ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു…….

ചെന്നു കയറിയവൾ

എഴുത്ത്:-അപ്പു

” ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.. “

എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത അപമാനം തോന്നി.

ആരുടെയും മുഖത്തു നോക്കാതെ അവൾ തല കുനിഞ്ഞു നിന്നു

” എന്റെ അഭിപ്രായത്തിൽ മാളുവിന് നമ്മൾ ഒരു 100 പവൻ എങ്കിലും കൊടുക്കേണ്ടതാണ്. ഇവിടെ വന്നു കയറിയ മരുമക്കൾ ഒക്കെയും അത്രയും കൊണ്ടാ വന്നത്. അപ്പോൾ പിന്നെ ഇവിടെ നിന്ന് ഇറക്കി വിടുന്ന മകൾക്ക് അത്രയെങ്കിലും കൊടുക്കണ്ടേ..? “

അമ്മാവൻ അഭിപ്രായം ചോദിക്കുന്നത് കേട്ടു. ഒക്കെയും കേൾക്കുന്നുണ്ടെങ്കിലും ഇന്ദു ഒന്നിനും പ്രതികരിച്ചില്ല.

“ഇപ്പോൾ നമ്മുടെ അവസ്ഥ എന്താണെന്ന്, ഞങ്ങൾ ആരും പറയാതെ തന്നെ അമ്മാവന് അറിയാമായിരിക്കുമല്ലോ..ഞങ്ങളൊക്കെ ജോലിക്ക് പോകുന്നു ണ്ടെങ്കിലും കിട്ടുന്ന ശമ്പളം ഞങ്ങളുടെ ആവശ്യത്തിനു പോലും തികയുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അവൾക്ക് 100 പവൻ കൊടുക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല.”

ഇന്ദുവിന്റെ ഭർത്താവ് ഹരിയുടെ അനിയൻ പറയുന്നത് അവൾ കേട്ടു.

അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.മാസാമാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതാണ് അനിയനും ഭാര്യയും. എന്നിട്ടും അവർക്ക് ഒന്നിനും തികയുന്നില്ല പോലും..!

“അപ്പോൾ ഹരിയുടെ അഭിപ്രായം എന്താ..?”

അമ്മാവൻ ഹരിയോട് ചോദിക്കുന്നത് കേട്ടു.അമ്മയുടെയും അനിയത്തിയുടെയും ഉൾപ്പെടെ എല്ലാ കണ്ണുകളും ഹരിയുടെ നേരെയാണ്.

അനിയത്തിക്ക് ഈ ബന്ധം ഇഷ്ടപ്പെട്ടു എന്ന് ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും ഇതൊന്ന് നടന്ന് കിട്ടണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹം. അമ്മയുടെയും ആഗ്രഹം മറിച്ചല്ല.

എന്തു പറയണമെന്ന് അറിയാതെ ഹരി എല്ലാവരെയും നോക്കി. പറയുമ്പോൾ ഹരി സർക്കാർ ജോലിക്കാരനാണ്. മാസം 30,000 രൂപയാണ് ശമ്പളം. സർക്കാർ ജോലിയുണ്ട് എന്ന പേരിൽ വീട്ടിലെ ചെലവ് മുഴുവൻ ഹരി തന്നെയാണ് നോക്കുന്നത്.

അനിയന് പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി ആയതുകൊണ്ട് അവനോട് ആരും പണം ചോദിക്കാറില്ല. പ്രത്യക്ഷത്തിൽ അവന്റെയും ഭാര്യയുടെയും ചെലവും ഹരി തന്നെയാണ് നോക്കുന്നത്.

ഇതെല്ലാം കഴിഞ്ഞിട്ട് അവർക്ക് നീക്കിയിരിപ്പായി ഒന്നുമില്ല എന്നുള്ളത് പരസ്യമായ രഹസ്യം.

ഹരിക്ക് എത്ര രൂപ ശമ്പളം ഉണ്ടെന്ന് ആ വീട്ടിലെ ഓരോരുത്തർക്കും വ്യക്തമായി അറിയാം. ഓരോ മാസവും ശമ്പളം കിട്ടിക്കഴിയുമ്പോൾ അതിലെ അവസാന രൂപ വരെ ചെലവാക്കി കഴിയുന്നതു വരെ അവിടെ ആവശ്യങ്ങൾ ഒരുപാട് ആയിരിക്കും.

അതിൽ നിന്ന് ഇന്നുവരെ ഇന്ദുവിന് വേണ്ടി അല്ലെങ്കിൽ അവരുടെ മക്കൾക്ക് വേണ്ടി എന്നു പറഞ്ഞ് മാറ്റിവയ്ക്കാൻ ഹരിക്ക് കഴിഞ്ഞിട്ടില്ല.

“ഞാനെന്തു പറയാനാ അമ്മാവാ.. എനിക്ക് എത്ര രൂപയാണ് കിട്ടുന്നത് എന്ന് എന്നെക്കാൾ നന്നായി ഇവിടെ ഓരോരുത്തർക്കും ധാരണയുണ്ടല്ലോ. എനിക്ക് ഒരു രൂപ പോലും നീക്കിയിരിപ്പില്ലെന്നും ഇവിടെ എല്ലാവർക്കും അറിയുന്നതാണ്. അപ്പോൾ പിന്നെ 100 പവൻ കൊടുക്കണം എന്ന് പറഞ്ഞാൽ ഇതിൽ ഞാൻ എന്ത് അഭിപ്രായം പറയാനാണ്..?”

ഹരി നിസ്സഹായതയോടെ ചോദിച്ചു.

“നീയല്ലാതെ പിന്നെ ഇതിൽ ആരാണ് ഹരി അഭിപ്രായം പറയേണ്ടത്..? ഒരു സർക്കാർ ജോലിക്കാരൻ അല്ലേ നീ.. ഒരു ലോണിന് ശ്രമിച്ചാൽ അത് കിട്ടില്ലേ..? പ്രൈവറ്റ് ജോലിക്കാരനായ നിന്റെ അനിയനോട് ചോദിച്ചിട്ട് കാര്യമൊന്നുമില്ല എന്ന് നിനക്കറിയാമല്ലോ..”

അമ്മ പറയുന്നത് കേട്ടപ്പോൾ ഇന്ദുവിന് അമർഷം തോന്നി.

“അല്ലെങ്കിൽ പിന്നെ നിന്റെ ഭാര്യയുടെ സ്വർണം ഉണ്ടല്ലോ.. അത് നമുക്ക് മാറ്റി വാങ്ങാം. ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണല്ലോ അതൊക്കെ ഉപകരിക്കുന്നത്.. “

ഒളി കണ്ണിട്ട് ഇന്ദുവിനെ നോക്കിക്കൊണ്ട് അമ്മ പറയുന്നത് കേട്ടിട്ട് ഇന്ദുവിനു ദേഷ്യം വന്നു.എങ്കിലും അവൾ മൗനം പാലിച്ചു.

പക്ഷേ അമ്മയുടെ നിർദ്ദേശം കേട്ടപ്പോൾ പല മുഖങ്ങളും തെളിഞ്ഞു.

“അത് ശരിയാണല്ലോ.. ഏട്ടത്തിക്ക് 100 പവന് മേലെ സ്വർണം ഉണ്ടായിരുന്നത് അല്ലേ..”

അനിയൻ അമ്മയുടെ ഭാഗം ചേർന്നു. അത് കേട്ടപ്പോൾ ഇന്ദു തലയുയർത്തി അവനെയൊന്നു നോക്കി.

അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ തലകുനിച്ചു.

“ഹരി എന്തുപറയുന്നു..?”

അമ്മാവൻ ഹരിയോട് ചോദിച്ചു.അവന്റെ നോട്ടം മുഴുവൻ ഇന്ദുവിലായിരുന്നു.

ഞാനെന്തു പറയണം എന്നൊരു ചോദ്യം അവന്റെ മുഖത്ത് കാണാനുണ്ടായിരുന്നു.

“ഇതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല.സ്വർണ്ണം അവളുടെതാണ്. അത് എന്താവശ്യത്തിന് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതും അവളാണ്. അതുകൊണ്ട് ഇതിന്റെ തീരുമാനം പറയേണ്ടത് അവളാണ്..”

ഇന്ദുവിനെ നോക്കി കൊണ്ട് ഹരി പറഞ്ഞപ്പോൾ അമ്മയുടെ മുഖം വീർത്തു.

” അതെന്ത് പറച്ചിലാണ്..? സ്വർണ്ണം അവളുടെ കഴുത്തിലും കാതിലുമൊക്കെ ഇട്ടിട്ടാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്നത് ശരി തന്നെ. പക്ഷേ അത് നിനക്ക് സ്ത്രീധനമായി കിട്ടിയതാണ്. അത് അവളുടെ അല്ല. നിന്റെ ആണ്. നിന്റെ ജോലിയും വരുമാനവും ഒക്കെ കണ്ട് അവളുടെ വീട്ടുകാർ നിനക്ക് തന്നതാണ് അത്. അതെങ്ങനെ ചെലവാക്കണം എന്ന് തീരുമാനിക്കുന്നത് നീയാണ്. “

അമ്മ പറഞ്ഞപ്പോൾ ഹരി പുഞ്ചിരിച്ചു.

” അത് ന്യായമല്ലല്ലോ അമ്മ.. അവളുടെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് അവൾക്ക് വേണ്ടി വാങ്ങി കൊടുത്ത സാധനം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് അവൾ തന്നെയാണ്. “

അവൻ കർശനമായി പറഞ്ഞപ്പോൾ അതിൽ മാറ്റം ഒന്നും ഉണ്ടാകില്ല എന്ന് അമ്മക്ക് ഉറപ്പായി. അവർ തേൻ പുരട്ടിയ ചിരിയോടെ ഇന്ദുവിന് നേരെ തിരിഞ്ഞു.

“ഇതൊക്കെ കേട്ടിട്ട് മോൾ എന്താ മിണ്ടാതെ നിൽക്കുന്നത്..? നിന്റെ അനിയത്തിയുടെ കല്യാണകാര്യത്തെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. മോളുടെ അഭിപ്രായം എന്താ.?”

അവർ ചോദിച്ചപ്പോൾ അവളുടെ കണ്ണുമിഴിഞ്ഞു. നിമിഷങ്ങൾക്കു മുൻപ് താനൊരു അഭിപ്രായം പറഞ്ഞപ്പോൾ വന്നു കയറിയവൾ എന്നു പറഞ്ഞ് തന്നെ അധിക്ഷേപിച്ചതാണ്.

“ഞാൻ എന്ത് പറയണമെന്നാണ്..? അമ്മ തന്നെ അല്ലേ കുറച്ചു മുൻപ് പറഞ്ഞത് ഞാൻ വന്നു കയറിയവൾ ആണെന്ന്..? എനിക്ക് അഭിപ്രായം പറയാൻ പാടില്ലെന്ന്..? എന്നിട്ടിപ്പോൾ ഞാൻ എന്താ വേണ്ടത്..?”

പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ അവർ പതറിപ്പോയി.

” അത് പിന്നെ.. പറയുമ്പോൾ എന്തെങ്കിലും പറയുമെന്നല്ലാതെ.. നീ അല്ലേ ഇവിടത്തെ മൂത്ത മോള്..? അപ്പോൾ മറ്റാരേക്കാളും അഭിപ്രായം പറയാൻ യോഗ്യത നിനക്കല്ലേ..? “

അവളോട് അവർ പഞ്ചാര വാക്കുകൾ പറഞ്ഞു.

” അമ്മേ.. എന്റെ അച്ഛനും അമ്മയും എനിക്ക് വാങ്ങി തന്ന സ്വർണത്തിൽ കണ്ണ് വച്ചിട്ടാണ് ഈ അഭിപ്രായ സ്വാതന്ത്ര്യം എങ്കിൽ എനിക്ക് അത് വേണ്ട. ആ സ്വർണം ഞാൻ തരില്ല.”

അവൾ പറഞ്ഞത് കേട്ടപ്പോൾ അവരുടെ മുഖം ഇരുണ്ടു.

” എനിക്കും രണ്ട് കുട്ടികൾ വളർന്നു വരുന്നുണ്ട്. അവർക്ക് വേണ്ടി എനിക്ക് സമ്പാദ്യം ആയിട്ട് ആകെ അത്രേയുള്ളൂ. ഹരിയേട്ടൻ സർക്കാർ ജോലിക്കാരൻ ആണെന്ന് പറഞ്ഞിട്ട് ഈ വീട്ടിലെ സകല ചെലവും ഏട്ടൻ ആണല്ലോ നോക്കുന്നത്..? ആ വകയിൽ ഒരു രൂപ പോലും നീക്കിയിരിപ്പില്ല.ഞാനും കൂടി ഇതെടുത്ത് ചെലവാക്കിയാൽ അവസാനം എന്റെ മക്കൾക്കും ഒന്നും ഉണ്ടാകാതെ വരും..”

ഉറച്ച ശബ്ദത്തിലാണ് അവളത് പറഞ്ഞത്.

“നിന്റെ മക്കളുടെ കാര്യമാകുമ്പോൾ എല്ലാവരും സഹായിക്കില്ലേ..? നീ ഇപ്പോഴേ ഇങ്ങനെ സ്വാർത്ഥയായി ചിന്തിക്കരുത്..”

അമ്മാവൻ താക്കീത് ചെയ്തു.

“സ്വന്തം പെങ്ങളുടെ കാര്യത്തിന് ചെലവാക്കാൻ ഒരു രൂപ പോലും ഇല്ലെന്ന് പറഞ്ഞ അനിയനെ ആണോ അമ്മാവൻ പ്രതീക്ഷിക്കുന്നത്..?അവർക്ക് ഭാര്യക്കും ഭർത്താവിനും കൂടി മാത്രം ലക്ഷങ്ങൾ ആണ് ശമ്പളം.ആ കിട്ടുന്ന തുക മുഴുവൻ അവരുടെ ചെലവിനു മാത്രമേ വരൂ എന്ന് പറഞ്ഞു കഴിഞ്ഞു. അവരുടെ നാലിലൊന്ന് വരുമാനമില്ലാത്ത എന്റെ ഭർത്താവ് വേണം ഈ വിവാഹം നടത്താൻ.. അതും അവർ പറഞ്ഞു കഴിഞ്ഞു.ഇങ്ങനെയുള്ളവരെയാണോ എന്റെ മക്കൾക്ക് വേണ്ടി ഞാൻ പ്രതീക്ഷിക്കേണ്ടതും..?”

അവളുടെ ചോദ്യത്തിന് മറുപടിയില്ലാതെ അമ്മാവൻ തല കുനിച്ചു.

” നിന്റെ ഭാര്യ പറഞ്ഞതൊക്കെ കേട്ടില്ലേ നീ..? നിനക്കൊന്നും പറയാനില്ലേ..? “

അമ്മ ദേഷ്യപ്പെട്ടു.

” ഇല്ലമ്മേ.. ഒരു അമ്മ എന്ന നിലയിൽ അവൾ ചിന്തിക്കുന്നതാ ശരി. ആ തീരുമാനത്തെ ഞാൻ എതിർക്കില്ല.. പിന്നെ വിവാഹം നടത്താൻ എനിക്ക് ബുദ്ധിമുട്ടില്ല.. പക്ഷെ അമ്മ പറഞ്ഞ പോലെ 100 പവൻ കൊടുക്കാനുള്ള വരുമാനം എനിക്കില്ല. ബാക്കി എന്ത് വേണമെന്ന് നിങ്ങളൊക്കെ കൂടെ ആലോചിച്ചു തീരുമാനിക്ക്.. “

അത്രയും പറഞ്ഞു ഹരി അകത്തേക്ക് പോയപ്പോൾ അമ്മ പ്രതീക്ഷയോടെ ഇന്ദുവിനെ നോക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. എങ്കിലും ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി.

ചെലവ് തങ്ങളുടെ നേരെ വരുമോ എന്ന ചിന്തയിൽ അനിയനും ഭാര്യയും നേരത്തെ തന്നെ സ്ഥലം വിട്ടിരുന്നു.

പലപ്പോഴും ചെന്നു കയറുന്ന പെണ്ണുങ്ങൾക്ക് ആ വീടുകളിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവാറില്ല.. എന്നാൽ അവരെക്കൊണ്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ട് താനും..!!

Leave a Reply

Your email address will not be published. Required fields are marked *