എഴുത്ത്:-അപ്പു
” നീ ഇങ്ങനെ ഇവിടെ കോലാഹലം ഉണ്ടാക്കാൻ മാത്രം എന്താ പ്രശ്നം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവൻ നിന്നെ നോവിക്കുന്നത് പോലും ഇവിടെ ആരും കണ്ടിട്ടില്ല. ഇവിടെയെന്നല്ല അവന്റെ വീട്ടിലും അവൻ അങ്ങനെ തന്നെയാണല്ലോ.. അവന്റെ നാവിൽ നിന്ന് എന്തോ വീണു പോയതിന്, ബന്ധം വേർപ്പെടുത്തണം എന്നൊക്കെ പറഞ്ഞാൽ … “
അമ്മ പകുതിക്ക് നിർത്തിക്കൊണ്ട് ഹിമയെ നോക്കി. അവൾ ആരെയും നോക്കാതെ ചുവരിലേക്ക് മാത്രം കണ്ണു നട്ടിരിക്കുകയാണ്.
” ശരിക്കും എന്താ മോളെ പ്രശ്നം..? “
വാത്സല്യത്തോടെയുള്ള ചെറിയമ്മയുടെ ചോദ്യം കേട്ടപ്പോൾ അവരെ നോക്കി. ചെറുപ്പം മുതൽക്കേ തന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളത് ചെറിയമ്മ മാത്രമാണ്. എന്ത് കാര്യത്തിനും കൃത്യമായ ഒരു ഉത്തരം കണ്ടുപിടിക്കാൻ ചെറിയമ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
” ചെറിയമ്മയ്ക്ക് അറിയാലോ.. ഞാനും നവീനും സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്. നാലുവർഷത്തെ പ്രണയമാണ് വിവാഹത്തിൽ എത്തി നിന്നത്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം 5 വർഷത്തോളമായി. അതായത് 8-9 വർഷത്തെ പരിചയമുള്ളവരാണ് ഞങ്ങൾ എന്നർത്ഥം.”
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയപ്പോൾ, എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി.
” ഇപ്പോൾ അതു മുഴുവൻ വ്യർത്ഥമായി പോയി എന്നാണ് അവൻ പറയുന്നത്.”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.അത് മറ്റാരും കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു.
“എന്താ മോളെ..? എന്താണെങ്കിലും നീ തുറന്നു പറയൂ..”
അമ്മായി നിർബന്ധിച്ചു.
” ഞാനെന്തു ചെയ്താലും അവൻ കുറ്റം മാത്രമാണ് കണ്ടുപിടിക്കുന്നത്. നിങ്ങൾക്കൊക്കെ അറിയുന്നതല്ലേ ഇവിടെ ഞാൻ ഒരേയൊരു മകളായതു കൊണ്ട് ഇവിടുത്തെ അടുക്കള പണികൾ ഒന്നും ഞാൻ അല്ല ചെയ്തിരുന്നത്. ഒരു കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ നമ്മുടെ വീട്ടിൽ ഒരുപാട് ആളുകളല്ലേ. അടുക്കളയിൽ എപ്പോഴും നിങ്ങൾ എല്ലാവരും ഉണ്ടാകും. അതുകൊണ്ടുതന്നെ അങ്ങോട്ടേക്ക് കയറി വരേണ്ട ഒരു സാഹചര്യം പോലും ഇവിടുത്തെ മക്കളായ ഞങ്ങൾക്കാർക്കും ഉണ്ടായിട്ടില്ല. എന്നിട്ടും കല്യാണത്തിനു മുൻപ് എന്നെക്കൊണ്ട് കഴിയുന്ന രീതിയിലൊക്കെ പാചകം പഠിച്ചതിനു ശേഷം ആണ് ഞാൻ നവീന്റെ വീട്ടിലേക്ക് പോയത്. പക്ഷേ അവിടെ എല്ലാത്തിനും അവനു കുറ്റമാണ്. ഞാൻ ചെയ്യുന്നതൊന്നും സ്പീഡ് ഇല്ല..ഞാൻ ചെയ്യുന്നതൊന്നും ശരിയാകുന്നില്ല..അതൊക്കെ എന്റെ ഭാഗത്തു നിന്നുള്ള മിസ്റ്റേക്കുകൾ ആയതു കൊണ്ട് തന്നെ ഒക്കെയും ഞാൻ സഹിച്ചു. പതിയെ പതിയെ എല്ലാം ശരിയാകും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഇടയ്ക്ക് എപ്പോഴെങ്കിലും എനിക്ക് സ്നേഹത്തോടെയുള്ള ഒരു നോട്ടമെങ്കിലും അവന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.”
അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.
” നവീന് എന്നോട് സ്നേഹം ഇല്ല എന്നൊന്നും ഞാൻ പറയില്ല. കാരണം പലപ്പോഴും അവന്റെ കണ്ണിൽ അല്ലെങ്കിൽ അവന്റെ പ്രവർത്തികളിൽ എന്നോടുള്ള സ്നേഹം ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവന്റെ കുറ്റപ്പെടുത്തലുകൾ..പലപ്പോഴും അത് അതിരു കടക്കുന്നു.”
സങ്കടത്തോടെ പറയുന്ന മകളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവർ ഓരോരുത്തരും പരസ്പരം നോക്കി.
“മോളെ.. നീ തന്നെ പറഞ്ഞില്ലേ നിന്റെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങൾ കൊണ്ടാണ് അവൻ നിന്നെ കുറ്റപ്പെടുത്തിയത് എന്ന്.. അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ നല്ലൊരു ജീവിതം അല്ലേ മോളെ നിന്റെ കയ്യിൽ ഉള്ളത്..?”
അമ്മ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അത് കേട്ടപ്പോൾ അവൾ അവരെ തുറിച്ചു നോക്കി.
” ഇവിടെ എന്റെ ഏട്ടന്മാരിൽ ആരെങ്കിലും ഏട്ടത്തിമാരോട് ഇങ്ങനെ കുറ്റം പറയുന്നത് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ..? അവർക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അവരുടെ മുറിക്കുള്ളിൽ തീരുന്നതേയുള്ളൂ. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. പബ്ലിക്കായി എവിടെയിട്ട് വേണമെങ്കിലും നവീൻ എന്നെ ചീത്ത വിളിക്കും. ആ സമയത്ത് എന്റെ അവസ്ഥ എന്താണെന്ന് അവൻ ആലോചിക്കുക കൂടിയില്ല. വീട്ടിലെത്തി കഴിഞ്ഞാൽ ഒരു സോറി പറയും. അതുകൊണ്ട് ഞാൻ അനുഭവിച്ച അപമാനം ഇല്ലാതെയാകുമോ..? “
സങ്കടത്തോടെ അവൾ ചോദിക്കുമ്പോൾ മറുപടിയില്ലാതെ എല്ലാവരും പരസ്പരം നോക്കി.
” കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്താലേ ജീവിതം മുന്നോട്ടു പോകുള്ളൂ. അല്ലാതെ എല്ലാം നമ്മുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് വേണം എന്ന് പറഞ്ഞാൽ അത് ഇത്തിരി ബുദ്ധിമുട്ടാണ് മോളെ. വിവാഹത്തിനു മുൻപ് നമുക്ക് എല്ലാവർക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും. പക്ഷേ അതൊക്കെയും അങ്ങനെ തന്നെ നടക്കണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ. “
അമ്മായി അവളോട് പറഞ്ഞു.
” ഞാൻ എന്താണ് അമ്മായി മറന്ന് കളയേണ്ടത്..? എന്നോടൊപ്പം ഉണ്ടായിരുന്നു അവന്റെ ഒമ്പത് വർഷങ്ങൾ വെയ്സ്റ്റ് ആയിരുന്നു എന്ന് അവൻ പറഞ്ഞതാണോ..? അങ്ങനെയെങ്കിൽ അവനോടൊപ്പം ചിലവഴിച്ച എന്റെ ഒമ്പത് വർഷങ്ങളും എനിക്ക് നഷ്ടമായിരുന്നില്ലേ..? ഒരിക്കലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ.. അങ്ങനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല ഞാൻ. എന്നെ സംബന്ധിച്ച് എന്റെ പ്രണയമാണ് ഈ 9 വർഷവും എന്നോടൊപ്പം ഉണ്ടായിരുന്നത്. ഞങ്ങളുടെ മനോഹരമായ ജീവിതത്തിന്റെ നിറം പിടിച്ച ഓർമ്മകൾ മാത്രമാണ് 9 വർഷത്തെക്കുറിച്ചും എനിക്ക് ഓർക്കാൻ ഉള്ളത്. ഞങ്ങൾ പരസ്പരം പലപ്പോഴും വഴക്കിട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു വർത്തമാനം ആദ്യമായിട്ടാണ്. അതായത് അവനു എന്നെ അത്രത്തോളം മടുപ്പായി തുടങ്ങി എന്നല്ലേ..? “
ഇടറിക്കൊണ്ട് അവൾ ചോദിക്കുമ്പോൾ എല്ലാവരും പകച്ചു പോയി.
അതിന് ഇങ്ങനെയൊക്കെ ഒരർത്ഥമുണ്ടോ എന്നൊരു ഭാവമായിരുന്നു എല്ലാവർക്കും.
“നിങ്ങളൊക്കെ കരുതുന്നതു പോലെ ഞാൻ ചെറിയ പ്രശ്നം വലുതാക്കാൻ ശ്രമിക്കുന്നതല്ല. നിങ്ങൾക്കൊക്കെ ഇതൊരു ചെറിയ പ്രശ്നമായിരിക്കും. പക്ഷേ കഴിഞ്ഞു പോയ അത്രയും വർഷങ്ങൾ അവൻ എന്ന ഒരാളെ മനസ്സിൽ ധ്യാനിച്ച് അവനു വേണ്ടിയും അവന്റെ കുടുംബത്തിനു വേണ്ടിയും ഒക്കെ ജീവിച്ച എനിക്ക് ഇതൊരു വലിയ കാര്യമാണ്. അവൻ എന്നെ ഓരോ തവണയും അവഗണിക്കുമ്പോഴും അതൊക്കെയും ഞങ്ങൾക്കിടയിൽ തീരുന്ന ചെറിയ പ്രശ്നങ്ങൾ ആയിരുന്നു. പക്ഷേ ഇത് അങ്ങനെയല്ല..ജീവിതം തന്നെ മടുത്തു പോകുന്നത് പോലെ..”
പറഞ്ഞ് അവസാനിപ്പിച്ചതു പോലെ അവൾ ചുവരിലേക്ക് ചാരിയിരുന്നു.
അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ എല്ലാവരും കുഴങ്ങി.
” ഹിമേ.. “
പതിഞ്ഞ ശബ്ദത്തിൽ ഒരു വിളി കേട്ടപ്പോൾ അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. മുന്നിൽ നിൽക്കുന്ന നവീനെ കണ്ടപ്പോൾ അവൾ മുഖം തിരിച്ചു.
” ഞാൻ പറഞ്ഞത് ഒരു തെറ്റാണെന്ന് ഇപ്പോൾ എനിക്കറിയാം. മനസ്സ് കൈവിട്ടുപോയ ഒരു നേരത്ത് അറിയാതെ എന്റെ വായിൽ നിന്ന് വീണു പോയതാണ് അങ്ങനെ ഒരു വാക്ക്. അത് പറയാൻ പാടില്ലായിരുന്നു എന്ന് നിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി. നീ എന്നോട് ക്ഷമിക്ക്.. “
അവൻ പറഞ്ഞപ്പോൾ അവൾ അവനെ തുറിച്ചു നോക്കി.
“ഞാൻ ക്ഷമിക്കാം. പക്ഷേ അതിനു മുൻപ് ഒരു ചോദ്യം. നവീന്റെ സ്ഥാനത്ത് ഞാനാണ് അങ്ങനെ പറഞ്ഞതെങ്കിലോ..? നിന്നോടൊപ്പം ഉണ്ടായിരുന്നു എന്റെ വർഷങ്ങൾ മുഴുവൻ വേസ്റ്റ് ആയിരുന്നു എന്ന് ഞാൻ പറഞ്ഞാലോ..? നിന്നെ പരിചയപ്പെടേണ്ടിയിരുന്നില്ല എന്ന് ഞാൻ പരിതപിച്ചാലോ..? ഏത് ശകുനം പിടിച്ച നേരത്താണ് നിന്റെ ജീവിതത്തിലേക്ക് കയറി വരാൻ തോന്നിയത് എന്ന് ഞാൻ പറഞ്ഞാലോ..? ഇങ്ങനെയൊക്കെ ഞാൻ സംസാരിക്കുമ്പോൾ നിന്റെ പ്രതികരണം എങ്ങനെയായിരിക്കും..?”
അവളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ കുറ്റബോധത്തോടെ അവൻ തലകുനിച്ചു. പലപ്പോഴായി പല സാഹചര്യങ്ങളിൽ ആയി അവൻ അവളോട് പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ.
അതിൽ ഒന്നുപോലും അവൾ തന്നോട് പറയുന്നതിനെ കുറിച്ച് അവന് ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
“നിങ്ങൾക്ക് അത് ഓർക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ.. അപ്പോൾ പിന്നെ നിരന്തരം ഇത് കേൾക്കുന്ന എന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ..? “
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ നവീന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ അവളെ മുറുകെപ്പുണർന്നു.
” ആം സോറി.. എന്റെ തെറ്റാണ്.. ഇനി ഒരിക്കലും ഇതൊന്നും ആവർത്തിക്കാതിരിക്കില്ല.. ഉറപ്പ്.. “
അവളുടെ ചെവിയിൽ അവൻ മന്ത്രിച്ചപ്പോൾ അവൾ അവനിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു.