നിങ്ങളെ ആരാ ഇങ്ങോട്ട് പെണ്ണ് കാണാൻ വിട്ടത്. നിങ്ങൾ ഇറങ്ങിക്കെ… കാറിൽ വന്നവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.ജാള്യതയോടെ മുഖം കുനിച്ചുകൊണ്ട് മനു കൂട്ടുകാരനൊപ്പം അവിടെനിന്നിറങ്ങി…

എഴുത്ത്:-ഗിരീഷ് കാവാലം

കൂട്ടുകാരനൊപ്പം വന്ന മനു ബൈക്ക് നിർത്തി തുറന്നു കിടന്ന ഗേറ്റിനുള്ളിലേക്ക് നോക്കിയതും അവന്റെ നെറ്റി ചുളിഞ്ഞു.

ഒരു നിമിഷം സംശയത്തോടെ അവൻ മൊബൈൽ കൈയ്യിലെടുത്തു

“ആരാ പെണ്ണ് കാണാൻ വന്നതാണോ ?

പെട്ടന്ന് ഗേറ്റിനുള്ളിൽ നിന്ന് ഒരു ചോദ്യം ഉയർന്നു

മധ്യവയസ്കയായ ആ സ്ത്രീയുടെ ചോദ്യം കേട്ടതും മനു ഒന്ന് പരിഭ്രമിച്ചു

“ങും..ങാ…അതേ “

“ബ്രോക്കർ നമ്പീശൻ പറഞ്ഞിട്ട് വന്നതല്ലേ.. വാ അകത്തേക്ക് പോന്നോളൂ “

മനസ്സില്ലാ മനസ്സോടെ ഗേറ്റിനുള്ളിലേക്ക്ബൈ ക്ക് കയറ്റി നിർത്തിയ മനുവിനെയും കൂട്ടുകാരനെയും ആ അമ്മ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചിരുത്തി

“എന്താ ആദ്യമായിട്ടാണോ പെണ്ണ് കാണാൻ വരുന്നത് ?

മനുവിന്റെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ച പെണ്ണിന്റെ അച്ഛൻ നർമഭാവത്തോടെ ചോദിച്ചു

“ഏയ്‌ അല്ല.. “

മുഖഭാവം മാറ്റി പുഞ്ചിരി വരുത്തികൊണ്ട് മനു പറഞ്ഞു

“അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിൽ കയറിയിട്ട് എത്ര നാളായി ?

ആ ചോദ്യത്തിൽ മനു ഒന്ന് പതറി

“ഞാൻ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിൽ അല്ല. പഞ്ചായത്തിലാ പിയൂൺ ആണ് “

പെണ്ണിന്റെ അച്ഛന്റെ മുഖഭാവം മാറുന്നത് ശ്രദ്ധിച്ച മനുവിന്റെ നെഞ്ചിടിപ്പും വർധിച്ചു..

എന്നാലും നമ്പീശനിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല അയാളുടെ മുഖം കറുത്തു

നമ്പീശൻ മറ്റ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തസ്ഥനായിരുന്നു. കേവലം ഒരു വരുമാനമാർഗ്ഗം എന്നതിലുപരി രണ്ട് ജന്മങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പുണ്യ പ്രവൃത്തിയായാണ് ഈ തൊഴിലിനെ നമ്പീശൻ ബ്രോക്കർ കാണുന്നത് .. അതുകൊണ്ടാണ് തന്റെ മൂന്ന് മക്കളും ഗവണ്മെന്റ് ജോലിക്കാരായിട്ടും ഇപ്പോഴും നമ്പീശൻ ചേട്ടൻ വിവാഹ ബ്രോക്കർ ആയിട്ട് തുടരുന്നത്. ഒരു ബന്ധം അന്വേഷിക്കുന്നതിനൊപ്പം പെണ്ണിന്റെയും ചെറുക്കന്റെയും സ്വഭാവം ഒപ്പം കുടുംബ ചിത്രം വരെ അന്വേഷിച്ച ശേഷം മാത്രമേ തമ്മിൽ nകൂട്ടിമുട്ടിക്കാറുള്ളായിരുന്നു

അപ്പോൾ അവിടേക്ക് വന്ന അശ്വതി പുഞ്ചിരിയോടെ അവർക്ക് ചായ നൽകി അകത്തേക്ക് തിരിച്ചു പോയി

അപ്പോഴേക്കും ഒരു കാർ ആ വീടിന്റെ പൂമുഖത്ത് എത്തിയിരുന്നു

മനുവിനെ സംശയത്തോടെ ഒരു നോട്ടം നോക്കി അച്ഛൻ പുറത്തേക്ക് ഇറങ്ങി

ഒരു നിമിഷം മനുവും കൂട്ടുകാരനും പരസ്പരം നോക്കി

“നിങ്ങളെ ആരാ ഇങ്ങോട്ട് പെണ്ണ് കാണാൻ വിട്ടത്. നിങ്ങൾ ഇറങ്ങിക്കെ…”

കാറിൽ വന്നവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു

ജാള്യതയോടെ മുഖം കുനിച്ചുകൊണ്ട് മനു കൂട്ടുകാരനൊപ്പം അവിടെനിന്നിറങ്ങി

ഗേറ്റിനു വെളിയിൽ ഇറങ്ങിയ മനു ബൈക്ക് നിർത്തി മൊബൈൽ എടുത്തു

അപ്പോഴേക്കും ബ്രോക്കർ നമ്പീശൻ ചേട്ടന്റെ കാൾ വന്നു

“മനുവേ ഒരു മിസ്റ്റേക്ക് പറ്റിയെടാ… നീ എങ്ങും എത്തിയില്ലല്ലോ…ഗൂഗിൾ മാപ്പ് അയച്ചു തന്നത് തെറ്റിപ്പോയി, വേറെ ഒരു പാർട്ടിക്ക് അയച്ചു കൊടുക്കേണ്ടതാ മനുവിന് അയച്ചുതന്നത്. ശരിയായ ഗൂഗിൾ മാപ്പ് ഞാൻ ഇപ്പൊ വാട്സ്ആപ്പ് ൽ അയച്ചിട്ടുണ്ട് “

നമ്പീശൻ ചേട്ടൻ അയച്ചു തന്ന ഗൂഗിൾ മാപ്പ് നോക്കി പെണ്ണിന്റെ വീട്ടിൽ എത്തിയ മനുവും കൂട്ടുകാരനും പെണ്ണ് കണ്ട് ഇറങ്ങി

“എങ്ങനെ ? നിനക്ക് പെണ്ണിനെ പിടിച്ചോടാ ?

ബൈക്കിന്റെ പുറകിൽ ഇരുന്ന് കൂട്ടുകാരൻ ചോദിച്ചു

“ഉം തരക്കേടില്ലടാ സെറ്റ് ആകുമെന്ന് മനസ്സ് പറയുന്നു “

വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ നമ്പീശൻ ചേട്ടന്റെ റിംഗ് വന്നു പെണ്ണും കൂട്ടർക്ക് ഇഷ്ടമായി എന്ന് പറഞ്ഞുകൊണ്ട്

നമ്പീശൻ ചേട്ടനും അന്ന് സന്തോഷത്തിന്റെ ദിനം ആയിരുന്നു താൻ നടത്തുന്ന നൂറാമത് വിവാഹം

മനുവിന്റെ വീട്ടിലേക്ക് അടുത്ത ദിവസം അവർ വന്നതും വിവാഹം ഉറപ്പിക്കാൻ ഉള്ള തീരുമാനം ആയി, തീയതിയും ഉറപ്പിച്ചു

വീട്ടിലെ അവസാന വിവാഹം ആയതുകൊണ്ട് നല്ല രീതിയിൽ തന്നെ നടത്താനും മനുവിന്റെ വീട്ടുകാർ തീരുമാനിച്ചു

“ഡേറ്റിങ് വേണ്ടന്നോ. അതെന്തു മറ്റേ പരിപാടിയാ..അതും ഈ മാറിയ കാലത്ത്”

കൂട്ടുകാർ മനുവിനോട് ചോദിച്ചു

” കക്ഷി അല്പം നാണക്കാരിയാ, പെണ്ണ് കണ്ട ദിവസം തന്നെ എനിക്ക് അത് മനസ്സിലായി..”

“ഒന്നാലോചിച്ചാൽ ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള പെണ്ണിനെ കിട്ടാൻ പാടാ, ആ നിലക്ക് മനുവേ, നീ ഭാഗ്യവാൻ തന്നെ ആടാ “

“ഓ പിന്നെ ഇത് ആ പഴയ ഓൾഡ് ജനറേഷൻ തിങ്കിങ് തന്നെ”

കൂട്ടുകാരുടെ ആ കളിയാക്കലുകൾ മനു ആസ്വദിക്കുകയായിരുന്നു

വിവാഹ ദിവസം അതിരാവിലെ അമ്പലത്തിൽ പോയി തിരിച്ചു വീട്ടിലെത്തിയ മനുവിന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി. ബൈക്കിൽ ഇരുന്ന അവൻ അവിടെ നിന്ന ആളുകളെയെല്ലാം മാറിമാറി നോക്കി. ഒരു മരണ വീട്ടിൽ ആളുകൾ നിൽക്കുന്നപോലെയുള്ള മുഖഭാവം എല്ലാവരിലും. എല്ലാവരും തന്നെ നോക്കി മുഖം താഴ്ത്തുന്നു. ബന്ധുക്കളായ സ്ത്രീകളുടെ കണ്ണ് നിറയുന്ന കാഴ്ച. അകത്തു അമ്മയുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നു വരുന്നു ..

‘അവൾ ചതിച്ചെടാ… “

മനുവിന്റെ തോളിൽ തലോടി കൂട്ടുകാരൻ അത് പറയുമ്പോൾ മനു അവനെ ഒരു കുഞ്ഞിന്റെ നിഷ്കളതയോടെ നോക്കി

“രാവിലെ അമ്പലത്തിൽ പോകുവാന്ന് പറഞ്ഞു ഇറങ്ങിയ അവൾ അവളുടെ ഇഷ്ടക്കാരെന്റെ കൂടെ പോയി, കല്യാണത്തിന് എടുത്ത സ്വർണം മുഴുവൻ ആയിട്ടാ പോയത് “

മുഖം പൊത്തി കുനിഞ്ഞിരിക്കാനെ മനുവിന് കഴിഞ്ഞുള്ളൂ

“എടാ ഒന്നാലോചിച്ചാൽ നീ രക്ഷപെട്ടു, ഇതിപ്പോ കല്യാണം കഴിഞ്ഞില്ലല്ലോ, കല്യാണം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ വല്ലതും ആയിരുന്നെങ്കിൽ ??? ഇപ്പോൾ അങ്ങനെയൊക്കെയുള്ള വാർത്തകൾ അല്ലെ നമ്മൾ കാണുന്നത് “

മനുവിനെ ആശ്വസിപ്പിച്ചുകൊണ്ട് കൂട്ടുകാരൻ പറഞ്ഞു

മെല്ലെ മുഖം ഉയർത്തിയ മനു കൂട്ടുകാരനെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു

****ഒരു വർഷത്തിന് ശേഷം ***

നമ്പീശൻ ചേട്ടന്റെ മൊബൈലിൽ വന്ന റിംഗ് അറ്റൻഡ് ചെയ്തത് മകൾ ആയിരുന്നു

“ഞാൻ മനു ആണ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ജോലി ചെയ്യുന്ന ആൾ ആണ്. അച്ഛന് അറിയാം..”

“എന്താ വല്ലതും പറയണോ സാർ?

“എന്റെ വിവാഹകാര്യം നോക്കുന്നതിന് വേണ്ടിയാ”

“സാറേ അച്ഛൻ കല്യാണക്കേസുകൾ നിർത്തിയിട്ടു ഒരു വർഷം കഴിഞ്ഞു “

“ഓക്കേ ശരി, അച്ഛനോട്‌ മനു വിളിച്ചെന്നു പറഞ്ഞേക്കുക..”

അന്നൊരു ഓഫീസ് ദിവസം

“പീയൂൺ മനുവിനെ ഒന്ന് കാണണമായിരുന്നു”

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്റ്റാഫിനോട് നമ്പീശൻ ചേട്ടൻ ചോദിച്ചു

“മനു പീയൂൺ അല്ല, ങാ… മുൻപ് പീയൂൺ ആയിരുന്ന ഇപ്പോൾ ക്ലാർക്ക് ആയി സ്ഥാനക്കയറ്റം കിട്ടിയ ഒരു മനു ഉണ്ട് ഇവിടെ”

നമ്പീശൻ ചേട്ടനെ അയാൾ മനുവിന്റെ ടേബിളിലേക്ക് കൊണ്ടുപോയി

അവർ രണ്ട് പേരുടെയും വിശേഷങ്ങൾ പരസ്പരം തിരക്കിയുള്ള സംഭാഷണങ്ങൾ ക്കൊടുവിൽ നമ്പീശൻ ചേട്ടൻ പറഞ്ഞു

“മനുവിന്റെ വിവാഹം തടസ്സപ്പെട്ടു എന്നറിഞ്ഞ അന്ന് ഞാൻ കല്യാണ ഡയറി അടച്ചതാണ്, ഇനി ഒരു വിവാഹം താൻ നടത്തില്ല എന്ന് അന്ന് തന്നെ ഞാൻ ശപഥം എടുത്തിരുന്നു”

“പക്ഷേ വീണ്ടും ആ ഡയറി തുറക്കുവാണ് മനുവിന് വേണ്ടി . അത് എന്റെ ഒരു കടമായി കണ്ടോളൂ”

അടുത്ത ദിവസം നമ്പീശൻ ചേട്ടനെയും കാറിൽ പിക് അപ്പ്‌ ചെയ്തു അദ്ദേഹം പറഞ്ഞ റൂട്ടിലൂടെ പോയ കാർ ചെന്ന് നിന്നത് ആ വലിയ വീടിന്റെ ഗേറ്റിന് മുൻപിൽ ആയിരുന്നു. അന്ന് ലേശം മാനക്കേടോടെ തല കുനിച്ചു ഇറങ്ങേണ്ടി വന്ന ആ വീട്

പെട്ടന്ന് മനു നമ്പീശൻ ചേട്ടനെ സൂക്ഷിച്ചു നോക്കി

ചേട്ടാ ഇവിടെ ?

“ഇത് തന്നെയാ വീട്..”

പകച്ചു നിന്ന മനുവിനെ നമ്പീശൻ ചേട്ടൻ നിർബന്ധിച്ചു ഗേറ്റിനുള്ളിലേക്ക് കയറ്റി

“അമ്മേ ദേ ഒരു കൂട്ടർ വന്നു “

അശ്വതിയുടെ മുഖത്തെ സന്തോഷം കണ്ട അമ്മ അമ്പരന്ന് പോയി

വളരെ നാളുകൾക്ക് ശേഷം അവർ തന്റെ മകളുടെ മുഖം തെളിഞ്ഞു കണ്ട നിമിഷം

അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

“ഇന്ന് ഒരാൾ പെണ്ണ് കാണാൻ വരും..നല്ല കുടുംബത്തിലെ ബിസിനസ്സ്കാരനായ ഒരാൾ എന്ന് പറഞ്ഞിട്ട് പോലും കാണാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു മുഖം കറുപ്പിച്ചു നിന്ന എന്റെ കുട്ടിക്ക് എങ്ങനെ മാറ്റം വന്നു”

അവർ പെട്ടന്ന് തന്നെ വീടിന്റെ പൂമുഖത്തേക്ക് ഇറങ്ങി

നമ്പീശൻ ചേട്ടനെയും മനുവിനെയും കണ്ട അമ്മയുടെ മുഖം പെട്ടന്ന് മങ്ങി അവർ മുഖം വെട്ടിച്ച്‌ അശ്വതിയെ നോക്കി

അപ്പോൾ അവളുടെ മനസ്സിന്റെ സന്തോഷം മുഖത്ത് പ്രതിഫലിക്കുന്നു ണ്ടായിരുന്നു

അവർ രണ്ട് പേരെയും അമ്മ അകത്തേക്ക് ക്ഷണിച്ചിരുത്തി

“മുൻപ് ഒരു പ്രാവശ്യം ഇവിടെ വന്നു പെണ്ണ് കണ്ടതല്ലേ “

മനുവിനെ നോക്കി അമ്മ പറഞ്ഞതും എന്താണ് പറയുന്നത് എന്ന് മനസ്സിലാകാതെ നമ്പീശൻ ചേട്ടൻ മനുവിനെയും അമ്മയെയും മാറിമാറി നോക്കി

“അച്ഛൻ ടൗണിൽ വരെ പോയിരിക്കുവാ ഇപ്പോൾ വരും. പിന്നെ മോളുടെ ജീവിതത്തിൽ സംഭവിച്ചത് ബ്രോക്കർക്ക് അറിയാമല്ലോ…”

“നല്ല കുടുംബം, ബംഗ്ലാവ് പോലുള്ള വീട്, കാണാൻ മിടുക്കൻ പക്ഷേ ആ കാണുന്ന പോലെ ഒന്നും അല്ല എല്ലാം പുറംമോഡി ആയിരുന്നു, അതും പോട്ടെന്നു വെക്കാമായിരുന്നു, പക്ഷേ എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്ന് ഡ്രi ഗ്സ് ഇടപാടിൽ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരിൽ ഒരാൾ അവൻ ആയിരുന്നു, അങ്ങനെ ഉറച്ച ആ വിവാഹം ഉപേക്ഷിച്ച ശേഷം ഇനി ഒരു വിവാഹം വേണ്ട എന്ന വാശിയിൽ ആയിരുന്നു മോൾ “

മനുവിന്റെ ഉള്ളിലെ ആശയകുഴപ്പം മാറി മുഖം തെളിയാൻ പോന്ന വാക്കുകൾ ആയിരുന്നു ആ അമ്മയിൽ നിന്നു കേട്ടത്

അപ്പോഴേക്കും മറ്റൊരു കാർ ആ മുറ്റത്തേക്കു എത്തിയിരുന്നു

അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടതും അമ്മ പറഞ്ഞു

ഒരു ബന്ധു വഴി പെണ്ണ് കാണാൻ വന്നവരാ..

നിങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചതല്ല .

ഒരു നിമിഷം അമ്മ ആലോചനയിലായി

“നിങ്ങൾ അകത്തെ മുറിയിലേക്ക് ഇരിക്ക്”

മനുവിനെയും, നമ്പീശൻ ചേട്ടനെയും അകത്തെ മുറിയിലേക്ക് ഇരുത്തിയ ശേഷം അമ്മ അവരെ സ്വീകരിച്ചു അകത്തേക്ക് ഇരുത്തി

അമ്മ അവർക്ക് വെള്ളം കൊടുത്ത ശേഷം പറഞ്ഞു

“സോറി ഒരു കൂട്ടർ വന്നായിരുന്നു അത് ഉറപ്പിച്ചു”

അകത്തെ മുറിയിൽ ഇരുന്ന് അമ്മയുടെ ആ വാക്കുകൾ കേട്ടതും മനുവിന്റെ മുഖം തെളിഞ്ഞു. അവന്റെ മനസ്സിൽ രണ്ട് വർഷം മുൻപ് ഇതേ വീട്ടിലെ ആ രംഗം ഒരു കളി തമാശയെന്നവണ്ണം മിന്നി മറഞ്ഞു…അവൻ നമ്പീശൻ ചേട്ടനെ ഭയഭക്തി ബഹുമാനത്തോടെ നോക്കി..അപ്പോൾ അകത്തെ മുറിയിൽ അശ്വതിയുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു…. നൂറാമത് വിവാഹം എന്ന് എഴുതി അതിന്റെ നേർക്ക് മനു എന്ന് എഴുതി ടിക് മാർക്ക് ഇടുകയായിരുന്നു നമ്പീശൻ ചേട്ടൻ അപ്പോൾ…….