ദക്ഷയും നിനക്ക് വല്ലതും അറിയുമോ എന്ന ഭാവത്തില്‍ അനികേതിനെ നോക്കി…
എനിക്ക് ഒന്നുമറിയില്ല എന്ന ഭാവത്തില്‍ അവന് ചുമല് കൂച്ചി കാണിച്ചു..
“അച്ഛൻ ഒന്നും പറഞ്ഞില്ല…”
കുറച്ചു നേരമായിട്ടും മറുപടി ഒന്നും വരാത്തത് കൊണ്ട് നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ബാലൻ തന്നെ സംസാരിച്ചു…
“ഇനിയിപ്പൊ എന്ത് പറയാന്‍ ആണ് ബാലാ…. അവന്റെ ഇഷ്ടം.. മം… അവന്റെ ഇഷ്ടം അതാണ് എങ്കിൽ നമ്മൾ എതിര്‍ത്ത് നിന്നിട്ട് കാര്യമില്ലല്ലോ…”
മേനോന് പറഞ്ഞു നിർത്തി..
“മോനേ ബാലാ… പെണ്‍കുട്ടി… എവിടെയാ.. എങ്ങനെയാ കാണാന്‍… അവന് എന്തേലും പറഞ്ഞോ നിന്നോട്…”
ദേവകിയമ്മ ആകാംഷയോടെ ചോദിച്ചു..
രുദ്ര അത് കേട്ട് ഒന്ന് ചിരിച്ചു…
ജയന്ത് ഒന്ന് കലിപ്പിച്ച് നോക്കിയപ്പോൾ അവൾ അത് കഷ്ടപ്പെട്ട് അടക്കി പിടിച്ചു…..
“കണ്ണൂര്‍ ആണ് അച്ഛാ… നല്ല തറവാട്ടിലെ കുട്ടി ആണെന്ന് ആണ് അവന് പറഞ്ഞത്.. ഫോട്ടോ അവന് അയക്കാം എന്ന് പറഞ്ഞിരുന്നു…”
മഹേശ്വരി ആണ് അത് പറഞ്ഞത്…
“കണ്ണൂരോ…….”
അനികേത് അമ്പരന്നു കൊണ്ട് ചോദിച്ചു…
“അനിയേട്ടന് പേടി ആണോ…”
രുദ്ര കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിച്ചു..
” ഏയ്… പേടി ഒന്നുല്ലാ… “
അനി വളിച്ച ചിരിയോടെ പറഞ്ഞു..
” മം.. എന്താ അവന് പറഞ്ഞത്…. “
മേനോന് അല്‍പ്പം ഗൌരവത്തില്‍ തന്നെ ചോദിച്ചു…
” അത്.. മറ്റന്നാള്‍ നമ്മളോട് ഒന്ന് ആ കുട്ടിയുടെ വീട്ടില്‍ ചെല്ലാൻ… കല്യാണം എത്രയും പെട്ടെന്ന് വേണം എന്ന്..”
തല കുനിച്ച് കൊണ്ട് ബാലൻ പറഞ്ഞു…
“ന്താ ഏട്ടാ ഈ പറയണത്… ഇത്രേം പെട്ടെന്ന് എങ്ങനെ… എങ്ങനെ നടക്കും..”
ചന്ദ്രശേഖരന് അന്താളിപ്പിൽ ചോദിച്ചു..
എല്ലാവരുടെയും മുഖത്ത് അതേ ഭാവം ആയിരുന്നു…
” കല്യാണം വേണ്ട.. സന്യാസിക്കാൻ പോകുവാ എന്നൊക്കെ പറഞ്ഞ ആള് അല്ലെ ഈശ്വരാ അത്…”
രുദ്ര മേലോട്ട് നോക്കി അടുത്ത കൗണ്ടറടിച്ചു…
” ഈ പെണ്ണിന്റെ ഒരു കാര്യം… എന്താ എപ്പഴാ പറയേണ്ടത് എന്ന് അറിയില്ല..”
അവളുടെ ചെവിയില്‍ പിടിച്ചു കൊണ്ട് സീത പറഞ്ഞു…
“ഹൂ.. വിട് അമ്മ.. എനിക്ക് നൊന്തൂട്ടാ… “
സീതയുടെ കൈ വിടുവിച്ച് കൊണ്ട് രുദ്ര പറഞ്ഞു…
സീത അവളെ ഒന്നുടെ നോക്കി പേടിപ്പിച്ചു…
ഒന്ന് ഇളിച്ചു കാണിച്ച് കൊണ്ട് അവള് ഫുഡിൽ കോൺസണ്ട്രേറ്റ് ചെയ്യാൻ തുടങ്ങി..
“മം.. മതി.. അവന്റെ ആഗ്രഹം പോലെ നടക്കട്ടെ.. അവന്റെ ഇഷ്ടത്തിന് ഇവിടെ ആരും എതിരല്ല… എന്തായാലും നല്ലതേ അവന് തിരഞ്ഞെടുക്കൂ…. മറ്റന്നാള്‍ അവിടെ എത്തണം എങ്കിൽ നാളെ തന്നെ തന്നെ പുറപ്പെടണ്ടേ….”
അവസാന വാക്ക് എന്നോണം മേനോന് പറഞ്ഞു…
“വേണം അച്ഛാ. ട്രെയിനിന് ഇനിയിപ്പൊ ന്താ യാലും പോകാൻ പറ്റില്ല… കാറിൽ ആയാലും 10 മണിക്കൂറിന് മേലെ വേണം.. അവന് പറഞ്ഞത് നാളെ രാവിലെ അങ്ങോട്ട് പോകാൻ ആണ്.. അത് ആകുമ്പോ രാത്രി അവിടെ തങ്ങിട്ട് രാവിലെ കുട്ടിയെ കാണാന്‍ പോകാലോ..”
ബാലൻ പറഞ്ഞു…
“മം.. അതാവും നല്ലത്… ദൂരയാത്ര ഉള്ള നിലയ്ക്ക് അതാവും നല്ലത്… “
അതും പറഞ്ഞു മേനോന് എണീറ്റു..
പതിയെ പതിയെ ഓരോരുത്തര് ആയി എണീറ്റു..
രുദ്ര അപ്പോഴും യുദ്ധം ആണ്.. ഭക്ഷണത്തിനോട് ആണെന്ന് മാത്രം..
അത് കണ്ടു എല്ലാര്ക്കും ചിരി പൊട്ടി.
രാത്രി അനികേതിന്റെ റൂമിൽ ഇരിക്കുകയായിരുന്നു രുദ്ര..
“ഇതിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ അനിയേട്ടാ…..എവിടെയോ എന്തോ ചീഞ്ഞു നാറുന്നു….”
നെറ്റിയില്‍ വിരല്‍ കൊണ്ട് തട്ടി കൊണ്ട് ഗൗരവത്തോടെ രുദ്ര പറഞ്ഞു..
“പോയി നേരത്തും കാലത്തും കുളിക്കെടി…. നാറ്റം സഹിക്കാൻ വയ്യാ…”
ലാപ് ടോപ്പിൽ നിന്നും തല ഉയർത്താതെ പൊട്ടിച്ചിരിച്ചു കൊണ്ട് അനി പറഞ്ഞു….
” ദേ ഞാന്‍ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും… മനുഷ്യന് ഇവിടെ സീരിയസ് ആയി ഒരു കാര്യം പറയുമ്പോ ആണ്… നിങ്ങളെ എന്താ ആ ലാപ് ടോപ്പ് ആണോ പ്രസവിച്ചത്… ഏതു നേരവും അതും കുത്തി നടന്നോളും..”
രുദ്ര ദേഷ്യത്തോടെ പറഞ്ഞു..
“ശരി.. എന്താ ഏട്ടന്റെ മോളുടെ പ്രശ്നം.. അത് പറയ്… “
ലാപ്ടോപ്പ് അടച്ച് വച്ചുകൊണ്ട് അനി ചോദിച്ചു..
” എന്റെ പൊന്നു ഏട്ടാ.. ദേവേട്ടൻ എപ്പോഴും പറയാറുള്ളത് ഓര്‍മയില്ലേ… ഇനിയൊരു പെണ്ണിനും ഏട്ടന്റെ മനസ്സിൽ സ്ഥാനമില്ല എന്ന്. അങ്ങനെ ഉള്ള ആള് ഒരു പെണ്ണിനെ താലി കെട്ടി എന്നൊക്കെ പറഞ്ഞാൽ… വിശ്വാസിക്കാൻ പറ്റുന്നില്ല…”
രുദ്ര പിന്നെയും സംശയത്തോടെ പറഞ്ഞു..
“എടി മണ്ടി.. ഞങ്ങള്‍ ആണുങ്ങള്‍ക്ക് പ്രേമം തോന്നാൻ അത്രേം സമയം ഒന്നും വേണ്ടടീ… ഞാന്‍ തന്നെ എത്രയെണ്ണത്തിന്റെ പിന്നാലെ നടന്നത് ആണ്.. “
അനി പറഞ്ഞു..
” എന്റെ പൊന്നു കോഴി…. ഞാന്‍ പറഞ്ഞത് ഈ കാട്ടു കോഴിയെ കുറിച്ച് അല്ല… ദേവേട്ടനെ കുറിച്ച് ആണ്. ദേവേട്ടൻ അങ്ങനെ ഒരു പെണ്ണിനെയും പിന്നാലെ പോവില്ല എന്ന് എനിക്ക് അറിയാം.. പിന്നെ ഇതെങ്ങനെ… “
അനിയുടെ തലയ്ക്കു ഇട്ടു ഒരു കിഴുക്കു കൊടുത്തു കൊണ്ട് രുദ്ര പറഞ്ഞു..
“ഡീ.. ഡീ.. എന്നെ അങ്ങനെ കൊച്ചാക്കല്ലേ… ദേവേട്ടന്റെ അത്രേം ഗ്ലാമര്‍ ഇല്ലാന്ന് ഉള്ളതു സത്യം ആണ്.. അല്ലേലും ആവശ്യമുള്ളവന് ദൈവം സൗന്ദര്യം കൊടുക്കില്ലലോ…. “
നെടുവീര്‍പ്പിട്ടു കൊണ്ട് അനി പറഞ്ഞു..
“അല്ല.. ഇവളിത് എവിടെ പോയി.. കുറേ നേരമായല്ലോ…”
വാതിലിനു നേരെ നോക്കിക്കൊണ്ട് രുദ്ര പറഞ്ഞു..
അപ്പോഴാണ് ദക്ഷ കേറി വന്നത്..
” എന്തായി.. കിട്ടിയോ.. “
രുദ്ര ആകാംഷയോടെ ചോദിച്ചു…
” പിന്നെ അല്ലാതെ.. വല്ല്യമ്മയെ സോപ്പിട്ട് അടിച്ചു മാറ്റി മോളേ…”
ദക്ഷ ഡ്രസ്സിന്റെ കോളറ് പൊക്കുന്നത് പൊലെ പോലെ കാണിച്ചു..
“എവിടെ നോക്കട്ടെ…”
അനി ആകാംഷയോടെ പറഞ്ഞു..
“പൊന്നു മോനേ കോഴി.. ഇത് കണ്ട പെണ്ണിന്റെ ഫോട്ടോ അല്ല.. നമ്മുടെ ഏട്ടത്തിയമ്മേടെ ഫോട്ടൊ ആണ്.. യു അണ്ടര്‍സ്റ്റാന്‍ഡ്… “
രുദ്ര പറഞ്ഞു.
” നീ പോടീ ചൊറിയൻ പുഴു….നീ ഇങ്ങു കാണിക്ക് ദക്ഷ…”
രുദ്രയ്ക്കു ഒരു നുള്ള് കൊടുത്തു കൊണ്ട് അനി ദക്ഷയുടെ കൈയില്‍ നിന്ന് ഫോട്ടോ വാങ്ങി നോക്കി…
” ഇത് കൊള്ളാലോ.. നല്ല കുട്ടി.. ഏട്ടന് ചേരും.. എന്തായാലും ദേവേട്ടന്റെ സെലക്ഷന് മോശമല്ല. “
അനി പറഞ്ഞു..
“എവിടെ ഞാനും നോക്കട്ടെ… “
അനിയുടെ കൈയിൽ നിന്നും ഫോൺ തട്ടി എടുത്തുകൊണ്ട് രുദ്ര പറഞ്ഞു..
“ശരി ആണല്ലോ.. ഇനി ഇങ്ങേരു ഇത്രയും നാള് ചുമ്മാ ബില്‍ഡ് അപ് ഇട്ടതു ആണോ.. “
രുദ്ര തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു..
” പോടീ.. പോയി ഉറങ്ങൂ… “
അനി കപട ദേഷ്യത്തോടെ രണ്ടാളെയും നോക്കി പറഞ്ഞു…
” കണ്ടോ രുദ്രേ…. നമ്മളെ പറഞ്ഞു വിട്ടിട്ട് ചേട്ടനു കാമുകിയോട് കിന്നരിക്കാൻ ആണ്.. “
ദക്ഷ ചെറു ചിരിയോടെ പറഞ്ഞിട്ട് ഓടി…
” എടി…. “
ചിരിയോടെ അനി പറയുമ്പോഴേക്കും രുദ്രയും പിന്നാലെ ഓടിയിരുന്നു….
ഇതേ സമയം അപ്പു ആകെ അങ്കലാപ്പിലായിരുന്നു….
ആശുപത്രിയില്‍ നിന്നും തന്നെ ദേവ് അവളെ അവഗണിക്കുന്നത് അവള് ശ്രദ്ധിച്ചിരുന്നു..
ഇതിപ്പൊ വീട്ടില്‍ വന്നിട്ട് 2 ദിവസം ആകാറായി… ഇതിനിടയിൽ ഒന്നും ദേവിന്റെ ഫോൺ കോളുകൾ തന്നെ തേടി വന്നിട്ടില്ല എന്നത് അവളെ സങ്കടപ്പെടുത്തി…
ബാല്‍ക്കണിയിൽ ഇരുന്നു വിദൂരതയിലേക്ക് നോക്കുകയായിരുന്നു അപ്പു…
കല്യാണത്തിന്റെ തലേന്ന് ഇത് പോലെ ദേവിന്റെ ഫോൺ കോൾ വന്നത് അവളോർത്തു…
ഡോക്ടർക്ക് ആരോടോ വർഷങ്ങൾ നീണ്ടു നില്ക്കുന്ന പ്രണയം ഉണ്ടെന്ന് ഹരിയേട്ടൻ പറഞ്ഞത് അവളോർത്തു…
പിന്നെ എന്തിനാ എന്റെ കഴുത്തിൽ താലി കെട്ടിയത്…
വലിയൊരു സമസ്യ ആണ് തന്റെ മുന്നില്‍ ഉള്ളതെന്ന് അവള്‍ക്കു മനസ്സിലായി.
വെറുക്കാൻ ശ്രമിച്ചിട്ടും അതിനു സാധിക്കാത്ത വിധം ദേവ് തന്നില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് അവള്‍ക്ക് തോന്നി…
ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും തന്നെ കുറ്റപ്പെടുത്താത്തത് അവളെ അല്‍ഭുതപ്പെടുത്തി…
വീണ്ടുമൊരു പെണ്ണുകാണല്‍…. കല്യാണം… അവള്‍ക്കു ആകെ പേടി തോന്നി.
ഡോക്ടറുടെ വീട്ടുകാരുടെ പ്രതികരണം എന്തായിരിക്കും എന്ന് അവള്‍ക്കു പേടി തോന്നി..
താലിയില്‍ തെരുകി പിടിച്ചു കൊണ്ട് അവള് ആകാശത്തേക്ക് നോക്കി ഇരുന്നു…
മടിയില്‍ വച്ച ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ ആണ് അവള് ചിന്തയില്‍ നിന്നും ഉണരുന്നത്.
“ഡോക്ടർ കോളിംഗ്…”
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് അവളെ സ്തബ്ധയാക്കി….
“ഹലോ….”
വിറയ്ക്കുന്ന സ്വരത്തില്‍ അവള് പറഞ്ഞു..
“മം… എന്താണ് എന്റെ ഭാര്യയ്ക്ക് ഉറക്കം ഒന്നുമില്ലേ….”
ദേവിന്റെ ശബ്ദത്തില്‍ ഗൗരവം നിറഞ്ഞു..
“അത്… ഞാന്‍.. ഞാൻ…പിന്നെ… ഉറങ്ങാൻ….. “
അപ്പു വിക്കി വിക്കി പറഞ്ഞു…
“ഹ ഹാ…. ഹാ… ഡോ ഭാര്യേ.. തനിക്കു വിക്ക് ഉണ്ടോ…..”
പൊട്ടി ചിരിച്ചു കൊണ്ട് ദേവ് ചോദിച്ചു.
അപ്പുവിന് ഒന്ന് ശ്വാസം വീണു…
” അത്.. ഞാൻ ഉറങ്ങാൻ പോകുവായിരുന്നു…ഇയാള്‍ക്ക് ന്താ…”
അപ്പു വീറോടെ പറഞ്ഞു..
“.. ടി.. പെണ്ണേ.. ഭർത്താവിനെ കേറി ഇയാൾ എന്ന് ഒന്നും വിളിക്കരുത്… പിന്നെ… ബാല്‍ക്കണിയിൽ ഇരുന്നു ആണോ ടി നീ ഉറങ്ങാറ്….”
ദേവിന്റെ ചോദ്യം കേട്ടതും അപ്പു ഞെട്ടി.
” ങേ.. ഞാൻ ബാല്‍ക്കണിയിൽ ആണെന്ന് ഇയാളോട് ആരാ പറഞ്ഞത്…”
ചുറ്റും നോക്കിക്കൊണ്ട് അപ്പു ചോദിച്ചു…
” ആഹ്… അതൊക്കെ അറിയും.. “
ദേവ് ഒരു ഒഴുക്കൻ മട്ടില്‍ പറഞ്ഞു..
“ങ്ഹേ.. എങ്ങനെ…. “
അപ്പു വീണ്ടും ചോദിച്ചു…
“പോയി കിടന്നു ഉറങ്ങൂ പെണ്ണേ.. അവള് ഉറക്കം കളഞ്ഞു ഇരിക്കുന്നു… “
ദേവ് ദേഷ്യത്തില്‍ പറഞ്ഞു..
” അത്. പിന്നെ….”
അപ്പു വീണ്ടും വിക്കി…
“ഏതു.. പിന്നെ.. പോയി ഉറങ്ങാൻ നോക്ക്…ആഹ്.. പിന്നെ.. മറ്റന്നാള്‍ രാവിലെ എന്റെ വീട്ടുകാര്‍ വരും.. അത് പറയാന്‍ ആണ് വിളിച്ചത്.. എങ്കിൽ എന്റെ ഭാര്യ പോയി ഉറങ്ങൂ.. ഗുഡ് നൈറ്റ്… “
അതും പറഞ്ഞു കോൾ കട്ട് ആയി…
പിറുപിറുത്തു കൊണ്ട് അപ്പു എണീറ്റു മുറിയിലേക്ക് നടന്നു…
ഇതേ സമയം ഫോൺ നെഞ്ചില്‍ വച്ച് കണ്ണ് അടച്ച് കിടക്കുകയായിരുന്നു ദേവ്.. ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു..
വീട്ടിൽ നിന്നും ആള്ക്കാര് വരും എന്ന് പറയാന്‍ അവളുടെ അച്ഛനെ വിളിച്ചപ്പോള്‍ ആണ് പെണ്ണ് ഉറങ്ങാതെ ബാല്‍ക്കണിയിൽ ഇരിപ്പ് ആണെന്ന് പറഞ്ഞത്…
അപ്പൊ തന്നെ അവളെ വിളിച്ചു കാര്യം പറഞ്ഞു… അവള് ബാല്‍ക്കണിയിൽ ഇരിക്കുന്നത് ഞാൻ എങ്ങനെ കണ്ടുവെന്ന് ആലോചിക്കുവായിരിക്കും പെണ്ണ്…
അത് ഓര്‍ത്തു പുഞ്ചിരിച്ചു കൊണ്ട് ദേവ് ഉറക്കത്തിലേക്ക് വഴുതി വീണു..
രാവിലെ തന്നെ മംഗലത്ത് നിന്നുള്ളവർ കണ്ണൂരേക്ക് പുറപ്പെട്ടു…
മേനോന് അത്രയും ദൂരം കാർ യാത്ര പാടില്ലാത്തതു കൊണ്ട് ബാലനും മഹേശ്വരിയും ജയന്തും സീതയും ആണ് പോയതു….
ചന്ദ്രശേഖരന് ബിസിനസ് ആവശ്യമായി ഒരു ട്രിപ്പ് ഉള്ളതു കൊണ്ട് അയാളു പോയില്ല.. വീട്ടില്‍ ആള് വേണം എന്നുള്ളത് കൊണ്ട് സാവിത്രിയും മടിച്ചു…
അവരുടെ കൂടെ പോകാന്‍ രുദ്ര പ്ലാൻ ഇട്ടെങ്കിലും കുട്ടികൾ ആരും പോകണ്ട എന്ന നിലപാടില്‍ മേനോന് ഉറച്ചു നിന്നു…
“ഈശ്വരാ.. എല്ലാം നന്നായി വരുത്തണേ…”
അതും പറഞ്ഞുകൊണ്ട് ദേവകിയമ്മ മേനോനെയും കൂട്ടി അകത്തേക്ക് പോയി.
“ശനിയാഴ്ച ആയി പോയി.. ഇല്ലെങ്കില്‍ അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് കോളേജിൽ ഇന്ന് അടിച്ചു പൊളിക്കാന്‍ പറ്റുമായിരുന്നു… യോഗം ഇല്ല മോളേ…..”
അവര്‍ പോകുന്നത് നോക്കിക്കൊണ്ട് ഇച്ഛാഭംഗത്തോടെ രുദ്ര പിറുപിറുത്തു…
“എന്തിനാ.. ഇന്നലത്തെ തല്ലിന്റെ ബാക്കി കൊടുക്കാൻ ആണോ…അതോ….. “
അവളുടെ തലയില്‍ കൊട്ടി കൊണ്ട് സംശയത്തോടെ ദക്ഷ ചോദിച്ചു…
” ഈ…… പറയില്ല… “
അവളെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് രുദ്ര അകത്തേക്ക് ഓടി….
ദക്ഷ ഒരു പുഞ്ചിരിയോടെ അതും നോക്കി നിന്നു…
രാവിലെ എണീറ്റത് മുതൽ അപ്പുവിന് ആകെ വെപ്രാളം ആയിരുന്നു… നാളെയാണ് അവരൊക്കെ വരിക… ആരൊക്കെ വരും എന്ന് അറിയില്ല..
വീട്ടില്‍ എല്ലാരും നാളെ അവരെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു..
അത് കൂടി കണ്ടപ്പോൾ അവളുടെ വെപ്രാളം ഒന്നുടെ കൂടി…
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്…
“ഇച്ചൻ കോളിങ്…”
അന്നത്തെ സംഭവത്തിന് ശേഷം ഇച്ചനോട് താന്‍ മിണ്ടിയിട്ടില്ല എന്ന് അവള്‍ക്ക് ഓര്‍മ്മ വന്നു….
“ഹലോ…ഇച്ചാ…..”
അവള് പറഞ്ഞു…
“ആഹ്.. അപ്പു…. നിനക്കു എന്നോട് ദേഷ്യം ആവും അല്ലെ…”
കുറച്ചു നിമിഷം കഴിഞ്ഞാണ് സാം ചോദിച്ചത്…
“മഹൂംം…. ദേഷ്യം ഒന്നുമില്ല…”
പതിഞ്ഞ സ്വരത്തില്‍ ആണ് അപ്പു പറഞ്ഞത്…
“മം.. എന്തായാലും ദേവ് നിന്നെ പൊന്നു പോലെ നോക്കും.. ആ ഉറപ്പ് ഇച്ചൻ തരും………”
അപ്പു ഒന്നും മിണ്ടിയില്ല…
” ശരി അപ്പു… ഞാൻ പിന്നെ വിളിക്കാം…”
അപ്പുവിന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ സാം തന്നെ ഫോൺ കട്ട് ചെയ്തു…
അപ്പുവിന് വല്ലാത്ത സങ്കടം തോന്നി.. ഇത്രയും കാലത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെ…
ഓരോന്ന് ഓര്‍ത്തു കൊണ്ട് അപ്പു ഇരുന്നു.
ബാലനും കൂട്ടരും കണ്ണൂര്‍ എത്തിയപ്പോൾ രാത്രി 9 മണി ആയിരുന്നു…
ദേവ് ഫ്ലാറ്റിന്റെ ലൊക്കേഷൻ ഷെയര്‍ ചെയ്തിരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഇല്ലാതെ അവരെത്തി…
പാര്‍ക്കിങ്ങ് ഏരിയയിൽ കാർ പാർക്ക് ചെയ്തിട്ടു അവര്‍ ലിഫ്റ്റ് കേറി..
മൂന്നാം നിലയില്‍ ആണ് ഫ്ലാറ്റ്… മൂന്നാം നില എത്തിയപാടെ മഹേശ്വരി മുന്നില്‍ നടന്നു..
ഫ്ലാറ്റിന്റെ മുന്നില്‍ എത്തി മഹേശ്വരി കോളിംഗ് ബെല്‍ അടിച്ചു…
ബാക്കിയുള്ളവര്‍ പിന്നാലെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ…
“ഡോര്‍ തുറന്നു മുന്നില്‍ ഉള്ള ആളെ കണ്ടു എല്ലാവരും ഒരുപോലെ ഞെട്ടി….
തുടരും….