നാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഞായറാഴ്ച .പതിവുപോലെ ശ്യാമ വീട്ടുപണികൾ പെട്ടെന്ന് തീർത്തു.
” ഇന്ന് നീ എവിടേലും പോകുന്നുണ്ടോ ..” ലീല ചോദിച്ചു.
” അതെന്നാമ്മേ അങ്ങനെ ചോദിച്ചേ “
” അല്ല നീ ധൃതിയിൽ ഓരോന്നു ചെയ്യുന്നത് കണ്ടിട്ട് ചോദിച്ചതാ “
” എവിടെയും പോകുന്നില്ല. ചിലപ്പോൾ ഇന്ന് എൻ്റെ കൂടെ പഠിച്ച ഒരാൾ വരും എന്നു പറഞ്ഞു. “
” നിൻ്റെ കൂടെ പഠിച്ചയാളെ എവിടെവച്ച് കണ്ടു”
” അമ്മേ നമ്മുടെ കൂൾബാറിൽ വച്ച് “
” ഉംം.. “അത്ര തൃപ്തിയില്ലാതെ ലീല മൂളി.
അമ്മയ്ക്ക് ഇഷ്ടായില്ലെന്ന് ആ മൂളലിൽനിന്നും ശ്യാമയ്ക്ക് മനസിലായി.
അമ്മയെ കൂറ്റംപറയാൻ പറ്റില്ല. താൻ വി ധവയാണ് . പേരുദോഷം ഉണ്ടായാലോ ഒരുത്തി ഉണ്ടാക്കിയ നാണക്കേടാണ് തങ്ങളെ ഈ നാട്ടിലെത്തിച്ചത്. ഇവിടെ ആർക്കും അറിയില്ല താൻ വിവാഹിതയാണെന്ന്.
ശ്യാമ ഓരോന്നോർത്ത് ഇരുന്നു.
ഫോൺബെല്ലടിച്ചതും ശ്യാമ വേഗം ചെന്നെടുത്തു.
” ഹലോ .. ആരാണ് ..”
” ശ്യാമയല്ലേ..” മറുവശത്തുനിന്നും മറുചോദ്യം വന്നു.
അരവിന്ദിൻ്റെ ശബ്ദം .
” അതേ അരവിന്ദ് ഈ നമ്പർ എങ്ങനെ ..?
” അതൊക്കെ കിട്ടി ..ഇന്നെനിക്കു വരാൻ പറ്റില്ല .അത് പറയാനാണ് വിളിച്ചത്. മറ്റൊരിക്കൽ വരാം .ഓക്കെ .ബൈ.”
” ശരി “
മറുവശത്ത് ഫോൺ കട്ട് ചെയ്തിട്ടും ശ്യാമ ഫോൺ ചെവിയോടു ചേർത്തു പിടിച്ചു.
” ആരാ ശ്യാമേ ” തിണ്ണയിൽ നിന്നും അച്ഛൻ ചോദിച്ചു.
” അത് എൻ്റെ ഫ്രണ്ടാണ് അച്ഛാ ..” ശ്യാമ ഫോൺ മേശപ്പുറത്ത് വെച്ചു.
ഇത്രയും നേരം ഉണ്ടായിരുന്ന സന്തോഷം ഒരുനിമിഷം കൊണ്ട് ഇല്ലാതായി.
ഛെ..ഇത്ര വിഡ്ഢിയോ താൻ. അരവിന്ദ് വിവാഹിതനാണ് . എന്നിട്ടും അരവിന്ദ് തൻ്റേതാകുമെന്ന് കരുതിയത് തൻെറ തെറ്റ് . ഇന്നു വരുമെന്ന് ചിലപ്പോൾ വെറുതെ പറഞ്ഞതാവും . സ്നേഹം ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ല. മനസ്സിൽ സ്നേഹം ഉണ്ടെങ്കിലും പ്രകടിപ്പിക്കാൻ പോലും സാധിച്ചെന്നു വരില്ല. സ്നേഹിച്ചിട്ട് താൻ ആണ് ആ സ്നേഹം നഷ്ടപ്പടുത്തിയത്.
അർഹതയില്ലാത്തത് ആഗ്രഹിക്കാൻ പാടില്ല. ശ്യാമയ്ക്ക് നെഞ്ചുപൊടിയുന്ന വേദന തോന്നി.
” നിനക്ക് എന്തുപറ്റി ” ശ്യാമയുടെ മുഖം കണ്ട ലീല ചോദിച്ചു.
” ഒന്നുമില്ല. ” അവൾ തൻെറ നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ പെട്ടെന്ന് അടുക്കളയിലേയ്ക്ക് നടന്നു.
” എൻ്റെ ഈശ്വരൻമാരെ ഇനിയും എൻ്റെ കുട്ടിയെ സങ്കടപ്പെടുത്തല്ലേ..” ലീല ഉള്ളുരുകി പ്രാർത്ഥിച്ചു.
***. ***. ***. ***. ***
” രാവിലെയാണേലും നല്ല തിരക്ക് തന്നെ . ടോക്കൺ 5 ആയതേ ഉള്ളു. തന്റെ ടോക്കൺ നമ്പർ 30 .എത്രനേരം ഇരിക്കണോ. ഇവിടെ ഈ ബാങ്കിൽ ആദ്യാണ് വരുന്നത് .അച്ഛനു ക്ഷീണമായതുകൊണ്ട് വരേണ്ടി വന്നു. “
പെട്ടെന്ന് ശ്യാമയുടെ കണ്ണുകൾ മാനേജരുടെ ക്യാബിനിലേയ്ക്ക് കയറിയ ചുരിദാറുകാരിയിൽ പതിഞ്ഞു.
” അത് അരവിന്ദിൻ്റെ ഭാര്യയല്ലേ. അതെ അതുതന്നെ ഒന്നേകണ്ടിട്ടുള്ളൂ എങ്കിലും ആ മുഖം താൻ മറക്കില്ല.”
ശ്യാമ ക്യാബിനിലേയ്ക്ക് തന്നെ നോക്കിയിരുന്നു.
ക്യാബിനിൽ നിന്നും ഇറങ്ങിയ ലത കണ്ടു തന്നെ നോക്കിയിരിക്കുന്ന ശ്യാമയെ. ” അരവിന്ദിനെ തിരക്കി വന്നതാണോ . ഏയ് അല്ല . ” ലത അരവിന്ദിൻ്റെ സീറ്റിലേയ്ക്ക് നോക്കി. അരവിന്ദ് അറിഞ്ഞിട്ടില്ല.
ശ്യാമ ചിരിച്ചു കൊണ്ട് ലതയുടെ അടുത്തേക്ക് ചെന്നു.
” എന്നെ മനസിലായോ..” ലത ചോദിച്ചു.
” ഒരാളെ ഒന്നുകണ്ടാൽമതി ഞാൻ മറക്കില്ല.”
” ഞാൻ അരവിന്ദിനോട് പറയാം കാണാൻ വന്നിട്ടുണ്ടെന്ന് “.
” അയ്യോ അല്ല ഞാൻ അരവിന്ദിനെ കാണാൻ വന്നതല്ല. ഇവിടെയാണ് ജോലി എന്നറിയില്ലാരുന്നു .നിങ്ങൾ രണ്ടുപേരും ഒരോഫീസിലാണോ..”
” അതെ ..ഇരിക്കൂ ഞാൻ പറഞ്ഞിട്ടുവരട്ടെ ” ലത അരവിന്ദിൻ്റെ അടുത്തേക്ക് നടന്നു.
ഒരു പണി കൊടുത്തിട്ടു തന്നെ കാര്യം.
ക്യാബിനിൽ അരവിന്ദിൻ്റെ അടുത്തെത്തി .” ” താൻ അരവിന്ദിൻ്റെ ഭാര്യയാണെന്ന് കൂൾബാർ സുന്ദരിക്ക് തോന്നണം . ” മനപൂർവം ചേർന്നുനിന്നു എന്നിട്ട് കൊഞ്ചലോടെ പതിയെ പറഞ്ഞു.
” കൂൾബാർ സുന്ദരി കാണാൻ വന്നിരിക്കുന്നു.”
ആരാ ..?
” ആനക്കല്ല് കൂൾബാർ സുന്ദരി “
” ഇരിക്കാൻ പറയൂ .ഞാൻ ഇപ്പോൾ വരാം “.
അരവിന്ദിനോടുള്ള ലതയുടെ പെരുമാറ്റത്തിൽ ശ്യാമയ്ക്ക് തെറ്റായി തോന്നിയില്ല. ഭാഗ്യവതി രണ്ടുപേരും നല്ല ചേർച്ച .ഇവരുടെ ഇടയിൽ കരടാവാൻ താനില്ല.
” ഇപ്പോൾ വരും ” ശ്യാമയുടെ അടുത്തെത്തി ലത പറഞ്ഞു.
” ആയിക്കോട്ടെ.. ഡ്യൂട്ടി ഫസ്റ്റ് ” ശ്യാമ ചിരിയോടെ പറഞ്ഞു.
ടോക്കൺ നമ്പർ 30 കൗണ്ടർ നമ്പർ 4 എന്ന അനൗൺസ് കേട്ടതും ശ്യാമ വേഗം ചൗണ്ടർ നമ്പർ നാലിൽ ചെന്നു.
” അരവിന്ദ് ” ശ്യാമ വിളിച്ചു.
” ലത പറഞ്ഞു ” ടോക്കൺ വാങ്ങി ക്യാഷ് കൊടുത്തിട്ടു പറഞ്ഞു.
” ഇരിക്കൂ..ഞാനിപ്പോൾ വരാം ..”
” ശരി .. “
ലത അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അരമണിക്കൂർ കഴിഞ്ഞു അരവിന്ദ് ഇറങ്ങി വന്നപ്പോൾ.
” വരൂ. . ” അരവിന്ദ് ശ്യാമയെ വിളിച്ചിട്ട് നടന്നു .അരവിന്ദിൻ്റെ പിന്നാലെ ശ്യാമ നടന്നു.
ശ്യാമ ലതയെ നോക്കി .പോകുവാണെന്നു പറഞ്ഞു. ലത തലയാട്ടി.
അരവിന്ദ് തൊട്ടടുത്തുള്ള കോഫി ഹൗസിൽ കയറി .
” അരവിന്ദ് നിങ്ങൾ ഒരോഫീസിലാണല്ലോ എന്നോടൊപ്പം ഇറങ്ങിവന്നത് വൈഫിന് ഇഷ്ടപ്പെടുമോ ?
” സാരമില്ല നീ കോഫി കുടിക്ക് ” ” അപ്പോൾ ലതയെയാണ് തന്റെ ഭാര്യയായി ശ്യാമ കരുതിയിരിക്കുന്നത് .ശ്യാമയെ കാണിക്കാനാണ് ക്യാബിനിൽ തന്നോട് ചേർന്നു നിന്നത്. പാവം ശ്യാമ .അവൾ അറിയുന്നില്ലല്ലോ തങ്ങൾ സഹപ്രവർത്തകർ ആണെന്ന് . “
” ഞായറാഴ്ച എന്താണ് വരാഞ്ഞത് .”
” അമ്മയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റായി .ഇന്നലെ ഡിസ്ചാർജ് ആയതേ ഉള്ളൂ..”
” അമ്മയ്ക്ക് എന്തുപറ്റി ?
“ഹാർട്ട് പ്രോബ്ലം ഉണ്ട്. താമസിയാതെ ഞാൻ വരാം .”
” എന്തിനാ വെറുതെ പറയുന്നത് .”
“വെറുതെ അല്ലവരും എന്നുപറഞ്ഞാൽ വരും “
“അരവിന്ദ് ..ഞാൻ പൊക്കോളാം ഡ്യൂട്ടി ടൈംഅല്ലേ .”
അരവിന്ദ് ബിൽകൊടുത്തിട്ടു വരുന്നതുവരെ ശ്യാമ നിന്നു.
***. ***. ***
ലതയുടെ സീറ്റിൽ ഇരുന്നാൽ അരവിന്ദും ശ്യാമയും കയറിയ കോഫീഹൗസ് കാണാം. ലതയ്ക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല. ” രണ്ടുപേരും നല്ല ചേർച്ചയുണ്ട് .എന്തായാലും ഇവർ തമ്മിലുള്ളത് ആഴമേറിയ ബന്ധമാണെന്ന് ഉറപ്പാണ്. ചിലപ്പോൾ അരവിന്ദ് സാർ കല്ല്യാണം കഴിക്കാത്തത് ഇവർക്കുവേണ്ടിയാണോ. അഥവ ആണെങ്കിൽ . നോ അങ്ങനാവാതെയിരിക്കട്ടെ
അരവിന്ദ് സാറിനുവേണ്ടി എത്ര ആലോചനയാണ് താൻ വേണ്ടെന്നു വച്ചത്. “
ഇരുന്നിട്ട് ഇരുപ്പുറയ്ക്കാതെ ലത ബാങ്കിൽ നിന്നും ഇറങ്ങി.
അരവിന്ദിൻ്റൊപ്പം കോഫീ ഹൗസിൽ നിന്നും ഇറങ്ങിയ ശ്യാമ തങ്ങളെ നോക്കി നിൽക്കുന്ന ലതയെ കണ്ടു നടുങ്ങി.
എന്തുചെയ്യണം എന്നറിതെ ശ്യാമ ഒരു നിമിഷം നിന്നു.
” എന്താ നിന്നത് ” അരവിന്ദ് ചോദിച്ചു
” ഒന്നുമില്ല ഞാൻ പോകുന്നു.”
” ഉം ആയിക്കോട്ടെ ഞാൻ ഇടയ്ക്കിറങ്ങാം “
” ശരി “
ശ്യാമ ലതയെ ശ്രദ്ധിക്കാതെ റോഡ് ക്രോസ്ചെയ്തു. ബസ് കാത്തുനിൽക്കുന്നവരുടെ ഇടയിലേയ്ക്ക് കടന്നു നിന്നു. ബാങ്കിൻ്റെ വാതിക്കൽ ലത നിൽക്കുന്നുണ്ടോ എന്നുനോക്കി .തന്നെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അരവിന്ദിൻ്റെ പിറകെ അകത്തേക്ക് പോകുന്നതാണ് കണ്ടത്.
” ഈശ്വരാ തൽക്കാലം രക്ഷപ്പെട്ടു. തന്നോടു ചോദിച്ചാൽ എന്തുമറുപടി കൊടുക്കും. ആരാന്ന് പറയും . പഴയ കാമുകി എന്നോ. ആവർത്തിക്കാതിരിക്കാം അതല്ലേ പറ്റൂ .ഭാര്യയുടെ കാൺകെ ഭർത്താവിനൊപ്പം കോഫീഹൗസിൽ പോയ തന്നെയല്ലേ മറ്റുള്ളവർ കുറ്റംപറയൂ. അരവിന്ദ് വിളിച്ചപ്പോൾ നിരസിക്കാൻ മനസ് സമ്മതിച്ചില്ല.
വീടെത്തിയിട്ടും മനസിൻ്റെ വിറയൽ മാറിയില്ല.
******* 0 ******
” അരവിന്ദ് സാർ ഒരുകാര്യം ചോദിച്ചോട്ടെ ?
” ഉംം എന്താണ് ?
” അത് സാറിന്റെ ആരാണ് ആ ശ്യാമ “
” ആരേലും ആകട്ടെ ..ആരായാൽ തനിക്കെന്ത് “
” എനിക്കെന്ത് എന്നതല്ല ആരാന്ന് പറയൂ ?
” അതിൻെറ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.”
” ഉണ്ട് .ആവശ്യം ഉണ്ട്. എൻ്റെ മനസ്സ് സാറിനറിയാം .അറിയില്ലെന്ന് നടിക്കുന്നതാണ്.”
” എന്താ പറഞ്ഞതു വരുന്നത്.”
” ഒന്നുമില്ല . ” മിണ്ടാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവർ ശ്രദ്ധിക്കുന്നു.
” ഉംം എന്നാൽ കൊള്ളാം .ആവശ്യമില്ലാതെ എൻ്റെ കാര്യത്തിൽ തലയിടാൻ വരേണ്ട “
ലത പുഞ്ചിരി വരുത്തി തൻെ്റ സീറ്റിൽ വന്നിരുന്നു. “
“അങ്ങനൊന്നും ഈ ലത വിട്ടുപോകുമെന്നു കരുതേണ്ട .തന്നെ കാണിക്കാനാവും ശ്യാമയെകൂട്ടി കോഫീഹൗസിൽ പോയത് .” ലത മനസ്സിൽ കരുതി.
****** 0 *****
അരവിന്ദിൻ്റെ മനസ്സിൽ ലതയെ കണ്ടപ്പോൾ ശ്യാമയുടെ മുഖത്തുണ്ടായ ഭാവമാറ്റമാണ്. എന്തിന് ലതയെ ശ്യാമ പേടിക്കണം .അവളുടെ മുഖത്ത് തെറ്റുചെയ്ത ഭാവമാണ്. പാവം മറ്റുള്ളവർക്കുവേണ്ടിയുള്ള അവളുടെ ജീവിതത്തിൽ ആകെയുള്ള ചില നല്ല നിമിഷങ്ങൾ ആണിത്. അത് അവളുടെ മുഖത്തുനിന്നും ഒറ്റ നോട്ടത്തിൽ മനസിലാക്കാം എന്നാൽ അവളുടെ ആ സന്തോഷം ലതയെ കണ്ട നിമിഷം .പേടിക്കുവഴിമാറി. എന്താവും അതിനുകാരണം. ആവഴിക്കല്ലെ ലത പോകുന്നത് . വല്ലതും പറഞ്ഞിട്ടുണ്ടാവുമോ .
ഏയ് അത്രയ്ക്കുള്ള ധൈര്യമൊന്നും ലതയ്ക്കുണ്ടാവില്ല. ” അരവിന്ദ് സ്വയം സമാധാനിച്ചു.
വീടെത്തിയ അരവിന്ദ് ഡ്രസ് പോലും മാറാതെ കിടന്നു. മനസ് ആകെ കലങ്ങിയിരിക്കുന്നു. കട്ടിലിൽ തലയിണയുടെഅടിയിൽ നിന്നും ഡയറി എടുത്തു.
ശ്യാമയെ കണ്ടതിനുശേഷം ആ ഡയറി കട്ടിലിൽ ഉണ്ട്. തിരികെ അലമാരിയിൽ വച്ചിട്ടില്ല. ഡയറിയിലെ ലാസ്റ്റ് പേജ് വായിക്കാതെ ഉറങ്ങിയിട്ടില്ല. വീണ്ടും ഒരു പ്രതീക്ഷ. കയ്യെത്തും ദൂരത്ത് അവൾ ഉണ്ട് എന്ന ആശ്വാസം.
അരവിന്ദ് എണീറ്റു .കുളിച്ചിറങ്ങി വന്നതും താഴെ നിന്ന് അമ്മയുടെ വിളിയെത്തി.
” ഉണ്ണീ…വാ”
അരവിന്ദ് ഇറങ്ങിച്ചെല്ലുമ്പൊൾ ചായയെടുത്ത് മേശപ്പുറത്ത് വച്ച് നോക്കിയിരിക്കുന്നു അമ്മ.
“ഉണ്ണീ നീയെന്താ ഇറങ്ങിവരാൻ താമസിച്ചത്.
സ്റ്റെപ്പ് കേറാൻ വയ്യ അല്ലാരുന്നേൽ മുറിലേയ്ക്ക് കൊണ്ടു വന്നേനെ “
” വല്ലാത്ത ക്ഷീണം അമ്മേ ഒന്നു കിടന്നു. അതാ “
അരവിന്ദ് ചായയെടുത്ത് അമ്മയ്ക്കു നീട്ടി.
” എൻ്റെ അമ്മേ ഞാൻ വരാൻ നോക്കിയിരിക്കാതെ ചായ കുടിച്ചോണം എന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്. അതെങ്ങനാ അനുസരണയില്ലല്ലോ. ചിലപ്പോൾ കൊച്ചുകുട്ടിയാന്നാ വിചാരം .കല്ല്യാണപ്രായം കഴിഞ്ഞ ചെക്കൻ്റെ അമ്മയാ എന്ന വിചാരം വേണ്ടേ .ഇതൊക്കെ ആരോടുപറയാൻ ആരു കേൾക്കാൻ.”
” അതല്ലെടാ..ഒറ്റയ്ക്കിരുന്നു കഴിച്ചു മടുത്തു .നീ പോയിക്കഴിഞ്ഞാൽ ആരുണ്ട്. നീ പറഞ്ഞല്ലോ കല്യാണപ്രായം കഴിഞ്ഞെന്ന് . ഒരു മകൻെറ ഉത്തരവാദിത്വമല്ലേ അമ്മയ്ക്ക് കൂട്ട് ഒരൂ പെണ്ണിനെ കൊണ്ടുവരുക എന്നത് . എനിക്ക് പറ്റാണ്ടായി ഉണ്ണീ . നിൻ്റെ കാര്യങ്ങൾ നോക്കാൻ അമ്മയ്ക്ക് എത്രകാലം പറ്റും നീ ഒരു പെണ്ണിനെ കൊണ്ടു വരുന്നതു കാണാൻ അമ്മയ്ക്ക് യോഗം ഉണ്ടാവുമോ ഉണ്ണീ. നിൻ്റെ കുഞ്ഞിനെ കാണാനുള്ള ഭാഗ്യം ഏതമ്മയ്ക്കാ ഇല്ലാത്തത്. “
” എന്താമ്മേ ഇങ്ങനെ ..നമുക്ക് നമ്മൾ മതീ അമ്മേ ..നമുക്കിടയിൽ ആരും വേണ്ട .” അരവിന്ദ് അമ്മയെ കെട്ടിപ്പിടിച്ചു.
” അത് ജീവിതം അല്ല ഉണ്ണീ .നീ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നതു കണ്ടിട്ടുവേണം എൻ്റെ കണ്ണടയാൻ ..”
” എൻ്റെ അമ്മേ ഈരാത്രി എവിടെ ച്ചെന്നു പെണ്ണിനെ കണ്ടുപിക്കും . നമുക്ക് ആലോചിക്കാം. “
“ഉണ്ണീ… ആലോചിക്കാം എന്ന് നീ വെറുതെ പറഞ്ഞതല്ലല്ലോ അല്ലെ ” .അമ്മയ്ക്ക് വിശ്വാസം വന്നില്ല.
” അല്ല നമുക്ക് ആലോചിക്കാം. .ഇനി സമാധാനത്തോടെ ചായ കുടിക്ക് .എനിക്ക് കുറച്ചു വർക്ക് പെൻഡിംഗ് ഉണ്ട്. “
” എൻ്റെ ഈശ്വരൻമാരെ എൻ്റെ പ്രാർത്ഥന നിങ്ങൾ കേട്ടു .” അമ്മ മനസ്സിൽ പറഞ്ഞു.
തിരികെ മുറിയിൽ എത്തി. ഡയറി തുറന്നു ലാസ്റ്റ് പേജിൽ ശ്യാമ എഴുതിയതിനു താഴെയായി ഇങ്ങനെ കുറിച്ചു
നീയെന്ന പ്രതീക്ഷയിൽ അമ്മയ്ക്കു വാക്കുകൊടുത്തു ആലോചിക്കാം എന്ന് .
തുടരും…