അവൾ തെല്ലൊന്ന് സംശയിച്ചു. ഈ റോഡിൽ ഇങ്ങനെ നിൽക്കുന്നതിനേക്കാൾ നല്ലത് അതാണ്. എന്നാലും വേണോ എന്ന് മനസ്സ് അവളോട് ചോദിച്ചു……

_lowlight _upscale

വിധിയാൽ വിധിക്കപ്പെട്ടവർ

Story written by Sajitha Thottanchery

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

കാലത്തെ വീട്ടുജോലികൾ എല്ലാം തീർത്ത് ഉണ്ണിക്കുട്ടനെ സ്ക്കൂൾ വണ്ടിയിൽ കയറ്റി വിട്ട് ധൃതിയിൽ അവൾ ഇറങ്ങി. നേരിട്ടുള്ള ബസ് കിട്ടിയാൽ സമയലാഭമുണ്ട്. പിന്നെ തിരക്കില്ലാതെ പോകാം. എല്ലാവരോടും അവൾ പറയുന്ന ന്യായം അതാണെങ്കിലും ദിവസം ഒരു രണ്ടു രൂപ ലാഭിക്കാമെന്ന ഒരു പിശുക്കു കൂടി അതിലുണ്ട്. ആ രഹസ്യം അവൾക്ക് മാത്രമേ അറിയൂ.

നടക്കുന്നതിനു പകരം ലിമിറ്റഡ് ബസ്സിനെ വെല്ലുന്ന ഓട്ടമാണ് അവൾക്ക് എന്നാണ് അവളെ അറിയുന്നവർ കളിയാക്കുക. അവർക്ക് അറിയില്ലല്ലോ വീട്ടിലെ പണികളും തീർത്ത് ജോലിക്ക് പോകേണ്ടി വരുന്ന ഒരു കുടുംബിനിയുടെ അവസ്ഥ. എന്നാൽ ഇന്ന് അവളുടെ കാലുകൾക്ക് പതിവില്ലാത്ത ഒരു തളർച്ച തോന്നുന്നുണ്ടോ എന്ന് അവൾ ഭയപ്പെട്ടു. അമ്മു വൈകിയോ എന്ന മാധവി അമ്മൂമ്മയുടെ പതിവു ചോദ്യത്തിനും മറുപടി ഒരു ചിരിയിൽ ഒതുക്കി. അയൽവാസിയായ അവർക്ക് എന്ത് തോന്നിക്കാണുമോ എന്ന് പിന്നീടാണ് ഓർത്തത്. എത്ര നടന്നിട്ടും സ്റ്റോപ്പിലേക്ക് എത്താത്തതുപോലെ അവൾക്ക് തോന്നി.മനസ്സ് മുഴുവൻ തലേന്നത്തെ ഒരു വാട്ട്സ്ആപ്പ് മെസ്സേജിൽ കുടുങ്ങി കിടക്കുകയാണ്. “എനിക്കു നിന്നെ കാണണം. നാളെ ഞാൻ നിൻ്റെ ഓഫീസിനു മുന്നിൽ ഉണ്ടാകും “.വരരുതെന്ന് അവൾ അയച്ച മറുപടി വായിച്ചിട്ടുണ്ടെങ്കിലും പ്രതികരണം ഒന്നും കിട്ടിയിട്ടില്ല.

സ്റ്റോപ്പിൽ എത്തിയപ്പോൾ സ്ഥിരം ബസ്സ് പോയിട്ടില്ല. അവളെ പോലെ ബസ്സും അന്നു വൈകിയിരുന്നു.ബസ്സ് എത്തിയപ്പോൾ യാന്ത്രികമായി അതിൽ കയറി സൈഡ് സീറ്റ് പിടിച്ചു. എന്നും ഹെഡ്സെറ്റ് വച്ച് പാട്ടുകേട്ട് ഇരിക്കാറുള്ള അവൾക്ക് അന്നു അതിനൊന്നും തോന്നിയില്ല. മുന്നോട്ട് പായുന്ന ആ ബസ്സിനുള്ളിൽ ഇരുന്നു കൊണ്ട് അതിനേക്കാൾ വേഗത്തിൽ അവളുടെ മനസ്സ് പിന്നോട്ട് യാത്ര ചെയ്യുന്നതായി അവൾക്ക് തോന്നി. ഫെയ്സ് ബുക്കിലൂടെ ആണ് വിവാഹത്തിനു ശേഷം അവൾ അവനോട് വീണ്ടും സംസാരിക്കുന്നത്. വീണ്ടും എന്നു പറയുമ്പോൾ വിവാഹത്തിനു മുൻപും ഒരുപാട് ഒന്നും സംസാരിച്ചിട്ടില്ല. നേരിട്ടു കാണുമ്പോൾ സംസാരിക്കാൻ സാധിക്കാത്ത എന്തോ ഒന്ന് അവർക്കിടയിൽ ഉള്ളതായി അവൾക്ക് തോന്നിയിട്ടുണ്ട്. ആ എന്തോ ഒന്ന് തന്നെയാണ് ഇന്നും ഒരു വിറയൽ ഉള്ളിൽ തോന്നിപ്പിക്കുന്നത് എന്നും അവൾ ഓർത്തു. അറിയാവുന്ന ഒരാളോട് ഉള്ള പരിചയം പുതുക്കൽ മാത്രമായാണ് അവൾ അയാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതും. നോർമൽ സംസാരത്തിനിടയിൽ ഒരു ദിവസം “എനിക്കു തന്നെ ഇഷ്ടമായിരുന്നു .തന്നെ വിവാഹം കഴിക്കുന്നതിനെ പറ്റി ഞാനും അമ്മയും സംസാരിക്കാറുണ്ടായിരുന്നു ” എന്നൊരു മെസ്സേജ് കണ്ടപ്പോൾ എന്ത് കൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞു പോയി. അവൾ അതിനു മറുപടി ഒന്നും നൽകിയില്ല. “എടോ താൻ ദേഷ്യപ്പെട്ടോ ;ഞാൻ ഇപ്പോഴത്തെ കാര്യമല്ല പറഞ്ഞത് “എന്നുള്ള പിറ്റേന്നത്തെ മെസ്സേജിന്;. “ദേഷ്യം ഒന്നുമില്ല ” എന്നു മറുപടി നൽകി അവൾ തിരക്കഭിനയിച്ചു. അധികം നാൾ അവന് പിടികൊടുക്കാതിരിക്കാൻ അവൾക്കായില്ല. ഏതോ ഒരു നിമിഷത്തിൽ അവനോട് അവൾക്കും ഇഷ്ടം ആയിരുന്നെന്ന സത്യം സമ്മതിക്കേണ്ടി വന്നു.

ആലോചനയ്ക്കിടയിൽ ഇറങ്ങാനുള്ള സ്ഥലം എത്തിയത് അറിഞ്ഞില്ല. ” അല്ല ;ചേച്ചി ഇറങ്ങുന്നില്ലേ ” എന്ന കണ്ടക്ടറുടെ ചോദ്യത്തിലാണ് പെട്ടെന്ന് ചാടി എഴുന്നേറ്റ് ഇറങ്ങിയത് . പരിചയക്കാരൻ ആയതു കൊണ്ട് കുഴപ്പമില്ല. അല്ലേൽ കാലത്തെ തന്നെ കണ്ടക്ടറുടെ ചീത്ത വിളി കേൾക്കേണ്ടി വന്നേനെ എന്നവൾ മനസ്സിൽ പറഞ്ഞു. ഓഫീസിൽ എത്തി പതിവു ജോലികൾ ചെയ്യുമ്പോഴും മനസ്സ് അവിടെ നിൽക്കുന്നില്ല. ഇടയ്ക്കിടെ ഫോൺ എടുത്ത് നോക്കി കൊണ്ടിരുന്നു. ഏകദേശം 11.30 ആയിക്കാണും. ഫോൺ ശബ്ദിച്ചു. വിറയാർന്ന കൈകളാൽ അവൾ എടുത്തു.

“ഹലോ “

മറുതലയ്ക്കലെ ശബ്ദം കേട്ട് അവളാകെ വിയർത്തു. മെസ്സേജുകൾ ഉണ്ടായിരുന്നെങ്കിലും ഫോൺ കോൾ ആദ്യമായാണ്. അവൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്.

“ഹലോ ;അമ്മു ഞാൻ മനുവാണ്; ഞാൻ തൻ്റെ ഓഫീസിൻ്റെ അടുത്തു തന്നെ ഉണ്ട്.ഒന്നു വരാമോ; ഒന്ന് കണ്ടിട്ട് പോകാം.”

കുറച്ച് നേരം ഒന്നും മിണ്ടിയില്ല

“എനിക്കിപ്പോൾ കുറച്ച് തിരക്കുണ്ട് ഇറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല “. അവൾ ഒന്ന് ഒഴിവാക്കാൻ ശ്രമിച്ചു.

“നീ കഴിയുമ്പോൾ പറയൂ; എത്ര വൈകിയാലും ഞാൻ ഇവിടെ കാണും; കണ്ടിട്ടേ പോകുന്നുള്ളു” അവൻ്റെ വാക്കുകളിൽ വാശി നിഴലിച്ചു.

ഒഴിവാക്കൽ ഇനി ബുദ്ധിമുട്ടാണെന്നു അവൾക്ക് മനസ്സിലായി. ഈ വാശിയും ധൈര്യവും അന്നൊരിക്കൽ ഉള്ളിൽ തോന്നിയ ഇഷ്ടം തുറന്ന് പറയാൻ അവൻ കാണിച്ചിരുന്നെങ്കിൽ എന്ന് അവൾ മനസ്സിൽ പിറുപിറുത്തു. എന്തായാലും ഇന്ന് കാണേണ്ടി വരും. ഓഫീസിൽ നിന്ന് അര മണിക്കൂർ പുറത്ത് പോകാൻ അനുവാദം വാങ്ങി അവൾ ഇറങ്ങി.ഓഫീസിൻ്റെ ഗെയിറ്റ് കഴിഞ്ഞപ്പോഴേ ദൂരെ നിന്നവൾ കണ്ടു. ഒരു ചുവന്ന കാറിൽ ചാരി നിൽക്കുന്ന മനുവിനെ. അന്നത്തേക്കാൾ തടിച്ചിട്ടുണ്ട്. പത്ത് വർഷത്തെ വിദേശ ജീവിതം അയാളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അവൾ സ്വയം പറഞ്ഞു. അടുത്തെത്തിയപ്പോഴാണ് അവൻ തന്നെ കണ്ണെടുക്കാതെ നോക്കി അങ്ങനെ നിൽക്കുകയാണെന്ന് അവൾക്ക് മനസ്സിലായത്.

“അമ്മു ഒഴിവാക്കാൻ ശ്രമിച്ചതാണല്ലേ എന്നെ “

“ഏയ് എനിക്ക് ശരിക്കും തിരക്കുണ്ടായിട്ടാ മനുവേട്ടാ; ഇത് അര മണിക്കൂർ ചോദിച്ച് ഇറങ്ങിയതാ ” അവൾ പറഞ്ഞൊപ്പിച്ചു.

“എന്നാ താൻ കയറ്, റോഡിൽ നിൽക്കണ്ട, നമുക്ക് എവിടേലും ഇരുന്ന് സംസാരിക്കാം.”

അവൾ തെല്ലൊന്ന് സംശയിച്ചു. ഈ റോഡിൽ ഇങ്ങനെ നിൽക്കുന്നതിനേക്കാൾ നല്ലത് അതാണ്. എന്നാലും വേണോ എന്ന് മനസ്സ് അവളോട് ചോദിച്ചു.

“അമ്മൂ; ഞാൻ തന്നെ ഒന്നും ചെയ്യില്ല, വിശ്വാസമുണ്ടേൽ വരൂ “. അവളുടെ മനസ്സ് കണ്ടറിഞ്ഞ പോലെ മനു പറഞ്ഞു.

“വിശ്വാസക്കുറവൊന്നുമല്ല; എന്നാലും ” അവൾ പകുതിയിൽ നിറുത്തി.

“ഒന്നു കേറെടോ, ഒന്നു സംസാരിക്കാൻ വേണ്ടിയാ ഇത്ര ദൂരം വന്നത് “

റോഡിൽ കൂടുതൽ നിന്ന് സംസാരിക്കുന്നതിനേക്കാൾ നല്ലത് അതാണെന്ന് അവൾക്കും തോന്നി. ബാക്ക് ഡോർ തുറന്ന് അവൾ കയറി.

“തനിക്ക് എന്നെ വിശ്വാസക്കുറവുണ്ടല്ലേ “

“അങ്ങനെ ഒന്നുമില്ല മനുവേട്ടാ “

“താൻ ബാക്ക് സീറ്റിൽ കയറിയപ്പോൾ തോന്നി “

അവൾ അതിന് മറുപടി നൽകിയില്ല. മുന്നിൽ കയറി ഇരിക്കാൻ തോന്നിയില്ല. എന്തുകൊണ്ടോ ……

അവളോട് അത് പറഞ്ഞിട്ട് കാ ര്യമില്ലെന്ന് തോന്നിയിട്ടോ എന്തോ അവനും അതെപ്പറ്റി പിന്നെ ഒന്നും പറഞ്ഞില്ല. കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു. വല്ലാത്തൊരു നിശബ്ദത അവർക്കിടയിൽ തളം കെട്ടി നിന്നു . അതിനെ ഭേദിക്കാൻ എന്ന വണ്ണം അവൻ ഏതോ പാട്ട് വച്ചു. വരികൾ ഒന്നും അവളുടെ ചെവിയിലേക്ക് കയറിയില്ല. കാറിനുള്ളിലെ തണുപ്പിലും അവൾ വിയർക്കുന്നതായി അവൾക്ക് തോന്നി. ധൈര്യം ഭാവിച്ച് പുറത്തേക്ക് നോക്കി അവൾ ഇരുന്നു.ഒരു coffee shopൻ്റെ മുന്നിലെത്തിയപ്പോൾ അവൻ വണ്ടി നിറുത്തി.”HoT N Cool ” അവൾ ആ ബോർഡ് മനസ്സിൽ വായിച്ചു.

“ഇവിടെ കയറിയാലോ അമ്മൂ”

സമ്മതഭാവത്തിൽ അവൾ തല കുലുക്കി

വണ്ടി പാർക്കിങ്ങിലേക്ക് കയറ്റി അവൻ മുന്നിൽ നടന്നു. അവനെ അനുഗമിച്ച് അവളും. വലിയ തിരക്കില്ല അവിടെ. Lunch time ആയത് കൊണ്ടാവും എന്ന് അവൾ മനസ്സിൽ കരുതി. ഫാമിലി റൂം എന്നെഴുതിയ ഡോർ തുറന്ന് അവൻ കയറി. മടിച്ചു മടിച്ചാണെങ്കിലും അവളും കയറി.അവൻ നേരെ Wash എന്നെഴുതിയ സ്ഥലത്തേക്ക് പോയി. അവിടെ ഒരു ഒഴിഞ്ഞ സീറ്റിൽ അവൾ ഇരുന്നു.കൈ കഴുകി വന്ന അവൻ അവൾക്ക് അഭിമുഖമായി ഇരുന്നു. ബെയറർ വന്ന് Menu Card നീട്ടി

“തനിക്ക് എന്താടോ വേണ്ടത് “

എന്തായാലും കുഴപ്പമില്ലെന്ന് അവൾ പറഞ്ഞു.

രണ്ട് ബട്ടർ സ്കോച്ച് എന്നു പറഞ്ഞ് അയാളെ അവൻ ഒഴിവാക്കി.

“താനെന്താടോ മിണ്ടാത്തെ “

കുറച്ച് നേരത്തെ മൗനത്തെ തകർക്കാനെന്നോണം അവൻ ചോദിച്ചു.

അവൾ ഒന്നു പുഞ്ചിരിച്ചു.

” തന്നെ മരുമകളാക്കാൻ അമ്മ എത്ര കൊതിച്ചിരുന്നെന്നോ “.

അവൻ്റെ വാക്കുകൾ അവളുടെ മനസ്സിനെ ആ അമ്മയെ ഓർമിപ്പിച്ചു. മുണ്ടും നേര്യതും ചുറ്റി അമ്പലത്തിൽ പോയി വരുന്ന ചിത്രമാണ് മനസ്സിൽ തെളിഞ്ഞത്. അമ്മയുടെ കൂട്ടുകാരി ആണ്. ആൻ്റി എന്ന വിളിയെ അമ്മ എന്നാക്കി മാറ്റി വിളിപ്പിച്ച ;ഒരു ദിവസം കണ്ടില്ലെങ്കിൽ “എൻ്റെ മോളെവിടെ ” എന്ന് അന്വേഷിച്ചു വരുന്ന ഒരു പാവം അമ്മ. കല്യാണം ഉറപ്പിച്ച കാര്യമറിഞ്ഞ് വീട്ടിൽ വന്ന് അമ്മയോട് സംസാരിച്ചത് ഓർക്കുന്നുണ്ട്.

“അമ്മൂൻ്റെ കല്യാണം ഉറപ്പിച്ചു ല്ലേ?”

പെട്ടെന്ന് വന്ന ആലോചന ആയത് കൊണ്ടും ചെറുക്കന് ലീവ് ഇല്ലാത്തത് കൊണ്ടും എല്ലാം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വേണമെന്ന് അമ്മ പറയുന്നത് കേട്ടു

“മനൂന് വേണ്ടി മോളെ ചോദിക്കാൻ ഇരിക്കായിരുന്നു ഞാൻ;ഇനീപ്പോ വാക്ക് മാറ്റാൻ പറ്റില്ലല്ലോ;മോൾടെ കല്യാണം ഇത്ര പെട്ടന്ന് ശരിയാകും ന്ന് ഞാനും കരുതീല്ല; മനൂന് നല്ലൊരു ജോലി ശരിയായിട്ട് വേണം ന്നു കരുതി ഇരിക്കായിരുന്നു ഞാൻ “

ആ അമ്മയുടെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു.അമ്മയുടെ മാത്രം ആഗ്രഹ മായാണ് അത് അവൾക്ക് അന്ന് തോന്നിയത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് മനസ്സിലായത് കുറച്ച് മാസങ്ങൾക്ക് മുൻപാണ് . മനുവേട്ടൻ്റെ അമ്മയിൽ നിന്നു തന്നെ. നാട്ടിൽ പോയപ്പോൾ അവിചാരിതമായി അമ്മയെ കണ്ടു സംസാരിക്കുന്നതിനിടയിൽ . കണ്ടപ്പോഴേക്കും സ്നേഹത്തോടെ ഓടി വന്നു ചേർത്തു പിടിച്ചു.

“എത്ര നാളായി എൻ്റെ കുട്ടിയെ ഒന്നു കണ്ടിട്ട്; അമ്മ പോയേപ്പിന്നെ ഇങ്ങോട്ടൊക്കെ വരവ് കുറവാല്ലേ? ഈ അമ്മയേയും മറന്നു ല്ലേ?” അമ്മയുടെ വാക്കുകളിൽ പരിഭവം ഉണ്ടായിരുന്നു

“ആരെ കാണാനാ അമ്മെ; ആ പൂട്ടി കിടക്കുന്ന വീടിനെയോ ” വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ അമ്മു പറഞ്ഞു.

“എൻ്റെ മനൂൻ്റെ പെണ്ണായി എൻ്റെ കൂടെ ഇവിടെ ഉണ്ടാവേണ്ട കുട്ടിയായിരുന്നു. എനിക്ക് വിധിയില്ല ;എന്ത് ചെയ്യാനാ”. അമ്മ തെല്ലൊരു സങ്കടത്തോടെ പറഞ്ഞു.

“മനുവേട്ടന് ഇത് വരെ കല്യാണം ഒന്നുമായില്ലേ അമ്മേ ” അമ്മു മടിച്ച് മടിച്ച് ചോദിച്ചു.

“അവൻ്റെ മനസ്സിൽ നിന്നും ഇപ്പോഴും മോള് പോയിട്ടില്ല. കല്യാണം എന്ന് പറയുമ്പോൾ ഒഴിഞ്ഞു മാറും. കഴിഞ്ഞ ലീവിനു വന്നപ്പോൾ ഞാൻ കരഞ്ഞു പറഞ്ഞപ്പോഴാ എന്നോട് പറഞ്ഞെ. എനിക്കവളെ മറക്കാൻ പറ്റണ്ടെ അമ്മെ ന്നു. മോളോട് ഒന്നും തുറന്നു പറയാത്തതിൽ വല്ലാത്ത കുറ്റബോധം ഉണ്ട് അവന്. എന്നാൽ വിധി ന്നു കരുതി മറ്റൊരു പെൺകുട്ടിനെ കാണാനും വയ്യാത്രേ. ഞാൻ എന്ത് പറയാനാ അവനോട് .വയസ്സ് 35 ആയി. ഇതാവും വിധി”

അമ്മയുടെ വാക്കുകൾ കേട്ട് ഇടിവെട്ട് ഏറ്റ പോലെ നിന്നു പോയി അമ്മു. മധുര പതിനേഴിൽ തന്നിൽ പൂത്ത സ്വപ്നം. മനുവേട്ടൻ……

ആ കയ്യും പിടിച്ച് ഈ അമ്മയുടെ മോളായി വന്നു കയറുന്ന ആ സ്വപ്നം ഒരു വാക്കിൻ്റെ ദൂരത്തിലാണല്ലോ തനിക്ക് നഷ്ടപ്പെട്ടത് എന്ന് അവളോർത്തു. അമ്മ അന്ന് വീട്ടിൽ വന്നു സംസാരിച്ചപ്പോഴും അമ്മയുടെ മാത്രം ആഗ്രഹമായിട്ടാ കരുതിയെ. മനുവേട്ടൻ ഒരു നോട്ടത്തിൽ പോലും ആ ഇഷ്ടം കാണിച്ചിട്ടില്ല. അവൾക്കും സംസാരിക്കാൻ പേടിയായിരുന്നു. ആളുടെ ഉള്ളിലും ആ ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അമ്മയോട് വാശി പിടിച്ചെങ്കിലും ഞാൻ സമ്മതിപ്പിച്ചേനെ.

“മോൾ സാധിക്കുമെങ്കിൽ അവനോടൊന്ന് സംസാരിക്കണം. ഞാൻ ഇല്ലാതായാൽ അവന് പിന്നെ ആരാ. മനസ്സമാധാനത്തോടെ ഒന്നു മരിക്കാൻ പറ്റിയാൽ മതിയാർന്നു ” .

അമ്മയോട് മറുപടി ഒന്നും കൊടുത്തില്ല. പിന്നീട് വരാമെന്നു യാത്ര പറഞ്ഞു പോന്നു. അതിനു ശേഷമാണ് മനുവേട്ടൻ ഫെയ്സ് ബുക്കിൽ റിക്വസ്റ്റ് അയക്കുന്നതും സംസാരിച്ച് തുടങ്ങിയതും. ആ സംസാരത്തിലും ഒരു അകലം പാലിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു.

“താൻ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ ടോ;തൻ്റെ പേടി മാറീട്ടില്ല ല്ലേ?”.

മനുവിൻ്റെ ആ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി. നേരിട്ട് സംസാരിക്കാൻ ഒരു പേടി ഇല്ലാതില്ല. ആ പേടിയാണല്ലോ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിച്ചതും.

“അമ്മയാണ് തന്നോട് എന്നെ കല്യാണത്തിന് നിർബന്ധിക്കാൻ പറഞ്ഞത് ല്ലേ “.

“അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് മനുവേട്ടാ. എത്ര നാളാ ഇങ്ങിനെ. ആ അമ്മയുടെ കണ്ണീർ കാണണ്ടെ . ആഗ്രഹിച്ചത് എല്ലാം എല്ലാവർക്കും കിട്ടാറില്ല ല്ലോ. എന്തായാലും സന്തോഷായി. എൻ്റെ വാക്കു കേട്ട് ഒരു കല്യാണത്തിന് സമ്മതിച്ചല്ലോ. മനുവേട്ടൻ്റെ പെണ്ണിനേം ഞാൻ കണ്ടു പിടിച്ചു തന്നു ” . അവൾ പറഞ്ഞൊപ്പിച്ചു.

അന്ന് അമ്മ അയച്ചു തന്ന ഫോട്ടോകൾ അയച്ച് അതിൽ നിന്ന് ഒരാളെ കണ്ടു പിടിച്ച് പറഞ്ഞോളു ഞാൻ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞത് തൻ്റെ നിർബന്ധം സഹിക്കാൻ വയ്യാതെ ആണെന്ന് അമ്മുവിനറിയായിരുന്നു. ഒരു കണ്ടീഷനേ മനു അവളോട് ആവശ്യപ്പെട്ടുള്ളൂ. നാട്ടിൽ വരുമ്പോൾ ഒന്നു കാണണം. ഒരു അഞ്ച് മിനിറ്റ് ഒരുമിച്ച് ഇരുന്നു സംസാരിക്കണം. അന്ന് അത് സമ്മതിച്ചു കൊടുക്കുമ്പോൾ ഇത്ര സീരിയസ് ആയാണ് പറഞ്ഞത് എന്ന് അവൾ കരുതിയില്ല.

മനു അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. പണ്ടത്തെ പാവാടക്കാരിയിൽ നിന്നും ഒരു പാട് മാറിയിരിക്കുന്നു അവൾ.

“കല്യാണ തിരക്കൊക്കെ ഏത് വരെയായി “

അവൻ്റെ ശ്രദ്ധ തിരിക്കാൻ അവൾ ചോദിച്ചു.

” അത് നടക്കുന്നു. തൻ്റെ സെലക്ഷൻ തെറ്റിയില്ല.തന്നെ പോലെ തന്നെയാ. ഒരു പാവമാ. വിളിക്കാറുണ്ട് ” . മനു പറഞ്ഞു.

“സുഖല്ലേ അമ്മു നിനക്ക് “

അവൻ്റെ ആ ചോദ്യം അവളുടെ മിഴികളിൽ നനവു പടർത്തി. അവനിൽ നിന്നും അത് മറച്ചു കൊണ്ട് അവൾ പറഞ്ഞു.

“സുഖാണ് ;മനുവേട്ടനും സുഖായിരിക്കണം. സന്തോഷായി ജീവിക്കണം. വിധി ഇതായിരിക്കും. നമുക്ക് അത് സ്വീകരിക്കാം.”

ഇത്രയും പറഞ്ഞപ്പോഴേക്കും തൻ്റെ സ്വരം ഇടറുന്നതായി അവൾക്ക് തോന്നി. ഇനിയും നിൽക്കുന്നത് ശരിയല്ലെന്നു മനസ്സിലാക്കി ഓഫീസിൽ തിരിച്ചു കയറാൻ സമയമായെന്ന കാരണം പറഞ്ഞ് അവൾ എഴുന്നേറ്റു.

“ഞാൻ തിരിച്ചു കൊണ്ട് വിടാം അമ്മൂ”

“വേണ്ട മനുവേട്ടാ; ഞാൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം”.

അവൻ്റെ സമ്മതത്തിനു കാത്ത് നിൽക്കാതെ അവൾ നടന്നു.പിന്നാലെ അവനും. ഇറങ്ങിയ ഉടൻ വന്ന ഒരു ഓട്ടോയ്ക്ക് അവൾ കൈ കാണിച്ചു.

“പോട്ടേ മനുവേട്ടാ “

“ഇത്രയും നേരം എനിക്ക് തന്നതിൽ ഒരു പാട് സന്തോഷം .ഇത്രയേ ഞാനും ആഗ്രഹിച്ചുള്ളൂ. തന്നെ കാണണം ന്ന് പറഞ്ഞപ്പോൾ;കല്യാണത്തിന് വിളിക്കും . വരണം “.

വരാമെന്ന ഭാവത്തിൽ അവൾ തലയാട്ടി. ഓട്ടോയിൽ കയറി. ഒന്നു കൂടി ആ മുഖത്തേക്ക് ഒന്നു നോക്കി; ഓട്ടോക്കാരനോട് പോകേണ്ട സ്ഥലവും പറഞ്ഞ് സീറ്റിൽ ഒന്നു ചാരി ഇരുന്നപ്പോൾ ;ഒരു മഴ പെയ്തു തീർന്ന പോലെ തോന്നി അവൾക്ക്. മനസ്സിൽ അറിയാവുന്ന എല്ലാ ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിച്ചു. മനുവേട്ടന് നല്ലത് മാത്രം വരുത്തണേ…….

അവൾ പോയതും നോക്കി ഒരു നിമിഷത്തേക്ക് മനു അങ്ങനെ നിന്നു. അലക്ഷ്യമായി അതിലേ പോയൊരു കാറ്റ് അവനോട് പറഞ്ഞു. കാത്തിരിക്കാം അടുത്ത ജന്മത്തിനായ്……

പോക്കറ്റിൽ ഇരുന്ന് അവൻ്റെ ഫോൺ ശബ്ദിച്ചു. എടുത്ത് നോക്കിയപ്പോൾ അവളാണ്. അഖില ….. ഈ ജന്മത്തിൽ തനിക്ക് വിധിച്ചവൾ. ഈശ്വരൻ്റെ വികൃതി ഓർത്ത് അവൻ അറിയാതെ ഒരു ചെറു പുഞ്ചിരി അവനിൽ വിടർന്നു …..

*************