Story written by Vasudha Mohan
പോലീസ് സ്റ്റേഷനിലേക്ക് ഭവ്യയുടെ കൈ പിടിച്ച് കയറുമ്പോൾ ധീരജ് തല ഉയർത്തി പിടിച്ചിരുന്നു. ഭർത്രമതി പൂർവ്വകാമുകനൊപ്പം ഒളിച്ചോടി എന്ന വാർത്ത ഇപ്പോൾ തന്നെ ഫേസ്ബുക്കിൽ വൈറൽ ആയിട്ടുണ്ടാകും.
ഇറങ്ങി വരുമ്പോൾ മതിലിനപ്പുറം പൊങ്ങിയ തലകൾക്കൊപ്പം ഓരോ മൊബൈലുകളും ഉണ്ടായിരുന്നു. സത്യത്തിൽ താൻ അവളുടെ കാമുകൻ ആയിരുന്നോ? അയാൾ ചിന്തിച്ചു. ഒരിഷ്ടം അങ്ങോട്ടുണ്ടായിരുന്നു, തിരികെ അതേ ഇഷ്ടം അവളുടെ കണ്ണുകളിൽ കണ്ടിരുന്നു, എന്നല്ലാതെ അതിനൊരു വാഗ്രൂപം കൊടുത്തിരുന്നില്ല. അതിനു മുൻപേ വീട്ടുകാർ അവളുടെ കല്യാണം യോഗ്യനായ ഒരുവനുമായി നടത്തി. എങ്കിലും ആ സൗഹൃദത്തെ അതുപോലെ തന്നെ നിലനിർത്തി. വല്ലപ്പോഴും ഉണ്ടായിരുന്ന ഫോൺ കാളുകൾ തമ്മിലുള്ള ദൈർഘ്യം ഭവ്യയ്ക്ക് മകൾ ജനിച്ച ശേഷം കൂടി കൂടി വന്നു.
എങ്കിലും ഭർത്താവും മകളും ആയി അവൾ ഒരു കുഞ്ഞു സ്വർഗത്തിൽ ആണെന്ന് താൻ വിശ്വസിച്ചു. അവൾ അങ്ങനെ വിശ്വസിപ്പിച്ചു. ആ സ്വർഗം സങ്കല്പികം ആണെന്ന് തനിക്ക് മനസ്സിലായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. അവധിക്ക് നാട്ടിൽ എത്തിയ താൻ തികച്ചും അപ്രതീക്ഷിതമായി ആണ് അവളെ പച്ചക്കറിച്ചന്തയിൽ വെച്ച് കണ്ടത്. കയ്യിൽ രണ്ടു കവർ നിറയെ പച്ചക്കറികൾ. ഒരാവശ്യത്തിനും വീട്ടിൽ നിന്ന് പുറത്ത് പോകേണ്ടത്ത, പോയാൽ തന്നെ പട്ടിലും പൊന്നിലും കുളിപ്പിച്ച് തന്നെ കൊണ്ട് നടക്കുന്ന ഭർത്താവിൻ്റെ രാജകുമാരി ആയ അവളുടെ തന്നെ വർണ്ണനകളിലെ ഭാര്യ അല്ലായിരുന്നു അവൾ.
ഒരു കോട്ടൺ സാരി ചുറ്റി, വിവാഹത്തിൻ്റെ ആറ് വർഷങ്ങളുടെ സമ്മാനം ആയി അല്പം തടിച്ച്, പക്ഷേ മുഖത്ത് സദാ കളിയാടിയിരുന്ന പ്രസന്നത നഷ്ടപ്പെട്ട ഒരുവൾ. അവളെ നോക്കി നിൽക്കെ മനസ്സിൽ എവിടെയോ തോന്നിയ നോവിൽ നിന്ന് താൻ തന്നെ മറന്നെന്ന് കരുതിയിരുന്ന ആയ ഇഷ്ടം ഒട്ടും കോട്ടം തട്ടാതെ തൻ്റെ ഉള്ളിൽ കിടക്കുന്നു എന്ന് തിരിച്ചറിയുക ആയിരുന്നു. തന്നെ കണ്ട് അവളിൽ നിറയുന്ന അദ്ഭുതവും പിന്നെ പരിഭ്രമവും നോക്കി നിന്നു. ചിരിയോടെ അവൾ അടുത്തു വന്നു. അല്പം പ്രയസപ്പെട്ട് ആണ് നടത്തം എന്ന് തോന്നി.
” എൻ്റെ കള്ളം പൊളിഞ്ഞു അല്ലേ?”
” മമ്.. “
” ഒന്നിരുന്നാലോ?” തൊട്ടടുത്ത സിമൻ്റ് ബെഞ്ച് ചൂണ്ടി അവൾ പറഞ്ഞു. അടുത്തിരുന്നപ്പോഴാണ് കൂടുതൽ ശ്രദ്ധിച്ചത്. കൈകളിൽ, കഴുത്തിൽ, പുറമെ കാണുന്നിടതെല്ലാം ചെറിയ ചെറിയ പരിക്കുകൾ.
” എന്താടീ ഇതൊക്കെ?”.ചോദിക്കതിരിക്കാൻ കഴിഞ്ഞില്ല.
” എൻ്റെ സുഖ ജീവിതത്തിൻ്റെ അടയാളങ്ങൾ. നിന്നോട് ഞാൻ പറഞ്ഞതൊക്കെ എൻ്റെ ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ ആയിരുന്നു. ഇതെൻ്റെ ജീവിതത്തിൻ്റെ യാഥാർത്ഥ്യവും”
കേട്ട വാർത്തയെക്കാളും അതിനെ അവൾ പറഞ്ഞ രീതി അയാളെ വേദനിപ്പിച്ചു. ഏതോ സാധാരണ സംഭവം പോലെ, മറ്റൊരാളുടെ വേദന പോലെ നിസ്സാരമായി ആണ് അവൾ അത് പറയുന്നത്. ഇത്ര നിസ്സാരവത്കരിക്കണം എങ്കിൽ അവൾ എത്ര അനുഭവിച്ചു കാണും. അയാളുടെ ഹൃദയത്തിൽ രക്തം കിനിഞ്ഞു..പിന്നെയും ഒരാഴ്ച കഴിഞ്ഞ് അവൾ ഫോൺ വിളിച്ചു.
‘നിനക്ക് ഇറങ്ങി പൊയ്ക്കൂടെ അവിടെ നിന്ന്’ എന്ന അയാളുടെ ചോദ്യത്തിന്
മരണം അല്ലാതെ എനിക്ക് ഇറങ്ങി പോകാൻ വേറെ ഇടം ഇല്ലെന്ന്’ അവൾ മറുപടി പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞ് അയാൾ അവളുടെ വീട്ടിൽ എത്തി.
‘ഇറങ്ങി വന്നാൽ നിനക്ക് ഞാൻ ഉണ്ടെന്ന്’ പറഞ്ഞ് അയാൾ വാതിൽക്കൽ നെഞ്ചു വിരിച്ച് നിന്നു. ഒന്നും ആലോചിക്കാതെ, ഉടുത്ത വസ്ത്രങ്ങൾ മാത്രം എടുത്ത് അവൾ ഇറങ്ങി.
” നീയൊക്കെ സമാധാനത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം” എന്ന് അവളുടെ ഭർത്താവ് വെല്ലുവിളി പോലെ പറഞ്ഞു..പോലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ കൈക്കുള്ളിലെ അവളുടെ കൈകളുടെ വിറയൽ അയാൾ അനുഭവിച്ചു.
” കേസും കൂട്ടവും ഒക്കെ വേണോ? ഒന്നും ഇല്ലെങ്കിലും അഞ്ചാറു കൊല്ലം ഒരേ കൂരക്ക് കീഴിൽ കഴിഞ്ഞവരല്ലേ?” ഭവ്യയുടെ കൈകൾ തൻ്റെ കൈകളിൽ മുറുകുന്നതറിഞ്ഞു ധീരജ്.
” ആറു കൊല്ലം ഞാൻ അനുഭവിച്ചതിൻ്റെ ഒരംശം എങ്കിലും അയാൾ അറിയണ്ടേ? അല്ലെങ്കിലും ജയിലിൽ കിടക്കുന്നത് ഇക്കാലത്ത് വലിയ ശിക്ഷയൊന്നും അല്ല. മൂന്നു നേരം ഭക്ഷണം ഒക്കെ കിട്ടുമല്ലോ.”
” നിങ്ങൾക്ക് വേറൊരാളുടെ കൂടെ പോയി പൊറുക്കണം എങ്കിൽ അതായിക്കൂടെ. അതിന് ഭർത്താവിനെ ജയിലിൽ കിടത്തണോ?”.പുച്ഛത്തോടെ ചോദിച്ചത് ഒരു ലേഡി കോൺസ്റ്റബിൾ ആണ്.
” ശരിയാണ്. ഞാൻ ഇനി അയാൾക്കൊപ്പം ജീവിക്കില്ല. പക്ഷേ എനിക്കൊരു മകൾ ഉണ്ട്. അവൾ വലിതാകുമ്പോൾ ചോദിക്കും. അയാളെ ഉപേക്ഷിച്ചത് എന്തിനെന്ന്. അന്ന് തെളിവുകൾ ഇല്ലാതെ എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കുമോ? ഇന്നാണെങ്കിൽ അയാളുടെ ക്രൂ രതയുടെ തെളിവ് മുഴുവൻ പേറുന്ന ഒരുടൽ ഉണ്ട് എൻ്റെ കയ്യിൽ. അവൾക്കെങ്കിലും ഞാൻ ഒരു മോശം സ്ത്രീ ആവരുത്.”.അവൾ ഇരു കൈകളും മേശപ്പുറത്ത് വെച്ചു.
കൈകളിൽ കയറ് മുiറുക്കിയതിൻ്റെ പാടുകൾ, പൊiള്ളിയ വൃkത്തങ്ങൾ,ബ്ലേiഡ് കൊണ്ടുള്ള വരകൾ, പുതിയതും പഴയതും ആയ അനേകം മുറിവുകൾ.
” ഇത് മാത്രമല്ല. മറ്റുള്ളവർ കാണില്ലെന്ന് ഉറപ്പുള്ള ഇടങ്ങളിൽ കുറച്ച് കൂടി കൂടിയ മുറിവുകൾ ഉണ്ട്. അതിനേക്കാൾ ഏറിയ മാനസിക പീiഡനങ്ങൾ. പ്രസവം കഴിഞ്ഞ് തടിച്ചെന്ന് പറഞ്ഞ് മൂന്ന് ദിവസം എന്നെ പട്ടിണിക്കിട്ടിട്ടുണ്ട്. മകൾക്ക് കൊടുക്കാൻ പാലുപോലും ഇല്ലായിരുന്നു.”
” വീട്ടിൽ അറിയില്ലേ കൊച്ചേ?” നേരത്തെ പരിഹസിച്ച ലേഡി കോൺസ്റ്റബിൾ ആണ്. ഇപ്പൊൾ ശബ്ദത്തിൽ കരുതൽ ആണ്.
ഭർത്താവിനെ ഉപേക്ഷിച്ചാൽ ആകാശം ഇടിഞ്ഞു വീഴുന്ന തറവാടാണ്.”.അവൾ ചിരിച്ചു.
” കംപ്ലൈൻ്റ് എഴുതി എടുത്ത് ഫിസിക്കൽ എക്സാമിനേഷൻ കൊണ്ട് പൊയ്ക്കോളൂ”
എസ് ഐ പറഞ്ഞു. പക്ഷേ അവൾ ഒരാൾക്കൊപ്പം ഇറങ്ങി പോയപ്പോൾ ഉണ്ടായ ഹൈപ് ഒന്നും അവളുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടായില്ല. ആഘോഷിക്കപ്പെടേണ്ടത്തും ചർച്ചചെയ്യപ്പെടേണ്ടതും മാത്രം അങ്ങനെ ചെയ്യാതിരിക്കാൻ എത്ര കഴിവുള്ളരാണ് നമ്മൾ അല്ലേ?