അവൾ തന്നെ തീരുമാനം പോലെ പറഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ അവൾ വാശി പിടിക്കുകയായിരുന്നു.

എഴുത്ത്: അപ്പു

“അഖിലേട്ടാ.. നമുക്ക്.. ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാം…”

അനുരാധ അവനോട് പറയുമ്പോൾ ഞെട്ടലോടെ അവൻ അവളെ നോക്കി.

“നീ എന്താ പറഞ്ഞത്..?”

അവൻ ചോദിച്ചത് കേട്ട് അവൾക്ക് ഒരു അല്പം ഭയം തോന്നിയെങ്കിലും തന്റെ ആവശ്യം ആയതു കൊണ്ട് അത്‌ അവതരിപ്പിച്ചേ മതിയാകൂ എന്ന് അവൾക്ക് തോന്നി.

“ഏട്ടൻ എന്താണ് കേട്ടത് അത് തന്നെയാണ് ഞാൻ പറഞ്ഞത്..”

അവൾ പറഞ്ഞത് കേട്ട് അവൻ അവളെ തുറിച്ചു നോക്കി.

” നിനക്ക് ഭ്രാന്താണോ..? നീ എന്തിനാ ഇപ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്..? “

അഖിൽ അനുരാധക്ക് നേരെ ദേഷ്യപ്പെട്ടു.

” അഖിൽ ഏട്ടൻ ഇപ്പോൾ എന്തൊക്കെ പറഞ്ഞാലും ശരി ഒരു കുഞ്ഞിനുവേണ്ടി ഞാൻ തയ്യാറല്ല.. “

അവൾ തന്നെ തീരുമാനം പോലെ പറഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ അവൾ വാശി പിടിക്കുകയായിരുന്നു.

” നീ ആവശ്യമില്ലാതെ ഈ സമയത്ത് വാശിപിടിക്കുന്നത് തീരെ നല്ലതിനല്ല. “

അഖിൽ ഒരു താക്കീതോടെ പറഞ്ഞു.

” അഖിൽ ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ശരി ഈ കുഞ്ഞിനെ എനിക്ക് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട.. ഇതിനെ എങ്ങനെയാണെങ്കിലും ഞാൻ നശിപ്പിക്കും.. “

അത് പറഞ്ഞത് മാത്രമേ അനുരാധക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ. ആ സമയം കൊണ്ട് അഖിൽ അവളുടെ കരണത്ത് അടിച്ചിരുന്നു.

” നോക്കിക്കോ ഞാൻ എല്ലാവരോടും പറയും.. നിങ്ങൾ… നിങ്ങൾ എന്നെ തല്ലി അല്ലേ..? “

അവൾ രോഷത്തോടെ അവന് നേരെ തിരിഞ്ഞു.

” നീ ആരോടാണ് എന്ന് വെച്ചാൽ പോയി പറയണേ… പറയുമ്പോൾ ഞാൻ നിന്നെ എന്തിനാണ് തല്ലിയത് എന്നു കൂടി പറയണം..”

അവൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞത് കേട്ട് അവളുടെ തല കുനിഞ്ഞു.

” എന്തേ നിനക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ..?”

അവൻ പരിഹാസത്തോടെ ചോദിച്ചു. അപ്പോഴും അവൾ മറുപടി ഒന്നും പറഞ്ഞില്ല. അത് അവനെ കൂടുതൽ ചൊടിപ്പിച്ചതെ ഉള്ളൂ.

“ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം. ആ വയറ്റിൽ കിടക്കുന്നത് എന്റെ കുഞ്ഞാണ്. അതിന് ആപത്ത് വരുന്ന രീതിയിൽ നീ എന്തെങ്കിലും ചെയ്തു എന്ന് ഞാൻ അറിയുന്ന നിമിഷം നീ എന്റെ ജീവിതത്തിൽ നിന്നും ഈ വീട്ടിൽ നിന്നും പുറത്തു പോകും. ഈ വീട്ടിൽ നിന്ന് മാത്രമല്ല ചിലപ്പോൾ നിന്റെ വീട്ടിൽ നിന്ന് പോലും നിന്നെ ഇറക്കി വിടും. നിനക്ക് നല്ല ഓർമ്മയുണ്ടല്ലോ നീ വിവരം വിളിച്ചു പറഞ്ഞപ്പോൾ അവരൊക്കെ എത്ര സന്തോഷത്തിലായിരുന്നു എന്ന്.. അതൊക്കെ മനസ്സിൽ വെച്ചിട്ട് വേണം ഇനി നീ എന്തെങ്കിലും ഒരു കാര്യം തീരുമാനിക്കാൻ..”

ഭീഷണി പോലെ അത്രയും പറഞ്ഞുകൊണ്ട് അവൻ മുറിക്ക് പുറത്തേക്കിറങ്ങി പോയി. അവൾ തളർച്ചയോടെ ബെഡിൽ ഇരുന്നു.

അനുരാധയുടെയും അഖിലിന്റെയും വിവാഹം കഴിഞ്ഞിട്ട് അധികം നാളുകൾ ആയിട്ടില്ല. അനു ഒരു എംബിഎ സ്റ്റുഡന്റ് ആണ്. പഠനം കഴിഞ്ഞു മതി വിവാഹം എന്ന് തീരുമാനിച്ചിരുന്ന അവൾക്ക് അച്ഛന്റെയും അമ്മയുടെയും കണ്ണീരിനു മുന്നിൽ അധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആയിരുന്നു അഖിലുമായുള്ള വിവാഹം നടന്നത്.

വിവാഹത്തിന്റെ ആദ്യ ദിനം തന്നെ അവൾ അഖിലിനോട് പറഞ്ഞത് ഉടനെ ഒന്നും കുട്ടികളെ കുറിച്ച് ചിന്തിക്കരുത് എന്ന് ആയിരുന്നു. അനു പഠിക്കുന്ന കുട്ടി ആയതു കൊണ്ട് തന്നെ അഖിൽ അത്‌ സമ്മതിച്ചു കൊടുക്കുകയും ചെയ്തു.

പക്ഷെ, തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു ഈ സന്തോഷം അവരെ തേടി എത്തിയത്. വാർത്ത അറിഞ്ഞപ്പോൾ മുതൽ അഖിൽ വല്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു. പക്ഷെ, അനുവിന് എന്തുകൊണ്ടോ സന്തോഷിക്കാൻ കഴിഞ്ഞില്ല.

അവന്റെ സന്തോഷം കാണുന്ന ഓരോ നിമിഷവും അവൾക്ക് ദേഷ്യം ആണ് തോന്നിയത്. അത്‌ പുറത്ത് വരാതെ ഇരിക്കാൻ അവൾ കഴിവതും ശ്രമിച്ചിരുന്നു.

ആ കൂട്ടത്തിൽ ആണ് ഇന്ന് കോളേജിൽ വച്ചു ഉണ്ടായ സംഭവം.. അത്‌ ഓർക്കവേ അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി.

പ്രെഗ്നൻസിയുടെ ആദ്യ ഘട്ടം ആയതു കൊണ്ട് തന്നെ അവൾക്ക് നല്ല രീതിയിൽ തളർച്ചയും ക്ഷീണവും ഒക്കെ ഉണ്ട്.തലേന്ന് ശർദിച്ചു അവശയായത് കൊണ്ട് തന്നെ ക്ലാസ്സിൽ നിന്ന് പറഞ്ഞിരുന്ന ഒരു വർക്ക്‌ ചെയ്യാൻ അവൾക്ക് കഴിഞ്ഞില്ല.

പക്ഷെ, അതിന്റെ പേരിൽ ക്ലാസ്സിൽ വച്ചു അധ്യാപികയും സഹപാഠികളും ചേർന്ന് അവളെ അപമാനിക്കും എന്ന് അവൾ കരുതിയിരുന്നില്ല.

“അവൾക്ക് പഠിക്കുന്ന കാര്യത്തിൽ അല്ലല്ലോ ശ്രദ്ധ.. മറ്റു പലതിലും ആണെന്ന് ഇതിനോടകം അവൾ തെളിയിച്ചു കഴിഞ്ഞല്ലോ.. അല്ലെങ്കിൽ പിന്നെ കല്യാണം കഴിഞ്ഞു മാസം മൂന്ന് ആകുന്നതിനു മുന്നേ വയറും വീർപ്പിച്ചു വരില്ലല്ലോ..”

അധ്യാപിക പരിഹാസത്തോടെ പറഞ്ഞത് കേട്ട് തന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്. അതിനേക്കാൾ ഏറെ അവളെ വേദനിപ്പിച്ചത് ആ വാക്കുകൾ കേട്ട് ആർത്തു ചിരിച്ച അവളുടെ സഹപാഠികൾ ആയിരുന്നു.

“അത്‌ ശരിയാ മാഡം.. ഇതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് കാണും.. അതിനിടയിൽ ക്ലാസ്സിലെ കാര്യം ഒക്കെ മറന്ന് കാണും..”

കൂട്ടത്തിൽ ഒരു വിരുതൻ വിളിച്ചു പറയുക കൂടി ചെയ്തതോടെ ക്ലാസ്സിലെ ചിരി കുറച്ചു കൂടി ഉച്ചത്തിൽ ആയി. അവളുടെ ഹൃദയം നീറി പിടഞ്ഞു.

ക്ലാസ്സ്‌ കഴിഞ്ഞു അധ്യാപിക പോയിട്ടും അവൾക്ക് നേരെ പരിഹാസം നിറഞ്ഞ നോട്ടങ്ങൾ മാത്രമായിരുന്നു വന്നത്. അത്‌ അവളെ തകർത്തു കളഞ്ഞു.

ആദ്യം മുതൽക്കേ തന്നെ ഈ പ്രെഗ്നൻസി അംഗീകരിക്കാൻ കഴിയാതിരുന്ന അവൾക്ക് ഇത് കൂടി ആയതോടെ വയറ്റിലുള്ള കുഞ്ഞിനോട് പോലും ദേഷ്യം തോന്നി. അതുകൊണ്ട് ആണ് ക്ലാസ്സ്‌ കഴിഞ്ഞു വന്ന ഉടൻ അഖിലിനോട് അങ്ങനെ സംസാരിച്ചത്.പക്ഷെ, അഖിൽ തല്ലുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

അവൾക്ക് അഖിലിനെ ഓർത്തു ഒരേ സമയം ദേഷ്യവും സങ്കടവും ഒക്കെ തോന്നി. അവൾ ഇരുന്ന് പുകയുകയായിരുന്നു.

അഖിൽ മുറിയിലേക്ക് കയറി വരുമ്പോൾ കാണുന്നത് എന്തൊക്കെയോ ആലോചിച്ച് അസ്വസ്ഥയായി ഇരിക്കുന്ന അനുവിനെ ആണ്.

“അനു.. നിനക്ക് പെട്ടെന്ന് എന്താ പറ്റിയത്..? സാധാരണ നീ ഇങ്ങനെയൊന്നും പെരുമാറില്ലല്ലോ ..”

അവൻ സ്നേഹത്തോടെ അവളോട് ചോദിച്ചു.അവൾ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.

” നിങ്ങൾ എന്നോട് കൂടുതൽ സ്നേഹം കാണിക്കാൻ വരണ്ട. ഞാൻ ആദ്യം തന്നെ നിങ്ങളോട് പറഞ്ഞിരുന്നത് അല്ലേ ഇപ്പോൾ എനിക്ക് ഒരു കുട്ടി വേണ്ട എന്ന്..”

അവൾ പല്ലു ഞെരിച്ചു.

” ഇത് സംഭവിച്ചു പോയതല്ലേ..? അല്ലാതെ ഞാൻ മനപൂർവം അല്ലല്ലോ.. എന്നിട്ടും നീ പറഞ്ഞ കാര്യം ഞാനും സമ്മതിച്ചു തന്നല്ലോ.. “

ദയനീയമായി അഖിൽ പറഞ്ഞു.

” നിങ്ങൾക്ക് ഇതൊക്കെ ചെയ്തു വെച്ചിട്ട് വീട്ടിലിരുന്നാൽ മതി.. ക്ലാസിലും കൂട്ടുകാരുടെ ഇടയിലും ഞാൻ ആണ് നാണം കെട്ടത്. “

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞത് കേട്ട് അവൻ ആകെ വല്ലാതായി.

” എന്താടാ എന്താ പ്രശ്നം..? “

അവൻ അലിവോടെ അവളോട് ചോദിച്ചു. അവൾ ആദ്യം ഒന്നും പറയാൻ തയ്യാറായില്ലെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ഇന്ന് ക്ലാസ്സിൽ ഉണ്ടായ അനുഭവം അവൾ അവനോട് പങ്കുവച്ചു. ഒക്കെ കേട്ട് കഴിഞ്ഞ് അവൻ ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലും അവന് അറിയുന്നുണ്ടായിരുന്നില്ല.

വിദ്യ പറഞ്ഞുകൊടുക്കുന്ന അധ്യാപികയാണ് അവളോട് ഇത്രയും മോശമായി സംസാരിച്ചത് എന്നൊർക്കെ അവന് വല്ലാതെ ദേഷ്യം വന്നു.

” നീ വിഷമിക്കേണ്ട.. അവർക്ക് അത്രയ്ക്ക് ഉള്ള വിവരമേ ഉള്ളൂ എന്ന് കരുതിയാൽ മതി. നിന്നെ പഠിപ്പിക്കുന്ന അധ്യാപിക ആണെങ്കിൽ പോലും, ഒരാളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അവർക്ക് അറിയില്ല എന്ന് ഇതോടെ നിനക്ക് മനസ്സിലായല്ലോ. കുട്ടികൾ എന്നൊക്കെ പറയുന്നത് ദൈവം തരുന്ന വരദാനം ആണ്. അതിനെ നശിപ്പിച്ചു കളയുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഒക്കെ തെറ്റ് തന്നെയാണ്. നിന്റെ ടീച്ചർക്ക് അത് ചിന്തിക്കാനുള്ള ബോധം ഇല്ലാതായി പോയത് ആരുടെ തെറ്റാണ്..? “

അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ അത് പറയുമ്പോഴും അവൾക്ക് വിഷമം തന്നെയായിരുന്നു.

” താൻ സമാധാനിക്ക്..ഞാൻ നാളെ തന്നോടൊപ്പം കോളേജിലേക്ക് വരാം.നമുക്ക് അവിടെ വച്ച് ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാം.”

അവനവളെ എങ്ങനെയൊക്കെയോ സമാധാനിപ്പിച്ച് ഉറങ്ങാൻ കിടത്തി.

പിറ്റേന്ന് കോളേജിൽ പ്രിൻസിപ്പൽ റൂമിൽ ആ അധ്യാപികയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അഖിലും അനുവും ടെൻഷനിലായിരുന്നു.

പ്രിൻസിപ്പാളിനോട് ആ വിവരം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാവമാറ്റം അനു ശ്രദ്ധിച്ചിരുന്നു. വല്ലാതെ അപഹാസ്യനായതു പോലെയാണ് അദ്ദേഹം കാണപ്പെട്ടത്.

” നിങ്ങളൊക്കെ അധ്യാപിക ആണെന്ന് പറഞ്ഞു നടക്കാൻ നാണം തോന്നുന്നില്ലേ? ഒന്നുമില്ലെങ്കിലും ടീച്ചറുടെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ ഓരോന്ന് പറഞ്ഞ് ക്ലാസ്സിൽ അപമാനിക്കാൻ ടീച്ചറിനു എങ്ങനെ തോന്നി? “

ആ അധ്യാപികയെ കണ്ട നിമിഷം പ്രിൻസിപ്പൽ പൊട്ടിത്തെറിക്കുകയായിരുന്നു. അങ്ങനെ ഒരു ഭാവം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാത്തതുകൊണ്ടു തന്നെ അധ്യാപിക ആകെ ഞെട്ടിയിരുന്നു.

“അത്‌.. പിന്നെ.. സർ.. ഞാൻ..”

” എനിക്ക് കൂടുതൽ ഒന്നും കേൾക്കണമെന്നില്ല. ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും ഗർഭിണിയാകുന്നതും ഒന്നും ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ വിവാഹം കഴിക്കുന്നതുമൊക്കെ ഇന്നത്തെ കാലത്ത് സാധാരണമാണ്. അതിന്റെ പേരിൽ ഒരു പെൺകുട്ടിയെ ക്ലാസിൽ അപമാനിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്? നിങ്ങളും ഈ അവസ്ഥയൊക്കെ കഴിഞ്ഞു വന്നതല്ലേ..? നിങ്ങളുടെ അപമാനം കാരണം ഇന്നലെ ഈ പെൺകുട്ടി വയറ്റിലുള്ള കുഞ്ഞു ജീവനെ അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. അങ്ങനെ ഒരു പാതകം ഇവൾ ചെയ്തിരുന്നെങ്കിൽ അതിന്റെ പഴി നിങ്ങൾക്കു മേൽ തന്നെ വന്നു വീഴും. കുറ്റബോധം കൊണ്ട് പിന്നീട് ഒരു നിമിഷം നിങ്ങൾക്ക് സമാധാനമായി ജീവിക്കാൻ കഴിയും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..? “

പ്രിൻസിപ്പൽ ചോദിച്ചത് കേട്ട് അവർ ഞെട്ടിപ്പോയി. തലേന്ന് ആ പെൺകുട്ടിയെ ക്ലാസിൽ വച്ച് കളിയാക്കി എന്നത് ശരി തന്നെ. പക്ഷേ അവളിൽനിന്ന് ഇത്തരത്തിലൊരു പ്രതികരണം അവർ പ്രതീക്ഷിച്ചിരുന്നില്ല. അവർ ഞെട്ടലോടെ അതിലേറെ കുറ്റബോധത്തോടെ ആ പെൺകുട്ടിയെയും അവളുടെ ഭർത്താവിനെയും നോക്കി.

“ടീച്ചർ ഇങ്ങനെ നോക്കണ്ട. ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് മടങ്ങി വന്ന് എന്റെ ഭാര്യ എന്നോട് ആവശ്യപ്പെട്ടത് ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കണം ആയിരുന്നു. അതിന്റെ കാര്യം ആ സമയത്ത് എനിക്ക് മനസ്സിലായില്ല. അവളുടെ വാശി കാരണം എനിക്ക് അവളെ തല്ലേണ്ടി വന്നു. പിന്നീടാണ് അവൾ ക്ലാസിൽ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്നത്. സത്യം പറഞ്ഞാൽ നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത വാശിയും വൈരാഗ്യവും ഒക്കെ തോന്നി. നിങ്ങളൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നു. നിങ്ങളുടെ ഇതേ രീതികൾ തന്നെ ആയിരിക്കില്ലേ ആ കുട്ടികൾ കണ്ടു പഠിക്കുന്നത്? അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണല്ലോ ഇന്നലെ ക്ലാസിൽ നടന്നത്. ഇങ്ങനെയുള്ള അദ്ധ്യാപികമാർ പഠിപ്പിക്കുന്ന കോളേജിൽ എന്റെ ഭാര്യയെ പഠിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. “

അഖിൽ അധ്യാപികയെയും പ്രിൻസിപ്പലിനെയും നോക്കി പറഞ്ഞു നിർത്തി.

” ഒരു കാര്യം കൂടി ഞാൻ പറയാം. ഇന്നലെ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അപമാനം നിമിത്തം എന്റെ കുഞ്ഞിനോ ഇവൾക്കോ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിങ്ങൾ ഇന്ന് അഴിയെണ്ണേണ്ടി വന്നേനെ.. “

ഒരു ഭീഷണി പോലെ അഖിൽ പറഞ്ഞത് കേട്ട് ആ അധ്യാപികയുടെ ഉള്ളം വിറച്ചു. അവൻ പറഞ്ഞത് സത്യമാണെന്ന് അവർക്കറിയാം. അതിനേക്കാളേറെ താൻ ചെയ്ത പ്രവർത്തിയെ ഓർത്ത് അവർക്ക് കുറ്റബോധം തോന്നി.

” ഇനി ഒരിക്കൽ കൂടി ഇങ്ങനെ ഒരു അനുഭവം ഈ കോളേജിലെ ഒരു കുട്ടിക്കും ഉണ്ടാകില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ഉണ്ടായാൽ ബാക്കി നിയമത്തിന്റെ വഴി.. “

അത്രയും പറഞ്ഞുകൊണ്ട് അനുവിനെ ചേർത്തു പിടിച്ച് ഓഫീസിലുള്ള അവൻ പുറത്തേക്കിറങ്ങുമ്പോൾ,കുറ്റബോധത്താൽ തലയുയർത്തി നോക്കാൻ പോലും കഴിയാതെ അധ്യാപിക തറഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *