എഴുത്ത്:-യാഗ
” ഡീ……. ആമി നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…”
ഓടി വന്ന് കിതപ്പോടെ തനിക്കരികിൽ വന്നിരുന്നു കൊണ്ടുള്ള അലോഷിയുടെ പെട്ടന്നുള്ള ചോദ്യം കേട്ടതും ഞെട്ടലോടെ അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തി കാര്യം മനസ്സിലാക്കാതെ അവനേ തുറിച്ചു നോക്കി .
“ഡീ.. ഉണ്ടക്കണ്ണി ഇങ്ങനെ മിഴിച്ചു നോക്കാതെ ഉത്തരം പറയെടി ” തന്നെ തുറിച്ച് നോക്കുന്നവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ടവൻ പുഞ്ചിരിയോടെ അവളോട് ചേർന്നിരുന്ന് ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
” എന്ത് പറ്റി നിന്റെ തലക്ക് വല്ല അടിയും കിട്ടിയോ….”
” നീ കളിക്കാതെ കാര്യം പറ ആമി “
” നീയൊന്ന് പോയെ എന്താഗ്രഹം?എനിക്കങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഒന്നുല്ല” ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു കൊണ്ടവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി. ഒരുവാക്കിൽ ഉത്തരം പറഞ്ഞുകൊണ്ടവൾ വീണ്ടും വായന തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് കണ്ടവൻ അവൾക്ക് മുന്നിലെ പുസ്തകം തട്ടിപ്പറിച്ച് തനിക്കരികിലേക്ക് നീക്കിവച്ചു കൊണ്ടവൻ മുഖം കൂർപ്പിച്ചുകൊണ്ടവളേ നോക്കി. അവന്റെ മുഖത്തെ ഭാവം കണ്ടതും അവൾ പൊട്ടി ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു.
“ആമീ… പറ പെണ്ണേ എന്താ നിന്റെ ആഗ്രഹം”
അലനും ആമിയും സുഹൃത്തുക്കൾ എന്നതിലുപരി കൂടപ്പിറപ്പാണവർ.
കാണുന്നവർ പലപ്പോഴും നിറം സിനിമയിലെ എബിയും സോനയും ആയി അവരേ ഉപമിക്കാറുണ്ടെങ്കിലും. അതിന് മറുപടിയായ് അവർ ഒന്ന് ചിരിക്കുക മാത്രമേ ചെയ്യാറുള്ളു. കാരണം അവർക്ക് മാത്രമേ അറിയാവു അവരുടെ ബന്ധത്തിന്റെ വില. അലന് വേദനിച്ചാൽ ആമിയും. ആമിക്ക് വേദനിച്ചാൽ അലനും എത്ര ദൂരെയാണെങ്കിലും തിരിച്ചറിയും. അത് പ്രണയ ബന്ധം കൊണ്ടല്ലെന്ന് അവർക്കും അവരേക്കാൾ നന്നായി അവരുടെ വീട്ടുകാർക്കും അറിയാം.
” പറ പെണ്ണേ……എന്താ നിന്റെ ആഗ്രഹം ” തനിക്ക് മറുപടി തരാതെ നെറ്റിയിൽ കൈതാങ്ങിയിരിക്കുന്നവളേ കുലുക്കി വിളിച്ചു കൊണ്ടവൻ അവളേ നോക്കി കണ്ണുരുട്ടി .
“എന്റെ പൊന്ന് അല്ലൂ….. നിനക്കിത് എന്തിന്റെകേടാ….. അടുത്ത ആഴ്ച്ച കൊടുക്കേണ്ട പ്രൊജക്റ്റിന്റെ കാര്യത്തിൽ തുകയുന്നതിന്റെ ഇടയിലാ അവന്റെ ഒ ഓരോ കിന്നാരം, നീയൊന്ന് എഴുന്നേറ്റ് പോയെ അല്ല നിനക്കിപ്പോ ഈ ഐഡിയ എവിടുന്നാ കിട്ടിയത്. “
” നമ്മുടെ ഫാർഹാൻഇല്ലേ….. അവൻ അവന്റെ പെങ്ങളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഈ കഴിഞ്ഞ വെക്കേഷന് അവളേം കൊണ്ട് മൂന്നാറ് വരേ പോയെന്ന് “
” അതിന് നിനക്കെന്താ…….”
” ഒരു പെങ്ങളെന്ന നിലയിൽ കുഞ്ഞുനാൾ മുതലുള്ള എന്റെ കാര്യങ്ങളും ആഗ്രഹങ്ങളും എല്ലാം നിനക്കറിയാം . പക്ഷേ ഒരു സഹോദരൻ എന്നുള്ള നിലക്ക് നിന്റെ ഒരു കാര്യങ്ങളും എനിക്ക് അറിയില്ലല്ലോ….. അത് ഓർത്തപ്പോൾ എനിക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി.” നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്നവനേ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.
“അല്ലൂ…… കുഞ്ഞുനാൾമുതൽ എന്തിനും ഏതിനും നീ എനിക്കൊപ്പം ഉണ്ട് എനിക്ക് അത് മതി. പിന്നെ എന്റെ ആഗ്രഹം അറിഞ്ഞിട്ട് നിനക്കെന്നല്ല ആർക്കും ഒന്നും കിട്ടാനില്ല”
“എനിക്കൊന്നും കിട്ടാനില്ല എന്ന് അറിയാം എന്നാലും വർഷാങ്ങളായ് ഞാൻ പോലും അറിയാത്ത വല്ല ആഗ്രഹവും നിനക്ക് ഉണ്ടോ എന്നറിയാൻ ഒരു കുഞ് ആഗ്രഹം “
അവൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ചുകൊണ്ടവൻ മറുപടിക്കായ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവന്റെ നോട്ടം കണ്ടതും പുഞ്ചിരിയോടെ അവന്റെ കയ്യിൽ കൈ ചേർത്തു കൊണ്ടവൾ ഒന്ന് നെടുവീർപ്പിട്ടു.
“എടാ….. എന്നോടെന്നല്ല ഏതൊരുപെണ്ണിനോടും നീ ഈ ചോദ്യം ചോദിച്ചാൽ പെട്ടന്നൊരുത്തരം പറയാൻ പലർക്കും കഴിയില്ല. “
“അതെന്താ….?’ അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ അവൻ അവളേ നോക്കി നെറ്റിചുളിച്ചു.
“അതോ… അതിന് കാരണം അവർക്ക് ആഗ്രഹങ്ങൾ ഇല്ലാത്തതല്ല. ആഗ്രഹങ്ങൾ ഒരുപാട് ഉള്ളത് കൊണ്ടാണ്. നിനക്കറിയാമോ…. ഏതൊരു പെണ്ണിന്റെയും മനസ്സ് ഒരു വലിയ ശ്മശാന ഭൂമിയാണ്. ഒത്തിരി ആഗ്രഹങ്ങൾ കുഴിച്ചു മൂടിയ ഒരു പ്രേത ഭൂമി. കുഞ്ഞുനാൾ മുതലുള്ള അവളുടെ ഒരുപാട് കുഞ്ഞ്കുഞ് ആഗ്രഹങ്ങളും സ്വപ്നങ്ങളും പലരും ചേർന്ന് തല്ലി തളർത്തി കുഴിച്ചു മൂടിയ ഇടം അതാണ് ഓരോ ഓരോ പെണ്ണിന്റെയും മനസ്സ്..”
അവന്റെ ചോദ്യത്തിനുള്ള ഉത്തരമായവൾ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവനേ നോക്കി. അപ്പോഴും അവൾ പറഞ്ഞത് ഒന്നും മനസ്സിലാകാതെ അവൻ അവളേ തുറിച്ചു നോക്കി.
“എങ്കിൽ പറ എന്താ നിന്റെ മനസ്സിലെ ആ ശ്മശാനത്തിൽ കുഴിച്ച് മൂടിയ ആഗ്രഹങ്ങൾ . പെട്ടന്ന് പറഞ്ഞാൽ ഞാൻ നിന്റെ കുഞ് കുഞ് ആഗ്രഹങ്ങൾക്ക് എത്രയും പെട്ടന്ന് മോചനം തരാം “
“ഉം… ശരി നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ പറഞ്ഞു തരാം…. അത് എന്റെ ആഗ്രഹങ്ങൾക്ക് മോക്ഷം കിട്ടാനല്ല മറിച് ജസ്റ്റ് നീ അറിഞ്ഞിരിക്കാൻ . നാളെ നിന്റെ ജീവിതത്തിലേക്ക് വരുന്ന വളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ പോലും നീ തിരിച്ചറിയാൻ. കാരണം ഒട്ടുമിക്കപെൺകുട്ടികളുടേയും ആഗ്രഹങ്ങളും ഒന്ന് തന്നെ ആയിരിക്കും. “
എന്ന് പറഞ്ഞുകൊണ്ടവൾ ഓരോ ആഗ്രഹങ്ങളായി പറഞ്ഞുതുടങ്ങി.
“ഒരു മാവിൽ നിന്ന് കല്ലെറിഞ് മാങ്ങ വീഴ്ത്തണം….. പിന്നേ…, ഒരുപാട് പേരുടെ നടുക്ക് നിന്ന് മഴനനഞുകൊണ്ട് ഉറക്കെ കൂകി വിളിക്കണം…. പാതിരാത്രിക്ക് റോഡിലൂടെ നടക്കണം. തട്ട്കടയിൽനിന്ന് ഫുഡ് കഴിക്കണം. പിന്നേ നല്ല സുഹൃത്തുക്കൾക്ക് നടുവിൽ മറ്റൊന്നും ചിന്തിക്കാതെ കെiട്ടിപിടിച്ചു കിടക്കണം.
എന്നെപ്പറ്റി മോശം പറയുന്നവരെ ഓടിച്ചിട്ട് തiല്ലണം കാലിനു മുകളിൽ കാല് കയറ്റിവച്ച് ആത്മവിശ്വാസത്തോടെ ഒന്ന് ഇരിക്കണം പിന്നേ……ഞാൻ എന്താണ് എന്നറിയാവുന്നവനെ ഞാൻ തന്നെ കണ്ടെത്തി ജാതിയോ മതമോ നോക്കാതെ കല്യാണം കഴിക്കണം. ഇതിനെല്ലാം ഉപരി ഒരുപാട് യാത്രകൾ പോണം എന്തേ തൽക്കാലം ഇത്രയും പോരെ ആഗ്രഹങ്ങൾ എന്ന് ചോദിച്ചുകൊണ്ടവൾ തന്റെ ആഗ്രഹങ്ങൾ കേട്ട് വാപൊളിച്ച് ഇരിക്കുന്നവന്റെ തലയിൽ ചെറുതായൊന്നു കിഴുക്കി.
“എന്റെ പെന്ന് ആമി ഇതൊക്കെ ഒരു ആഗ്രഹമാണോ… ഇത് ഞങ്ങൾ എന്നും ചെയ്യുന്ന കാര്യല്ലേ ” അയ്യേ എന്നഅർത്തതിൽ മുഖം ചുളിച്ചുകൊണ്ടവൻ അവളേ നോക്കി ചോദിച്ചു.
“അതേ… നിങ്ങളൊക്കെ എന്നും ചെയ്യുന്നകാര്യങ്ങൾ ആണ് ഇതൊക്കെ അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇതൊന്നും വലിയ കാര്യം ആവില്ല.
പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് ഇതൊക്കെ വലിയ കാര്യങ്ങൾ ആണ്.
വീടിന്റെ നാല് ചുമരിനുള്ളിൽ ഒതുങ്ങി കൂടി ഇരിക്കുന്നവരേ സംബന്ധിച്ച് ഇതൊക്കെ കിട്ടാക്കനിയാണ്.?നിന്റെ അമ്മയോ ഭാര്യയോ നിങ്ങള് പോകുന്നത് പോലെ പുറത്ത് പോയി എൻ ജോയ് ചെയ്യാറുണ്ടോ…?നിങ്ങൾ പുരുഷന്മാർ അതിനി കുട്ടികളായിരുനാലും ശെരി മുതിർന്നവരായിരുന്നാലും ശരി സൺഡേ ഹോളീ ഡേ ആണെന്ന് പറഞ്ഞ് രാവിലെ തന്നെ കൂട്ടുകാർക്കൊപ്പം?ഇറങ്ങാറില്ലേ….. ആ സമയം ആഴ്ച്ച മുഴുവൻ ഒരേ ജോലി ചെയ്ത് റെസ്റ്റില്ലാതെ ഒരു മടുപ്പും കൂടാതെ വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നവരേ എപ്പഴെങ്കിലും ഓർത്തിട്ടുണ്ടോ…..”
പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ടവൻ ഒന്ന് ചിന്തിച്ച ശേഷം ഇല്ലാ എന്നുള്ള അർത്ഥത്തിൽ തലയനക്കി.
“അതെന്തേ അവർക്ക് പുറത്ത് പോകണം എന്നും കൂട്ടുകാരെ കാണണം എന്നുമുള്ള ആഗ്രഹങ്ങൾ ഒന്നും കാണില്ലേ?”
“ആഗ്രഹം ഒക്കെ കാണും പക്ഷേ അവർക്കതിന് എവിടെയാ സമയം അവര് കറങ്ങാൻ പോയാൽ വീട്ടിലെ ജോലിയൊക്കെ ആരുചെയ്യും….?”
“ശെരിയാ അമ്മ എന്ന് പറഞ്ഞാൽ മക്കളുടേയും അച്ഛന്റെയും കാര്യങ്ങൾ നോക്കാനുള്ളവൾ പെങ്ങൾ അമ്മയെ സഹായിക്കേണ്ടവൾ. ഇനി അവൾക്ക് പ്രമോഷൻ കിട്ടി ഭാര്യ ആയാൽ വീണ്ടും എല്ലാം തുടർച്ച അല്ലേ….. നിങ്ങളോ ടൊക്കെ ആരാ പറഞ്ഞത് വീട്ട് ജോലി സ്ത്രീകൾക്ക് മാത്രം ചെയ്യാനുള്ളതാണ് എന്ന് . “
“അത്….. അത് പിന്നെ ” ഉത്തരമില്ലാതെ തനിക്ക് മുന്നിൽ നിന്ന് തത്തി കളിക്കുന്നവനേ ചേർത്ത് പിടിച്ചു കൊണ്ടവൾ ഒന്ന് പുഞ്ചിരിച്ചു.
“ഡാ….. ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല. പലരും മറക്കുന്ന ചില സത്യങ്ങൾ പറഞ്ഞതാ .?തനീയൊന്ന് ചിന്തിച്ചു നോക്കിക്കേ നമുക്ക് വേണ്ടി ആഗ്രഹങ്ങൾ ത്യജിക്കുന്നവർക്ക് വേണ്ടി അവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി അല്പമൊന്ന് മാറി ചിന്തിക്കുകയോ അല്പസമയം കണ്ടെത്തുകയോ ചെയ്താൽ അവർ എന്ത് മാത്രം സന്തോഷിക്കും.ആ ഒരു സന്തോഷം മാത്രം മതിയെടാ നമുക്ക് ജീവിതകാലം മുഴുവൻ ജീവിക്കാൻ . നമുക്ക് എന്ത് കാര്യം ചെയ്യാൻ ആഗ്രഹം തോന്നുമ്പഴും അത് സ്വന്തം വീട്ടീന്ന് തുടങ്ങുന്നത് തന്നെയാണ് എപ്പഴും നല്ലത്. വീട്ടിലെ പെണ്ണുങ്ങളുടെ ആഗ്രഹം എന്താണെന്ന് ചോദിച്ചറിഞ്ഞു നടത്തി കൊടുത്തിട്ട് വേണം മറ്റുള്ളവരുടെ ആഗ്രഹങ്ങൾ എന്താണെന്ന് ചോദിച്ചറിയാനും മോക്ഷംനൽകാനും.”
എന്ന് പറഞ്ഞുകൊണ്ടവൾ ധൃതിയിൽ പുസ്തകങ്ങളുമായി ക്ലാസ്സിന് പുറത്തേക്ക് നടന്നു….. അവൾ പറഞ്ഞതിന് എന്ത് മറുപടിപറയും എന്നറിയാതെ അവനും ഒരു നിമിഷം കുറ്റബോധത്തോടെ അവൾ പോകുന്നത് നോക്കിയിരുന്നു.