സമയം – ഭാഗം 8 – വൈഗ വസുദേവ് എഴുതുന്ന നോവൽ

ഏഴാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഓട്ടോയിൽ നിന്നും ഇറങ്ങും മുന്നേ ശ്യാമ കണ്ടു മുറ്റത്ത് ഒരു കാർ കിടക്കുന്നത്. ആരാവും കാറിൽ വരാൻ. ഇത്രനാളും ആരും ഇല്ലാരുന്നു.ആരായാലും സമാധാനം കളയാതിരുന്നാൽ മതി.

ചേച്ചിക്ക് വിരുന്നുകാർ ഉണ്ടല്ലോ .ആരാ ചേച്ചി.. ഓഹോ അതാണ് ഇന്നു കൂൾബാർ അടച്ചിട്ടത്.അല്ലേ. ബൈജു പറഞ്ഞു. അയൽപക്കത്തുള്ള ചെക്കനാണ്. പ്ലസ് 2 പൊട്ടി .ഇപ്പോൾ ഓട്ടോ ഓടിക്കുന്നു.കിട്ടുന്ന വരുമാനം അമ്മയുടെ കയ്യിൽ കൊണ്ടെക്കൊടുക്കും . നല്ല പയ്യൻ. അതിനാൽ ഇവൻ്റെ ഓട്ടോമാത്രേ വിളിക്കു. അതെ. … “ഓട്ടോക്കൂലി കൊടുത്തു .

ശ്യാമ നടയിൽ ചെരിപ്പ് ഊരിയിട്ടു.മുറ്റത്ത് ഓട്ടോ നിർത്തുന്ന ശബ്ദം കേട്ടാവാം അകത്തുനിന്നും രണ്ടുകുട്ടികൾ ഓടി ഇറങ്ങി വന്നു. ശ്യാമയെ കണ്ട കുട്ടികൾ വന്നതുപോലെ ഓടി അകത്തേക്ക് പോയി.തിണ്ണയിൽ കയറിയപ്പോഴെ അകത്തുനിന്നും ആരൊക്കയോ സംസാരിക്കുന്നതും
കേൾക്കാം .

ശ്യാമ ആകാംക്ഷയോടെ അകത്തേക്ക് കടന്നതും സ്തബ്ദയായി പോയി .ഒരിക്കലും പ്രതീക്ഷിക്കാത്തവർ.
അകത്തേക്ക് വെച്ചകാൽ അതുപോലെ എടുത്തു. തിരിച്ചു തിണ്ണയിൽ വന്നിരുന്നു. ഈശ്വരാ ഇനിയും എന്തിനാ എന്നെ ശിക്ഷിക്കുന്നത് . ഇവരുടെ ഈ വരവ് . ഒരിക്കലും എൻ്റെ നന്മയ്ക്കല്ല .
പിന്നെന്തിനാവും . ” ശ്യാമയ്ക്ക് ആലോചിച്ചിട്ട് തല പെരുത്തു.

ശ്യാമയെ കണ്ട് അകത്തേക്ക് ഓടിയ കുട്ടികൾ
സംസാരിച്ചിരിക്കുകയായിരുന്ന അവരുടെ ഡാഡിയുടെ അടുത്തേക്ക് ചെന്നു. ഡാഡീ..ഡാഡി … ഒരു ആൻ്റി വന്നു .” മൂത്തയാൾ പറഞ്ഞു. ആൻ്റിയോ ..നീ കണ്ടോ. ഞങ്ങൾ കണ്ടു. ഇപ്പോൾ ഓട്ടോ വന്നില്ലേ അതിലാ വന്നേ ” രണ്ടുപേരും ഒരുമിച്ചു പറഞ്ഞു. ശ്യാമയാവും നമ്മൾ വർത്തമാനം പറഞ്ഞിരുന്നതിനാൽ ഓട്ടോയുടെ ഒച്ച കേട്ടില്ല .” ലീല പറഞ്ഞു. പെട്ടെന്ന് എല്ലാവരും നിശബ്ദരായി.

എന്നിട്ട് അവൾ എവിടെ …ലീല തിണ്ണയിലേയ്ക്ക് ഇറങ്ങി വന്നു. ” നീ ഇവിടെ ഇരുന്നതെന്താ..എന്താ പറ്റിയത് എന്താ മുഖം വല്ലാതെ ..എന്താടി കാര്യം പറയ് ..” ശ്യാമയുടെ മുഖം കണ്ട ലീല ചോദിച്ചു. ” ഒന്നുമില്ലമ്മേ..”” വാ ..വന്ന് അവരോട് മിണ്ടൂ.. ഒന്നുമില്ലേലും നമ്മളെ കാണാൻ വന്നതല്ലേ.. മുഷിയേണ്ട വാ..പിണക്കം ഒന്നും കണിക്കേണ്ട.” ലീലയുടെ വാക്കുകൾ തള്ളാൻ ശ്യാമയ്ക്കായില്ല. അവൾ അമ്മയുടെ പിറകെ അകത്തേയ്ക്ക് വന്നു.

ശ്യാമയെ കണ്ട് വിരുന്നുകാർ എണീറ്റു. അനിയത്തിയും അനിയനും രണ്ട് ആൺമക്കളും . അനിലിനു തടികൂടിയിട്ടുണ്ട്
സീമ പഴയപോലെ തന്നെ സ്ലിം ബ്യൂട്ടി .മക്കൾ രണ്ടും അനിലിനെ പോലെതന്നെ.

” ചേച്ചീ .. ” സീമ വിളിച്ചു. ” നിങ്ങൾ എപ്പോൾ വന്നു.”.ശ്യാമ അനിലിനോടായി ചോദിച്ചു. “കുറച്ചു നേരമായി .. ചേച്ചിയെ നോക്കിയിരിക്കയാരുന്നു. ..” “വീട്ടിൽ എല്ലാവർക്കും സുഖമാണോ..” ” അതെ ..” ” രണ്ടുപേരും ഇങ്ങുവാ .. വല്യമ്മ ചോദിക്കട്ടെ .. ” ശ്യാമ കുട്ടികളെ തൻെറ അടുത്തേയ്ക്ക് വിളിച്ചു. ” ചെല്ലെടാ ..നിങ്ങളുടെ വല്യമ്മയാ..” സീമ ശ്യാമയുടെ അടുത്തേയ്ക്ക് കുട്ടികളെ തള്ളി വിട്ടു.

കുട്ടികൾ റബ്ബർ ബാൻഡ് പോലെ സീമയുടെ ചുരിദാറിൽ ചുറ്റിപ്പിടിച്ചു. ” അവരെ പറഞ്ഞിട്ടു കാര്യമില്ല സീമേ കുട്ടികളല്ലേ അവർ ആദ്യം കാണുകയല്ലേ മുത്തശ്ശനേയും മുത്തശ്ശിയേയും വല്യമ്മയേയും ഒക്കെ. ”

” അറിയാം ചേച്ചീ അങ്ങനൊക്കെ സംഭവിച്ചുപോയി . ഞങ്ങളോട് ക്ഷമിക്കണം “. സീമ പറഞ്ഞു. ” കഴിഞ്ഞതുകഴിഞ്ഞു സീമേ . പലതിനെയും നിർവ്വികാരതയോടെ സമീപിക്കാൻ പഠിച്ചുകഴിഞ്ഞു . അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു .നിങ്ങൾ വന്നല്ലോ അതുമതി .അച്ഛനും അമ്മയും നിങ്ങളെയും നിങ്ങളുടെ മക്കളേയും കാണാൻ പറ്റിയല്ലോ .” ബാക്കി പറയാൻ ആവാതെ ശ്യാമ നിർത്തി.

മറക്കാൻ കഴിയാത്ത പലതും മനസ്സിലേക്ക് ഇരച്ചു കയറി വരുന്നു. നിയന്ത്രണം വിട്ടുതാൻ വല്ലതും പറഞ്ഞുപോകുമോ എന്ന് ശ്യാമ ഭയന്നു. ” നിങ്ങൾ സംസാരിക്ക് എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട്. ” ശ്യാമ അടുക്കളയിലേയ്ക്ക് നടന്നു. അടുക്കളയിലെ തിരക്കിനിടയിലും ശ്യാമയ്ക്കു മനസ്സിലായി അച്ഛനും അമ്മയും വളരെ സന്തോഷത്തിലാണെന്ന് .” ഈശ്വരാ ..അവരുടെ ഈ സന്തോഷം . അതുമതി തനിക്ക് സന്തോഷിക്കാൻ .”.ശ്യാമ ഈശ്വരന് നന്ദി പറഞ്ഞു.

°°°°°°° °°°°°°°° °°°°°°° °°°°°°°°
കാറോടിക്കുമ്പോഴും അരവിന്ദ് ശ്യാമയെപ്പറ്റിതന്നെ ചിന്തിച്ചു. താനും അമ്മയും പെണ്ണുകാണാൻ പോയെന്നു പറഞ്ഞപ്പോൾ എന്താവും ശ്യാമയുടെ മുഖം മ്ലാനമായത് . തങ്ങൾ അത് അറിയാതിരിക്കാൻ പരമാവധി അവൾ ശ്രമിച്ചു. ” അമ്മേ.. അമ്മ അവളുടെ മുഖം ശ്രദ്ധിച്ചോ ..”

” ഉംം..ലതയ്ക്ക് കാര്യങ്ങൾ ഏകദേശം മനസിലായി എന്നുവേണം കരുതാൻ ..” ” ലതയുടെ കാര്യമല്ലമ്മേ..ശ്യാമയുടെ..” ” അവളുടെ തെറ്റിദ്ധാരണ നീങ്ങിക്കാണും . ഇനി ലതയെ അവൾക്ക് പേടിക്കേണ്ടല്ലോ ” “അതുശരിയാ…നമ്മൾ പെണ്ണുകാണാൻ പോയെന്നു പറഞ്ഞപ്പോൾ ശ്യാമയുടെ മുഖം അമ്മ ശ്രദ്ധിച്ചോ..” “ഉംം.. അവളുടെ മുഖം പെട്ടെന്ന് വല്ലാതായി . ഉണ്ണീ എനിക്കവളെ ഇഷ്ടായി ..”

” അതറിഞ്ഞാൽമതി.. ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചവളാ…പാവം .മറ്റുള്ളവർക്ക് വേണ്ടിയുള്ള ജീവിതം. ഓരോരുത്തരുടെ വിധി. ചിലർ തട്ടിപ്പറിക്കും ചിലർ തട്ടിക്കളയും.”

അരവിന്ദിൻ്റെ മനസ്സിനെ അന്ന് ആ കത്തു തന്നിട്ടുപോയ ഓർമ്മകൾ വല്ലാതെ വേദനിപ്പിച്ചു. “നമുക്കായി ജീവിക്കാൻ സമയം ഉണ്ടാകുമോ ..ശ്യാമേ . ഞാനും നീയും .നമ്മുടെ സ്വപ്നങ്ങളും . വീണ്ടും കണ്ടുമുട്ടേണ്ടായിരുന്നു.”അരവിന്ദ് മനസ്സിൽ പറഞ്ഞു. വീടെത്തുംവരെ അരവിന്ദ് നിശബ്ദനായി രുന്നു.

°°°°°°° °°°°°°° °°°°°°° °°°°°°°

പത്തു വർഷത്തിനിടയിൽ അച്ഛനും അമ്മയും ഇത്രമാത്രം സന്തോഷിച്ച് കണ്ടിട്ടില്ല. ശരണും കിരണും അച്ഛൻ്റെയും അമ്മയുടെയും കൂടെ കൂടി. ” ഈശ്വരാ ഇവരുടെ ഈ സന്തോഷം നീ എന്തിനാ തടഞ്ഞുവെച്ചത് ” ഭക്ഷണത്തിനുശേഷം എല്ലാവരും സംസാരിച്ചിരുന്നതിനിടയിൽ ശ്യാമ ചോദിച്ചു ” ഇവിടെ വരാൻ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോ ..അതോ എവിടേലും പോകുംവഴി കയറിയതാണോ .” അനിൽ സീമയുടെ മുഖത്തേയ്ക്ക് നോക്കി .

കാര്യം പറഞ്ഞോളൂ എന്ന് സീമ ആഗ്യം കാണിച്ചു. ” അല്ല ഇവിടേയ്ക്ക് തന്നെ വന്നതാ .ചേച്ചിയെ കാണാനും ..കൂട്ടിക്കൊണ്ടു പോകാനും ..” ” എന്നെ കൊണ്ടുപോകാനോ.. എന്തിന്. .? ശ്യാമയ്ക്ക് ചോദിക്കാതിരിക്കാൻ ആയില്ല.” എന്നെ കൊണ്ടുപോയാൽ നിങ്ങൾക്കെന്തു നേട്ടം ..” ശ്യാമ അച്ഛൻ്റെയും അമ്മയുടെയും മുഖത്തുനോക്കി .ഇവരും അറിഞ്ഞുകൊണ്ടാണോ ഈ തീരുമാനം. എന്നാൽ അവർക്കും അനിൽ പറഞ്ഞത് മനസിലായില്ല.

” അനിൽ എന്താ പറഞ്ഞത്. ശ്യാമയെ കൊണ്ടുപോകാനോ …അതെന്തിന് ഇവൾക്ക് നിങ്ങളുടെ വീടുമായി ഇനി എന്തു ബന്ധം. അവളെ അവളുടെ വഴിക്ക് വിടൂ. എല്ലാവർക്കും വേണ്ടി സ്വന്തം ജീവിതം വേണ്ടെന്നുവച്ചതാ.അല്ലായിരുന്നെങ്കിൽ ഇന്ന് ഇവൾ എത്ര സന്തോഷത്തോടെ ജീവിക്കേണ്ടതാ. പത്തു വർഷം കൂടി നിങ്ങൾ വന്നപ്പോൾ ഞാൻ കരുതി ഞങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു എന്ന് ” പറഞ്ഞു പറഞ്ഞ് ലീലയ്ക്ക് കണ്ണുനിറഞ്ഞു .


തൊണ്ടയിടറി നേര്യതിൻ്റെ കോന്തലകൊണ്ട് കണ്ണും മുഖവും തുടച്ചു. ” അമ്മേ. ഇങ്ങനൊന്നും പറയല്ലേ ..ഞങ്ങൾ വന്നത് ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണം എന്നു പറയാനും കൂടിയാണ്. ചേച്ചിയോട് ചെയ്ത തെറ്റിന് എത്ര ക്ഷമചോദിച്ചാലും അധികമാവില്ലയെന്നറിയാം. തെറ്റുപറ്റിപ്പോയി ക്ഷമ ചോദിക്കാനല്ലേ ഇനി പറ്റൂ..” സീമ സങ്കടത്തിൽ പറഞ്ഞു. “അത് ചേച്ചിയുടെ വീടാണ്. ” അനിൽ പറഞ്ഞു.

” ആണോ അനിൽ …അങ്ങനെ ആയിരുന്നു എങ്കിൽ എനിക്കവിടെനിന്നും പോരേണ്ടി വരില്ലാരുന്നു .” ശ്യാമ ചെറുചിരിയോടെ ചോദിച്ചു. ” ചേച്ചിയ്ക്ക് എപ്പോൾ വേണമെങ്കിലും വരാം അതേ പറയാനുള്ളൂ ..ആ വീട്ടിൽ ഞങ്ങളുടെ ചേച്ചിയായി എൻ്റെ ചേട്ടൻ സുനിലിൻ്റെ ഭാര്യയായി .. നമ്മുടെ വീട്ടിലെ മൂത്ത മരുമോളായി ചേച്ചി ഉണ്ടാവണം .ഇത് ഞങ്ങളുടെ അപേക്ഷയാണ്.” അവസാനവാചകം പറഞ്ഞപ്പോൾ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ അനിലിന്റെ കൈകൾ കൂപ്പി പിടിച്ചിരുന്നു.

ശ്യാമയ്ക്ക് ഒരു കാര്യം മനസ്സിലായി. എന്തൊക്കയോ ഇവരുടെ ഉള്ളിൽ പുകയുന്നുണ്ട്. ” ശരി ഞാൻ വരാം . നിങ്ങൾക്ക് എൻ്റെ സഹായം വേണ്ടിവന്നാൽ വിളിക്കൂ . അതുമാത്രമല്ല ഞാൻ വന്നാൽ ഇവരുടെ കാര്യം എന്താവും . വയ്യാത്ത ഇവർക്ക് വേറെ ആരുണ്ട്‌. അനിൽ നിങ്ങളുടെ ചേച്ചിയാണ് ഞാൻ .

സീമ എൻ്റെ അനിയത്തിയല്ലേ.. ഈ മക്കളുടെ വലിയമ്മയല്ലേ ..ആസ്ഥാനത്തിന് എനിക്കർഹത ഉണ്ടല്ലോ ..അതുമതി ..അനിൽ ബന്ധങ്ങൾ അടിച്ചേൽപ്പിക്കുന്നതാവരുത് .സ്വയം തോന്നണം. നീണ്ടപത്തുവർഷം വേണ്ടിവന്നു നിങ്ങൾക്ക് അതു മനസിലാവാൻ .ചിലപ്പോൾ എല്ലാം നല്ലതിനാവും .”

” ചേച്ചി ഞങ്ങളോട് ക്ഷമിക്കണം .അച്ഛനും അമ്മയും വരാനിരുന്നതാണ് ആരോഗ്യം മോശം. അച്ഛൻ യാത്രയെല്ലാം ഒഴിവാക്കി .ആകെ പോകുന്നത് ഹോസ്പിറ്റലിൽ മാത്രം. അതും അത്യാവശ്യമാണെങ്കിൽ മാത്രം.” അനിൽപറഞ്ഞു “കാര്യങ്ങൾ നേരാംവണ്ണം പറയ്..അനിൽ ” ” അത് ചേച്ചി നേരിട്ട് വന്ന് അറിയുന്നതാണ് നല്ലത് ” ” താമസിയാതെ വരാം ..” ശ്യാമ പറഞ്ഞു.തന്നെ തിരക്കി ഇവർ വരണമെങ്കിൽ കാര്യം ഗൗരവമുള്ളതുതന്നെ. ശ്യാമ മനസ്സിൽ ഉറപ്പിച്ചു.

തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ സീമ പറഞ്ഞു. ” ചേച്ചീ… ചേച്ചി വരണം ..ഞങ്ങൾ ചേച്ചി വരും എന്ന പ്രതീക്ഷയോടെ ആണ് പോകുന്നത് ” ” വരും ..താമസിയാതെ ” ശ്യാമ പറഞ്ഞു. അവരുടെ കാർ കണ്ണിൽനിന്നും മറയുന്നതുവരെ അവർമൂവരും നോക്കി നിന്നു.


°° °°°°°°°°°°°°

ലതയ്ക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കുറച്ചു മുമ്പ് നടന്ന ഓരോ സംഭവം മനസ്സിൽ നിന്നും മായുന്നില്ല . ” വർഷങ്ങളായി താൻ മനസ്സിൽ താലോലിക്കുന്ന തൻെറ സ്വപ്നങ്ങൾ എത്രപെട്ടെന്നാണ് തകർന്നടിഞ്ഞത്. ഇന്നല്ലെങ്കിൽ നാളെ തൻെറ സ്നേഹം, തൻെറ മനസ്സ് .. അരവിന്ദ് തിരിച്ചറിയും എന്നു വിശ്വസിച്ചു. താൻ കരുതി തൻെറ ശത്രു ശ്യാമയായിരിക്കുമെന്ന് .

പെണ്ണുകാണാൻ പോയിവന്ന വഴിയാണ് എന്നല്ലേ അരവിന്ദിൻ്റെ അമ്മ പറഞ്ഞത്. ആ അമ്മ കള്ളം പറയേണ്ട കാര്യമില്ലല്ലോ .. ആരാവും ആ ഭാഗ്യവതി . എങ്ങനെ അറിയും .അറിയാൻ എന്താ മാർഗം ..ലത തലപുകച്ചു. ഇനി അവൾ.. താൻ അറിയാത്ത തൻെറ ശത്രു . അവളാണ് അടുത്ത ലക്ഷ്യം .അരവിന്ദ് തൻെറ ആണ് .

ആളറിയാതെ ശ്യാമയെ സംശയിച്ചു. ഇനി ശ്യാമയുടെ മുഖത്ത് എങ്ങനെ നോക്കും . ഒന്നുകൂടി കാണണം .സോറി പറയണം.”
ലത തീരുമാനിച്ചു.

°°°°°°° °°°°°°°°

” ഉണ്ണീ …. ഉണ്ണീ….”
താഴെനിമ്നും അമ്മ വിളിച്ചത് അരവിന്ദ് കേട്ടില്ല.ഡയറിമായി കസേരയിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറെനേരമായി. ” താനും അമ്മയും മാത്രമുള്ള ലോകത്തുനിന്നും വീണ്ടും ഞാനും നീയും അമ്മയും എന്നു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്കറിയാം .ഇപ്പോഴും നിൻ്റെ മനസ്സിൽ ഞാനുണ്ടെന്ന് ..നമ്മൾ കണ്ട സ്വപ്നങ്ങളും .

ലത എന്തൊക്കെയോ പറഞ്ഞു നിന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്ന്. ഇനി അവൾ നിന്നെ വിഷമിപ്പിക്കില്ല. ” മയക്കത്തിലേയ്ക്ക് വീഴുമ്പോൾ ശ്യാമ തൻ്റൊപ്പം ഉണ്ടെന്നുള്ള വിശ്വാസത്തിലായിരുന്നു അരവിന്ദ്.

“ഉണ്ണീ …ഉണ്ണീ…” നെറ്റിയിൽതോട്ടുകൊണ്ട് അമ്മ വിളിച്ചു. നെഞ്ചോടുചേർത്തു പിടിച്ചിരുന്ന ഡയറി എടുത്ത് മാറ്റാൻ തുടങ്ങിയതും അരവിന്ദ് കണ്ണുതുറന്നു “അമ്മേ.. അമ്മ എന്തിനാ സ്റ്റെപ്പ് കയറിയത് .എന്നെ വിളിച്ചാൽ പോരായിരുന്നോ ..” ” ആഹ ..അതു ശരി ..ഞാൻ എത്രനേരം വിളിച്ചു.” ” ഞാൻ കേട്ടില്ല ..ഒന്നുമയങ്ങി ..” “എനിക്കും തോന്നി അതാ ഞാൻ വന്നത്. ഉണ്ണീ എന്താ നിൻ്റെ തീരുമാനം. .ആ ലതയ്ക്ക് നിന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസിലായി.

നീ പെണ്ണുകാണാൻ പോയതാണെന്നു പറഞ്ഞപ്പോൾ അവൾക്ക് ഷോക്ക് ആയി. അത് അവളുടെ മുഖത്തുനിന്നും മനസിലാക്കാൻ എനിക്ക് കഴിഞ്ഞു.” ” അമ്മ എന്താ പറഞ്ഞു വരുന്നത്.. ലതയെ ആലോചിക്കാമെന്നോ..”

തുടരും