ഒന്നായി ജീവിക്കാൻ തീരുമാനമെടുത്തതു മുതൽ ഇന്നലെ വരെ തമ്മിലൊരു പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല.പെട്ടന്നൊരു ദിവസം കാണാതായപ്പോൾ ഒരുപാടന്വേക്ഷിച്ചു. ഫോൺ പോലും എടുക്കാതെ ആരോടും ഒന്നും പറയാതെ എങ്ങോ പോയവൾ……

_upscale

രചന: നൈനിക മാഹി

കിടക്കയുടെ ഒഴിഞ്ഞ് കിടക്കുന്ന ഭാഗത്തേക്ക് നോക്കും തോറും മനസ്സിന്റെ നീറ്റൽ കൂടി വരുന്നതറിഞ്ഞു.

സ്വയം പറഞ്ഞു പഠിപ്പിച്ച വാക്കുകൾ ഒരിക്കൽ കൂടി ഉരുവിട്ടു.

“ഉപേക്ഷിച്ച് പോയതാകും… മടുത്തുകാണും…”

ഒരു തിരശീലയിലൂടെ കഴിഞ്ഞുപോയ നാളുകളിലെ ചിത്രങ്ങൾ തെളിഞ്ഞു വന്നു.

ഒന്നായി ജീവിക്കാൻ തീരുമാനമെടുത്തതു മുതൽ ഇന്നലെ വരെ തമ്മിലൊരു പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല.

പെട്ടന്നൊരു ദിവസം കാണാതായപ്പോൾ ഒരുപാടന്വേക്ഷിച്ചു. ഫോൺ പോലും എടുക്കാതെ ആരോടും ഒന്നും പറയാതെ എങ്ങോ പോയവൾ.

തന്റെ ഭാഗത്തു തെറ്റുണ്ടോ?

ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ വേണ്ടി ക്രെഡിറ്റ്‌ കാർഡും പിൻ നമ്പറും നൽകിയിരുന്നു.

എങ്കിലും കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും വാങ്ങാൻ തന്നെ ഏൽപ്പിക്കുമ്പോൾ ചെവിക്കൊള്ളാതിരുന്നിട്ടുണ്ട്.

ഇടക്ക് പുറത്തുപോയി ഒന്നിച്ചാഹാരം കഴിക്കാൻ ആവശ്യപ്പെടുമ്പോൾ പാർസൽ വാങ്ങിക്കൊണ്ട് കൊടുത്തിട്ടുണ്ട്.

കൂടെയിരുന്നിത്തിരി നേരം മിണ്ടാൻ വരുമ്പോൾ ജോലിത്തിരക്കുകൾ മൂലം അകറ്റി നിർത്തിയിട്ടുണ്ട്.

അതെല്ലാം തെറ്റായിരുന്നു. അറിഞ്ഞില്ല… ഇന്ന് ഒഴിഞ്ഞ മനസ്സുമായി ചിന്തിക്കുമ്പോൾ പലതും തെളിഞ്ഞു വരുന്നു.

പിന്നെയും ഏതോ പരിചയമില്ലാത്ത നമ്പറിൽ നിന്നും തുടരെ തുടരെ ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു.

എടുക്കാൻ ഉള്ളിലൊരു ഭയം. ചിന്തിച്ചു കൂട്ടിയതെല്ലാം സത്യമായിരിക്കുമോ? തന്റെ സ്നേഹം വേണ്ടെന്നുവച്ച് അവൾ പൊയ്ക്കാണുമോ?

സ്നേഹം… സ്വയം പുച്ഛം തോന്നി. സ്നേഹിക്കുന്നു എന്ന് പറയുന്നത് മാത്രമല്ല സ്നേഹം. അത്‌ പ്രവർത്തിയിലും ഉണ്ടായിരിക്കണം.

‘ഞാനുണ്ട്’ എന്ന് വാക്കാൽ ഉറപ്പുനൽകിയാൽ മാത്രം പോരാ…

ആ മനസ്സ് നോവുമ്പോൾ തോളോടൊന്നു ചേർത്തു പിടിക്കണം, കൈവിരലുകളിൽ വിരൽകൊരുത്ത് ആശ്വാസം പകരണം,

അതിനൊന്നുമായില്ലെങ്കിലും ആ വേദനകളിൽ നിന്നും കരകയറാൻ സാമീപ്യം കൊണ്ടെങ്കിലും കൂടെ നിൽക്കണം.

എന്നാൽ ഇതിനൊന്നും താനുണ്ടായിരുന്നില്ലെന്ന തിരിച്ചറിവ് വല്ലാതെ ഉള്ളിനെ പിടിച്ചുലകുന്നു. വീണ്ടും ഫോണിന്റെ ശബ്ദം, അതേ നമ്പർ.

ഇപ്രാവശ്യം ആകാംക്ഷകളെ പിടിച്ചു കെട്ടാനായില്ല. നെഞ്ചിടിപ്പോടെ ഫോണെടുത്തു ചെവിയോട് ചേർക്കുമ്പോൾ ഹൃദയ താളങ്ങൾ ഉയർന്നു കേട്ടു.

“ഹലോ… എത്ര നേരമായി ഏട്ടാ വിളിക്കുന്നു. ഇന്നലെ അമ്മക്ക് വയ്യാതായിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോരുമ്പോൾ കൂടെ ഞാനും പോന്നു.

ഫോണെടുത്തില്ലെന്ന് പിന്നെയാ ഓർത്തെ. വന്നപ്പോൾ തൊട്ട് അമ്മയുടെ ഫോണിൽ നിന്നു വിളിക്കുന്നതാ. എന്താ എടുക്കാഞ്ഞേ?”

കേട്ട വാക്കുകളെ വിശ്വസിക്കാനായില്ല. അപ്പോഴാണ് അവളുടെ വീട്ടിലെ ആരുടെയും നമ്പർ തന്റെ കയ്യിലില്ലെന്ന സത്യം തിരിച്ചറിഞ്ഞത്. തുറന്നു പറയാൻ എന്തോ ജാള്യത തോന്നി.

“എന്നിട്ടിപ്പോൾ അമ്മക്ക് എങ്ങനുണ്ട്? ഞാനിപ്പോൾ വരാം. ഏതാ ഹോസ്പിറ്റൽ?”

“ശ്വാസമുട്ടൽ കൂടിയതാ, ഇപ്പോൾ കുറഞ്ഞു. എന്നാലും ഏട്ടനിങ്ങു വാ… ഇത്ര നേരം വിളിച്ചാൽ കിട്ടാത്തതിന്റെ ടെൻഷൻ ആയിരുന്നു.”

“ഞാനിപ്പോൾ എത്താം. നീ വച്ചോ…”

ഫോൺ വെച്ച് ദീർഘമായി ഒന്നു ശ്വാസം എടുത്തുവിട്ടു. എന്തൊക്കെ ചിന്തകളായിരുന്നു.

പക്ഷേ താനെന്ന ഭർത്താവ് തോറ്റു കൊണ്ടിരിക്കുകയാണെന്ന സത്യം വെളിപ്പെടുകയായിരുന്നു.

തിരുത്തണം… ഇന്നുയെങ്കിലും തന്റെ കടമകൾ കണ്ടറിഞ്ഞു ചെയ്യണം. ഇപ്പൊഴും പരാതികളില്ലാതെ എല്ലാം ക്ഷമിച്ചു കൂടെ നിൽക്കുന്നവളെ ചേർത്തു പിടിക്കണം.

വേഷം മാറി പുറപ്പെടുമ്പോൾ ജീവിതം ഒരു സെക്കന്റ്‌ ചാൻസ് തന്നതുപോലെ തോന്നി.

ചെയ്ത തെറ്റുകൾ തിരുത്തി സന്തോഷത്തോടെ ഇനിയുള്ള നാളുകൾ മുന്നോട്ട് കൊണ്ടുപോകണമെന്ന ഉറച്ച തീരുമാനത്തോടെ പുതിയ താളുകളിലേക്ക് അടികൾ വച്ച് തുടങ്ങുന്നു…