ജീ വിതം അവസാനിപ്പിക്കാനും മാത്രം സംഘർഷം നിന്റെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ നിന്റെ സങ്കടം ഗൗരവത്തിൽ എടുക്കാതെ ഇരുന്ന എന്റെ മുഖത്ത് ഒരു അടി തന്നിട്ടെങ്കിലും നിനക്ക് പറയാമായിരുന്നു…….

സ്വർഗ്ഗത്തിലേക്കൊരു കത്ത്

രചന: Mahalekshmi Manoj

ഞാനേറെ സ്നേഹിക്കുന്ന എന്റെ ചാരുവിന്:

ചാരു..നിനക്ക് സുഖമാണോ?. നിന്റെ കൂടെ നിനക്ക് കൂട്ടായി ഇപ്പോൾ ആരാണുള്ളത്? ഉറപ്പായും അത് അച്ഛമ്മയാവും അല്ലെ?

നിനക്കോർമ്മയുണ്ടോ അച്ഛമ്മ പോയതിനു ശേഷം എന്നും നമ്മൾ രണ്ട് പേരും രാത്രി നടപ്പടിയിൽ ഇരുന്ന് ആകാശത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ നോക്കി അത് അച്ഛമ്മയാണ് എന്ന് പറഞ്ഞിരുന്നത്?.

അപ്പോൾ നീ പറയുമായിരുന്നു, “ഇന്ദുവേച്ചി..ഞാൻ മരിച്ചു കഴിഞ്ഞാൽ അച്ഛമ്മയെന്ന നക്ഷത്രത്തിന്റെ ഏറ്റവും അടുത്ത നക്ഷത്രമായി ഞാനുമുണ്ടാവും,

പക്ഷെ അച്ഛമ്മയുടെ അത്രയും തിളക്കമൊന്നും എനിക്കുണ്ടാവില്ലാട്ടോ,

ഞാനാണ് ആദ്യം പോകുന്നതെങ്കിൽ ഇന്ദുവേച്ചി ഞങ്ങളെ കാണാൻ എന്നും വരണംട്ടോ”….

“പോടി, വെറുതെ ആവശ്യമില്ലാത്തത് പറയാതെ”, എന്ന് പറഞ്ഞ് ഞാൻ നിന്റെ തുടയിൽ ഒരടിയും തരുമായിരുന്നു.

നിനക്കറിയുമോ ഈ കഴിഞ്ഞ ദിവസങ്ങളെല്ലാം രാത്രിയാകാൻ വേണ്ടി ഞാൻ കാത്തിരുന്നു, ആകാശത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രമായ നിന്നെ കാണാൻ.

പക്ഷെ ഒരു രാത്രിയിലും നിന്നെയും അച്ഛമ്മേയും കാണാൻ എനിക്ക് കഴിഞ്ഞില്ല.

നിങ്ങൾ എവിടെ പോയിരിക്കുകയാണ്? വിശേഷങ്ങൾ പറഞ്ഞു തീരാത്തത് കൊണ്ടാണോ വരാത്തത്?”

നീയറിഞ്ഞോ?നമ്മുടെ മൂവാണ്ടൻ മാവ് ഇക്കൊല്ലം ഇത് വരെ പൂത്തില്ലനിന്റെ നിർബന്ധത്താൽ നിനക്ക് ഏഴു വയസുള്ളപ്പോൾ അച്ഛൻ മേടിച്ച് കൊണ്ട് വന്ന് നിന്റെ കൈയാൽ നട്ട മാവിൻ തൈ,

നട്ട് രണ്ടു വർഷത്തിന് ശേഷം കഴിഞ്ഞ കൊല്ലം വരെ നിറയെ മാങ്ങകൾ തന്ന മാവ് ഇക്കൊല്ലം ഒരു മാങ്ങ പോലും തന്നില്ല.

നമ്മുടെ മാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് നീയായിരുന്നല്ലോ ചാരു. അതിനു വലിയ പരിഭവവും സങ്കടവും കാണും നീ പോയതിൽ.

ഇന്നലെ ഞാൻ നമ്മുടെ മാവിൻ ചുവട്ടിൽ പോയി അൽപനേരം ഇരുന്നു, കണ്ണുകൾ അടച്ച്. ഉൾക്കാഴ്ചയിൽ നമ്മൾ രണ്ട് പേരും മാവിൻ തണലിൽ ഇരുന്ന് പച്ച മാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കുന്നതും,

കണ്ണാരം പൊത്തിക്കളിക്കുന്നതും, ഇടയ്ക്ക് അടികൂടുമ്പോൾ അച്ഛമ്മയോട് പരാതിയുമായി നീ പോകുന്നതും, അച്ഛമ്മ കൃത്രിമ ദേഷ്യത്താൽ എന്നെ തല്ലാൻ കൈ ഓങ്ങുന്നതും ഒക്കെ കണ്ടു.

പെട്ടെന്ന് “ഇന്ദുവേച്ചി” എന്ന വിളികേട്ട പോലെ തോന്നി കണ്ണ് തുറന്ന ഞാൻ കണ്ടത് നമ്മുടെ മാവിന്റെ വാടി കൊഴിയാറായ ഇലകൾ മാത്രമാണ്.

നീ വന്നിരുന്നുവോ ചാരു എന്നെത്തേടി? അതോ നീ ഇവിടെ തന്നെ ഉണ്ടോ?.

നീ പോയി മൂന്ന് മാസം ആകുന്നു. എങ്കിലും നമ്മുടെ അച്ഛൻ ഇപ്പോഴും തളർന്നാണ് ഇരിക്കുന്നത്.

അച്ഛൻ എത്ര പെട്ടെന്നാണ് വയസ്സനായത്?. നിനക്ക് ആറും എനിക്ക് പത്തും വയസുള്ളപ്പോഴാണ് നമ്മുടെ അമ്മ പോകുന്നത്,

അന്ന് തൊട്ടു നമ്മുടെ ലോകം അച്ഛനും അച്ഛമ്മയുമായിരുന്നു. അച്ഛൻ ജീവിച്ചത് നമുക്ക് വേണ്ടിയാണ്. ആ അച്ഛന് സഹിക്കാൻ പറ്റുന്നില്ല നിന്റെ വിയോഗം.

നീ എന്തിനാ ചാരു ഇത്ര വേഗം പോയത്?ഒരു യാത്ര പോലും പറയാതെ..ഒരു കീ ട നാ ശി നി കുപ്പിയിൽ ജീവിതം അ വസാനിപ്പിക്കാനും മാത്രം ഇത്ര വലിയ പ്രയാസം നിനക്കുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല,

അതോ നിന്റെ മനസ്സിന് അത്രേം കട്ടിയെ ഉണ്ടായിരുന്നുവൊള്ളോ? വേറെ ആരെയും നീ ഓർക്കണ്ടായിരുന്നു, നിന്റെ മൂന്ന് വയസുള്ള മകളെ ഓർക്കാതതെന്തായിരുന്നു?

നിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ നീ എന്നോട് സൂചിപ്പിക്കുമ്പോഴെല്ലാം അതൊക്കെ കുറച്ച് കഴിയുമ്പോൾ ശരിയാകും, നീ അഡ്ജസ്റ്റ് ചെയ്യൂ എന്ന് ഞാൻ പറയുമായിരുന്നു.

“അല്ല ഇന്ദുവേച്ചി, ഇത് അങ്ങനെയല്ല” എന്ന് നീ പറയുമ്പോൾ നിനക്ക് പക്വത കുറവിന്റെ പ്രശ്നമാണ് എന്ന് വിചാരിച്ച് ഞാൻ ശ്രദ്ധിക്കാതെ ഇരുന്നിട്ടുണ്ട്.

ജീ വിതം അവസാനിപ്പിക്കാനും മാത്രം സംഘർഷം നിന്റെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ നിന്റെ സങ്കടം ഗൗരവത്തിൽ എടുക്കാതെ ഇരുന്ന എന്റെ മുഖത്ത് ഒരു അടി തന്നിട്ടെങ്കിലും നിനക്ക് പറയാമായിരുന്നു,

എങ്കിൽ നീ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നേനെ എന്ന് നിന്റെ ഇന്ദുവേച്ചിക്ക് തോന്നുന്നു.

ഈ കുറ്റബോധവും പേറി ഇനി ഉള്ള കാലം ഞാൻ കഴിയണം. നീ എന്നോട് പിണങ്ങിയാണോ പോയത്?.

അച്ഛനോടെങ്കിലും നിനക്ക് പറയാമായിരുന്നു നിന്റെ ഉള്ളിലെ വേദനകൾ, അച്ഛൻ ഉറപ്പായും പരിഹാരം കണ്ടേനെ, നമ്മളെക്കാൾ വലുതായി അച്ഛനൊന്നും ഇല്ല എന്ന് നീ മറന്നു പോയിരുന്നോ?

ഇപ്പോൾ അച്ഛമ്മ നിന്റെ കൂടെ ഇരുന്ന് എന്നെ വഴക്ക് പറയുന്നുണ്ടാവും,

“അല്ലേലും അവൾക്ക് ഒരു കാര്യത്തിലും ഗൗരവം തീരെയില്ല ചാരു, നിന്റെ വിഷമം അവൾ ഗൗരവത്തോടെ എടുത്തിരുന്നുവെങ്കിൽ എന്റെ കുട്ടിക്ക് ഇപ്പോൾ ഈ ഗതി വരുമായിരുന്നോ” എന്നൊക്കെ, അല്ലെ?

നീ പോയതിന് ശേഷം നമ്മുടെ മുറിയിൽ കയറാൻ നിന്റെ ചേച്ചിക്ക് കഴിയാറില്ല.

അഭിയേട്ടനുമായുള്ള എന്റെ വിവാഹം നിശ്ചയിച്ചതിനു ശേഷം ഞങ്ങളുടെ ഫോൺ വിളികൾ സഹിക്കാൻ കഴിയാതെ എത്രയോ ദിവസങ്ങൾ നീ പറഞ്ഞിട്ടുണ്ട്,

“ഒന്ന് വേറെ എവിടെയെങ്കിലും പോയിരുന്നു ഫോൺ വിളിക്കാമോ ഇന്ദുവേച്ചി,

എപ്പോ ഈ റൂമിനകത്ത് കയറി വന്നാലും ഈ കിന്നാരം പറച്ചിലേ ഉള്ളല്ലോ, ഇത്രയ്ക്കും മാത്രം എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?”.

ഇപ്പൊ അതിനകത്ത് കയറുമ്പോഴെല്ലാം ആ ഓർമ്മകളൊക്കെ ശബ്ദങ്ങളായി തലച്ചോറിൽ വലിയ കോലാഹലം സൃഷ്ടിക്കുന്നു.

നീ ഉണ്ടായിരുന്ന കാലത്ത് ഇടയ്ക്ക് എനിക്ക് എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ മരിച്ച് പോയാലോ എന്ന പേടിയാൽ പലപ്പോഴും നിന്നെ വിളിക്കാൻ ഫോൺ എടുത്തിട്ടുണ്ട് ഞാൻ,

“എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോനെ നീ നോക്കിക്കോളാണേ ചാരു” എന്ന് പറയാൻ.

എനിക്ക് നിന്നെ അഭിയേട്ടനെക്കാളും വിശ്വാസമായിരുന്നു ആ കാര്യത്തിൽ.

എന്റെ മോനെ നീ സ്നേഹിക്കുകയും നോക്കുകയും ചെയ്ത പോലെയൊന്നും നിന്റെ മോളെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല,

അല്ല അവസരം കിട്ടിയിട്ടില്ല, അതിന്റെ പ്രതികാരമായിട്ടാണോ നീ നിന്റെ മോളെ എന്നെ ഏല്പിച്ച് പോയത്?.

പണ്ട് ഹോസ്റ്റലിൽ നിന്നിരുന്ന കാലത്ത് ഒരുപാട് എഴുത്തുകൾ “ടു ചാരുലത, ഫ്രം ഇന്ദുലത” എന്ന പേരിൽ ഞാൻ നിനക്ക് എഴുതിയിട്ടുണ്ട്.അപ്പോൾ നീ പറഞ്ഞിട്ടുണ്ട് “ഇന്ദുവേച്ചി നമ്മൾ എവിടെ ജീവിച്ചാലും ഇടയ്ക്ക് എനിക്ക് ഇത് പോലെ കത്തുകൾ അയക്കണം”.

അന്നൊന്നും കരുതിയിരുന്നില്ല ഒരിക്കലും പോസ്റ്റ് ചെയാൻ കഴിയാത്ത കത്തുകൾ നിനക്ക് എഴുതേണ്ടി വരുമെന്ന്.

നീ ഞങ്ങളെ കാണുന്നുണ്ടെന്നും, ഇത് വായിക്കാൻ നിനക്ക് കഴിയുകയും ചെയ്യും എന്ന ഉറച്ച വിശ്വാസത്തിൽ നമ്മുടെ മുറിയിലെ “ചാരുലത” എന്നെഴുതിയ,

നിന്റെ മാത്രം എന്ന് നീ എപ്പോഴും അവകാശപ്പെടുമായിരുന്ന ടേബിളിൽ, നമ്മൾ ഒരുമിച്ചുള്ള ചിത്രത്തിനരികിൽ ഇതെന്നും ഉണ്ടാകും,

ഈ കത്ത് മാത്രമല്ല, ഇനി ഞാൻ നിനക്കെഴുതുന്ന ഓരോ കത്തും. ഇങ്ങനെയല്ലാതെ വേറെ ഏത് രീതിയിലാണ് ഇനി ഞാൻ നിന്നോട് സംവദിക്കുക?.

നമ്മുടെ മാവിൻ ചുവട്ടിൽ ഇരുന്ന് നമ്മൾ ഒരുമിച്ച് കൊണ്ട വെയിലും, തണലും, കാറ്റും, മഴയും എല്ലാം ഇനി ഞാൻ തനിച്ച് കൊള്ളണം.

മഴക്കാലത്ത് തോട്ടിൽ വെള്ളം നിറയുന്നത് കാണാനും, തോർത്ത് വെച്ച് മീൻ പിടിക്കാനും എല്ലാറ്റിനും ഇനി ഞാൻ തനിച്ച് പോകണം.

സമാധാനമായി ഉറങ്ങിക്കൊൾക ചാരു. നിന്റെ മകൾ എന്റെയും അഭിയേട്ടന്റെയും കൂടെ എപ്പോഴും സുരക്ഷിതയായിരിക്കും.

എന്റെ മകൻ അവളെ എന്നും സംരക്ഷിക്കുന്ന ഒരു വലിയേട്ടനുമായിരിക്കും. അവൾക്കെന്നും കൂട്ടായി, തുണയായി ഞങ്ങളോരോരുത്തരും ഉണ്ടാകും.

എവിടെ ജീവിച്ചാലും ഓരോ രാവ് പുലരുമ്പോഴും അടുത്ത രാവിനായി ഞാൻ കാത്തിരിക്കും, ആകാശത്തെ രണ്ടു തിളങ്ങുന്ന നക്ഷത്രങ്ങളായ എന്റെ ചാരുവിനെയും അച്ഛമ്മയെയും ഒരു നോക്കെങ്കിലും കാണാൻ.

നൂറുമ്മകളോടെ നിന്റെ ഇന്ദുവേച്ചി.