ഞാൻ ഉറച്ച കാൽ വെപ്പുകളോടെ എന്റെ വീട്ടിൽ നിന്നും ആ വിവാഹം കൂടാൻ വന്നയാളുകളുടെ ഇടയിലൂടെ ഒരു പുഞ്ചിരി തൂകി തലയുയർത്തി നടന്ന്…….

_upscale

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്…

സമയം നോക്കിയപ്പോൾ എട്ടു മണി….

ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ…

വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും ഉറങ്ങാനുള്ള ഒരു ശ്രമം നടത്തി നോക്കി…

പക്ഷെ ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല…

ആ ബഹളത്തിനിടയിൽ തന്റെ രാഹുലേട്ടന്റെ പേര് കേൾക്കുന്നു…

പെട്ടെന്ന് തന്നെ ഞാൻ എഴുന്നേറ്റ് മുഖം പോലും കഴുകാതെ ഉമ്മറത്തേക്ക് ഓടി…

പുറത്ത് ഒരാൾ കൂട്ടം ഉണ്ട്…

കുടുംബത്തിലെയും അയൽപ്പക്കത്തെയും ഒരുപാട് പേർ…

ഞാൻ മാത്രമേ ആ സമയം അവിടെ ഇല്ലാത്തതൊള്ളൂ…

എന്റെ കൃഷ്ണ ഞാനെന്താണ് കാണുന്നത്…

എന്റെ രാഹുലേട്ടൻ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച് അവിടെ രാഹുലേട്ടന്റെ വീടിനു മുമ്പിൽ നിൽക്കുന്നു…

രാഘവമ്മാവൻ രാഹുലെട്ടനെ എന്തെക്കെയോ പറയുന്നുണ്ട്… സുജാതമ്മായി ഒന്നും മിണ്ടാതെ തൂണിൽ ചാരി നിൽക്കുന്നു…

എന്റെ കാലുകൾ വിറക്കാൻ തുടങ്ങി… വിറയൽ താഴത്ത് നിന്നും മുകളിലേക്ക് അരിച്ചു കയറാൻ തുടങ്ങി…

അമ്മേ….

എന്ന് വിളിച്ചു കൊണ്ട് ഞാൻ അവിടെ മോഹാലസ്യ പെട്ടു വീണു …

ഉണരുമ്പോൾ ഞാൻ എന്റെ ബെഡിൽ കിടക്കുകയായിരുന്നു…

റൂമിൽ ആ സമയം ആരും തന്നെ ഇല്ല…

കുറച്ചു കഴിഞ്ഞു ബെഡിൽ നിന്നും മെല്ലെ എഴുന്നേറ്റ് പോയി എന്റെ ജനൽ വഴി പുറത്തേക് നോക്കി…

രാഹുലിന്റെ വീട്ടിൽ ചെറിയ ഒരു പന്തൽ ഉയർന്നിരിക്കുന്നു…

എന്റെ രാഹുൽ…

എന്റെ മുന്നിൽ തന്നെ മറ്റാരുടെയോ ആവാൻ പോകുന്നു…

എന്റെ ഓർമ്മകൾ വളരെ പിറകിലേക് പോയി…

ഞാൻ എന്റെ ഏട്ടന്റെ കയ്യും പിടിച്ച് വീടിന്റെ മുന്നിൽ കാണുന്ന പാടവരമ്പത് നടന്നതും…

കൊച്ചു കുട്ടികൾ ആയിരുന്നപ്പോൾ അച്ഛനും അമ്മയും കളിച്ചതും…

എല്ലാമെല്ലാം ഓർത്തപ്പോൾ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി…

എന്റെ നെഞ്ചിൽ ഒരു വിങ്ങൽ…

അച്ചു… രാഹുലിന്റെ പെണ്ണാണെന്നുള്ളത് ഈ നാട്ടിലുള്ള മരങ്ങൾക്കും കല്ലുകൾക് പോലും അറിയാമായിരുന്നു…

പ്രണയം പവിത്ര മായതുകൊണ്ട് തന്നെ ഞങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും ചെയ്തിരുന്നില്ല…

എന്നാലും എന്റെ രാഹുലേട്ടാ…

എന്റെ ഉള്ളിൽ സങ്കടം കുമിഞ്ഞു കൂടി…

ഇനി ഞാൻ ജീവിച്ചിരിക്കില്ല…

രാഹുൽ ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടുന്നതിന് മുമ്പേ എനിക്ക് ജീവൻ വെടിയണം..

പക്ഷെ എന്റെ വീട്ടുകാർ ഞാൻ അങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് മുന്നേ കണ്ട് എന്റെ റൂമിലെ മുറിക്കാൻ പറ്റിയതും തൂങ്ങാൻ പറ്റിയതുമായ എല്ലാം മാറ്റി വെച്ചിരുന്നു…

അവിടെയും ഞാൻ തോറ്റു…

റൂമിന്റെ വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ വേഗം കണ്ണൊക്കെ അമർത്തി തുടച്ച് ബെഡിൽ വന്നു കിടന്നു…

കണ്ണ് തുറന്നു തന്നെ…

അമ്മയായിരുന്നു… കൂടെ അമ്മായിയും ഉണ്ട്…

അവർ എന്റെ അരികിൽ വന്ന് ബെഡിൽ ഇരുന്നു…

അമ്മ എന്റെ മുഖത്തേക് തന്നെ നോക്കിയപ്പോൾ…

ഞാൻ പിടിച്ചു വെച്ചിരുന്ന സങ്കടം പുറത്തേക് വന്നു…

അമ്മയെന്നെ മാറിലേക് ചേർത്തി പുറത്ത് മെല്ലെ തട്ടി സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

എന്റെ മുടിയിൽ കൂടി മെല്ലെ താഴുകി അമ്മായിയും…

അമ്മ എന്നോട് പറഞ്ഞു എന്റെ കുട്ടി വിഷമിക്കരുത്… എന്റെ കുട്ടിക്ക് രാഹുലിനെ വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി…

മോളു അബദ്ധമൊന്നും കാട്ടരുത്… ഇതിനേക്കാൾ നല്ലത് എന്റെ മോളെ തേടിവരുമെന്നും പറഞ്ഞ് എന്റെ അമ്മ എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

എന്റെ മോളെ ഞാൻ ഒരിക്കലും മരുമകളായി കണ്ടിട്ടില്ല… എന്നോ എന്റെ വീട്ടിൽ എന്റെ മകന്റെ പെണ്ണായി എന്റെ മനസ്സിൽ നീ കയറി വന്നതാണ് മോളെ… ഇനി നിന്നെ ഞാൻ എങ്ങനെയാ ഒന്ന് സമാധാനിപ്പിക്കുക…

ആരും അവളെ സമാധാനിപ്പിക്കണ്ട…

ഉടനെ അവിടെ ഒരു പരുക്കൻ ശബ്ദം കേട്ടു…

എനിക്ക് ആൺ മക്കൾ രണ്ടാണ്… ഇവൾ എന്റെ വീട്ടിൽ തന്നെ മരുമകളായി കയറി വരും… അല്ല എന്റെ മകളായി തന്നെ…

അമ്മാവൻ കുറച്ച് ഉറക്കെ തന്നെ പറഞ്ഞു…

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്…

അമ്മായി ആകാംഷയോടെ രാഘവേട്ടനെ നോക്കി…

കൂടെ ഞാനും അമ്മയും തൊട്ടു പിറകിലായി എന്റെ അച്ഛനും ഉണ്ട്…

ഇവളുടെ കഴുത്തിൽ ഇന്ന് തന്നെ സൂരജ് താലി ചാർത്തും…

അതിന് സൂരജ് സമ്മതിച്ചോ…

അവനോട് ഞാൻ സംസാരിച്ചു… അവനു സമ്മതകുറവില്ല… എനിക്കും ഇതാ രമേശനും സമ്മതമാണ്… മോളുടെ അഭിപ്രായം അറിയണം…

എനിക്ക് സമ്മതം…

ഒരൊറ്റ നിമിഷം പോലും ആലോചിക്കാതെ ഞാൻ പറഞ്ഞു…

അവരെല്ലാം എന്റെ മുഖത്തേക് അത്ഭുതത്തോടെ നോക്കി..

ഞാൻ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക് പോയി അവിടെയുള്ള കണ്ണാടിയിൽ നോക്കി ഞാൻ എന്റെ സങ്കടങ്ങൾ എല്ലാം ഒഴുക്കി കളഞ്ഞു…

എന്റെ ഹൃദയം പൊട്ടുമാർ വേദനയിൽ സങ്കടം ചങ്കിലേക് ഇടക്കിടെ കയറി വന്നു കൊണ്ടിരുന്നു…

സൂരജിനെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല… പക്ഷെ ഈ നിമിഷം എനിക്ക് ഇവിടെ ജയിക്കണം… ഞാൻ തോൽക്കില്ലെന്ന് എന്റെ മനസ്സിനെ പഠിപ്പിക്കണം… അതിന് രാഹുലിന്റെ അനിയൻ തന്നെ യാണ് നല്ലത്… അവനു എന്നെ അറിയാം… അതു കൊണ്ട് തന്നെ എന്റെ പൂർവകാലങ്ങൾ ഞാൻ ഇനിയും വിളമ്പേണ്ടതില്ല…

രാഹുലിന്റെ ഓർമ്മകൾ എന്നിൽ നിന്ന്.. ഞാനും മായ്ച്ചു കളഞ്ഞു.. അതിന് ഇപ്പോൾ എന്ത്‌ ഓർമ്മയാണ് എനിക്കുള്ളത്…

ജോലിക് പോയപ്പോൾ രണ്ടു മാസത്തോളം തുടച്ചയായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എന്നെ വിളിച്ചു കൊണ്ടിരുന്നവൻ ഒരു സുപ്രഭാതത്തിൽ മുതൽ തീരെ വിളിക്കാതെ ആയി…

അങ്ങോട്ട്‌ വിളിച്ചാൽ എപ്പോഴും… ഒന്നെങ്കിൽ ജോലിയിൽ.. എല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ പുറത്ത്… അവസാനം എന്നോട് ചൂടാവുക പോലും ഉണ്ടായി… അതിന് ശേഷം ഞാൻ അങ്ങോട്ടും വിളിക്കാതെ ആയി…

പിന്നെ ഞാൻ ഇടക്കിടെ അയക്കുന്ന വാട്സ്ആപ്പ് മെസ്സേജുകൾ മാത്രം… അത് ഒന്ന് നോക്കുക പോലും ചെയ്യിലായിരുന്നു… അതെല്ലാം ഇപ്പോൾ എന്ത്‌ കൊണ്ടായിരുന്നെന്ന് മനസ്സിലായി…

ഞാൻ ഒരു പൊട്ടി…

അല്ലെങ്കിലും ഒരു പ്രൈമറി ടീച്ചർ… രാഹുലിന്റെ നിലക്കും വിലക്കും പറ്റില്ലെന്ന് തോന്നിയിട്ടുണ്ടാവും… സ്വന്തമായി ഇപ്പോൾ ഒരു സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി ഒക്കെ ഉള്ളതെല്ലേ… സ്റ്റാറ്റസ്സിന് ചേരില്ലായിരിക്കും…

അച്ചു….

അമ്മ പുറത്ത് നിന്നും വാതിലിൽ മുട്ടി വിളിക്കാൻ തുടങ്ങി…

ഞാൻ വേഗത്തിൽ ഒന്ന് ഫ്രഷ് ആയി പുറത്തേക് വന്നു… അവിടെ ഇപ്പോഴും ചർച്ച തന്നെ ആണ്…

അമ്മയി ചോദിക്കുന്നുണ്ട്…

കുട്ടികളുടെ ജാതകം നോക്കേണ്ടേ… മുഹൂർത്തം കുറിക്കാൻ…

നിന്റെ മൂത്ത പുത്രൻ കൊണ്ട് വന്നത് ഇപ്പോൾ ജാതകവും മൂഹൂർത്തവും നോക്കി ആണല്ലേ അല്ലെ.. ഇനി ഇപ്പോൾ അതൊന്നും വേണ്ട നീ അവളെ ഒരുക്കാൻ നോക്കൂ… ഞങൾ പന്തലിലേക് ചെല്ലട്ടെ…

എന്നെ അമ്മയും അമ്മായിയും കൂടി ഒരുക്കാൻ തുടങ്ങി…

ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് ഞാൻ അവരുടെ കൂടെ പുറത്തേക്ക് വന്നു… അവിടെ മണ്ഡപത്തിൽ രാഹുലും ആ കുട്ടിയും ഇരിക്കുന്നുണ്ട്… നല്ല സന്തോഷത്തിൽ കളി ചിരിയിൽ ഇരിക്കുന്നു…

മണ്ഡപത്തിനു മുമ്പിൽ കുറച്ച് ബന്ധുക്കളും അയൽവാസികളും മാത്രമേ ഉള്ളു…

പെട്ടെന്നുണ്ടായ വിവാഹം ആണല്ലോ…

അവരൊക്കെ എന്നെ ഏതോ അന്യ ഗൃഹത്തിലെ ജീവിയെ പോലെ നോക്കി നിൽപ്പുണ്ട്… എനിക്ക് ആദ്യം കുറച്ച് അഭിമാനക്ഷതം വന്നു… പിന്നെ രാഹുലിനെ നോക്കിയപ്പോൾ… ഞാൻ എന്റെ മുഖത്തു നൂറു വാൾട്ടിന്റെ പുഞ്ചിരി കൊണ്ട് വന്ന് തല ഉയർത്തി തന്നെ നിന്നു..

സൂരജേട്ടൻ മണ്ഡപത്തിൽ കയറി ഇരുന്നു…

ഞാൻ ഉറച്ച കാൽ വെപ്പുകളോടെ എന്റെ വീട്ടിൽ നിന്നും ആ വിവാഹം കൂടാൻ വന്നയാളുകളുടെ ഇടയിലൂടെ ഒരു പുഞ്ചിരി തൂകി തലയുയർത്തി നടന്ന് സൂരജേട്ടന്റെ അടുത്ത് വന്നിരുന്നു…

ഞാൻ വരുന്നത് കണ്ട് രാഹുലിന്റെ മുഖത്തു കാർമേഘം ഇരുണ്ടു കൂടിയത് പോലെ അത് വരെ ചിരിച്ചു കളിച്ചതൊക്കെ മറന്ന് തല കുമ്പിട്ടിരിക്കാൻ തുടങ്ങി…

രണ്ടു ജോടികളുടെയും താലി കെട്ടൽ ഒരേ സമയം തന്നെ ആ മണ്ഡപത്തിൽ നടന്നു… ആദ്യം അവരെയും… പിന്നെ ഞങ്ങളെയും അമ്മായി നിലവിളക്ക് തന്ന് അകത്തേക്കു കയറ്റി…

ഞാൻ ഒന്ന് ഈ കെട്ടും മാറാപ്പും അഴിച്ചു വെച്ച്… ആ വീട്ടിൽ ചിരിച്ചു കളിച്ചു ഓടി നടക്കാൻ തുടങ്ങി…

സൂരജേട്ടനെ അവിടെ ഒന്നും കണ്ടില്ല.. രാഹുൽ പിന്നെ മുറിയിൽ നിന്നും പുറത്തേക് ഒന്ന് ഇറങ്ങുന്നതും കണ്ടില്ല..

സൂരജേട്ടൻ എന്നെ റൂമിലേക്കു കയറി പോകുമ്പോൾ കണ്ണുകൊണ്ടു മാടി വിളിച്ചു…ഞാൻ അവിടെ നിന്നും കൂടെ പോകാൻ തിരിയുമ്പോൾ രാഹുൽ റൂമിൽ നിന്നും ഇറങ്ങി വന്നു… ഞാൻ ഉടനെ സൂരജേട്ടന്റെ കയ്യിൽ ചേർത്ത് പിടിച്ച് മുകളിലെ ഏട്ടന്റെ റൂമിലേക്കു നടന്നു…

രാഹുൽ ഞാൻ പോകുന്നതും നോക്കി ദേഷ്യം കടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ ചിരി പൊട്ടി… ഒരു വിജയിച്ചവളുടെ ചിരി…

ഞാൻ സൂരജേട്ടന്റെ കയ്യിൽ കോർത്തു പിടിച്ച് മുകളിലേക്ക് നടന്നു.. രാഹുൽ ഇങ്ങനെ ഒരു നീക്കം ഒരിക്കലും എന്റെടുത്തുനിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…

പുതിയ പുലരിയെ കണ്ടപ്പോൾ… പഴയ പുലരിയെ മറന്ന പോലെ.. പക്ഷെ നാളെ ഈ പുതിയ പുലരിയും മറഞ്ഞു പോകുമല്ലോ…… അവനത് മനസ്സിലായില്ല എന്ന് തോന്നുന്നു…

റൂമിലേക്കു കയറിയ ഉടനെ ഞാൻ ആ കൈകൾ വിട്ട് വാതിലിൽ ചാരി നിന്നു കിതച്ചു പോയി.. ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്… ചേർത്ത് പിടിക്കേണ്ടവൻ…

എന്നെ ഒരു പൂച്ച കുഞ്ഞിനെ എടുത്ത് പുറത്ത് കളയുന്ന പോലെ…മനസ്സിൽ നിന്നും ഒഴിവാക്കിയപ്പോൾ… അന്ന് തന്നെ അവന്റെ മുന്നിൽ അവന്റെ അനിയെന്റെ താലി ചാർത്താൻ നിന്ന് കൊടുത്തൂ…

ഒരു തിരിച്ചടി എന്ന പോലെ.. അവന്റെ ആ മനസ്സിൽ തന്നെ നല്ല ആഴത്തിൽ വേദന നൽകിയവൾ… എന്റെ ഹൃദയ മിടിപ്പ് എന്റെ മാറിലേക് നോക്കിയാൽ അറിയാൻ പറ്റും.. അവിടെ വളരെ വേഗത്തിൽ ഉയർന്നു താഴുന്നു…

എന്നെ തന്നെ നോക്കി സൂരജേട്ടൻ നിൽക്കുന്നുണ്ട്… എന്നെ നോക്കി ഒന്ന് പുഞ്ചിരി തൂകി… പിന്നെ ആ റൂമിലെ കട്ടിലിൽ ഇരിക്കാൻ പറഞ്ഞു…

ഞാൻ ഒരു സങ്കോചത്തോടെ അവിടേക്കു മെല്ലെ നടന്നു.. ആ കട്ടിലിൽ ഇരുന്നു…

ഏട്ടൻ മെല്ലെ മൊഴിഞ്ഞു…

പണി കൊടുത്തതാണല്ലേ… എന്റെ ഏട്ടന്..

ഞാൻ ഒരു വിളറിയ പുഞ്ചിരി നൽകി…

എനിക്കിഷ്ട്ടപെട്ടു… ഈ സ്മാർട്നെസ്സ്… ഒരാൾ നമ്മളെ ഒഴുവാക്കിയെന്നുവെച്ച് മാനസ മൈന പാടി നടക്കാൻ പറ്റില്ലല്ലോ… ജീവിതം അവസാനിപ്പിക്കാനും പറ്റില്ല.. അങ്ങനെ അവസാനിപ്പിക്കുന്ന അവനോ അവളോ ആരായിരുന്നാലും അവരെക്കാൾ വലിയ വിഡ്ഢി പിന്നെ ഈ ലോകത്ത് വേറെ ഇല്ലത്തന്നെ….

ആ ഷോക്കിൽ നിന്നും എത്രയും പെട്ടെന്ന് റിക്കവർ ആകുന്നതാണ് നല്ലത്… അവരുടെ ഉള്ളിൽ വേറെ ഒരു ബന്ധം ഉടലെടുത്താൽ പിന്നെ അവരെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല… സ്നേഹം എന്നത് ഒരു തിരിച്ചറിവോ..
തിരിച്ചെടുപ്പൊ അല്ല.. വിട്ട് കൊടുക്കാതിരിക്കലാണ് സ്നേഹത്തിൽ ഏറ്റവും കൂടുതൽ വേണ്ടത്.. അവളാണെങ്കിലും അവനാണെങ്കിലും എന്റെ സ്വന്തം അവർ മാത്രമാണെന്ന് കരുതൽ…

നമ്മൾ ബൈക്ക് ഓടിക്കുകയാണെങ്കിൽ ആ വണ്ടിയുടെ ഒരു ചക്രം പൊട്ടി നാശമായി എന്ന് കരുതുക… പിന്നെ ആ വണ്ടിയുടെ ബാക്കിയുള്ള ഒരു ചക്രവുമായി മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കില്ല… അവിടെ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കാൻ കഴിയണം… വേറെ പുതിയത് ഒന്ന് മാറ്റി ഇടുക എന്ന ഒരു ഓപ്ഷൻ മാത്രമേ അവിടെ ഉള്ളൂ…. അത് പോലെത്തന്നെയാണ് ജീവിതവും….

“അച്ചു…. നിനക്ക് എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാവും അല്ലെ…”

ഞാൻ എന്റെ ശിരസ് ഒന്ന് മുകളിലേക്ക് ഉയർത്തി… ഏട്ടനെ ഒന്ന് നോക്കി…

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടോഴുകുന്നുണ്ട്…

സൂരജ് മെല്ലെ എന്റെ അരികിലേക്കു വന്നു.. പിന്നെ എന്റെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു.. എന്റെ കയ്യിൽ ആ കൈകൾ ചേർത്ത് വെച്ചു..

എന്റെ ഉള്ളിൽ ഒരു വിറയൽ അനുഭവപ്പെടുവാൻ തുടങ്ങി…

എന്നിട്ട് എന്നോട് പറഞ്ഞു…

“പേടിക്കണ്ട… എനിക്കറിയാം നിന്നെ… പത്തിരുപത്തഞ്ചു വർഷമായില്ലേ നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട്… നിന്നോടുള്ള സഹതാപം കൊണ്ടൊന്നുമല്ല.. അമ്മയും അച്ഛനും പറഞ്ഞു നിന്നെകുറിച്ച് എനിക്ക് കൂടുതൽ അറിയാം..”

“നിന്നെ… എന്നോ അവർ ഒരു മോളായി കണ്ടുപോയി… ഈ നിമിഷം നിന്റെ കഴുത്തിൽ താലി ചാർത്തിയത് മുതൽ എന്റെ നല്ലപാതിയായി ഞാനും നിന്നെ കാണുന്നു… “

“എന്നെ കുറിച്ച് നിനക്കെന്തെങ്കിലും അറിയുമോ… നിന്നെ ഞാൻ ഒരു കൂട്ടുകാരിയെ പോലെ ആയിരുന്നു കണ്ടത്… ചിലപ്പോൾ കുറച്ചു ദിവസങ്ങൾ എടുക്കാം എല്ലാം ഒന്ന് പൊരുത്തപ്പെട്ടു വരാൻ… ഞാനും അങ്ങനെ തന്നെ… ഇന്നലെ വരെ ഉള്ളതെല്ലാം മറക്കണം.. കാരണം പിറകിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ല… അവിടെ പോയി തിരുത്തുവാനും കഴിയില്ല..”

“ഇന്ന് മുതൽ അച്ചു മാറണം എന്ന് ഞാൻ പറയില്ല.. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും… ഒരു ഹെയർ സെക്കന്ററി അദ്ധ്യാപിക ആകാൻ യോഗ്യത ഉണ്ടായിട്ടും… അതൊന്നും ഉപയോഗിക്കാതെ പ്രൈമറി ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് അവരോടുള്ള ഇഷ്ട്ടം കൊണ്ടാണെനറിയാം… “

അമ്മ പറഞ്ഞ അറിവാണ് ട്ടോ… ഞാൻ കൂടുതലും ചെറിയച്ഛന്റെ വീട്ടിൽ ആയിരുന്നല്ലോ.. അവർക്കാണെങ്കിൽ മക്കളും ഇല്ല… അത് കൊണ്ട് തന്നെ കൂടുതൽ സമയവും അവിടെ തന്നെ ആയിരുന്നു… ഏട്ടനോട് ആയിരുന്നു അവിടേക്കു ചെല്ലാൻ പറഞ്ഞത്… പിന്നെ അവൻ പോകുന്നില്ലന്നു പറഞ്ഞപ്പോൾ എനിക്ക് പോവേണ്ടി വന്നു… അവർക്ക് പോലും നമ്മുടെ വിവാഹത്തിന് ഒന്ന് സന്തോഷത്തോടെ കൂടാൻ സാധിച്ചില്ല ..”

“അച്ചു നീ ബിരുദാനന്തര ബിരുദവും, ബി എഡും. വളരെ ബുദ്ധിമുട്ടി പഠിച്ചു നേടി എടുത്തതെല്ലേ.. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ എഴുതിയൊരുന്നോ…”

“ആ… എഴുതുകയും വിജയിക്കുകയും.. സർക്കാർ സ്കൂളിൽ ഹെയർ സെക്കന്ററി അദ്ധ്യാപികയായി ജോലിയും ലഭിച്ചിട്ടുണ്ട്…. ആർക്കും അറിയില്ല.. രാഹുൽ നാട്ടിൽ വന്നാൽ ആദ്യം അവനോട് പറയാമെന്നു കരുതി.. അതിപ്പോ ഇങ്ങനെയും ആയി..”

ഞാൻ ഏട്ടനോട് പറഞ്ഞു…

“നിന്റെ ഇഷ്ട്ടങ്ങളെ ഞാൻ തടഞ്ഞു വെക്കില്ല… നിനക്ക് താല്പര്യം ഇനിയും പഴയത് പോലെ ആണെങ്കിൽ അത് പോലെ തന്നെ പോകാം..”

“അല്ല ഏട്ടാ… എനിക്ക് ഇനി ഉയരങ്ങളിലേക് പറക്കണം.. ഒരു പക്ഷിയെപ്പോലെ… എന്റെ സ്നേഹം… ഒന്നും എല്ലാതാക്കിയവന്റെ മുമ്പിൽ തലയുയർത്തി നിൽക്കണം…. എന്റെ സൂരജേട്ടന്റെ കയ്യും പിടിച്ച്…”

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീണ്ടും വന്നു.. അതെല്ലാം സൂരജ് ഒപ്പിയെടുത്തു.. എന്റെ മുഖം കുറച്ചുയർത്തി കണ്ണിൽ നോക്കി പറഞ്ഞു..

“ഈ കണ്ണുകൾ ഇനി നിറയരുത്… ഈ ചുണ്ടുകൾ ഇനി വിതുമ്പുകയും അരുത്…
കൂടെ ഉണ്ടാവും ഈ ജീവൻ മറയുന്നത് വരെ…”

ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് സൂരജിനെ കെട്ടിപിടിച്ചു…

കുറച്ചു നേരം ഞങ്ങൾ ആ ഇരിപ്പ് തുടർന്നു… പിന്നെ മെല്ലെ അകന്ന് മാറി…

സൂരജ് എന്റെ മുഖത്തേക് നോക്കി മൃദുവായി ഒന്ന് പുഞ്ചിരിച്ചു.. കൂടെ ഞാനും… മനസ്സിൽ നിന്നും എന്തെക്കെയോ ഇറങ്ങി പോയ പോലെ…

ഞാൻ തോൽക്കില്ല എന്ന് എന്റെ മനസ്സിൽ ഇടക്കിടെ വന്നു കൊണ്ടിരുന്നു…

“അച്ചു കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പരിഹാസം ഉണ്ടാവും… ഇന്ന് ചെയ്ത പോലെ തല ഉയർത്തി തന്നെ നേരിടുക…”

അതും പറഞ്ഞു സൂരജേട്ടൻ റൂമിൽ നിന്നും പുറത്തേക് പോകുവാൻ തിരിഞ്ഞ് നടന്നു… കൂടെ ഞാനും…

അവരെല്ലാം അവിടെ ഒരു മേശക്ക് ചുറ്റും കൂടിയിരുന്നു സംസാരിക്കുന്നുണ്ട്… ഞങ്ങൾ കൈകൾ ചേർത്ത് വെച്ച് തന്നെ അങ്ങോട്ട്‌ ചെന്നു…

അമ്മയും അച്ഛനും അമൃതയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്…

രാഹുലിന്റെ പെണ്ണ് കൂടെ വർക്ക്‌ ചെയ്യുന്നവൾ ആയിരുന്നു… അവളുടെ വീട്ടിലൊന്നും അറിയില്ല… ഏത് നിമിഷവും അവർ ഇവിടെ എത്താം…

ഞങൾ വരുന്നത് കണ്ടപ്പോൾ രാഹുലിന്റെ മുഖം വല്ലാതെ ചുവന്നു തുടങ്ങി…

“കെട്ടോ മോളെ അച്ചു… സൂരജ് എല്ലാം പറഞ്ഞോ…”

“ഹ്മ്മ്…”

“ജോലിയും മറ്റും..”.

“ഇല്ല അച്ഛാ…ഞാൻ ചോദിച്ചില്ല… “

“നീ പറഞ്ഞില്ലേ സൂരജ്…”

ഇല്ല എന്ന രീതിയിൽ സൂരജ് തലയാട്ടി…

“എന്നാപ്പിന്നെ ഞാൻ തന്നെ പറയാം… നമ്മുടെ സിറ്റിയിലെ പുതിയ അസിസ്റ്റന്റ് കമ്മീഷണർ ആണ്… കഴിഞ്ഞ ആഴ്ചയാണ് ജോയിൻ ചെയ്‍തത്…”

ഞാൻ അത്ഭുതത്തോടെ സൂരജേട്ടനെ നോക്കി…

എനിക്ക് ഒന്നും അറിയില്ലായിരുന്നു സൂരജേട്ടനെ കുറിച്ച്… ആവശ്യം ഇല്ലായിരുന്നു എന്നതായിരുന്നു സത്യം… വീട്ടിൽ സുജാതമ്മ വരുമ്പോഴും രാഹുലിന്റെ വിശേഷം അറിയാൻ ആയിരുന്നു തിടുക്കം… അത് കഴിഞ്ഞാൽ ഞാൻ അവിടുന്ന് വലിയും…

“അമ്മേ ഇവർ തമ്മിൽ പ്രണയത്തിൽ ആയിരുന്നില്ലേ… സൂരജും ഈ അച്ചുവും…”

അമൃത അമ്മയോട് ചോദിക്കുന്നത് കേട്ടു…

‘അതെന്താ നീ അങ്ങനെ ചോദിച്ചത്…”

“ഇന്ന് തന്നെ ഞങളുടെ കൂടെ ഇവരുടെ വിവാഹവും നടത്തിയപ്പോൾ ഞാൻ കരുതി ഇവർ സ്നേഹത്തിൽ ആയിരിക്കുമെന്ന്…”

“അത് ഒരു ചെറിയ കഥയാണ് മോളെ…”

അമ്മ എന്താണ് പറയാൻ പോകുന്നതെന്ന ആകാംഷയോടെ ഞാൻ ചെവി കൂർപ്പിച്ചു നിന്നു…

“മോളെ അമൃതെ ഇവൾ വേറൊരാളുമായി പ്രണയത്തിൽ ആയിരുന്നു…
ആ ചെറുക്കാൻ ഇവളെ തേച്ച് മറ്റൊരുത്തിയെ കെട്ടി…”

“അഹ്…”

“അതേയോ അച്ചു…”

“ഹ്മ്മ്… അതേ…”

“ആരായിരുന്നു… ഇവിടെ അടുത്തുള്ളതാണോ… “

“പിന്നെ..!!! കുടുംബത്തിൽ പിറന്നൊരു മാന്യനായിരുന്നു…”

അച്ഛൻ ആയിരുന്നു മറുപടി കൊടുത്തത്…

“എന്തായിരുന്നു കാരണം…”

“അതെന്താണെന്ന് അറിയില്ല…”

“നിങ്ങളെ പോലെ ഒരു ദിവസം അവൻ ഒരു കുട്ടിയേയും കൂട്ടി വീട്ടിൽ വന്നു.. ഇവളെ പറ്റി ഒന്ന് ഓർക്കുക പോലും ചെയ്യാതെ….. പിന്നെ അവന്റെ ബന്ധുക്കൾ ആ വിവാഹം കഴിപ്പിച്ചു കൊടുത്തു…”

“പക്ഷെ എന്റെ മോൾ തളർന്നില്ല… പെട്ടെന്ന് തന്നെ ആ ഷോക്കിൽ നിന്നും മോചിതയായി… ഇപ്പോൾ സൂരജിന്റെ നല്ല പാതിയുമായി…”

ഇതെല്ലാം കേട്ട് രാഹുലിന്റെ മുഖം ജാള്യതയാൽ കുനിഞു പോയി..

സൂരജ് എന്നെ തന്റെ കൈകൊണ്ട് ചേർത്തു നിർത്തി…

അച്ഛൻ പറഞ്ഞു…

“നിങ്ങളാ മക്കളെ ചേർച്ചയുള്ളത്… ശിവപാർവതിമാരെ പോലെ ഉണ്ട് കാണാൻ… “

അതും കൂടി കേട്ടപ്പോൾ ഞാൻ ആ മാറിലേക് ഒന്നും കൂടി ചേർന്ന് നിന്നു… അവിടുന്ന് എഴുന്നേറ്റ് പോകാൻ കഴിയാതെ രാഹുലും…

“അച്ഛാ ഒരു വിശേഷം ഉണ്ട്… “

“എന്താ മോനെ…”

സൂരജ് എന്നെ മെല്ലെ തോണ്ടി പറയാൻ പറഞ്ഞു…

ഞാൻ പറയില്ലെന്ന അർത്ഥത്തിൽ തലയാട്ടി…

“എന്ന ഞാൻ തന്നെ പറയാം… അച്ഛാ.. അമ്മേ… അച്ചുവിന് ഹെയർ സെക്കന്ററി അദ്ധ്യാപികയായി ജോലി കിട്ടി… നമ്മുടെ നാട്ടിൽ തന്നെ… അടുത്ത ബാച്ചിൽ ജോലിയിൽ പ്രവേശിക്കണം…”

“എന്റെ കൃഷ്ണ… ഞാൻ ഇപ്പോൾ എന്താ പറയുക… എന്റെ സന്തോഷം ഞാൻ ആരെയാ അറിയിക്കുക… മോളെ അച്ഛനും അമ്മയും അറിയുമോ ഈ വിവരം…”

“അതെങ്ങനെ അച്ഛാ.. വളരെ വേണ്ടപ്പെട്ടവനോടെ പറയു എന്ന് പറഞ്ഞു നിൽക്കുകയായിരുന്നു… അപ്പോഴാണല്ലോ ഇങ്ങനെ ഒക്കെ സംഭവിച്ചത്… എന്നോട് ഇപ്പോഴാ പറഞ്ഞത്.. അതുകഴിഞ്ഞു അച്ഛനോടും അമ്മയോടും…”

“എന്ന… മോള് വാ..”.

അവിടുത്തെ അച്ഛൻ എന്റെ കൈ പിടിച്ച് എന്റെ വീട്ടിലേക് നടന്നു…

ഞാൻ രാഹുലിന്റെ മുഖത്തേക് നോക്കി… ഒരുനഷ്ടബോധത്തോടെ അവൻ എന്നെ നോക്കി നിൽക്കിന്നു…

അവരെ ഇങ്ങോട്ട് വിളിക്കാമെന്ന് ഞാൻ അച്ഛനോട് പറഞ്ഞു…

“ആഹ് അത് ശരിയാണല്ലോ… എന്ന മോൾ വിളിച്ചു പറ…”

ഞാൻ എന്റെ ഫോണെടുത്ത് അച്ഛനെ വിളിച്ചു പെട്ടെന്ന് ഇങ്ങോട്ടൊന്നു വരുവാൻ പറഞ്ഞു… ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു കരുതിയിട്ടു അച്ഛനും അമ്മയും അവിടെ നിന്നും പെട്ടെന്ന് തന്നെ വന്നു…

“പ്രശ്നമൊന്നും ഇല്ല രമേശാ… അച്ചുവിന് പുതിയ ജോലി ശരിയായിട്ടുണ്ട്…”

“അഹ്… ഇവിടെ എത്തിയപ്പോത്തിനേക്കും നിങ്ങൾ അവൾക് പുതിയ ജോലി ശരിയാക്കിയോ…”

“ഹേയ്… ഇത് അങ്ങനെ അല്ല… മോള് തന്നെ അച്ഛനോട് പറ… “

അച്ഛൻ ഞാൻ പറഞ്ഞത് കേട്ട് അഭിമാനത്തോടെ എന്നെ ചേർത്ത് പിടിച്ചു… സൂരജിന്റെ കയ്യിൽ വീണ്ടും ചേർത്ത് വെച്ച് പറഞ്ഞു…

“മോനെ ഒരു ദിവസം കൊണ്ട് തന്നെ എന്റെ മകൾ അവൾക്ക് വന്ന ഷോക്കിൽ നിന്നും രക്ഷപെട്ടു… നല്ല ഒരു തീരുമാനം പെട്ടെന്ന് തന്നെ എടുക്കാൻ സാധിച്ചത് ചിലപ്പോൾ അവളുടെ നേട്ടങ്ങളുടെ അറിവ് കൊണ്ട് തന്നെ ആവും…”

“എനിക്കിപ്പോൾ സന്തോഷവും അഭിമാനവും ഉണ്ട്… എന്റെ മകളായി ഇവൾ ജനിച്ചല്ലോ എന്നോർത്ത്… നിങ്ങൾക് നല്ലതേ വരൂ…”

അച്ഛന്റെ ഓരോ വാക്കിലും പാതാളത്തിലേക് ചവിട്ടി താഴ്ത്തുന്ന മുഖഭാവവുമായി രാഹുൽ അവിടെ നിൽപ്പുണ്ട്…

ഞാൻ സൂരജേട്ടന്റെ അരികിൽ ചേർന്ന് നിന്നു കൊണ്ട് തന്നെ അച്ഛനോട് പറഞ്ഞു…

“അച്ഛാ ഈ കൈകൾ എന്നെ വിട്ടുകളയില്ല… എന്നെ ഇത് പോലെ ചേർത്തു നിർത്താൻ ഈ കൈകൾക് കഴിയും… ഞാൻ ഈ ഹൃദയത്തിൽ സുരക്ഷിത ആയിരിക്കും… “

സൂരജേട്ടൻ അവരുടെ മുന്നിൽ വെച്ച് തന്നെ എന്നെ വാരിപ്പുണർന്നു.. തിരികെ മറ്റുള്ളതെല്ലാം മനസ്സിൽ നിന്നും പുറത്തേക്കെറിഞ്ഞു ആ കൈകൾക്കുള്ളിൽ ഞാനും ഒളിച്ചു…

അത് കണ്ടു ഞങ്ങളുടെ അച്ഛനമ്മാരുടെ കണ്ണുകൾ നിറഞ്ഞൊയുകാൻ തുടങ്ങി… വളരെ അധികം ദേഷ്യത്തിൽ രാഹുൽ അവിടെ നിന്നും തന്റെ റൂമിലേക്കു പോയി..

എന്റെ മനസിൽ ഇങ്ങനെ മന്ത്രിച്ചു…

ഇനിയുള്ള ദിവസങ്ങൾ നിനക്ക് നിന്റെ ഹൃദയ വേദന സഹിക്കാൻ കഴിയില്ല രാഹുൽ… നീ എന്നെ ഓർത്ത് കരയും

**************

രണ്ടു മാസങ്ങൾക് ശേഷം… ഒരു സായാഹ്നം… ഞാൻ വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു…

എനിക്ക് രാഹുലിനോട് പ്രതികാരം ചെയ്യേണ്ട ആവശ്യം ഒന്നും വന്നില്ല… അമൃത അവനെ നൈസായി തേച്ചു… രാഹുലിന്റെ കൂട്ടുകാരനും അമൃതയും തമ്മിൽ വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു…

അവർ രാഹുലിന്റെ കൈകളിൽ നിന്നും പുതിയ കമ്പനി വളരെ വിദഗ്ധമായി കൈക്കലാക്കി…. രാഹുലിന്റെ കൂട്ടുകാരനും അമൃതയും ഒരുമിച്ചു ജീവിക്കാനും തുടങ്ങി… ആ കമ്പനിയിൽ നിന്നും ഒരു വർക്കറുടെ വില പോലും കൊടുക്കാതെ അവർ രാഹുലിനെ ഇറക്കി വിട്ടു… പിന്നെ ഇങ്ങോട്ടും വന്നിട്ടില്ല..

ആ സമയം തന്നെ സൂരജേട്ടൻ അങ്ങോട്ട്‌ കയറി വന്നു….

“അച്ചു നീ എന്താ ആലോചിച്ചിരിക്കുന്നത്… എനിക്കൊരു ചായ വേണം… നിനക്ക് വേണോ ഞാൻ ഉണ്ടാക്കി കൊണ്ട് വരാം…”

“ഇന്ന് ചായ അല്ല സൂരജേട്ടൻ കുടിക്കാൻ പോകുന്നത്…ഞാൻ നല്ല പാല്പായസം ഉണ്ടാക്കിയിട്ടുണ്ട്…”

“ഇന്നെന്താ വിശേഷം…”

“അതൊക്കെ ഉണ്ട് ഏട്ടാ…”

“നല്ല സന്തോഷത്തിൽ ആണല്ലേ…”

ഞാൻ ഒരു പുഞ്ചിരി തൂകി പായസം കൊണ്ട് വരാനായി ഉള്ളിലേക്കു നടന്നു… രാഹുലിന്റെ വീഴ്ചയും ഓർത്തുകൊണ്ട്…

**************

കുറച്ച് മാസങ്ങൾ കഴിഞ്ഞ്…

കേരള സർക്കാർ നടത്തുന്ന മികച്ച സംരഭകർക്കുള്ള അവാർഡ് ദാന പ്രോഗ്രാമിലേക്കു ക്ഷണിക്കപ്പെട്ട അതിഥിയായി ആ സ്റ്റേജിൽ VVIPകളുടെ കൂടെ മുൻനിരയിൽ ഇരിക്കുന്നു..

എന്റെ തോട്ടു മുന്നിലായി… സദസിന്റെ മുൻ നിരയിൽ എന്റെ സൂരജ്ട്ടനും ഞങളുടെ മകൾ പൊന്നുവും ഇരിക്കുന്നുണ്ട്… അവൾ എന്റെ അടുത്തേക് വരാൻ കുറുമ്പ് കാണിക്കുന്നുണ്ട്… ഞാൻ അവളെ ഇവിടെ ഇരുന്ന് കൊണ്ട് ചിരിപ്പിച്ചു കൊണ്ടിരുന്നു…

വേദിയിൽ ഇരിക്കുന്നവക്കും… സദസിലുള്ളവർക്കും സ്വാഗതം പറഞ്ഞു കൊണ്ട് അവതരിക ഓരോ സംരഭകർക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കാനും
മുഖ്യമന്ത്രി മൊമെന്റോ വിതരണം ചെയ്യുവാനും തുടങ്ങി…

“അശ്വതി… ഒന്ന് രണ്ടു വാക്ക് പറയാമോ…”

ഞാൻ വളരെ ബോൾഡായി തന്നെ ആ മൈക്കിന്റെ അടുത്തേക് നടന്നടുത്തു…

“നമസ്കാരം… എന്നെ കുറിച്ച് ഈ വേദിയിൽ ഇരിക്കുന്ന ഒരു പാട് പേർക്കറിയാം… ഞാൻ അശ്വതി സൂരജ്… ഒന്നും ആയിരുന്നില്ല ഞാൻ… ആവശ്യത്തിന് വിദ്യാഭ്യാസം ഉണ്ടായിട്ടും…ചെറിയ കുട്ടികളെ പഠിപ്പിക്കുക ആയിരുന്നു എന്റെ ഇഷ്ട്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്… പക്ഷെ എന്റെ എല്ലാമെല്ലാമായിരുന്ന ഒരാൾക്കു അത് വലിയ സ്റ്റാറ്റസ് കുറവായി തോന്നി…”

“അവനു വേണ്ടി എന്റെ സ്വപ്നങ്ങളെ ഒഴിവാക്കാൻ എനിക്ക് കഴിഞ്ഞില്ല.. അതിന്റെ പേരിൽ എന്നോടൊന്നും പറയാതെ എന്നെ വഴിയിൽ ഉപേക്ഷിച്ചു പോയ ഒരാൾ… എനിക്ക് താങ്ങും തണലും ആയിരിക്കേണ്ടവൻ…”

“പക്ഷെ ഇന്ന് ഞാൻ സന്തോഷവതിയാണ്… ഏറ്റവും മികച്ച കൈകളിൽ കോർത്തു പിടിച്ചാണ് ഞാൻ ഇന്ന് നടക്കുന്നത്… എനിക്കിന്ന് സ്വന്തമായി ഒരു അഡ്രെസ്സ് ഉണ്ട്… മറ്റൊരാളുടെ ഒരു വാലും കൂടെ ചേർക്കാതെ തന്നെ… എന്റെ പേരിൽ തന്നെ കുട്ടികളെ ആപ്പ് വഴി പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഞാൻ പടുത്തുയർത്തി…”

“അച്ചൂസ് ലേർണിങ് ആപ്പ്…ഒരു കുട്ടിയും വിദ്യാഭ്യാസം കുറവായതിന്റെ പേരിൽ തള്ളി പോകാൻ പാടില്ല… ആരും പഠിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്തതിന്റെ പേരിൽ പുറംതള്ളപ്പെടരുത്… ഇരുപത് ശതമാനം പാവപ്പെട്ട കുട്ടികളിൽ നിന്നും ഒരു രൂപ പോലും എന്റെ സ്ഥാപനം ഫീസ് ഇനത്തിൽ വേടിക്കുന്നില്ല…”

“എന്നെ ശ്രദ്ധിക്കുന്ന ശ്രവിക്കുന്ന കുട്ടികളോട് എനിക്ക് പറയാൻ ഉള്ളത്… നമ്മുടെ ജീവിതം നമുക്ക് വേണ്ടിയാവുക.. എവിടെയെങ്കിലും വീണു പോയാൽ… പിന്നെയും എഴുന്നേറ്റ് ഓടുക വിജയം നമുക്ക് തന്നെ ആയിരിക്കും… താങ്ക്യൂ..!!”

ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ പൊന്നു അവളുടെ അച്ഛായുടെ മടിയിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക് ഓടി വന്നു.. കൂടെ ഏട്ടനും… അന്നൊരിക്കൽ എന്നെ ചേർത്ത് നിർത്തി നടന്ന പോലെ… എന്നെ എന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ കൂടെ നിന്ന പോലെ… ഇന്നും ആ കൈകൾ എന്നെ ചേർത്ത് പിടിച്ചു …

ഞങൾ ആ വലിയ സദസ്സിൽ നിന്നും പുറത്തേക് നടന്നു…

അവസാനിച്ചു…

ജീവിതം ജീവിച്ചു തന്നെ തീർക്കണം… നമുക്ക് ഇഷ്ട്ടപ്പെട്ട വഴി കിട്ടിയില്ലെങ്കിൽ.. കിട്ടുന്ന വഴി നമ്മുടെ ഇഷ്ട്ടത്തിനനുസരിച് മാറ്റുവാൻ നോക്കുക…