എഴുത്ത്:- കാർത്തിക
വെറും നിലത്ത് കണ്ണടച്ച് വെളുത്ത മുണ്ടും പുതച്ചു തന്റെ അച്ഛനെ കാണെ അയാളുടെ കണ്ണുകൾ നീറി തുടങ്ങി!!
കഴിഞ്ഞദിവസം കൂടി അച്ഛൻ ഫോൺ ചെയ്തു പറഞ്ഞതാണ് ചെവിയിൽ അപ്പോഴും മുഴങ്ങിക്കേട്ടത്…
“” സുധി നിനക്ക് ഒന്ന് ഇവിടം വരെ വരാൻ കഴിയുമോ??? എനിക്കെന്തോ നിന്നെ ഒന്ന് കാണണം എന്ന് തോന്നുകയാണ്!!!”
അന്നേരം ജോലിത്തിരക്ക് പറഞ്ഞ് പിന്നീട് വരാം എന്ന് പറയുമ്പോൾ അച്ഛനും സമ്മതിച്ചിരുന്നു പിന്നെ മതി ബുദ്ധിമുട്ടി വരണ്ട എന്ന്..
പക്ഷേ പിന്നീട് കാണാൻ അത്രയും കാലം അച്ഛൻ ഇരുന്നില്ല എന്ന് മാത്രം തന്നെ വിട്ട് പോയിരിക്കുന്നു.. അറിഞ്ഞിരുന്നില്ല ഇത്രയും പെട്ടെന്ന് ഒരു തിരിച്ചുപോക്ക് ഉണ്ടാവും എന്ന് എങ്കിൽ ഒരിക്കലും അച്ഛനെ ഒറ്റയ്ക്ക് നിർത്തില്ലായിരുന്നു, അച്ഛനെ ഒരുപാട് തവണ തങ്ങളുടെ കൂടെ വിളിച്ചതാണ് ഈ വീടും ഇതിന്റെ ചുറ്റുപാടും ഉള്ളവരെയും ഉപേക്ഷിച്ച് അച്ഛൻ വരില്ല…. എങ്കിൽ തനിക്ക് ഇവിടെ വന്നു നിൽക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല പണത്തിന് പുറകെ ഓടി!! വൈകിയ വേളയിൽ ചിന്തിച്ചിട്ട് യാതൊരു പ്രയോജനവുമില്ല എന്ന തിരിച്ചറിവിൽ അയാൾ എല്ലാം തകർന്നവനെ പോലെ ഇരുന്നു..
അച്ഛൻ ഗൾഫിലായിരുന്നു… ഏതോ ഒരു തവണ ലീവിന് വന്നപ്പോൾ കണ്ടു ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയതാണ് അമ്മയെ തന്നെ അച്ഛന് നൽകി അമ്മ ആ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പോയപ്പോൾ തനിക്ക് വേണ്ടി ഗൾഫിലെ ജോലി പോലും അച്ഛൻ ഉപേക്ഷിച്ചു പിന്നെ അച്ഛനു മകനും, മകന് അച്ഛനും ആയി ഞങ്ങൾ അവിടെ ജീവിച്ചു..
കൂട്ടുകാരെപ്പോലെ ആയിരുന്നു പരസ്പരം… എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കും അമ്മയെ ആദ്യം കണ്ടപ്പോൾ ഇഷ്ടമായത് മുതൽ കല്യാണം കഴിഞ്ഞ് അമ്മ പോയത് വരെയുള്ള കാര്യങ്ങൾ അച്ഛൻ തന്നെ പറഞ്ഞു കേൾപ്പിക്കും അതിൽ ചിരിക്കാൻ ഉള്ളതും കളിയാക്കാനുള്ളതും കരയാൻ ഉള്ളതും എല്ലാം ഉണ്ടാവും..
ആദ്യമായി ഒരു പ്രണയം തോന്നിയപ്പോൾ അത് തുറന്നു പറഞ്ഞത് അച്ഛനോട് ആയിരുന്നു അച്ഛൻ തന്നെയാണ് പറഞ്ഞത് ആദ്യം ഒരു ജോലി കണ്ടുപിടിക്കുക അതിനുശേഷം നമുക്ക് അന്തസായി പോയി അവളുടെ വീട്ടിൽ അന്വേഷിക്കാം എന്ന്.
പക്ഷേ തന്നെക്കാൾ കൂടുതൽ നല്ലൊരുത്തനെ കണ്ടപ്പോൾ അവൾ അങ്ങോട്ടേക്ക് കൂറുമാറി അത് പറഞ്ഞപ്പോൾ ചെറുതായി ഒന്ന് കളിയാക്കി.. അതിന്റെ പേരിൽ കരഞ്ഞപ്പോൾ കൂടെ നിന്ന് സമാധാനിപ്പിച്ചു..
ഇതൊക്കെ ജീവിതത്തിൽ വേണം എക്സ്പീരിയൻസ് കൂടുംതോറും നമ്മൾ പെർഫെക്റ്റ് ആവും!!
അതായിരുന്നു അച്ഛൻ തന്ന ഉപദേശം സത്യം തന്നെയായിരുന്നു എല്ലാം എക്സ്പീരിയൻസിനു വേണ്ടിയിട്ടാണ് എന്ന് ചിന്തിച്ചു ഒരു കമ്പനിയിൽ നല്ല ഒരു ജോലി ഓഫർ വന്നപ്പോൾ തിരഞ്ഞെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു കാരണം അച്ഛനെ നാട്ടിൽ നിർത്തി പോകേണ്ടിവരും..
അതിനും അച്ഛൻ തന്നെ ആയിരുന്നു പോംവഴി കണ്ടെത്തിയത് ഒരിക്കലും ഒന്നും ആർക്കും വേണ്ടി കോംപ്രമൈസ് ചെയ്യരുത് എന്ന്.. അവസരങ്ങൾ വളരെ വിരളമായി മാത്രമേ നമ്മളെ തേടിവരു… അത് വേണ്ടവിധം ഉപയോഗിക്കുക ആണ് നമ്മൾ ചെയ്യേണ്ടത് അവിടെയാണ് ഒരു മനുഷ്യന്റെ വിജയം ഇരിക്കുന്നത്… അത് പറഞ്ഞ് നിർബന്ധിച്ച് എന്നെ ആ ജോലിക്കായി പറഞ്ഞയച്ചത് അച്ഛൻ തന്നെയായിരുന്നു പിന്നീട് വന്നപ്പോഴേക്ക് എനിക്കായി ഒരു പെൺകുട്ടിയെ കണ്ടു പിടിച്ചു തന്നു അവളെ ജീവിത സഖിയാക്കി..
പിന്നീട് ഞങ്ങൾക്ക് ജനിച്ചത് എന്നേ പോലെ ഒരു മകൻ ആയിരുന്നു.. അച്ഛൻ അവനെ താലോലിക്കുമ്പോഴെല്ലാം കണ്ണുനിറഞ്ഞ് അങ്ങനെ നോക്കി നിൽക്കും ഒരിക്കൽ ഇത് താനും അനുഭവിച്ചിട്ടുള്ളതാണല്ലോ എന്ന് കരുതി….
കുഞ്ഞ് വളർന്നു അതിനോടൊപ്പം ജോലിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങളും കിട്ടി ഭാര്യയും കൂടി ജോലിക്ക് പോകാൻ തുടങ്ങിയതോടുകൂടി നാട്ടിലേക്ക് വരുന്നത് നന്നേ കുറച്ചു അച്ഛൻ പരിഭവമോ പരാതിയോ പറഞ്ഞില്ല.
അച്ഛന്റെ ബുദ്ധിമുട്ടുകളും അറിയിച്ചില്ല എല്ലാം ഒറ്റയ്ക്ക് സഹിച്ചു എന്നിട്ട് ഒരിക്കൽ ഒരു ആഗ്രഹം പറഞ്ഞതാണ് ഒന്ന് കാണണമെന്ന് അതിനുപോലും തനിക്ക് വരാൻ കഴിഞ്ഞില്ല..
കുറ്റബോധം വന്നു വല്ലാതെ നീറ്റി തുടങ്ങിയിരുന്നു എന്തുവേണം എന്നറിയാതെ തളർന്നിരുന്നു അച്ഛന് പ്രിയപ്പെട്ട കൂട്ടുകാർ ഏറെയുണ്ടായിരുന്നു അതിൽ ഒരാളായിരുന്നു മാധവേട്ടൻ അദ്ദേഹം എന്റെ അരികിൽ വന്നിരുന്നു അച്ഛനെ പോലെ തന്നെയായിരുന്നു എനിക്ക് മാധവേട്ടനും.
“”” നിന്നെ എത്രത്തോളം അദ്ദേഹം സ്നേഹിച്ചിരുന്നു എന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ നിന്റെ ഓരോ നേട്ടങ്ങളും എത്ര അഭിമാനത്തോടെ യാണ് ഞങ്ങളോട് വന്ന് പറയാറ്!! ഒടുവിൽ ഒരു ദിവസം വായനശാലയിൽ വച്ച് തളർന്നു വീഴുകയായിരുന്നു കൊണ്ടുപോയപ്പോൾ ചെറിയ ഒരു ബ്ലോക്ക് ആണെന്ന് പറഞ്ഞു ഡോക്ടർ … ഞങ്ങളത് നിന്നെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ് പക്ഷേ വേണ്ട അവന്റെ മനസ്സമാധാനം കളയണ്ട ഇതൊക്കെ അറിഞ്ഞാൽ അവൻ ഓടിവരും ജോലി പോലും നോക്കില്ല എന്നെല്ലാം പറഞ്ഞ് തടഞ്ഞത് അദ്ദേഹമാണ്..
പുള്ളി ഇന്നോ നാളെയോ അങ്ങ് പോകും പക്ഷേ മകനും കുടുംബത്തിനും അന്തസ്സോടെ ജീവിക്കാൻ ഈ ജോലി വേണം അത് അദ്ദേഹം കാരണം പോവരുത് എന്ന് നിർബന്ധമുണ്ടത്രെ… വിചിത്രമായ ഓരോ ന്യായങ്ങൾ ആയിരുന്നു നിന്റെ അച്ഛന്!!!
മാധവേട്ടൻ അത് പറയുമ്പോൾ സ്വയം ഉരുകി ഇല്ലാതായി തീരുന്നത് അറിഞ്ഞിരുന്നു ഞാൻ.
അവസാനമായി നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു നിന്നോട് വിളിച്ചുപറഞ്ഞു ഉടനെ തന്നെ നീ വരും എന്നും പറഞ്ഞിരുന്നു പക്ഷേ അത്രത്തോളം കാത്തുനിൽക്കാൻ നിന്റെ അച്ഛന് യോഗമുണ്ടായില്ല…
ആ പറഞ്ഞതൊന്നും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ചെറിയൊരു കരച്ചിലോടെ തുടങ്ങി പൊട്ടി കരച്ചിലിൽ അത് അവസാനിച്ചു..
എന്റെ ഭാര്യയും മകനും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ഒടുവിൽ ഞാൻ അവരോട് എന്റെ തീരുമാനം പറഞ്ഞു ഇനി എങ്ങോട്ടും ഇല്ല അച്ഛന്റെ ഓർമ്മകളും പേറി നിൽക്കുന്ന ഈ വീട്ടിൽ നിന്ന് ഇനി എനിക്ക് പോകാൻ കഴിയില്ല ജീവിച്ചിരുന്നപ്പോൾ ഒരു മകന്റെ ധർമ്മം പോലും നിർവഹിക്കാത്തവനാണ് ഞാൻ മരിച്ചു കഴിഞ്ഞു ആണ് നഷ്ടപ്പെട്ടത് എത്രത്തോളം വലുതാണ് എന്ന് എനിക്ക് മനസ്സിലായത്.. അദ്ദേഹത്തിന്റെ ഓർമ്മകൾ തങ്ങിനിൽക്കുന്ന ഈ വീട്ടിൽ ഇനിയെങ്കിലും എനിക്ക് താമസിക്കണം!!!
ജോലിയുടെ കാര്യവും മകന്റെ വിദ്യാഭ്യാസത്തിന്റെയും കാര്യം പറഞ്ഞ്
ഭാര്യ എന്നെ നിരുത്സാഹപ്പെടുത്തി പക്ഷേ അതൊന്നും ഞാൻ കേട്ടില്ല അവർക്ക് വേണമെങ്കിൽ പോകാം ഇനിയുള്ള എന്റെ ജീവിതം ഇവിടെ തന്നെയാകും എന്ന് ഞാൻ പറഞ്ഞു..
ആദ്യമെല്ലാം എതിർത്തെങ്കിലും അവൾക്കും എന്റെ മനസ്സ് അപ്പോൾ കാണാൻ കഴിയുന്നുണ്ടായിരുന്നു ഒടുവിൽ അവളും ജോലി റിസൈൻ ചെയ്ത് നാട്ടിലേക്ക് വന്നു മകൻ മാത്രം അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ് അവന്റെ പഠിപ്പ് കഴിഞ്ഞാൽ അവനും എത്തും നാട്ടിലേക്ക്..
ഇവിടെ എല്ലായിടത്തും അച്ഛന്റെ മണമാണ് അച്ഛൻ പാതിക്ക് വെച്ചു പോയ പലതും ഉണ്ട് ഇവിടെ… ഒരുപാട് പച്ചക്കറികൾ ഒരു കുഞ്ഞ് പശുക്കുട്ടിയും അതിന്റെ തള്ളയും…പിന്നെ കുറെ കോഴികൾ ആടുകൾ… അങ്ങനെയങ്ങനെ നാഥൻ നഷ്ടപ്പെട്ട കുറെ പേർ..
അവരെയെല്ലാം ഞാൻ ഏറ്റെടുത്തു അച്ഛന്റെ സ്ഥാനത്ത് നിന്ന്.
ഇപ്പോൾ ഒരു തോന്നലാണ് അച്ഛൻ എങ്ങും പോയിട്ടില്ല ഇവിടെ എവിടെ യൊക്കെയോ ഉണ്ട് എന്ന്.. അച്ഛന്റെ പ്രിയപ്പെട്ടവർക്കും അങ്ങനെ തന്നെ യായിരുന്നു അച്ഛനോടുള്ള സ്നേഹം അവരും എന്നോട് കാണിച്ചു തുടങ്ങി..
ആ ഒരു ധൈര്യത്തിൽ ഓരോ നാളും മുന്നോട്ട് തള്ളിനീക്കുകയാണ്..
സന്തോഷവും ആനന്ദവും ഇവിടെയാണ് എന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്!!
തുടങ്ങിയത് ഇവിടെവച്ചാണ് ഇനി ഒടുക്കവും ഇവിടെത്തന്നെ മതി അത് എന്റെ ഉറച്ച തീരുമാനമായിരുന്നു…