ഞാൻ നേരിൽ തന്നെ കണ്ടിട്ടാ വന്നത്. ആ വൃത്തികെട്ടവനും അവൾക്കും രാവെന്നോ പകലെന്നോ ഇല്ല. സ്വന്തം മോളുടെ മുന്നിൽ വെച്ച് പോലും ആ സ്ത്രീ അയാളുമായി ര മിക്കുന്നത്….

പൊട്ട്

Story written by Vijay Lalitwilloli Sathya

ചേർന്ന് കിടന്നു കൊണ്ട് നന്ദേട്ടന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിക്കുകയായിരുന്നു സുധ.

എന്തോ തടഞ്ഞു. നോക്കിയപ്പോൾ ഒരു സ്റ്റിക്കറിന്റെ റൗണ്ട് പൊട്ടു.

ഇതെങ്ങനെ ഇയാളുടെ നെഞ്ചിലെ രോമത്തിൽ പറ്റിപിടിച്ചു.

താൻ ഇങ്ങനെയുള്ള സ്റ്റിക്കറിന്റെ പൊട്ടു ഉപയോഗിക്കാറില്ലല്ലോ.

വൈകിട്ട് ഓഫീസിൽ നിന്നു വന്നുകഴിഞ്ഞാൽ നന്ദനന്ദേട്ടൻ കാപ്പി കുടിക്കഴിഞ്ഞു കുളിക്കും.

അതിനു ശേഷം കൂട്ടുകാരുടെ കൂടെ കൂടാൻ ക്ലബ്ബിൽ പോകും. സാമൂഹ്യ സേവകനാണ്.

പക്ഷെ ഇന്നു അതുപോലെ പോയി രാത്രിയിൽ കയറി വന്നതാണ്.അത്താഴം വിളമ്പി ഏല്ലാവരും ഒന്നിച്ചു കഴിച്ചു കഴിഞ്ഞു കൂടെ ഉറങ്ങാൻ കിടന്നതായിരുന്നു താനും.

അവളുടെ മനസ്സിൽ സംശയത്തിന്റെ വേലിയേറ്റം ഉണ്ടായി.

ഇതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല. ഇതാ വടക്കേലെ മീനാക്ഷിയുടെത് തന്നെ. അവളാണ് ഈ ടൈപ് വലിയ വട്ട പൊട്ടിന്റെ സ്റ്റിക്കർ ഉപയോഗിക്കുക…

ഭർത്താവ് ഉപേക്ഷിച്ചു പോയ അവൾക്ക് ഇപ്പോൾ ഇത്തിരി ഇളക്കം കൂടിയിട്ടുണ്ട്. നന്ദേട്ടന്റെ അയല്പക്കത്തെ വീടെന്നതിൽ ഉപരി മീനാക്ഷിയുടെ അമ്മ സൗദാമിനി ടീച്ചർ ഈ നാട്ടിലെ എല്ലാവരുടെയും അധ്യാപികയായിരുന്നു.

ഇപ്പോൾ പെൻഷൻ പറ്റി വാർധക്യത്തിൽ പ്രവേശിച്ചു കിടപ്പിൽ ആണ്..

ഭർത്താവ് ഇല്ലാത്ത മീനാക്ഷി വീട്ടിൽ വന്നു അമ്മയോടൊപ്പമാണ് ജീവിക്കുന്നത്.

അഞ്ചു വയസായ ദേവൂ എന്ന ഒരു പെൺകുട്ടിയുണ്ട് അവർക്ക്.

ഹും..അസമയത്തു പോലും വീട്ടിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ അവർ നന്ദേട്ടനെ ആണ് ആശ്രയിക്കുക.

ടീച്ചറുടെ നിത്യം കഴിക്കുന്ന ഗുളിക തീർന്നാൽ ചിലപ്പോൾ മീനാക്ഷി നന്ദേട്ടനെ വന്നു കുറിപ്പ് കൊടുത്തു മെഡിക്കൽ ഷോപ്പിലേക്ക് അയക്കാറുണ്ട്.

നന്ദേട്ടൻ ചില ദിവസങ്ങളിൽ വർത്തമാനം പറഞ്ഞു അവിടെ ഇരിക്കാറുണ്ട്.

അപ്പോഴൊന്നും തനിക്കു അവരെ കുറിച്ചു വേണ്ടാത്തതൊന്നും തോന്നിയിട്ടില്ല.

തന്നെ ഒരു പൊട്ടത്തി ആക്കി നന്ദേട്ടനെ ഇങ്ങനെയൊരു ബന്ധം കൊണ്ടു പോകാൻ താൻ ജീവിച്ചിരിക്കുമ്പോൾ അനുവദിക്കില്ല.

അങ്ങനെ ചിന്തിച്ചു സുധ ചാടിയെഴുന്നേറ്റു. അവൾ നന്ദന്റെ നെഞ്ചിലെ രോമമടക്കം പൊട്ടിനൊപ്പം പിഴുതെടുത്തു. രോമം പറിച്ചെടുക്കുന്ന വേദനയിൽ നന്ദൻ നിലവിളിച്ചു പോയി.

ഇവൾക്കിതെന്തു പറ്റി കിടന്നിടത്തു നിന്നു എഴുന്നേറ്റു എന്തിനാണ് തന്റെ നെഞ്ചിലെ രോമം പറിച്ചെടുക്കുന്നത്….!

അവനു ഒന്നും മനസിലായില്ല. സുധ കലിതുള്ളി നിൽക്കുകയാണ്.

പറിച്ചെടുത്തപ്പോൾ സ്റ്റിക്കറിൽ പറ്റിപിടിച്ചിരുന്ന രോമം ഓരോന്നായി അവൾ ഊതി പാറ്റി. എന്നിട്ട് ചോദിച്ചു.

” ഇതെന്തോന്നാ മനുഷ്യാ..? “

“ങേ…”

അവൻ അമ്പരന്നു. പാതിരാത്രിയിൽ തന്റെ നെഞ്ഞത്തുള്ള രോമവും പറിച്ചെടുത്തു ഇതെന്തോന്നാന്നോ?

” രോമം.. അല്ലാണ്ടെന്താ…? “

അവനു ശുണ്ഠി കയറി.

“സൂക്ഷിച്ചു നോക്ക് മനുഷ്യനെ ഇതു.. “

അവൻ അപ്പോഴാണ് അവളുടെ തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റേയുമിടയിൽ ഒരു സ്റ്റിക്കർ പൊട്ടു കണ്ടത്… !!

“അതൊരു പൊട്ടല്ലേ..? “

അവൻ തിരിച്ചു ചോദിച്ചു.

“ആഹാ അപ്പോൾ പൊട്ടാണന്നു സമ്മതിച്ചല്ലോ… ഇനി പറ ഇതെങ്ങനെ നന്ദേട്ടന്റെ നെഞ്ചത്ത് വന്നു…? “

“തന്റേതല്ലേ… തന്റെ നെറ്റിയിൽ നിന്നും എന്റെ നെഞ്ചത്ത് പറ്റിപിടിച്ച തായിരിക്കും. “

“ദേ.. നന്ദേട്ടാ ചുമ്മാ പുളു പറയല്ലേ. ഇന്നു നേരം വെളുത്തിട്ട് ഇത്രേം നേരമായി നിങ്ങളെ ഞാൻ തൊട്ടോ..പറയ്..തൊട്ടോ…ന്നു.. . ഇപ്പോൾ വന്നിട്ട് ഒന്ന് നെഞ്ചിൽ സ്പർശിച്ചതല്ലേയുള്ളു. മാത്രമല്ല. എനിക്കങ്ങനെ ഒരു പൊട്ടില്ലതാനും.. ഞാനീ റൗണ്ട് പൊട്ടു എപ്പോഴെങ്കിലും തൊടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? “

“ഇല്ല.. അത് ശരിയാണല്ലോ… നീ ഇപ്പോഴാണ് അടുത്ത് വരുന്നതും തൊടുന്നതും പിന്നെ ഇതെങ്ങനെ നെഞ്ചിലെ രോമത്തിൽ വന്നു?”

നന്ദന് ആകെ കൺഫ്യൂഷൻ ആയി.

“പൊട്ടൻ കളിക്കല്ലേ നന്ദേട്ടാ.. ഷർട്ട്‌ ഇട്ടു പുറത്തു പോയ നിങ്ങളുടെ നെഞ്ചത്ത് സ്റ്റിക്കർ പൊട്ടു വരണമെങ്കിൽ ഷർട്ട്‌ ഊരാതേ പറ്റുമോ ..പറയ്‌ ? “

“അത് ശരി തന്നെ… അതെ ഊരണം… പക്ഷെ ഞാൻ എവിടെ പോയി ഊരാനാണ് എന്റെ ഭാര്യേ.. ? “

അവൻ കൈമലർത്തി ചോദിച്ചു.

“മാത്രമല്ല നെറ്റിയിലെ പൊട്ടു നന്ദേട്ടന്റെ നെഞ്ചിലെ രോമത്തിൽ വരണമെങ്കിൽ പൊട്ടിന്റ ഉടമയുടെ മുഖം എവിടെ ഉണ്ടാകണം.. “

“ഉടമയോ അതാരാ ചെ… പോടീ നിനക്ക് പ്രാന്താ…. “

“അതെ.. എനിക്കു പ്രാന്താണ്… ഈ പൊട്ടരുടേതാണെന്നു എനിക്കു നന്നായറിയാം…”

“ആരുടെ…? “

നന്ദൻ വിസ്മയത്തോടെ ചോദിച്ചു.

“ഇതാ വടക്കേലെ മീനാക്ഷിടെ പൊട്ടല്ലേ..? “

“മീനാക്ഷി ചേച്ചിയുടെ പൊട്ടോ..? “

ഇവൾക്ക് വട്ടുതന്നെ ആയോ നന്ദന് ചിരി വന്നു. നന്ദന്റെ ചിരി കൂടി കണ്ടപ്പോൾ അവൾക്ക് ബാധ കയറിയ പോലെ ആയി.

“ഇന്നു നിങ്ങൾ രാത്രി അവിടെ പോയോ…? “

അവൾ അലറി ചോദിച്ചു.നന്ദൻ ആലോചിച്ചു..

“ശരിയാണ് പോയി.. ടീച്ചറുടെ മരുന്ന് വാങ്ങിയത് കൊണ്ട് കൊടുക്കാൻ വേണ്ടി. “

“ഓക്കേ… ഇനി ഒന്നും പറയേണ്ട നന്ദേട്ടാ…ഒന്നും. നിങ്ങക്ക് ഞാൻ നാളെ കാണിച്ച് തരുന്നുണ്ട്… നേരം പുലർന്നാൽ പിന്നെ ഒരു നിമിഷം ഞാനിവിടെ നിൽക്കില്ല… വേണ്ട എനിക്കിങ്ങനെ ഒരു ഭർത്താവിനെ… “

“അതിനു സുധേ ഞാനും മീനാക്ഷി ചേച്ചിയും സഹോദരീ സഹോദരന്മാരേ പോലെയാണ്. അവരെ കുറിച്ച് അങ്ങനെ മോശമായി ഒരു നിമിഷം ചിന്തിക്കാൻ പോലും എനിക്കാവില്ല… നിനക്കിതെന്ത് പറ്റി? “

നന്ദൻ തന്റെ നിലപാട് അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ആകെ കലിതുള്ളി നിൽക്കുന്ന അവൾ നന്ദന്റെ ഒരു വാക്കും വിലക്കെടുത്തില്ല.

“എവിടെയാ ഈ കുന്ത്രാണ്ടങ്ങളുമായി കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ? “

രാവിലെ തന്നെ സുധ പെട്ടിയും പ്രമാണവും എടുത്ത് പോകുന്നത് കണ്ട അമ്മായിയമ്മ, നന്ദന്റെ അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“മോൻ ഉണരുമ്പോൾ ചോദിക്ക്. പുന്നാര മോന്റെ കയ്യിലിരിപ്പ് അപ്പോൾ അറിയാം.ഒന്നും പറഞ്ഞില്ലേൽ വൈകിട്ട് ജോലി കഴിഞ്ഞ് വന്നു പുറത്തിറങ്ങി നടക്കാൻ പോകുമ്പോൾ മകന്റെ കൂടെ പോയാൽ അറിയാം.. “

സുധ പല്ലിറുമ്മി പറഞ്ഞു

‘രാത്രിയിൽ എന്തുണ്ടായോ ആവോ’

മരുമകൾ കലിപ്പാലാണെന്നു മനസിലാക്കിയ നന്ദന്റെ അമ്മ കൂടുതലൊന്നും പറയനോ അവളുടെ യാത്ര തടയാനോ പോയില്ല.ചാടി തുള്ളി അവൾ പടിയിറങ്ങി പോയി.

“പെണ്ണ് മക്കൾ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ വീണ്ടും സ്വന്തം വീട്ടിലേക്ക് വന്നു നിന്ന് വീട്ടിലുള്ളവർക്ക് മാനഹാനി ഉണ്ടാക്കരുത്… നിനക്കൊക്കെ വെച്ച് വിളമ്പിത്തരാൻ പണ്ടുള്ളോർ സമ്പാദിച്ച വകയൊന്നും ഇവിടെ ഇല്ല… അവൾ ഭക്ഷണവും വായിൽ വെച്ച് ആലോചിക്കുന്നു.. എണീറ്റ് പോയി കൈകഴുകി പാത്രം വൃത്തിയാക്കെടി…”

സുധ അമ്മയുടെ ശകാരം കേട്ടു ചിന്തയിൽ നിന്നും ഉണർന്നത്..

നന്ദന്റെ വീട്ടിൽ നിന്നു പോരാനുണ്ടായ കാര്യങ്ങൾ അങ്ങനെ ഓരോന്നും ഓർത്തിരിക്കുകയായിരുന്ന സുധ ഓർക്കാപ്പുറത്തുള്ള വഴക്ക് കേട്ട് ഞെട്ടിപോയി.

അവൾ വേഗം എണീറ്റു പാത്രം കഴുകി വെച്ചു.

നന്ദേട്ടന്റെ വിട്ടിൽ നിന്നും തന്നിഷ്ടപ്രകാരം ഇറങ്ങിവന്നത് തന്റെ അമ്മയ്ക്ക് അത്ര ദഹിച്ചിട്ടില്ല.

ഈയിടെയായി അമ്മയ്ക്ക് കുറ്റപ്പെടുത്താൻ ചെറിയ കാരണം മതി.

നന്ദേട്ടന്റെ വീട്ടിൽ നിന്നും മുൻപിൻ ചിന്തിക്കാതെ ഇറങ്ങി വന്നത് മോശമായി പോയെന്നു ഈ വഴക്ക് കേൾക്കുമ്പോൾ അവൾക്ക് തോന്ന തുടങ്ങി .

വല്ലേടത്തും പോയി ച ത്താൽ മതിയായിയുന്നു ഇവിടെ വരുന്നതിലും ഭേദം.

“കണ്ണോടു കാണണം കയ്യോടെ പിടിക്കണം.. “

അമ്മ അങ്ങനെയാണ് പറഞ്ഞത്. പൊട്ടിന്റെ കാര്യം പറഞ്ഞപ്പോൾ നല്ല ആട്ടാണ് അമ്മയുടെ കൈയിൽ നിന്നും കിട്ടിയത്.

വെറുമൊരു പൊട്ടു നെഞ്ചത്ത് കണ്ടു ഇറങ്ങി വന്നത് തെറ്റായി പോയോ. നന്ദേട്ടന് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. അമ്മ തന്നെ തിരിച്ചു കൊണ്ട് വിടാം എന്ന് പല തവണ പറഞ്ഞു. അപ്പോഴൊന്നും സുധ കൂട്ടാക്കിയില്ല. മാസം ഒന്ന് തികഞ്ഞു. നന്ദനും അവളെ അന്വേഷിച്ചു വന്നില്ല . ആദ്യമൊക്കെ വന്നാലും പോവണ്ടന്നു തോന്നി. കാണാതായപ്പോൾ ഒന്ന് വന്നില്ലല്ലോ എന്ന് വിഷമിച്ചു. ഇനി അങ്ങോട്ട്‌ പോവുന്നത് എങ്ങനെ ആ അമ്മായിയമ്മയുടെ ചിരി, അതെങ്ങനെ ഫേസ് ചെയ്യും. സുധ ആകെ വല്ലാതായി.തള്ളയോട് താൻ പറഞ്ഞത് ഇത്തിരി കൂടുതലയോ എന്ന സംശയവുമുണ്ട്.

തിരിച്ചു പോകാൻ വീട്ടിൽ നിന്നു സമ്മർദ്ദം ശക്തമായതോടെ സുധ പറഞ്ഞു.

“എന്നെ ആരും കൊണ്ടാക്കാനൊന്നും വരണ്ട തനിച്ചു വന്ന എനിക്കു തനിയെ ആ വീട്ടിലേക്ക് ചെല്ലാൻ അറിയാം. “

മകളുടെ കടുംപിടിത്തം അല്പം അയഞ്ഞെന്നു തോന്നുന്നു.

അവളുടെ അച്ഛനുമമ്മയ്ക്കും തിരികെ പോകാമെന്നു കേട്ടതോടെ ആശ്വാസമായി. അന്നൊരു ഞായറാഴ്ച ആയിരുന്നു.

സുധ നേരത്തെ എഴുന്നേറ്റു നന്ദന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി.

അച്ഛനോടുമമ്മയോടും യാത്രപറഞ്ഞു സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ പിടിച്ചു യാത്ര പുറപ്പെട്ടു.

ഈ സമയം നന്ദൻ രാവിലെ കാപ്പി കുടിയൊക്കെ കഴിഞ്ഞു ക്ലബ്ബിലേക്ക് പോകാനായി തന്റെ ബൈക്കുമായി ഇറങ്ങി. വാർഷികാഘോഷം പൊടിപൊടിക്കണം. നാട്ടിലുള്ള കുട്ടികളുടെ കല കായിക വാസനകളെ കണ്ടെത്താനും അത് വളർത്തിയെടുക്കാനുമാണ് ക്ലബ് മുൻതൂക്കം നൽകുന്നത്. ഇപ്രാവശ്യവും അത് തന്നെ വാർഷികാഘോഷ അജണ്ട.പതുക്കെ പോവുകയായിരുന്ന നന്ദൻ മീനാക്ഷിയുടെ വീടിനടുത്തെത്തിയപ്പോൾ ഒരലർച്ച കേട്ടു

ഒപ്പം മീനാക്ഷിയുടെ മകളുടെ നിലവിളിയും. നന്ദൻ ഓടിച്ചെന്നു വീട്ടിൽ കയറി നോക്കുമ്പോൾ മീനാക്ഷിക്ക് അയേൺ ചെയ്യുമ്പോൾ ഷോക്ക് അടിച്ചു നിലത്തു വീണു കിടക്കുന്നു.

അത് കണ്ടു മീനാക്ഷിയുടെ മോളു ഉറക്കെ കരയുകയാണ്.

എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നന്ദൻ പരുങ്ങി. അവരെ തറയിൽ നിന്നും പൊക്കി കട്ടിലിൽ കിടത്തി. ശ്വാസം നിലച്ചമട്ടാണ്. നന്ദൻ പൾസ് നോക്കി.അത് ഉണ്ട്. അവൻ വേഗം കൃതിമ ശ്വാസം നൽകി. ക്രമേണ ശ്വാസഗതി വീണ്ടെടുക്കുന്നതായി അവൻ മനസിലാക്കി.

നന്ദന്റെ ബൈക്ക് മീനാക്ഷിയുടെ വീടിനടുത്തു കണ്ടു സുധ ഓട്ടോ അവിടെ നിർത്തിച്ചു.

വാടക കൊടുത്ത് വിട്ടു . ഏട്ടൻ ഇവിടെ ഉണ്ടല്ലോ. ഇനി വീട്ടിലേക്കു നടന്നു പോകാം അവൾ വിചാരിച്ചു.

ടീച്ചർ പ്രായമായി കിടപ്പിൽ ആണല്ലോ ഒന്ന് കണ്ടു കളയാം. പിന്നെ മീനാക്ഷിയെയും കുട്ടിയേയും കാണാം. വെറുതെ അവരെ സംശയിച്ചതല്ലേ..

പുറത്തു ആരെയും കാണുന്നില്ല. സുധ നേരെ അകത്തു കയറി.

അകത്തു കണ്ട കാഴ്ച അവളെ ഞെട്ടിച്ചു. മീനാക്ഷിയുടെ മകൾ ദേവൂട്ടി സുധയോട് എന്തോ പറയാൻ വന്നപ്പോൾ സുധ ചുണ്ടത്തു വിരൽ ചേർത്ത് ‘മിണ്ടല്ലേ ‘എന്ന് കാണിച്ചു.

അതിനാൽ പിന്നെ ദേവൂട്ടി ഒന്നും മിണ്ടിയില്ല. കൃത്രിമ ശ്വാസം നൽകുന്ന നന്ദനെ സുധ തെറ്റിദ്ധരിച്ചു എന്നു വേണം കരുതാൻ.

എങ്ങനെ തെറ്റിദ്ധരിക്കാതിരിക്കും. കല്യാണത്തിന് പോവാൻ ഒരുങ്ങുക യായിരുന്നു മീനാക്ഷിയും മകളും.

മോൾ നേരത്തെ ഒരുങ്ങി. മീനാക്ഷി സാരിയുടുക്കാന് അടിപാവാടയും, ബ്ര സിയേഴ്സും ധരിച്ച ശേഷമാണ് സാരിക്കും ബ്ലൗസിനും അയേൺ ചെയ്യാൻ തുടങ്ങുന്നത് തന്നെ.

ചിലർ അങ്ങനെയാണ്. ഇടാൻ നേരത്ത് ആയിരിക്കും ആയെൺ ചെയ്യുക..

ആ വേഷത്തിൽ ഇരിക്കവേ ഷോക്കടിച്ചാൽ പിന്നെ എന്താ അവസ്ഥ.

നന്ദേട്ടൻ മീനാക്ഷിയെ ഉമ്മ വെക്കുന്നത് നേരിട്ടു കണ്ട സുധക്ക് ഇനി എന്ത്‌ തെളിവ് വേണം… അവൾ അങ്ങനെയാണ് ധരിച്ചു വെച്ചത്..!അവൾ തേങ്ങി കൊണ്ട് പുറത്തിറങ്ങി.കിട്ടിയ വാഹനത്തിൽ നാട്ടിലേക്ക് തിരിച്ചു പോയി.

നന്ദൻ ഒന്നുമറിഞ്ഞില്ല. മീനാക്ഷിക്ക് നന്ദന്റെ അവസരോചിതമായ പ്രാഥമിക ശുശ്രൂഷ കാരണം ജീവൻ തന്നെ തിരിച്ചു കിട്ടി.

അയേൺ ബോക്സ്‌ വീഴുമ്പോൾ കൈയിൽ കൊണ്ടതിനാൽ അല്പം പൊള്ളൽ ഏറ്റിട്ടുള്ളത് പിന്നീട് ഹോസ്പിറ്റലിൽ പോയി മരുന്ന് വെച്ച് കെട്ടി.

തന്റെ ജിവൻ രക്ഷിച്ച നന്ദനെ കൃത്യസമയത്ത് ദൈവം രക്ഷയ്ക്ക് അയച്ചതായി വിശ്വസിച്ചു.

“കണ്ടമ്മേ കണ്ടു ഞാൻ എല്ലാം. ഞാൻ നേരിൽ തന്നെ കണ്ടിട്ടാ വന്നത്. ആ വൃത്തികെട്ടവനും അവൾക്കും രാവെന്നോ പകലെന്നോ ഇല്ല. സ്വന്തം മോളുടെ മുന്നിൽ വെച്ച് പോലും ആ സ്ത്രീ അയാളുമായി ര മിക്കുന്നത് ഞാൻ നേരിട്ടു കണ്ടു… “

സുധ പോയപ്പോൾ അവിടെ കണ്ട കാഴ്ചകൾ അപ്പാടെ അമ്മയോടു പറഞ്ഞു. ഒക്കെ കേട്ടപ്പോൾ പിന്നെ കൂടുതലൊന്നും ആ അമ്മയ്ക്ക് പറയാൻ ഉണ്ടായില്ല. ഇത് പോലെ ഒരുത്തനെ മകളെ ഏല്പിച്ചതിന്റെ ഉത്തരവാദിത്തം അവർക്കും ഉണ്ട്. ഇനിയുള്ള കാലം വരെ മകൾക്ക് ചോറ് കൊടുത്തേ മതിയാകൂ.. അവർ നെടുവീർപ്പിട്ടു.

നന്ദന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന താളപ്പിഴകള്ക്ക് അറിഞ്ഞോ അറിയാതെയോ താൻ മാത്രം കരണക്കാരിയാണെന്നത് മീനാക്ഷി അറിഞ്ഞു തുടങ്ങി.

ഷോക്കടിച്ച ബോധം പോയ തനിക്കു നന്ദൻ കൃത്രിമ ശ്വാസം തരുന്ന അവസരത്തിൽ സുധ ഇവിടെ വന്നു പോയത് മോളു നന്ദനോടും തന്നോടും പറഞ്ഞിരുന്നു.

കസ്സേരയിൽ സുന്ദരിയുടെ ഫോട്ടോ വെച്ച് ‘സുന്ദരിക്ക് ആരു പൊട്ടുകുത്തും ‘എന്ന മത്സരത്തിൽ പങ്കെടുക്കാൻ പ്രാക്ടീസ് ചെയ്യുകയായിരുന്ന മോൾടെ പൊട്ടു, എന്തോ ആവശ്യത്തിന് വന്നു അവൾ വെച്ച പടത്തിന്റെ തൊട്ടപ്പുറത്തുള്ള കസ്സേരയിൽ ഇരിക്കുകയായിയുന്ന നന്ദന്റെ നെഞ്ചത്ത് കൊണ്ട് പോയി ദേവൂട്ടി കുത്തിയപ്പോൾ നന്ദന്റെ രോമത്തിൽ പറ്റിപിടിച്ചതും, അത് രാത്രിയിൽ കണ്ട സുധ പ്രശ്നം ഉണ്ടാക്കി പോയതും മീനാക്ഷി അറിഞ്ഞിരുന്നു.

അങ്ങനെ പിണങ്ങി പോയ സുധ മടങ്ങി വരുന്ന അവസരത്തിൽ ഇത് കൂടി കണ്ടപ്പോൾ തീർച്ചയായും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം.

ആ വേളയിൽ.. തന്റെ വേഷവും അങ്ങനെ ആയിരുന്നു.. ഈശ്വര എന്താണ് ഒരു പോംവഴി.

നാല്പത് ദിവസമായിട്ടും ഇപ്രാവശ്യം സുധയ്ക്ക് മെൻസ്ട്രഷൻ ആയില്ല. അവൾ മെഡിക്കൽ ഷോപ്പിൽ പോയി പ്രെഗ്നന്റ് കാർഡ് ഒന്നുരണ്ടു വാങ്ങി വീട്ടിൽ വന്നു.

വെളുപ്പാൻ കാലത്തു കാർഡ് ടെസ്റ്റ്‌ നടത്തി. ഈശ്വര രണ്ടു വര . അന്ന് അവൾക്കുറക്കം വന്നില്ല. പിറ്റേന്നും നോക്കി. ഗർഭിണി തന്നെ. മഹാഗർഭിണി.

‘ആ കള്ളൻ നന്ദൻ പണി പറ്റിച്ചു. ‘

അവൾ അമ്മയോട് പറഞ്ഞു.പണ്ടേ ദുർബല. ഇപ്പോൾ ഗർഭിണിയും ഇടിവെട്ടിയവളുടെ തലയിൽ പാമ്പും കടിച്ചോ. ചിരിക്കണോ കരയണോ എന്നറിയാതെ ആ അമ്മ ഉഴറി.

ആധിയോടെ ദിനങ്ങൾ തള്ളിനീക്കവേ സുധ നന്ദനെ ഫോൺ വിളിച്ചു നോക്കി. സ്വിച്ചു ഓഫാണ്. ക്ലബിന്റെ വാർഷികം നടക്കുകയാണ്. അതിന്റെ തിരക്കിൽ ആയിരിക്കും അവൾക്കറിയാം. നാളിതുവരെയായി അവനും ഇങ്ങോട്ട് ഒരു വിളി വിളിച്ചില്ല. അവന്റെ ബീ ജം തന്റെ വയറ്റിൽ വളരുന്നത് അവൻ അറിയേണ്ടതല്ലേ. കണ്ണീരോടെ പിന്നെയും ദിവസങ്ങൾ ഇഴഞ്ഞു പോകുകയാണ്.

ഒരു ദിവസം രാവിലെ തന്നെ കാളിംഗ് ബെൽ കേട്ടപ്പോൾ ഡോർ തുറന്നത് സുധയാണ്. മീനാക്ഷിയും ദേവൂട്ടിയും.. സുധ ഒന്നമ്പരന്നു. തന്റെ പ്രതിയോഗി തന്റെ താവളത്തിൽ വന്നിരിക്കുന്നു. അപ്പോഴേക്കും അച്ഛനുമമ്മയും വന്നു. അവർ മാന്യമായി മീനാക്ഷിയെ സ്വീകരിച്ചിരുത്തി. മീനാക്ഷി സുധയെ നോക്കി ചിരിച്ചിട്ട് അച്ഛനുമമ്മയെയും നോക്കിയിട്ട് പറഞ്ഞു..

” ഞാൻ മീനാക്ഷി. സൗദാമിനി ടീച്ചറുടെ മകൾ. ഇതെന്റെ മകൾ ദേവൂ. ഇവളുടെ കൈയിലെ ട്രോഫി കണ്ടോ. അത് അവൾക്ക് ക്ലബ് വാർഷികത്തിന് സുന്ദരിക്ക് ആരു പൊട്ടുകുത്തും എന്ന മത്സരത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടിയതാ. അവൾ അതിന്റെ പ്രാക്ടീസ് ചെയ്യുമ്പോൾ അവളുടെ കൈയിലെ പൊട്ടു കൊണ്ട് പോയി കുത്തിയത് നന്ദന്റെ നെഞ്ചത്ത് ഷർട്ടിൽ ആയിരുന്നു. എന്തോ അവളുടെ വിരൽ ഷർട്ടിന്റെ ഗ്യാപ്പിൽ കൂടി അവന്റെ രോമത്തിൽ പറ്റിപിടിച്ചു. അതാണ് അന്ന് സുധ കണ്ട സ്റ്റിക്കർ പൊട്ടു. “

“അതെ ആന്റി ഞാനാണ് അങ്കിളിന്റെ നെഞ്ചത്ത് കൊണ്ടുപോയി പൊട്ടു ഫോട്ടോയിൽ കുത്തുന്നതിനു പകരം മാറി കുത്തിയത്. “

ദേവൂട്ടി കൂടി ചിരിച്ചു കൊണ്ട് സാക്ഷ്യം പറഞ്ഞു. മീനാക്ഷി തുടർന്നു

“… ഈ പാട് കണ്ടോ അത് അന്ന് കല്യാണത്തിന് പോകാൻ വേണ്ടി ഒരുങ്ങവെ അയേൺ ചെയ്യുമ്പോൾ ഷോക്കറ്റ് വീഴുമ്പോൾ അയേൺ ബോക്സ്‌ കൊണ്ട് പൊള്ളിയതാണ്. അന്ന് സുധ വീട്ടിൽ വരുമ്പോൾ കണ്ടത് മരിച്ചു കൊണ്ടിരിക്കുന്ന എന്നെ ഈ ലോകത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന പുണ്യ കർമ്മം ആയിരുന്നു. അവൻ എനിക്കു സഹോദരനാ..എന്റെ പൊന്നു സഹോദരൻ. എനിക്കു ജീവൻ തിരിച്ചു തന്ന ദൈവം. അവന്റെ ദുഃഖം എന്റെയും കൂടിയാണ്. സുധയുടെ മനസിനെ വിഷമിപ്പിച്ച സംഭവങ്ങൾ ആണ് ഇതൊക്കെ എന്ന് ഞാൻ വൈകിയാണ് അറിഞ്ഞത്..”

ചുരുങ്ങിയ വാക്കുകളിൽ മീനാക്ഷി നിജ സ്ഥിതി വെളിപ്പെടുത്തി. എന്നിട്ട് കണ്ണീർ വാർത്തു.

“അതെ ആന്റി അമ്മയ്ക്ക് അങ്കിൾ കൃത്രിമ ശ്വാസം നൽകുമ്പോൾ ആണ് അന്ന് ആന്റി വന്നത്. ഞാൻ എല്ലാം പറയുമ്പോൾ ആന്റിയല്ലേ പറഞ്ഞത് മിണ്ടല്ലേ എന്ന്..?”

ദേവൂട്ടിയും കരച്ചിലിന്റെ വക്കിലെത്തി അപ്പോഴേക്കും സുധയ്ക്ക് സങ്കടം ആയി. താനിവരെയൊക്കെ സംശയിച്ചല്ലോ. സർവോപരി തന്റെ നന്ദേട്ടനെയും…അവൾ ദേവൂട്ടിയെ നെഞ്ചോടു ചേർത്തു കരഞ്ഞു.

സംശയങ്ങൾ കണ്ണീർ മഴയായി പെയ്യ്തൊഴിഞ്ഞപ്പോൾ സുധയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി. ഒപ്പം കുറ്റബോധത്തിന്റെ നീറ്റൽ വന്നുതുടങ്ങി..

“ഇപ്പോൾ തന്നെ എന്റെ കൂടെ വരണം. “.

മീനാക്ഷി വാശിപിടിച്ചപ്പോൾ അവർ സുധയെ മീനാക്ഷിക്കൊപ്പം പോകാനാനുമതി നൽകി.

മീനാക്ഷി സുധയെ നന്ദന് ഏല്പിച്ചു പറഞ്ഞു. സുധയുടെ സങ്കടങ്ങൾ ഒക്കെ മാറിയിരിക്കുന്നു. ഇനി ഇവളെ വിഷമിപ്പിക്കരുത്. നന്ദൻ പുഞ്ചിരിച്ചു സമ്മതിച്ചു.അവന്റെ കണ്ണുകളിൽ ജലം നിറഞ്ഞു. നന്ദന്റെ അമ്മയ്ക്കും സന്തോഷമായി.

മീനാക്ഷിയും മകളും പോയപ്പോൾ.താൻ ഇത്രയും നാൾ സംശയിച്ചതിനും, വെറുത്തതിനും സുധ നന്ദനെ കെട്ടിപിടിച്ചു മാപ്പ് പറഞ്ഞു.

“സാരമില്ല… തെറ്റ് ബോധ്യപ്പെട്ടു എന്റടുത്തു തിരിച്ചു വന്നല്ലോ അത് മതി. “

നന്ദൻ അവളെ ആശ്വസിപ്പിച്ചു ചേർത്ത് പിടിച്ചു കണ്ണീർ കവിളിൽ ഒരു ചുമ്പനം അർപ്പിച്ചു. അവൾക്ക് സന്തോഷമായി.

ശേഷം അവൾ അവന്റെ ചെവിൽ എന്തോ മന്ത്രിച്ചു. അത് കേട്ടതും സന്തോഷാധിക്ക്യം കൊണ്ട് സുധയെ വാരിയെടുത്തു പൊക്കി വട്ടം കറക്കി.

വട്ടം കറക്കവേ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിയലകൾ ആ വീടാകെ സന്തോഷം വാരി വിതറി….