എന്തൊക്കെ തോന്നിവാസങ്ങളാണ് നീ വിളിച്ചു പറയുന്നത്..? ഒരു പെൺകുട്ടി ബാംഗ്ലൂർ ജോലി ചെയ്യുന്നു എന്നു പറഞ്ഞാൽ അവളുടെ സ്വഭാവം മോശമാണ് എന്നാണോ നിന്റെ വിചാരം….

_upscale

എഴുത്ത്:-ആമി

” ഡാ.. നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ.. “

ഉച്ചയ്ക്ക് ടിവിയും കണ്ടിരിക്കുകയായിരുന്നു സുജിത്തിന്റെ അടുത്തേക്ക് വന്നു കൊണ്ട് അമ്മ പറഞ്ഞു.

” ഫോട്ടോയോ..? എന്ത് ഫോട്ടോയാ അമ്മ..? “

അവൻ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

” ഇന്നലെ നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ.. നിനക്ക് വിവാഹം നോക്കി തുടങ്ങാം എന്ന്. ഇതിപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ അയച്ചു കൊടുത്ത ഫോട്ടോയാണ്.അവിടെ അടുത്ത് എവിടെയോ ആണ് പെൺകുട്ടിയുടെ വീട്.ഞങ്ങൾക്കൊക്കെ കണ്ടിട്ട് ഇഷ്ടമായി.നല്ല കുട്ടിയാടാ.. “

അമ്മ പറഞ്ഞപ്പോൾ അവന് ചെറിയൊരു നാണം തോന്നി.

” ഇന്നലെ നിങ്ങൾ എന്നോട് കല്യാണ കാര്യം പറയുമ്പോൾ ഇന്ന് തന്നെ പെണ്ണിനെ കണ്ടുപിടിച്ചിട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.. നിങ്ങളൊക്കെ നല്ല ഫാസ്റ്റ് ആണല്ലോ.. “

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അമ്മയും ഒപ്പം ചിരിച്ചു.

” നിനക്ക് ആകെ അത്രയ്ക്കുള്ള ദിവസമല്ലേ ലീവ് ഉള്ളൂ.. ലീവ് കഴിഞ്ഞ് നീ മടങ്ങിപ്പോയിക്കഴിഞ്ഞാൽ പിന്നെ രണ്ടു വർഷം കഴിയാതെ നീ ഈ നാട്ടിലേക്ക് കാലു കുത്തില്ലല്ലോ… ഇപ്പോൾ പെണ്ണ് കണ്ടു ഒരു എൻഗേജ്മെന്റ് നടത്തി വെച്ചാൽ അടുത്ത തവണ വരുമ്പോൾ വിവാഹം നടത്താം. അതാവുമ്പോൾ നിന്റെയും നിത്യയുടെയും വിവാഹം ഒന്നിച്ചു നടത്താമല്ലോ.. രണ്ടുപേരുടെയും വിവാഹം ഒന്നിച്ചു കഴിഞ്ഞാൽ ഞങ്ങൾക്ക് സ്വസ്ഥമായി.. “

അമ്മ പറഞ്ഞപ്പോൾ അവൻ തലയാട്ടി ചിരിച്ചു.

” നല്ല ഗംഭീര പ്ലാനിങ് ആണല്ലോ.. ആരുടെ പ്ലാനിങ് ആണെങ്കിലും കലക്കിയിട്ടുണ്ട്.. “

അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ഫോണിലേക്ക് എത്തിനോക്കി.

” ഇതാണ് ആള്.. “

അമ്മ ഫോട്ടോ അവനു നേരെ നീട്ടി. ഫോട്ടോ കണ്ടവന് പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. അവന്റെ കണ്ണുകൾ വിടർന്നു.

” നല്ല കുട്ടിയാണല്ലോ അമ്മേ.. “

അവൻ പറഞ്ഞപ്പോൾ അമ്മ ചിരിച്ചു.

” അല്ലാതെ മോശം കുട്ടികളെ നിനക്ക് വേണ്ടി അമ്മ കണ്ടുപിടിക്കുമോ..? “

” അല്ല കുട്ടി എന്താ ചെയ്യുന്നേ പഠിക്കുകയാണോ..?”

അവൻ വിവരങ്ങൾ അന്വേഷിച്ചു.

” അല്ലടാ.. ആ കുട്ടിയുടെ പഠിപ്പൊക്കെ കഴിഞ്ഞ് ഇപ്പോൾ ജോലി ചെയ്യുകയാണ്. ബാംഗ്ലൂർ ആണ്.. അവിടെ ഏതോ ഒരു ഐടി കമ്പനിയിലാണ് ജോലി എന്നാണ് പറഞ്ഞത്. “

അത്രയും നേരം ചിരിച്ചു നിൽക്കുകയായിരുന്നു അവന്റെ മുഖം ഇത് കേട്ടതോടെ മങ്ങി.

” ബാംഗ്ലൂരിലോ..? “

അവൻ വല്ലാത്തൊരു ഭാവത്തോടെ ചോദിക്കുന്നത് കേട്ടിട്ടും അമ്മയ്ക്ക് അവന്റെ ഭാവമാറ്റം മനസ്സിലായില്ല.

“അതെ.. ബാംഗ്ലൂരാണ് അവൾ ജോലി ചെയ്യുന്നത്. ഇപ്പോൾ രണ്ടു വർഷം അടുത്താകുന്നു. നല്ല മിടുക്കി കുട്ടിയാ. അല്ലെങ്കിൽ പിന്നെ പഠിച്ചിറങ്ങിയ ഉടനെ നല്ലൊരു കമ്പനിയിൽ ജോലി കിട്ടില്ലല്ലോ. ഇപ്പോൾ അത്യാവശ്യം നല്ല വരുമാനമൊക്കെയുണ്ട് അവൾക്ക്.”

അമ്മയ്ക്ക് ആ പെൺകുട്ടിയുടെ മഹത്വത്തെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാവുന്നുണ്ടായിരുന്നില്ല.

” ഇത്.. ഇത് ശരിയാവില്ല അമ്മ..”

അവന് ദേഷ്യം വന്നു.

“അതെന്താടാ..? നല്ല കുട്ടിയാണെന്ന് നീ തന്നെയല്ലേ പറഞ്ഞത്..?”

അമ്മ ചോദിച്ചപ്പോൾ അവൻ ഒരു നിമിഷം മൗനമായി നിന്നു.

” ഫോട്ടോ കണ്ടപ്പോൾ നല്ല കുട്ടിയാണ് എന്ന് പറഞ്ഞു എന്ന് കരുതി ആ കുട്ടിയുടെ സ്വഭാവം നല്ലതാവണമെന്നില്ലല്ലോ.. “

അവൻ പറഞ്ഞപ്പോൾ അമ്മയ്ക്കും ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു.

” ആ കുട്ടിയുടെ സ്വഭാവം നല്ലതല്ല എന്ന് നിനക്ക് തോന്നാൻ എന്താ കാര്യം..? നിനക്ക് മുൻപ് ഈ കുട്ടിയെ കണ്ടു പരിചയം ഉണ്ടോ..? “

അമ്മ ചോദിച്ചപ്പോൾ അവൻ പതറി.

” ഞാനീ കുട്ടിയെ മുൻപ് കണ്ടിട്ട് ഒന്നുമില്ല. പക്ഷേ അതിന്റെ സ്വഭാവം അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. “

അവൻ വീണ്ടും അത് ആവർത്തിച്ചപ്പോൾ അമ്മയ്ക്ക് നല്ല രീതിയിൽ ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

” സ്വഭാവം നല്ലതല്ല എന്ന് പറയണമെങ്കിൽ അതിനൊരു കാരണം ഉണ്ടാകണമല്ലോ.. ആ കാരണം എന്താണെന്നാണ് ഞാൻ ചോദിച്ചത്.. “

ദേഷ്യത്തിൽ തന്നെയാണ് അമ്മ ചോദിച്ചത്.

” ഈ പെൺകുട്ടി ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത് എന്നല്ലേ അമ്മ പറഞ്ഞത്.? അവിടുത്തെയൊക്കെ ജീവിത രീതി എങ്ങനെയാണെന്ന് നമുക്ക് എങ്ങനെ അറിയാം..? ബാംഗ്ലൂർ നഗരത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുള്ളതൊന്നും അത്ര നല്ല കാര്യങ്ങൾ അല്ലല്ലോ.. നാടുവിട്ടു കഴിഞ്ഞാൽ ഓരോ പെൺകുട്ടികൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് പറയാൻ പോലും പറ്റില്ല.. “

അവൻ പറഞ്ഞത് കേട്ടപ്പോൾ അമ്മ പകച്ചു പോയി.

“എന്തൊക്കെ തോന്നിവാസങ്ങളാണ് നീ വിളിച്ചു പറയുന്നത്..? ഒരു പെൺകുട്ടി ബാംഗ്ലൂർ ജോലി ചെയ്യുന്നു എന്നു പറഞ്ഞാൽ അവളുടെ സ്വഭാവം മോശമാണ് എന്നാണോ നിന്റെ വിചാരം..? നാടുവിട്ടു പുറത്തു ജോലി ചെയ്യുന്ന കുട്ടികൾ അല്ലെങ്കിൽ പഠിക്കാൻ പോകുന്ന കുട്ടികൾ ഒക്കെ ചീiത്ത സ്വഭാവം കൊണ്ട് നടക്കുന്നു എന്നാണോ കരുതി വെച്ചിരിക്കുന്നത്..? അങ്ങനെയാണെങ്കിൽ നീയൊരു പ്രവാസി ആയിട്ട് വർഷം അഞ്ചാറ് ആയല്ലോ.. നീ ഒരു മോശം പുരുഷനാണ് എന്ന് പറഞ്ഞാൽ നിനക്ക് അത് സഹിക്കുമോ..? പോട്ടെ നിന്റെ വീട്ടുകാർ എന്ന നിലയ്ക്ക് ഞങ്ങൾക്കൊക്കെ അത് സഹിക്കാൻ പറ്റുമോ..?”

അമ്മ ദേഷ്യത്തോടെ ചോദിക്കുമ്പോൾ അവനെ എന്തുകൊണ്ടോ ആ പെൺകുട്ടിയെ അമ്മ ന്യായീകരിക്കുന്നത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” ആൺകുട്ടികളെ പോലെ ആണോ പെൺകുട്ടികൾ..? ഞങ്ങളൊക്കെ എങ്ങനെയൊക്കെ എവിടെയൊക്കെ പോയാലും തിരികെ നമ്മുടെ കുടുംബത്തേക്ക് തന്നെ വരും. പിന്നെ ആൺകുട്ടികൾ ചീiത്ത പേരു കേൾപ്പിച്ചാലും അധിക കാലത്തേക്ക് അതൊന്നും നിലനിൽക്കില്ലല്ലോ. പെൺകുട്ടികളുടെ കാര്യം അങ്ങനെയൊന്നുമല്ല. അവർ ഒരു ചീiത്ത പേരു കേൾപ്പിച്ചാൽ അത് കേൾപ്പിച്ചത് തന്നെയാണ്. അത് അത്ര പെട്ടെന്ന് ഒന്നും തേഞ്ഞുമാഞ്ഞു പോകില്ല.. അങ്ങനെ ഒരു പെൺകുട്ടിയെ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”

അവൻ പറഞ്ഞു നിർത്തിയപ്പോൾ അമ്മയ്ക്ക് അവനോട് പിന്നെ കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നിയില്ല. സംസാരിച്ചിട്ടും കാര്യമില്ല എന്ന് അവർക്ക് ഏകദേശം ഉറപ്പായിരുന്നു.

പക്ഷേ പെട്ടെന്നാണ് അവിടെ ഒരു കൈയ്യടി ശബ്ദം മുഴങ്ങിയത്. ആ ശബ്ദത്തിന്റെ ഉറവിടം തേടിയ അവർ കണ്ടത് അവന്റെ അനിയത്തിയെ ആയിരുന്നു.

” കൊള്ളാം..എന്റെ ചേട്ടന്റെ ചിന്തകൾ ഇത്രത്തോളം അധപതിച്ചു പോയി എന്ന് ഞാൻ അറിഞ്ഞില്ല.. പണ്ടൊക്കെ നിങ്ങളുടെ അനിയത്തിയാണ് ഞാൻ എന്ന് പറയാൻ എനിക്ക് വല്ലാത്ത അഭിമാനം ആയിരുന്നു. ആ ഞാൻ ഇപ്പോൾ ഈ നിമിഷം പറയുന്നു നിങ്ങൾ എന്റെ ആങ്ങളയാണ് എന്ന് പറയാൻ എനിക്ക് വെറുപ്പാണ്.. “

അവൾ പറഞ്ഞത് കേട്ടപ്പോൾ അവൻ പകച്ചു പോയി. അനിയത്തി അങ്ങനെ പറയുന്നത് അവനു സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” മോളെ.. “

അവൻ പതർച്ചയോടെ വിളിച്ചു.

” ഏട്ടൻ നേരത്തെ പറഞ്ഞല്ലോ പുറത്തു പോയി പഠിക്കുന്ന പെൺകുട്ടികളും പുറത്തു പോയി ജോലി ചെയ്യുന്ന പെൺകുട്ടികളും ഒക്കെ മോശം കൂട്ടുകെട്ടുകൾ ഉള്ളവർ ആയിരിക്കുമെന്ന്. അല്ലെങ്കിൽ ചീiത്ത സ്വഭാവം ഉള്ളവർ ആയിരിക്കുമെന്ന്. അങ്ങനെയെങ്കിൽ ഏട്ടന്റെ അനിയത്തിയായ ഞാനും അങ്ങനെയുള്ള കൂട്ടത്തിൽ പെട്ടതല്ലേ..? എന്നെയും ഏട്ടൻ അങ്ങനെയൊരു കണ്ണിലാണോ കണ്ടിരിക്കുന്നത്..?”

അവൾ ചോദിച്ചപ്പോൾ അവന് വല്ലാത്ത സങ്കടം വന്നു.

” നീ എന്തൊക്കെയാ മോളെ ഈ ചോദിക്കുന്നത്..?”

അവൻ സങ്കടത്തോടെ ചോദിച്ചു.

” എനിക്ക് 18 വയസ്സുള്ളപ്പോൾ മുതൽ ഈ നാട്ടിന് പുറത്താണ് ഞാൻ പഠിക്കുന്നതും ഇപ്പോൾ ജോലി ചെയ്യുന്നതും. ചേട്ടൻ പറഞ്ഞത് കയറിവച്ച് ആണെങ്കിൽ ഈ നാട്ടുകാർ ഒക്കെ എന്നെ കാണേണ്ടത് ഈ രീതിയിൽ തന്നെയാണല്ലോ.. നാളെ എനിക്കൊരു വിവാഹാലോചന വരുമ്പോൾ ഇവരൊക്കെ ഇങ്ങനെ ചിന്തിച്ചാൽ നല്ലൊരു ബന്ധം എനിക്ക് കിട്ടുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ..? അതുപോട്ടെ നിരന്തരം ഈ ഒരു കാരണം പറഞ്ഞു എന്റെ വിവാഹം ഉറങ്ങി പോകുമ്പോൾ നിങ്ങൾക്കൊക്കെ സന്തോഷം കിട്ടുമോ..?”

അവൾ ചോദിച്ചപ്പോഴാണ് തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് എന്താണെന്ന് അവന് മനസ്സിലാകുന്നത്.

” സ്വന്തം കുടുംബത്തിൽ അങ്ങനെ ഒരു കാര്യം നടക്കും എന്ന് പറഞ്ഞപ്പോൾ ഏട്ടന്റെ മുഖത്ത് കാണുന്ന വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട്. അതുപോലെതന്നെ ആവില്ലേ ആ പെൺകുട്ടിയുടെ വീട്ടിലും..? പുറത്തുപോയി ജോലി ചെയ്യുന്നു എന്ന് കരുതി എല്ലാവരും മോശമൊന്നുമല്ല. എല്ലാവരെയും ഒരേ രീതിയിൽ അളക്കുമ്പോഴാണ് നമുക്കൊക്കെ തെറ്റ് പറ്റുന്നത്. നല്ല രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ എവിടെപ്പോയാലും നല്ല രീതിയിൽ തന്നെ ജീവിക്കും. ആ കാര്യത്തിൽ സംശയം വേണ്ട.. “

അവൾ പറഞ്ഞപ്പോൾ അവൻ എതിർത്തൊന്നും പറയാൻ പോയില്ല.

” ആ പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചു പറഞ്ഞേക്ക്.. ഞായറാഴ്ച നമുക്ക് പെണ്ണു കാണാൻ പോകാം..”

കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം അത്രയും പറഞ്ഞു അമ്മയെയും അനിയത്തിയെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ മുറിയിലേക്ക് കയറിപ്പോയി. അതുകണ്ട് അവർ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.