ഈ കല്യാണം അല്ലാതെ ഞാൻ മറ്റൊരു കല്യാണം കഴിക്കും എന്ന് ആരും വിചാരിക്കേണ്ട കാരണം ഇപ്പോൾ വന്നയാളുടെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുണ്ട്…….

_exposure _upscale

എഴുത്ത്:- ഇഷ

“”” അച്ഛാ ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണം അല്ലെങ്കിൽ…..!!””‘

കൊഞ്ചിച്ചു വളർത്തിയ മകൾ അത് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അയാൾക്ക് എന്തോ വല്ലായ്മ തോന്നി അയാൾ മകളെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“” മോളെ അവർ ചോദിക്കുന്ന സ്ത്രീധനം നീയും കേട്ടതല്ലേ അത്ര വലിയൊരു തുകയും അത്രയും സ്വർണവും ഇപ്പോഴത്തെ സ്ഥിതിക്ക് അച്ഛനെ കൊണ്ട് ഉണ്ടാക്കാൻ ഒക്കില്ല തന്നെയുമല്ല പെണ്ണിനെയല്ലേ നോക്കേണ്ടത് അല്ലാതെ എത്ര സ്വർണം കിട്ടും എന്നതല്ലല്ലോ സ്വർണം ചോദിച്ചുവരുന്ന ആളുകൾക്ക് അത്രയും സംസ്കാരമേ കാണൂ!!”””

അതൊന്നും കേൾക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല ആരതിക്ക് അവൾ ഒരു പോരുകോഴിയെ പോലെ തന്റെ അച്ഛനെ നോക്കി എന്നിട്ട് പറഞ്ഞു.

“” നിങ്ങൾ വരുന്നവരുടെ സംസ്കാരവും നോക്കി നിന്നോ!!! ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഈ കല്യാണം അല്ലാതെ ഞാൻ മറ്റൊരു കല്യാണം കഴിക്കും എന്ന് ആരും വിചാരിക്കേണ്ട കാരണം ഇപ്പോൾ വന്നയാളുടെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുണ്ട്!!! ഞങ്ങൾ തമ്മിൽ പണ്ടേ ഇഷ്ടത്തിലായിരുന്നു ഞാൻ പറഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങോട്ടേക്ക് ഒരു വിവാഹാലോചനയുമായി വന്നത്…””

അവൾ പറഞ്ഞു നിർത്തി വേഗം അകത്തേക്ക് തിരിഞ്ഞു. ആ കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു മാധവനും ഭാര്യ വത്സലയും..

രണ്ടു പെൺമക്കളിൽ ഏറ്റവും കൊഞ്ചിച്ചത് അവളെയായിരുന്നു ഇളയതല്ലേ എന്ന് കരുതി.. പഠിക്കാൻ അത്ര മിടുക്കി ഒന്നും അല്ലായിരുന്നു എന്നിട്ടും പൈസ കൊടുത്ത് നല്ല കോളേജിൽ തന്നെ അവൾക്ക് സീറ്റ് മേടിച്ചു കൊടുത്തു അതിന്റെ കടം പോലും വീട്ടിയിട്ടില്ല അപ്പോഴാണ് ഇപ്പോൾ ഒരു കല്യാണാലോചന വരുന്നത് അവളുടെ ഡിഗ്രി പോലും തീർന്നിട്ടില്ല അതുകഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞപ്പോഴാണ്, അവൾക്ക് ഈ വിവാഹം തന്നെ മതി എന്ന് നിർബന്ധം പറഞ്ഞത്..

അങ്ങനെയാണ് അവരോട് സമ്മതം അറിയിച്ചത് അന്നേരം അവർ പറഞ്ഞത് 10 ലക്ഷം രൂപയും 50 പവനും വേണം എന്നായിരുന്നു.. ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് അതിനേക്കാൾ കിട്ടും ഇവിടെ ചെറുക്കന് പെണ്ണിന് ഇഷ്ടം ആയതുകൊണ്ട് മാത്രം അത്രയും മതി എന്ന് അത് കേട്ടതും നെഞ്ചൊന്ന് പിടഞ്ഞു കാരണം ഒരു ഓട്ടോ ഡ്രൈവർ ആയ തനിക്ക് എങ്ങനെ നോക്കിയാലും അത്രയ്ക്കൊന്നും സമ്പാദിക്കാനുള്ള കഴിവില്ല ആകെക്കൂടിയുള്ളത് ഇരിക്കുന്ന ചെറിയ കൂരയാണ്, അതിന്റെ ആധാരം ബാങ്കിലാണ് മൂത്തവളുടെ കല്യാണം നടത്താൻ വേണ്ടി ഇനി കയ്യിൽ ഒന്നും ബാക്കിയിരിപ്പില്ല.

അന്നേരം വത്സലയാണ് ഭർത്താവിനോട് പറഞ്ഞത് അവൾ പഠിക്കുകയല്ലേ പഠിച്ചു കഴിയട്ടെ എന്നിട്ട് കല്യാണത്തെ പറ്റി ചിന്തിച്ചാൽ മതി ഇപ്പോൾ വെറുതെ അതോർത്ത് ടെൻഷൻ അടിക്കേണ്ട എന്ന് മാധവനും അങ്ങനെ തന്നെ ആശ്വസിക്കാൻ ശ്രമിച്ചു അപ്പോഴാണ് ആരതിയുടെ ഈ പറച്ചിൽ അവൾ ഗർഭിണിയാണ് എന്ന് അയാൾ ആകെ തകർന്നു പോയിരുന്നു..

ആകെയുണ്ടായിരുന്ന വീടിനു മുകളിലേക്ക് ഒന്ന് നോക്കി മാധവൻ പിന്നെ അതു കൊടുക്കാൻ ഉണ്ട് ആരെയെങ്കിലും നോക്കി കൊണ്ടുവരണമെന്ന് ബ്രോക്കർ ദിനേശനോട് പറഞ്ഞു തന്റെ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലമായി പടുത്തുയർത്തിയതാണ് ഈ വീട് തറവാട്ടിൽ നിന്ന് ഭാഗം വച്ചപ്പോൾ തനിക്കായി തന്ന പത്തു സെന്റിൽ എങ്ങനെയൊക്കെയാണ് ഈ വീട് ഉണ്ടാക്കി തീർത്തത് എന്ന് തനിക്ക് മാത്രമേ അറിയൂ…

അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു ഒരു കൂട്ടർ വന്ന് വില പറഞ്ഞു ഒരുപാട് കുറവാണ് എന്നറിയാം പക്ഷേ സാഹചര്യം ഇങ്ങനെ ആയതുകൊണ്ട് അതിന് സമ്മതിച്ചു അവർ നൽകിയ അഡ്വാൻസ് കൊണ്ട് ആധാരം തിരിച്ചെടുത്തു..
പിന്നെ അത് വിറ്റ് കാശ് വാങ്ങി അവൾക്കായി നൽകി..

ബാക്കി കുറച്ചു കാശ് കയ്യിൽ വയ്ക്കാം അതുകൊണ്ട് ഒരു വാടക വീടിന് അഡ്വാൻസ് കൊടുക്കാം എന്നെല്ലാം കരുതി ഇരിക്കുമ്പോൾ ആയിരുന്നു മൂത്തമകൾ വന്നത് അനിയത്തിക്ക് തന്നെക്കാൾ സ്ത്രീധനം കൊടുത്തത് അവൾ ചോദ്യം ചെയ്തു ബാക്കിയുള്ള പണം അവളും വാങ്ങിപ്പോയി..

മാധവൻ വത്സലയെ നോക്കി രണ്ട് പെൺമക്കളാണ് വയസ്സാംകാലത്ത് തുണയാകും എന്ന് കരുതിയിരുന്നു പക്ഷേ ഒന്നുമില്ല.. അവർ അവരുടെ ജീവിതം പച്ചപിടിപ്പിക്കാനുള്ള തിരക്കിലാണ് ഇതിനിടയിൽ അച്ഛനെയും അമ്മയെയും ഒന്നും അവർക്ക് വേണ്ട.

തങ്ങളുടെ ഇപ്പോഴത്തെ വിധിയോർത്ത് വത്സലയ്ക്ക് സങ്കടമായിരുന്നു അവരെ അയാൾ ചേർത്തുപിടിച്ചു.. ഈ ഓട്ടോ ഉള്ള കാലം നമ്മൾ പട്ടിണി കിടക്കില്ല എന്ന് ആശ്വസിപ്പിച്ചു അവർ കുഞ്ഞൊരു വാടക വീട് എടുത്ത് അങ്ങോട്ടേക്ക് മാറി.

പിന്നെ രണ്ടു മക്കളും അങ്ങോട്ടേക്ക് തിരിഞ്ഞു പോലും നോക്കിയില്ല.. വാടക വീട്ടിൽ കിടക്കുന്ന അച്ഛനും അമ്മയും അവർക്ക് നാണക്കേടാണ് എന്ന്.

ഇതിനിടയിൽ മൂത്തകൾ വന്നിരുന്നു അവൾ പറഞ്ഞാണ് അറിഞ്ഞത് ഇളയവൾ ഗർഭിണിയാണ് എന്ന് പറഞ്ഞത് വെറുതെയായിരുന്നു മൂത്തവളെക്കാൾ നല്ല വിവാഹബന്ധം വന്നപ്പോൾ അത് നടത്തി തരാനുള്ള വെറും അടവായിരുന്നു അത്…

ഒരു ബ്രോക്കർ വഴി വന്ന കല്യാണ ആലോചനയായിരുന്നു അത് ഗവൺമെന്റ് ജോലിക്കാരനാണ് അയാളുടെ ഡിമാന്റുകൾ കേട്ടപ്പോൾ വേണ്ട എന്ന് വയ്ക്കുകയായിരുന്നു പക്ഷേ ആരതി തന്നെയാണ് അയാളുടെ നമ്പർ കണ്ടുപിടിച്ച് വിളിച്ച് അങ്ങോട്ടേക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞത്..

മൂത്തവളുടെ, ഗൾഫുകാരൻ ഭർത്താവിനെക്കാൾ മികച്ചു നിൽക്കണം തന്റെ ഭർത്താവ് എന്ന ചിന്തയാണ് അവളെ അതിനു പ്രേരിപ്പിച്ചത്.

ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടമായി അതുകൊണ്ട് ഈ വിവാഹവുമായി മുന്നോട്ട് എങ്ങനെയും പോകണം എന്ന് അവൾ അയാളോട് പറഞ്ഞു അത് പ്രകാരമാണ് വീണ്ടും അയാൾ കല്യാണം അന്വേഷിച്ചു വന്നതും ഇവിടെയുള്ള ഈ നാടകം എല്ലാം അരങ്ങേറിയതും..

തന്റെ അവസ്ഥയെല്ലാം അറിഞ്ഞിട്ടും നാടകം കളിച്ച മകളെ ഓർത്ത് അയാൾക്ക് സങ്കടം തോന്നി…

മൂത്തവൾ ഇപ്പോൾ അങ്ങനെ വന്നു പറയാനും കാരണം ഉണ്ടായിരുന്നു,
വത്സലയുടെ പേരിൽ ഉള്ള ഒരു സ്വത്ത് തർക്കത്തിൽ കിടന്നിരുന്നു ഇപ്പോൾ കോടതിവിധിയായി അത് അവരുടെ പേരിൽ തന്നെ കിട്ടി ടൗണിന്റെ കണ്ണായ സ്ഥലത്ത് ആയിരുന്നു അതും 47 സെന്റ്..

കണ്ണും പൂട്ടി ലക്ഷങ്ങൾ വാരി തരും ആരും.. അതറിഞ്ഞതിന്റെ പിന്നെ പിറകിലുള്ള വരവാണ് ഇത് അനിയത്തിക്ക് ഇനി ഒന്നും കൊടുക്കാതിരിക്കാൻ ആണ് ചേച്ചി അതെല്ലാം പറഞ്ഞത് കൊടുത്തത്!!!

“” അച്ഛാ അറിയാമല്ലോ ഇപ്പോഴത്തെ ഞങ്ങളുടെ വീട് ഒരു ഒറ്റ നിലയാണെന്ന് തീരെ സൗകര്യം കുറവാണ് മുകളിലേക്ക് എടുക്കണം എന്ന് വിചാരിച്ചിട്ട് കുറേയായി സുമേഷേട്ടന് ഇപ്പോഴത്തെ അവസ്ഥയിൽ അതിന് സാധിക്കില്ല അതുകൊണ്ട് അച്ഛൻ ആ സ്ഥലം വിറ്റിട്ട് എനിക്ക് കുറച്ച് പണം തരണം!!!””

അതായിരുന്നു മൂത്തമകളുടെ ഡിമാൻഡ് അടുത്തവളും ഉടനെ എത്തും എന്നെനിക്കറിയാമായിരുന്നു അവളും കൂടി വരട്ടെ എന്ന് പറഞ്ഞു.

“”‘ എന്തിന് അവൾ നിങ്ങളെ പറ്റിക്കുകയാണെന്ന് ഞാൻ പറഞ്ഞിട്ട് നിങ്ങൾക്ക് മനസ്സിലായില്ലേ ഇ ങ്ങനെ പറ്റിച്ച് എല്ലാം നേടിയെടുത്ത അവൾക്ക് വേണ്ടി ഇനിയും ഒന്നും ചെലവാക്കേണ്ട ആവശ്യമില്ല!!””

എന്ന് മൂത്തവർ പറഞ്ഞപ്പോൾ ചിരിയോടെ അത് കേട്ടുനിന്നു അപ്പോഴേക്കും എന്റെ ഊഹം പോലെ തന്നെ ഇളയവളും എത്തിയിരുന്നു സ്നേഹത്തിൽ പൊതിഞ്ഞ വാക്കും കൊണ്ട്..

“” എന്റെ രണ്ടു മക്കളും വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ രണ്ടുപേരോടും വേറെ വേറെ പറയേണ്ടല്ലോ ഒരുമിച്ച് എന്റെ തീരുമാനം അറിയിച്ചാൽ മതിയല്ലോ എന്ന് കരുതി രണ്ടുപേരും ശ്രദ്ധിച്ചു കേൾക്കണം ടൗണിലുള്ള സ്ഥലം എന്റെ ഭാര്യയുടെ പേരിലാണ്, തൽക്കാലം ഞാനത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ല!! ഇനി വിറ്റാലും നിങ്ങൾക്ക് രണ്ടുപേർക്കും അതിൽ നിന്ന് ഒരു രൂപ പോലും കിട്ടും എന്ന് കരുതരുത്..

മൂത്തവളായ നിന്നെ കല്യാണം കഴിപ്പിച്ച് അയക്കുമ്പോൾ അന്നത്തെ സ്ഥിതിക്ക് എന്നെക്കൊണ്ട് ആവുന്നപോലെ ഞാൻ തന്നിട്ടുണ്ട്, പിന്നെയും ഉണ്ട് നിന്റെ മക്കളുടെ പ്രസവം, വീടുവയ്ക്കൽ അങ്ങനെ എല്ലാം പറഞ്ഞു എത്രയൊക്കെ പണം ഞാൻ തന്നിട്ടുണ്ട് എന്നതിന്റെ എല്ലാ കണക്കും എന്റെ കയ്യിൽ ഉണ്ട് ഇവളുടെ കെട്ട് താലി വിറ്റിട്ടാണ് ഒടുവിൽ നിന്റെ ചെറിയ മോൾക്ക് അരയിലേക്ക് എടുത്തുകൊടുത്തത്…

അതൊന്നും എന്റെ മക്കളു മറന്നിട്ടുണ്ടെങ്കിലും അച്ഛന് നല്ല ഓർമ്മയുണ്ട്..

പിന്നെ ഇളയവകൾ ഇല്ലാത്ത ഗർഭവും പറഞ്ഞ് ഞങ്ങളെ ടെൻഷനടിപ്പിച്ച് ഒരായുസ്സ് മുഴുവൻ ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പോലും നീ എന്നെക്കൊണ്ട് വിൽപ്പിച്ചു.. അതിൽ ഒരു മനസ്താപം പോലും നിനക്ക് തോന്നിയില്ല എന്ന കാര്യം ഓർക്കുമ്പോൾ എനിക്ക് അത്ഭുതം ആണ് മോളെ..

അച്ഛന്റെ ചോരയും നീരും കൊണ്ട് ഉണ്ടാക്കിയതാണ് അന്ന് വിറ്റിട്ട് നിനക്ക് ഞാൻ തന്നത്!! അതുകൊണ്ടാണ് പറയുന്നത് ഇനി രണ്ടുപേർക്കും ഒരു രൂപ പോലും ഞാൻ തരില്ല!!

അതിന്റെ പേരും പറഞ്ഞ് രണ്ടുപേരും ഇങ്ങോട്ട് വരണം എന്നില്ല ഞങ്ങൾ വാടകവീട്ടിൽ കിടന്നിരുന്ന സമയത്ത് വലിയ നാണക്കേട് ആണെന്നും പറഞ്ഞ് രണ്ടുപേരും ഇങ്ങോട്ടേക്ക് വരവ് പോലും നിർത്തിയിരുന്നല്ലോ അതുപോലെ തന്നെ മതി ഇനി അങ്ങോട്ടും!!””

അതിനെതിരായി അവർ രണ്ടുപേരും എന്തോ പറയാൻ ശ്രമിച്ചതും ദേഷ്യത്തോടെ അവരോട് ഇറങ്ങിപ്പോകാൻ പറഞ്ഞിരുന്നു മാധവൻ.. അത് കേട്ട് ഭയപ്പെട്ട് രണ്ടുപേരും ഇറങ്ങിപ്പോയി.

വത്സല അയാളുടെ അരികിലെത്തി..

“”” ഞാൻ ചെയ്തതിൽ നിനക്കെന്തെങ്കിലും ആക്ഷേപം ഉണ്ടോ??? “”

എന്ന് അവളോട് മാത്രമായി ചോദിച്ചു മാധവൻ.. ഇല്ലെന്ന് പറഞ്ഞു.. തന്നെയുമല്ല അയാളുടെ കൈകൾ പൊതിഞ്ഞുപിടിച്ച് അവർ പറഞ്ഞിരുന്നു എല്ലാത്തിനും കൂടെയുണ്ട് എന്ന്.. ആ സ്ഥലം വിറ്റ് അവർക്ക് താമസിക്കാൻ അത്യാവശ്യം സൗകര്യമുള്ള ഒരു വീട് വാങ്ങി ബാക്കി തുക ബാങ്കിൽ ഇട്ടു മാധവൻ..

ഇതുവരെ മക്കൾക്ക് മക്കൾക്ക് എന്ന് പറഞ്ഞ് ജീവിതം മുഴുവൻ അധ്വാനിച്ച് മടുത്തിരുന്നു.. ഇപ്പോൾ ബാങ്കിലുള്ള പണം ഉപയോഗിച്ച് അവർ സന്തോഷത്തോടെ അടിച്ചുപൊളിച്ച് ജീവിക്കുകയാണ് ഇഷ്ടമുള്ളതെല്ലാം വാങ്ങി കഴിച്ച് ഇഷ്ടമുള്ളടത്തെല്ലാം പോയി പ്രിയപ്പെട്ട എല്ലാം നടത്തിയെടുത്ത് മനോഹരമായ ഒരു ജീവിതം!!!

പലരും ഉണ്ട് മക്കൾക്കായി ജീവിച്ച സ്വയം ജീവിക്കാൻ മറന്നു പോകുന്നവർ ഒടുവിൽ ഒരു പ്രത്യേക അവസ്ഥയിൽ എത്തുമ്പോഴാണ് തിരിച്ചറിയുക തങ്ങൾക്കായി ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന്..

അന്ന് വെറുതെ പശ്ചാത്തപിക്കാൻ മാത്രമേ നമുക്ക് കഴിയൂ ഇതുപോലെ ഒരു അവസരം മറ്റുള്ളവർക്ക് കിട്ടി എന്ന് വരില്ല..

അതുകൊണ്ടുതന്നെ സ്വന്തം കാര്യങ്ങൾ കൂടി നോക്കാൻ ശീലിക്കണം..