അവളോട് തോന്നിയ പ്രേമമൊക്കെയും ചോർന്ന് പോയി, സ്വപ്‍ന എന്ന് തന്നെയാണ് അവൾക്ക് പറ്റിയ പേര്, സ്വപ്നം കണ്ട് നടക്കുന്നവൾ, കാര്യ ബോധമില്ലാത്തവൾ………

അനുരാഗത്തിന്റെ ദിനങ്ങൾ

രചന: Muhammed Kutty

ഇതൊന്ന് വൃത്തിക്ക് എഴുതി തരോ?

ലാബിലെ സ്വപ്നയാണ്, വെളുത്ത നിറം, നീണ്ട കഴുത്ത്, കവിളിൽ ഒത്ത നടുക്കായി ഒരു കാക്കാപ്പുള്ളി, അവളെ തിരിച്ചറിയാനുള്ള എന്റെ അടയാളങ്ങൾ.

അവൾക്ക് ഇടക്കിടക്ക് സാഹിത്യത്തിന്റെ അസ്കിതയുണ്ട്, അവിടെയും ഇവിടെയുമൊക്കെ എഴുതും. ഇടക്ക് വീക്കിലികളിലേക്ക് അയച്ച് കൊടുക്കും, അതേ സ്പീഡിൽ പത്രാധിപർ തിരിച്ച് അയക്കും.

ഇപ്പോ എഴുത്ത് മുഴുവൻ ഫേസ് ബുക്കിലാണ്, അവിടെ പ്രസിദ്ധീകരിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ, അത് കൊണ്ട് എഴുത്തോട് എഴുത്താണ്.

ഞാൻ ഈ ആശുപത്രിയിലേക്ക് ജോലി മാറി വന്നിട്ട് കഷ്ടിച്ച് മൂന്ന് ആഴ്ച്ചയാവുന്നേയുള്ളൂ.

മൂന്ന് നാല് പുസ്തകങ്ങൾ പുറത്തിറക്കിയത് കൊണ്ടും മാതൃഭൂമി ആഴ്ച്ച പതിപ്പിൽ ഇടക്കിടക്ക് കഥകൾ എഴുതുന്നത് കൊണ്ടും ആളുകൾക്ക് എന്നെ പ്രത്യേകം തിരിച്ചറിയാൻ പറ്റുന്നുണ്ട്.

അങ്ങനെയാണ് ലാബിലെ ഈ സുന്ദരി ഒരു കെട്ട് പേപ്പറുകളുമായി എന്നെ കാണാൻ വന്നത്.

ഡോക്ടറ് വല്യ എഴുത്തുകാരനല്ലേ, ഈ കഥ വായിച്ച് അഭിപ്രായം പറയോ?

ശ്രുതി മധുരമായ ശബ്ദം, അവൾക്ക് സ്വപ്ന എന്നല്ല ശ്രുതി എന്നായിരുന്നു പേരിടേണ്ടത്. എനിക്ക് പെട്ടെന്ന് ഒരു ഉൾക്കിടിലം ഉണ്ടായി,

ഒരു തണുപ്പ്, ഉള്ളിൽ നിന്ന് ഒരു കോരിത്തരിപ്പ്. ആയിരക്കണക്കിന് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്, പക്ഷേ അവരോടൊന്നും തോന്നാത്ത എന്തോ ഒന്ന്. ഇനി ഇതാണോ എന്റെ അനുരാഗത്തിന്റെ ദിനങ്ങൾ.

സ്വപ്ന, എന്തിന് കഥ എഴുതുന്നു? കേമീ, നിന്റെ ഉള്ളിലിരുപ്പ് അറിയണമല്ലോ.. ഡോക്ടറ് എന്തിന് എഴുതുന്നു?

ബഹുകേമി തന്നെ, ചോദ്യം തിരിച്ച് വെച്ചിരിക്കുന്നു. ബുദ്ധിമതി, ഇനി നിന്നെ ഞാൻ എങ്ങനെ പ്രണയിക്കാതിരിക്കും..എന്റെ ഹൃദയം അവളുടെ നെഞ്ചിൻ കൂട്ടിലേക്കുള്ള വഴി അന്വേഷിച്ച് കണ്ട് പിടിച്ച് കഴിഞ്ഞിരിക്കുന്നു.

ഞാൻ ഒന്ന് ചുമച്ചു, തൊണ്ട ശരിയാക്കി, ചുണ്ട് നനച്ചു. എന്റെ വായനക്കാർ അറിയണം ഞാൻ എന്തിന് എഴുതുന്നതെന്ന്. ഇവിടെ ഈ സുന്ദരിപ്പെണ്ണിനുള്ള മറുപടി നിങ്ങൾക്ക് എല്ലാവർക്കും ഉള്ളതാണ്.

ഡോക്ടറേ, ലാബില് പേഷ്യൻറ്ണ്ട്, ഇപ്പ വരാം..

ഐശ്, വിഡ്ഢി കുശ്മാണ്ടി. മഹാനായ ഒരു സാഹിത്യകാരൻ അയാളുടെ സർഗ്ഗ ചേതനയുടെ കാരണഹേതു ലോകത്തോട് പറയാൻ നിൽക്കുമ്പോൾ, ഏതോ ഒരു രോഗിക്ക് ലാബ് ടെസ്റ്റ് ചെയ്യുന്നതാണ് അവൾക്ക് മുഖ്യം.

ഇതാണ് ഈ പെണ്ണുങ്ങൾ ഒക്കെ വീരശൂര പരാക്രിമിണികൾ ആകാതെ പോകാൻ കാരണം, ഒറ്റ ഒന്നിനും ക്ഷമയില്ല.

അവളോട് തോന്നിയ പ്രേമമൊക്കെയും ചോർന്ന് പോയി, സ്വപ്‍ന എന്ന് തന്നെയാണ് അവൾക്ക് പറ്റിയ പേര്, സ്വപ്നം കണ്ട് നടക്കുന്നവൾ, കാര്യ ബോധമില്ലാത്തവൾ.

ഇനി അവളുടെ ഈച്ചാം പൂച്ചി കഥകൾ ശരിപ്പെടുത്താൻ എന്റെ അടുത്തേക്ക് വരട്ടെ, ഓടിച്ചിട്ട് വിടണം അവളെ.

ഞാൻ ഒ. പിയിൽ വെറുതേ ഇരുന്നു. പുതിയ ആശുപത്രിയാണ്, രോഗികൾ കുറവാണ്.

ഒരുപാട് ഒഴിവ് സമയം കിട്ടും. വഴിക്ക് വെച്ച് നിർത്തിപ്പോയ അനുരാഗത്തിന്റെ ദിനങ്ങൾ വായിക്കാൻ തുടങ്ങി. സരസ്വതി ദേവിയെ പ്രണയിക്കുന്ന കഥാകാരൻ.

അയാൾ സംസാരിക്കുന്നതിന് ഇടക്ക് ശ്രദ്ധിക്കാതെ വേലക്കാരൻ കൊണ്ട് പോകുന്ന വസ്ത്രങ്ങളിലേക്ക് കണ്ണ് കൊണ്ട് പോകുന്ന ദേവി.

ങ്ഹേ, ആ ദേവിയല്ലേ ഇപ്പോ ഇവിടുന്ന് ലാബിലേക്ക് ഓടിപ്പോയ സുന്ദരി.
കഥ വന്ന് മുന്നിൽ നിൽക്കുകയാണോ, കഥാപാത്രം രൂപം മാറി വന്നതോ..

സാറേ, അവൾ വീണ്ടും ശ്രുതി മീട്ടുന്നു. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. അല്ലെങ്കിലും പെണ്ണുങ്ങളുടെ മുന്നിൽ തോറ്റ് പോകുവാനാണോ ഞാൻ ഇത്ര വലിയ സാഹിത്യകാരനായത്.

ഞാൻ ധൃതിയിൽ അനുരാഗത്തിലേക്ക് ഊളിയിട്ടു. ദേവി ചുറ്റിപറ്റി നടക്കുകയാണ്. സ്വപ്ന വാതിൽക്കൽ നിന്ന് പിന്നെയും മുരടനക്കുന്നുണ്ട്.

എന്റെ പ്രണയ പുഷ്പം പിന്നെയും വിടർന്നു.

വാ അകത്തേക്ക് വാ..

അല്ലെങ്കിലും പെണ്ണുങ്ങളെ ശ്രദ്ധിക്കാതെ എങ്ങനെയാണ് നല്ല എഴുത്തുകാരൻ ആവുന്നത്.

അവൾ എഴുതിയ കഥ എന്റെ നേരെ നീട്ടി. നാല് പേജുണ്ട്. വൃത്തിക്ക് ഉരുട്ടി എഴുതിയ അക്ഷരങ്ങൾ. കാണാൻ തന്നെ നല്ല ഭംഗിയാണ്, അവളെ പോലെ തന്നെ.

പ്രണയ വഴിയിൽ..

കഥക്ക് നൽകാൻ പറ്റിയ നല്ല പേര്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അപ്പുറത്തെ ബെഞ്ചിലിരുന്ന മീശ കിളിർക്കാത്ത പയ്യനോട് തോന്നിയ പ്രണയം. ആദ്യ പ്രണയമാണ് പോലും.

കള്ളി, ഇങ്ങനെ എത്രയെത്ര ആദ്യ പ്രണയങ്ങൾ ഞാൻ എഴുതി തള്ളിയിരിക്കുന്നു.

ഇനി ഇപ്പോഴും അവൾക്ക് ആ പ്രണയം ഉള്ളിലുണ്ടോ, എനിക്ക് ആധിയായി. അവൻ ഇപ്പോഴും അവൾക്ക് കാമുകനായി ഉണ്ടെങ്കിൽ, എന്റെ ഉള്ളിലെ കിരുകിരുപ്പ് വെറും തുള്ളൽ പനിയായി മാറും.

എനിക്ക് ആകാംക്ഷയായി. ഞാൻ വേഗം വായിക്കാൻ തുടങ്ങി. ഹാവൂ, സമാധാനം, അവനെ അവൾ പിന്നെ കണ്ടിട്ടേയില്ല. എന്റെ കിരുകിരുപ്പ് പിന്നെയും പൊങ്ങി വന്നു.

എഴുതിയ പേപ്പറിൽ ഞാൻ അവിടവിടെയായി വരച്ച് വെച്ചു. എഴുതിയ ഉപമകൾ മൂർച്ച കൂട്ടി കൊടുത്തു. ക്ലൈമാക്സിൽ ഒരു ഇടിവെട്ട് ഡയലോഗ് എഴുതി ചേർത്തു.

ഉം, വായിച്ച് നോക്ക്..അവൾ ഒറ്റ നിൽപ്പിന് മുഴുവൻ വായിച്ചു. അവളോട് മുന്നിലെ കസേരയിൽ ഇരിക്കാൻ പറയാത്തത്തിൽ എനിക്ക് വിഷമം തോന്നി. ഇടക്ക് ആതിഥ്യ മര്യാദകൾ ഞാൻ മറന്ന് പോകും.

അവളുടെ കണ്ണുകൾ വികസിച്ചു, ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞാനൊന്ന് കസേരയിൽ നിന്ന് എണീറ്റിരുന്നെങ്കിൽ ചിലപ്പോ അവൾ എന്നെ കെട്ടിപ്പിടിച്ചേനെ.

സാറേ, നന്ദി, ഒരുപാടൊരുപാട് നന്ദി.. ഇത് വരെ ഞാൻ എഴുതിയതിൽ വെച്ച് ഏറ്റവും നല്ല കഥ ഇതായിരിക്കും.

അവൾ പുറത്തേക്ക് പോയി, അതേ സമയം ഒരു രോഗി അകത്തേക്കും വന്നു.

നാളെ അവളുടെ വായനക്കാർ കഥ വായിച്ചിട്ട് എന്ത് പറഞ്ഞുവെന്ന് ചോദിക്കണം, ഇപ്പോ ആ കഥ ഞാനും അവളും കൂടി എഴുതിയതാണല്ലോ.

എനിക്ക് ആകാംക്ഷ തോന്നി, കൂടെ ആധിയും. ഒന്ന് കൂടെ നന്നാക്കി എഴുതി കൊടുക്കായിരുന്നു.

രോഗിയെ പരിശോധിച്ച് കഴിഞ്ഞ് ഞാൻ ലാബിലേക്ക് നടന്നു. അവിടെ അവളുടെ സഹപ്രവർത്തകനും കൂടെയുണ്ട്.

ഡോക്ടറേ, കണ്ടോ സ്വപ്ന എഴുതിയ പുതിയ കഥ.. നിങ്ങളൊക്കെ ഇനി വീട്ടിൽ ഇരിക്കേണ്ടി വരും കേട്ടോ..

അവൻ ആ പേപ്പർ എന്റെ നേരെ നീട്ടി. പാവം അവനറിയില്ലല്ലോ ഇത് ഞാനും അവളും കൂടി എഴുതിയതാണ് എന്ന്. അവൻ അവന്റെ സഹപ്രവർത്തകയുടെ സാഹിത്യ അഭിരുചിയിൽ ഊറ്റം കൊള്ളുകയാണ്.

ഞാൻ ആ പേപ്പർ വാങ്ങി ഒരാവർത്തി കൂടി നോക്കി.

കുറച്ചൂടെ നന്നാക്കാനുണ്ട്, സ്വപ്ന കുറച്ച് കഴിഞ്ഞ് എന്റെ ഒ. പിയിൽ വരൂ..

ഒപിയിലെ കസേരയിലിരുന്ന് ഞാൻ ആ വരികളിലേക്ക് ഒന്ന് കൂടി നോക്കി, അതിന്റെ വശത്തായി കോഴി ചിക്കി പരത്തിയ പോലെയുള്ള എന്റെ അക്ഷരങ്ങളെയും നോക്കി.

രണ്ടും കൂടി ജോഡി ആവുന്നില്ലല്ലോ..

ഹാ, അതിൽ കാര്യമൊന്നും ഇല്ല, നല്ല വൃത്തിയുള്ള കയ്യക്ഷരമുള്ള എത്ര ഡോക്ടർമാരുണ്ട്..

ഞാൻ ഒന്നൂടെ മോടി പിടിപ്പിച്ച് അവളെയും കാത്ത് ഇരുന്നു.

പത്ത് മിനിറ്റ് കഴിഞ്ഞ് മുമ്പത്തേക്കാൾ സന്തോഷത്തോടെ അവൾ അകത്തേക്ക് വന്നു.

കഴിഞ്ഞോ ഡോക്ടറേ..

ഉം, ഒന്നൂടെ വായിച്ച് നോക്ക്..

ഹാ, ഞാൻ ലാബിൽ പോയിട്ട് വായിക്കാം, ഇന്ന് രാത്രി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യും, നാളെ രാവിലെ വന്ന് വായനക്കാരുടെ അഭിപ്രായങ്ങൾ പറഞ്ഞ് തരാം ട്ടോ..

അവൾ തിരിഞ്ഞ് നടന്നു, നാളെ അവൾ പറയും, കൂടെ എന്റെ പ്രണയവും പറയണം..

പിറ്റേന്ന് രാവിലെ ഡ്യൂട്ടിയിൽ അല്ലാതിരുന്നിട്ട് കൂടി ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.

ഹലോ, ഡോക്ടറേ.. ഇത് കാഷ്വാലിറ്റിയിൽ നിന്നാ, നമ്മുടെ ലാബിലെ സ്റ്റാഫ് ഇല്ലേ, സ്വപ്ന, ഇവിടെ ആക്സിഡന്റ് ആയി കൊണ്ട് വന്നിട്ടുണ്ട്, ബ്രോട്ട് ഡെഡാണ്..

അങ്ങേ തലക്കൽ ഫോൺ വെച്ചു. ഞാൻ ഇടിവെട്ടേറ്റ് ഇരുന്നു. ചിരിച്ചു പോയവൾ മരിച്ച് പോയിരിക്കുന്നു.

ഒരുപാട് കാലമായിട്ട് ഉപയോഗിക്കാത്ത എന്റെ ഫേസ് ബുക്ക് ഐഡിയിൽ കയറി അവളുടെ അവസാനത്തെ പോസ്റ്റ് ഞാൻ വായിച്ചു.

കഥ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്, ഇത് ഞാനും എന്റെ പ്രിയപ്പെട്ട ഡോക്ടറും കൂടി ചേർന്ന് എഴുതുന്ന ആദ്യ കഥയാണ്,

ഇനിയുമിനിയും ഒരുപാട് കഥകൾ ഈ ജീവിതം മുഴുവൻ ഒരുമിച്ചെഴുതാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..

ആദ്യ കഥ, അത് ജീവിതം മുഴുക്കേയുള്ള കഥയായി, എന്റെ അനുരാഗം അത് അവളിലും പൂത്തിരുന്നു.