മക്കളുടെ സ്നേഹം…
രചന: വിജയ് സത്യാ പള്ളിക്കര
=====================
എന്തിനാ നാണിക്കുന്നത് പെണ്ണേ… പെണ്ണായാൽ ഇതൊക്കെ വേണ്ടിടത്ത് ഒരു മറയും ഇല്ലാതെ കാണിക്കേണ്ടിവരും ജീവിതത്തിൽ…
അതുകേട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ ചിന്നു കണ്ണടച്ചു കിടന്നു.
ചിന്നുവിന്റെ ഫ്രണ്ട് ആയ നേഴ്സ് ആനി ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ആ കൊളോണോസ്കോപ്പ് ചിന്നുവിന്റെ കുടലിലേക്ക് പതുക്കെ പതുക്കെ തള്ളി കൊണ്ടിരുന്നു. കുറെ നേരത്തെ പരിശ്രമത്തിനു ശേഷവും ഒന്നും കണ്ടെത്താനായില്ല കുടലിൽ…
ശേഷം ഡോക്ടർ വേണ്ടുന്ന മരുന്നുകുറിച്ചു കൊടുത്തു.
ഇന്നലെ മകൾ ചിന്നുവിനെയും കൊണ്ട് സുമതി വീടിനടുത്തു തന്നെയുള്ള എല്ലാവിധ സൗകര്യവും ഉള്ള ഹോസ്പിറ്റലിലേക്ക് ചെന്നതാണ്.
ചിന്നുവിനെ വയറ്റിൽ നല്ല സുഖമില്ല. ഇടയ്ക്കിടെ വയറുവേദന ഉണ്ട് എന്നു പറയുന്നു. മറ്റു പെൺകുട്ടികൾക്കുള്ളതുപോലെ മാസമുറയുടെ സമയത്ത് ഉള്ള പ്രശ്നം അല്ല. വയറിനും കുടലിനും വിദഗ്ധമായ ചികിത്സിക്കുന്ന ഡോക്ടർ അവളെ പരിശോധിച്ചു…
പ്രത്യേകിച്ചൊന്നും കാണുന്നില്ല എങ്കിലും കുടലിനകത്ത് കുഴലിട്ട് പരിശോധിക്കണം. ഡോക്ടർ നിർദ്ദേശിച്ചു.
അത് കേട്ടപ്പോൾ ചിന്നുവിന് ഭയമായി…
അമ്മ ഇപ്പോൾ വേണ്ട അമ്മ നമ്മൾക്ക് കുറച്ചു കൂടി കഴിഞ്ഞു നോക്കാം
അവൾ പറഞ്ഞു. ഇപ്പോൾ മരുന്നു തരാൻ പറ ഡോക്ടറോട്..
അവൾ അമ്മയുടെ ചെവിയിൽ മന്ത്രിച്ചു.
വേണ്ട വേണ്ട ഇപ്പത്തന്നെ ചെയ്തുകളയാം. തറവാട്ടിൽ അമ്മച്ചി സുഖമില്ലാതെ ഇരിക്കുകയാണ് അവിടെ പോയി നിൽക്കണം കുറച്ചു ദിവസം. അതുകൊണ്ട് ഇതു വൈകിക്കേണ്ട..
അമ്മ സുമതി വാശിപിടിച്ചപ്പോൾ പിന്നെ ചിന്നു ഒന്നും മി ണ്ടിയില്ല…
അങ്ങനെ ഇന്ന് വെളുപ്പിന് ഭക്ഷണം ഒന്നും കഴിക്കാതെ ഹോസ്പിറ്റലിൽ പോയി കുഴലിട്ട് പരിശോധിക്കുകയായിരുന്നു. വലിയ കുഴപ്പമൊന്നുമില്ല.. ഭാഗ്യം. മരുന്നും വാങ്ങി ഇരുവരും വീട്ടിലേക്ക് തിരിച്ചു.
സുമതി വീട്ടിൽ ചെന്ന് ഫോണിൽ അമ്മയെ വിളിച്ചു.
സരസമ്മ ഞങ്ങളും നാളെ വരുന്നു അങ്ങോട്ട്. ഞങ്ങൾക്കും അമ്മയെ അവിടെ നിന്ന് പരിചരിക്കണം.
എന്തിന് ഞാനിവിടെ കിടന്നു ചത്തോളാം….
സരസമുത്തശ്ശി അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ആ കിടന്ന കിടപ്പിൽ സരസ മുത്തശ്ശിയുടെ മനസ്സിലേക്ക് തന്റെ കഴിഞ്ഞകാല ജീവിത പ്രാരാബ്ദങ്ങൾ ഓരോന്നും ഓടി വന്നു.
അന്ന് കൗമാരക്കാരിയായ സരസ കോളേജിൽ പഠിക്കുന്നകാലം.
സരസ കോളേജിൽ നിന്ന് വന്നിട്ട്, ചോറ് എടുത്തതിനുശേഷം മീൻകറിയുടെ ചട്ടി നോക്കി…. ഒരു മീൻ കഷണം പോലും ഇല്ല.എന്നും ഇതാണ് പതിവ്.
അതെങ്ങനെ ഉണ്ടാവും അമ്മ ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ റെഡിയാക്കി നല്ല മീൻ കൂട്ടാനും വെച്ച് അതിന്റെ സിംഹഭാഗവും അച്ഛന് കടയിൽ ഉച്ചയൂണിന് കൊണ്ടുപോയി കൊടുക്കും.
ഉച്ചയ്ക്കു സ്കൂൾ അടുത്ത് തന്നെ ആയതിനാൽ പത്താം ക്ലാസുകാരൻ മനുവിന് ഉള്ള ചോറും കൂട്ടാനും മേശയിൽ വിളമ്പി വെക്കും.
ഉച്ചയ്ക്ക് കൃത്യം ഒന്നര മണിക്ക് എത്തുന്ന അവൻ അമ്മ വിളമ്പിയത് തിന്നത് കൂടാതെ അടുക്കളയിൽ ചെന്ന് ചട്ടിയിൽ തവിയിട്ട് തപ്പിനോക്കി കിട്ടുന്നത് എടുത്തു തിന്നു, ചട്ടിയിൽ ഒരു കഷണം മീൻ മാത്രം അവശേഷിപ്പിക്കും..
കോളേജ് ബസ് അല്പം ലേറ്റായി പോയാൽ തനിക്കു മുന്നേ നാലുമണിക്ക് സ്കൂൾവിട്ട് വീട്ടിലെത്തുന്ന മനു ആ ഒരു കഷണം മീൻ പീസും അകത്താക്കി ചോറ് വിഴുങ്ങും.
എന്നും പാവം സരസമോൾക്ക് ചാറു മാത്രമേ കിട്ടാറുള്ളൂ.
അവൾ ആരോടും പരാതി പറഞ്ഞില്ല. അമ്മ പറഞ്ഞാണ് അറിയുക താൻ കഴിക്കുന്ന കറിയുടെ ചാറു ഇന്ന ഇന്ന മീനിന്റെതു ആയിരുന്നെന്ന്. ആ ചട്ടിയിൽ ഓടിക്കളിച്ച അല്ലെങ്കിൽ വെന്തു ചത്ത മീനുകളെ ഭാവന കണ്ടു കൊണ്ട് ആ മീൻ ചാർ മണത്തു അവൾ വറ്റു വാരിത്തിന്നും.
രാത്രിയിൽ ആണെങ്കിൽ വല്ല സാമ്പാറോ മോര് പുളിശ്ശേരിയോ അങ്ങനെയെ ഉണ്ടാവുള്ളൂ അത്താഴത്തിന്…
രാവിലെ കിട്ടുന്ന ബ്രേക്ക്ഫാസ്റ്റ് മാത്രമാണ് സരസയ്ക്ക് ഒരു സംതൃപ്തിയോടെ ആകെ ലഭിക്കുന്ന മ്യൂച്ചൽ ആഹാരം.
എങ്കിലും പോഷകാഹാരക്കുറവ് അവളെ ബാധിച്ചു.അവൾ നന്നായി മെലിഞ്ഞാണ് ഇരിക്കുന്നത്.
തടിച്ചുകൊഴുത്ത അമ്മയുടെ കൂടെ നടക്കുമ്പോൾ പരിചയക്കാർ ആരെങ്കിലും അമ്മയോട് ചോദിക്കും ‘സരസമോൾ എന്താ ഇങ്ങനെ മെലിഞ്ഞു ഇരിക്കുന്നത്…ഒന്നും കഴിക്കാറില്ലേ?” അപ്പോൾ അമ്മ പറയും
‘ഇപ്പഴത്തെ കുട്ടികളല്ലേ അവൾക്കൊന്നും തിന്നാൻ വേണ്ടെന്നേ..’ താൻ വെറുതെ ചിരിക്കും.
അങ്ങനെയിരിക്കെ അവളുടെ കല്യാണം കഴിഞ്ഞു.
ആദ്യകാലങ്ങളിൽ ഭർത്താവുമൊന്നിച്ച് മനസ്സിനിഷ്ടപ്പെട്ട രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുകയും,അതുവഴി ശരീരം പുഷ്ടി പ്രാപിക്കുകയും ചെയ്തു.
അപ്പോഴേക്കും ഗർഭിണിയായി. ആദ്യത്തെ രണ്ടു പ്രസവത്തിലും പെൺകുട്ടികളായിരുന്നു. പിന്നെ ആൺകുട്ടിക്ക് വേണ്ടി ഉള്ള ശ്രമം ആയി. അതിന്റെ ഭാഗമായി വീണ്ടും രണ്ടു പെൺകുട്ടികളെ കൂടി അവർക്ക് ലഭിച്ചു.
മക്കളേയൊക്കെ വളർത്തി വലുതാക്കി വരുമ്പോഴേക്കും അവൾ പഴയതുപോലെ മെലിഞ്ഞ്. ഇപ്പോൾ ഭർത്താവ് ചോദിക്കാറില്ല.
‘കഴിച്ചോ’ ‘ഉണ്ടോ’
എന്നൊന്നും.
എങ്കിലും അവൾ തന്റെ അമ്മ തന്നോട് ചെയ്തതുപോലെ അവൾക്ക് മക്കളോട് ചെയ്യാൻ തോന്നിയില്ല. നാലുപേർക്കും അവൾ ചോറും മീൻ കൂട്ടാനും ഒരുപോലെ കൊടുത്തു. ഒടുവിൽ ചട്ടിയിൽ ബാക്കി വരുന്ന ചാർ മാത്രം ഒഴിച്ചു എന്നും ചോറുണ്ണും.
കാലം പിന്നെയും മുന്നോട്ടു കടന്നു പോയി സരസയുടെ മക്കളൊക്കെ വിവാഹം കഴിഞ്ഞ് ഓരോരു ഭർത്താക്കന്മാരുടെ കൂടെ പോയി.
ഭർത്താവുമൊത്ത് ആ വലിയ വീട്ടിൽ സരസ കഴിയവേ ഭർത്താവിന് ദീനം പിടിപെട്ടു. ഭർത്താവിന്റെ ചികിത്സയുമായി പിന്നെ കഴിഞ്ഞു കൂടവേ ഒരു നാളിൽ അയാൾ അവളെ വീട്ടിൽ ഈ ലോകം വെടിഞ്ഞു.
സരസയുടെ പേരിലുള്ള സ്വത്തിൽ ആയി പെൺമക്കളുടെ കണ്ണ്.
അവരുടെ ഭർത്താക്കന്മാർ അമ്മയെ പ്രീതിപ്പെടുത്താൻ ഉപാധികളും ആയി പെണ്മക്കളെ അമ്മയുടെ ശുശ്രൂഷക്കായി അയച്ചു.
അവരെല്ലാവരും ചെല്ലുമ്പോഴേക്കും ആ വീട്ടിൽ തീരെ അവശയായി കഴിയുകയായിരുന്നു സരസ അപ്പോൾ.
മക്കൾ കൊണ്ടുവന്ന മധുരപലഹാരങ്ങളും കൊതിയൂറുന്ന ഭക്ഷണങ്ങളും നോക്കിനിൽക്കാനേ വൃദ്ധയായ പല്ലൊക്കെ കൊഴിഞ്ഞ സരസയ്ക്ക് ആയുള്ളൂ.
അവളുടെ കണ്ണ് നിറഞ്ഞു. കല്യാണം കഴിഞ്ഞ് അയച്ചതിൽ പിന്നെ ആദ്യമായാണ് ഇങ്ങനെ ഉപഹാരങ്ങളും പലഹാരങ്ങളും കൊണ്ട് തന്റെ മുമ്പിൽ ഇവർ വരുന്നത്. എത്രയോ കൊതിച്ചിട്ടുണ്ട്. ഈ അമ്മയ്ക്കായി അവർ എന്തെങ്കിലും കരുതി കൊണ്ടു വരുമെന്ന്. പക്ഷേ ആ സമയങ്ങളിൽ അവർ അവരുടെ കുടുംബത്തിൽ അവരുടെ കുട്ടികളെ പെ-റ്റു പോറ്റി സുഖ സമൃദ്ധിയിൽ കഴിയുകയായിരുന്നു. തന്നെ ഓർത്തതേയില്ല. ഇപ്പോൾ വന്നിരിക്കുന്നത് മരണാസന്നയായി ഇരിക്കുന്ന തന്റെ സ്വത്ത് മോഹിച്ചാണ്.
മക്കൾ എല്ലാവരും ചുറ്റും കൂടി അമ്മയോട് പലഹാരങ്ങളുടെ പൊതിയഴിച്ച് ഓരോന്നും കഴിക്കാൻ ആവശ്യപ്പെടുകയാണ്. അവരുടെ ആവശ്യം കേട്ടപ്പോൾ സരസ പറഞ്ഞു.
“എന്ത് ചെയ്യാനാ മക്കളെ…
ആയ കാലത്ത് ഇതൊക്കെ തിന്നാൻ വളരെ കൊതിച്ചിട്ടുണ്ട്. അന്നൊന്നും ആരും വാങ്ങി തന്നില്ല. ഇപ്പോൾ എനിക്ക് ഇത് തിന്നാൻ ഒരു പല്ലു പോലുമില്ല”
എന്നിട്ട് അവർ മൂത്തമകൾ സുമതിയുടെ കോളേജ് കാരിയായ മകൾ ചിന്നു മോളെ അടുത്തു വിളിച്ചു ചോദിച്ചു.
“മോൾക്ക് എന്ത് അസുഖം എന്നാ ഡോക്ടർ പറഞ്ഞത്..?”
“മുത്തശ്ശി കുടലിൽ ഏതാണ്ടൊക്കെ…”
“അതെങ്ങനെയാ ടെസ്റ്റ് ചെയ്തത്..?”
“മുത്തശ്ശി അത് കോളോണോസ്കോപ്പി ഇട്ടു ടെസ്റ്റ് ചെയ്തതാ.. “
ആ ട്യൂബ് ഏതു വഴിയാ കടത്തിയത് വായിൽ ആണോ അതോ…
“വായയിലൂടെ അല്ല മുത്തശ്ശി… അത് പിന്നെ…”
അതും പറഞ്ഞു അവൾ നാണം കൊണ്ട് തലകുനിച്ചു നിന്നു
“വേണ്ട മോളെ പറയണ്ട മുത്തശ്ശിക്ക് അറിയാം…. എങ്കിൽ മോളു പറ,ഇവിടെ കൂടിയിരിക്കുന്ന നിന്റെ അമ്മയോടും ഇളയമ്മ മാരൊടൊക്കെ, കഴിക്കാനാവാത്ത ഈ സമയത്ത് കൊണ്ടുവന്ന ഈ ഭക്ഷണമൊക്കെ ഈ മുത്തശ്ശിക്കും അതുവഴി വയറ്റിലേക്ക് കയറ്റാൻ..അല്ല പിന്നെ”