ഒരു നിമിഷം ഞാനും ആ നില്‍പ്പ് നോക്കി നിന്നു. നോട്ടം മതിയാക്കി ഒരു നെടുവീര്‍പ്പുതിര്‍ത്ത് അമ്മ വീടിനകത്തേക്ക് തിരിഞ്ഞ് നടന്നു.

അമ്മയുടെ പാദങ്ങള്‍…

രചന: Magesh Boji

——————

ടെറസ്സിന്‍റെ മുകളില്‍ നിന്ന് കലപില ശബ്ദം കേട്ടാണ് ഞാന്‍ ചെന്ന് നോക്കിയത്. ഉണങ്ങാനിട്ടിരുന്ന നെല്ല് കാക്കകള്‍ കൂട്ടം കൂടി കൊത്തിപ്പെറുക്കുകയായിരുന്നു.

എല്ലാത്തിനേയും ആട്ടിപ്പായിച്ച് ഞാനുറക്കെ വിളിച്ചു , അമ്മേന്ന്.

കാര്യമെന്തെന്നറിയാന്‍ ടെറസ്സിലേക്ക് വന്ന അമ്മ എന്നെ കണ്ട പാടെ ഒരൊറ്റ ചോദ്യം , ടെറസ്സിന്‍റെ മുകളില്‍ നിന്ന് എന്നെ തള്ളിയിട്ട് കൊല്ലാനെങ്ങാനുമാണോ നീ വിളിക്കുന്നതെന്ന്…

ചോദ്യം കേട്ട് ഒന്നമ്പരന്നെങ്കിലും അമ്മയുടെ പുഞ്ചിരി കണ്ടപ്പോള്‍ അമ്പരപ്പങ്ങലിഞ്ഞില്ലാതെയായി. എങ്കിലും ആ മുഖത്ത് ഭാവങ്ങള്‍ മാറി മറിയുന്നത് ഞാന്‍ കണ്ടു.

സ്വന്തം അമ്മയെ ടെറസ്സിന്‍റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊ -ന്ന ഒരു മകനെ കുറിച്ചുള്ള വാര്‍ത്ത ഇന്നലെ ടിവിയില്‍ കണ്ടത് മുതല്‍ തുടങ്ങിയതാണ് ആ മുഖത്തുള്ള ഈ ഭാവ വിത്യാസങ്ങള്‍.

നെല്ല് വാരി ചാക്കില്‍ നിറക്കുമ്പോഴും ഞാനിടക്കിടെ ആ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു.

നിറച്ച ചാക്ക് ഓരത്തേക്ക് വച്ച് കയ്യിലെ പൊടി തട്ടി തിരിഞ്ഞപ്പോള്‍ കണ്ടു , ടെറസ്സില്‍ നിന്ന് താഴേക്ക് നോക്കി നില്‍ക്കുന്ന അമ്മയെ…

ഒരു നിമിഷം ഞാനും ആ നില്‍പ്പ് നോക്കി നിന്നു. നോട്ടം മതിയാക്കി ഒരു നെടുവീര്‍പ്പുതിര്‍ത്ത് അമ്മ വീടിനകത്തേക്ക് തിരിഞ്ഞ് നടന്നു.

പോവുന്ന പോക്കില്‍ കണ്ടു , വിണ്ടു കീറിയ അമ്മയുടെ പാദങ്ങള്‍… ഞാനും മെല്ലെ പടികളിറങ്ങാന്‍ തുടങ്ങി. ഇറങ്ങുമ്പോള്‍ കാണുന്നുണ്ടായിരുന്നു , എന്തോ ആലോചിച്ചിരിക്കുന്ന അമ്മയെ.

എന്നെ കണ്ടതും അമ്മ പറഞ്ഞു , എനിക്കൊന്ന് അമ്മൂമ്മയെ കാണാന്‍ പോകണം , കുറെയായി കണ്ടിട്ട് , നീയൊരു ഓട്ടോ വിളിച്ച് തന്നാല്‍ ഞാനൊറ്റക്ക് പൊയ്ക്കോളാമെന്ന്.

ഇതെന്താ പെട്ടെന്നിങ്ങനെയൊരു തോന്നലെന്ന മട്ടില്‍ ഞാനാ മുഖത്തേക്ക് നോക്കി. അപ്പോഴേക്കും പോവ്വാനുള്ള തയ്യാറെടുപ്പവിടെ തുടങ്ങി കഴിഞ്ഞിരുന്നു.

ഓട്ടോ വരുന്നത് ദൂരെ നിന്ന് കണ്ടപ്പോള്‍ എന്നോട് പറഞ്ഞു , രാത്രി കഴിക്കാനുള്ള ചോറും കറികളും മേശപ്പുറത്ത് മൂടി വച്ചിട്ടുണ്ട് , നാളെ നീ ഹോട്ടലില്‍ നിന്ന് കഴിക്കേണ്ടി വരും , ഞാന്‍ നാളെ വൈകുന്നേരമേ തിരിച്ച് വരുള്ളൂ എന്ന്.

വീട് വിട്ട് ഇന്നേ വരെ എവിടെയും ഒറ്റക്ക് പോയി നിന്നിട്ടില്ലാത്ത അമ്മ ധൃതിയില്‍ ഓട്ടോയില്‍ കയറുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി.

ആ ഓട്ടോ കണ്ണില്‍ നിന്ന് മറയണത് വരെ ഞാന്‍ അവിടെ തന്നെ നോക്കി നിന്നു.

അകത്തേക്ക് കയറി മുന്‍വശത്തെ വാതിലടച്ച് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു മൂകത എന്നില്‍ ചേക്കേറി തുടങ്ങി. വീടിനകത്ത് വല്ലാത്തൊരു നിശബ്ദത. ആ അവസ്ഥയില്‍ അധിക നേരമവിടെ നില്‍ക്കാനാവുമായിരുന്നില്ലെനിക്ക്.

വേഗം ഡ്രസ്സ് മാറി വാതിലെല്ലാം ഭദ്രമായി പൂട്ടി പുറത്തോട്ടിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കുറച്ച് ദൂരം മുന്നോട്ട് പോയി എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം വണ്ടി നിര്‍ത്തി. വീട്ടിലേക്കൊന്ന് തിരിഞ്ഞ് നോക്കി.

വീടാകെ ഉറങ്ങി കിടക്കുന്നത് പോലെ… പിന്നീടുള്ള യാത്രയില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു നഷ്ടബോധം ഇടക്കിടെ വന്നെന്‍റെ മനസ്സിനെ കീഴടക്കി കടന്ന് പോയി.

രാത്രിയാണ് തിരിച്ച് വീട്ടിലെത്തിയത് . വന്ന പാടെ കുളിച്ചു . മൂടി വച്ച പാത്രങ്ങള്‍ തുറന്ന് ഭക്ഷണമെടുത്ത് വച്ച് കഴിക്കാന്‍ തുടങ്ങി.

കഴിക്കുന്നതിനിടയില്‍ എരിവ് വന്ന് മൂര്‍ദ്ധാവില്‍ കയറി കുറെ ചുമച്ചു . ചുമയുടെ കൂടെ കണ്ണില്‍ നിന്നും കുടുകുടെ വെള്ളം ചാടി.

ഒരു കയ്യാല്‍ മൂര്‍ദ്ധാവില്‍ തട്ടുമ്പോള്‍ ഞാനറിഞ്ഞു , ഓടി വന്നെന്‍റെ മൂര്‍ദ്ധാവില്‍ തട്ടാറുള്ള ആ കൈകളുടെ അസാന്നിധ്യം.

വേഗം ഭക്ഷണം കഴിച്ച് ഫോണെടുത്ത് ഞാന്‍ അമ്മയെ വിളിച്ചു . എടുത്തത് അമ്മാവനായിരുന്നു . അമ്മ ചോറ് കഴിക്കാണെന്ന് പറഞ്ഞു.

പാത്രമെല്ലാം കഴുകി വച്ച് വെളിച്ചമെല്ലാം അണച്ച് മുകള്‍ നിലയിലുള്ള എന്‍റെ മുറിയിലേക്ക് പോയി.

തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനൊടുവില്‍ എപ്പോഴോ ഒന്ന് മയങ്ങിപ്പോയി.

ഒരു ദുസ്വപ്നം കണ്ടാണ് പിന്നെ ഞെട്ടിയുണര്‍ന്നത്. കയ്യിലും ഒക്കത്തും വെള്ളം നിറച്ച കുടവുമായി കഷ്ടപ്പെട്ട് നടന്ന് വരുന്ന ഒരു സ്ത്രീ വീടെത്താറായപ്പോള്‍ കാലില്‍ എന്തോ കുരുങ്ങി താഴെ വീഴുന്നു….

ഞെട്ടിയുണര്‍ന്ന ഞാന്‍ പതിയെ കിതച്ചു. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരുന്നത് കയ്യാല്‍ തുടച്ചു. കിടക്കയില്‍ കുറച്ച് നേരം എണീറ്റിരുന്നു. കണ്ട സ്വപ്നത്തിന്‍റെ ഏടുകള്‍ എന്‍റെ മുന്നില്‍ വീണ്ടും തുറക്കപ്പെട്ടു.

വിള്ളല്‍ വീണ രണ്ട് പാദങ്ങള്‍ ഒരു മിന്നായം പോലെ ഓര്‍മ്മയിലേക്ക് വന്നു….

മക്കള് നല്ല വെള്ളം കുടിക്കണംന്നും പറഞ്ഞ് മീറ്ററുകളോളം നടന്ന് ഒരു വീട്ടിലേക്ക് വേണ്ട വെള്ളമത്രയും കയ്യിലും ഒക്കത്തും വച്ച് കൊണ്ട് വരാറുള്ള അമ്മയുടെ പഴയ ആ രൂപം മനസ്സിലിങ്ങനെ തെളിഞ്ഞ് വന്നു.

തൊണ്ട വരളുന്നത് പോലെ തോന്നിയപ്പോള്‍ കുടിക്കാനുള്ള വെള്ളത്തിനായി കൈകള്‍ പരതി.

പക്ഷെ പാത്രത്തില്‍ ഒരു തുള്ളി വെള്ളമില്ലായിരുന്നു. പതിവായി അമ്മയായിരുന്നല്ലോ മുറിയില്‍ വെള്ളം കൊണ്ട് വച്ചിരുന്നത്…. എണീറ്റ് വാതില്‍ തുറന്നു . വെള്ളമെടുക്കാനായി താഴേക്കുള്ള പടികളിറങ്ങി.

വിശ്രമ മുറിക്കരികിലൂടെ അടുക്കളയിലേക്ക് നടന്നു . ചുമരില്‍ തപ്പി ലൈറ്റിന്‍റെ സ്വിച്ചിട്ടു. അവിടമാകെ പ്രകാശ പൂരിതമായി.

ഒരു പദം മുന്നോട്ട് നടന്നു. പക്ഷെ അടുത്ത പദം മുന്നോട്ട് വയ്ക്കാന്‍ കഴിയാത്ത വിധം അവിടുത്തെ അന്തരീക്ഷം എന്നെ വല്ലാതെ ഭയപ്പെടുത്തി.

തന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും ചിലവഴിച്ച ആ അടുക്കളയില്‍ അമ്മയുടെ അസാന്നിധ്യം ശ്മശാന മൂകതയാണ് സൃഷ്ടിച്ചത്…..

ആ മൂകത വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു.

നിശബ്ദമായ ചില തേങ്ങലുകള്‍ എന്‍റെ കര്‍ണ്ണപ്പുടങ്ങളില്‍ വന്ന് പതിക്കുന്നതായി തോന്നി. പൈപ്പില്‍ നിന്നും വെള്ളത്തുള്ളികള്‍ പതിയെ ഇറ്റ് വീഴും പോലെ….

അടുപ്പത്തിരുന്നെന്തോ നിഗൂഢമായി തിളച്ച് മറിയും പോലെ… എനിക്ക് ശ്വാസം മുട്ടി . എന്‍റെ തല പെരുക്കുന്നത് പോലെ തോന്നി.

അമ്മയുടെ സാന്നിധ്യമില്ലാത്ത ആ അടുക്കളയില്‍ ഒരു നിമിഷം പോലും നില്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഒരു ഗ്ലാസ്സ് വെള്ളവുമെടുത്ത് വേഗം മുറിയിലേക്ക് പോയി.

എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്ന് എനിക്കറിയില്ല…. കോഴി കൂവുന്നതിന് മുന്‍പേ എണീറ്റ് ഞാന്‍ അമ്മൂമ്മയുടെ വീട്ടിലേക്ക് പോയി.

കാളിംങ്ങ് ബെല്ലില്‍ തുടര്‍ച്ചയായി വിരലമര്‍ത്തി. വാതില്‍ തുറന്നത് അമ്മാവനായിരുന്നു. ഇത്ര നേരത്തെ എന്നെ കണ്ടതിലുള്ള അന്ധാളിപ്പ് ആ മുഖത്തുണ്ടായിരുന്നു.

നീയെന്താ ഇത്ര നേരത്തെ എന്ന ചോദ്യം വരുന്നതിന് മുന്‍പേ ഞാന്‍ അകത്തേക്ക് തള്ളി കയറിയിരുന്നു. ഓരോ ഇടങ്ങളിലും എന്‍റെ കണ്ണുകള്‍ പരതുകയായിരുന്നു.

ഒന്നും മനസ്സിലാവാതെ അമ്മാവന്‍ കാര്യമെന്തെടാന്നും ചോദിച്ച് പുറകെ നടക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും എല്ലാവരും ഉണര്‍ന്നു . കൂട്ടത്തില്‍ അമ്മയും.

വെപ്രാളത്തോടെ ഓടി വന്ന അമ്മ ചോദിച്ചു , എന്താ കാര്യം , എന്ത് പറ്റി , നീയെന്താ ഇത്ര നേരത്തെ വന്നത് , ആര്‍ക്കേലും എന്തേലും അസുഖമുണ്ടോ , പറയെടാ , എടാ പറയാന്‍ .

നമുക്ക് വേഗം നമ്മുടെ വീട്ടിലേക്ക് പോവണം എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. മറുപടിക്കൊന്നും കാത്ത് നില്‍ക്കാതെ അമ്മയുടെ വസ്ത്രങ്ങളെല്ലാം പെറുക്കിയെടുത്ത് ഞാന്‍ ഒരു കവറിലാക്കി.

ഒരു കയ്യില്‍ കവറും മറു കയ്യില്‍ അമ്മയുടെ കയ്യും പിടിച്ച് അവിടം വിട്ടിറങ്ങി.

ചോദ്യങ്ങളും പറച്ചിലുകളും എന്‍റെ ചുറ്റിലും വന്ന് നിറഞ്ഞു . എന്നില്‍ നിന്ന് മറുപടിയൊന്നും കിട്ടാത്തത് കൊണ്ടാവും അവിടെ കണ്ട മുഖങ്ങളിലെല്ലാം ആശ്ചര്യം നിഴലിച്ചിരുന്നു.

നിശബ്ദനായി വണ്ടി ഓടിച്ചിരുന്ന എന്നെ നോക്കി അമ്മ പറയുന്നുണ്ടായിരുന്നു , അമ്മയെ കണ്ട് കൊതി തീര്‍ന്നില്ല എനിക്ക് ,

ഓരോരോ കാരണം പറഞ്ഞ് അപ്പോഴേക്കും എത്തിക്കോളും , നിനക്കെന്താ എന്നെ കണ്ടില്ലേല്‍ ഉറക്കം വരില്ലേ , പോത്ത് പോലെ വളര്‍ന്നില്ലേടാ നീ .

ആ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്‍റെ പക്കല്‍ ഇല്ലായിരുന്നു.

പക്ഷെ എനിക്കറിയാമായിരുന്നു , കേള്‍ക്കാന്‍ പാടില്ലാത്ത ഓരോരോ വാര്‍ത്തകള്‍ ഈ സമൂഹത്തില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ചങ്ക് പിടയുന്ന ഒരുപാട് അമ്മമാരുടെ പ്രതിനിധിയാണ് എന്‍റെ അമ്മയെന്ന്.

എനിക്കറിയാമായിരുന്നു , വേദനിപ്പിക്കുന്ന വാര്‍ത്തയൊന്ന് കേട്ടാല്‍ ഒരാശ്വസത്തിനായി തലമുറകള്‍ കൈമാറി വന്ന സ്നേഹത്തിന്‍റേയും നന്മയുടേയും

ഉറവിടമായ പെറ്റ വയറിനെ തേടിപ്പോവുന്ന ഒരുപാട് അമ്മമാരുടെ മുഖമാണെന്‍റെ അമ്മയുടേതെന്ന്.

തലമുറകള്‍ കൈമാറി കിട്ടിയ ആ സ്നേഹവും കരുതലും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതിരിക്കാനല്ലേ ഈ പുലര്‍ച്ചെ പെറ്റ വയറിനെ തേടി ഞാനും വന്നതെന്ന് ആ കണ്ണുകളിലേക്ക് നോക്കി പറയാതെ ഞാന്‍ പറയുന്നുണ്ടായിരുന്നു.

വീടെത്തിയത് എത്ര പെട്ടെന്നായിരുന്നു.

ഞാന്‍ വേഗം പോയി മുന്‍ വശത്തെ വാതില് തുറന്ന് കൊടുത്തു . കവറെടുത്ത് അമ്മയുടെ മുറിയിലേക്ക് വെച്ചു. എന്‍റെ മൗനം കാരണമാകാം അമ്മ അപ്പോഴും മുഖം വീര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഞാന്‍ ഒന്നും പറഞ്ഞില്ല . ആ അരികില്‍ ചെന്നിരുന്നു. ആ രണ്ട് പാദങ്ങളും എടുത്ത് ഞാനെന്‍റെ മടിയിലേക്ക് കയറ്റി വച്ചു.

ഇന്നലെ വാങ്ങി വച്ച മരുന്നുണ്ടായിരുന്നു കയ്യില്‍ . അതില്‍ നിന്ന് കുറച്ചെടുത്ത് വിണ്ട് കീറിയ ആ പാദങ്ങളില്‍ പുരട്ടി കൊടുത്തു.

ആ കണ്ണുകളിലിപ്പോ പരിഭവവും ആശങ്കയുമായിരുന്നില്ല . പകരം ഏതൊരവസ്ഥയിലും മക്കളാല്‍ സ്നേഹിക്കപ്പെടും എന്നുറപ്പുള്ള ഒരമ്മയുടെ ആത്മവിശ്വാസവും ധൈര്യവുമായിരുന്നു.

ആ കാഴ്ച്ച കണ്ട് എന്‍റെ കണ്ണും നിറഞ്ഞു . ഒരു തുള്ളി കണ്ണുനീരിറ്റ് വീണത് അമ്മയുടെ പാദങ്ങളിലേക്കായിരുന്നു.

ആ ഇറ്റ് വീണ കണ്ണ് നീര് എന്‍റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നി. അമ്മമാരെ ജീവനു തുല്ല്യം സ്നേഹിക്കുന്ന ഓരോ മക്കളുടേയും കരുതലിന്‍റെ പ്രതീകമായിരുന്നത്.

നിറഞ്ഞ സന്തോഷത്തോടെ അമ്മ ചിരിച്ചപ്പോള്‍ അതിലേറെ സന്തോഷത്തോടെ യാത്ര ചോദിച്ച് ഞാന്‍ ജോലിക്കിറങ്ങി.

വണ്ടിയുമെടുത്ത് കുറച്ച് ദൂരം മുന്നോട്ട് പോയപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം വണ്ടി ഞാനവിടെ ചവുട്ടി നിര്‍ത്തി.

തിരഞ്ഞൊന്നെന്‍റെ വീട്ടിലേക്ക് നോക്കി. ഹൊ….എന്തൊരു ഐശ്വര്യമായിരുന്നപ്പോ എന്‍റെ വീടിനെന്നറിയ്യോ….