മാന്യത
രചന: Anitha Raju
ശ്രെയേ നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല, ഈ കൂട്ടരും ആയി നിന്റെ വിവാഹം ഞാൻ നടത്തില്ല.
അവൾക്കു പ്രേമിക്കാൻ കണ്ടത് ഒരു മ ദ്യപാനിയുടെ മകൻ, ഉടൻ നടന്നത് തന്നെ..
അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് രാഹുലിനെ തന്നെ ആയിരിക്കും. അച്ഛൻ മ ദ്യപിക്കുന്നതിനു മകൻ എന്ത് പിഴച്ചു.
ഞാൻ പ്രായപൂർത്തി ആയ ഒരു പെണ്ണാണ് , അച്ഛൻ എനിക്ക് നല്ല വിദ്യാഭ്യാസം നൽകി ഞാൻ നന്നായി പഠിച്ചു അനുയോജ്യമായ ജോലിയും കിട്ടി,
മക്കൾക്ക് വേണ്ടി എല്ലാ മാതാപിതാക്കളും ചെയ്യുന്ന കാര്യമേ അച്ഛനും ചെയ്തിട്ടുള്ളു.
എന്റെ ജീവിത പങ്കാളിയെ തിരഞ്ഞു എടുക്കാൻ ഉള്ള സ്വാതന്ത്ര്യം എനിക്ക് വേണം.
“നീ എന്തൊക്കെ പറഞ്ഞാലും ഈ ബന്ധം നടക്കില്ല. ”
അച്ഛൻ അതിന്റെ കാരണം കൂടെ എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരണം …
“അവൻ ഒരു അറിയപ്പെടുന്ന തറവാട്ടു കാരൻ ആണോ? ധനസ്ഥിതി നമുക്ക് ഒപ്പം ഉണ്ടോ? എന്തിനു കൊള്ളാവുന്ന ഒരു ജോലി ഉണ്ടോ?
അവനും അവന്റെ അച്ഛനും ദിവസവേദനത്തിന് കിട്ടുന്ന എന്ത് ജോലിക്കും പോകുന്നവർ, എന്നും വൈകുന്നേരങ്ങളിൽ അവന്റെ അച്ഛൻ മ ദ്യപിക്കും,
നാളെ മകനായ അവനും ആ പാദ പിന്തുടർന്നാലോ? അവന്റെ അച്ഛൻ ഒരിക്കലും എന്നെ പോലെ ഒരു മാന്യൻ അല്ല. ”ഓ അതുശരി എന്താണ് അച്ഛൻ പറയുന്ന മാന്യതയുടെ ലക്ഷണങ്ങൾ?
രാഹുലിന്റെ അച്ഛൻ ജോലി കഴുഞ്ഞു അല്പം മ ദ്യപിക്കും അത് കുടുംബത്തെ മറന്നിട്ടല്ല, വീട്ടിലെ കാര്യങ്ങൾ എല്ലാം ഭംഗി ആയി നോക്കുന്നുണ്ട്,
അദ്ദേഹത്തിന്റെ ഈ ശീലം ഭാര്യക്കും, മകനും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.
അച്ഛൻ പറഞ്ഞതിൽ തന്നെ ഒരു ഉത്തരം ഉണ്ട് എന്ത് ജോലി ചെയ്യാനും ഉള്ള മനസ്സ് , ഒരു പുരുഷന് വേണ്ട ഏറ്റവും നല്ല ഗുണം. എല്ലാർക്കും വൈറ്റ് കോളർ ജോലി കിട്ടില്ലല്ലോ?
അച്ഛൻ മാന്യൻ ആണെന്ന് സ്വയം അവകാശപ്പെടുന്നു, മ ദ്യപിക്കില്ല, പു കവലിക്കില്ല എന്നാൽ എന്റെ അമ്മ എന്ന അച്ഛന്റെ ജീവിതപങ്കാളിയുടെ മനസ്സ് കണ്ടിട്ടുണ്ടോ?
മ ദ്യപിക്കുന്ന രാഹുലിന്റെ അച്ഛന്റെ കൂടെ ജീവിക്കുന്ന ആ അമ്മയുടെ മുഖത്ത് എത്ര സന്തോഷം ആണ്. എന്റെ അമ്മ അച്ഛന്റെ ഇഷ്ട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവ .
നന്നായി പാട്ടുപാടുമായിരുന്ന അമ്മ എത്രയോ വർഷങ്ങൾ ആയി ഒരുമൂളിപ്പാട്ടുപോലും പടാറില്ല.
അതിനു കാരണക്കാരൻ അച്ഛൻ അല്ലെ? ഇവിടെ വന്ന അച്ഛന്റെ കൂട്ടുകാരൻ എനിക്ക് താരാട്ടു പാടി ഉറക്കുന്നത് കേട്ടു അഭിനന്ദിച്ചത് അമ്മയുടെ കുറ്റം ആണോ?
നന്നായി ചിത്രം വരയ്ക്കുന്ന അമ്മ അച്ഛന്റെ പിറന്നാളിന് അച്ഛന്റെ ചിത്രം വരച്ചു സമ്മാനമായി നൽകിയപ്പോൾ നോക്കുക പോലും ചെയ്യാതെ ചുരുട്ടി ദൂരെ എറിഞ്ഞു
പിന്നെ അമ്മ ഒന്നും വരച്ചിട്ടില്ല സ്വന്തം ഭാര്യയുടെ കഴിവുകൾ അംഗീകരിച്ചില്ല എന്ന് മാത്രം അല്ല അത് എന്നുന്നേക്കുമായി നശിപ്പിച്ചില്ലേ?
ദുഃഖം തളം കെട്ടി കിടക്കുന്ന എന്റെ അമ്മയുടെ കണ്ണുകൾ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ടോ? ആ മനസ്സിലെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ അച്ഛൻ അറിഞ്ഞിട്ടുണ്ടോ?
സ്വന്തം ജീവിതപങ്കാളിക്കു ഒരു പരിഗണനയും കൊടുക്കാത്ത അച്ഛൻ ഏതു അർഥത്തിൽ ആണ് മാന്യൻ എന്ന് പറയുന്നത്?
കുടുബജീവിതത്തിൽ സ്നേഹം കൊണ്ട് പരസ്പരം ബഹുമാനിക്കപ്പെടണം. ഭയം കൊണ്ട് ആകരുത്.
എന്റെ അമ്മയെക്കാൾ എന്ത് കൊണ്ടും ഭാഗ്യവതി ആണ് രാഹുലിന്റെ അമ്മ. മ ദ്യപിക്കും എങ്കിലും ഭാര്യയെ അംഗീകരിക്കാനും, മനസ്സിലാക്കാനും ഉള്ള മനസ്സ് ആ അച്ഛന് ഉണ്ട്….
ആ അച്ഛന്റെ മകൻ അല്ലെ രാഹുൽ, എന്റെ അമ്മയുടെ ഗതി എനിക്കുണ്ടാവില്ല അത് ഉറപ്പാണ്അ ച്ഛന് താല്പര്യം ഉണ്ടെങ്കിൽ മുന്നിൽ നിന്ന് ഞങ്ങളുടെ വിവാഹം നടത്തി തരിക അല്ലെങ്കിൽ ഞങ്ങൾ രജിസ്റ്റർ വിവാഹം നടത്തും.
അത്രയും പറഞ്ഞു ശ്രേയ മുറിയിൽ കയറി കതകടച്ചു .
ആ രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മകളുടെ വാക്കുകൾ കൂരമ്പുകൾ പോലെ മനസ്സിൽ കിടന്നു നീറുന്നു.
കട്ടിലിൽ ഒരു അറ്റം ചേർന്ന് കിടന്നു ഉറങ്ങുന്നു ഭാര്യ. പകലത്തെ ജോലി ഭാരത്തിന്റെ ക്ഷീണത്താൽ തളർന്നു ഉറങ്ങുന്നു. അയാൾ മെല്ലെ അവരുടെ തലയിൽ തലോടി.
നെറ്റിയിൽ ഒരു ചെറുചുംബനം നൽകി. ഗാഡ നിദ്രയിൽ പാവം അറിഞ്ഞില്ല..
രാവിലെ ജോലിക്കുപോകാൻ ആയി ശ്രേയ ഇറങ്ങിയപ്പോൾ അയാൾ പറഞ്ഞു
“ഈ ഞായറാഴ്ച രാഹുലിനോടും, അവന്റെ അച്ഛനോടും വന്നു പെണ്ണ് ചോദിക്കാൻ അതല്ലേ നാട്ടു നടപ്പ് എല്ലാം മുറപോലെ നടക്കട്ടെ. എനിക്കും അന്ന് അവധി ആണല്ലോ?”
ശരി അച്ഛാ എന്ന് പറഞ്ഞു അവൾ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടു സ്നേഹത്തിനു വേണ്ടി തോറ്റു തന്ന ഒരു അച്ഛനെ..