പിന്നെ കല്യാണത്തിന് വരുന്നവർ മുഴുവൻ നീ പുതിയതാണോ ഇട്ടത് എന്ന് അന്വേഷിക്കാൻ അല്ലേ വരുന്നത്..? എത്രയോ സാരികൾ അവിടെ അലമാരയിൽ ഇരിപ്പുണ്ട്……

_upscale

എഴുത്ത്:-അപ്പു

” ഏട്ടാ, എനിക്കൊരു 350 രൂപ തരുമോ..? “

ഭർത്താവായ കിരണിനെ ഫോണിൽ വിളിച്ച് അമ്മു ചോദിച്ചു..

” നിനക്കെന്തിനാ ഇപ്പം 350 രൂപ..?”

അവൻ ഗൗരവത്തോടെ അന്വേഷിച്ചു.

” ഞാൻ ഓൺലൈനിൽ ഒരു ഡ്രസ്സ് കണ്ടു. നല്ല ഭംഗിയുണ്ട്. 350 രൂപയേ ഉള്ളൂ. അത് വാങ്ങാൻ വേണ്ടിയായിരുന്നു. “

അവൾ ഒന്ന് പരുങ്ങിക്കൊണ്ടു പറഞ്ഞു.

” അതു കൊള്ളാം. നിനക്ക് ഇപ്പോൾ ഓൺലൈനിൽ നിന്ന് സാധനം വാങ്ങാൻ ആണോ അത്യാവശ്യപ്പെട്ട് ജോലിയിലിരുന്ന എന്നെ നീ വിളിച്ചത്..? ഓൺലൈനിൽ നിന്ന് സാധനങ്ങളൊന്നും വാങ്ങണ്ട. അതൊക്കെ വെറും തട്ടിപ്പാണ്. “

അവൻ രൂക്ഷമായി പറഞ്ഞു.

” അങ്ങനെയല്ല ഏട്ടാ.. അടുത്ത മാസം മീരയുടെ കല്യാണമല്ലേ. അന്ന് ഇടാൻ വേണ്ടിയാണ്. എല്ലാവരും പുതിയത് ഇടുമ്പോൾ നമ്മൾ പുതിയത് ഇടാതിരുന്നാൽ മോശമല്ലേ..? “

അവൾ അവനോട് പതിയെ പറഞ്ഞു.

” പിന്നെ കല്യാണത്തിന് വരുന്നവർ മുഴുവൻ നീ പുതിയതാണോ ഇട്ടത് എന്ന് അന്വേഷിക്കാൻ അല്ലേ വരുന്നത്..? എത്രയോ സാരികൾ അവിടെ അലമാരയിൽ ഇരിപ്പുണ്ട്. കല്യാണത്തിന് പോകുമ്പോൾ അതിൽ ഏതെങ്കിലും ഒരെണ്ണം എടുത്തുടുത്താൽ മതി. ഇനി ഇങ്ങനെ ഓരോ കാര്യവും പറഞ്ഞ് എന്നെ ഫോൺ വിളിക്കരുത്. “

ദേഷ്യത്തോടെ അത്രയും പറഞ്ഞുകൊണ്ട് കിരൺ ഫോൺ കട്ടാക്കി.

അവന്റെ മറുപടി കേട്ട് അവൾക്ക് വല്ലാത്ത നിരാശ തോന്നി. പിന്നെ തന്റെ വിധിയെ ഓർത്തുകൊണ്ട് അവൾ തന്റെ പണികളിലേക്ക് ശ്രദ്ധ തിരിച്ചു.

ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് ഉടനെ കിരണിന്റെ ഭാര്യ പദവിയിലേക്ക് എത്തിപ്പെട്ടതാണ് അവൾ. ജോലിക്ക് പോകാൻ നല്ല ആഗ്രഹമുണ്ടായിട്ടും കിരൺ അവളെ അതിന് അനുവദിച്ചിട്ടില്ല.

രണ്ടുപേരും കൂടി ജോലിക്ക് പോയാൽ വീട്ടിലെ കാര്യങ്ങളൊക്കെ ആകെ താളം തെറ്റും എന്നാണ് അവൻ പറയാറ്.

എല്ലാം ഓർത്ത് ഒന്നു നെടുവീർപ്പിട്ടു കൊണ്ട് അവൾ തന്റെ പണികൾ ഓരോന്നായിട്ട് ഒതുക്കാൻ തുടങ്ങി.

പണിയൊക്കെ ഒതുക്കി കഴിഞ്ഞപ്പോൾ അവൾ പതിയെ ടിവി ഓൺ ചെയ്തു. പക്ഷേ അതിലെ കേബിൾ കട്ട് ആയിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് വിഷമം തോന്നി.

അവൾ ഫോൺ എടുത്ത് അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ജോലി സമയത്ത് വിളിച്ചതിന്റെ ഈർഷ്യയോടെ തന്നെയായിരുന്നു അവൻ കോൾ അറ്റൻഡ് ചെയ്തത്.

“എന്താ അമ്മു..?”

തിടുക്കത്തിൽ ഫോൺ എടുത്തു കൊണ്ട് അവൻ അന്വേഷിച്ചു.

” ഏട്ടാ..കേബിൾ റീചാർജ് ചെയ്യുന്ന കാര്യം ഞാൻ രാവിലെ പറഞ്ഞിരുന്നില്ലേ..? അത് ചെയ്തില്ലായിരുന്നോ..? “

അവൾ ചോദിച്ചത് കേട്ട് അവനു ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.

” നിനക്ക് ഒരിത്തിരി നേരം പോലും ടിവി കാണാതിരിക്കാൻ വയ്യേ..? റീചാർജ് ചെയ്യുന്ന കാര്യം ഞാൻ മറന്നു പോയി. ഈ മാസം ഇനി ചാർജ് ചെയ്യേണ്ട എന്നാണ് ഞാൻ കരുതുന്നത്. എല്ലാത്തിനും കൂടി പൈസ വേണ്ടേ..? “

അത്രയും പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ടാക്കി പോയപ്പോൾ ഒരു സ്തംഭന അവസ്ഥയിലായിരുന്നു അവൾ.

എനിക്ക് ഒരു വരുമാനം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്ത് കാര്യത്തിനും ഏട്ടനെ ആശ്രയിക്കേണ്ട ആവശ്യമുണ്ടായിരുന്നോ..?

അവൾ സ്വയം ചോദിച്ചു.

ഇങ്ങനെയുള്ള ചിന്തകൾ തന്റെ സമാധാനമില്ലാതാക്കും എന്ന് തോന്നിയതോടെ അവൾ സോഫയിലേക്ക് കിടന്നു കണ്ണുകൾ അടച്ചു.

കുറച്ചുദിവസം കഴിഞ്ഞ് ഒരു ദിവസം കിരൺ തന്റെ പേഴ്സ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് കുറച്ച് പണം കാണാനുണ്ടായിരുന്നില്ല.

” അമ്മു… എന്റെ പേഴ്സിൽ നിന്ന് നീ പൈസ എടുത്തിരുന്നോ..? “

അവൻ വിളിച്ചു ചോദിച്ചു.

“എനിക്ക് മേക്കപ്പ് കിറ്റ് വാങ്ങാൻ വേണ്ടി ഞാൻ എടുത്തിരുന്നു.”

അവൾ പറഞ്ഞത് കേട്ട് അവനു ദേഷ്യം വന്നു.

” എന്താ അമ്മു ഇത്..? ഇവിടുത്തെ എല്ലാ ചെലവുകളും ഞാൻ ഒരാളുടെ കയ്യിൽ നിന്ന് വേണം നടക്കാൻ. എനിക്ക് നോട്ട് അടിക്കുന്നത് ഒന്നുമല്ല ജോലി. ആകെ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് പാലും പത്രവും തുടങ്ങി എല്ലാ കാര്യങ്ങളും നടക്കണം. അതിനിടയിൽ നീ കൂടി ഇങ്ങനെ അനാവശ്യ ചെലവുകൾ വരുത്തി വെച്ചാൽ എന്ത് ചെയ്യാനാണ്.? നോക്കിയും കണ്ടുമൊക്കെ ചെലവുകൾ ചെയ്യാൻ പഠിക്കണം. “

അവൻ അവളെ കുറ്റപ്പെടുത്തി.അവളുടെ കണ്ണുകൾ നിറഞ്ഞു.

“എന്റെ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികളെയും പോലെ ഒരുങ്ങി നടക്കണമെന്നും ഒക്കെയുള്ള ഒരുപാട് ആഗ്രഹം എനിക്കുമുണ്ട്. എന്നെ ഒരു ജോലിക്ക് പോകാൻ ഏട്ടൻ സമ്മതിക്കാത്തത് കൊണ്ടല്ലേ..? അല്ലായിരു ന്നെങ്കിൽ എനിക്ക് എന്റെ ആഗ്രഹം പോലെ എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നല്ലോ..?”

അവൾ വിങ്ങലോടെ അവനോട് ചോദിച്ചു.

” ഇനി ജോലിക്കും കൂടി പോകാത്തതിന്റെ കുറവേ ഉള്ളൂ..”

ദേഷ്യത്തോടെ അതും പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്ന് പുറത്തേക്ക് പോയി. സങ്കടത്തോടെ അവൾ ബെഡിലേക്ക് ഇരുന്നു.

വൈകുന്നേരം വീർത്തു കിട്ടിയ മുഖത്തോടെ അവൾ മുറ്റമടിക്കുമ്പോഴാണ്, അയൽക്കാരിയായ ശ്രീജ ആ വഴിക്ക് പോകുന്നത് അവൾ കണ്ടത്.

എല്ലാ ദിവസവും പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു അവർ. അന്നും പതിവു പോലെ അമ്മുവിനെ കണ്ടപ്പോൾ അവർ നടത്തം നിർത്തി.

” അമ്മുവിന്റെ പണികൾ ഒന്നും കഴിഞ്ഞില്ലേ..? “

അവർ വിളിച്ചു ചോദിച്ചപ്പോൾ അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തിക്കൊണ്ട് അവരെ നോക്കി.

“ഇല്ല ചേച്ചി.. ഇന്ന് ചേച്ചി വൈകിയോ..?”

അവർ അന്വേഷിച്ചു.

” ഞാൻ മക്കൾക്ക് ഓരോ ജോഡി ഡ്രസ്സ് എടുക്കാൻ കയറി.അതുകൊണ്ട് വൈകിയതാണ്.”

അവർ പറഞ്ഞപ്പോൾ അവൾ വേദനയോടെ പുഞ്ചിരിച്ചു.

“കഴിഞ്ഞ മാസവും ചേച്ചി എടുത്തായിരുന്നല്ലോ..”

ഓർത്തെടുത്തു കൊണ്ട് അവൾ ചോദിച്ചു.

” മക്കൾക്ക് ഇതൊക്കെ വാങ്ങി കൊടുക്കുമ്പോൾ ഉള്ള അവരുടെ സന്തോഷമല്ലേ നമുക്ക് വലുത്..? എനിക്കും കൂടി ജോലിയുള്ളതു കൊണ്ട് വീട്ടിലെ കാര്യങ്ങൾ ഓർത്ത് ഒരു പ്രയാസവും വേണ്ട. എന്റെയും ഏട്ടന്റെയും വരുമാനം കൊണ്ട് സന്തോഷത്തോടെ ജീവിക്കാവുന്നതേയുള്ളൂ ഞങ്ങൾക്ക്. അതുകൊണ്ട് ഇതൊന്നും ഒരിക്കലും ഞങ്ങൾക്ക് അധിക ചെലവും ആർഭാടമോ അല്ല.. “

പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവർ അവളെ നോക്കി.

” എനിക്കും ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ചേച്ചി. സ്വന്തമായി ഒരു ജോഡി ഡ്രസ്സ് വാങ്ങണം എനിക്കിഷ്ടപ്പെട്ട എന്തെങ്കിലുമൊക്കെ വാങ്ങണം, വീട്ടിലേക്ക് എന്തെങ്കിലും ചെയ്യണം. അങ്ങനെ അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ എനിക്കുണ്ട്. പക്ഷേ.. “

അവൾ നിരാശയോടെ സംസാരം നിർത്തി.

“ഇങ്ങനെ നിരാശപ്പെടാൻ മാത്രം എന്തിരിക്കുന്നു..? നിനക്ക് ഒരു ജോലിക്ക് ശ്രമിച്ചു കൂടെ..?”

അവർ ആശ്ചര്യത്തോടെ ചോദിച്ചു.

” ഇവിടെ ഏട്ടൻ സമ്മതിക്കില്ല ചേച്ചി.”

അവൾ സങ്കടത്തോടെ പറഞ്ഞു.

” ആദ്യമൊക്കെ എന്റെ വീട്ടിലും സമ്മതിക്കില്ലായിരുന്നു. പക്ഷേ എന്റെ വരുമാനം കൂടിയായപ്പോൾ കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോകും എന്ന് അദ്ദേഹത്തിന് ബോധ്യം വന്നപ്പോഴാണ് ഞാൻ ജോലിക്ക് പോകുന്നത് എതിർപ്പില്ലാതായത്. സുജിത്തും അങ്ങനെ തന്നെ മാറിക്കോളും. ആദ്യം നീ നല്ലൊരു ജോലി കണ്ടുപിടിക്കാൻ നോക്ക്. നീ ഡിഗ്രി വരെ പഠിച്ചതല്ലേ പ്രൈവറ്റ് ആയിട്ട് വേണമെങ്കിലും ജോലിക്ക് പോകാമല്ലോ.. “

അവർ അവളെ പ്രോത്സാഹിപ്പിച്ചു.

“കിട്ടുന്ന സമയത്ത് പിഎസ്സി ഒക്കെ പഠിക്കാൻ നോക്കൂ. എവിടെയെങ്കിലും ഒരു ടെസ്റ്റ് എഴുതി കയറാൻ കഴിഞ്ഞാൽ അത് ഭാഗ്യം അല്ലേ..? ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുകൾ ഒക്കെ സഹിക്കേണ്ടി വരും. പക്ഷേ ഒരു ജോലി കിട്ടി കഴിഞ്ഞാൽ നമ്മുടെ ജീവിതം തന്നെ സേഫ് ആവും..”

അവർ പറഞ്ഞ ഓരോ വാക്കുകളും അവൾ ഹൃദയം കൊണ്ടായിരുന്നു സ്വീകരിച്ചത്.

” ചേച്ചി പറഞ്ഞത് ശരിയാണ്. ഒരു ജോലിയില്ലെങ്കിൽ സമൂഹത്തിൽ നമുക്കൊരു വിലയുമുണ്ടാകില്ല. ഭർത്താവിന്റെ മുന്നിലാണെങ്കിലും നമുക്ക് ഒരു വിലയുണ്ടാകണമെങ്കിൽ സ്വന്തമായി വരുമാനം ഉണ്ടാകണം. സുജിത്തേട്ടനെ പേടിച്ചിട്ടാണ് ഇത്രയും കാലം ഞാൻ ഒരു ജോലിക്ക് ശ്രമിക്കാതിരുന്നത്. അത് ഒരു മണ്ടത്തരം ആയിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഇനി എന്തായാലും ആ ഭയം മാറ്റിവയ്ക്കാൻ തന്നെയാണ് എന്റെ തീരുമാനം. “

അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ശ്രീജ നടന്നകന്നു.

അപ്പോൾ പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയിൽ ആയിരുന്നു അമ്മു..!

Leave a Reply

Your email address will not be published. Required fields are marked *