എഴുത്ത്:- കാർത്തിക
“” നിനക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ ടീ??? “”
എന്ന് ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി… പിന്നെ അയാൾ ഒന്നും ചോദിക്കാൻ നിന്നില്ല പുറത്തേക്കിറങ്ങി..?പോകുന്നതിനു മുമ്പ് വാതിൽ പുറത്ത് നിന്ന് കുറ്റിയിടാനും മറന്നില്ല..
അയാൾ പോയി കഴിഞ്ഞതും കട്ടിലിലേക്ക് വീണു ഉറക്കെ ഉറക്കെ കരഞ്ഞു സന്ധ്യ തന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു പോയിരിക്കുന്നു.
കഴുത്തിൽ കിടക്കുന്ന താലി അവളെ പൊള്ളിക്കുന്നത് പോലെ തോന്നി…
ചെറുപ്പത്തിൽ തന്നെ പറഞ്ഞു വച്ചതായിരുന്നു തന്റെയും മുറിച്ചെറുക്കാൻ ആയ , സത്യൻ ചേട്ടന്റെയും വിവാഹം ഒട്ടും വിദ്യാഭ്യാസമില്ലാത്ത, കാണാൻ ഭംഗി ഇല്ലാത്ത അയാളെ ആദ്യമേ തന്നെ കണ്ണിൽ പിടിക്കില്ലായിരുന്നു എപ്പോഴും എല്ലാവരും അയാളുടെ പേര് പറഞ്ഞ് കളിയാക്കുമ്പോഴും അതെല്ലാം ചെറുപ്പത്തിൽ വെറുതെ പറഞ്ഞതല്ലേ എന്ന് കരുതി തള്ളിക്കളഞ്ഞു പക്ഷേ പ്രായപൂർത്തി ആയതിനുശേഷം സത്യൻ ചേട്ടന്റെ അമ്മ സുഭദ്ര അപ്പച്ചി വീണ്ടും ആ കല്യാണ ആലോചന എടുത്തിട്ടപ്പോഴാണ് അത് ആരുടെയും മനസ്സിൽ നിന്ന് പോയിട്ടില്ല എന്ന് മനസ്സിലായത് അച്ഛനോട് ഞാൻ വാശിപിടിച്ചു തന്നെ പറഞ്ഞിരുന്നു അയാളുമായുള്ള വിവാഹത്തിന് എനിക്ക് ഒട്ടും സമ്മതമല്ല അങ്ങനെ എന്നെ അയാൾക്ക് പിടിച്ചു കൊടുക്കുകയാണെങ്കിൽ ഞാൻ വല്ല റെയിലിനും പോയി തല വയ്ക്കുമെന്ന്.
അച്ഛൻ സുഭദ്ര അപ്പച്ചിയോട് അപ്പോൾ തന്നെ പറഞ്ഞിരുന്നു കുട്ടികൾ ചെറുതാവുമ്പോൾ നമ്മൾ പലതും പറഞ്ഞു വയ്ക്കില്ലേ എന്നുവച്ച് എപ്പോഴും അങ്ങനെ തന്നെ ആവണം എന്നുണ്ടോ നമുക്ക് പിന്നീട് അതിനെപ്പറ്റി സംസാരിക്കാം എന്നെല്ലാം..
കുറെ നേരം കരഞ്ഞ് അച്ഛനെയും എന്തൊക്കെയോ പറഞ്ഞ് സുഭദ്ര അപ്പച്ചി അവിടെ നിന്ന് ഇറങ്ങി..
മകനെ കൊണ്ട് ഉടൻതന്നെ മറ്റൊരു വിവാഹം കഴിപ്പിക്കും എന്നൊക്കെ വെല്ലുവിളിച്ചെങ്കിലും ഒന്നുമുണ്ടായില്ല എനിക്ക് അപ്പോഴും പുച്ഛം മാത്രമായിരുന്നു അല്ലെങ്കിലും അയാൾക്കൊക്കെ ആര് പെണ്ണ് കൊടുക്കാൻ…
കോളേജിലേക്ക് പോകുന്നത് തോറും എന്റെ ചുറ്റുമുള്ള ലോകം വർണ്ണശഭലമായിരുന്നു..
പാവാടയും ബ്ലൗസും ഇട്ട് നടന്നിരുന്ന ഞാൻ മോഡേൺ ഡ്രസ്സിലേക്ക് ചേക്കേറി അവിടെ ഓരോരുത്തരും എന്നെ ഭ്രമിപ്പിച്ചു… ഇതിനിടയിൽ ഇഷ്ടമാണ് എന്ന് വന്നു പറഞ്ഞ യുവകോമളനിൽ എത്തിനിന്നു എന്റെ മുഴുവൻ ശ്രദ്ധയും..
ഹിന്ദി സിനിമ നടന്മാരെ വെല്ലുന്ന സൗന്ദര്യത്തോടെ വന്ന ഇഷ്ടമാണ് എന്ന് പറഞ്ഞവനോട് തിരിച്ചും അതേ എന്ന് പറയാൻ എനിക്ക് ഒരുപാട് താമസം ഒന്നും ഉണ്ടായില്ല.
അങ്ങനെ ഒരാൾക്ക് ഇഷ്ടം തോന്നാൻ മാത്രം ഞാൻ സുന്ദരിയാണല്ലോ എന്ന് അഭിമാനമായിരുന്നു എന്റെ മുഖത്ത്.. ഒപ്പം അസൂയയോടെ നോക്കുന്ന കൂട്ടുകാരികളേ കണ്ട് നിർവൃതിയും..
അവന്റെ നിർബന്ധപ്രകാരമാണ് സിനിമയ്ക്ക് പോയതും അവിടെ നിന്ന് ഓരോ കുസൃതിത്തരങ്ങൾ ഒപ്പിച്ചതും.
അത് മതിയാകാതെ വന്നപ്പോഴാണ് ഒരിക്കൽ നമുക്ക് ഒരു ട്രിപ്പ് പോകാം എന്ന് അവൻ പറഞ്ഞത് അവന്റെ കരലാളനങ്ങളിൽ മതിമറന്ന ഞാൻ അതിന് എതിരൊന്നും പറഞ്ഞില്ല പ്രണയം അപ്പോഴേക്കും എന്റെ കണ്ണുകളെ അന്ധമാക്കിയിരുന്നു..
കോളേജിൽ നിന്ന് ടൂർ പോവുകയാണ് എന്നും പറഞ്ഞ് അച്ഛന്റെ കയ്യിൽ നിന്ന് പണവും വാങ്ങി ഞാൻ അവന്റെ കൂടെയാണ് പോയത്..
രണ്ടുദിവസം ഭാര്യ ഭർത്താക്കന്മാരെ പോലെ ഞങ്ങൾ ഊട്ടിയിലെ ഒരു റിസോർട്ടിൽ കഴിഞ്ഞു…. സ്വപ്നതുല്യമായിരുന്നു അപ്പോഴെല്ലാം അവൻ ഓരോ തവണ ചേർത്ത് പിടിക്കുമ്പോഴും എന്നിലേക്ക് അലിഞ്ഞ് ചേരുമ്പോഴും ഞാൻ കരുതിയത് അവന് എന്നോടുള്ള അടങ്ങാത്ത പ്രണയം ആണ് ഇതെല്ലാം എന്നായിരുന്നു…
അതുകഴിഞ്ഞ് തിരികെ ചെന്നപ്പോൾ അവൻ എന്നെ അവഗണിക്കാൻ തുടങ്ങിയതോടുകൂടിയാണ് ചതി മനസ്സിലായത് അപ്പോഴേക്കും അവൻ ചെയ്ത തെറ്റിന്റെ കളങ്കം എന്റെ വയറ്റിൽ വളരാൻ തുടങ്ങിയിരുന്നു..
പെൺമക്കളുടെ ഇത്തരത്തിലുള്ള മാറ്റം ഏറ്റവും ആദ്യം കണ്ടുപിടിക്കുക അമ്മമാർ തന്നെയാകുമല്ലോ ഇവിടെയും അത് തന്നെയാണ് നടന്നത് ചതിച്ചല്ലോ എന്നും പറഞ്ഞ് അമ്മ ഉറക്കെ കരഞ്ഞു അച്ഛനും അത് കേട്ട് വല്ലാതായി ആളെ പറഞ്ഞപ്പോൾ എല്ലാവരും ചേർന്ന് അവന്റെ വീട്ടിലേക്ക് പോയി…
അവരൊക്കെ വലിയ ആളുകളായിരുന്നു!! അവന്റെ അമ്മാവൻ ഒരാൾ പോലീസിൽ വലിയ തലപ്പത്തിരിക്കുന്ന ഒരാളായിരുന്നു അയാൾ നിയമം പറഞ്ഞു ഞങ്ങളെ എല്ലാവരെയും ഭയപ്പെടുത്തി തിരിച്ചയച്ചു…
“””ഞങ്ങൾക്ക് ഇനിയും നാണക്കേട് ഉണ്ടാക്കാതെ എവിടെയെങ്കിലും പോയി ഒന്ന് ച ത്തൂടെ നിനക്ക്??””
എന്ന് പെറ്റമ്മ തന്നെ എന്നെ നോക്കി പറഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല അവിടെ നിന്ന് എണീറ്റ് പുറത്തേക്ക് ഓടി ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ പക്ഷേ, ചെന്നെത്തിയത് സത്യൻ ചേട്ടന്റെ കൈകളിൽ ആയിരുന്നു അദ്ദേഹം എന്നെ പിടിച്ച പിടിയാലേ വീട്ടിലേക്ക് കൊണ്ടുവന്നു അച്ഛനോട് എന്നെ വിവാഹം കഴിക്കാൻ സമ്മതമാണ് എന്ന് അറിയിച്ചു മറ്റൊരു പോംവഴിയും ഇല്ലാത്ത അച്ഛൻ എന്നെ അയാൾക്ക് വിവാഹം കഴിച്ചു കൊടുത്തു.
“””കണ്ടവന്റെ കൊച്ചിനെ വയറ്റിലിട്ട് പി ഴച്ചു കയറി വന്ന പെണ്ണിനെ നീ എന്തിനാടാ നിന്റെ ജീവിതത്തിലേക്ക് കൂട്ടിയത്??
എന്ന് അപ്പച്ചി ദേഷ്യത്തോടെ സത്യൻ ചേട്ടനോട് ചോദിച്ചപ്പോൾ അത് കണ്ടവന്റെ കുഞ്ഞാണെന്ന് അമ്മയോട് ആരാ പറഞ്ഞത് അത് എന്റെ കുഞ്ഞാണ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞു ആ നേരത്താണ് അയാളെ ഞാൻ ശരിക്കും മനസ്സിലാക്കുന്നത്..
വിദ്യാഭ്യാസം ഒന്നുമല്ല ഏറ്റവും വലുത് പകരം മറ്റുള്ളവരോട് കാണിക്കുന്ന ദയയും മനസ്സലിവുമാണ് എന്ന് ആദ്യമായി എനിക്ക് അയാൾ പഠിപ്പിച്ചു തന്നു..
കുറ്റബോധം കൊണ്ട് ഞാൻ അയാളുടെ മുന്നിൽ നീറി നിന്നു അയാൾ ഗൗരവത്തോടെ ആണെങ്കിലും എന്റെ കാര്യങ്ങൾ എല്ലാം നോക്കി.. നാൾക്കു നാൾ വീർത്തുവരുന്ന വയറ്റിൽ നോക്കി സ്നേഹത്തോടെ തഴുകി..?അത് കാണുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു നോവാണ്.
കണ്ണുകൾ നിറഞ്ഞൊഴുകും അന്നേരം അദ്ദേഹം പറയും, ഇത് എന്റെ കുഞ്ഞല്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല നീയും അങ്ങനെ വിശ്വസിച്ചാൽ മതി!!!
അതും പറഞ്ഞ് എനിക്ക് ഇഷ്ടപ്പെട്ടത് എല്ലാം കൊണ്ടുവന്ന് തരും..?ഓരോ പോക്കിലും ഇതുപോലുള്ള ചോദ്യങ്ങൾ പതിവാണ് എനിക്ക് എന്താണ് വേണ്ടത് എന്ന് ഒന്നും വേണ്ട എന്ന് പറഞ്ഞാലും എന്തെങ്കിലും ഒക്കെ കയ്യിലുണ്ടാകും പോകാൻ നേരം വാതിൽ ചേർത്ത് അടക്കുന്നത് എന്നെ വിശ്വാസ മില്ലാഞ്ഞിട്ടാണ് ഞാൻ എന്തെങ്കിലും കടുംകൈ ചെയ്താലോ എന്ന് കരുതി!!!!
ഓരോ നിമിഷവും ഇപ്പോൾ അദ്ദേഹം എന്നെ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ് സ്നേഹംകൊണ്ട്..
തിരിച്ച് ഈ ജന്മം തീരാത്ത കടപ്പാടുണ്ട് അദ്ദേഹത്തെ ഇപ്പോൾ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുകയാണ്. പക്ഷേ അടുക്കാൻ ഭയമാണ് എനിക്ക് അതിനുള്ള അർഹത ഇല്ലല്ലോ എന്ന ഭയം.
എന്നാൽ അതെല്ലാം വെറുതെയാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു… കരഞ്ഞുകൊണ്ട് ഞാൻ ആ കാലിൽ വീണു..
ഞങ്ങൾക്കിടയിലുള്ള വലിയ മതിൽക്കെട്ടും അതോടുകൂടി ഇല്ലാതായി തീരുകയായിരുന്നു. ആദ്യം എല്ലാം അപ്പച്ചി ചീത്ത പറഞ്ഞെങ്കിലും പിന്നീട് അപ്പച്ചിയും എന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ടുണ്ട്..
അവർ രണ്ടുപേരും തമ്മിൽ എന്നോട് തർക്കമാണ് ആദ്യത്തേത് പെൺകുഞ്ഞ് ആകും എന്ന്..
ആ കുഞ്ഞിന് അദ്ദേഹം ഒരു പേരും കണ്ടു വച്ചിട്ടുണ്ട്,
‘”” അച്ഛന്റെ മഹാലക്ഷ്മി എന്ന്!!”””