നന്ദയുടെ വീട്
Story written by Ammu Santhosh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
നന്ദയുടെ വീട് ചെറുതെങ്കിലും മനോഹരമായിരുന്നു .വീടിനു പിന്നിൽ ഒരു പുഴയുണ്ട് .അതിന്റെ വശങ്ങളിൽ കൈത പൂത്തു നിൽക്കുന്നു ,വീടിന്റെ മുറ്റത്തു ധാരാളം ചെടികൾ .മുല്ല, പനിനീർ ചെടി അങ്ങനെ …ഇതൊരു ഗ്രാമമാണ് .നന്ദയ്ക്ക് ഗ്രാമങ്ങൾ ഇഷ്ടമായിരുന്നില്ല .അലീന ഓർത്തു .കോളേജിൽ പഠിക്കുമ്പോൾ അവൾ അത് പലകുറി പറഞ്ഞിട്ടുണ്ട് .അവൾ ജനിച്ചതും വളർന്നതു
മെല്ലാം നഗരത്തിലായിരുന്നു.അന്നത്തെ നന്ദയിൽ നിന്ന് ഇന്ന് കാണുന്ന നന്ദ എത്ര മാറിയിരിക്കുന്നു !
താൻ ഒരു പക്ഷെ തന്റെ ജീവിതതിന്റെ ഏറ്റവും വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജോഷിയുമായുള്ള കുടുംബജീവിതം തകർച്ചയുടെ വക്കിലാണ് ..ഒന്നുമൊന്നും പൊരുത്തപ്പെടാനാവാതെ കുറെ നാളുകളായി .ഒരു വിവാഹമോഹനത്തെ കുറിച്ച് ഇരുവരും ചിന്തിച്ചും തുടങ്ങിയിരിക്കുന്നു . .മക്കളെ ബോർഡിങ്ങിലാക്കിയതാണോ എല്ലാത്തിന്റെയും തുടക്കം എന്നവൾ ഇടയ്ക്ക് ആലോചിക്കാറുണ്ട് അതൊന്നും അവൾ നന്ദയോട് പറഞ്ഞിട്ടില്ല .ഒരു ആഴ്ച വെറുതെ വന്നു നിൽക്കുന്നു അങ്ങനെയേ പറഞ്ഞിട്ടുള്ളു .ജോഷി ടൂറിലാണെന്നു കളവു പറഞ്ഞു .
നന്ദയുടെ ഭർത്താവു പരുക്കനാണെന്നു തോന്നി .താൻ ഉള്ളത് മറന്നു അവളോട് ചിലപ്പോളൊക്കെ അയാൾ ഒച്ചയിടാറുണ്ട് .കഴിഞ്ഞ ദിവസം അത് കറന്റ് ചാർജ് കൂടിയതിനെ കുറിച്ചായിരുന്നു .നന്ദ മൗനമായി നിന്നും കേൾക്കുന്ന കണ്ടു നന്ദയ്ക്ക് ഒരു മകനാണ് .അവനും ഇന്നലെ ദോശ കരിഞ്ഞു പോയി എന്നൊക്കെ ഉറക്കെ പറഞ്ഞു അവളോട് ദേഷ്യപ്പെടുന്നത് കേട്ടു . അപ്പോളും മറുപടി ഒന്നും പറഞ്ഞു കേട്ടില്ല. കോളേജിൽ എത്രയോ സമരങ്ങൾക്ക് മുന്നിൽ നിന്നവൾ ..ഘോര ഘോരം പ്രസംഗിച്ചു സദസ്സിനെ നിശ്ശബ്ദരാക്കി തന്നിലേക്ക് ആകര്ഷിച്ചിരുന്നവൾ .ഇവളെത്ര മാറി !
ആ വീട്ടിൽ ഒരു നിമിഷം നന്ദ അടങ്ങിയിരിക്കുന്നത് അവൾ കണ്ടിട്ടില്ല . തുണി തിരുമ്മുന്നത് പുഴക്കടവിലാണ്
” നിനക്കൊരു വാഷിംഗ് മെഷിൻ വാങ്ങി കൂടെ ?”” ഇത് നല്ല രസമാണെടി.. ഇത്ര അടുത്ത് പുഴ ഉള്ളപ്പോ ..എന്തിനാണ് മെഷിൻ ?’
മിക്സി ഉണ്ടെങ്കിലും അവൾ കല്ലിൽ അരയ്ക്കുന്നത് കാണാറുണ്ട്
“അരവിന്ദന് ചമ്മന്തി കല്ലിൽ അരയ്ക്കുന്നതു വലിയ ഇഷ്ടമാണ് “ചോദിക്കാതെ അവൾ പറഞ്ഞു
“അല്ലതെ കറന്റ് ചാർജ് കൂടുമ്പോൾ അരവിന്ദൻ വഴക്കു പറയുന്നത് കൊണ്ടല്ല ?”
അലീന ലേശം മൂർച്ചയോടെ പറഞ്ഞു
“അത് സ്വാഭാവികമല്ലേ “”എനിക്ക്ദേഷ്യം വന്നാൽ ഞാനും ദേഷ്യപ്പെടാറുണ്ട് …അത് നീ കേട്ടിട്ടില്ലല്ലോ ?”അവൾ ചിരിച്ചു”നമ്മുടെ ഭർത്താവു നമ്മളോടല്ലാതെ ആരോട് ആണ് ഇതൊക്കെ പ്രകടിപ്പിക്കുക ..തിരിച്ചും നമ്മളും “അലീന നിശബ്ദയായി .
അവൾ ജോഷിയെ ഓർത്തു .ജോഷി ഒരിക്കലും തന്നോട് കണക്കുകൾ പറഞ്ഞിട്ടില്ല .പെട്ടെന്ന് ദേഷ്യം വരാറില്ല പക്ഷെ ദേഷ്യം വന്നാൽ വീട്ടിലുള്ള സകലതും പൊട്ടിച്ചാൽ മാത്രമേ അത് തീരുകയുള്ളു .
വീട് തുടച്ചു കർട്ടനുകൾ മാറ്റി വിരിച്ചു ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയി ലേക്ക് മുയൽകുഞ്ഞിനെ പോലെ ഓടിയോടി നടക്കുന്ന നന്ദയെ കണ്ടു അവൾ പൂമുഖത്തെ തിണ്ണയിൽ വെറുതെ ഇരുന്നു . സഹായിക്കട്ടെ എന്ന് ചോദിച്ചാൽ സമ്മതിക്കില്ല .
നന്ദ കുളി കഴിഞ്ഞു അരികിൽ വന്നിരുന്നപ്പോൾ അലീന അവളെ കുറച്ചു നേരം നോക്കിയിരുന്നു .
കാലം നന്ദക്കു പിന്നിൽ തന്നെ നിൽക്കുകയാണ്പഴയതിലും സുന്ദരി യായിരിക്കുന്നു തിളക്കമുള്ള മുഖവും കണ്ണുകളും. ഒട്ടും ഉടയാത്ത ശരീരം നീളൻ മുടി ഒതുക്കി നന്ദ ചിരിച്ചു
“നീയെന്താ ആണുങ്ങൾ നോക്കും പോലെ ?”
“നീയെങ്ങനെ ഇത്ര ഭംഗി ആയി ഇരിക്കുന്നെ ?സത്യം പറ ബുട്ടി പാര്ലറില് പോകുന്നില്ലേ ?”എന്നെ നോക്ക് നരച്ചു ..തടിച്ചു ,,”അലീന പറഞ്ഞു
” അതോ…. സീക്രെട് ആണ്. എനിക്കൊരു പ്രണയം ഉണ്ട് ..” നന്ദയുടെ മുഖത്തു കള്ളച്ചിരി. അവൾ മുറ്റത്തെ മുല്ലയിൽ നിന്നു പൂവിറുത്തു തുടങ്ങി.
“ങേ ?ആരോട് ?”
“എന്റെ ജീവിതത്തോട് തന്നെ ..”നന്ദ വീണ്ടും ചിരിച്ചപ്പോൾ നുണക്കുഴി വിരിഞ്ഞു
” പോടീ” അലീന മുഖം വീർപ്പിച്ചു
“സത്യമാണ് ..അരവിന്ദൻ ദേഷ്യപ്പെടുമ്പോൾ ,പിണങ്ങുമ്പോൾ കുറ്റപ്പെടുത്തുമ്പോൾ ഞാൻ ഓർക്കുക ഇതിനൊക്കെ എനിക്കായി ഒരാൾ ഉണ്ടല്ലോ എന്നാണ് ..ഭർത്താവു ഇല്ലാത്തവരെ കണ്ടിട്ടുണ്ടോ അലീന ? അവരുടെ കണ്ണുകൾ കണ്ടിട്ടുണ്ടോ ?മരണം കാത്ത് കഴിയുന്ന ആളുകളെ പോലെ ..ചിലർ ..അപ്പൊ നമ്മൾ ഭാഗ്യവതികൾ അല്ലെ ?”
അലീന സ്തബ്ദ്ധതയോടെ ആ വാക്കുകൾ കേട്ടു
“അപ്പോൾ നിന്റെ മകനോ ?അവനോടും ഇതേ പോലെ ക്ഷമിക്കണോ?”അലീന മൂർച്ചയോടെ ചോദിച്ചു
“എന്റെ മോനെ .തെറ്റു കാണിക്കുമ്പോൾഞാൻ ശാസിക്കും നല്ല തല്ലും കൊടുക്കും ..അവനു എന്തെങ്കിലും ഞാൻ ചെയ്തത് ഇഷ്ടം ആയില്ലെങ്കിൽ എന്നോട് പറയാം …മക്കൾ പറയട്ടെ …ദേഷ്യപ്പെടട്ടെ ..ഇതെന്ന വൺവ ആണോ ബന്ധങ്ങൾ ഒക്കെ .?.,,,അവൻ നല്ല കുട്ടിയാണ് അലീന ..നന്നായി പഠിക്കുംഎന്നോട് എന്തിഷ്ട മാണെന്നോ ..എനിക്കൊരു പനി വരട്ടെ..അവൻ സ്കൂളിൽ പോലും പോകാതെ എന്നെ നോക്കും. നീ കണ്ടത് ഒരു വശമാണ്.”ഒന്ന് നിർത്തി നന്ദ തുടർന്നു
” കുട്ടികളില്ലാത്തവരെ, കുഞ്ഞുങ്ങൾ മരിച്ചു പോയ അമ്മമാരേ ഒന്നോർക്കുക അല്ലി… നമ്മുടെ മക്കൾ ദൈവം തന്ന ദാനം ല്ലേ? “
അലീന അതിശയത്തോടെ അത് കേട്ടിരുന്നു.
“നമ്മൾ കാണുന്നതിനെല്ലാം മറ്റൊരു മുഖമുണ്ട് .അതിനു മറ്റൊരു നിറമുണ്ട് .ആ നിറം ഏതെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്.”
നന്ദ മുല്ലപ്പൂ കോർത്ത് മാലയാക്കി തുടങ്ങിയിരിക്കുന്നു
“അരവിന്ദിന് മുല്ലപ്പൂ ഇഷ്ടമാണല്ലേ ? നന്ദയുടെ മുഖം ചുവന്നു തുടുത്തു അവൾ മൂളി.
“മുല്ല പൂക്കാത്തപ്പോളോ ?”അലീന വീണ്ടും ചോദിച്ചു
“അരവിന്ദിന് എന്റെ മുടിയുടെ മണമാണ് കൂടുതൽ ഇഷ്ടം “നന്ദ മെല്ലെ പറഞ്ഞു
.ഒരു ആഴ്ച കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അലീനയുടെ മനസ്സിൽ ജോഷിയുടെ എല്ലാ തെറ്റുകളും മറവിയുടെ ആഴങ്ങളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ജോഷിയോട് മാപ്പ് ചോദിക്കാനും അവൾക്കു മടി തോന്നിയില്ല.
” ഒന്ന് കൂടി ആലോചിക്കാം നമുക്ക് …ഞാൻ ചെയ്തതും പറഞ്ഞതുമെല്ലാം ചിലപ്പോളെങ്കിലും തെറ്റായിരുന്നു ജോഷി ,സോറി ..”അലീന ജോഷിയുടെ കൈകളിൽ മുറുകെ പിടിച്ചു വിട്ടു കളയാൻ വയ്യാതെ പോലെ ..
ജോഷി ഒറ്റ വലിക്കു അവളെ നെഞ്ചിൽ ചേർത്ത് അമർത്തി
“പിരിയാൻ എനിക്കും വയ്യ അല്ലി …”അയാൾ മന്ത്രിച്ചു ..”നീ ഇല്ലാതെ ഈ ഒരു ആഴ്ച ഞാൻ ..”അയാളുടെ ശബ്ദം ഇടറി.
“നമുക്കു കുട്ടികളെ ബോർഡിങ്ങിൽ നിന്നു കൊണ്ട് വരാം ജോഷി.. അവർ നമുക്കൊപ്പം നിൽക്കട്ടെ “
“നിന്റെ ഇഷ്ടം “അയാൾ മന്ത്രിച്ചു.
അലീന ആ നെഞ്ചിൽ ചേർന്ന് നിന്ന് അയാളുടെ ഗന്ധം ഉള്ളിലേക്കെടുത്തു .കൂടെയുളളവന്റെ സ്നേഹത്തിന്റെ ,കരുതലിന്റെ ഗന്ധം .
പ്രണയത്തിന്റെ ഗന്ധം.