എഴുത്ത്:- കാർത്തിക
“” അമ്മേ ഫീസ് അടയ്ക്കാൻ സമയമായി സെമസ്റ്റർ ഫീസ് ഇപ്പോൾ കൊടുത്തില്ലെങ്കിൽ അവർ എക്സാം എഴുതിക്കില്ല!!””
അരുൺ വന്ന് ചോദിച്ചപ്പോൾ അമ്മ ഒരു നിമിഷം നിന്നു ഇന്നലെ കൂടി ശമ്പളം കിട്ടാൻ വൈകീയതിനെ കുറിച്ച് ആവലാതി പറഞ്ഞിട്ടേയുള്ളൂ ഭർത്താവ്, ടെൻഷൻ കൂടി എന്തെങ്കിലും അസുഖം വരുത്തി വയ്ക്കുമോ എന്ന് ഭയന്ന്, ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഒന്ന് ആശ്വസിപ്പിച്ചത്..?ഇനി അദ്ദേഹത്തോട് അവന്റെ എക്സാം ഫീസിന്റെ കാര്യം കൂടി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം ആകെ വിഷമിക്കും!!
ആ മണലാരണ്യത്തിൽ തങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അദ്ദേഹത്തിന് ആകെ കൊടുക്കാവുന്നത് ഇത്തിരി മനസ്സമാധാനമാണ് നാട്ടിലെ പകുതി പ്രശ്നങ്ങളും അദ്ദേഹത്തിൽ നിന്നും മറച്ച് വെക്കും സുജയ..
“” എത്ര രൂപയാ മോനേ?? “
എന്ന് ചോദിച്ചപ്പോൾ അരുൺ പറഞ്ഞിരുന്നു മുപ്പതിനായിരം രൂപ വേണം എന്ന്..
“” എടാ ഇത്രയൊന്നും എടുക്കാൻ ഇപ്പോൾ എന്റെ കയ്യിൽ ഉണ്ടാവില്ല നിന്റെ അച്ഛന് ഈ മാസത്തെ ശമ്പളം കിട്ടിയിട്ടില്ല.. അച്ഛൻ ആകെ ടെൻഷനിലാണ് അവിടെ പണിയും കുറവാണത്രെ..!””
അതുകേട്ടതും അരുൺ ദേഷ്യത്തോടെ അമ്മയെ നോക്കി.
“”” എന്നാപ്പിന്നെ ഞാൻ ഇങ്ങനെയൊക്കെ അവിടെ പോയി പറയാം എന്റെ അമ്മേ ഫീസ് അടച്ചില്ലെങ്കിൽ എക്സാം എഴുതിക്കില്ല ഞാൻ എന്ത് ചെയ്യാനാണ്…?? “”
അരുൺ പറഞ്ഞത് കേട്ട് സുജയ വല്ലാതായി.. ക്ലാസിലെ എല്ലാ കുട്ടികളും അടച്ച് അവൻ മാത്രം അടക്കാതിരിക്കുമ്പോൾ അവനും അത് നാണക്കേടാണെന്ന് അറിയാൻ മേലാഞ്ഞ് അല്ല പക്ഷേ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആയിപ്പോയി പെട്ടെന്നാണ് സുജയ്ക്ക് തന്റെ പൊട്ടിയിരിക്കുന്ന ഒരു സ്വർണ വളയുടെ കാര്യം ഓർമ്മ വന്നത് അത് എടുത്തു കൊണ്ടുവന്ന് അരുണിന്റെ കയ്യിൽ കൊടുത്തു.. എന്നെങ്കിലും പൈസ മിച്ചം വെച്ച് അതൊന്ന് വിളക്കാമെന്ന് കരുതിയതാണ് പക്ഷേ ഇതുവരെയും നടന്നില്ല എന്ന് മാത്രം
“” മോനെ ഇതു കൊണ്ടുപോയി പണയം വെച്ചിട്ട് നീ ആ പണം കൊണ്ട് ഫീസ് അടച്ചോ!! അച്ഛൻ പിന്നീട് പണം അടയ്ക്കുമ്പോൾ എന്തെങ്കിലും ഒക്കെ ചെയ്ത് ഞാനിത് എടുത്തോളാം,!””
അത് കണ്ടപ്പോൾ അരുണിന് സന്തോഷമായി വേഗം ആ വളയും പോക്കറ്റിലിട്ട് അവൻ കോളേജിലേക്ക് പോയി..
കോളേജിലെത്തിയതും അവന്റെ ഫ്രണ്ട്സ് അവന്റേ ഒപ്പം കൂടിയിരുന്നു..
“” എടാ നീ പ്രോമിസ് ചെയ്തതല്ലേ നിന്റെ ഗേൾഫ്രണ്ട് രൂപയ്ക്ക് അവളുടെ ബർത്ത്ഡേക്ക് ഐഫോൺ കൊടുക്കാം എന്ന്!!””
അവനെ ഒന്ന് എരി കേറ്റാൻ വേണ്ടി ഫ്രണ്ട്സ് ചോദിച്ചു അത് കേട്ടതും അരുൺ ഉടനെ തന്നെ പറഞ്ഞിരുന്നു,
“” ഒന്നരലക്ഷത്തിന്റെ ഐഫോൺ കൊടുക്കും എന്ന് പറഞ്ഞാൽ ഈ അരുൺ കൊടുത്തിരിക്കും. അതിൽ സംശയം ഒന്നും ആർക്കും വേണ്ട എന്ന്!””
അത് കേട്ടതും അവന്റെ ഗേൾ ഫ്രണ്ട് രൂപ അവനോട് ചേർന്ന് നിന്നു.
കോളേജിൽ രൂപയുടെ പുറകെ നടക്കാത്ത ചെറുപ്പക്കാരാരുമില്ല പക്ഷേ അവൾ ആദ്യമായി തന്നോട് വന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും തന്നെ അസൂയയോടെയാണ് നോക്കിയത്.
അവളുടെ ബർത്ത് ഡേ ആണ് അവൾക്ക് ഗിഫ്റ്റ് എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവൾ തന്നെയാണ് പറഞ്ഞത് ഐഫോൺ മതി എന്ന്,
ഇപ്പോ അതിനായുള്ള ഓട്ടപാച്ചിലിൽ ആണ് അമ്മയുടെ കയ്യിൽ നിന്ന് ഇന്ന് സ്വർണ്ണവള മേടിച്ചത് അവൾക്ക് ഐഫോൺ വാങ്ങാനുള്ള പണം തികയാത്തതു കൊണ്ടാണ് ചെറിയൊരു കുറ്റബോധം തോന്നി അരുണിന് പക്ഷേ തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടിയല്ലേ എന്ന് ആലോചിച്ചപ്പോൾ അത് മാറി..
മറ്റന്നാളാണ് രൂപയുടെ ബർത്ത് ഡേ അച്ഛൻ തനിക്കായി അയക്കുന്ന പോക്കറ്റ് മണിയും.. താൻ പാർടൈം ആയി ജോലിക്ക് പോയി കിട്ടിയ പണവും, എല്ലാം കൂട്ടിവച്ച് വാങ്ങണം എന്നായിരുന്നു മോഹം. പക്ഷേ അത് തികയുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ് അമ്മയുടെ മുന്നിൽ അങ്ങനെ ഒരു നാടകം കളിക്കേണ്ടി വന്നത്..
കാറ്ററിംഗ് ബോയ് ആയി പോകാറുണ്ട്, ഡെലിവറി ബോയും ആയി ജോലി ചെയ്യുന്നുണ്ട് അങ്ങനെയെല്ലാം കിട്ടുന്ന പണം ഒരു രൂപ പോലും തന്റെ ആവശ്യങ്ങൾക്കെടുക്കാതെ കൂട്ടിവെച്ചിരിക്കുകയാണ്. അവൾക്ക് ഐഫോൺ വാങ്ങാൻ വേണ്ടി..?അല്ലെങ്കിലും അങ്ങനെ കിട്ടുന്ന പണം മുഴുവൻ അവൾക്ക് വേണ്ടി തന്നെയാണ് ചെലവാക്കാറ്..
കോളേജ് ടൈം കഴിഞ്ഞ് ഡെലിവറി ബോയുടെ യൂണിഫോമും ധരിച്ച് നിൽക്കുമ്പോഴാണ് ഒരു ഓർഡർ കിട്ടിയത്.. അത്യാവശ്യമായി ഇവിടെ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് രണ്ട് ബിരിയാണി വേണമെന്ന്.
അതും എടുത്ത് ഡെലിവർ ചെയ്യാൻ പോവുകയായിരുന്നു, ആ ഫ്ലാറ്റിന് അരികിൽ എത്തി ബെൽ അമർത്തി കാത്തു നിന്നു അതിനുള്ളിൽ നിന്ന് ഒരു ചെറുപ്പക്കാരൻ വന്ന് വാതിൽ തുറന്നു.
സാധനം കൊടുത്ത് പൈസയും വാങ്ങി തിരികെ പോകാൻ നിൽക്കുമ്പോഴാണ് അകത്തുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത് എന്റെ രൂപ!!
ഞാൻ ഒരു നിമിഷം ആകെക്കൂടി വല്ലാതായി അവളെത്തന്നെ നോക്കി നിന്നു അന്നേരം ആ ചെറുപ്പക്കാരൻ, എന്നെ ഉന്തി മാറ്റിക്കൊണ്ട് പെണ്ണുങ്ങളെ കണ്ടിട്ടില്ലേടാ എന്ന് ചോദിച്ചു.. അതുകഴിഞ്ഞ് എന്റെ മുന്നിൽ വച്ച് തന്നെ അവളെ പോയി കെട്ടിപ്പിടിച്ചു…
“”ഇന്നാ കണ്ടോ!”” എന്നും പറഞ്ഞ്…
അവൾ എന്നെ തന്നെ നോക്കി അവിടെ നിൽപ്പുണ്ടായിരുന്നു.. ഏകദേശം എനിക്ക് അവളുടെ സ്വഭാവം മനസ്സിലായി,
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി പോക്കറ്റിൽ അമ്മയുടെ വള കിടപ്പുണ്ടായിരുന്നു പാവം അത് പൊട്ടിയിട്ടും ഇതുവരെ ഒന്ന് മാറ്റി എടുത്തിട്ട് പോലുമില്ല അതിന് പണം ചെലവായാൽ വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കും എന്ന് ഓർത്താണ്.
ഞാൻ ജോലിക്ക് പോകാറുണ്ടെങ്കിലും ഒരു രൂപ പോലും വീട്ടിൽ കൊടുക്കാറില്ല അതെല്ലാം കൊണ്ട് അവർക്കെല്ലാം ട്രീറ്റ് കൊടുക്കും… നന്ദിയില്ലാത്ത ഇതു പോലുള്ള വർഗ്ഗങ്ങൾക്ക്.
അവൾക്ക് ഐഫോൺ വാങ്ങാൻ വച്ചിരുന്ന പണം എന്റെ അക്കൗണ്ടിൽ കിടപ്പുണ്ടായിരുന്നു അതും എടുത്ത് അമ്മയുടെ വളയും എടുത്തു പോയി.. ഒരുപവനോളം ഉള്ള വള തേഞ്ഞ് മുക്കാൽ പവനോളം ആയിരുന്നു.. അതും എന്റെ കയ്യിലുള്ള പണവും കൂടി കൊടുത്തു ഒന്നര പവന്റെ നല്ല കട്ടിയുള്ള ഒരു വള അമ്മയ്ക്കായി മേടിച്ചു.
പിന്നെ വീട്ടിലേക്ക് പോകാൻ ഒരു ധൃതിയായിരുന്നു.. അവിടെ ചെന്നപ്പോൾ അമ്മ തൊടിയിൽ നിന്ന് വീണുകിട്ടിയ അടയ്ക്ക പൊളിക്കുകയാണ് അതുകൊണ്ട് പോയി വിറ്റാൽ എന്തെങ്കിലും ആവുമല്ലോ എന്ന് കരുതി.. എന്റെ കണ്ണുകൾ നിറഞ്ഞുവന്നു ഞാൻ അമ്മയെ പുറകിൽ നിന്ന് പോയി കെട്ടിപ്പിടിച്ചു അമ്മ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു അത്..
അമ്മയുടെ കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു കയ്യിലേക്ക് ഞാനാ ജ്വല്ലറി ബോക്സ് വെച്ച് കൊടുത്തു.. അമ്മ കണ്ണ് തുറന്നു നോക്കി കയ്യിലിരിക്കുന്ന പെട്ടികണ്ട് അത്ഭുതത്തോടെ അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു വള.. ഇതെവിടുന്ന നിനക്ക് എവിടുന്നാ പൈസ എന്നൊക്കെ ചോദിച്ചു.
ഞാൻ ജോലി ചെയ്ത് ഉണ്ടാക്കിയതാണ്, എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് പിന്നെ ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു.. “” അപ്പോ മോന്റെ ഫീസ് അടച്ചില്ലെ?? “”
എന്ന് വീണ്ടും ചോദിച്ചു അത് ഞാൻ വെറുതെ പറഞ്ഞതാണ് അമ്മയ്ക്ക് ഒരു സർപ്രൈസ് തരാൻ എന്ന് പറഞ്ഞപ്പോൾ
എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ വാൽസല്യത്തോടെ ഒരു ഉമ്മ തന്നു!! പിന്നെ ഓടുകയായിരുന്നു ഫോണെടുത്ത് അച്ഛനോട് കാര്യം പറയാൻ.
അമ്മ പറഞ്ഞത് കേട്ടപ്പോൾ അച്ഛൻ അപ്പുറത്ത് നിന്ന് അവൻ നമ്മുടെ മോൻ അല്ലേടി എന്ന് പറയുന്നുണ്ടായിരുന്നു.
എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു പോയി… അമ്മയ്ക്ക് ആ സ്വർണ്ണവള അണിഞ്ഞു നടക്കാനുള്ള മോഹം കൊണ്ടല്ല പകരം ഞാൻ അമ്മയെ ഓർത്ത് അത് വാങ്ങിയില്ലേ അതായിരുന്നു ആ മനസ് നിറയാൻ കാരണം.. ആ നിറഞ്ഞ മനസ്സും കണ്ണും മതിയായിരുന്നു എനിക്ക് എല്ലാം മറക്കാൻ.
അല്പം മുമ്പ് ആ ഫ്ലാറ്റിൽ വച്ച് ആ കാഴ്ച എനിക്ക് കാണിച്ചു തന്ന എല്ലാ ദൈവങ്ങളോടും ഞാനാ നിമിഷം നന്ദി പറഞ്ഞു അല്ലെങ്കിൽ ഇത്ര സന്തോഷിച്ച് എന്റെ അമ്മയെയും അച്ഛനെയും എനിക്ക് കാണാൻ കഴിയുമായിരുന്നില്ല!!
ആ വീട്ടിലെ ഭാരം അച്ഛനൊപ്പം പിന്നീട് അങ്ങോട്ട് വലിക്കാൻ ഞാനും ഉണ്ടായിരുന്നു.. ഒരു വർഷം കൂടി അച്ഛനെ പിന്നെ ഞങ്ങൾ ഗൾഫിൽ നിർത്തിയുള്ളൂ നാട്ടിലേക്ക് വിളിച്ചുവരുത്തി. ഇനിയുള്ള കാലം ഞങ്ങളുടെ കൂടെ ഇവിടെ സുഖമായി ജീവിക്കട്ടെ..