നീ പൊട്ടൻ കളിക്കല്ലേ സായി.. ഇപ്പോൾ എനിക്ക് പ്രമോഷൻ കിട്ടാനുള്ള സമയത്ത് തന്നെ ഇങ്ങനെ വന്നു കഴിഞ്ഞാൽ എനിക്ക് പിന്നെ ജോലിക്ക് പോകാൻ പറ്റില്ലല്ലോ…..

Actress Nayanthara in Viswasam Movie Latest Stills HD

കുഞ്ഞാവ

എഴുത്ത്:-വസു

” നിങ്ങളോട് ഞാൻ എത്ര വട്ടം പറഞ്ഞതാ ശ്രദ്ധിക്കണമെന്ന്.. എന്നിട്ടിപ്പോ.. “

കൈയിലിരുന്ന പേപ്പർ സായിയുടെ മേലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് കോപത്തോടെ അലറുകയായിരുന്നു വേണി.

” എന്താ വേണീ..? എന്താ നിന്റെ പ്രശ്നം..? “

സായി അന്വേഷിച്ചു.

” എന്റെ പ്രശ്നം.. അത്‌ ആ പേപ്പറിൽ ഉണ്ട്.. തുറന്ന് നോക്ക്.. “

ദേഷ്യത്തിൽ തന്നെ പറഞ്ഞു കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു. അവളുടെ ദേഷ്യത്തിന്റെ കാരണമറിയാതെ അവൻ ഒന്ന് പകച്ചു. പിന്നെ അവൾ പറഞ്ഞത് പോലെ ആ പേപ്പർ എടുത്തു നിവർത്തി നോക്കി.

അതിലെ ഓരോ വാക്കുകളും വായിക്കുമ്പോൾ പൂത്തിരി കത്തുന്നത് പോലെ തിളങ്ങുന്ന അവന്റെ കണ്ണുകളെ അവൾ വല്ലായ്മയോടെയാണ് നോക്കിയത്.

” ഇത്‌.. ഇത്‌ സത്യാണോ..? “

അവൻ ആവേശത്തോടെ ചോദിച്ചു. അവൾ അവനെ തുറിച്ചു നോക്കി.

“അപ്പോൾ ഈ ന്യൂസ് സായിക്ക് സന്തോഷമാണ്..അല്ലേ..? “

അവൾ ദേഷ്യത്തോടെ ചോദിച്ചു.

“അതിപ്പോൾ സന്തോഷമാണോ എന്ന് ചോദിച്ചാൽ..”

എന്തു മറുപടി പറയണം എന്ന് അവനു വ്യക്തമായി ധാരണ ഉണ്ടായിരുന്നില്ല.

” വേണ്ട.കൂടുതൽ ഒന്നും പറയണമെന്നില്ല.. നിങ്ങളുടെ ഈ മുഖം വിളിച്ചു പറയുന്നുണ്ട് നിങ്ങളുടെ ഭാവം എന്താണെന്ന്.. നിങ്ങൾ അത് മനപ്പൂർവ്വം ചെയ്തതാണെന്ന് എനിക്ക് മനസ്സിലായി. “

അവൾ പറയുന്നതിന്റെ അർത്ഥം മനസ്സിലാകാതെ അവൻ അവളെ തുറിച്ചു നോക്കി.

” നീ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്..? ഞാൻ മനപ്പൂർവ്വം എന്ത് ചെയ്തെന്നാണ്..? “

അവൻ മനസ്സിലാവാത്തത് പോലെ അവളെ നോക്കി.

” നമ്മൾ പ്രിക്കോഷൻ എടുത്തിരുന്നത് അല്ലേ..എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു..? “

അവളുടെ സ്വരത്തിൽ വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു.

” പ്രീകോഷൻസ് എല്ലാം 100% സെക്യൂറാണ് എന്ന് നിന്നോട് ആരാ പറഞ്ഞത്..? നീ ഇങ്ങനെ ടെൻഷനടിക്കാനും മാത്രം എന്ത് പ്രശ്നമാണ് ഉള്ളത്..? നിന്റെ ഈ ടെൻഷനും ബഹളവും ഒക്കെ കണ്ടാൽ തോന്നും അiവിഹിതം വല്ലതും ആണെന്ന്.. ഞാൻ കെട്ടിയ താലി തന്നെയല്ലേ കഴുത്തിൽ കിടക്കുന്നത്..? “

പകുതി കളിയായും പകുതി കാര്യമായും സായി പറഞ്ഞപ്പോൾ അവൾ ദേഷ്യം അടക്കാൻ ആവാതെ നിലത്ത് അമർത്തി ചവിട്ടി.

” നീ ഇങ്ങനെ വയലന്റ് ആവല്ലേ. വയറ്റിൽ കിടക്കുന്ന കൊച്ചിനാണ് കേട്..”

അവൻ പെട്ടെന്ന് അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.പക്ഷേ അതോടെ അവളുടെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്. എങ്കിലും കൂടുതൽ ബഹളത്തിന് മുതിരാതെ അവൾ കട്ടിലിലേക്ക് കിടന്നു.

സായിയും വേണിയും ബാംഗ്ലൂരിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. അങ്ങനെ തന്നെയാണ് അവർ ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അത് ഒരു പ്രണയത്തിലേക്ക് വഴി മാറിയപ്പോൾ, വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം നടത്തി. അതിനു ശേഷം ഇരുവരും ബാംഗ്ലൂർ തന്നെ സെറ്റിൽ ചെയ്തിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തോളമാകുന്നു. വേണി പ്രഗ്നന്റ് ആണ് എന്ന ന്യൂസ് ആണ് അവളെ ഇപ്പോൾ ഇത്തരത്തിൽ ദേഷ്യത്തിൽ ആക്കിയിരിക്കുന്നത്.

” വേണി.. “

അവൻ വിളിച്ചപ്പോൾ അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു.

” നീ എന്തിനാണ് ഇങ്ങനെ ടെൻഷൻ ആവുന്നത്..? പ്രശ്നം എന്താണെന്ന് തുറന്നു പറഞ്ഞാൽ അല്ലേ എനിക്ക് അറിയാൻ പറ്റൂ.. “

അവൻ മയത്തിൽ അവളോട് കാര്യങ്ങൾ ചോദിച്ചു.

” നീ പൊട്ടൻ കളിക്കല്ലേ സായി.. ഇപ്പോൾ എനിക്ക് പ്രമോഷൻ കിട്ടാനുള്ള സമയത്ത് തന്നെ ഇങ്ങനെ വന്നു കഴിഞ്ഞാൽ എനിക്ക് പിന്നെ ജോലിക്ക് പോകാൻ പറ്റില്ലല്ലോ. അതോടു കൂടി എന്റെ പ്രമോഷൻ കയ്യിൽ നിന്ന് പോവുകയും ചെയ്യും. പ്രമോഷൻ കിട്ടിയിരുന്നെങ്കിൽ ഉറപ്പായും ഞാൻ നിന്നെക്കാൾ മേലെ എത്തിയേനെ. നിന്നെക്കാൾ കൂടുതൽ സാലറിയും പൊസിഷനും എനിക്ക് അവിടെ ഉണ്ടായേനെ. ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ട് നീ മനപൂർവ്വം ചെയ്തതാണ് ഇത് എന്നാണ് എനിക്ക് തോന്നുന്നത്.. “

“നീ വെറുതെ അബദ്ധം പറയരുത്. ഞാൻ ഇങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല. പിന്നെ നീ ഇങ്ങനെ കിടന്നു ബഹളം വയ്ക്കുന്നത് കണ്ടാൽ തോന്നും ഇത് എന്റെ മാത്രം …”

അവൻ ബാക്കി പറയാതെ കടിച്ചമർത്തി. അവൾ അവനെ തുറിച്ചു നോക്കി.

” ശരി എന്തായാലും സംഭവിച്ചത് സംഭവിച്ചു. വാട്ട് ഈസ് നെക്സ്റ്റ്..? “

അവൾ ഒരുത്തരത്തിനുവേണ്ടി അവനെ തന്നെ നോക്കിയിരുന്നു.

“ഐ ഡോണ്ട് നോ.. നമുക്ക് ഒരു ഹോസ്പിറ്റലിൽ പോകാം. ചെക്ക് ചെയ്യാം..”

അവൻ പറഞ്ഞത് കേട്ട് അവൾ പരിഹാസത്തോടെ ചിരിച്ചു.

” അപ്പോൾ ഇതിനെ ഞാൻ പ്രസവിച്ച് വളർത്തണം എന്നാണ് നീ പറഞ്ഞുവരുന്നത്.. “

” അല്ലാതെ പിന്നെ..? “

“എനിക്ക് പറ്റില്ല. അiബോഷൻ.. അതുമാത്രമാണ് എന്റെ മുന്നിലുള്ള വഴി..”

യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ വേണി അത് പറയുമ്പോൾ വല്ലാത്തൊരു ആശ്ചര്യമായിരുന്നു സായിക്ക്.

” നീ വെറുതെ തമാശ പറയല്ലേ വേണി..”

അവൾ പറഞ്ഞത് അപ്പോഴും അവനു പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” ഞാൻ തമാശ പറഞ്ഞതല്ല. കാര്യമായി തന്നെ പറഞ്ഞതാണ്.അല്ലെങ്കിലും എന്റെ ജീവിതം കൊണ്ട് തമാശ പറയേണ്ട എന്താവശ്യമാണുള്ളത്..? “

ഒരു ഉറച്ച തീരുമാനമെടുത്തത് പോലെ അവളുടെ മുഖം മുറുകിയിരുന്നു.

” വെറുതെ മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടരുത്. നമുക്ക് ദൈവം തന്ന നിധിയാണ് ആ കുട്ടി. അതിനെ വലിച്ചെറിഞ്ഞു കളയാനും മാത്രം എന്താണ് നിനക്ക് പ്രശ്നം..? ഒരു മനുഷ്യ ജീവനേക്കാൾ നിനക്ക് വലുതാണോ നിനക്ക് വരാനിരിക്കുന്ന പ്രമോഷനും സാലറി ഹൈക്കും ഒക്കെ..? “

” അതെ.. “

അവളുടെ ആ ഒരു മറുപടിയിൽ അവന്റെ വായ അടഞ്ഞു പോയിരുന്നു.

പിന്നീട് ഇരുവരും തമ്മിൽ അധികം സംസാരം ഒന്നും ഉണ്ടായില്ല. പതിവിന് വിപരീതമായി അന്ന് അവൻ ആ കിടപ്പുമുറിയിലേക്ക് കയറിയത് പോലുമില്ല. അവന്റെ ചിന്തകളിൽ നിറഞ്ഞു നിന്നതും മുഴുവൻ അവളുടെ വയറ്റിലുള്ള തങ്ങളുടെ കുഞ്ഞായിരുന്നു.

” നിനക്ക് ഈ ഭൂമിയിൽ ജനിക്കാനുള്ള, അവകാശം ഇല്ലായിരിക്കും കുഞ്ഞേ.. അതറിയാതെ നിനക്ക് ജന്മം തന്ന ഞാൻ ഒരു വിഡ്ഢിയാണ്..! ഇനി ഒരിക്കലും ഇങ്ങനെ തെറ്റ് ആവർത്തിക്കപ്പെടാതിരിക്കട്ടെ..!”

സ്വയം എന്നതു പോലെ അവൻ പറഞ്ഞു.

പക്ഷേ അകത്തെ മുറിയിൽ അവൾ സുഖനിദ്രയിലായിരുന്നു.

ഉറക്കത്തിനിടയിൽ അവളെ തേടി ഒരു കുഞ്ഞു എത്തിയിരുന്നു.

” അമ്മേ… “

കുഞ്ഞിന്റെ വിളി കേട്ട് അവൾ ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു. പക്ഷേ അവൾക്ക് അതിനു സാധിക്കാതെ കണ്ണുകൾ അടഞ്ഞു പോയി.

” അമ്മേ.. “

ഒരിക്കൽ കൂടി ആ ശബ്ദം കേൾക്കവേ തന്റെ ഹൃദയം നിലച്ചു പോവുകയാണ് എന്നാണ് അവൾക്ക് തോന്നിയത്. അതോടൊപ്പം തന്നെ അവളുടെ കണ്ണുകൾ ചുറ്റുപാടും പാഞ്ഞു നടക്കുകയായിരുന്നു.

” അമ്മ വെറുതെ എന്നെ കാണാൻ ശ്രമിക്കേണ്ട. ഒരിക്കലും നടക്കില്ല. അമ്മ തന്നെയല്ലേ എനിക്ക് അതിനുള്ള അവകാശം നിഷേധിക്കുന്നത്..? അമ്മയുടെ വയറ്റിൽ ഞാൻ നാമ്പിട്ടപ്പോൾ എനിക്ക് എന്ത് സന്തോഷമായിരുന്നു എന്നറിയാമോ..? സ്നേഹമുള്ള ഒരു അച്ഛന്റെയും അമ്മയുടെയും ഒപ്പം കഴിയാം എന്നോർത്ത് ഒരുപാട് സന്തോഷിച്ചിരിക്കുകയായിരുന്നു ഞാൻ..! പക്ഷേ ഇന്ന് അമ്മ അച്ഛനോട് പറഞ്ഞതൊക്കെ ഞാൻ കേട്ടു.അമ്മയ്ക്ക് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾക്കൊക്കെ തടസ്സം ഞാനാണെന്ന്..! അമ്മയ്ക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്..? അമ്മയുടെ കുഞ്ഞുവാവ അല്ലേ ഞാൻ..? അമ്മ പകർന്നു തരുന്ന അമൃതം നുകർന്ന് അമ്മയോടൊപ്പം വളരാൻ ഒരുപാട് കൊതിക്കുന്ന കുഞ്ഞുവാവ..! പക്ഷേ അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലല്ലോ… “

ശബ്ദം നിലച്ചതും ഒരു കുഞ്ഞ് കരയുന്നതുപോലെ അവൾക്ക് തോന്നി. പെട്ടെന്ന് തന്നെ അവൾക്ക് കണ്ണുകൾ തുറക്കാൻ കഴിഞ്ഞു. പക്ഷേ അവൾക്ക് ആ സ്വപ്നത്തിൽ നിന്ന് ഉണരാൻ കഴിഞ്ഞില്ല.

ആ കുഞ്ഞു പറഞ്ഞ ഓരോ കാര്യങ്ങളും ഓർത്ത് അവൾ അലറി കരയുകയായിരുന്നു. ആ കരച്ചിൽ കേട്ടു കൊണ്ടായിരുന്നു സായി മുറിയിലേക്ക് കയറി വന്നത്.

” എന്താടോ.. എന്ത് പറ്റി..? “

അവൾ അവളുടെ ചലനങ്ങൾ കണ്ട് ചെറിയൊരു ഉൾഭയത്തോടെ അന്വേഷിച്ചു.

” സായി.. നമ്മുടെ കുഞ്ഞ്.. “

വയറ്റിൽ കൈവച്ചുകൊണ്ട് അവൾ കരയുമ്പോൾ കാര്യം എന്തെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു അവൻ. എങ്കിലും അവളുടെ ഏങ്ങലടികൾ ശാന്തമാകുന്നതു വരെ അവൻ അവളെ ചേർത്തു പിടിച്ചു.

” ഞാൻ എന്തൊരു ബുദ്ധിമോശമാണ് കാണിക്കാൻ തുടങ്ങിയത്..? ഇനി ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നും ചിന്തിക്കുക പോലുമില്ല. നമ്മുടെ കുഞ്ഞിനെ ഞാൻ പ്രസവിച്ചു വളർത്തും.. എന്നോട് ക്ഷമിക്ക് സായി.. ഓരോ മണ്ടത്തരങ്ങൾ പറഞ്ഞു ഞാൻ തന്നെ കൂടി വിഷമിപ്പിച്ചു.. “

അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ നിന്ന അവനെ കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു അവൾ താൻ കണ്ട സ്വപ്നത്തെ കുറിച്ച് പറഞ്ഞത്. ഒക്കെ കേട്ട് കഴിഞ്ഞ് അവളെ ചേർത്ത് പിടിക്കുമ്പോൾ അവന്റെ മനസ്സിലും ആ കുഞ്ഞുവാവ വളരാൻ തുടങ്ങിയിരുന്നു.