പതിവിലും നേരത്തെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റ് അടഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്. മാത്രമല്ല ലൈറ്റ് മുഴുവൻ ഓഫ് ആയിരുന്നു. സാധാരണ ഞാൻ വീട്ടിലെത്താത്ത……..

തിരക്കുകൾ

എഴുത്ത്:-വസു

” എനിക്ക് ഇനിയും ഇതൊക്കെ സഹിച്ചു.. എന്നെക്കൊണ്ട് പറ്റില്ല. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്.. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് വേണം..”

നിസ്സഹായതയോടെയും ദയനീയതയോടെയും കരഞ്ഞുകൊണ്ട് ആ പെണ്ണ് പറയുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നുണ്ടായിരുന്നു എന്റെയും..!

“ആര്യ.. പ്ലീസ്, ഈയൊരു തവണ കൂടി എന്നോട്..”

ദയനീയമായിരുന്നു എന്റെ സ്വരം. പക്ഷേ അവളിൽ ഭാവമാറ്റം ഒന്നും കണ്ടില്ല. അല്ലെങ്കിലും അവളെ എങ്ങനെ കുറ്റം പറയും..? തെറ്റു മുഴുവൻ എന്റെ ഭാഗത്തല്ലേ..?

“ഞാൻ.. മോനെ ഒന്ന് കണ്ടോട്ടെ..?”

എന്തുകൊണ്ടാണെന്ന് അറിയില്ല ഇത്തവണ അവൾ തടസ്സം ഒന്നും പറഞ്ഞില്ല. പകരം മുറിയുടെ വാതിൽക്കൽ നിന്ന് മാറി തന്നു. അകത്തേക്ക് കയറി നോക്കുമ്പോൾ കണ്ടു ബെഡിൽ തളർന്നു കിടക്കുന്ന കുഞ്ഞിനെ..! കയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അത് കണ്ടപ്പോൾ വേദന തോന്നി. കണ്ണുനീർ അനുവാദം ചോദിക്കാതെ ഒഴുകിയിറങ്ങി .

“കള്ള കണ്ണീരും അഭിനയവും ഒന്നും ഇവിടെ വേണ്ട. നീ ഇറങ്ങി കൊള്ളണം എന്റെ വീട്ടിൽ നിന്നും. ഇനിയെങ്കിലും എന്റെ മോൾക്കും കുഞ്ഞിനും സമാധാനത്തോടെ ജീവിക്കണം..”

ആര്യയുടെ അച്ഛനാണ്. അദ്ദേഹത്തിന്റെ ദേഷ്യവും വാശിയും ഒക്കെ ന്യായമാണ്.

ആ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ എനിക്കറിയാമായിരുന്നു ഇനിയൊരിക്കലും അവിടേക്ക് ഒരു മടങ്ങി വരവ് എനിക്കുണ്ടാകില്ല എന്ന്. അത്രത്തോളം ഞാൻ അവളെ..!

ഓർമ്മയിലേക്ക് ആ ദിനങ്ങൾ എന്റെ അനുവാദം ചോദിക്കാതെ ഇടിച്ചു കയറുകയായിരുന്നു.

എത്രയും പെട്ടെന്ന് പണക്കാരൻ ആകണം എന്ന ചിന്തയിലാണ് ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചത്. അത് ഒരു പരിധിവരെ വിജയം കണ്ടു എന്നും പറയാം. ബിസിനസ്സിൽ ഒന്ന് പച്ചപിടിച്ച കാലത്താണ് എന്റെ ജീവിതത്തിലേക്ക് ആര്യ കടന്നുവരുന്നത് . ഡിഗ്രി വരെ പഠിച്ച ഒരു പാവം നാട്ടിൻപുറത്തുകാരി.. അവൾക്ക് നഗരത്തിലെ ജീവിതമൊക്കെ ഒരു കൗതുകമായിരുന്നു.

ആദ്യമൊക്കെ അവളോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. പിന്നെപ്പിന്നെ നഗരത്തിന്റെ യാന്ത്രികമായ ജീവിതത്തിൽ ഞാൻ അതും ശീലിച്ചു.

ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഒരു യന്ത്രം പോലെയുള്ള ജീവിതം..! അതിനിടയിൽ എപ്പോഴോ ഒരു മോനുണ്ടായി. അവൾ അവനെ പ്രഗ്നന്റായ സമയത്ത് പോലും അവളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കേണ്ട കഴിഞ്ഞിട്ടില്ല. ജോലിത്തിരക്ക് തന്നെയായിരുന്നു. ബിസിനസിൽ നിന്ന് ഒരു നിമിഷം ശ്രദ്ധ പതറി പോയാൽ എല്ലാം കൈവിട്ടുപോകും എന്നുള്ള തോന്നൽ..!

രാവിലെ പോയാൽ രാത്രിയിൽ എപ്പോഴെങ്കിലും ആയിരിക്കും വീട്ടിലേക്ക് വന്നു കയറുക. എങ്കിലും എന്റെ കാര്യത്തിൽ യാതൊരു പരാതിയും പരിഭവവും പറയാതെ അവൾ എന്നോടൊപ്പം നിന്നു. എനിക്ക് വേണ്ടതൊക്കെ ഒരുക്കി തന്നു എന്നെ പരിചരിച്ചും എനിക്ക് ചുറ്റും കറങ്ങുകയായിരുന്നു അവളുടെ ലോകം.

പക്ഷേ പോകെ പോകെ അവൾക്കും മടുത്തു തുടങ്ങി. അത് ചെറിയ ചെറിയ പൊട്ടിത്തെറികളായി വീട്ടിൽ രൂപം കൊണ്ട് തുടങ്ങി.

” നിങ്ങൾക്ക് ഒന്നു നേരത്തെ വന്നൂടെ..? വെറുതെ ബാക്കിയുള്ളവരെ ശല്യം ചെയ്യാൻ വേണ്ടി..!”

വെളുപ്പിന് രണ്ടുമണിക്ക് വീട്ടിലെത്തിയപ്പോൾ അവളുടെ പ്രതികരണം അങ്ങനെയായിരുന്നു.

” നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നാളെ മുതൽ ഞാൻ പോകുമ്പോൾ കീ കൂടി കൊണ്ടുപോകാം.. ഓഫീസിലെ തിരക്കുകൾ നിനക്ക് അറിയാത്തതു കൊണ്ടാണ്.നിന്ന് തിരിയാനുള്ള സമയമില്ല. ആകപ്പാടെ ക്ഷീണിച്ച് വീട്ടിൽ കയറി വരുമ്പോൾ നിന്നോട് വഴക്ക് അടിക്കാനുള്ള ആരോഗ്യം കൂടി എനിക്കില്ല.. “

” നിങ്ങൾക്ക് അല്ലെങ്കിലും എന്റെ കാര്യത്തിൽ എന്ത് ശ്രദ്ധയാണ് ഉള്ളത്..? ആകപ്പാടെ നിങ്ങളെ ഞാൻ കാണുന്നത് രാത്രിയിൽ ഈ വന്നു കയറുന്നതും, രാവിലെ എഴുന്നേറ്റ് തിരക്കിട്ട് പോകുന്നതും ആണ്. ഈ രണ്ട് കാഴ്ചകൾ കൂടി ഇല്ലായെങ്കിൽ എന്റെ ഭർത്താവിനെ ഒരുപക്ഷേ ഞാൻ മറന്നു പോകും.. “

അവളുടെ സംസാരത്തിൽ നിഴലിട്ട് നിന്നത് പരിഹാസം ആയിരുന്നു.

“നിന്നോട് തർക്കിക്കാൻ ഞാനില്ല…”

ഒരു വഴക്ക് ഒഴിവാക്കി മുറിയിലേക്ക് നടന്നു. ബെഡിലേക്ക് വീണതും ക്ഷീണം കൊണ്ട് കണ്ണടഞ്ഞു പോയി.

ദിവസങ്ങൾ കടന്നുപോകവേ ഇതൊക്കെ സ്ഥിരം കാഴ്ചകളായി. ഒരു ദിവസം രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നോക്കുമ്പോൾ അവൾ ബെഡിൽ ചുരുണ്ടു കൂടി കിടപ്പുണ്ട്. അങ്ങനെ ഒരു കാഴ്ച പതിവില്ലാത്തതുകൊണ്ട് തന്നെ അത്ഭുതമാണ് തോന്നിയത്. എഴുന്നേറ്റ് റെഡിയായി ഞാൻ എത്തിയിട്ടും അവൾ കിടക്കപ്പായയിൽ നിന്ന് പൊന്തിയിട്ടില്ല. സംശയം തോന്നിയിട്ടാണ് നെറ്റിയിൽ കൈവച്ചു നോക്കിയത്. പൊള്ളുന്ന പനി. അവളെ തട്ടി ഉണർത്തി..

“എന്തുപറ്റി..? സുഖമില്ലേ..?”

ക്ഷീണത്തോടെ അവൾ ഒന്നു നോക്കി.

” നീ ഒരു പാരസെറ്റമോൾ എടുത്തു കഴിക്ക്. എന്നിട്ട് നന്നായി റസ്റ്റ് എടുക്കു.. അപ്പോഴേക്കും ഇതൊക്കെ ഭേദമാകും.. “

“എനിക്ക് തീരെ വയ്യ. ശരീരം മുഴുവൻ ഒടിഞ്ഞു നുറുങ്ങുന്നത് പോലെ വേദന എടുക്കുന്നു. ആകെ ക്ഷീണം.. എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടു പോകുമോ..?”

ദയനീയമായി അവൾ ചോദിക്കുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് അന്ന് ഫിക്സ് ചെയ്തിരുന്ന ബിസിനസ് മീറ്റിങ്ങുകൾ ആയിരുന്നു.

” ഇന്ന് എനിക്ക് ഒരുപാട് പ്രോഗ്രാമുകൾ ഉള്ളതാണ്. നീ നിന്റെ അമ്മയോടോ അച്ഛനോടോ ഒന്ന് വിളിച്ചു പറയു.. ഇന്ന് ഞാൻ ഓഫീസിൽ പോയില്ലെങ്കിൽ നഷ്ടം വരുന്നത് വലിയ തുകയാണ്. ഇത്രയും ദിവസം അതിന്റെ പിന്നാലെ നടന്നിട്ട് ഈ അവസാന നിമിഷം അത് കൈവിട്ടു കളയാൻ എനിക്ക് വയ്യ. അതുകൊണ്ട് നീ അച്ഛനെയോ അമ്മയെയോ വിളിച്ച് ആശുപത്രിയിൽ പോകാൻ നോക്കൂ. പിന്നെ ഇത് ഒരു ദിവസം റസ്റ്റ് എടുത്താൽ മാറാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ.. നിനക്ക് കുഴപ്പമൊന്നുമില്ല എങ്കിൽ അവരെ ബുദ്ധിമുട്ടിക്കേണ്ട.. ” അങ്ങനെ പറഞ്ഞു കൊണ്ടാണ് അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയത്.

പിന്നീട് അവളുടെ അസുഖത്തെക്കുറിച്ച് ഒന്നു വിളിച്ച് അന്വേഷിക്കാൻ പോലും തിരക്കുകൾ അനുവദിച്ചില്ല. എനിക്ക് അതിനുള്ള മനസ്സ് ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. നമ്മുടെ ഏതു തിരക്കും പ്രയോറിറ്റി അനുസരിച്ചാണല്ലോ..!

പിന്നീട് എപ്പോഴോ അവൾ ടാബ്ലറ്റ് കഴിക്കുന്നത് കണ്ടപ്പോഴാണ് അവളുടെ അച്ഛൻ വന്നു അവളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു എന്നറിയുന്നത്.

ഇന്ന് രാവിലെ അവൾ ഫോണിൽ വിളിച്ചപ്പോൾ തിരക്ക് കൊണ്ട് എടുക്കാൻ കഴിഞ്ഞില്ല. ഒരുപാട് തവണ ഫോൺ വിളിച്ചപ്പോൾ അവസാനം ഫോണ് സൈലന്റ് മോഡിൽ ആക്കി ഇടേണ്ടി വന്നു. പക്ഷേ ആ ഒരു പ്രവർത്തിക്ക് ഒരുപാട് വില കൊടുക്കേണ്ടി വരും എന്ന് ആ നിമിഷം ഞാൻ അറിഞ്ഞിരുന്നില്ല.

പതിവിലും നേരത്തെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റ് അടഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്. മാത്രമല്ല ലൈറ്റ് മുഴുവൻ ഓഫ് ആയിരുന്നു. സാധാരണ ഞാൻ വീട്ടിലെത്താത്ത ദിവസങ്ങളിൽ പുറത്തേ ലൈറ്റ് കത്തിക്കിടക്കാറുണ്ട്. അന്ന് എന്തെങ്കിലും കാരണം കൊണ്ട് അവൾ അത് മറന്നതാകും എന്ന് കരുതി.

പക്ഷേ അവളെ ഫോണിൽ ഒരുപാട് തവണ വിളിച്ചിട്ടും എടുത്തില്ല. അതെന്തു കൊണ്ടാണെന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് അപ്പുറത്തെ വീടിന്റെ മുറ്റത്ത് നിഴലനക്കം കണ്ടത്. നോക്കുമ്പോൾ ആ വീട്ടിലെ ആന്റിയാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നു.

” മോന് എങ്ങനെയുണ്ട്..? പിന്നീട് ആര്യയെ വിളിച്ചിട്ട് കിട്ടിയില്ല..അതുകൊണ്ട് വിവരങ്ങൾ ഒന്നും അറിയാതെ വിഷമിച്ചു നിൽക്കുകയായിരുന്നു ഞാൻ. ഇവിടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇന്ന് ഞാൻ പുറത്തിറങ്ങി നിന്നത് തന്നെ.. “

ആന്റി പറയുമ്പോൾ കാര്യം എന്താണെന്ന് അറിയാതെ അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു ഞാൻ.

“ആന്റി ഇതെന്തൊക്കെയോ പറയുന്നത്..? മോന് എന്തുപറ്റി..?”

ഞാൻ അന്വേഷിക്കുമ്പോൾ ആദ്യം എന്നിൽ ഉണ്ടായിരുന്ന അമ്പരപ്പ് ഇത്തവണ ആന്റിയുടെ മുഖത്താണ് കണ്ടത്.

“അപ്പോൾ മോൻ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ..? ആദി മോൻ ഇന്ന് സ്കൂൾ ബസ് കാത്ത് നിൽക്കുന്ന സമയത്ത് അവന് ഒരു ആക്സിഡന്റ് ഉണ്ടായി. ആ സമയത്ത് തന്നെ ഇവിടെ കൂടുന്ന പയ്യന്മാരൊക്കെ കൂടി അവനെ ആശുപത്രിയിൽ എത്തിച്ചു. ആര്യ മോൾ മോനോട് വിവരം ഒന്നും വിളിച്ചു പറഞ്ഞില്ലേ..? “

” അവൾ രാവിലെ എന്നെ വിളിച്ചിരുന്നു. പക്ഷേ തിരക്ക് കാരണം ഞാൻ ഫോൺ അറ്റൻഡ് ചെയ്തില്ല. അതുകൊണ്ട് വിവരങ്ങളൊന്നും ഞാൻ അറിഞ്ഞതുമില്ല. ഏത് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത് എന്ന് അറിയാമോ..? “

അവൻ ചോദിക്കുമ്പോൾ അവരുടെ ചുണ്ടിൽ പരിഹാസത്തോടെ ഒരു ചിരി ഉണ്ടായിരുന്നു.

” കൂടുതൽ വിവരങ്ങൾ ഒന്നും എനിക്കറിയില്ല മോനേ.. “

അത്രയും പറഞ്ഞു സംസാരത്തിന് താല്പര്യമില്ലാത്തത് പോലെ അവർ അകത്തേക്ക് നടന്നു. പിന്നീട് ഉണ്ടായ ഒരു തോന്നലിലാണ് അവളുടെ അച്ഛനെ വിളിച്ചത്.

“നീ എന്തിനാടാ ഇപ്പോൾ വിളിക്കുന്നത്..? നിന്നെ ഇവിടെ ആരെങ്കിലും അന്വേഷിച്ചോ..?”

ദേഷ്യത്തോടെയുള്ള അച്ഛന്റെ സംസാരം കേട്ടപ്പോൾ തന്നെ ഭാര്യയും മോനും അവിടെയുണ്ടെന്ന് ഉറപ്പായി.

“അച്ഛാ…എന്റെ മോൻ അവനു എങ്ങനെയുണ്ട്..?”

” എങ്ങനെയുണ്ടെന്ന്…? മോൻ ആക്സിഡന്റ് ആയിട്ട് ഇപ്പോൾ പത്ത് പതിനഞ്ച് മണിക്കൂർ കഴിഞ്ഞു. എന്നിട്ട് ഇപ്പോഴാണ് അച്ഛൻ വിവരം അന്വേഷിക്കാൻ വിളിക്കുന്നത്. സംഭവം നടന്ന അതേ സമയത്ത് തന്നെ നിന്റെ ഭാര്യ നിന്നെ ഫോൺ ചെയ്തതല്ലേ..? ആ സമയത്ത് അതൊന്ന് അറ്റൻഡ് ചെയ്യാനുള്ള മനസ്സാക്ഷി നീ കാണിച്ചില്ലല്ലോ..? അതെങ്ങനെ വലിയ ബിസിനസുകാരൻ അല്ലേ..? തിരക്കിലായിരിക്കും.. ഇനി നീ നിന്റെ തിരക്കുകളും ബിസിനസും ഒക്കെ ആയിട്ട് നിന്റെ കാര്യം നോക്കി ജീവിച്ചാൽ മതി.. എന്റെ മോളെയും കൊച്ചുമോനെയും നിന്റെ ജീവിതത്തിലേക്ക് ഇനി പ്രതീക്ഷിക്കേണ്ട.. “

അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ കോൾ കട്ട് ആകുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തായിരുന്നു ന്യായം. അവളെയും മോനേയും ഒന്ന് കാണാതെ സമാധാനം ഉണ്ടാകില്ല എന്ന് തോന്നിയപ്പോഴാണ് അവളുടെ വീട്ടിലേക്ക് പോയത്. പക്ഷേ പ്രതികരണം തീരെ പ്രതീക്ഷിക്കാത്തതു പോലെ ആയിരുന്നു..

നിരാശയോടെ ഓർത്തുകൊണ്ട് ഓർമ്മകളിൽ നിന്ന് പുറത്തേക്ക്…!

‘തെറ്റുകൾ പലതും സംഭവിച്ചിട്ടുണ്ട്. കുടുംബം നോക്കാതെ ബിസിനസ് എന്ന് പറഞ്ഞ് നടന്നപ്പോൾ നഷ്ടപ്പെട്ടുപോകുന്ന പലതും ഉണ്ടെന്ന് ആ സമയത്ത് ഓർത്തില്ല. ഇനി അങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാൻ ശ്രമിക്കും. ഒരിക്കൽ കൂടി അവളെന്റെ ജീവിതത്തിലേക്ക് വരികയാണെങ്കിൽ ഇപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ അവളെ സംരക്ഷിക്കും..’

അത്രയും ചിന്തിച്ചുകൊണ്ട് നാളെ ഒരിക്കൽ കൂടി അവളെ കാണണമെന്ന് മനസ്സിൽ ഉറപ്പിക്കുകയായിരുന്നു ഞാൻ. എന്നെങ്കിലും ഒരിക്കൽ മനസ്സു മാറി അവൾ എന്നിലേക്ക് തന്നെ മടങ്ങിയെത്തും എന്ന് പ്രതീക്ഷിക്കാം…!!

Leave a Reply

Your email address will not be published. Required fields are marked *