അപൂര്‍വരാഗം ~ ഭാഗം 02 ~ എഴുത്ത്: മിനിമോൾ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അങ്ങനെ ഞാന്‍ ട്രെയിൻ കേറി. അതൊരു ഒന്നൊന്നര ട്രെയിൻ കേറൽ ആണേയ്. പിന്നെ ആകെ സമാധാനം കണ്ണൂര്‍ കഴിഞ്ഞാല്‍ കോഴിക്കോടും ഷൊര്‍ണൂരും മാത്രമേ സ്റ്റോപ്പ് ഉള്ളു. തിരക്ക് മാക്സിമം ഒഴിഞ്ഞു കിട്ടും. ഏന്തി വലിഞ്ഞു മുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ കേറി സീറ്റ് ഉറപ്പിച്ചു. ഇതിൽ കേറിയാല്‍ ഉള്ള ആകെ ഗുണം സുഖത്തില്‍ ഉറങ്ങി യാത്ര ചെയ്യാം എന്നതാണ്. ദൂരെ യാത്ര ചെയ്തു വരുന്ന കുറച്ച്‌ തമിഴൻമാർ ആണ് മിക്കവാറും ഉണ്ടാവുള്ളൂ. അത് കൊണ്ട് തന്നെ നമുക്ക് ശല്യം ഒന്നൂല്ല.

പിന്നെ കേറി ഇരിക്കുമ്പോള്‍ ഞാൻ സിംഗിള്‍ സീറ്റിലെ ഇരിക്കാറുള്ളൂ. സിംഗിള്‍ പസങ്ക….പതിവ് പൊലെ ഇരുന്നു ലഗേജ് ഒക്കെ മുകളില്‍ കേറ്റി വച്ച് ഒന്ന് സീറ്റില്‍ ഇരുന്നപ്പോൾ ആണ് കാലിന് ആരോ നന്നായിട്ട് ഒന്ന് ചവിട്ടിയത്.
“അമ്മേ…” ഒറ്റ നിലവിളി ആരുന്നു ഞാന്‍.. ഈരേഴ് പതിനാലു ലോകവും ഫ്രീ ആയി കണ്ട എഫക്ട് ആരുന്നു. ഏതു കുരിശു ആണ് എന്നെ ചവിട്ടിയത് എന്ന് തല ഉയർത്തി നോക്കി. കുരിശു അല്ല. പുത്തൻ കുരിശു….കാലമാടന്‍…. അതും നല്ലൊരു സുന്ദരന്‍ കാലമാടന്‍.

ഇവനൊക്കെ എവിടുന്നു വരുന്നേടാ എന്ന ഭാവത്തില്‍ ഞാന്‍ നല്ല കലിപ്പ് ഇട്ടു അവന്റെ മുഖത്ത് നോക്കി. ദുഷ്ടന്‍.. ഇവനൊക്കെ ആളെ കൊല്ലാന്‍ ആണോ ബൂട്ട്സ് ഇട്ടു നടക്കുന്നത്. എന്റെ ദേഷ്യം മൊത്തം ഇപ്പൊ പുറത്ത് വരുമെന്ന് എനിക്ക് തോന്നി. അമ്മാതിരി ചവിട്ടു അല്ലെ കിട്ടിയത്. ചവിട്ടിയവന്‍ ആകട്ടെ ഈ പെണ്ണ് എന്തിനാ ഇങ്ങനെ കൂവി നിലവിളിക്കുന്നത് എന്നുള്ള ഭാവത്തില്‍ അന്തം വിട്ടു എന്റെ മുഖത്ത് നോക്കുവാണു.

“താൻ എവിടെ നോക്കിയാടോ നടക്കുന്നത്? മനുഷ്യനെ കൊല്ലാൻ ഇറങ്ങിയത് ആണോ?” അല്ലേലും ദേഹം നൊന്താൽ ഞാന്‍ ഉണ്ണിയാര്‍ച്ച ആണെന്ന് ആണ് എല്ലാരും പറയാറ്. എന്റെ കലിപ്പ് മൊത്തം ഞാന്‍ പറഞ്ഞു തീര്‍ത്തു. ഒക്കെ കഴിഞ്ഞു ചുറ്റും നോക്കിയപ്പോ ആണ് പാവം തമിഴ് പീപ്പിള്‍സ് അന്തം വിട്ടു നോക്കുന്നതു കണ്ടത്. മലയാളീസ് പിന്നെ ചെവിയില്‍ ഹെഡ് സെറ്റും തിരുകി നമ്മളെ ബാധിക്കുന്ന വിഷയം അല്ല എന്ന് ഉള്ള ഭാവത്തില്‍ ഇരിപ്പാണ്. എന്നാലും ഇടം കണ്ണിട്ട് ഇങ്ങോട്ട് നോക്കുന്നുണ്ട്ട്ടാ.

ഞാന്‍ ചീത്ത പറഞ്ഞവന്‍ ആകട്ടെ ഇപ്പോഴും എന്റെ മുഖത്ത് അന്തം വിട്ട പൊലെ നോക്കുവാണു. ഇങ്ങേരു ഇനി പൊട്ടന്‍ ആണോ ഈശ്വരാ?. ഞാന്‍ ഒരു നിമിഷം മിണ്ടാതെ ഇരുന്നു. അങ്ങേരു ആണേലു അതേ പടി സീറ്റിൽ ഇരുന്നു. പാവം പൊട്ടന്‍ ആണേലും കാണാന്‍ നല്ല ചന്തം ഉണ്ട്. ഞാൻ മനസ്സിൽ പറഞ്ഞ്. അല്ലേലും എല്ലാം കൂടെ ദൈവം ഒരാള്‍ക്ക് കൊടുക്കില്ലലോ. മനസ്സിൽ അതും ഓര്‍ത്തു ഞാന്‍ നമ്മടെ കലാ പരിപാടിയിലേക്ക് കടന്നു. മനസ്സിലായില്ലേ…. ഉറക്കം തുടങ്ങി എന്ന്. നമുക്ക് അല്ലേലും ഉറങ്ങാൻ കിടക്ക വേണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ. ഇടക്കു കണ്ണ് തുറന്നപ്പോള്‍ കോഴിക്കോട് എത്തിയിരുന്നു. മുന്നിലെ സീറ്റിൽ ആണേലു നമ്മുടെ പൊട്ടന്‍.. ഓ… സോറി… സുന്ദരനെ കാണാനും ഇല്ല. ആഹ് കോഴിക്കോട് ഇറങ്ങി കാണും. ഞാൻ മനസ്സിൽ ഓര്‍ത്തു.

ട്രെയിൻ വിടാൻ ആയപ്പോള്‍ ദേ വരുന്നു നമ്മുടെ സുന്ദരന്‍. കാണാന്‍ ഒക്കെ ഒരു സിനിമ നടന്റെ ലുക്ക് ഉണ്ട്. ട്രിം ചെയ്ത താടിയും മുടിയും നല്ല തിളക്കമുള്ള കറുത്ത കണ്ണുകളും അത്യാവശ്യം നല്ല ഹൈറ്റും അതിനൊത്ത തടിയും ഒക്കെ ആയി ചെക്കന്‍ കാണാന്‍ കൊള്ളാം. ബോഡി കണ്ടാൽ അറിയാം അത്യാവശ്യം ജിമ്മിൽ പോയി ഉണ്ടാക്കി എടുത്ത തടി ആണെന്ന്. ശെടാ.. ആഹ്… പോട്ടെ.. നമുക്കുള്ള ചെക്കന്‍ എവിടെയോ എന്തോ ചെയ്യുന്നു. വായ് നോട്ടം പാടില്ല അപ്പൂ… എന്റെ മനസ്സു എന്നോട് തന്നെ മന്ത്രിച്ചു. അവന്‍ ആണേലു സീറ്റിൽ വന്നു ഇരുന്നു എന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. എന്റെ കൃഷ്ണാ.. ഈ ചെക്കന് ഇത്രേം ലുക്ക് എന്തിന് കൊടുത്തു. മനസ്സിൽ പറഞ്ഞ് കൊണ്ട്‌ ഞാന്‍ വീണ്ടും കണ്ണ് ഇറുക്കി അടച്ചു ഉറങ്ങുന്നത് പൊലെ ആക്ട് ചെയ്തു. അല്ലേലും ആക്ടിങ് നമുക്ക് ശീലം ഇല്ല. മനസ്സിലായില്ലേ ഞാന്‍ വീണ്ടും ഉറങ്ങി പോയി എന്ന്.

ഷൊര്‍ണൂര്‍ സ്റ്റേഷന് അലാറം ഒക്കെ സെറ്റ് ചെയ്തു കിടന്നത് കൊണ്ട് കൃത്യ സമയത്ത് തന്നെ ഉറക്കം എണീറ്റു. പതിയെ കണ്ണ് തുറന്നു നോക്കിയപ്പോ ചെക്കന്‍ ഫോണിൽ എന്തോ കാര്യമായി നോക്കുവാണു. ഞാൻ പതിയെ ലഗേജ് ഒക്കെ ഇറക്കി സീറ്റിൽ വച്ചു. ചെക്കന്‍ ഇതിനിടയിൽ ഒളി കണ്ണിട്ട് എന്നെ നോക്കുന്നുണ്ടോ എന്ന് ഒരു സംശയം. ഞാന്‍ അധികം നോക്കാൻ പോയില്ല. എന്തിനാ വെറുതെ വഴിയെ പോണ ബൂട്ട്സ് എടുത്തു തലയിൽ വെക്കുന്നത് അല്ലെ.

പ്ലാറ്റ്ഫോം എത്തിയപ്പോ പതിയെ ഇറങ്ങി ബസ് സ്റ്റോപ്പിലേക്കു ഓടി. അന്നേരം ബസ് കിട്ടിയില്ലെങ്കില്‍ പിന്നെ വീണ്ടും 30 മിനിറ്റ് അവിടെ വായിനോക്കി നില്‍ക്കണം. കാത്തു കാത്തു നിന്നു നമ്മുടെ ബസ് വന്നു. സ്ഥിരം യാത്രക്കാരി ആയോണ്ട് കണ്ടക്ടർ ചേട്ടന്റെ വക ചോദ്യാവലി ഒക്കെ കഴിഞ്ഞു. എല്ലാത്തിനും ഉത്തരം കൊടുത്തു വീണ്ടും കണ്ണ് പൂട്ടി. എന്താണ് എന്ന് അറിയില്ല ഉറക്കം വിട്ടു ഒരു കളിയില്ല.

അങ്ങനെ 2 മണിക്കൂര്‍ വീണ്ടും ബസ്സില്‍. അല്ലേലും മിക്കവാറും എഞ്ചിനീയറിംഗ് കോളേജ്കള്‍ ഒക്കെ ഗ്രാമ പ്രദേശങ്ങളില്‍ ആണല്ലോ. അങ്ങനെ ഒരു വിധം ഹോസ്റ്റലിൽ എത്തി. പിന്നെ വീണ്ടും നമ്മുടെ പതിവ് പരിപാടികൾ. അതിനിടയില്‍ ട്രെയിനിലെ സുന്ദരന്‍ ചെക്കനെ മറന്നു എന്ന് പറയുന്നത് ആവും ശരി. ഇവിടെ എത്തിയെന്ന് വീട്ടില്‍ വിളിച്ചു പറഞ്ഞ്‌ കഴിഞ്ഞ് ആണ് ഫോണിൽ കുറേ മിസ്ഡ് കോൾസ് കണ്ടത്. “ദൈവമേ സാമിച്ചന്‍….”.ഞാൻ തലയ്ക്കു കൈ കൊടുത്തു പോയി. ഇന്നിനി പൂരപ്പാട്ടു കേൾക്കാം.

സാമിച്ചന്‍ ആരാണെന്ന് അല്ലെ. അച്ഛന്റെ സുഹൃത്ത് ഉണ്ട്. വര്‍ഗീസ് അങ്കിള്‍. അങ്കിളിന്റെ മൂത്ത മോന്‍ ആണ് സാം വര്‍ഗ്ഗീസ് എന്ന സാമിച്ചന്‍. ഒരു ഏട്ടന്‍ വേണമെന്ന് ഭയങ്കര ആഗ്രഹം ആരുന്നു എനിക്ക്. ഞാൻ അഞ്ചില്‍ പഠിക്കുമ്പോൾ ആണ് വര്‍ഗ്ഗീസ് അങ്കിളും കുടുബവും നാട്ടിലേക്ക് വരുന്നത്. അങ്കിള്‍ പട്ടാളത്തില്‍ ആരുന്നു. വീട്ടുകാരെ ധിക്കരിച്ച് ഒളിച്ചോടി കല്യാണം കഴിച്ചത് കൊണ്ട് ഇനി നാട്ടിലേക്ക് ഇല്ല എന്ന് തീരുമാനിച്ച കക്ഷി ആരുന്നു. പിന്നെ ആള് കുടുംബത്തെ നാട്ടിലേക്ക് അയച്ചു. ഞങ്ങളുടെ വീടിനു അടുത്ത് തന്നെ സ്ഥലം വാങ്ങി പുതിയ വീട് വച്ചു. അങ്ങനെ ആണ് സാമിച്ചനും ആഗ്നസും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ആഗ്നസ് എന്ന് വിളിക്കാൻ പാട് ആയതു കൊണ്ട് ഞാന്‍ അവളെ മേരി എന്നാണ് വിളിക്കാറ്.. പള്ളിയിലെ പേര് ആണ്.. വീട്ടുകാരോട് ദേഷ്യം അഭിനയിക്കുമെങ്കിലും കുഞ്ഞ് ഉണ്ടായപ്പോ അവള്‍ക്കു സ്വന്തം അമ്മച്ചിയുടെ പേര് തന്നെ ഇട്ട മരണ മാസ്സ് ആണ് അങ്കിള്‍.

മേരി എന്നുള്ളത് ഇടയ്ക്കു മാറ്റി ചാള മേരി എന്നും വിളിക്കും.. ഒരു സുഖം.. അത് കേള്‍ക്കുമ്പോ അവള്‍ക്ക് ദേഷ്യം വരും. അത് കാണാന്‍ വേണ്ടി മാത്രം ഞാന്‍ പിന്നെയും വിളിക്കും. പറഞ്ഞു വന്നത് സാമിച്ചൻ ഇത്രേം പ്രാവശ്യം വിളിക്കണം എങ്കിൽ എന്തോ കാര്യമായ കാര്യം ഉണ്ട്. സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് രണ്ടും കല്പിച്ചു ഞാന്‍ അങ്ങ് വിളിച്ചു. റിംഗ് പോകുന്നുണ്ട്. എടുക്കുന്നില്ല. വീണ്ടും വിളിച്ചു ഇപ്രാവശ്യം ഫോൺ എടുത്തു.

“അച്ചായോ….”അങ്ങേരു എന്തേലും പറയുന്നതിനു മുന്നേ ഞാന്‍ പതിയെ സോപ്പ് ഇട്ടു പതിപ്പിച്ചു വിളിച്ചു. “ടി… ടി… മോളേ.. അധികം പതിപ്പിക്കാന്‍ നോക്കല്ലേ.” മറു തലയ്ക്കല്‍ നിന്നും അച്ചായന്റെ ശബ്ദം വന്നു. ഞാൻ ഒന്ന് കാര്യമായി ഇളിച്ചു കൊടുത്തു. ഫോണിൽ കൂടെ ആയോണ്ടു എന്റെ മുഖത്തെ ഭാവം അങ്ങേരു കാണില്ലല്ലോ.. “ടി കോപ്പേ.. നിനക്ക് ന്താ വിളിച്ചാല്‍ ഫോൺ എടുക്കുന്നതിന്. ഞാൻ എത്ര പ്രാവശ്യം വിളിച്ചു എന്ന് അറിയോ? ” അച്ചായന്‍ കലിപ്പ് മോഡ് ഓണ്‍.. “അത് അച്ചായാ.. ഞാൻ കണ്ടില്ല.. സോറി..” ഞാന്‍ ഒന്ന് താഴ്ന്ന് കൊടുത്തു. അധികം ആരുടെയും മുന്നില്‍ ഞാന്‍ ഇങ്ങനെ താഴ്ന്നു കൊടുക്കാറില്ല കേട്ടോ. ഇതിപ്പൊ എന്റെ സ്വന്തം ചേട്ടായി അല്ലെ.. അയ്യോ.. അങ്ങനെ വിളിക്കുന്നത് അച്ചായനു ഇഷ്ടമല്ല.. അതിനു പിന്നില്‍ വല്യ ഒരു കഥ ഉണ്ട്. വഴിയെ പറഞ്ഞു തരാംട്ടാ.” ടി…. മേരിയുടെ മനസ്സമ്മതം ആണ് ജനുവരി 15 ന്. അത് വല്ലതും ഓര്‍മയുണ്ടോ നിനക്ക്.” അച്ചായന്‍ പറഞ്ഞു നിർത്തി. “ന്റെ കര്‍ത്താവേ.. ശോ.. ന്റെ കൃഷ്ണാ..” അല്ലേലും കൃത്യ സമയത്ത് ഈ ദൈവങ്ങളു ഒരുമിച്ച് നാവില്‍ വരും.

“ഞാന്‍ അത് മറന്നു അച്ചായാ….” ഞാന്‍ പറഞ്ഞ്‌ നിർത്തി.. “മം… പോട്ടെ.. അവള് ഇവിടെ കിടന്നു കയര്‍ പൊട്ടിക്കുന്നു.. നീ വിളിച്ചില്ല. അടുത്ത ആഴ്ച ഡ്രസ് എടുക്കാൻ പോകുമ്പോ നീ കാണില്ല എന്നൊക്കെ പറഞ്ഞു.. നീ എന്തായാലും അവളെ ഒന്ന് വിളിക്ക്. ഞാന്‍ പിന്നെ വിളിക്കാം. ഇത്തിരി തിരക്കില്‍ ആണ്. കേട്ടോ ടി.. ” സാമിച്ചന്‍ പറഞ്ഞ്‌ നിർത്തി. ” ശരി അച്ചായാ.. ഞാൻ വിളിക്കാം.. ” അതും പറഞ്ഞു ഞാന്‍ കോൾ കട്ട് ചെയ്തു. കാര്യം മേരി എന്ന് വിളിക്കുമെങ്കിലും ദേഷ്യം വന്നാല്‍ അവള് ചന്ത മേരി ആകും.. ന്റെ കൃഷ്ണാ ഞാന്‍ പെട്ട്.

പതിയെ അവളുടെ നമ്പർ ഡയൽ ചെയ്തു. എടുത്ത പാടെ തന്നെ കിട്ടി ആവശ്യത്തിന്‌ അധികം. ഇതിനും മാത്രം തെറി ഇവള്‍ ഇത് എവിടുന്നു പഠിക്കുന്നു ആവോ. പിന്നെ ഒരു വിധം സമാധാനിപ്പിച്ചു വിട്ട്. മനസ്സമ്മതത്തിന് മൂന്ന് ദിവസം മുന്നേ വന്നേക്കാം എന്ന് വാക്കും കൊടുത്തു.

കാര്യം ഇങ്ങനെ ഒക്കെ ആണേലും അവള് ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. അഞ്ചില്‍ പഠിക്കുമ്പോൾ ഒരു ദിവസം വൈകിട്ട് സ്കൂളിൽ നിന്നും ഓടി വന്നപ്പോ ആണ് മുറ്റത്ത് ഒരു അംബാസിഡര്‍ കാർ കണ്ടത്. ഇതാരാപ്പ ഇപ്പൊ കാറിൽ വരാൻ എന്ന് ആലോചിച്ചു മുഖത്ത് ഇല്ലാത്ത വിനയം മൊത്തം കുത്തി കേറ്റി പതിയെ അകത്തേക്ക് നടന്നു. അകത്ത് നടുത്തളത്തില്‍ അച്ഛന്റെ കൂടെ ഇരുന്നു പൊട്ടി ചിരിക്കുന്ന ഒരു മനുഷ്യനെ ആണ് കണ്ടത്. വേറൊരു കസേരയില്‍ മുഖം വീര്‍പ്പിച്ച് ഇരിക്കുന്ന ഒരു ചെക്കനെയും കണ്ടു. ഒരു പതിനഞ്ചു അല്ലെങ്കിൽ പതിനാറു വയസ്സു തോന്നും. “ആഹ് മോളേ വാ.. അങ്കിളിനെ അറിയോ?” ചോദ്യം വന്നപ്പോ തന്നെ ഞാന്‍ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. വേറെന്തു പറയാന്‍. പതിയെ അടുക്കളയില്‍ ചെന്നപ്പോ അവിടെ ദേ നേരത്തെ കണ്ട അങ്കിളിന്റെ ഭാര്യ എന്നും പറഞ്ഞു ഒരു ആന്റി. “ആഹ് ആനി ഇതാണ് എന്റെ ഇളയ മോള്.. അല്ല ചേച്ചി എവിടെ?” അമ്മ എന്നെ പരിചയപ്പെടുത്തി കൊടുത്തു കൊണ്ട് ചോദിച്ചു. “സ്പെഷ്യൽ ക്ലാസ് ഉണ്ട് അമ്മേ.. ചേച്ചി പതിയെ വന്നോളും”. അതും പറഞ്ഞു ആന്റിക്ക് ഒരു ചിരിയും പാസ്സ് ആക്കി കൊടുത്തു അവിടുന്ന് പതിയെ രക്ഷപെട്ടു റൂമിൽ എത്തിയപ്പോ ആണ് ചുമരില്‍ ഞാന്‍ വരച്ച ചിത്രങ്ങളിലൂടെ അദ്ഭുതത്തോടെ നോക്കി നിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടത്. എന്റെ പ്രായം തന്നെ ആണെന്ന്‌ തോന്നി.

“ഇതൊക്കെ കുട്ടി വരച്ചത് ആണോ..? നന്നായിട്ട് ഉണ്ട്ട്ടാ” അവള് പറഞ്ഞു. അന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ്പ് ആണ്. പിന്നെ പോക്കും വരവും പഠിത്തവും ഒക്കെ ഒരുമിച്ച് ആയി. പത്തിലെ റിസൾട്ട് വന്നപ്പോള്‍ കമ്പ്യൂട്ടർ സയൻസ് എടുക്കണം പ്ലസ് വണ്ണിന് എന്ന എന്റെ ആഗ്രഹം ഞാന്‍ കളഞ്ഞത് അവൾക്കു വേണ്ടി ആയിരുന്നു. അവള്‍ക്ക് താല്‍പര്യം മെഡിക്കല്‍ ഫീല്‍ഡിനോട് ആയിരുന്നെങ്കില്‍ ചോര കണ്ടാൽ അപ്പൊ ബോധം കെട്ടു വീഴും എന്ന നിലയില്‍ ഉള്ള എനിക്ക് താല്‍പര്യം കമ്പ്യൂട്ടർ ഫീല്‍ഡ് ആയിരുന്നു. ഒടുക്കം അവള്‍ക്കു കൂട്ടായി ബയോളജി സയൻസ് പഠിച്ചു മൊത്തം കിളിയും പാറി ബോധവും പോയി ഇരുന്ന ഞാന്‍ ഇനി ഈ കടുംകൈക്ക് ഞാനില്ല എന്ന് അങ്ങ് പ്രഖ്യാപിച്ചു. അങ്ങനെ അവള് നഴ്സിങ്ങിന് ചേര്‍ന്നപ്പോ ഞാന്‍ ബി ടെകിനും ചേര്‍ന്നു.

അങ്ങനെ അവള് പഠിത്തം കഴിഞ്ഞ് ജോലിക്കും പോയി അവിടെ ഉള്ള ഡോക്ടർ സർ അങ്ങ് കേറി കല്യാണം ആലോചിക്കുകയും ചെയ്തു. എന്നാലും സാമിച്ചന്റെ കെട്ട് കഴിഞ്ഞ് മതി അവളുടെ കെട്ട് എന്ന് പാവം കുറേ വാശി പിടിച്ചു. ഒടുവില്‍ സാമിച്ചന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന അവസ്ഥ വന്നപ്പോ അവസാനം അവള്‍ അങ്ങ് സമ്മതിച്ചു.

സാമിച്ചന്‍ ഇങ്ങനെ കെട്ടാതെ നില്‍ക്കുമ്പോള്‍ കെട്ടാന്‍ അവള്‍ക്കു മനസ്സു ഉണ്ടായിരുന്നില്ല. അതിന്‌ പിന്നില്‍ ഒരു അസ്സല്‍ തേപ്പ് കഥ ഉണ്ട് സുഹൃത്തുക്കളേ….

തുടരും…

( ആ കഥ അടുത്ത പ്രാവശ്യം പറഞ്ഞു തരാംട്ടാ… 😌😌 നായകന്‍ ഒക്കെ പതിയെ വരും. ഇപ്പൊ കാണുന്ന ചെക്കനെ കണ്ടു ആരും നായകന്‍ ആക്കേണ്ടട്ടോ.. പിന്നെ പതിയെ പതിയെ കഥകൾ പറഞ്ഞു തരാം…നിങ്ങളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി ഉണ്ട്ട്ടോ.. 😊😊😊😊)