എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
‘ഒരുത്തന്റെയും ജീവിതത്തിൽ കലങ്ങി പോകാനുള്ള രസപ്പൊടിയല്ല പെണ്ണ്! പുരുഷൻ അണിയാത്ത താലി പൊട്ടിച്ചെറിയുമ്പോൾ കിട്ടുന്ന സുഖത്തെ പടക്കം പൊട്ടിച്ച് ആഘോഷിക്കൂ…’
ആയിരത്തിപ്പതിനൊന്ന് ആൾക്കാർ ലൈക്ക് ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം ആൾക്കാർ കമന്റും, അറുപതോളം ആൾക്കാർ ഷെയറും ചെയ്തിട്ടുണ്ട്. സന്തോഷമാകാൻ ഇതിൽപ്പരം സംഭവങ്ങളൊന്നും എനിക്ക് വേണ്ടായിരുന്നു. അന്നത്തെ എന്റെ ദിവസത്തിന് പതിവിലും ഉന്മേഷമുണ്ടായിരുന്നു.
അന്ന് പണികളൊക്കെ തീർത്ത് പതിവിലും നേരത്തേ ഞാൻ കുളിച്ചു. കണ്ണെഴുതി. വലിയയൊരു പൊട്ടും തൊട്ടു. കാതഴകിന് രണ്ട് ജിമിക്കിയും തൂക്കി. കലാപരമായ യാതൊരു കഴിവും ഇല്ലാത്തത് കൊണ്ട് പതിവുപോലെ മാനത്തേക്ക് നോക്കി ബാൽക്കണിയിൽ വെറുതേയിരുന്നു. ആ ഇരുത്തത്തിൽ ഞാൻ നൃത്തം ചെയ്യുന്നുണ്ട്. ലോകത്തിലെ മനോഹരമായ ഇടത്തേക്കൊക്കെ സങ്കൽപ്പിക യാത്രകൾ ചെയ്യുന്നുമുണ്ട്. എന്തിന്! അവിടങ്ങളിലെ രുചിയെ പോലും നുണയുന്നുണ്ട്!
രാത്രി തുടങ്ങിയപ്പോൾ ഞാൻ ഫേസ്ബുക്കിലേക്ക് കയറി. നൂറോളം ലൈക്കുകൾ പിന്നേയും കൂടിയിട്ടുണ്ട്. ചില കമന്റുകൾക്കൊക്കെ ഞാൻ മറുപടി കൊടുത്തു.
‘ചേച്ചി മാരീഡാണൊ…?’
ഒരു പെണ്ണിന്റെ അങ്ങനെയൊരു ചോദ്യത്തിനായിരുന്നു അടുത്തതായി മറുപടി എഴുതേണ്ടത്. ഞാൻ ചിന്തിച്ചു.
”അതെ. പക്ഷേ, നിങ്ങളൊന്നും കരുതുന്നത് പോലെയൊരു ഭാര്യയല്ല. ഞാൻ ആരെയും ആശ്രയിച്ചല്ല ജീവിക്കുന്നത്.”
നിമിഷ നേരങ്ങൾക്കുള്ളിൽ എനിക്കുള്ള മറുപടി വന്നു. പരസ്പരം ആശ്രയിക്കാനല്ലേ സിസ്റ്ററെ മാര്യേജെന്നായിരുന്നു അവൾ കുറിച്ചിരിക്കുന്നത്. തർക്കിക്കാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. ആറിൽ പഠിക്കുന്ന മോൾക്ക് എന്നെ കൊണ്ടാകും വിധം പാഠം പറഞ്ഞു കൊടുക്കുമ്പോഴേക്കും ഭർത്താവ് വന്നു.
വന്നു കഴിഞ്ഞാൽ വിളിക്കും മുമ്പേ ഞാൻ മുന്നിലുണ്ടാകണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കുളിക്കാൻ പോകുമ്പോൾ തോർത്തെടുത്ത് കൊടുക്കുക, വെള്ളത്തിന്റെ ചൂട് പരിശോധിക്കുക, മാറ്റിയിടാനുള്ള വസ്ത്രങ്ങൾ ജട്ടിയടക്കം എടുത്തു വെക്കുക, അതുമിട്ട് അദ്ദേഹം വരുമ്പോഴേക്കും തീൻമേശയിലേക്ക് കഴിക്കാനുള്ളതെല്ലാം ചൂടോടെ നിരത്തി വെക്കുക… അങ്ങനെ നീളും പിന്നീടുള്ള നേരങ്ങൾ.
ആ നീളൻ നേരത്തിലൂടെയെല്ലാം സഞ്ചരിച്ച് തളർന്നിട്ടാണ് ഞാനൊന്ന് കുളിക്കുക. മോളുടെ ഉറക്കം പരിശോധിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് ചായുമ്പോഴേക്കും നേരം പതിനൊന്ന് കഴിയും. അപ്പോഴും ഉറങ്ങാൻ കഴിയില്ല. ഇല്ലാത്ത താൽപ്പര്യം ഉണ്ടാക്കിയെടുത്ത് ഒരു അങ്കം കൂടി ബാക്കിയുണ്ട്. അന്നും അതുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ പതിവിലും നേരത്തേ പണികളൊക്കെ ഞാൻ തീർത്തു. അദ്ദേഹത്തിന്റെ പിന്നാലെ മോളേയും സ്കൂളിൽ വിട്ട് ഞാൻ ഫോണിലെ ലോകത്തിലേക്ക് ഇറങ്ങി. പതിവ് ചെയ്തികളുമായി പോകുമ്പോഴാണ് ഒരാൾ മെസ്സേജ് അയച്ചത്. താൻ നന്നായിട്ട് വേണം നാട് നന്നാക്കാൻ എന്നായിരുന്നു ആ സന്ദേശം.
‘യു ബ്ലഡി ഫേക്ക് അക്കൗണ്ട്….’
എന്നും കുറിച്ച് ഞാൻ ആ മനുഷ്യനെ ബ്ലോക്കിലേക്ക് കുത്തിയിട്ടു. ആരും പറയാതെ തന്നെ എന്റെ കഥയെനിക്ക് അറിയാം. സോഷ്യൽ മീഡിയാ ജീവിതത്തിൽ ഞാനൊരു ഉയർന്ന ചിന്താഗതിയുള്ള സ്ത്രീയാണെന്നതിൽ എനിക്ക് തർക്കമൊന്നുമില്ല. അല്ലാതെ വരുമ്പോൾ ഭാര്യയെന്ന കെട്ടു കയറിൽ ചുറ്റുന്നയൊരു പശു തന്നെയാണ് ഞാനും. യചമാനെ സേവിക്കുകയെന്ന നിവൃത്തി മാത്രമേ ആ ജീവിതത്തിലുള്ളൂ…
പെണ്ണുങ്ങൾ രണ്ടാം കിട ജീവനുകളാകുന്ന ചിത്രങ്ങളോ, കുറിപ്പുകളോ, വീഡിയോകളോ കാണുമ്പോൾ ഞാൻ ഗർജ്ജിക്കാറുണ്ട്. ഇതൊന്നുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ഭർത്താവ് അതൊന്നും കാണാൻ പോകുന്നില്ല. എന്തൊക്കെ സംഭവിച്ചാലും, ഒരു പെണ്ണ് എങ്ങനെയൊക്കെ ആകണമെന്ന് ഞാൻ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും..
അച്ഛനില്ലാതെ വളർന്ന മോളെ കെട്ടിച്ചുവിട്ട് ആശ്വാസം കണ്ടെത്തിയ ഒരു പാവം അമ്മയാണെനിക്ക്. ഭർത്താവിനെ അനുസരിച്ച് ജീവിക്കാൻ പഠിപ്പിച്ചുവിട്ട വിവരമില്ലാത്ത അമ്മ. സഹോദരനും കുടുംബവും കൂടെയുള്ളത് കൊണ്ട് അങ്ങോട്ടേക്കും പോകാൻ പറ്റില്ല. വർഷം മൂന്നാകുമ്പോഴേക്കും മടുത്ത് തുടങ്ങിയ അനുഭവങ്ങൾ ഞാൻ പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെയാണ് ജീവിതം മോളേയെന്നേ അമ്മയ്ക്കന്ന് പറയാനുണ്ടായിരുന്നുള്ളൂ…
‘സ്ത്രീകൾക്ക് മോട്ടിവേഷൻ കൊടുക്കാനൊരു പരിപാടിക്ക് വരുമോ?’
മറ്റൊരു സന്ദേശമായിരുന്നു. അതിനൊന്നും താൽപ്പര്യമില്ലെന്റെ സുഹൃത്തേയെന്ന് ഞാൻ കുറിച്ചു. ഉറ്റ കൂട്ടുകാരിയുടെ കല്ല്യാണത്തിന് പോലും അടുത്ത ജില്ലയിലേക്ക് പോകാൻ വിടാത്ത ആളാണ് മോട്ടിവേഷന് അനുവദിക്കാൻ പോകുന്നത്!
എന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. ഈ അടിമജീവിതം സഹിക്കുന്നത് മോളുടെ കാര്യമോർത്തുകൊണ്ട് മാത്രമല്ല. അതൊരു പ്രധാന ഘടക മാണെങ്കിലും ഈ ലോകത്ത് തനിച്ച് ജീവിക്കാനായി ഇറങ്ങുകയെന്നത് എന്നെക്കൊണ്ടാകില്ല. ഒരു ജോലി തേടിപ്പിടിക്കാനും, തനിയെ താമസിക്കാനുമുള്ള കരുത്തെനിക്കില്ല. അതിനുള്ള ധൈര്യമില്ലെന്ന് എഴുതിയാലും തെറ്റാകില്ല.
ഉച്ചയായി. അടുത്ത ഘട്ട പണികളിലേക്ക് പോകേണ്ട നേരത്തിന് മുമ്പേ തലേന്ന് എഴുതിയത് പോലെ ചില വരികൾ കുറിക്കണമെന്ന് എനിക്ക് തോന്നി. അതിനായി ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല.
കൊള്ളാം! ഇതിനൊരു രണ്ടായിരം ലൈക്കെങ്കിലും കിട്ടുമായിരിക്കും. സംഗതി ഞാൻ എന്നോട് തന്നെ പറയുന്നതാണെങ്കിലും വായിക്കുന്നവർക്കത് മനസിലാകില്ലല്ലോ!പങ്കുവെച്ചതിന് ശേഷം എനിക്ക് കേൾക്കാൻ പാകമുള്ള ശബ്ദത്തിൽ ഞാനത് വായിച്ചു.
‘ദുഃഖങ്ങൾ സഹിച്ചുകൊണ്ടുള്ള ജീവിതമെന്തിനാണ് പെണ്ണേ നിനക്ക്? പറ്റില്ലെന്ന് തോന്നിയാൽ ഇറങ്ങിപ്പോകണം. അതിനുള്ള ചങ്കൂറ്റമില്ലെങ്കിൽ മോങ്ങാതെ അനുഭവിക്കുക. ആശംസകൾ…!’